Image

പിന്നെയും പിന്നെയും ഓർമ്മകൾ : രാധാമണി രാജ്

Published on 27 April, 2022
പിന്നെയും പിന്നെയും ഓർമ്മകൾ : രാധാമണി രാജ്

ജീവിതപ്പൊള്ളലുകളിൽ പെട്ട് തകർന്നടിയാതെ മുന്നോട്ടു പോകുന്ന രാധാമണി രാജിന്റെ  കുറിപ്പുകൾക്ക് ആരാധകർ ഏറിവരികയാണ്.. അനുഭവങ്ങളുടെ തുളുമ്പലാണതിൽ കാണുന്നത്.. കോട്ടയത്ത് കാരാപ്പുഴയിലെ കുട്ടിക്കാലവും കൂട്ടിനെത്തിയ ആളിന്റെ നിത്യതയിലേക്കുള്ള മറഞ്ഞു പോക്കും, ഓട്ടിസം കെടുത്തിക്കളഞ്ഞ മക്കളുടെ ജീവിതവുമാണ് രാധാമണി എഴുതിക്കാട്ടുന്നത്. മുതിർന്ന് മുപ്പതുകളിലെത്തിയ രണ്ട് യുവാക്കളെയാണ് കൊച്ചുകുഞ്ഞുങ്ങളെപ്പോലെ അവർ ചേർത്തുപിടിക്കുന്നത്.
ഇതിലെ സാഹിത്യമല്ല യാഥാർത്ഥ്യങ്ങളാണ് നമ്മുടെ മനസ്സുലയ്ക്കുന്നത്.

മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ജൂനിയർ സൂപ്രണ്ടായിരുന്ന രാധാമണി രാജ് ശ്രദ്ധേയനായ കവി. എം.ആര്‍. രേണുകുമാറിന്‍റെ ചേച്ചിയാണ് .

വായിക്കുക..

എന്തിന്‍റെയൊക്കെയോപേരില്‍ വല്ലാതൊറ്റപ്പെട്ടു പോയൊരു കാലം. ബന്ധുക്കളോ സ്വന്തക്കാരോ ആരും ഉണ്ടായിരുന്നില്ല. ഒന്നുരണ്ടു പേരും അനിയനും കുടുംബവും ഇടയ്ക്കിടെ വന്നു പോകുന്നതും ഒരമ്മായി അന്തിക്കൂട്ടിനായി വരുന്നതുമൊഴിച്ചാല്‍ വീടും മനസ്സും വല്ലാതെ ശൂന്യമായിരുന്നു. വീട്ടില്‍ മൂത്തമോനും ഞാനും മാത്രം. പാവമെന്‍റെ കുഞ്ഞാവ കുറച്ചകലെയുള്ള ഒരു സ്പെഷ്യല്‍ സ്ക്കൂളില്‍ താമസിക്കുന്നു. എന്തൊക്കെയോ പഠിക്കുന്നു. ഒരു ദിവസം ഞാനവനെ കാണാനെത്തു മ്പോള്‍ അവന്‍റെ ടീച്ചര്‍ വലിയ സന്തോഷത്തിലായിരുന്നു..
കാരണം അറിഞ്ഞപ്പോള്‍ കരയാനും ചിരിക്കാനുമാവാതെ ഒരമ്മമനസ്സ് നൊന്തുപൊള്ളിയിട്ടുണ്ടാവണം. അവന്‍ പരീക്ഷയില്‍ ജയിച്ചിരിക്കുന്നു. അതേ തനിയെ ഉടുപ്പും നിക്കറുമിട്ട് ബട്ടണ്‍സും കൃത്യമായിട്ടിരിക്കുന്നു. കൂടാതെ ജനലിന്‍റെ മുകളിലത്തെ പാളിയടച്ച് അതിന്‍റെ കൊളുത്തുമിട്ടവന്‍ നൂറില്‍ നൂറുമാര്‍ക്കും വാങ്ങിയിരിക്കുന്നു...അന്ന് മോന് പതിനൊന്ന് വയസ്സുണ്ട്.  ആറില്‍ പഠിക്കേണ്ടതാണവന്‍... ഞാനെന്തു പറയാന്‍..! മൂത്തയാളിനെ കോട്ടയത്തുള്ള വികാസ് വിദ്യാലയത്തിലാക്കിയിട്ടാണ് ഞാന്‍ ജോലിക്കുപോകുന്നത്. വെെകുന്നേരം ഒന്നിച്ച് വീട്ടിലേക്ക്. അമ്മച്ചിയും എന്നേക്കുമായി പോയകന്നപ്പോള്‍ ശരിക്കും അനാഥരായതുപോലെ. എന്നാലും അച്ചന്‍റെയും അമ്മച്ചിയുടെയും മണമുള്ള വീടിനെ സ്നേഹിച്ച് ജീവിതം ജീവിക്കാന്‍ പഠിച്ചു തുടങ്ങുകയായിരുന്നു... അപ്പോഴൊക്കെയും അച്ചന്‍റെ വാക്കുകള്‍ മനസ്സിനെ വല്ലാതുലച്ചു കൊണ്ടിരുന്നു.

അതായത് ''കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ കാഴ്ചയറിയില്ല '' അതേ ജീവിതത്തില്‍ അടിവരയിട്ട് പറയാവുന്ന ഒരു സത്യമാണത്......
ഇങ്ങനെ കാര്യങ്ങളാകെ കെെവിട്ടുവിട്ടുപോവുകയും അതൊന്ന് തോണ്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് സ്നേഹത്തിന്റേതെന്ന് പറയാന്‍ ഞാനിഷ്ടപ്പെടുന്നൊരു മെഴുതിരിവെട്ടം മുനിഞ്ഞു കത്തിയത്...

ആദ്യമൊക്കെ ഒരമ്പരപ്പും പേടിയുമായിരുന്നെങ്കിലും ആ കണ്ടുമുട്ടല്‍ ഒരു കൗതുകത്തിലേക്ക് മാറിക്കൊണ്ടിരുന്നു.. വ്യക്ത്യമായ സമയവും കണ്ണുകളിലെ  പേടിയും രണ്ടാളും പകുത്തെടുക്കുന്നുണ്ടായിരുന്നെങ്കിലും കണാതിരുന്നാല്‍ രണ്ടുപേരും എവിടെയൊക്കെയോ തേടിയും തെരഞ്ഞും നടന്നിരുന്നു എന്നുവേണം പറയാന്‍. ആരെങ്കിലും ഇത് വിശ്വാസത്തിലെടുക്കുമോ ഇങ്ങനെ ഒരു കഥ എവിടെയെങ്കിലും ഉണ്ടാവുമോ എന്നതൊന്നും ചിന്തിക്കാനുള്ള ക്ഷമയോ വിവേകമോ ഉണ്ടായതുമില്ല.. ഇതിനെന്താണൊരു പേരിട്ട് വിളിക്കേണ്ടത് ..? സ്നേഹമെന്നോ സൗഹൃദമെന്നോ, ആവോ .. എന്തായാലും അതൊരു കഥയല്ലേയല്ല സത്യമാണത്.  

ഞാന്‍ വീട്ടിലുള്ളപ്പോള്‍ ഉച്ചയോടടുപ്പിച്ച് വീടിന് മുന്‍വശത്തുള്ള ചതുപ്പില്‍ നിന്നും ഒരുടുമ്പ് മുറ്റത്തരുകില്‍ വന്നെത്തിനോക്കും. ആളനക്കം കേക്കുമ്പോള്‍ നാലുകാലും പറിച്ചോടുകയും ചെയ്യും. എന്നാല്‍ ഇതൊരു പതിവായപ്പോള്‍ മീന്‍റെതലയോ കുറച്ചു ചോറോ ഞാനാ മുറ്റത്തരുകില്‍ വെക്കുന്നത് പതിവായിരുന്നു. ആ ഉടുമ്പ്.. പേടിയോടെ നോക്കി നോക്കി അത് തിന്നിട്ട് തിരിച്ചുപോകുന്നത് ചിലപ്പോ ഞാന്‍ കണ്ടിട്ടുണ്ട്.  അതുപോലെ ഒരു പെരുച്ചാഴിയും അത്താഴത്തിന്‍റെ പങ്കിനായി വലിയ പെട്ടിയുടെ താഴെവന്ന് തല കാണിക്കും..  

ഞാനൊന്ന് തിരിച്ചറിഞ്ഞു .. പ്രാണൻപോണ വിശപ്പിനു മുന്നില്‍ ഏതൊരു ജീവിയും  തോറ്റുപോകും. അവിടെയവരുടെ കടുംപിടുത്തങ്ങളും മാനാഭിമാനങ്ങളും മറഞ്ഞു പോകും. പിന്നൊന്ന് സ്നേഹമാണ്. അത് കിട്ടാനും കൊടുക്കാനും കൊതിക്കുന്നതാണ് ജീവന്‍റെ  പ്രത്യേകത..

ഇന്നും മധുരവേലിയിലെ വഴിയിലൂടെ നടക്കുമ്പോഴോ പുറകുവശത്തുള്ള തൊടിയിലോ പറമ്പിലോ ഒരുടുമ്പിനെ കണ്ടാല്‍ , അതല്ലെങ്കില്‍ സന്ധ്യമയക്കത്തിനൊരു പെരുച്ചാഴിയോട്ടം കണ്ടാലോ, ഞാനേതോ പാടയിറമ്പുള്ള വീട്ടിലെത്തുകയായി .....

അവിടുത്തെ ഓർമ്മകളുണരുകയായി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക