MediaAppUSA

ആനയെ കണ്ട അന്ധന്‍മാരും, അവരുടെ സ്വകാര്യ നിഗമനങ്ങളും? (ജയന്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് )

ജയന്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് Published on 25 April, 2022
ആനയെ കണ്ട അന്ധന്‍മാരും, അവരുടെ സ്വകാര്യ നിഗമനങ്ങളും?  (ജയന്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക് )

നമ്മുടെ തിലകന്‍ നായകനായ ' സന്ദേശം ' എന്ന സിനിമയില്‍ തന്റെ സ്വത്തിന്റെ വീതം വാങ്ങാനായിവക്കീലിനെയും കൂട്ടിയെത്തിയ  മകളോടും,  മരുമകനോടും തിലകന്‍ പറയുന്ന ഒരു ഡയലോഗുണ്ട് : '  അപ്പനിങ്ങളറിഞ്ഞില്ലേ സ്വത്തെല്ലാം ബാങ്കുകാര്‍കൊണ്ട് പോയി ' എന്ന്. പ്രപഞ്ച ഉല്‍പ്പത്തിയേക്കുറിച്ചുള്ളകണ്ടെത്തലുകള്‍ക്ക് വേണ്ടി ദശാബ്ധങ്ങളായി തല പുകച്ച മുന്‍ കാല ശാസ്ത്ര സമൂഹം അംഗീകരിച്ചു പുറത്തുവിട്ട സിദ്ധാന്തങ്ങളെ ' അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക് കാര്‍ കൊണ്ട് പോയി ' എന്ന നിലയിലാണ് പുത്തന്‍ശാസ്ത്ര വാക്താക്കളുടെ ഡയലോഗുകള്‍.

പ്രപഞ്ചവും ദൈവവും എന്ന പരിഗണനയില്‍ പ്രപഞ്ച ഉല്പത്തിയുടെ ആദ്യകാരണം എന്ന നിലയില്‍ ദൈവസാന്നിധ്യമുണ്ട് എന്നും, അന്ന് മുതല്‍ ഇന്ന് വരെയും, ഇനി എന്നുമെന്നേക്കും സ്ഥൂല പ്രപഞ്ചത്തിന്റെ ബോധാവസ്ഥ എന്ന സൂക്ഷ്മ പ്രപഞ്ചമായി ദൈവം സജീവമാണ് എന്നുമുള്ള എന്റെ നിഗമനങ്ങളെ ( മറ്റാരെങ്കിലും ഇത് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.) അടിവരയിട്ട് ഉറപ്പിക്കുന്നതാണ് സമ കാലീന ശാസ്ത്രം ഇന്ന് മുന്നോട്ടുവയ്ക്കുന്ന പുത്തന്‍ നിഗമനങ്ങള്‍. എത്രയോ കാലങ്ങളായി ശാസ്ത്ര ശാഖകള്‍ ആധികാരികമായി പുറത്തു വിട്ടപലതും ശരിയല്ലായിരുന്നു എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. തങ്ങളുടെ മുന്‍ നിഗമനങ്ങളെ കൂടി ചേര്‍ത്തുനിര്‍ത്തിക്കൊണ്ടുള്ളതും, എന്നാല്‍ അവയുടെ പോരായ്മകളെ തുറന്നു സമ്മതിച്ചു കൊണ്ടുള്ളതുമാണ് പുതിയനിഗമനങ്ങള്‍ 


ഉദാഹരണമായി, സൂര്യനില്‍ നിന്നും അടര്‍ന്നു പോയ ആയിരത്തില്‍ ഒന്ന് ഭാഗം വീണ്ടും ചിതറി തെറിച്ച് തണുത്തുറഞ്ഞ്  രൂപപ്പെട്ടിട്ടുള്ളതാണ് സൗരയൂഥ സംവിധാനം  എന്ന പഴയ കണ്ടെത്തല്‍ ശരിയല്ലെന്ന് ഇന്ന് അവര്‍പറയുന്നു. ഓറിയോണ്‍ നക്ഷത്ര രാശിയിലെ മൂന്നാം ശിഖരത്തിലുണ്ടായ സൂപ്പര്‍ നോവാ സ്‌ഫോടനത്തിന്റെ ബാക്കിപത്രങ്ങളായിട്ടാണ് സൗരയൂഥം രൂപപ്പെട്ടത് എന്ന സമീപ കാല വാദവും ഇന്ന് അത്രക്കങ്ങു പ്രസക്തമാവുന്നുമില്ല. പതിനഞ്ചു ബില്യണ്‍ ( 1500 കോടി ) വര്‍ഷങ്ങള്‍ക്ക് മുമ്പാണ്  ബിഗ് ബാംഗിലൂടെ പ്രപഞ്ചമുണ്ടായത് എന്ന് മുമ്പ് അവര്‍ പുറത്തു വിട്ട  കാല ഗണനയില്‍ പൊളിച്ചെഴുത്ത് നടത്തിക്കൊണ്ട് പതിമ്മൂന്ന് ബില്യണ്‍ എണ്‍പതു ലക്ഷം ( 1380 കോടി ) വര്‍ഷങ്ങളായി കാലം ചുരുക്കുകയും  ചെയ്തിരിക്കുന്നു. ( ചിലപ്പോളൊക്കെ 1370 കോടി എന്നുംപറയുന്നുണ്ട്. ) 


അതൊക്കെ സഹിക്കാം, സൂര്യനില്‍ നിന്നടര്‍ന്ന് കത്തിജ്വലിച്ചു കൊണ്ടിരുന്ന ഭൂമി ക്രമേണ തണുത്തുറയുമ്പോള്‍ ഉണ്ടായ രാസ പരിണാമങ്ങളുടെ ഫലമായി രൂപപ്പെട്ട മേഘപടലങ്ങള്‍ പെയ്‌തൊഴിഞ്ഞിട്ടാണ് ഭൂമിയില്‍വെള്ളമുണ്ടായത് എന്ന മുന്‍കാല വിലയിരുത്തലുകള്‍ ഇന്ന് പാടേ തള്ളിക്കളഞ്ഞിരിക്കുന്നു. സൗരയൂഥഅതിര്‍ത്തിയിലുള്ള നെപ്റ്റിയൂണില്‍ നിന്ന് വന്ന  ഉല്‍ക്കകള്‍  ഇടിച്ചിറങ്ങിയിട്ടാണ് ഭൂമിയില്‍ വെള്ളം ഉണ്ടാക്കിയത്  എന്ന് ഇന്നവര്‍ പറയുമ്പോള്‍,  എങ്കില്‍പ്പിന്നെ നെപ്റ്റിയൂണില്‍ എന്ത് കൊണ്ട് വെള്ളമുണ്ടായില്ല എന്ന ചോദ്യം നമ്മള്‍ ചോദിച്ചാല്‍, അത് അശാസ്ത്രീയമായ, അന്ധ വിശ്വാസ പരമായ, അക്ഷന്തവ്യമായ അപരാധമായിപ്പോകും. ഇക്കണ്ട കണക്കുകളും, കാര്യങ്ങളുമെല്ലാം എത്രയോ രാത്രികളില്‍ ഉറക്കമിളച്ചിരുന്ന് പഠിച്ചു വച്ച നമ്മുടെ ഗതിതിലകന്റെ ഡയലോഗ് പോലെയായി : ' അപ്പ നിങ്ങളറിഞ്ഞില്ലേ എല്ലാം ബാങ്ക് കാര് കൊണ്ട് പോയി. ' 

ഒരു പ്രോട്ടോണിനേക്കാള്‍ ചെറിയ വലിപ്പത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്ന മുഴുവന്‍ പ്രപഞ്ചവും, ബിഗ് ബാംഗ്‌സംഭവിക്കുമ്പോള്‍ അവിടെ ഉണ്ടായി എന്ന് പറയപ്പെടുന്ന അതി കഠിനമായ ചൂടില്‍ ( 1 എഴുതിയ ശേഷം 32 പൂജ്യം ഇട്ടാല്‍ കിട്ടുന്ന തുകയുടെ അത്രയും ഡിഗ്രി ചൂട് ) വിഘടിക്കുകയും,  അന്ന് വരെ ഒന്നായിരുന്ന നാല്അടിസ്ഥാന സംയോജന ശക്തികളില്‍ നിന്ന് വേര്‍ പിരിഞ്ഞ് സ്വതന്ത്രമാവുകയും, ഹൈഡ്രജന്റെയും, ഹീലിയത്തിന്റെയും കണികകളായി പരിണമിച്ച് വികസിക്കാന്‍ തുടങ്ങുകയും, ഒരു എട്ട് - എട്ടര ബില്യണ്‍വര്‍ഷങ്ങള്‍ വരെ നീണ്ടു നിന്ന ഈ വികാസ  പരിണാമ പ്രിക്രിയകള്‍ക്കു ശേഷം നമ്മുടെ ഈ ഭാഗത്ത്  ഉള്‍പ്പെട്ടുനിന്ന കണികകള്‍ പരസ്പരം  കൂടിച്ചേര്‍ന്നും, കറങ്ങിയും വളര്‍ന്നു വളര്‍ന്ന് രൂപപ്പെട്ട നമ്മുടെ ഗാലക്‌സിയില്‍ വീണ്ടും, വീണ്ടും  സംഭവിച്ച ഏതാനും സൂപ്പര്‍നോവകള്‍  അവശേഷിപ്പിച്ച  അതി വിശാലമായ കണികാ മേഘപടലങ്ങളില്‍ അവിടവിടെ രൂപം പ്രാപിച്ചു വളര്‍ന്നു വന്നതാണ് സൂര്യനും, സൗരയൂഥത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുവസ്തുക്കളും എന്നതാണ് ഇപ്പോളത്തെ നിഗമനം.

എട്ടു ബില്യണ്‍ വര്‍ഷങ്ങള്‍ എടുത്തിട്ടാണ് ഏകദേശം ഇന്ന് കാണുന്ന തരത്തില്‍ നമ്മുടെ ഗാലക്‌സിയായമില്‍ക്കിവേ ആയിത്തീര്‍ന്നത് എന്ന് ശാസ്ത്രം  പറയുമ്പോളും, വീണ്ടും ഒരു ബില്യണിലധികം വര്‍ഷങ്ങള്‍ കൂടികഴിഞ്ഞിട്ടാണ് നമ്മുടെ ഗാലക്‌സിയില്‍  രൂപം കൊണ്ട  വാതക - പൊടി പടലങ്ങളിലെ  അതി മര്‍ദ്ദത്തിന്റെയും, ഉഗ്രതാപത്തിന്റെയും  ഫലമായി നക്ഷത്ര  കേന്ദ്രങ്ങള്‍ രൂപപ്പെട്ടതും, അവിടെ  നടന്ന ന്യൂക്ലിയര്‍ ഫ്യൂഷന്‍ പുറത്തു വിട്ടഭീമമായ വാതക കൂമ്പാരങ്ങള്‍  അവിടവിടെ കേന്ദ്രീകരിക്കപ്പെട്ട്  പരിണമിച്ച് നമ്മുടെ സൂര്യനും, സൂര്യനെ ഭ്രമണംചെയ്തു കൊണ്ടിരിക്കുന്ന ഭൂമി ഉള്‍പ്പടെയുള്ള മറ്റു സൗരയൂഥ ഭാഗങ്ങളും ഇന്ന് കാണുന്ന തരത്തില്‍ നിലനില്‍ക്കുന്നത് എന്ന്  ഇപ്പോള്‍ ശാസ്ത്രം വിശദീകരിക്കുന്നു.

ബിഗ് ബാംഗ് സംഭവിച്ചതിന് മുമ്പ് സമയമോ, കാലമോ ഇല്ലായിരുന്നു എന്ന് വീറോടെ വാദിച്ചിരുന്നശാസ്ത്രത്തിന്, അതിനും  മുമ്പ് ഉണ്ടായിരുന്ന ചില സാഹചര്യങ്ങളെ, അഥവാ സംഭവ വികാസങ്ങളെ ഇന്ന്അംഗീകരിക്കേണ്ടി വരുന്നുണ്ട്. ബിഗ് ബാംഗിന് മുമ്പ് കാലവും, സമയവും എല്ലാം ' 00 ' ആയിരുന്നു എന്ന്സ്ഥാപിക്കാന്‍ കഠിനമായി പരിശ്രമിക്കുമ്പോളും, ആ സമയത്തെ ചൂട് 1 + 32 പൂജ്യം ഡിഗ്രി ആയിരുന്നു എന്ന്  സമ്മതിക്കുക വഴി ആ ചൂട് ബിഗ് ബംഗിന് മുമ്പേ അവിടെയുണ്ട് എന്നതല്ലേ സത്യം ?

ഈ ചൂടന്‍ അവസ്ഥ ബിഗ് ബംഗിന് മുമ്പായിരുന്നു എന്നും, ഒരു പ്രോട്ടോണിനേക്കാള്‍ ചെറിയതായി അതുവരെആയിരുന്ന പ്രപഞ്ച വിത്തിന് ഇനിയും അപ്രകാരം നില നില്‍ക്കാനാവാത്ത അവസ്ഥ സംജാതം ആയതു കൊണ്ടുംകൂടി ആയിരുന്നു ബിഗ് ബാംഗ് എന്ന് വിവക്ഷിക്കപ്പെടുന്ന വികാസ പ്രിക്രിയയിലൂടെ പ്രപഞ്ചമുണ്ടായത് എന്ന്  പ്രസ്താവിക്കുകയും ചെയ്യുമ്പോള്‍ ഈ പ്രസ്താവനയില്‍ നിന്ന് തന്നെ  ബിഗ് ബാംഗിന് മുമ്പും എന്തൊക്കെയോഉണ്ടായിരുന്നു എന്ന് ശാസ്ത്രം തന്നെ പരോക്ഷമായി സമ്മതിക്കുകയല്ലേ ചെയ്യുന്നത് ? 

അത് മാത്രവുമല്ല, ബിഗ് ബാങ്ങിനു മുമ്പും ചില വസ്തുതകള്‍ ഉണ്ടായിരുന്നതായി പരോക്ഷമായി മാത്രമല്ലാ, പ്രത്യക്ഷമായും ഇന്ന്  ശാസ്ത്രം സമ്മതിക്കുന്നുണ്ട്. അതിനെ അവര്‍ ' പ്ലാങ്ക് എപ്പോക് ' (Planck epock )  എന്നപേര് കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. അത് ഉണ്ടായിരുന്നുവെന്നും,  എന്താണെന്ന് ആര്‍ക്കുംഅറിയില്ലെന്നുമാണ് ശാസ്ത്രത്തിന്റെ വിലാപം. ബിഗ് ബാംഗിന് തൊട്ടു മുമ്പ് അങ്ങിനെയൊരവസ്ഥഉണ്ടായിരുന്നതായി അവര്‍ സമ്മതിക്കുമ്പോള്‍ പോലും  ആ അവസ്ഥയുടെ കാലവും, സമയവും തങ്ങള്‍ക്കുതിട്ടപ്പെടുത്താന്‍ ആവാത്ത അത്ര സങ്കീര്‍ണ്ണം ആയതിനാല്‍  അക്കാര്യങ്ങളെ കുറിച്ചൊന്നും നമ്മള്‍ ചിന്തിക്കണ്ടാ, അതങ്ങു വിട്ടു കളഞ്ഞേരെ, നമുക്ക് അവിടം മുതല്‍ അഥവാ ' 00 ' യില്‍ നിന്ന് തുടങ്ങാം എന്നാണു അവര്‍ഇപ്പോള്‍ പറയുന്നത്. 

പ്ലാങ്ക് എപ്പോക്ക് എന്ന ഈ അവസ്ഥ ശാസ്ത്രത്തിനു വെളിവായത് വളരേ വളരേ ചെറിയ ഒരു സമയത്തേക്ക് മാത്രമാണ് എന്നവര്‍ സമ്മതിക്കുന്നു. ഒരു സെക്കന്റിന്റെ നേരിയ ഒരംശം വരുന്ന സമയം.  അതായത്,  ഒന്ന്എഴുതിയ ശേഷം നാല്‍പ്പത്തി രണ്ടു പൂജ്യം കൂടി ഇട്ടാല്‍ കിട്ടുന്ന സംഖ്യ കൊണ്ട് ഒരു സെക്കന്റിനെ ഹരിച്ചാല്‍കിട്ടുന്ന തുകയായിരുന്നുവത്രേ  ഈ സമയ ദൈര്‍ഘ്യം.  മനുഷ്യനോ, അവന്‍ കണ്ടെത്തിയ യാതൊരു ശാസ്ത്രശാഖകള്‍ക്കോ ഈ ഹരണഫലം തിട്ടപ്പെടുത്താന്‍ ആവാത്തതു കൊണ്ട് കൂടിയാണ്  അത് പരിഗണിക്കേണ്ടാ, അവിടം മുതല്‍ തുടങ്ങിയാല്‍ മതി എന്ന നിഗമനത്തില്‍ ഇപ്പോള്‍ ശാസ്ത്രം എത്തിച്ചേര്‍ന്നു നില്‍ക്കുന്നത്. 

വളരേ നേര്‍ത്ത ഒരു സമയം മാത്രമേ അറിയാന്‍ കഴിഞ്ഞുള്ളു എന്നതിനാല്‍  തന്നെ ഈ ' എപ്പോക്കി ' നെഇന്നുള്ള ശാസ്ത്ര - സാങ്കേതിക  ലബോറട്ടറി തെളിവെടുപ്പുകള്‍ക്ക് വിധേയമാക്കാനും പറ്റിയില്ല. തെളിയിക്കപ്പെടാത്തത് ഒന്നും സത്യമല്ല എന്ന് തലയറഞ്ഞ് കരയുമ്പോളും, തെളിയിക്കപ്പെടാന്‍ ആവാത്ത ചിലതുകൂടിയുണ്ട് എന്ന് സ്വയം മനസിലാക്കിയെങ്കിലും അത് പറഞ്ഞാല്‍ തങ്ങളുടെ തന്നെ അടപ്പിളകിപ്പോകുംഎന്നതിനാലും ആയിരിക്കണം, ബിഗ് ബാംഗിന്  മുമ്പുള്ളതൊക്കെ വെറും പൂജ്യമാണ്,  ബിഗ് ബാംഗാണ് പ്രപഞ്ചഉല്പത്തിക്ക് കാരണമായിത്തീര്‍ന്നത് എന്ന് ഇപ്പോളും അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്

നാം കാണുന്നതും, കേള്‍ക്കുന്നതും, അറിയുന്നതും, അനുഭവിക്കുന്നതുമായ എല്ലാറ്റിനും പിന്നില്‍ മറ്റൊന്ന് കൂടിഉണ്ടെന്ന്  ( ഏറ്റവും ചുരുങ്ങിയത് ഒരു ചിന്തയെങ്കിലും ) യുക്തി ഭദ്രതയോടെ തന്നെ  കണ്ടെത്താവുന്നതാണ്. ഈമറ്റൊന്നിനെ ആദ്യത്തേതിന്റെ കാരണം എന്നും, ആദ്യത്തേതിനെ കാര്യം എന്നും വിളിക്കുന്നു. ഏതൊരു രണ്ടുസംഗതികളിലും മുന്നിലുള്ളത് കാര്യവും, അതിനു തൊട്ടു പിന്നിലുള്ളത് അതിന്റെ കാരണവും ആയികണക്കാക്കപ്പെടുന്നു. ഇപ്രകാരം കുഞ്ഞ് കാര്യവും, 'അമ്മ കാരണവുമാകുന്നു. വീണ്ടും പിന്നിലേക്ക് വരുമ്പോള്‍'അമ്മ കാര്യവും, അമ്മയുടെ 'അമ്മ കാരണവും ആയി മാറുന്നുണ്ട്. ഇങ്ങനെ പിന്നോട്ട്, പിന്നോട്ട് പോയിപ്പോയിഎല്ലാറ്റിന്റെയും പിന്നില്‍ നില്‍ക്കുന്ന ആദ്യകാരണത്തില്‍ എത്തിച്ചേരും. ആദ്യ കാരണത്തിന് പിന്നില്‍ വേറെകാരണമില്ല. അഥവാ ഉണ്ടായാല്‍ പിന്നെ അത് കാരണമല്ല, കാര്യമാണ്. 

പ്രപഞ്ചത്തിന്റെ ആദ്യ കാരണമായി ശാസ്ത്രം പ്രഖ്യാപിക്കുന്നത് ബിഗ്  ബാംഗ് ആണെങ്കിലും, മനുഷ്യ വംശചരിത്രത്തിലെ മഹാ മാനുഷികളായ ദാര്‍ശനികര്‍ അത് നിഷേധിച്ചു കൊണ്ട് അവിടെ പ്രപഞ്ചകാരണമായിത്തീര്‍ന്ന ഒരു ശാക്തിക റിസോഴ്‌സിനെ പ്രതിഷ്ഠിക്കുന്നു. ഒന്നുമില്ലാത്ത ഒരവസ്ഥയെയാണ്  ശൂന്യാകാശം എന്ന് ശാസ്ത്രം വിളിച്ചിരുന്നത്  എങ്കിലും,  ഊര്‍ജ്ജ കണികകള്‍ സദാ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തെയാണ് ശൂന്യാകാശമായി  തങ്ങള്‍ വിവക്ഷിച്ചത് എന്ന് 1984 ന് ശേഷം  ശാസ്ത്രം തന്നെസമ്മതിക്കുകയുണ്ടായി. അത് കൊണ്ട് കൂടിയാണ് ബിഗ് ബാംഗ് സംഭവിക്കുന്നതിന് മുമ്പ് തന്നെ അത്സംഭവിക്കുന്നതിന് അനുകൂലമായ ഒരു സാഹചര്യം  ഉണ്ടായിരുന്നു എന്ന് എന്നെപ്പോലുള്ള ചിലരെങ്കിലും  വിലയിരുത്തുന്നതും,  ആയതിനെ പ്രപഞ്ചാത്മാവായ സജീവ ബോധാവസ്ഥയായി അംഗീകരിക്കുന്നതും.

മനുഷ്യ വംശ ചരിത്രവും,  സാമൂഹ്യ - സാമ്പത്തിക - സാംസ്‌കാരിക സാഹചര്യങ്ങളും കൂടി മനുഷ്യ വര്‍ഗ്ഗത്തിന്‌സമ്മാനിച്ച ദൈവ സങ്കല്‍പ്പങ്ങളില്‍ അപൂര്‍ണ്ണനായ മനുഷ്യന്റെ അപൂര്‍ണ്ണമായ ചിന്ത ഏറെ സ്വാധീനംചെലുത്തിയിട്ടുള്ളതായി കണ്ടെത്താവുന്നതാണ്. ദൈവത്തെ പുസ്തകമെഴുത്തുകാരനും, സാഡിസ്റ്റും, എഴുത്തുകാര്‍ സൃഷ്ടിച്ച കഥാ പാത്രങ്ങളും, പള്ളികളിലെയും, ക്ഷത്രങ്ങളിലെയും വിഗ്രഹങ്ങളും ഒക്കെയായിഅടയാളപ്പെടുത്തിയത്  മനുഷ്യന് പറ്റിപ്പോയ ഏറ്റവും വലിയ മണ്ടത്തരം  ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. ദൃശ്യമായ സ്ഥൂല പ്രപഞ്ച ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്ത മനുഷ്യ ശരീരത്തില്‍ അദൃശ്യ പ്രപഞ്ച ഭാഗമായആത്മ ബോധാവസ്ഥ കുടിയിരിക്കുന്നത് പോലെ മഹാ പ്രപഞ്ചത്തിന്റെ സ്ഥൂലാവസ്ഥയില്‍ ആനുപാതികമായആത്മ ബോധാവസ്ഥയായി ദൈവം സ്ഥിതി ചെയ്യുന്നുണ്ട് എന്ന പ്രപഞ്ച സത്യം അംഗീകരിക്കാന്‍  തയാറാവാത്തതായിരിക്കണം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി മനുഷ്യന്‍ മാനത്തേക്ക് കണ്ണും നട്ട്വിഷണ്ണനായി നില്‍ക്കുന്നതിന്റെ പ്രധാന കാരണം. ? 

ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും  വ്യക്തികളായും, കൂട്ടങ്ങളായും  പ്രപഞ്ച ഉല്‍പ്പത്തിയുടെ കാരണംതേടിയുള്ള അന്വേഷണങ്ങള്‍  നടത്തിക്കൊണ്ടേയിരിക്കുകയാണ്.  അതില്‍ ലോകത്താകമാനമുള്ള പ്രമുഖശാസ്ത്ര പ്രതിഭകളുടെ നേതൃത്വത്തില്‍ സ്വിസ്സ് - ഫ്രഞ്ച് അതിര്‍ത്തി പ്രവിശ്യയിലെ  ' സേണ്‍ '  എന്നയിടത്തെ ' ഹൈഡ്രോണ്‍ കൊളൈഡര്‍ ' എന്ന പരീക്ഷണ ശാലയില്‍ പത്തു ബില്യണ്‍ ഡോളര്‍ വലിച്ചെറിഞ്ഞ്  നടത്തിയ  കണികാ പരീക്ഷണങ്ങളില്‍ പോലും ബിഗ് ബാംഗ് തന്നെയാണ് പ്രപഞ്ച ഉല്പത്തിക്ക് കാരണമായത് എന്ന് ഒന്ന്കൂടി ഉറപ്പിക്കുവാന്‍ മാത്രമേ സാധിച്ചിരുന്നുള്ളു. 

അത് കൊണ്ടാണ് 00 യില്‍ നിന്നാണ് ബിഗ് ബാംഗ് ആരംഭിച്ചത് എന്ന് ശാസ്ത്ര ലോകം തറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ എവിടെ നിന്നോ ഒരു പ്ലാന്‍ക് എപ്പോക് രംഗ പ്രവേശം നടത്തുന്നു. കൂടെചിന്തകള്‍ക്കു പോലും അളക്കാനാവാത്ത ചൂടും,  സമയവും. !  ഈ പ്രത്യേക അവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ആവാതെയല്ലേ സര്‍വ പ്രപഞ്ചത്തിന്റെയും ഊര്‍ജ്ജക്കടല്‍ ഉള്ളിലൊതുക്കി നിന്നിരുന്ന പ്രോട്ടോണിനേക്കാള്‍ചെറുതായിരുന്ന ദ്രവ്യം വികസിക്കാന്‍ തുടങ്ങിയത് ? മഹാ വികാസ പരമ്പരയിലൂടെ നമ്മുടെ പ്രപഞ്ചം നമുക്ക്‌പോലും അനുഭവേദ്യമായത് ?  ' 00 ' യ്ക്ക് മുമ്പുള്ള ഒരു '1 ' ന്റെ സാന്നിധ്യമല്ലേ  ഇത് ചൂണ്ടിക്കാണിക്കുന്നത് ? ആ ഒന്ന് തന്നെയല്ലേ  കാര്യ - കാരണ ചങ്ങലയിലെ ആദ്യ കാരണം എന്ന കണ്ണിയായി ഭവിച്ച് സാഹചര്യങ്ങളുടെസംയോഗങ്ങളിലൂടെ നമ്മളാകുന്ന നമ്മളുടെ പ്രപഞ്ചത്തെ അദ്വൈതാവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത് ? 


പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണം - അത് ഒരിക്കലും ഒരിടത്തും എത്താന്‍പോകുന്നേയില്ല. എന്നതാണ് സത്യം. മനുഷ്യന്റെ ശാസ്ത്ര വളര്‍ച്ച പ്രകാശത്തെ ഇന്ധനമായി ഉപയോഗപ്പെടുത്താന്‍സാധിക്കുന്ന ഒരു കാലം അവനു സമ്മാനിച്ചേക്കാം. പ്രകാശ വേഗത്തില്‍ സഞ്ചരിക്കുന്ന വസ്തുവിന്രൂപമുണ്ടാവുകയില്ല എന്ന ഐന്‍സ്റ്റെയിനിന്റെ കണ്ടെത്തലിനു പരിഹാരം കാണുന്നതിനും ശാസ്ത്രത്തിന് സാധിച്ചേക്കും എന്നതിനാല്‍ പ്രകാശ വേഗത്തില്‍ മനുഷ്യനെ എയ്തു  വിടുന്ന ഒരു കാലംസമാഗതമാവുന്നതാണ്. 

സെക്കന്‍ഡില്‍ ലക്ഷത്തി എണ്‍പത്താറായിരം മൈല്‍ വേഗതയില്‍ പറന്നെത്തുന്ന മനുഷ്യന്‍ അവന്റെ തറവാടായസൗരയൂഥത്തിന് തെട്ടടുത്തുള്ള അയല്‍ക്കാരന്റെ അടുത്തെത്താന്‍ നാലേകാല്‍ വര്‍ഷം സമയമെടുക്കും. അവിടെനിന്നും അകലത്തേക്കു പറക്കുന്ന അവന്‍ അവന്റെ ആയുഷ്‌ക്കാലമായ നൂറു വര്‍ഷത്തിനുള്ളില്‍ ഒന്നോ, അഥവാ രണ്ടോ നക്ഷത്രങ്ങള്‍ കൂടി സന്ദര്‍ശിച്ചേക്കാം. അതിനകം ആള് പടം മടക്കി പിന്‍വാങ്ങിയിരിയ്ക്കും. പാമ്പുംകോണിയും കളിയിലെ പാമ്പിന്റെ വാലിലേക്കുള്ള വീഴ്ച. വീണ്ടും അടിയില്‍ നിന്ന് തുടങ്ങണം എന്നിരിക്കെ, എത്രയൊക്കെ ശ്രമിച്ചാലും ' ഹേ മനുഷ്യാ, നീയൊരു പാവം സാധു ജീവിയാണ് ' എന്ന് നിന്നെ സ്വയംബോധ്യപ്പെടുത്തിക്കൊണ്ട് ഈ സൗരയൂഥ പരിസരത്തു തന്നെ നീയുണ്ടാവും. അനന്ത വിസ്തൃതവും, അഗമ്യനിസ്തുലവുമായ മഹാ രാപഞ്ചം നിന്റെ ചിന്തകളില്‍ മാത്രം എന്നെന്നും സജീവമായി നില്‍ക്കുന്നുണ്ടാവും  എന്നേയുള്ളു ? 


മനുഷ്യന്‍ നിര്‍മ്മിച്ച് വിക്ഷേപിച്ച മുപ്പത്തിനായിരത്തിനും മേല്‍ ഭൗമ  വസ്തുക്കള്‍ ഭൂമിയെ സദാ ഭ്രമണം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നമ്മുടെ വാര്‍ത്താ വിനിമയങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നമുക്ക്‌ലഭ്യമാവുന്നതും അങ്ങിനെയാണ്. എങ്കിലും ഈ പെരുപ്പം നമ്മെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നല്ലെങ്കില്‍ നാളെഅവ താഴോട്ടു വന്നേ തീരൂ എന്നതിനാല്‍ നമ്മുടെ ഉച്ചിയില്‍ ഇടിച്ചിറങ്ങാനുള്ള ഉല്‍ക്കകള്‍ നാം തന്നെനിര്‍മ്മിച്ച് അയക്കുകയായിരുന്നു എന്ന് നാളെ നമ്മുടെ തലമുറകള്‍ക്കു വിലപിക്കേണ്ടി വന്നേക്കാം.  2021 ല്‍അമേരിക്കയുടെ ഒരു ഉപഗ്രഹം ചൈനീസ് ഉപഗ്രഹത്തെ ഇടിച്ചു തകര്‍ക്കുമായിരുന്ന  ഒരു സാഹചര്യംഉണ്ടാക്കിയെന്നും, തങ്ങള്‍  സമയോചിതമായി തങ്ങളുടെ ഉപഗ്രഹത്തെ ഉയര്‍ത്തി വഴി മാറ്റിയത് കൊണ്ടാണ്അപകടം ഒഴിവായതെന്നും, യു. എന്‍. ല്‍ ചൈന നല്‍കിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ അണ്വായുധങ്ങള്‍വഹിച്ചു കൊണ്ടുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണ പഥങ്ങളില്‍ എത്തിയേക്കാം എന്ന ഭീതി ഇപ്പഴേ നില നില്‍ക്കുന്നുണ്ട് എന്നതിനാല്‍ നമ്മുടെ തലമുറകളെക്കുറിച്ചുള്ള ആധികളോടെ മാത്രമേ നമുക്കും മരിക്കാന്‍  സാധിക്കുകയുള്ളൂഎന്ന വേദനയോടെയാണ് ഇത് എഴുതുന്നത്. 

ശാസ്ത്ര - സാങ്കേതിക രംഗങ്ങളിലെ വന്‍ വികാസങ്ങളെ വില കുറച്ചു കാണുവാനല്ല  ഇവിടെ ശ്രമിക്കുന്നത്. ഭൗതിക നേട്ടങ്ങളുടെ വര്‍ണ്ണചിറകുകളില്‍ ഏറി എവിടെയൊക്കെ നാം പറന്നുയര്‍ന്നാലും, പച്ചയായ മനുഷ്യന്റെനഗ്‌ന പാദങ്ങളോടെ ഈ വെറും മണ്ണില്‍  വന്നു നിന്ന് കൊണ്ട് മാത്രമേ നമുക്ക് യാത്ര അവസാനിപ്പിക്കുവാന്‍ സാധിക്കുകയുള്ളു എന്നുള്ള ജ്ഞാനം നമ്മള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ചന്ദ്ര കളഭം ചാര്‍ത്തി ഉറങ്ങുകയും, ഇന്ദ്രധനുസ്സിന്റെ തൂവല്‍ പൊഴിഞ്ഞു കിടക്കുകയും ( ഓ! പ്രിയപ്പെട്ട വയലാര്‍ ! ) ചെയ്യുന്ന ഈ മനോഹര ഭൂമിയില്‍  ഒരു കൊച്ചുറുമ്പിന്റെതു പോലുള്ള ഈ ജീവിതം  ആസ്വദിക്കാന്‍  എനിക്ക് നേര്‍ ബന്ധമില്ലാത്ത അനേകംസാഹചര്യങ്ങളിലൂടെ അവസരം നല്‍കിയതിന്, മഹാ കാല  മാന്ത്രികനായ പ്രപഞ്ച ശില്‍പ്പിക്ക്, പ്രപഞ്ചാത്മാവായദൈവത്തിന്  അഭിവാദനങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് തുടരുകയാണ് ജീവതം നന്ദി !

Boby Varghese 2022-04-27 19:37:58
Hey Jayan Varghese, our Al Gore, John Kerry, AOC and other climate activists are claiming that this earth will become inhabitable within 12 years. Can you please comment ?
Maharaj Grammarian 2022-04-27 21:33:08
unhabitable?? Sri Raju Sir will explain, I guess.
Boby Varghese 2022-04-27 23:25:44
Please read uninhabitable. Sorry.
നിരീശ്വരൻ 2022-04-28 06:23:00
അനേകായിരം ശാസ്ത്രജ്ഞന്മാർ കണ്ടിപിടിച്ച കണ്ടുപിടുത്തങ്ങളുടെ പട്ടിക നിരത്തി ഒരു ലേഖനം നീട്ടത്തിൽ എഴുതിയിട്ട് അവസാനം മെയ്യാനാകാതെ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന മത കീടങ്ങൾ ഉണ്ടാക്കിയ പീറ ദൈവത്തിനു നന്ദി പറയുന്ന . ഹായ് ഹായ് ഇതെന്താ കഥ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക