ഒരു കാലത്ത് ഗാനമേളയും നാടകങ്ങളും കഥാപ്രസംഗങ്ങളും ആസ്വാദനത്തിന്റെ പരമോന്നതങ്ങളിലേക്കുയർത്തിയ വേദികളായിരുന്നു കേരളം മുഴുവൻ. നന്മനിറഞ്ഞ മനുഷ്യർ അമ്പല , പള്ളിപ്പറമ്പുകൾ തേടി നടന്നു ഉൽസവ പെരുന്നാള് കാലങ്ങളിൽ. അടച്ചിട്ട ഓഡിറ്റോറിയങ്ങളിൽ കാശ്മുടക്കി ടിക്കറ്റെടുത്ത് ഇതൊക്കെ ആസ്വദിക്കാനും പ്രൗഢ സദസ്സുകളുണ്ടായിരുന്നു. വിരൽ കൊണ്ടു ഞോണ്ടിയാൽ എന്തും കാണാൻ കഴിയുന്ന ഇക്കാലത്തിനു വളരെ പുറകിലായ് നാണിച്ചു നിൽക്കുകയാണക്കാലമിപ്പോൾ.
പ്രീഡിഗ്രി സമയത്ത് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലാണ് മൂവറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ ഗാനമേള കേൾക്കാൻ കഴിഞ്ഞത്. അസംപ്ഷന്റെ മതിലിനപ്പുറം സഹോദര സ്ഥാപനമായ എസ്. ബി. കോളേജിന്റെ കാവുകാട്ട് ഹാളിലാണ് അന്ന് പെൺകോളജിലെ വലിയ പരിപാടികളും നടത്തുന്നത്. ഗാനമേളയും അവിടെയായിരുന്നു.
ഇഷ്ടഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയോടെ മികച്ച ഗായകർ മൈക്കിന് മുമ്പിൽ നിന്നു പാടുമ്പോൾ സ്വർഗ്ഗത്തിലെത്തിയ ആനന്ദമായിരുന്നു അനുഭവിച്ചത്.
അന്നത്തെ ഗാനമേളകളിൽ,തുടക്കത്തിലെ ഭക്തിഗാനം പാടുന്ന ആളുടെ ശൈലി പിന്നീടും അങ്ങനെയൊക്കെത്തന്നെയായിരിക്കും. അടിപൊളിപ്പാട്ടുകൾക്ക് (ഹിന്ദി, തമിഴ്) വേറെ ആളുകൾ. അവരുടെ വേഷവിധാനവും അതിനിണങ്ങുന്നത്.
പതിഞ്ഞ പാട്ടുകൾക്ക് താടിക്കാരൻ ചേട്ടൻമാർ. അനങ്ങാതെ നിന്നു പാടുന്ന ഗായികമാർ.
ഗാനമേളയുടെയും നാടകത്തിന്റെയുമൊക്കെ ട്രൂപ്പുകളുടെ പേരും സ്ഥലപ്പേരുമൊക്കെ അന്ന് ഒരു വിധം ആസ്വാദകർക്കൊക്കെ ലിസ്റ്റ് പോലെ ഓർമ്മയിലുണ്ടായിരുന്ന കാലം.
ഏയ്ഞ്ചൽ വോയ്സിന്റെ ഗാനമേള തുടങ്ങുമ്പോൾ ആദ്യഗാനം പാടിയത് ഒരു പുരോഹിതനായിരുന്നു.
'എൻ മനോ ഫലകങ്ങളിൽ'
എന്നു തുടങ്ങുന്ന പാട്ട്..
മെലിഞ്ഞ് താടിവെച്ച അച്ചൻ..
കുർബാനയ്ക്കിടയിലുള്ള പാട്ടുകൾ മനോധർമ്മം പോലെ നീട്ടിക്കുറുക്കുന്ന അച്ചൻമാരെ കണ്ടു ശീലിച്ച ശീലം പോലെയല്ല ഈ പാട്ട്..
കർത്താവേ, ഏതാ ഈ അച്ചൻ എന്ന് ചോദിച്ചു പോയി.
പിന്നെയും ഇടയ്ക്ക് അച്ചൻ പാടാൻ വന്നു..
'കാനായിലെ കല്യാണ നാളിൽ ..'
ഒറ്റയ്ക്കിരുന്ന് ഒരുത്തരോടും മിണ്ടാതെ പിന്നെയും കേട്ടു. 'കരകവിഞ്ഞൊഴുകും കരുണയിൻ കരങ്ങൾ'
അതിലെ 'എൻ മനമേ നീ പറയു
നിന്റെ ജീവന്റെ ജീവനാര്'
എന്ന വരികളായിരുന്നു പിന്നെ കുറെ ദിവസം എന്റെ കൂടെ നാവിൽ വിളങ്ങിയത്.
ഏതാണാ ഗായകനച്ചൻ എന്ന് ഒരു പിടിയും കിട്ടിയില്ലെങ്കിലും കേട്ട മൂന്നു പാട്ടുകളും ഇടയ്ക്കെല്ലാം ഞാൻ പാടിക്കൊണ്ടിരുന്നു. കിട്ടാതെ വിട്ടുപോയ വാക്കുകൾ കയ്യീന്നിട്ട് പാട്ട് പൂർത്തിയാക്കാൻ മടിച്ചതുമില്ല.
പിന്നെ ഏറെക്കാലത്തിന് ശേഷം യൂട്യൂബിൽ നിന്ന് മതിവരുവോളം ഈ പാട്ടുകളൊക്കെ യേശുദാസ് പാടുന്നത് കേട്ടു. ഇപ്പോഴും അയവിറക്കലിന്റെ ഭാഗമായി കേൾക്കുന്നു പങ്കുവെക്കുന്നു.
ഇതെല്ലാമിപ്പോൾ പറയുന്നത് , കാവുകാട്ട് ഹാളിന്റെ ഓഡിറ്റോറിയത്തിലിരുന്ന് ഞാൻ കേട്ട പുരോഹിതഗായകൻ കുര്യാക്കോസ് കച്ചിറമറ്റം അന്തരിച്ചു എന്ന പത്രവാർത്തയുടെ തുടർച്ചയിലാണ്. അദ്ദേഹത്തിന്റെ പേര്പോലും മനസ്സിലായതിപ്പോഴാണ്. ഏയ്ഞ്ചൽ വോയ്സിന്റെ അമരക്കാരനായിരുന്നു ഫാ. കുര്യാക്കോസ് കച്ചിറമറ്റം .
യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫിലും ഉൾപ്പെടെ അൻപതിനായിരത്തോളം വേദികളിൽ ഏയ്ഞ്ചൽ വോയ്സിനെ നയിച്ച കാവൽമാലാഖയായിരുന്നു ഫാ. കുര്യാക്കോസ് . വൈദികർക്ക് കലാപ്രവർത്തനങ്ങളിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാതിരുന്ന കാലത്ത് സഭയുടെ പ്രത്യേക അനുമതിയോടെയാണ് അദ്ദേഹം ഏയ്ഞ്ചൽ വോയ്സിനെ രൂപപ്പെടുത്തിയത്. അനേകം പ്രതിഭകൾക്ക് വളരാൻ വഴിതെളിച്ചു; ഒപ്പം മൂവാറ്റുപുഴയിലെ സംഗീതവിദ്യാലയത്തിലൂടെയുടെയും കഴിവുകൾക്ക് വളമേകി
.
ഫാ. കുര്യാക്കോസ് കച്ചിറമറ്റത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാഴ്ത്തൽ അല്ല ഈ കുറിപ്പ്. കലയുടെ ദൈവീകതയുമായി ലോകത്തിന് സന്തോഷം പകർന്ന ഒരു വൈദികന്റെ ജീവിതം എത്ര സാഫല്യമേറിയതായിരുന്നു എന്നും ആ വിശുദ്ധമായ സ്വരമധുരം അറിഞ്ഞവർക്ക് എത്ര വിലപ്പെട്ട ഓർമ്മയാണദ്ദേഹമെന്നും ഒരനുസ്മരണം മാത്രം.
മഹത്തായ ജീവിതത്തിന് പ്രണാമം !