കഥയും കവിതയുമൊക്കെ എഴുതുമെങ്കിലും ജി.രമണി അമ്മാൾ വ്യത്യസ്തമായൊരു യജ്ഞപൂർത്തീകരണവുമായാണ് ഇപ്പോൾ ശ്രദ്ധേയയാകുന്നത്. പ്രതിവാരം മുടങ്ങാതെ ഓരോ കവിത വീതം ചൊല്ലി അതിന്റെ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്ത് 100 ആഴ്ചകൾ കൊണ്ട് 100 കവിതകൾ പ്രസിദ്ധീകരിച്ചതാണ് രമണിയെ വ്യത്യസ്തയാക്കുന്നത്.
ഇത് നിസ്സാരമായ ഒരു പ്രവൃത്തിയല്ലെന്നത് നമുക്കെല്ലാം മനസ്സിലാകും. ഒരാഴ്ചപോലും മുടക്കമില്ലാതെ കവിതകളുടെ ഏതെങ്കിലുമൊരു ഭാഗത്തോ ഒരു വരിയിലോ പോലും ഇടറാതെ മലയാളത്തിലെ ഏറ്റം മികച്ച നൂറു കവിതകളാണ് മന:പാഠമാക്കി വിഡിയോയിലൂടെ രമണി അമ്മാൾ അവതരിപ്പിച്ചത്. അഭിനന്ദനങ്ങളോടൊപ്പം, മലയാളകവിതയ്ക്ക് നൽകിയ ഈ സമർപ്പണത്തിന് രമണിയോട് കടപ്പെട്ടവരുമാകേണ്ടിയിരിക്കുന്നു നാം.
കോട്ടയത്തെ സ്ത്രീസാഹിത്യ സംഘടന 'അക്ഷരസ്ത്രീ'യുടെ സജീവ പ്രവർത്തകയും എഡിറ്ററുമായ രമണി ഒന്നുരണ്ട് കവിതകൾ സംഘടനയ്ക്കു വേണ്ടി ആദ്യം അവതരിപ്പിച്ചു. ഇത് കണ്ട് അക്ഷരസ്ത്രീയുടെ വൈസ് പ്രസിഡന്റ് പുഷ്പമ്മ ചാണ്ടിയാണ് കവിത ചൊല്ലുന്ന വീഡിയോകൾ യു ട്യൂബ് വഴി പ്രകാശിതമാക്കാം എന്ന നിർദ്ദേശം വച്ചത്. തുടർന്ന് നൂറാഴ്ചകളിലെ നൂറു വീഡിയോയും അപ് ലോഡ് ചെയ്തതും പുഷ്പമ്മ ചാണ്ടി തന്നെ.
19 - 5 - 2020- ൽ മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തിയിലായിരുന്നു തുടക്കം. 13 - 4 - 2022- ൽ മഹാകവി കുമാരനാശാന്റെ ' കരുണ 'ചൊല്ലിയാണ് 100 കവിതകൾ തികച്ചത്.
വയലാർ രാമവർമ്മയുടെയും ഒ.എൻ. വി.കുറുപ്പിന്റെയും 10 കവിതകൾ വച്ച് ചൊല്ലി. സുഗതകുമാരി ടീച്ചറിന്റെ കവിതകളാണ് പിന്നെ കൂടുതൽ . ജി.ശങ്കരക്കുറുപ്പിന്റെ കവിതകളാണ് രമണി അമ്മാളിന് മനസ്സുകൊണ്ട് ഏറെ പ്രിയം. വൈലോപ്പിള്ളിക്കവിതകളും രമണി ഏറെ ഇഷ്ടപ്പെടുന്നു. ഭാസ്കരൻ മാഷിന്റെ കവിതയെയും ചേർത്തുപിടിച്ച രമണിക്ക്
ആധുനിക കവികളിൽ
മുരുകൻ കാട്ടാക്കടയുടെ കവിതകളും ആലാപനവും ഏറെ പ്രിയങ്കരമാണ്. രമണി ആ കവിതകളും ചൊല്ലി ചേർത്തിരിക്കുന്നു.
വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഗഹനമായ കവിതകളും രമണിക്ക് വശമാണ്.
വിജയലക്ഷ്മിയുടെ കവിതകളെയും വിട്ടുകളഞ്ഞിട്ടില്ല. ഒപ്പം അനിൽ പനച്ചൂരാനും ലിസ്റ്റിലുണ്ട്.ബാലാമണിയമ്മ, അക്കിത്തം , ചങ്ങമ്പുഴ , ഇടശ്ശേരി ഗോവിന്ദൻ നായർ ബാലചന്ദ്രൻ ചുള്ളിക്കാട്, യൂസഫലി കേച്ചേരി, കടത്തനാട്ട് മാധവിയമ്മ, വിനയചന്ദ്രൻ , അയ്യപ്പപ്പണിക്കർ, ജയകുമാർ ഐ. എ. എസ്. , തിരുനെല്ലൂർ അങ്ങനങ്ങനെ മലയാളം കണ്ട ഒട്ടുമുക്കാൽ കവികളെയും രമണി ചൊല്ലിയവതരിപ്പിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശവും ഉള്ളൂരിന്റെ പ്രേമസംഗീതവും അവതരിപ്പിച്ച രമണി, വള്ളത്തോളിനെയും മാറ്റി നിർത്തിയില്ല.
കക്കാടിന്റെ സഫലമീയാത്രയുണ്ട് ... അങ്ങനെ ലിസ്റ്റ് നീണ്ട് ടാഗോറിന്റെ ഗീതാഞ്ജലിയും അത്ഭുതമുണർത്തുന്നു..
ഇവിടെ, വിട്ടുപോയ കവികളും കവിതകളും ഉണ്ടെന്ന് സമ്മതിക്കുന്നു.
നൂറു കവിതകൾക്കപ്പുറവും കടലുപോലെ വരികൾ രമണി അമ്മാളിന് ഹൃദിസ്ഥമാണ്. അതിശയവും അത്ഭുതവുമുണർത്തുന്ന കഴിവാണ് ദൈവാനുഗ്രഹമായി രമണിയോട് ചേർന്നു നിൽക്കുന്നത്.
വളരെ വിപുലമായ വായനയും സമർപ്പണബോധവും കൊണ്ടാണിതൊക്കെയും സാധ്യമായതെന്നതിൽ സംശയമില്ല.
രമണി അമ്മാളിന്റെ
ഗ്രഹണം എന്ന നോവലും മൂന്ന് കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇ- മലയാളിയിലും രമണി അമ്മാളിന്റെ കഥകളും കവിതകളും പ്രസിദ്ധീകരിച്ചുവരുന്നു.
കേരള ഇലക്ട്രിസിറ്റി ബോർഡിൽ അക്കൗണ്ട്സ് ഓഫീസറായിരുന്ന രമണി കോട്ടയം മാങ്ങാനം സ്വദേശിയാണ്. ഭർത്താവ് പരേതനായ പി. കെ. ബാബുരാജൻ . (ജില്ലാ ജഡ്ജി )
മകൾ ഡോ. രേഷ്മ ബാബുരാജാണ് വീഡിയോ ചിത്രീകരണം നടത്തിയത്. മകൻ രവീൺ ബാബുരാജ് യു.കെ.യിൽ വിദ്യാർത്ഥി .
കവിത ചൊല്ലലിന്റെ നീണ്ട നൂറാഴ്ചകൾ കാഴ്ചവെക്കുവാൻ തനിക്ക് സഹായവും പ്രോൽസാഹനങ്ങളും നൽകിയ അക്ഷരസ്ത്രീ സംഘടനയ്ക്കും കൂടെ നിന്ന സുഹൃത്തുക്കൾക്കും സ്നേഹനിറവോടെ രമണി കൃതജ്ഞതയർപ്പിക്കുന്നു.
മഹത്തായ ഈ കർമ്മം ശുഭമായി നിർവ്വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനവും ആനന്ദവും ഒരുപാടുണ്ടെന്നും ജീവിത വഴികളിൽ അക്ഷരംതെളിക്കുന്ന വെളിച്ചങ്ങളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും രമണി അമ്മാൾ ഹൃദയപൂർവം പറയുന്നു.