MediaAppUSA

സമീപത്തും വിദൂരത്തുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും ഈദ് ആശംസകൾ : റോസ് ജോർജ്ജ്

Published on 03 May, 2022
സമീപത്തും വിദൂരത്തുമുള്ള എല്ലാ പ്രിയപ്പെട്ടവർക്കും ഈദ് ആശംസകൾ : റോസ് ജോർജ്ജ്

.

അടുത്തുള്ള പള്ളിയിൽ നിന്ന് പെരുനാൾ നമസ്‌കാരം കേട്ടാണ് ഉണർന്നത് . ഇപ്പോൾ നാഗർകോവിലിൽ , ഞാൻ പോയിട്ടില്ലാത്ത ആ വീട്ടിൽ ആയിഷായും ബിലാലും പ്രാർത്ഥന കഴിഞ്ഞു ഉടൻ മടങ്ങിയെത്തുമായിരിക്കും . മഞ്ഞു പോലെ നാവിൽ അലിയുന്ന ഇടിയപ്പവും  പ്രത്യേക സുഗന്ധക്കൂട്ടിൽ എണ്ണ കുറച്ചു ലാളിത്യത്തിൽ തയ്യാറാക്കിയ ചിക്കൻ കറിയും ഇപ്പോൾ വിളമ്പിയിരിക്കും .

ഈദ് ആശംസകൾ നല്കാൻ അവരിലേക്ക് എന്റെ സ്പർശം എത്തിക്കാൻ ഞാൻ കൊതിക്കുന്നു .റസാക്കിനെയും നൂർലൈനെയും കുഞ്ഞുങ്ങളെയും ഒരു നോക്ക് കാണാനും .

പതിനഞ്ച് വർഷം ഒരേ കോറിഡോറിൽ മറ്റൊരു ദേശത്ത് രണ്ട് വാതിലുകൾ മുഖാമുഖം തുറന്നു .
കുട്ടികൾ തലങ്ങും വിലങ്ങും ഓടിക്കളിച്ച ഇടനാഴിയിൽ ഒരമ്മയുടെ കരുതലുള്ള കണ്ണുകൾ കൂട്ട് നിന്നു .

ഒന്ന് ചുമച്ചാൽ അയിഷാന്റി പറയും " അത് പുലർച്ചെലെ മഞ്ഞുമൂലം . ചെവി മൂടി കിടക്കണം .

വയറൊന്ന് വേദനിച്ചാൽ 
അത് ദഹനക്കേട് .ഇഞ്ചിനീരും തേനും അത് കടന്ന് പോകുന്ന വഴികൾ കൂടി പറഞ്ഞു തരും .

ഓർമ്മകളുടെ പെരുക്കങ്ങൾ ഇങ്ങനെ പിന്നാലെ കൂടുന്നത് പെരുനാൾ ദിനത്തിൽ മാത്രമല്ല . എപ്പോഴുമുണ്ട് .അത് ഹൃദയത്തിൽ ഒരു കുടുംബം വാസമുറപ്പിച്ചതു കൊണ്ടാണ് 

അഹം എന്ന ചിന്തയില്ലാതെ അതിൽ നിന്നുയരുന്ന ആഗ്രഹങ്ങളില്ലാതെ പരസ്പരം മനസ്സിലാക്കിയ നിരുപാധികസ്നേഹം . 

അങ്ങനെയിരിക്കെ ആ ദേശം വിട്ട് പോരുവാൻ ഞങ്ങൾക്ക് സമയമായെന്ന് ആയിഷ അറിഞ്ഞു .അവരെനിക്ക് തന്ന സമ്മാനപ്പൊതിയിൽ നീലക്കല്ലു വച്ച ഒരു കുരിശായിരുന്നു .

വാക്കുകൾ തൊണ്ടയിൽ കുടുങ്ങി നിന്ന് ഞാൻ വെപ്രാളപ്പെട്ടപ്പോൾ ആയിഷ തോളിൽ തട്ടി പറഞ്ഞു .
" ഉങ്കൾക്ക് പ്രിയപ്പെട്ടത് വേണം ഞാൻ തരാൻ " നെടുകയും കുറുകയും അത് മനുഷ്യരെ കൂട്ടിമുട്ടിച്ചു . ഉന്നതങ്ങളിൽ പ്രത്യാശയും മണ്ണിൽ സമാധാനവും .
അയിഷ എന്നെ തോല്പിച്ചു കളഞ്ഞു ,മാനവികതയിൽ , സഹജാവബോധത്തിൽ ,ലാളിത്യമാർന്ന വിമലീകരണത്തിൽ .

നടപ്പിലാക്കേണ്ട സ്വപ്നങ്ങളിൽ നാഗർകോവിലിലേക്ക് ഒരു യാത്ര ഉണ്ട് .
സന്ദർശിക്കുന്ന വ്യക്തികളുടെ നന്മ അറിഞ്ഞതുകൊണ്ട് അതിന്റെ ആനന്ദങ്ങൾ കൂടുതലും ആന്തരികമാണ് .

അയൽക്കാരെ സ്നേഹിക്കുക എന്നതിന്റെ വലിയ പതിപ്പാണ് ലോകം തന്നെ . അങ്ങനെ ചിന്തിക്കുമ്പോൾ എല്ലാവരും എന്റെ അയൽക്കാരാവുന്നിടത്താണ് എന്റെ ലോകവും പൂർണമാവുന്നത് .

" എന്നുള്ളിൽ നിരന്തരം വസിക്കും 
നിൻരൂപം ഞാൻ തെളിവായ് ദർശിക്കുവാൻ വെളിച്ചം തരേണമേ."
ഒരു പഴയ പാട്ടാണ് , ബാല്യത്തിൽ ആകാശം നോക്കി പാടിയതാണ് , ഇപ്പോൾ പൊങ്ങി വന്നതാണ് .

ഈദ് ആശംസകൾ, എല്ലാ പ്രിയപ്പെട്ടവർക്കും.സമീപത്തും വിദൂരത്തുമുള്ളവർക്ക്..!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക