Image

ഇന്നുകൾ പിണങ്ങുമ്പോൾ: ചെറുകഥ, ചന്ദ്രലേഖ രവീന്ദ്രൻ, മാഞ്ഞൂർ

Published on 05 May, 2022
ഇന്നുകൾ പിണങ്ങുമ്പോൾ: ചെറുകഥ, ചന്ദ്രലേഖ രവീന്ദ്രൻ, മാഞ്ഞൂർ

  ഓർമ്മകൾ എവിടെയൊക്കെയോ  കൈവിട്ടുപോകുന്നു എന്ന ചിന്ത  ഭാനുമതി ടീച്ചറിനെ അലട്ടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ആദ്യമാദ്യം തോന്നലായിരിക്കുമെന്ന് കരുതി. പിന്നെ പ്രായമായില്ലേ ചെറിയ മറവിയൊക്കെയാവാം എന്ന് സമാധാനിച്ചു. എങ്കിലും  എവിടെയോ ഒരു ചെറിയ ദു:സൂചന ടീച്ചറിന് മണക്കുന്നുണ്ട്. പ്രത്യേകിച്ച് മക്കളുടെ നിയന്ത്രണങ്ങൾ ഏറുമ്പോൾ.
    
 പക്ഷേ ഇന്നുരാവിലെ ഉണർന്നപ്പോൾ ഭാനുമതി ടീച്ചറിന് പതിവുള്ള ആ മടുപ്പ് അനുഭവപ്പെട്ടില്ല , പകരം വല്ലാത്തൊരു ഉന്മേഷം. നേരം പുലരുന്നതേയുള്ളു. ടീച്ചർ മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചു. ഭാഗ്യം ഇന്നലെ പൂട്ടാൻ മറന്നുപോയി എന്നു തോന്നുന്നു. അവർ വാതിൽ തുറന്ന് വേഗം മുറിക്ക് പുറത്തേക്കിറങ്ങി. നേരെ എതിർവശത്തുള്ള മകൻ്റെ മുറിക്കു നേരെ നോക്കി കാതോർത്തു. ഇല്ല അനക്കമൊന്നും കേൾക്കുന്നില്ല. അപ്പുണ്ണിയും  ഭാര്യയും എഴുന്നേറ്റിട്ടില്ലെന്ന് തോന്നുന്നു. അവർ എഴുന്നേൽക്കുമ്പോഴേക്കും കുളത്തിൽ പോയി ഒന്നു മുങ്ങി കുളിച്ചാലോ? രണ്ടും എഴുന്നേറ്റാൽ വീടും  പൂട്ടി പോകില്ലേ ജോലിക്കെന്നും പറഞ്ഞ്?. പിന്നൊന്നു മുറ്റത്തേക്ക് ഇറങ്ങാൻ കൂടി സാധിക്കില്ല. 

       ഭാനുമതി ടീച്ചർ തൻെറ കിടപ്പുമുറിയോട് ചേർന്നുള്ള കുളിമുറിയിൽ കയറി  സോപ്പും തോർത്തും എടുത്ത് മുറ്റത്തേക്കിറങ്ങി. മുറ്റത്തിനതിരിട്ട് പൂത്തു നിൽക്കുന്ന ചെമ്പരത്തിയും ചെത്തിയും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന സുന്ദരമായ കാഴ്ച  ടീച്ചറിന്റെ കണ്ണിലുടക്കി.  അതിരിനോട് ചേർന്ന് നില്ക്കുന്ന വാഴയിൽ നിന്നും ഒരു കീറ്റെല പൊട്ടിച്ചെടുത്ത് കുമ്പിൾ കുത്തി. പൂക്കൾ പൊട്ടിച്ചു കുമ്പിളിൽ നിറച്ചു. കുളികഴിഞ്ഞ് മൂലേടത്തുകാവിലെ ഭഗവതിക്ക് കൊടുക്കാം. പണ്ടേയുള്ള പതിവ് അതായിരുന്നല്ലോ?. ടീച്ചർ കളപ്പുരയുടെ മുന്നിലൂടെ കുളത്തിലേക്ക് നടന്നു. 
         ഇല കുമ്പിളുംപൂവും കരയിൽ വച്ച് കരിങ്കൽ കെട്ടി  മനോഹരമാക്കിയ കുളത്തിലെ പടവുകൾ ഓരോന്നും ഇറങ്ങി. വെള്ളത്തിലേക്ക് കാലും നീട്ടി  ഇരുന്നു. ചെറുമീനുകൾ മത്സരിച്ച് ടീച്ചറിന്റെ കാലുകളിൽ കൊത്താൻ തുടങ്ങി. അവരുടെ കളികളിൽ രസിച്ചിരിക്കുന്നപ്പോഴാണ് ഭാനുമതി ടീച്ചറിനെ ഓർമ്മകൾ തൊട്ടു വിളിച്ചത്. 
      "വരുന്നോ ഒന്നു ചുറ്റീട്ടു വരാന്നേ"
       " ഓ വേണ്ട  നിൻെറ  കൂടെയുള്ള കറക്കം എൻ്റെ കണ്ണ് നിറയ്ക്കും . ഒന്നു  പുഞ്ചിരിക്കാനുള്ള വക കൂടി നീ തരില്ല"
           " ഇല്ലെന്നേ ഞാനല്ലേ പറയുന്നത് നമുക്ക്  ചുമ്മാതൊന്നു കറങ്ങാം"
              വലതു കണ്ണ് ഇറുക്കി പുഞ്ചിരിച്ചുകൊണ്ട് ഓർമ്മകൾ വീണ്ടും തൊട്ടു വിളിച്ചപ്പോൾ ഭാനുമതി ടീച്ചറിന് നിരസിക്കാനായില്ല.
              അന്നൊക്കെ എന്തു രസമായിരുന്നു. സരസ്വതിയും ജാനകിയും പിന്നെ  ഞാനും.  സരസ്വതി അച്ഛൻെറ പെങ്ങളുടെ മോൾ,  ജാനകി ചെറിയച്ഛൻ്റെ മോളും. സമപ്രായക്കാർ. വെളുപ്പാൻകാലത്തുള്ള  മുങ്ങിക്കുളി, ക്ഷേത്രദർശനം, പ്രഭാതഭക്ഷണം, പുസ്തകക്കെട്ടുമായി സ്കൂളിലേക്കുള്ള ഓട്ടം, രാവേറുംവരെ കഥകളും പറഞ്ഞ് കെട്ടിപ്പിടിച്ചുള്ള ഉറക്കം  എല്ലാം ഒരുമിച്ചായിരുന്നു.  കാലങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ. രണ്ടുപേരും വിവാഹശേഷം അന്യനാട്ടിലേക്ക് കുടിയേറി. അങ്ങനെ തീർത്തും ഒറ്റപ്പെട്ടു എന്നു തോന്നിയപ്പോഴാണ് ശേഖരേട്ടനെ ജീവിതത്തിലേക്ക് ഈശ്വരൻ ചേർത്തു വച്ചത്. പിന്നെയും എത്രയോ കാലങ്ങൾ കടന്നു പോയി? അപ്പുണ്ണിയുടെ ജനനം, വിവാഹം, ശേഖരേട്ടൻ മരണം എല്ലാം തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഇന്നലെകൾക്ക് എന്തു പ്രകാശമാണ്. ഇന്നുകൾ പക്ഷേ വല്ലാതെ മങ്ങിപ്പോകുന്നു. എന്തായിരിക്കും കാരണം? കുട്ടികൾ പറയുന്നത് പോലെ മരുന്നില്ലാത്ത മാറാവ്യാധിയാണോ ഓർമ്മകളുടെ ഈ ഒളിച്ചു കളി. കണ്ണിൽ വെള്ളം നിറയാൻ തുടങ്ങിയപ്പോൾ ഭാനുമതി ടീച്ചർ വെള്ളത്തിലേക്ക് ഒന്നുകൂടി ഇറങ്ങി. രണ്ടു കയ്യിലും വെള്ളം കോരി മുഖത്ത് ഒഴിച്ചു. ഉപ്പുരസം നിറഞ്ഞ മിഴിനീരും കുളത്തിലെ വെള്ളവും ഒന്നുചേർന്ന് ടീച്ചറിന്റെ കവിൾത്തടങ്ങളിലൂടെ ഒഴുകിയിറങ്ങി. മൂക്കിൽ വെള്ളം കയറാതിരിക്കാൻ വലതുകൈയ്യിലെ വിരലുകൾകൊണ്ട് മൂക്ക് അടച്ചുപിടിച്ച്  മൂന്നുപ്രാവശ്യം വെള്ളത്തിൽ മുങ്ങി. പിന്നെ തിരിഞ്ഞു പടിക്കെട്ടുകൾ കയറി. അപ്പോഴാണ് ടീച്ചർ കരയിൽ ഇരിക്കുന്ന തോർത്തും സോപ്പും ഇലയിലെ പൂവുകളും കാണുന്നത്. 
      ആരായിരിക്കും ഇതെല്ലാം ഇവിടെ കൊണ്ടുവച്ചത് ? ആരെയും കാണുന്നില്ലല്ലോ?  ഓർമ്മയുടെ കണ്ണികൾ വീണ്ടും അകന്നുമാറിയോ?. ഇനി എന്ത് ചെയ്യണം? ഒന്നും തോന്നുന്നില്ലല്ലോ ഭഗവതി? ഇതെല്ലാം  ഞാൻ കൊണ്ടുവച്ചതാകുമോ?
ഓർമ്മ കിട്ടുന്നേയില്ല. എന്തായാലും കയ്യിലെടുക്കാം. ആരെങ്കിലും ചോദിച്ചാൽ കൊടുക്കാം.  നനഞ്ഞൊട്ടിയ മുണ്ട്  പടികൾ കയറാൻ വിഷമം ഉണ്ടാക്കിയെങ്കിലും ഭാനുമതി ടീച്ചർ പടികൾ കയറി മുകളിലെത്തി. രണ്ടു ദിക്കിലേക്കും നീണ്ടു നിവർന്നു കിടക്കുന്ന വഴി.  ഇനി എങ്ങോട്ട് പോകണം, എന്തുചെയ്യണമെന്നറിയാതെ ടീച്ചർ  പകച്ചുനിന്നു.  ഭഗവതീ നീ തന്നെ തുണ. ടീച്ചർ ഒരു നിമിഷം കണ്ണടച്ചു  പ്രാർത്ഥിച്ചു .


      "ടീച്ചർ എന്താ ഇങ്ങനെ നനഞ്ഞു നിൽക്കുന്നത്?"
       ശബ്ദം കേട്ട് ഭാനുമതി ടീച്ചർ കണ്ണ് തുറന്നു നോക്കി.  കയ്യിൽ പാൽക്കുപ്പിയുമായി മുന്നിൽ ഒരാളെ കണ്ടപ്പോൾ  ആശ്വാസമായി.
    "നീ ..... പേരോർത്തെടുക്കാൻ കഴിയാതെ ടീച്ചർ ചോദ്യരൂപത്തിൽ അയാളുടെ നേരെ നോക്കി നിന്നു. 
      "അല്ല ടീച്ചർ എന്നെ മറന്നോ? ഞാനല്ലേ എന്നും രാവിലെ വീട്ടിൽ പാലുകൊണ്ടുതരുന്നത്. ഗോവിന്ദനാ ,  തെക്കേലേ ഗോവിന്ദൻ. എന്നെയും മറന്നൂ ല്ലേ?"
ആളെ മനസ്സിലായപോലെ തലകുലുക്കി കൊണ്ട് ടീച്ചർ പറഞ്ഞു.
    "നന്നായി  നീ ഇപ്പൊ വന്നത് എങ്ങോട്ടാ പോകേണ്ടത് എന്താ ചെയ്യേണ്ടത് എന്നറിയാതെ പെട്ടു നിൽക്കുകയായിരുന്നു ഞാൻ "
      " ടീച്ചർ എന്തിനാ ഈ കുളത്തിലേക്ക് വന്നത്? വീട്ടിൽ കുളിച്ചാൽ പോരെ? അതും ഇത്ര രാവിലെ. സുക്കേടുകാരിയാന്ന ഓർമ്മയില്ലല്ലേ?"
    "ശരിയാ ഗോവിന്ദ്, വരേണ്ടിയിരുന്നില്ല. പക്ഷേ ....."
      ടീച്ചർ വാചകം മുഴുമിപ്പിച്ചില്ല.
     "അല്ല വീട്ടില് മോനും ഭാര്യയുമില്ലേ? അവര് കണ്ടില്ലേ ടീച്ചർ ഇറങ്ങിപ്പോകുന്നത്?"
      "ഇല്ല ആരും എഴുന്നേറ്റിട്ടില്ല"
"ഓ ഇന്ന് ഞായറാഴ്ചയല്ലേ രണ്ടാൾക്കും ജോലിക്ക് പോകണ്ടല്ലോ അതായിരിക്കും എന്തായാലും മറവിയുടെ സൂക്കേടുള്ള ടീച്ചർ ഇങ്ങനെ ഇറങ്ങി നടന്നു അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ശരിയല്ലാട്ടോ"
ഇവൻ്റെ മനസ്സിലും അവരുടെ ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ എന്ന് മനസ്സിൽ തോന്നിയെങ്കിലും ടീച്ചർ പറഞ്ഞു.
      "ഇല്ല ഗോവിന്ദാ ഇനി വരില്ല, നീ ഇത് ആരോടും പറയേണ്ട കേട്ടോ"
      "ഇല്ല ഞാൻ പറയുന്നില്ല. എന്താ കയ്യിലിരിക്കുന്നത്? അതിങ്ങു താ, ഞാൻ പിടിക്കാം. ടീച്ചർ എൻ്റൊപ്പം നടന്നോ.  ഞാൻ വീട്ടിൽ ആക്കാം"
"ഉം"
 ടീച്ചർ  സോപ്പുപെട്ടിയും വാഴയിലയിലെ പൂക്കളും ഗോവിന്ദനെ ഏല്പ്പിച്ച് അനുസരണയുള്ള കുട്ടിയെ പോലെ അയാളുടെ പുറകെ നടന്നു. നടവഴിയിലെ ഉണങ്ങിയ പുല്ലുകളിലേക്ക് നേര്യതിൽ നിന്നും വെള്ളം ഇറ്റിറ്റു വീണുകൊണ്ടിരുന്നു. അത് ഉണങ്ങിയ പുല്ലിൽ  അല്പം വഴുക്കലുണ്ടാക്കി. ടീച്ചർ വളരെ സൂക്ഷിച്ചു കാലുകൾ എടുത്തുവെച്ചു എങ്കിലും ഉണങ്ങി കൊഴിഞ്ഞു തൊട്ടാവാടി ചെറുതായൊന്നു വലതുകാലിനെ വേദനിപ്പിച്ചു. ഗോവിന്ദനൊപ്പം നടക്കുമ്പോൾ  നിഷ്ക്രിയയായി അല്പം മുമ്പ്  വഴുതിപ്പോയ ഭാനുമതി ടീച്ചറുടെ മനസ്സ് വീണ്ടും വർത്തമാനത്തിലേക്ക് വന്നു. അപ്പോൾ കയ്യിലിരുന്ന തോർത്ത് കുടഞ്ഞ് തലമുടിയിൽ ചുറ്റി തിരുകിവച്ചു
   "അല്ലാ ടീച്ചർ ഇതെന്താ പതിവില്ലാതെ കുളത്തിൽ കുളിക്കാൻ വന്നത്?"
    "ഒന്നുമില്ല അങ്ങനെ തോന്നി അത്രതന്നെ".
    "ഉം"
  ഗോവിന്ദൻ ഒന്നും മൂളി.
ഓർമ്മക്കുറവുണ്ടെന്നും പറഞ്ഞ് ഏതുനേരവും മുറിയിൽ പൂട്ടിയിടുന്ന മകൻ്റെയും ഭാര്യയുടെയും കണ്ണുവെട്ടിച്ച് പോന്നതാന്ന് ഇവനോട് പറയാൻ പറ്റില്ലല്ലോ ഭഗവതി. ടീച്ചർ നിശബ്ദമായി ഗോവിന്ദന്  ഒപ്പം നടന്നു.


Join WhatsApp News
Shameela. K. J. 2022-05-05 16:28:41
Super👌👍
Shamon 2022-05-05 17:13:47
നല്ല രചന. ഈ എഴുത്തുകാരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Shajis.k 2022-05-06 16:12:14
വളരെ മനോഹരമായ ചെറുകഥ.... വരികളുടെ മനോഹാരിത.... എന്നെ യും അല്പനേരം ബാല്യ കാലത്തിലേക്ക് കൊണ്ടുപോയീ.....ഏറെ താമസിക്കാതെ ചെറുകഥാ സമാഹാരം പുറത്തിറക്കുവാൻ കഴിയുമാറാകട്ടേ....
ചന്ദ്രലേഖ രവീന്ദ്രൻ 2022-05-08 12:43:48
എല്ലാ വായനക്കാർക്കും സ്നേഹം നിറഞ്ഞ നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക