Image

സൂവിന്റെ ബോൺസായി (കഥ: അനിത പണിക്കർ )

Published on 01 May, 2022
സൂവിന്റെ ബോൺസായി (കഥ: അനിത പണിക്കർ )

കൊത്തുപണികൾ ചെയ്തു മിനുക്കിയ ആന്റിക് റ്റീ - ടേബിളിന്റെ ഒത്ത മധ്യത്തിലായി അതാ ഒരു ബോൺസായ് കൂടി. ഗാംഭീര്യത്തികവോടെ തലയും ഉയർത്തിനിൽക്കുന്ന ഒരു സീഡർമരം.
ലിവിങ് റൂമിലെ തിരശ്ശീലകൾക്കിടയിലൂടെ പ്രഭാതസൂര്യൻ സീഡറിലേക്ക് തീക്കനൽ വാരി എറിയുന്നതും നോക്കി കിടക്കമുറിയുടെ മുന്നിലെ കോറിഡോറിലെ അഴിയിൽപിടിച്ചു താഴെ ലിവിങ് റൂമിലേക്കു നോക്കി നിന്നു .
ലിവിങ് റൂമിലെ ചുവരിൽ സൂവിന്റെയും തന്റെ യും കല്യാണ ഫോട്ടൊ. വലിയ ഫ്രെയിമിനുള്ളിൽ, സൂ ഇരുന്നും താൻ നിന്നും ചിരിക്കുന്നു.
സീഡറിൽ നിന്നും തെന്നിയെത്തിയ നിഴലുകൾ ഫോട്ടോയിലെ മുഖങ്ങളിൽ മുട്ടിയുരുമ്മുമ്പോൾ വെറുതെ ഓർത്തു. ഈയിടെ സൂവിനു ബോൺസായ് യോടാണു ഏറെ പ്രിയം !
സൂവിന്റെ ഇഷ്ടാനിഷ്ടങ്ങൾ മാറിമറിയാൻ നിമിഷങ്ങളേ വേണ്ടൂ!
നിലത്തു മുട്ടിക്കിടന്ന റോബ് മേലോട്ടുയർത്തി താഴെ ലിവിങ് റൂമിലേക്കുള്ള പടികൾ മെല്ലെ ഇറങ്ങി ഹൈ സീലിങ്ങിലെ ഗ്ലാസ്സ് പാനലിലൂടെ വീടിനുള്ളിൽ അപ്പോഴേക്കും പ്രകാശം നിറഞ്ഞിരുന്നു.
സ്റ്റെയർകേസിന്റെ മധ്യത്തിലെത്തിയപ്പോൾ കണ്ണുകൾ ഹൈ സീലിങ്ങിലെ ഗ്ലാസ്സ് പാനലുകളിൽ ഉടക്കിനിന്നു. സീലിങ്ങിലേക്കും താഴെ ടേബിളിലിരിക്കുന്ന സീഡറിലേക്കും നോട്ടം തെന്നിമാറി.
ഈ സീഡറും സീലിങ്ങും തമ്മിൽ എത്ര അകലം ഉണ്ടാവും?  ഒരു സാധാരണ സീഡർമരം മുപ്പതു നാല്പതു മീറ്റർ വരെ പൊക്കം വെക്കുമല്ലോ. അതായത് സ്റ്റാച്യൂ ഓഫ് ലിബർട്ടിയെക്കാൾ പൊക്കം !
തായ് വേരു മുറിച്ചു കളഞ്ഞ് ചരടുകൾ കൊണ്ട് കെട്ടിവരിഞ്ഞ ഒരു കുഞ്ഞുചട്ടിയിൽ ജീവൻ നിലനിർത്താൻ മാത്രം ആഹാരവും കൊടുത്ത് , വെറും മുപ്പത് ഇഞ്ചു പൊക്കത്തിൽ കുള്ളനാക്കിയെടുത്ത ആ സീഡർ മരം തന്റെ മനസ്സു വായിച്ചെന്ന പോലെ തലയാട്ടി.
സ്വതന്ത്രമായി വളരുവാൻ അനുവദിച്ചിരുന്നുവെങ്കിൽ ഈ സീലിങ്ങിലെ ഗ്ലാസ്സു പാളി തള്ളിത്തുറന്ന് ചില്ലകൾകൊണ്ട് അത് ആകാശത്തിനെ ആലിംഗനം ചെയ്തേനെ.പറന്നു തളരുന്ന കിളികളെ തന്റെ തോളിൽ അതു താങ്ങിയേനെ. വേരുകൾ ഇളക്കാനാവുമായിരുന്നുവെങ്കിൽ ഈ ചെറിയ ചട്ടിയിൽ നിന്നും പുറത്തുചാടി ഭൂമിയെ ഇക്കിളിഇട്ട് അവളിൽ തന്റെ വേരുകൾ ആഴത്തിൽ താഴ്ത്തി ഒരു പറ്റം സീഡർ കുഞ്ഞുങ്ങളെ ഉണ്ടാക്കിയേനെ ..
സീഡറിന്റെ അരികിലെത്തി അനുകമ്പയോടെ അതിനെ തലോടി.
സൂ കാപ്പിയുമായി എത്തിയത് അറിഞ്ഞതേയില്ല. രണ്ട്കപ്പിൽ ഒന്ന് തന്റെ നേരെ നീട്ടി കുനിഞ്ഞ് തന്റെ തലയിൽ മുത്തിക്കൊണ്ടവൾ പറഞ്ഞു..
ഇന്നലെ വാങ്ങിയതാണ്. മുന്നൂറ് ഡോളറാണു വില. ഇപ്പോൾ നമുക്ക് എല്ലാ മുറിയിലും ബോൺസായി ആയി.
സൂവിന്റെ ശബ്ദത്തിന്റെ മുനയിൽ കുത്തി തല ഉയർത്തി. അഞ്ചരയടിപ്പൊക്കത്തിൽ നീണ്ടുമെലിഞ്ഞു സുന്ദരിയായ സൂ!
തന്റെ കണ്ണിലെ കടൽ ഉൾവലിഞ്ഞു !
കാപ്പിയും മൊത്തിക്കൊണ്ട് സൂ പാഡിയോവിലെ റോക്കിങ് ചെയറിലേക്ക് ഇറങ്ങി ഇരുന്നപ്പോൾ ലിവിങ് റൂമിലെ സോഫയിലേക്ക് അമർന്നിരുന്നുകൊണ്ട് കയ്യിലെ കാപ്പിയിലേക്ക് നോക്കി.
ആകാശത്തിന്റെ നീലനിറം സീലിങ്ങിലെ ഗ്ലാസ്സ്പാളികളിലൂടെ കപ്പിക്കപ്പിലേക്ക് ഊർന്നിറങ്ങുന്നു.
എതിരെ ഭിത്തിയിൽ അങ്കിൾ ഫ്രെഡ്ഡിയുടെ ചില്ലിട്ട ഫോട്ടോയിലേക്ക് ആ നീല പടരുമ്പോൾ ഓർത്തു.
ഒറ്റയാനായി ജീവിച്ചവസാനിപ്പിച്ച അങ്കിൾ ഫ്രെഡ്ഡിയുടെ ജീവിതത്തിലെ ഏത് അദ്ധ്യായമായിരുന്നു താൻ ?
മനോഹരമായ ഈ വീടും ഇതിനുള്ളിലെ സാധനസാമഗ്രികളും എല്ലാം അങ്കിൾ ഫ്രെഡ്ഡിയുടേതായിരുന്നു.
അമ്മയുടെ അകന്ന ബന്ധു എന്നു പറഞ്ഞാണ് അമ്മ അങ്കിൾ ഫ്രെഡ്ഡിയെ കാണാൻ പത്തുവയസുകാരനായ താനുമായി ഇരുപത് വർഷങ്ങൾക്കു മുൻപ് ഇവിടെ  ഈ വീട്ടിൽ വന്നത്.
കഴിക്കാനായി മുട്ടയും ബ്രെഡും, കുടിക്കാനായി ഹോട് ചോക്കളേറ്റും ഹൗസ്കീപ്പറിനോടു ഞങ്ങൾക്കായി കൊണ്ടുവരുവാൻ അങ്കിൾ ഫ്രെഡ്ഡി ഉത്തരവിടുമ്പോൾ, ആ വീടിന്റെ വിശാലത അങ്കിൾ ഫ്രെഡ്ഡിയുടെ മനസ്സുപോലെ എന്നോർത്ത് ഒട്ടിയ വയറിൽ മെല്ലെ തടവി മെല്ലെ താൻ ഉരുവിട്ടത് ഇപ്പോഴും ഓർക്കുന്നു.
അമ്മയുടെ അസുഖങ്ങളുടെ പരമ്പര ഞങ്ങളെ പാപ്പരാക്കിയിരുന്നു. ശോഷിച്ച ശരീരത്തിലെ , ആരുടെ മുന്നിലും കുനിയാത്ത അഭിമാനം . എന്തിനാണ് ഇവിടെ ഇങ്ങനെ വട്ടം കറങ്ങുന്നത് എന്ന് തെല്ല് അലോസരത്തോടെ മനസ്സിൽ പൊന്തിവന്നപ്പോഴെല്ലാം അങ്കിൾ ഫ്രെഡ്ഡിയുടെ സ്നേഹമസൃണമായ തന്റെ നേരെയുള്ള നോട്ടങ്ങൾ അതിനെ പിടിച്ചുകാറ്റിൽ പറത്തി.
ആഹാരത്തിനു ശേഷം ഊണുമുറിയിലെ പേർഷ്യൻ പരവതാനിയിൽ തന്റെ തേഞ്ഞ ഷൂ ഉരസി രസിക്കുമ്പോൾ , കസേരയുടെ കടഞ്ഞെടുത്ത കൈകളിലെ സിംഹത്തിന്റെ തലയെടുപ്പിൽ മൂക്കുരസ്സി നിൽക്കുമ്പോൾ അകത്തെ മുറിയിൽ അമ്മയും അങ്കിളും അടക്കിപ്പിടിച്ച് സംസാരിക്കുന്നതിന്റെ മുഴക്കം. അടഞ്ഞുകിടന്ന ഗ്ലാസ്സ് വാതിലിലൂടെ അമ്മയുടെയും അങ്കിൾ ഫ്രെഡ്ഡിയുടെയും നിഴലുകൾ കാണാം. അമ്മയുടെ പൊക്കത്തിന്റെ പകുതിപോലും അങ്കിൾ ഫ്രെഡ്ഡിക്കില്ലല്ലോ എന്നു വിചാരിക്കവേ ആ നിഴലുകൾ തമ്മിലടുക്കുന്നു..
പാഡിയോവിലേക്കിറങ്ങി..
അവിടെക്കിടന്ന റോക്കിങ് ചെയറിലേക്ക് വലിഞ്ഞുകയറി ഇരിക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അമ്മ ഓടിവന്നു തന്നെ കെട്ടിപ്പിടിച്ചതും, തന്നെ അങ്കിളിന്റെ കൂടെ കുറച്ചു ദിവസത്തേക്കു നിറുത്തുകയാണെന്നും പറഞ്ഞത്. പതിവായി ആഹാരം കിട്ടുമല്ലോ എന്നുള്ള സന്തോഷത്തിനിടയിലും അമ്മയെ വിട്ടുപിരിയുന്ന വേദന എന്നെ കരയിപ്പിച്ചു.
അസുഖം മാറിയിട്ട് തിരികെ വന്ന് കൊണ്ടുപൊയ്ക്കൊള്ളാമെന്നും പറഞ്ഞ് തന്റെ കവിളിൽ ഉമ്മകൾ നല്കിപ്പോയ അമ്മ പിന്നെ ഒരിക്കലും തിരിച്ചു വന്നില്ല. അമ്മക്ക് വരാൻ പറ്റിയില്ല എന്നതാണു സത്യം. അമ്മയെ മരണം അത്രപെട്ടെന്നു കൂട്ടിക്കൊണ്ടുപോയിരുന്നു. അങ്കിൾ തന്നെയും കൂട്ടി അമ്മയുടെ കുഴിമാടത്തിൽ പോയതും അവിടെ തന്നെക്കാൾ ശബ്ദത്തിൽ പൊട്ടിക്കരഞ്ഞതും മറക്കാൻ പറ്റുന്നില്ല !
അങ്കിൾ ഫ്രെഡ്ഡിയുടെ ഔദാര്യത്തിൽ പുതിയ വസ്ത്രങ്ങളും ഷൂവും പിന്നെ പുതിയ സ്കൂളും ഒക്കെയായി വർഷങ്ങൾ കടന്നു പോയി.
അങ്കിൾ ഫ്രെഡ്ഡി തന്റെ ആന്റിക് ബിസിനസ്സിലെ പല ഉത്തരവാദിത്വങ്ങളും പ്രായത്തിനൊപ്പം തനിക്കു കൈമാറിയിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു അങ്കിൾ ഫ്രെഡ്ഡിയുടെ അസുഖവും മരണവും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതവും അതുതന്നെയായിരുന്നു. കാലങ്ങൾക്കൊപ്പം അങ്കിൾ ഫ്രെഡ്ഡിയുമായുള്ള അടുപ്പവും ആത്മബന്ധവും അത്രയും ശക്തമായി മാറിയിരുന്നു എന്നറിയുകയായിരുന്നു അന്ന്.
അദ്ദേഹം തന്റെ എല്ലാ സ്വത്തും സ്കോട്ട് കഹേലൻ എന്ന തനിക്കന്ന് വില്പത്രത്തിൽ നേരത്തെ എഴുതി വെച്ചിരുന്നുവത്രെ. അങ്കിളിന്റെ കൂട്ടുകാരന്റെ മകളായ സൂസന്നയെന്ന സൂവിനെ വിവാഹം കഴിക്കണം എന്നു മാത്രമാണ് അങ്കിൾ ഫ്രെഡ്ഡി മരണക്കിടക്കയിൽ വെച്ച് തന്നോടാവശ്യപ്പെട്ടത്. 'അവൾക്ക് സമ്മതമെങ്കിൽ തനിക്കെന്തു പ്രശ്നം' എന്ന തന്റെ മറുപടിയിലെ സാരസ്യം ആസ്വദിച്ചാണ് അങ്കിൾ ഫ്രെഡ്ഡി എന്നെന്നേക്കുമായി തന്റെ കണ്ണുകൾ അടച്ചത്.
അങ്കിൾ ഫ്രെഡ്ഡി മരിച്ചതിനുശേഷം താൻ ബിസിനസ്സ് വീണ്ടും വിപുലമാക്കിയപ്പോൾ സൂ വീട് അടുക്കിയും അലങ്കരിച്ചും വേലക്കാരെക്കൊണ്ട് പണിയെടുപ്പിച്ചും ജെറിമിയെ പ്രസവിച്ചു വളർത്തിയും ജീവിച്ചു.
'എന്തിനായിരിക്കും സൂ തന്നെ വിവാഹം ചെയ്തത്? അവളെ നിർബന്ധിച്ചു ചെയ്യിപ്പിച്ചതോ? അഞ്ചു വർഷമായി സ്വയം ചോദിക്കുന്ന ചോദ്യമാണിത്. പക്ഷെ അതവളോടു ചോദിക്കുവാനുള്ള ധൈര്യം ഇതുവരെ കിട്ടിയിട്ടില്ലെന്നു മാത്രം.
....
മുകളിലത്തെ ബെഡ്റൂമിൽ നിന്നും ഉറക്കമുണർന്നു ചിണുങ്ങുന്ന ജെറിമിയുടെ ശബ്ദം ..
നാലുവയസ്സുകാരൻ ജെറിമിയെയും എടുത്തുകൊണ്ട് അവന്റെ ആയ കിടക്കമുറിയിൽ നിന്ന് താഴേക്കിറങ്ങി വന്നു. അവരുടെ ദേഹത്തുനിന്നും തെന്നിയിറങ്ങി ഡാഡീന്നു വിളിച്ച് അവൻ ഓടിയെത്തി. സോഫയിൽനിന്നും നിലത്തെ കാർപ്പറ്റിലേക്ക് ഊർന്നിറങ്ങിയ ജെറിമിയെ തന്റെ ദേഹത്തോടു ചേർത്തണച്ചുനിർത്തി. അവൻ തലയിലും ദേഹത്തും ഉരുണ്ടു കയറാൻ തുടങ്ങിയപ്പോഴേക്കും സൂ ഒഴിഞ്ഞ കാപ്പിക്കപ്പുമായി ഞങ്ങളുടെ ഇടയിലേക്കുവന്നിരുന്ന് ജെറിമിയുടെ നേരെ കൈകൾ നീട്ടി....' ഹേ, കൂട്ടിപൈ , കം ഹിയർ നോട്ടീ...'
ജെറിമി സൂവിന്റെ മടിയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.
ജെറിമി സൂവിനെപ്പോലെതന്നെ സുന്ദരനാവും. നാലുവയസ്സിൽ കവിഞ്ഞ നീളവും ബുദ്ധിയും പ്രസരിപ്പും അവനുണ്ട്.
ഒഴിഞ്ഞ കാപ്പിക്കപ്പിനെ റ്റീ ടേബിളിൽ വെക്കാൻ താൻ എഴുന്നേറ്റതും ജെറിമി സൂവിന്റെ മടിയിൽനിന്നും 'വെയ്റ്റ് ഡാഡീ...' എന്നും പറഞ്ഞ് ചാടിയിറങ്ങി തന്റെ ഒപ്പം വന്നു ചേർന്നു നിന്നു. അവന്റെ തോൾ തന്റെ തോളോടു ചേർത്ത് , അവന്റെ തോളിൽനിന്ന് തന്റെ തോളിലേക്ക് ആ കുഞ്ഞിക്കൈ കൊണ്ടൊരു പാലം ഉണ്ടാക്കി തലതിരിച്ച് തന്റെ താടിയിൽ അവന്റെ വിരൽ മുട്ടിച്ചുകൊണ്ട് ചോദിച്ചു...
'ഡാഡീ വെൻ വിൽ യൂ ഗ്രോ ടോളർ ലൈക്ക് മമ്മി..?'
സൂവിന്റെ കണ്ണുകളിലെ കുസൃതി കണ്ടില്ലെന്നു നടിച്ചുകൊണ്ട് പറഞ്ഞു. ' യൂ വിൽ സൂൺ ഗ്രോ ടോളർ ലൈക്ക് മമ്മി ..'
അന്നു രാത്രിയിൽ, സൂ വാങ്ങിക്കൂട്ടിയ എല്ലാ ബോൺസായി മരങ്ങളും അതിന്റെ വേരനക്കാതെ ചട്ടികൾപൊട്ടിച്ച് ബാക്ക്യാർഡിലെ മണ്ണിൽ കുഴിച്ചുവെക്കുമ്പോൾ ഓർത്തു..
കുടുക്കുകളിൽ നിന്നു സ്വതന്ത്രരായാൽ ഇവയ്ക്കു വളരുവാൻ പറ്റും. പക്ഷെ തനിക്കോ?

                          കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചത് ...

Join WhatsApp News
Sudhir Panikkaveetil 2022-05-01 22:05:58
ഇതൊരു നല്ല കഥ. അമ്മയുടെ പകുതി ഉയരമുള്ള അങ്കിൾ ഫ്രഡ്‌ഡി.. അതൊരു സൂചനയാണോ dwarfukalkk ഉണ്ടാകുന്ന കുട്ടികൾ അങ്ങനെയാകണമെന്നില്ല കഥ നന്നായി പറഞ്ഞിട്ടുണ്ട് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക