Image

ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)

Published on 03 May, 2022
ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)

read more: https://emalayalee.com/writer/170

"എന്താടോ ഭൂമിയിലെ അവസാനത്തെ ഗ്രാമത്തിലേക്കാണോ ഇന്നത്തെ യാത്ര?"
"അതെ പിള്ളേച്ചാ, രാവിലെ 10 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടു വാനുകളിലായി ടെറിബർക്ക (Teriberka) എന്ന ആ ഗ്രാമത്തിലേക്കു പുറപ്പെട്ടു. മർമാൻസ്‌കിൽ നിന്നും 134 കിലോമീറ്റർ ദൂരമാണ് അവിടേക്ക്‌. തുടർച്ചയായുള്ള മഞ്ഞുവീഴ്ചയിൽ റോഡ് തികച്ചും ഹിമപാതയായി മാറിയിരിക്കയാണ്. അതിൽക്കൂടിയുള്ള യാത്ര അതീവ ദുഷ്‌കരമാകേണ്ടതാണെങ്കിലും വളരെ സുഗമമായ യാത്രയായിരുന്നത് എന്നെ അതിശയിപ്പിച്ചു.

വാൻ ഡ്രൈവർമാർ ഈ മഞ്ഞിൽ കൂടി വാഹനമോടിക്കാൻ വൈദഗ്ധ്യമുള്ളവരായിരുന്നു. ന്യൂയോർക്കിൽ അത്രയും മഞ്ഞിൽക്കൂടി വാഹനം ഓടിക്കുക ഏതാണ്ട് അസാധ്യമാണെന്നു തന്നെ പറയാം. എന്നാൽ ഈ വാൻ ഏതാണ് 85-90 കിലോമീറ്റർ വേഗതയിലാണ് ഈ മഞ്ഞിന് മുകളിലൂടെ പൊയ്ക്കൊണ്ടിരിക്കുന്നത്. വഴിയിൽ തെന്നിമാറുകയോ പുതഞ്ഞു പോകുകയോ ചെയ്യാതെ ഇതെങ്ങനെ സാധിക്കുന്നു എന്ന് ഞാൻ ഡ്രൈവറോടു ചോദിച്ചു. അയാൾ പറഞ്ഞത്, മിക്കവാറും എല്ലാ ദിവസവും അവർ മർമാൻസ്‌കിൽ നിന്നും ടെറിബർക്കയിലേക്കു പോകുന്നവരാണ് അതുകൊണ്ട് അവർക്കു പ്രശ്നമില്ലെന്നാണ്. മതിയായ ഉത്തരമായി എനിക്ക് തോന്നിയില്ല. 


അന്ന് രാവിലെ സൂര്യോദയം 11:48 ന് ആയിരുന്നു. പുറത്തേക്കു നോക്കുമ്പോൾ ഇരുട്ടായിരുന്നെങ്കിലും മഞ്ഞിന്റെ വെണ്മയിൽ കുറച്ചൊക്കെ കാണാമായിരുന്നു. മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മരങ്ങളുടെ ഉയരം ടെറിബർക്കയിലേക്ക് അടുക്കുന്തോറും കുറഞ്ഞുകൊണ്ടിരുന്നു. ഏതാണ്ട് 75 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ ചെടികൾ തന്നെ ഇല്ലാതായി. മഞ്ഞിന്റെ ആഴവും തണുപ്പിന്റെ കാഠിന്യവും കൂടിവന്നപ്പോൾ ചെടികൾക്കവിടെ നിലനിൽക്കാനാവില്ലായെന്നാണ് ഡ്രൈവർ പറഞ്ഞത്. ഒന്നര മണിക്കൂർ ഓടിക്കഴിഞ്ഞപ്പോൾ ടെറിബർക്കാ നദിയുടെ കരയിലെത്തി.

നദിയുടെ കുറുകെയുള്ള പാലത്തിനടുത്തായി വാൻ നിർത്തി. കിഴക്കൻ ചക്രവാളത്തിൽ ഉദയസൂര്യൻ കൂടുപൊട്ടിച്ചു പുറത്തേക്കു വരുവാൻ വെമ്പൽ കൊള്ളുന്നതിന്റെ ലക്ഷങ്ങൾ കാണായി. സ്വർണ്ണം പൂശിയ ആകാശവാതിൽ ആരോ തുറക്കുന്നു. അതിനു മുൻപിൽ കനകാംബരം ചുവന്ന പരവതാനി വിരിച്ചിരിക്കുന്നു. പലരും മനോഹരമായ ആ പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. ഞങ്ങൾ പുറത്തേക്കിറങ്ങി. നദിയുടെ ഉപരിതലം ഉറഞ്ഞു കട്ടിയായി കിടക്കുന്നു. പക്ഷെ അടിയിൽ നല്ല കുത്തൊഴുക്കുണ്ടത്രേ! അതിനു മുകളിലായി ഒരു ഹൈഡ്രോ ഇലക്ട്രിക്ക് പ്രൊജക്റ്റ് പ്രവർത്തിക്കുന്നുണ്ട്. അവിടെയാണ് ടെറിബർക്കയിലേക്കുള്ള വൈദ്യുതി മുഴുവൻ ഉത്പാദിപ്പിക്കുന്നത്. 
അപ്പോഴാണ് ഒരു കാര്യം ഞാൻ ശ്രദ്ധിച്ചത്. ആ വാഹനത്തിന്റെ ടയറുകൾക്ക് ഒരു പ്രത്യേകതയുണ്ട്. വാഹനത്തിന്റെ പിൻപിൽ ഉള്ളത് ഡബിൾ ടയറുകളാണ്. സാധാരണയിൽ കവിഞ്ഞ വീതിയും അതിനുണ്ടായിരുന്നു. ആ ടയറിൽ ആണിയടിച്ചു കയറ്റിയിരിക്കുന്നതുപോലെ സ്റ്റീലിന്റെ സ്റ്റഡ്ഡുകൾ പിടിപ്പിച്ചിരിക്കുന്നു. ഈ സ്റ്റഡ്ഡുകളാണ് ടയറിന്   ഇത്രയും മഞ്ഞിൽ നല്ല പിടുത്തം നൽകുന്നത്. ഈ ടയറുകൾക്കു സാധാരണ ടയറിനേക്കാൾ മൂന്നിരട്ടി വിലയാണത്രെ!


ഉച്ചക്ക് 12 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ടെറിബർക്കയിലെ 'ഷിപ്പ് സെമിത്തേരി'യിൽ എത്തി.”
"അത് ഞാൻ എവിടെയോ വായിച്ചിട്ടുണ്ടെടോ. പഴയ തലമുറയുടെ അസ്ഥിപഞ്ജരങ്ങൾ പോലെ ഇവയും ചരിത്രം പേറുന്നവയാണ്."
"ശരിയാണ് പിള്ളേച്ചാ. പഴയ കാലത്തു ഫിഷിംഗിനും മറ്റും ഉപയോഗിച്ചിരുന്ന തടി കൊണ്ടുണ്ടാക്കിയ ബോട്ടുകളാണ് ഇവിടെ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. 1960 മുതലാണ് ഇവിടെ ഈ ബോട്ടുകൾ ഉപേക്ഷിക്കാൻ തുടങ്ങിയത്. ഫൈബർ ബോട്ടുകൾ ഫിഷിംഗ്‌ രംഗം കീഴടക്കിയതോടെ തടികൊണ്ടുള്ള ബോട്ടുകൾ ആർക്കും വേണ്ടാതായി. ഏതാണ്ട് 60 വർഷങ്ങൾക്കു ശേഷം ഇപ്പോൾ അതിൽ പല ബോട്ടുകളുടെയും സിംഹഭാഗം ഉറഞ്ഞു കട്ടിയായ മഞ്ഞിൽ മറഞ്ഞു കഴിഞ്ഞു.

ടെറിബർക്കയുടെ സുവർണ്ണ കാലഘട്ടത്തിനു വളരെയധികം സംഭാവന നൽകിയ ഈ യാനങ്ങൾ ഇന്ന് ഏതാണ്ട് വിജനമായ ഈ നഗരത്തിന്റെ ശോച്യാവസ്ഥയിൽ പരിതപിക്കുന്നതുകൊണ്ടാവാം, പിള്ളേച്ചൻ പറഞ്ഞതുപോലെ, അസ്ഥികൂടങ്ങളായിട്ടാണ് മഞ്ഞിൽ പുതഞ്ഞു കിടക്കുന്നത്.


അൽപ സമയത്തിനുള്ളിൽ ഞങ്ങൾ ടെറിബർക്ക ഗ്രാമം അവസാനിക്കുന്ന ബാരെന്റ്സ് കടൽ (Barents Sea) തീരത്തെത്തി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ് ആദ്യമായി ടെറിബർക്കയിലേക്കു കുടിയേറ്റക്കാർ എത്തുന്നത്. എന്നാൽ 1880 ലാണ് കുടിയേറ്റക്കാർ കൂട്ടമായി എത്തുന്നത്. പിന്നീട് ടെറിബർക്കയുടെ വളർച്ച പെട്ടെന്നായിരുന്നു. കുടിയേറ്റക്കാരിൽ നല്ലൊരു പങ്കും മത്സ്യബന്ധനത്തിൽ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു. അതിന്റെ ഫലമായി ധാരാളം മത്സ്യ സംസ്‌കരണ ശാലകളുണ്ടായി. ജോലിക്കാരായി മറ്റു പല സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ എത്തിത്തുടങ്ങി. തുടർന്ന് രണ്ടു സ്‌കൂളുകളും ആശുപത്രിയും ധാരാളം കടകളും മറ്റു സ്ഥാപനങ്ങളും ആരംഭിച്ചതോടെ ടെറിബർക്ക തിരക്കുള്ള നഗരമായി. പുറമെ, ഇതു ജില്ലാ ആസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് ടെറിബർക്കയുടെ സുവർണ്ണ കാലഘട്ടമായിരുന്നു. ഒരു ദേവാലയവും ലൈറ്റ്ഹൗസും ഒരു ഷിപ്പ് യാർഡും രണ്ട് ആംബുലൻസ് സ്റ്റേഷനുകളും സ്ഥാപിക്കപ്പെട്ടു. റെയ്‌ൻഡിയറുകൾ വലിക്കുന്ന സ്ലെഡ് വണ്ടിയുടെ ആംബുലൻസ് സർവീസ് ഒരുപക്ഷെ ലോകത്തിൽ ആദ്യമായിട്ടായിരിക്കാം ടെറിബെർക്കയിൽ ആരംഭിച്ചത്.  

അങ്ങനെ ടെറിബെർക്ക അതിശീഘ്രം വളരുകയായിരുന്നു. ഒരു പക്ഷേ ആ വളർച്ചയായിരിക്കാം അതിന്റെ തളർച്ചയ്ക്കും കാരണമായത്. മത്സ്യബന്ധനത്തിന്റെ വ്യാപ്‌തി വർദ്ധിച്ചതോടെ വലിയ യാനങ്ങൾ ടെറിബെർക്കയിലെത്തി. അതിനു പക്ഷേ, കടലിൽ നിന്നും ടെറിബർക്കാ നദിയിലേക്കു പ്രവേശിക്കാൻ നിർവ്വാഹമില്ലായിരുന്നു. അതുകൊണ്ടു മത്സ്യ സംസ്‌കരണശാലകൾ കൂടുതൽ സൗകര്യമുള്ള മാർമാൻസ്‌കിലേക്കു മാറ്റി. 
പിന്നീട് മത്സ്യബന്ധനം നടത്തുന്ന വൻകിട ബോട്ടുകൾ അവരുടെ ഉത്പന്നങ്ങളുമായി നേരിട്ടു കടൽമാർഗം മർമാൻസ്‌ക് തുറമുഖത്തേക്കു പോകാൻ തുടങ്ങി. അവിടെ വലിയ മത്സ്യ സംസ്‌കരണശാലകൾ നിർമ്മിക്കപ്പെട്ടു. ടെറിബർക്കയിൽ ജോലിസാധ്യത കുറഞ്ഞു. എന്നിട്ടും നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു മത്സ്യ സംസ്കരണശാല ടെറിബർക്ക നദിയിൽ തുടങ്ങിയ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടിന്റെ വിപുലീകരണത്തെ തുടർന്ന് 1960 ൽ പൊളിച്ചു മാറ്റി. അതുകൂടിയായപ്പോൾ ടെറിബർക്കയുടെ പതനം ആരംഭിച്ചു. ഒരുകാലത്തു അറുപതിനായിരം പേർ വസിച്ചിരുന്ന ടെറിബർക്കയിൽ ഇന്ന് വെറും 300 പേർ മാത്രമേയുള്ളൂ. 


ഇന്നവിടെ വ്യവസായങ്ങളൊന്നുമില്ല. തടി കൊണ്ടുണ്ടാക്കിയ ചെറിയ വീടുകളിലാണ് ഇപ്പോൾ അവിടെയുള്ളവർ താമസിക്കുന്നത്.
ബാരെന്റ്സ് കടലിന്റെ തീരം ഉറഞ്ഞു കട്ടിയായി കിടക്കുന്നു. ഗ്രൂപ്പിലുള്ള ചിലർ അതിന്റെ മുകളിൽ കൂടി നടന്ന് അതിന്റെ വക്കിൽ പോയി നിന്ന് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അത് കണ്ട വാൻ ഡ്രൈവർ മുന്നറിയിപ്പ് നൽകി. ആ തീരം ഉറഞ്ഞു കട്ടിയായി കിടക്കുന്നതാണ്. നിൽക്കുന്ന സ്ഥലത്തെ ഐസ് പൊട്ടിയാൽ അതിനു കീഴിൽ എട്ടോ പത്തോ അടി താഴ്ചയിൽ വെള്ളമുണ്ടായേക്കാമെന്ന്! 
ബാരെന്റ്സ് കടൽ ആർട്ടിക്ക് സമുദ്രത്തിന്റെ ഭാഗമാണ്. ഏതോ ഒരു കപ്പൽ ആർട്ടിക്ക് സമുദ്രത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പശ്ചിമ ചക്രവാളത്തിൽ സൂര്യൻ കൂടണയാനായി ധൃതി കൂട്ടുന്നു. അന്ന് സൂര്യാസ്തമയം ഉച്ചക്ക് 1:07 നായിരുന്നു. ആകെ പകൽ ഒരു മണിക്കൂർ 19 മിനിട്ടു മാത്രമായിരുന്നു. ഭൂമിയിലെ അവസാനത്തെ ഗ്രാമത്തിൽ ഭൂമിയുടെ വടക്കേ അറ്റത്തെ വക്കിലാണ് ഞങ്ങൾ നിൽക്കുന്നത്.  ഏതാനും ഫോട്ടോകൾ എടുത്തിട്ടു തിരിഞ്ഞു നോക്കിയപ്പോഴേക്കും സൂര്യദേവൻ രാജപ്രൗഡിയുടെ ചുവപ്പു നിറം ചക്രവാള സീമയിൽ ശേഷിപ്പിച്ചുകൊണ്ട് ആർട്ടിക്ക് സമുദ്രത്തിലേക്ക് താണു. ആകാശവിതാനത്തിലെ ആ ചുവപ്പ് ഭൂമിദേവിയുടെ ചുണ്ടുകൾ ഏറ്റുവാങ്ങി സമുദ്രത്തിന്റെ ഉപരിതലത്തിൽ പ്രതിഫലിപ്പിച്ചപ്പോൾ ഒരു വിടവാങ്ങലിന്റെ തേങ്ങൽ ഞങ്ങളുടെ നിശ്വാസത്തിലുമുയർന്നു.
വൈകിട്ട് ഏതാണ്ട് 7 മണിയോടെ ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി. 
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ മർമാൻസ്‌കിനോട് യാത്ര പറഞ്ഞു മടങ്ങി. മടക്ക യാത്രയിൽ ഉണ്ടായ ഒരനുഭവം കൂടി പറയേണ്ടത് ആവശ്യമാണെന്നു തോന്നുന്നു.”
"അതെന്താടോ അങ്ങനെ ഒരനുഭവം?"


“പറയാം പിള്ളേച്ചാ. മർമാൻസ്‌കിൽ നിന്നും ഞങ്ങൾ എയർ അറേബ്യയുടെ വിമാനത്തിലാണ് മോസ്കോയിലേക്ക് പറന്നത്. അവിടെ നിന്നും ഷാർജയിലേക്കും പിന്നീട് കൊച്ചയിലേക്കും. എയർ അറേബ്യയുടെ ഫ്ലൈറ്റിൽ ആൽക്കഹോൾ നിരോധിച്ചിരിക്കയാണ്. അക്കാര്യം പ്രത്യേകം പലവട്ടം അനൗൺസ് ചെയ്യുകയും ഫ്ലൈറ്റിനുള്ളിൽ അത് വിശദീകരിക്കുന്ന നോട്ടീസ് പതിപ്പിച്ചിട്ടുമുണ്ട്. എന്നാൽ മോസ്കോയിൽ നിന്നും ഷാർജയിലേക്കു വന്ന ഫ്ലൈറ്റിൽ എൻറെ തൊട്ടുപുറകിലത്തെ സീറ്റിൽ ഇരുന്ന രണ്ടു പേർ ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്തു ലെവൽ ആയിക്കഴിഞ്ഞപ്പോൾ തന്നെ അവരുടെ ലെവൽ കെട്ടു. അവർ തമ്മിലുള്ള സംസാരം അല്പം ഉച്ചത്തിലായിരുന്നെങ്കിലും കാര്യമായ അസഹിഷ്ണത ഉളവാക്കിയില്ല. എന്നാൽ കുറച്ചു സമയത്തിനു ശേഷം വന്ന എയർ ഹോസ്റ്റസ് അവർക്കു വല്ലതും വേണമോ എന്ന് ചോദിച്ചു. ‘നിന്റെ കയ്യിൽ എന്താണ് തരാനുള്ളത്?’ എന്ന അവരുടെ മറുപടി അവൾക്കത്ര രസിച്ചില്ല. അവർ മദ്യപിച്ചുകൊണ്ടിരിക്കുകയാണെന്നവൾക്കു മനസ്സിലായെങ്കിലും അവൾ അവരെ ഉപദ്രവിക്കേണ്ടെന്നു കരുതിയായിരിക്കാം കയ്യിലുള്ള മെനു ബുക്ക് കാണിച്ചിട്ട് ഇതിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുക്കാൻ പറഞ്ഞു. പല ഇനത്തിനും വില കൂടുതലാണെന്നു പറഞ്ഞപ്പോൾ ആ ബുക്കിലുള്ള ഒരു തരം സ്വിസ്സ് ബിസ്ക്കറ്റ് കാണിച്ചിട്ട് അത് മതിയോ എന്ന് ചോദിച്ചു. “ആ ബിസ്ക്കറ്റ് ഞങ്ങളുടെ നാട്ടിൽ പട്ടിക്കാണ് കൊടുക്കുന്നത്” എന്ന മറുപടി അവളെ ചൊടിപ്പിച്ചു.”
"അങ്ങനെ പറഞ്ഞാൽ പിന്നെ ആർക്കായാലും ദേഷ്യം വരില്ലേ? അതവർക്ക് അപമാനമല്ലേ?"
"ആദാ ബിസ്‌കൂട്ട് ഗിബോ കൽബ്?" (ആ ബിസ്‌കറ്റ് പട്ടിക്ക് കൊടുക്കുമോ?) അവൾ അറബിയിലും തിരിച്ചു ചോദിച്ചു. അവർ ചിരിച്ചത് അവളെ പ്രകോപിപ്പിച്ചു. അവൾ അവളുടെ കൂട്ട് ജീവനക്കാരനായ മറ്റൊരു ഫ്ലൈറ്റ് അറ്റെൻഡറെ വിളിച്ച്‌ അവരുടെ ഭാഷയിൽ പരാതിപ്പെട്ടു. അയാൾ വന്ന് സീറ്റിൽ ഇരുന്ന ആ രണ്ടു യാത്രക്കാരുമായി സംസാരിച്ചു. യാത്രക്കാരുടെ സംസാരം കുഴഞ്ഞു പോകുന്നത് കണ്ടപ്പോൾ അയാൾ കാര്യമായി നോക്കുകകയും മദ്യക്കുപ്പി കണ്ടിട്ട് നിങ്ങൾ മദ്യപിക്കുകയാണെന്നും അത് എയർലൈൻ പോളിസിയുടെ ലംഘനമാണെന്നും ഉടൻ തന്നെ ആ കുപ്പി അവിടെ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാൽ  അത് "ആപ്പിൾ ജ്യൂസ്" ആണെന്നും മാറ്റേണ്ട ആവശ്യമില്ലെന്നും അതിൽ ഒരു യാത്രക്കാരൻ വാദിച്ചു. 


എങ്കിൽ ആ കുപ്പി അയാൾ പരിശോധിക്കാനായി കസ്റ്റഡിയിൽ എടുക്കുകയാണെന്നു പറഞ്ഞു. യാത്രക്കാരൻ അത് കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ അയാൾ തുടർനടപടിക്കു മുതിരുമെന്നു മുന്നറിയിപ്പ് നൽകി. എന്നിട്ടും യാത്രക്കാരൻ വഴങ്ങിയില്ല. എങ്കിൽ ക്യാപ്റ്റനെ വിവരം അറിയിക്കുമെന്നും ഷാർജയിൽ ഇറങ്ങുമ്പോൾ പോലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. ആ യാത്രക്കാർ രണ്ടു പേരും ഞങ്ങളുടെ ഗ്രൂപ്പിൽ ഉള്ളവർ ആയിരുന്നു. സോമൻസ് ട്രാവൽ ഏജൻസിയുടെ ഗൈഡ് ആയി ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന രാജേഷ് ഇതെല്ലം നിരീക്ഷിച്ചുകൊണ്ട് എന്റെ അടുത്ത നിരയിലിരിപ്പുണ്ടായിരുന്നു. രംഗം ഉറപ്പായും വഷളാകുമെന്നു മനസ്സിലായിക്കഴിഞ്ഞപ്പോൾ അദ്ദേഹം എഴുന്നേറ്റു ചെന്ന് ഫ്ലൈറ്റ് സ്റ്റാഫുമായി സംസാരിച്ചു. തുടക്കത്തിൽ അവർ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും യാത്രക്കാർ എയർലൈൻ നിയമങ്ങൾ ലംഘിച്ചതിനും അവരോട് അപമര്യാദയായി പെരുമാറിയതിനും അവരെ ഷാർജയിൽ ലാൻഡ് ചെയ്യുമ്പോൾ കസ്റ്റഡിയിൽ എടുക്കാതിരിക്കാൻ നിർവ്വാഹമില്ലെന്നും പറഞ്ഞു. രാജേഷ് അക്ഷരാർഥത്തിൽ അവരുടെ കാലു പിടിച്ചു രംഗം ശാന്തമാക്കി.

മദ്യക്കുപ്പി അവർ കൊണ്ടുപോയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. രാജേഷ് കൈകൾ കൂപ്പി ആ ഇടനാഴിയിൽ നിൽക്കുന്ന ചിത്രം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.”
"എന്തൊരു കഷ്ടമാ. ഏതായാലും രക്ഷ പെട്ടതു ഭാഗ്യം. ഇവരൊക്കെയാണെടോ മലയാളികളുടെ മാനം കളയുന്നവർ."
“പത്തു ദിവസങ്ങൾ നീണ്ടു നിന്ന ആനന്ദകരമായ ഒരു യാത്ര 'പടിക്കൽ കൊണ്ട് കലം ഉടയ്ക്കാതെ' കഷ്ടിച്ചു രക്ഷപ്പെട്ടു. സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ള ഒരു വ്യക്തിയായിരുന്നു ആ യാത്രക്കാരൻ എന്ന വസ്‌തുത എന്നെ അത്ഭുതപ്പെടുത്തി."


"അതിൽ കാര്യമില്ലെടോ. വിദ്യാഭ്യാസമുള്ളതുകൊണ്ടു മാത്രം വിവരമുണ്ടാകണമെന്നില്ലല്ലോ."
“ഇതാടോ കാരണവന്മാർ പറയുന്നത് 'ആയിരം തേൻതുള്ളിയിൽ ഒരു മീൻതുള്ളി വീണാൽ പോരേ' എന്ന്. ഏതായാലും എല്ലാം ശുഭമായി പര്യവസാനിച്ചല്ലോ. അതിനു ദൈവത്തിനു നന്ദി പറയുക."

(ശുഭം)

('റഷ്യൻ യാത്രയുടെ ഓർമ്മകൾ' പരമ്പര ഇവിടെ അവസാനിച്ചു. സമൂഹ മാധ്യമങ്ങളിൽകൂടി അനേക പ്രതികരണങ്ങൾ ലഭിക്കുകയുണ്ടായി. സോമൻസ് ടൂർ ഗ്രൂപ്പിനും ഈ യാത്രയിൽ കൂടെയുണ്ടായിരുന്നവർക്കും വായനയിൽക്കൂടി ഈ ഓർമ്മകളിൽ പങ്കുകൊണ്ടവർക്കും പ്രതികരണം അറിയിച്ചവർക്കും ഈ പരമ്പര പ്രസിദ്ധീകരിച്ചു സഹായിച്ച ഇ-മലയാളി പത്രാധിപസമിതിക്കും എല്ലാം എന്റെ ഹൃദയംഗമായ നന്ദി അറിയിക്കുന്നു.)

ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)ഭൂമിയിലെ അവസാനത്തെ ഗ്രാമവും മടക്ക യാത്രയും; റഷ്യൻ യാത്രയുടെ ഓർമ്മകൾ (ബാബു പാറയ്ക്കൽ- നടപ്പാതയിൽ ഇന്ന്- 34)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക