Image

കോതമംഗലം ( കഥ : ജി. രമണി അമ്മാൾ )

Published on 28 April, 2022
കോതമംഗലം ( കഥ : ജി. രമണി അമ്മാൾ )

കോതമംഗലം ഫോറസ്റ്റോഫീസർ രതീഷ് അപ്പേട്ടന്റെ നാട്ടുകാരനാണ്. സ്കൂളിലും കോളേജിലുമൊക്കെ ഇവരൊന്നിച്ചുമായിരുന്നു. 
ഞങ്ങളുടെ 
കല്യാണ സമയത്ത് പരിചയപ്പെട്ടിട്ട്
പിന്നിത്രനാളും ഞാൻ രതീഷിനെ കണ്ടിട്ടേയില്ല.
തല്ലിപ്പൊളിയുടെ ഉസ്താതായിരുന്നത്രേ 
ഈ രതീഷ്.. 
എവിടെ എന്തു പ്രശ്നമുണ്ടായാലും
അതിൽച്ചെന്നിടപെടും..
കേസും, വഴക്കും വാക്കേറ്റവും...ഒരു ബഹളക്കാരൻ, 
പക്ഷേ പരീക്ഷകൾക്ക്
മറ്റുളളവരേക്കാൾ
മാർക്കു കൂടുതൽ വാങ്ങുന്ന വിരുതനും..
ആദ്യമെഴുതിയ പി.എസ് സി പരീക്ഷയിൽ തന്നെ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ  റാങ്കുലിസ്റ്റിൽ ഒന്നാമനായി..
ദൂരെയെവിടെയോ ആയിരുന്നു പോസ്റ്റിങ്ങ്...
തമ്മിൽ കാണൽ തീരെക്കുറഞ്ഞെങ്കിലും
ഫോൺവഴിയുളള ബന്ധം അപ്പേട്ടനും രതീഷും മുറിയാതെ സൂക്ഷിച്ചു..
"ഞാൻ ഇവിടെയാണെന്നറിഞ്ഞതുമുതൽ വിളിക്കുന്നു,        
അവൻ്റെ സാമ്രാജ്യത്തേക്ക്,
കോതമംഗലത്തേക്ക്.  
നമുക്കൊന്നു പോയി വന്നാലോ..
കുട്ടികളേയുംകൊണ്ട് ഒരൗട്ടിങ്ങിനു പോയിട്ട് 
എത്രനാളായി.."
ഈ രണ്ടാം ശനിയാഴ്ചതന്നെ പൊക്കളയാമെന്നായി.. 
ഭൂതത്താൻകെട്ടിലൂടെ ഒരു ബോട്ടുസവാരി, നേരെ തട്ടേയ്ക്കാട് ബേർഡ് സാങ്ച്യുറി.  പിന്നെ കുറച്ചുനേരം 
കാടിനകം കാണൽ...
തിരിച്ചു പോരുംവഴി അവന്റ ക്വാർട്ടേഴിസിലും..
രാവിലെ ഏഴുമണി സമയം,
ഒരു തെളിഞ്ഞ പകലിന്റ എല്ലാ ലക്ഷണവും..
പെരുമ്പാവൂരിൽ നിന്ന്  കോതമംഗലത്തേക്ക് നല്ല ദൂരം തോന്നിച്ചു..   
ഏറെ വളവുകളും തിരിവുകളും നിറഞ്ഞ റോഡിന്റെ ഇരുവശങ്ങളിലും 
ഇടതൂർന്ന വൃക്ഷങ്ങൾ..
മലഞ്ചരിവിൽ, 
കൃത്യമായ അകലംപാലിച്ച് ഉയരങ്ങളിലേക്കു കയറി, നീലമേഘത്തെ തൊട്ടുനിൽക്കുന്ന റബ്ബർമരങ്ങൾ,
ഓടിമറയുന്ന പാറക്കെട്ടുകളും, തെളിനീരുറവകളും..
ഈ ഭാഗത്തേക്കുളള യാത്ര
ജീവിതത്തിലാദ്യമാണ്..
       
രതീഷും ഫാമിലിയും
പറഞ്ഞിരുന്നപോലെ ബോട്ടുജട്ടിക്കടുത്തുണ്ട്..
ഭാര്യ സ്മിത, 
ഊതിയാൽ പറന്നുപോയേക്കാവുന്ന കൃശഗാത്രി..
മകൾ,  രതീഷിനേപ്പോലെതന്നെ.
ഭംഗിയായി പരിപിലിച്ചുപോരുന്ന ചെറിയ പൂന്തോട്ടവും
പച്ചപ്പുൽത്തകിടിയും.. നിറയെ  മഞ്ഞപ്പൂക്കൾ ഒരേ നിരപ്പിൽ വിരിഞ്ഞു നിൽക്കുന്നതു 
കാണാൻ എന്തു ഭംഗി.. പത്തുമണിപ്പൂവിന്റെ പകരക്കാരോയിവർ..! 
"നമ്മുടെ ബ്രെയ്ക്ക്ഫാസ്റ്റ് ബോട്ടിനുളളിലാണ്
സമയം കളയേണ്ട..
കേറിയേക്കാം. "
വർഷങ്ങൾക്കു ശേഷംകണ്ട മദ്ധ്യവയസ്ക്കരായ  സുഹൃത്തക്കൾക്ക് കോളേജുകാലം തിരികെക്കിട്ടിയപോലെ..
കുടുംബം ഒപ്പമുണ്ടെന്നുപോലും മറക്കുന്നു.. 
കുട്ടികൾക്ക് ചങ്ങാത്തംകൂടൽ എളുപ്പമാണല്ലോ..മോൻ രതീഷിന്റെ മകളുടെ മടിയിൽത്തന്നെ..
ഭൂതത്താൻകെട്ട് തടാകം,
ഒരുപാട് ആഴമുളള ജലസമൃദ്ധി.. 
മറുകരയിൽ ഇടതൂർന്നു തിങ്ങി നീളുന്ന 
വന്യമായ പച്ചപ്പിന്റെ നിഴൽച്ചിത്രം ജലമൂർദ്ദാവിലൂടെ ഇളകിനീങ്ങുന്നു...
ഏറ്റവും കൂടുതൽ രാജവെമ്പാലയുടെ അധിവാസകേന്ദ്രമാണത്രേ ഇവിടം..
കണ്ണെത്തും ദൂരെ നങ്കൂരമിട്ടുകിടക്കുന്ന ജങ്കാർ കൗതുകമായി..
ജീപ്പും, കാറും, ഒരു വലിയ ബസ്സും ജങ്കാറിൽ കയറിക്കഴിഞ്ഞു..
ഊക്കോടെ വഴുതിമാറിയകലുന്ന കായലോളങ്ങളുടെ
ചെറുമർദ്ദനത്തിൽ ഇളകിയാടി തൊട്ടിപ്പുറത്തെ കടവിലേക്ക്
അടുത്തുകൊണ്ടിരുന്നു.
രതീഷിന് നാട്ടിൽ, മാവേലിക്കരയിൽ വീടുപണി നടന്നുകൊണ്ടിരിക്കയാണെന്ന്..
കാട്ടിലെ തടിയും,  ആറ്റിലെ മണലും, 
പാറയുമെല്ലാം വീടു പണിയുന്നിടത്തെത്തിക്കോളുമെന്ന്..
"നിനക്ക് അടുത്തെങ്ങാൻ വീടു പണിയാൻ ഉദ്ദേശമുണ്ടെങ്കിൽ പറഞ്ഞാൽ മതി..,
ഞാനൊരു രണ്ടുവർഷംകൂടി ഇവിടെക്കാണും..."
"വീടുവയ്ക്കാൻ ആദ്യം ഒരുതുണ്ടു ഭൂമി വാങ്ങട്ടളിയാ.. ." 
 "വൈഫ് ബി.എഡ്. അല്ലായിരുന്നോ.. സ്കൂളിലെങ്ങും ഒരു ജോലിക്കു ശ്രമിച്ചില്ലേ.? "
"അടുപ്പിച്ചടുപ്പിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോൾ
അവരെ വളർത്തിയെടുക്കലിനിടയിൽ ജോലിക്കാര്യം ചിന്തിച്ചില്ല..."
 ഡിപ്പാർട്ടുമെന്റു വാഹനത്തിൽ,കിളികളുടെ സങ്കേതത്തിലേക്ക്...
കിളികൾ മാത്രമല്ല, വംശനാശം
സംഭവിച്ചുകൊണ്ടിരിക്കുന്ന 
ചെറിയ വന്യജീവികളുമുണ്ടായിരുന്നു.. 
ഉച്ചഭക്ഷണം കഴിഞ്ഞപാടേ ഇറങ്ങി..
കാടിന്റെ നടുവിലെ വെളിച്ചംകുറഞ്ഞ, ഇടുങ്ങിയ സഞ്ചാരപാതയിലൂടെ വണ്ടി മെല്ലെ  നീങ്ങുകയാണ്..
കുണ്ടും കുഴിയും  നിറഞ്ഞ വഴി ദുർഘടംതന്നെ...
"കാടിനുളളിൽ  നേരത്തേ ഇരുൾ വീഴും...
അതുകൊണ്ട് ഒരുപാടുളളിലേക്കു നമ്മളുപോകുന്നില്ല..
വന്യ മൃഗങ്ങളെന്നു പറയാൻ സത്യത്തിൽ കുറച്ച് ആനകളും കാട്ടാടുകളും
കുരങ്ങന്മാരുമേയുളളു.
വിഷപ്പാമ്പുകളുണ്ട്, ഇറങ്ങിനടന്നാൽ അവറ്റകളെ മാത്രം സൂക്ഷിക്കണം.."

നിനക്ക് കാടിനുളളിലേക്കൊക്കെ പോകേണ്ടതുണ്ടോ..?"
"പോകണം;
സംഘമായിട്ട്, തോക്കുമായിട്ട്..
കാടിന്റെ മുകളിലേക്കു കയറിപ്പോയാൽ നാലഞ്ചു ദിവസം കഴിഞ്ഞേ ഞങ്ങളൊക്കെ ഇറങ്ങി വരാറുളളൂ..
എത്രയൊക്കെ ശ്രദ്ധിച്ചാലും കാട്ടുമരം മുറിച്ചു കടത്തലും
കാട്ടുമൃഗങ്ങളെ 
വേട്ടയാടിപ്പിടിക്കലും 
മുറയ്ക്കു നടക്കാറുണ്ട്.."
കാടിനുളളിലെ ഇരമ്പിയാർക്കുന്ന
പ്രകൃതിദത്തമായ വലിയ വെളളച്ചാട്ടത്തിനടുത്ത് ജീപ്പു നിന്നു..
" അപകട മരണങ്ങളും ആത്മഹത്യകളും  ഇവിടെ ദിനംപ്രതി ഉണ്ടാവാറുളളതുകൊണ്ട്
വെളളച്ചാട്ടത്തിനടുത്തേക്ക് ആരേയും  വിടില്ല.. "
കാട്ടുതേനും,  വിറകു ചുമടുകളുമായി കാടിറങ്ങിവരുന്ന ആദിവാസികൾ സർക്കാർ വാഹനംകണ്ടു പരുങ്ങി ഒതുങ്ങി നിന്നു.. "തേനൊണ്ടോടാ...
ഈ സാറിനു കൊടുക്കാൻ..."
"ഒണ്ടേ..."
കന്നാസിന്റെ മുക്കാലോളം വരുന്ന തേൻ, 
അപ്പേട്ടൻ പേഴ്സിൽ
നിന്നു കാശെടുക്കാനായുമ്പോൾ രതീഷ് വിലക്കി..
ജീപ്പ് മെല്ലെ കാടിറങ്ങി മെയിൻറോഡിലേക്കു കയറുകയാണ്..
"ബോട്ടു ജട്ടി ടച്ചുചെയ്യാതെ ക്വാർട്ടേഴ്സിലേക്കൊരു ഷോർട്ട്ക്കട്ടുണ്ട്.. 
പോയിട്ടുവന്ന്  നിങ്ങൾക്കു കാറെടുത്ത് നേരെയങ്ങുപോകാം...
കാടിറങ്ങിവന്ന 
പകലിന്റെ വിനാഴികകൾ 
ബാക്കിനില്ക്കുന്നുണ്ടെന്ന്.
ക്വാർട്ടേഴ്സുമുറ്റത്തെ നാലുമണിപ്പൂക്കൾ 
വിളിച്ചറിയിക്കുന്നുണ്ട്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക