പലരുടെയും കണ്ണുകൾക്ക് മുന്നിൽ
ഞാൻ സമ്പന്നന്റെ ഭാര്യയാണത്രെ
സൗഭാഗ്യവതിയുമാണത്രെ.
പക്ഷെ എനിക്കറിയുന്ന ഞാൻ
വെറുമൊരു ദരിദ്രയാണ്.
ചില്ലുകുപ്പിയിലെ നാരങ്ങ മിട്ടായിക്ക് നേരെ
കണ്ണുകൾ നീട്ടിയപ്പോൾ അയാൾ ചോദിച്ചത്
"നിനക്ക് നാണമില്ലേയെന്നായിരുന്നു."
ഏറെ പ്രിയപ്പെട്ട മധുരം സ്വന്തമാക്കുന്നതിന്
ഞാനെന്തിന് നാണിക്കണമെന്ന് തർക്കിച്ച്
അത് വാങ്ങി നുണയാൻ
എനിക്കും ആഗ്രഹമുണ്ടായിരുന്നു..
പക്ഷെ , തോളിലെ പണസഞ്ചി ശൂന്യമായിരുന്നു.
പ്രിയപ്പെട്ട പുസ്തകങ്ങൾ അടുക്കി വെച്ച
വിൽപ്പനക്കാരനു മുന്നിലെത്തിയപ്പോൾ മാത്രം
നിനിശ്ചലമായിപ്പോയ പാദങ്ങൾ കണ്ട്
അയാൾ അലറിയത്
"നിനക്ക് ഭ്രാന്താണോയെന്നായിരുന്നു."
ഇതുമൊരു ഭ്രാന്താണെന്ന് പറഞ്ഞ്,
അഹങ്കാരത്തോടെയത് വാങ്ങി
നെഞ്ചോട് ചേർത്ത് പിടിക്കാൻ
കൊതിച്ചപ്പോഴും,
എന്റെ കൈവെള്ള ശൂന്യമായിരുന്നു..
പ്രിയപ്പെട്ടവളുടെ ജന്മദിനത്തിൽ,
അവൾക്കൊരു വർണ്ണപ്പെട്ടി
നൽകാൻ കൊതിച്ച് ,
അയാൾക്ക് മുന്നിൽ
കൈനീട്ടിയപ്പോഴും തന്ന
പണത്തിന്റെ കണക്കുകൾ നിരത്തി
അയാളെന്നെയൊരു കടക്കാരിയാക്കി,
അപ്പോഴും ഞാൻ കൊതിച്ചിട്ടുണ്ട്,
അഭിമാനത്തോടെ കയ്യിലൊരു
പൊതിയുമായി അവൾക്ക്
മുന്നിലേക്ക് കടന്ന് ചെല്ലാൻ
പക്ഷെ അന്നും,എന്റെ കൈയ്യിൽ
ഒന്നുമില്ലായിരുന്നു.
തുണിക്കടയിലെ ചില്ലുകൂട്ടിൽ ഒതുക്കി വെച്ച
ഏറെ പ്രിയമുള്ള
ആകാശനീലിമയിൽ മുങ്ങിയ,
വസ്ത്രത്തിന് നേരെ വിരൽ ചൂണ്ടിയപ്പോഴും,
അയാൾ പറഞ്ഞത്
നാളുകൾക്ക് മുമ്പ് തനിക്ക് സമ്മാനിച്ച
പഴകിദ്രവിച്ചോരു വസ്ത്രത്തിന്റെ
ഇപ്പോഴും മങ്ങാത്ത ഭംഗിയെ കുറിച്ചായിരുന്നു..
അപ്പോഴും അയാളുടെ
കണക്കുകുട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ,
ഇഷ്ട്ടത്തോടെ വാങ്ങി ഒരുങ്ങിയിറങ്ങാൻ
മനസ്സ് വെമ്പിയപ്പോഴും
ഞാൻ ദരിദ്രയായിരുന്നു
ഏറെ പ്രിയപ്പെട്ട കളിപ്പാട്ടത്തിന് വേണ്ടി
കെഞ്ചിക്കരഞ്ഞ കുഞ്ഞ് മകളുടെ മുന്നിൽ
നിഷേധത്തിൽ തല തിരിച്ചു കൊണ്ട്,
അയാൾ നടന്നകന്നപ്പോഴും,
നിനക്കമ്മയുണ്ടെന്ന് പറഞ്ഞ്
പ്രിയത്തോടെ അവൾക്കതു വാങ്ങി സമ്മാനിക്കാൻ
മനസ്സ് പിടച്ചപ്പോഴും
ഞാൻ ധനമില്ലാത്തവളായിരുന്നു..
അയാൾക്ക് മുന്നിൽ ഒച്ഛാനിച്ചു നിന്ന്,
യാചിച്ചു മടുത്തപ്പോൾ
ഞാനൊരു പണിക്കിറങ്ങി,
ആഗ്രഹം തീരും വരെ
നാരങ്ങ മിട്ടായിയുടെ മധുരം നുണയാനും
പ്രിയപ്പെട്ടതൊക്കെ സ്വന്തമാക്കാനുമായി,
പക്ഷെ, അപ്പോഴും അയാൾ അലറി വിളിച്ചത്
"നാണമില്ലാത്തവളെ
നീയൊരു സമ്പന്നന്റെ ഭാര്യയാണെന്നായിരുന്നു."
അതെ,അപ്പോഴാണ് ഞാനും തിരിച്ചറിഞ്ഞത്
ഞാനൊരു സമ്പന്നയാണത്രെ
ഓരോട്ടക്കാലണ പോലും കയ്യിലില്ലാത്ത,
സമ്പന്നനായ ഒരുവന്റെ ദരിദ്രയായ ഭാര്യ.