Image

കറുപ്പിലും, ചോപ്പിലും കലർത്തി  കൂട്ടിവച്ചത് (മൃദുമൊഴി 43: മൃദുല രാമചന്ദ്രൻ)

Published on 29 April, 2022
കറുപ്പിലും, ചോപ്പിലും കലർത്തി  കൂട്ടിവച്ചത് (മൃദുമൊഴി 43: മൃദുല രാമചന്ദ്രൻ)


ഒരു മനുഷ്യജീവി  തന്റെ ജീവിതത്തിലെ  ഏറ്റവും കടുപ്പമേറിയ, കയ്പ്പ് ഏറിയ അവസ്ഥകളെ  കുറിച്ച്  നൂറു ശതമാനം സത്യസന്ധമായി സംസാരിക്കുമെങ്കിൽ അത് എങ്ങനെയുള്ളതായിരിക്കും ?

തീർച്ചയായും, അത് തനിക്ക് കെട്ടിപൊക്കാൻ കഴിയാതെ പോയ വലിയ വീടിനെ കുറിച്ചോ, സ്വന്തമാക്കാൻ കഴിയാതെ പോയ വില കൂടിയ വാഹനത്തെ കുറിച്ചോ, കിട്ടാതെ പോയ ഒരു ഉദ്യോഗക്കയറ്റത്തെ കുറിച്ചോ, എന്തിന് സഫലീകരിക്കാതെ പോയ ഒരു പ്രണയത്തെ കുറിച്ചു പോലുമോ ആയിരിക്കില്ല ചിലപ്പോൾ...

നമ്മൾ പേർത്തും, പേർത്തും ഓർത്തു ദുഃഖിക്കുന്നത് ചില  നിമിഷങ്ങളെ പറ്റിയായിരിക്കും...ഒരു ദീർഘ യാത്രയിൽ, ബസിന്റെ ജനാല സീറ്റിൽ കാറ്റ് കൊണ്ടിരിക്കവേ,ആർദ്രമായ ഒരു വരി സംഗീതം കേൾക്കവേ, ഒരു പെരുമഴ ഭൂമിയെ പൊതിഞ്ഞു പിടിക്കുന്നത് കണ്ട് വരാന്തയിൽ ഒറ്റക്ക് ഇരിക്കവേ, തണൽ മരങ്ങൾ അരികിട്ട ഒരു നീളൻ വഴിയിലൂടെ തിരക്കില്ലാതെ നടക്കവേ, അറിയാതെ ഓർത്തു കൺ നിറയുന്നത് വൈകാരികമായി തനിച്ചെന്നു തോന്നിയ ചില കുഞ്ഞു നിമിഷങ്ങളിൽ അനുഭവിച്ച നിസ്സഹായതയും, വേദനയും ഓർത്താകും !

ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കിപ്പോഴും ഓർമയുണ്ട്, ഒരിക്കൽ ഒരു ബന്ധു സന്ദർശന വേള, അവധിക്കാലമായത് കൊണ്ട് ഞങ്ങൾ കുറെ കുട്ടികൾ ഉണ്ട്.കുട്ടികൾ ഉള്ള ഒരിടത്തേക്ക് വെറും കൈ വീശി പോകുന്നത് ശരിയല്ലല്ലോ എന്നു കരുതിയാകാം കുറച്ചു സമ്മാനങ്ങൾ കൊണ്ട് വന്നു.പക്ഷെ,ഓരോ കുട്ടിക്കും സമ്മാനം തിരഞ്ഞെടുത്തത് അവരുടെ അച്ഛനമ്മമാരുടെ തൊഴിൽ-സാമ്പത്തിക നിലയൊക്കെ നോക്കിയായിരിക്കണം.അച്ഛനമ്മമാരെ പ്രീതിപ്പെടുത്താനുള്ള ഒരു എളുപ്പവഴിയാണല്ലോ കുട്ടികൾക്ക് സമ്മാനം കൊടുക്കൽ ! അവർ അളന്ന കോലു വച്ച് ഞങ്ങളുടെ അച്ഛനും, അമ്മയും അത്ര പോരാത്തത് കൊണ്ടായിരിക്കാം എനിക്കും, അനിയനും കിട്ടിയത് ഏറ്റവും ചെറിയ സമ്മാനം ആയിരുന്നു. എല്ലാവർക്കും കാറും, പാവയും ഒക്കെ കിട്ടിയപ്പോൾ ,  ഒരു പ്ലാസ്റ്റിക് കൂടിനുള്ളിൽ ഉള്ള ഒരു കൃത്രിമ പനിനീർപ്പൂവും, അതിന്റെ ചുറ്റും പശയിൽ ഉറപ്പിച്ചു നിർത്തിയ പല നിറങ്ങളിൽ ഉള്ള ചെറിയ തെർമോകോൾ പന്തുകളും....പത്തു വയസിൽ താഴെയുള്ള രണ്ടു കുട്ടികൾക്ക് ആ സമ്മാനം ആഹ്‌ളാദമല്ല, അപമാനമാണ് നൽകിയത്.അവർ ഞങ്ങൾക്ക് ഒന്നും തന്നില്ലെങ്കിൽ കൂടി അത്ര വിഷമം ആകില്ലായിരുന്നു.മുതിർന്നു കഴിഞ്ഞതിനു ശേഷം ഞാൻ ഒരുപാട് തവണ , ചിന്തിച്ചിട്ടുണ്ട്, ആ കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോൾ അവർ ഞങ്ങളെ പറ്റി എന്തായിരിക്കും ചിന്തിച്ചിരിക്കുക എന്ന് : "ബാക്കി എല്ലാവർക്കും കൊടുക്കുമ്പോൾ അവ്റ്റങ്ങളെ മാത്രം എങ്ങനെ ഒഴിവാക്കും, അതുകൊണ്ട് ആ ഗതിയില്ലാത്ത പിള്ളേർക്ക് ഇതൊക്കെ മതി" എന്നായിരിക്കും.ഒരു തവണ പോലും ഞങ്ങൾ രണ്ടു പേരും ആ വസ്തു വച്ച് കളിച്ചിട്ടില്ല.അത് എവിടെയോ ഉപേക്ഷിക്കപ്പെട്ടു. മച്ചിങ്ങയും, പ്ലാവിലയും, റബ്ബർ ചെരിപ്പ് വെട്ടിയുണ്ടാക്കിയ കളിവണ്ടിയും അതിനേക്കാൾ എത്രയോ  ആഹ്ലാദം തന്നു.ഒരു പത്തോ, ഇരുപതോ രൂപ കൂടി ചിലവാക്കാൻ മടിയുള്ളത് കൊണ്ടായിരിക്കില്ല അവർ ഞങ്ങൾക്ക് വില കുറഞ്ഞ സമ്മാനം വാങ്ങിച്ചതെന്നും, മറിച്ച്‌ മറ്റുള്ളവരുടെ അതേ മൂല്യമുള്ള  ഒരു സമ്മാനത്തിനൊന്നും ഞങ്ങൾ അർഹരല്ല എന്ന വിചാരം കൊണ്ടാണെന്നും എനിക്ക് തോന്നുന്നു.എത്ര എളുപ്പത്തിൽ ആണ് ചിലർ ഹൃദയത്തിൽ ഒരിക്കലും മൂടാത്ത വേദനയുടെ ആണിപ്പഴുത് ഉണ്ടാക്കുന്നത് !

അടുത്ത നിമിഷത്തിൽ, ഒരൊറ്റ ചലനത്തിൽ സർവം തകർന്നു തരിപ്പണമായി പോകും എന്ന മട്ടിൽ ഹൃദയം പൊടിഞ്ഞു നിന്ന ചില നിമിഷങ്ങളിൽ, ചില മനുഷ്യർ വലംകൈ കൊണ്ട് ചേർത്തു പിടിച്ച്, ഹൃദയത്തിന്റെ മിടിപ്പുകളിലേക്ക് അണച്ചു നിർത്തിയിരുന്നു എങ്കിൽ എന്ന്  വല്ലാതെ മോഹിച്ചിട്ടും തനിച്ചു തന്നെ നിൽക്കേണ്ടി വന്നതിനെ കുറിച്ചോർത്തു കൊണ്ട് ഇന്നലെ രാത്രിയിൽ കൂടി നാം കരഞ്ഞതാണല്ലോ ! അത്ര തീവ്രമായി നമ്മൾ മോഹിച്ചിട്ടും കിട്ടാതെ പോയ ആ കെട്ടിപിടിക്കൽ ഓർത്ത് നമ്മൾ ഇനിയും കരയും എന്നുറപ്പ് ആണ് !

ഉടലിനെക്കാൾ അധികം, ഉയിരു പൊള്ളിയ ഒരു രോഗകിടക്കയിൽ ഒരു മാത്ര നേരം എങ്കിലും ഒരാൾ നമ്മുടെ കൈ ചേർത്തു പിടിച്ച്, നെറ്റിയിൽ വിരൽ തൊട്ട് കൂടെ ഇരിക്കണം എന്ന് കൊതിച്ചിട്ടും, ആരുമില്ലാതെ ഒറ്റക്ക് കുടിച്ചിറക്കിയ വേദനയുടെ കയ്പ്പ് ഇപ്പോഴും ഉള്ളിൽ പതയുന്നില്ലേ ? ഈ ലോകത്തെ കോടാനുകോടി മനുഷ്യരിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ നിങ്ങൾക്ക് തരാതെ പോയ ആ ഒരു നിമിഷത്തിന്റെ പേരിൽ നിങ്ങൾ ഇനിയും സങ്കടപ്പെടും എന്നുറപ്പ് ആണ് !

നിങ്ങൾ ഒരിക്കലും കേൾക്കാതെ പോയ ഒരു യാത്രാമൊഴി, ഏറെ കാത്തു നിന്നിട്ടും ഒരു കാലവും ലഭിക്കാതെ പോയ ഒരു തിരിഞ്ഞു നോട്ടം, മുന്നോട്ട് വയ്ക്കുന്ന ഓരോ കാൽവെപ്പിലും കാത്തിട്ടും ഒരിക്കലും ഉയരാതെ പോയ ഒരു പിൻവിളി...ജീവിതത്തിൽ എന്നെങ്കിലും നമ്മൾക്ക് കിട്ടുമെന്ന് ഇപ്പോഴും നമ്മൾ വിശ്വസിക്കുന്ന ഒരു വിശദീകരണം, മാപ്പ് പറച്ചിൽ അല്ല, നമുക്ക് കേൾക്കാൻ അർഹതയുള്ള ഒരു തുറന്ന് പറച്ചിൽ, ......

അങ്ങനെയങ്ങനെ ഓർത്തു സങ്കടപ്പെടാൻ എത്ര കറുപ്പും, ചോപ്പും കലർന്ന കുന്നിക്കുരു മണികൾ മനസിൽ കൂട്ടിവച്ചിട്ടുണ്ട് നമ്മൾ ഓരോരുത്തരും !

ഒരിക്കൽ നമ്മൾക്ക് ഒന്ന് കൂടിയിരിക്കണം....ഏതൊക്കെയോ കിളികൾ കാരണമില്ലാതെ കലപില കൂട്ടുന്ന മരത്തണലുകളിൽ...എന്നിട്ട് ആവർത്തിച്ചോർക്കുന്ന സങ്കടങ്ങൾ പരസ്പരം പറയണം...അപ്പോൾ നമ്മൾക്ക് മനസിലാകും...നമ്മൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒക്കെ നമ്മൾ ആയിരിക്കുന്നത് എന്ന്... കനത്ത തോടിനുള്ളിൽ വെളിച്ചം കാണാതെ സൂക്ഷിക്കുന്ന സങ്കടത്തിന്റെ പീലികൾ ഒക്കെ വിരിഞ്ഞ്,വിടരുന്ന ആ ദിവസം, നമുക്ക് ഏറെ നേരം കരഞ്ഞും, ചിരിച്ചും തമ്മിൽ പുണർന്നു നിൽക്കാം.

see more: https://emalayalee.com/writer/201

Join WhatsApp News
സലൂജ 2022-05-04 16:57:30
സാരമില്ല എന്നൊരു വാക്കിൽ,ചേർത്തു പിടിക്കലിൽ പൊട്ടിക്കരഞ്ഞുപോവുന്ന സങ്കടങ്ങൾ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക