മേറ്യേ ! എന്ന വിളിവന്നപ്പോൾ അടുക്കളയിൽ രാവിലെയുള്ള പതിവു ചവിട്ടുനാടകത്തിന്റെ തിരക്കിലായിരുന്ന മരുമകൾ പുകഞ്ഞ് പൊട്ടിത്തെറിച്ചു.
'പണ്ടാറടങ്ങാൻ ! തൊടങ്ങീ തള്ളേടെ പ്രാന്ത് !'
എന്നാലും ഗ്യാസ് സ്റ്റൗവിന്റെ ചെവിക്കുപിടിച്ച് തീ കെടുത്തി അവൾ കുളിമുറിയിലേക്ക് ചെന്നു. ഒരു ബക്കറ്റിൽ വെള്ളംനിറച്ച് അതിൽ നോക്കി അന്തിച്ചു നിൽക്കുന്ന അമ്മായിയമ്മ പലതരം അടുക്കളമണങ്ങളുടെ ഒഴുക്കിൽ നീന്തിയെത്തിയ മരുമകളെ സ്വാഗതം ചെയ്തു.
'നോക്കടി മേറ്യേ ! ഈ വെള്ളംന്ന് പറയുന്നത് എന്തൊരതിശയാല്ലേ?'
എത്ര നിയന്ത്രിച്ചിട്ടും മരുമകളുടെ പല്ലുകൾ ഞെരിഞ്ഞമർന്നു.
'പിന്നെ? ഈ വെള്ളംന്ന് പറയുന്ന സാധനം ഇപ്പോ പുതിയതായിട്ട് കണ്ടുപിടിച്ചതല്ലേ?'
അടുക്കളയിൽ മക്കളുടെ യുദ്ധം തുടങ്ങിയതറിഞ്ഞ് അവൾ തിരിച്ചോടി. ഓടുന്നതിനിടയിൽ അവൾക്ക് തീർച്ചയായിരുന്നു. ഇനി തള്ള മുറ്റത്തേക്കിറങ്ങി ഒരുപിടി മണ്ണ് വാരി അതിൽ തുറിച്ചുനോക്കി അതിശയിക്കും. മൂക്കിലേയ്ക്ക് ശ്വാസം ആഞ്ഞുവലിച്ചെടുത്ത് ഊക്കിൽ പുറത്തുവിട്ട് അതിശയിക്കും. പിന്നെ മുറ്റത്തു നിൽക്കുന്ന പൂച്ചെടികളെയും രണ്ട് ഒട്ടുമാവുകളെയും ഒറ്റത്തെങ്ങിനെയും തൊട്ടു തലോടി അതിശയിക്കും.
തള്ളയ്ക്കിപ്പോൾ അതിശയങ്ങളുടെ കാലമാണ്!
കുട്ടികൾ സ്ക്കൂൾ ബസ്സിലേക്ക് ചിലച്ച് പറക്കുന്നത് നോക്കിനിൽക്കു മ്പോഴാണ് അവൾക്കു പിന്നെ തള്ളയെ ഓർമ്മ വന്നത് വീടിനകത്തോ പുറത്തോ അവരെ കാണാഞ്ഞ് ഇത് പതിവുള്ളതല്ലല്ലോ എന്ന് അവൾ വേവലാതിപ്പെട്ടു.
സാരിമാറ്റിയുടുത്ത് വീട് പൂട്ടി ഇട വഴിയിലേക്കിറങ്ങി അവൾ ഇടംവലം നോക്കി. തള്ളപോയ വഴിയേതെന്ന് ആകാശത്തോടു ചോദിച്ചു. ഉത്തരമൊന്നും കിട്ടാഞ്ഞ് രണ്ടുംകല്പിച്ച് വലത്തേയ്ക്ക് നടന്നു. ഇടവഴി പ്രധാന വീഥിയിലെ തിരക്കിൽ ഊളിയിട്ട് മറയുന്നതു കണ്ട് ഇനിയെന്ത് വേണ്ടൂ എന്ന് ചിന്തിച്ചു നിന്നു. പിന്തിരിഞ്ഞ് വീട്ടുപടിക്കലെത്തി ഇത്തിരിനേരം ഇതികർത്തവ്യതാമൂഢയായി. വേഷം ചട്ടയും മുണ്ടുമായതു കൊണ്ട് തള്ള വേഗം ആരുടേയും ശ്രദ്ധയിൽപ്പെടുമല്ലോ എന്നോർത്തു. ഈ പഴഞ്ചൻവേഷമൊക്കെ മാറ്റി സാരിയ്ക്കാൻ കുറെ പറഞ്ഞു നോക്കിയതാണ്. തന്തയ്ക്കു പ്രിയമുള്ള വേഷമായിരുന്നത്രേ! തന്ത പള്ളിപ്പറമ്പില് അടിവളായില്ലേ? ഇനി അതൊക്കെ നോക്കേണ്ട കാര്യമുണ്ടോ എന്ന് പൗലോച്ചായൻ കൊറച്ച് മൊരടനാവുകേം ചെയ്തു. തള്ള ചൊട്ടയ്ക്ക് കൂട്ടാക്കണ്ടേ ? നാശം! കഴുത്തിലും കാതിലും കൈയിലുമൊക്കെയായിട്ട് സ്വർണ്ണോം കുറച്ചേതാണ്ടൊക്കെയുണ്ടുതാനും. ഈ കെട്ടകാലത്ത് ഞ്ഞ് നടക്കണ ബൈക്കൻമാരാരെങ്കിലും അതും തട്ടിപ്പറിച്ച് കടന്നുകളയുമോ ആവോ ! എന്ന് പിറുപിറുത്ത് അവൾ ഇടത്തേക്ക് നടക്കാൻ തുടങ്ങി.
ആദ്യം വെളുത്ത കൊടിക്കുറപോലെ പാറുന്ന ഞൊറിയാണ് കണ്ണിൽപെട്ടത്. പിന്നെയാണ് തള്ള ഇടവഴിവക്കത്ത് കുനിഞ്ഞുനിന്ന് എന്തോ വിദ്ഗ്ധ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയാണെന്നു മനസ്സിലായത്. 'ഇതെന്തു പ്രാന്താ അമ്മച്ചീ' എന്നു ചോദിച്ച് കൈയ് പിടിച്ചപ്പോൾ തള്ള പക്ഷേ, നെഞ്ചിൽ കൈയ് വെച്ച് അതിശയിച്ചു.
'നമ്മള് പറമ്പീന്ന് എറക്കിവിട്ട തുമ്പേം മുക്കുറ്റീം തഴുതാമേമൊക്കെ പെരുവഴിവക്കത്ത് നിക്കണ കണ്ടോ?
അവൾക്ക് നിലതെറ്റി.
'ഇതാപ്പോ ഒടുക്കത്തെ ഒരതിശയം !?
അന്നേരം തള്ളയുടെ വാക്കുകളിൽ ഒരു അതിശയവെളിച്ചം പരന്നു.
'ആവേശങ്ങളൊക്കെ ചോരത്തെളപ്പൊള്ള കാലത്താ. അതിശയങ്ങടെ കാലത്ത് ലോകത്തെ നമ്മള് മൊത്തത്തിലങ്ങ് സ്നേഹിക്കുകാ . മനസ്സിലായോടീ മേറ്യേ ?'
( പ്രണയം അഞ്ചടി ഏഴിഞ്ച് കഥാസമാഹാരത്തിൽ നിന്നും )