Image

മൻസിയാ, ചുവടുകൾ വെയ്ക്കൂ മുന്നോട്ട്... (വിജയ് സി. എച്ച്)

Published on 06 May, 2022
മൻസിയാ, ചുവടുകൾ വെയ്ക്കൂ മുന്നോട്ട്... (വിജയ് സി. എച്ച്)
 
അലവിക്കുട്ടിയുടെയും ആമിനയുടെയും മകൾ മൻസിയയ്ക്ക് ശാസ്ത്രീയ നൃത്തം പഠിയ്ക്കാം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ നാമത്തിലുള്ള ഓഡിറ്റോറിയത്തിൽ അരങ്ങേറാം, ഇൻ്റർ സോൺ യൂനിവേർസിറ്റി തലത്തിൽ തുടർച്ചയായി കലാതിലകം നേടാം, ഭരതനാട്യത്തിൽ ഒന്നാം റേങ്കോടെ ബിരുദാനന്തരബിരുദമെടുക്കാം (MA), കേരള കലാമണ്ഡലത്തിൽ നിന്ന് M.Phil ബിരുദമെടുക്കാം, ഭരതനാട്യ പാരമ്പര്യത്തിൽ PhD ബിരുദത്തിനുള്ള ഗവേഷണം നടത്താം, ശ്യാം കല്യാൺ എന്ന നായർ യുവാവിനെ വിവാഹവും ചെയ്യാം, എന്നാൽ ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ദേശീയ നൃത്തോത്സവത്തിൽ പങ്കെടുക്കാൻ കലാകാരിയ്ക്ക് അനുവാദമില്ല!
കുറച്ചു കാലമായി ദേശീയ തലത്തിൽ ശ്രദ്ധ നേടിവരുന്ന ഒരു ഡേൻസ് ഫെസ്റ്റാണ് വർഷം തോറും കൂടൽമാണിക്യ ക്ഷേത്രത്തിൽ അരങ്ങേറുന്നത്. ഏപ്രിൽ 21-ആം തീയതിയിലെ ആറാം നാൾ ഉത്സവത്തിൽ മൻസിയ ശ്യാം കല്യാൺ ഭരതനാട്യം അവതരിപ്പിയ്ക്കുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ തന്നെ വേണ്ടത്ര പ്രചാരം നൽകിയതിനൊടുവിൽ, അപ്രതീക്ഷിതമായാണ് യുവ നർത്തകിയ്ക്ക് അവസരം നിഷേധിച്ചത്. മൻസിയ ഹിന്ദുവല്ലാത്തതിനാൽ ക്ഷേത്ര വേദിയിൽ പ്രവേശനമില്ലെന്ന വിവരം അവസാന നിമിഷത്തിൽ മൻസിയയെ ഫോൺ ചെയ്തു അറിയിക്കുകയായിരുന്നു.
"കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്തോത്സവത്തിൽ പങ്കെടുക്കുവാനുള്ള അപേക്ഷ പൂരിപ്പിയ്ക്കുന്ന സമയത്ത് പല തവണ ഭാരവാഹികളുമായി ഫോണിൽ സംസാരിച്ചിരുന്നു. അവർ ആവശ്യപ്പെട്ടതനുസരിച്ച് എൻ്റെ നൃത്ത പശ്ചാത്തലം വ്യക്തമാക്കുന്ന സംഗ്രഹവും അയച്ചിരുന്നു. റെസ്യൂമെ വായിച്ചപ്പോൾ മതിപ്പ് തോന്നിയെന്നും എന്നോട് പറഞ്ഞിരുന്നു. മൂന്നു ഡേറ്റുകളിൽ ഒന്ന് തിരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. തുടർന്ന്, മറ്റു വിവരങ്ങൾക്കൊപ്പം, എൻ്റെ പേർ രേഖപ്പെടുത്തിയ ഒരു നോട്ടീസ് അവർ എനിയ്ക്ക് അയച്ചു തന്നു. അതിനു ശേഷം ഒരു ദിവസമാണ്, വിവാഹത്തിനു ശേഷം ഹിന്ദു മതം സ്വീകരിച്ചിട്ടില്ല, അല്ലേ എന്ന് ചോദിച്ചത്. ഇല്ലെന്നു പറഞ്ഞപ്പോൾ, അങ്ങനെയാണെങ്കിൽ നൃത്തോത്സവത്തിൽ പങ്കെടുക്കുവാൻ കഴിയില്ലെന്ന് അദ്ദേഹം എന്നെ അറിയിച്ചു. അപ്പോഴേയ്ക്കും തയ്യാറെടുപ്പുകളുമായി ഞങ്ങൾ ബഹുദൂരം മുന്നോട്ടു പോയിരുന്നു," മ൯സിയ അനുഭവങ്ങൾ പങ്കുവെച്ചു.
"വളരെ വിഷമം തോന്നി," അൽപ നേരത്തെ മൗനത്തിനു ശേഷം കലാകാരി കൂട്ടിച്ചേർത്തു.
മൻസിയയുടെ പരിപാടി ചാർട്ട് ചെയ്യുന്ന സമയത്ത് അഹിന്ദുവാണെന്ന് അറിയില്ലായിരുന്നെന്നും, പിന്നീട് ഡിക്ലറേഷൻ എഴുതി വാങ്ങുന്ന സമയത്താണ് ഇക്കാര്യം മനസ്സിലായതെന്നുമാണ് കൂടൽമാണിക്യ ക്ഷേത്രം ദേവസ്വം ചെയർമാൻ സംഭവത്തെക്കുറിച്ചു പ്രതികരിച്ചത്.
"എനിയ്ക്കു മൂന്നു വയസ്സുള്ളപ്പോൾ ഉമ്മയാണ് എന്നെ നൃത്തം പഠിയ്ക്കാൻ ചേർത്തത്. മാതാപിതാക്കൾക്ക് ഞങ്ങൾ രണ്ടു പെൺമക്കളാണ്. നാലു വയസ്സിനു മുതിർന്ന താത്ത (റോബിയ) നൃത്തം ചെയ്യുന്നതു കാണുമ്പോൾ, ഞാൻ വലിയ ആവേശം കാണിച്ചിരുന്നുവത്രെ!"
ഉമ്മ
പറയാറുള്ളത് മൻസിയ ഓർത്തെടുത്തു.
"ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നതിനെതിരെ ശക്തമായ എതിർപ്പുകളും ഒറ്റപ്പെടുത്തലുകളും സ്വന്തം സമുദായത്തിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. കലാസ്നേഹിയായിരുന്ന ഉമ്മയുടെയും, നാടക നടനായ ഉപ്പയുടെയും പിന്തുണ ഒന്നുകൊണ്ടുമാത്രമാണ് നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. എന്നാൽ, ഞാൻ ഏഴാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ
ഉമ്മ
കേൻസർ ബാധിച്ചു മരിച്ചു.
ഉമ്മ
രോഗ ബാധിതയായി ആശുപത്രിയിൽ കിടക്കുന്ന കാലത്ത്, ദാരിദ്യ്രവും ഞങ്ങളെ വല്ലാതെ അലട്ടിയിരുന്നു. ഉപ്പ തൊഴിൽ രഹിതനായിരുന്നല്ലൊ. ഈ വർഷം ജനുവരിയിൽ എൻ്റെ വിവാഹം കഴിയുന്നതു വരെ ഉപ്പ മാത്രമായിരുന്നു ആശ്രയം. താത്ത വിവാഹിതയായി എറണാകുളത്താണ് താമസം," മൻസിയ മനസ്സിലുള്ളതെല്ലാം പറയുകയായിരുന്നു.
 
സ്കൂൾ, കോളേജ് വിദ്യാഭ്യാസവും നൃത്തവും ഒരുമിച്ചു കൊണ്ടുപോയ മൻസിയ, 2008-മുതൽ നൃത്ത പരിപാടികളുമായി സംസ്ഥാനത്തെ പ്രശസ്ത വേദികളിൽ സജീവമാണ്. എട്ടാം ക്ലാസ്സു മുതൽ സ്‌കൂൾ, കോളേജ് തലങ്ങളിൽ അരങ്ങേറിയ കലോത്സവങ്ങളിലെല്ലാം മൻസിയ തുടർച്ചയായി ഒന്നാം സ്ഥാനത്തുമായിരുന്നു.
"ഏറ്റവും കൂടുതൽ വേദികൾ ക്ഷേത്രങ്ങളിൽ തന്നെയായിരുന്നു. ഒന്നു രണ്ടു ഇടങ്ങളിൽ മാത്രമേ ഇതിനു മുന്നെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടൂള്ളൂ. വളാഞ്ചേരിയിലെ ഒരു ക്ഷേത്രത്തോട് അനുബന്ധിച്ച പരിപാടിയിൽ, മതിൽക്കെട്ടിനു പുറത്ത് എനിയ്ക്കു വേണ്ടി പ്രത്യേകം ഒരു സ്റ്റേജ് ക്ഷേത്ര ഭാരവാഹികൾക്ക് നിർമ്മിക്കേണ്ടിവന്നു. ഞാൻ പുറത്തെ വേദിയിലും, മറ്റു നർത്തകിമാർ അകത്തെ വേദിയിലും നൃത്തം അവതരിപ്പിച്ചു. ചില ഭാഗത്തു നിന്ന് എതിർപ്പിനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട ഭാരവാഹികൾ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായിരുന്നു ഈ മാർഗം സ്വീകരിച്ചത്. വേദി നിഷേധിക്കുന്നതിനു പകരം, എനിക്കൊരു ബദൽ സംവിധാനം ഒരുക്കിത്തന്ന അമ്പലം അധികൃതരോട് ഞാൻ നന്ദി രേഖപ്പെടുത്തി," മൻസിയ വിവരിച്ചു.
2019-ൽ, ഗുരുവായൂരിൽ നൃത്തം അവതരിപ്പിയ്ക്കാൻ ക്ഷേത്രഭാരവാഹികൾ മൻസിയയെ ക്ഷണിച്ചു. പിന്നീട് അവർ തന്നെ നർത്തകിയെ വിളിച്ചു പ്രതിഷേധത്തിനിടയുണ്ടെന്നും, എന്തു ചെയ്യണമെന്ന് ആരായുകയും ചെയ്തു. ഭാരവാഹികളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി, മൻസിയ പരിപാടിയിൽ നിന്ന് പിൻമാറുകയാണുണ്ടായത്.
"ഞാൻ ഇപ്പോൾ താമസിയ്ക്കുന്നത് ഭർത്താവ് ശ്യാമിനോടൊപ്പം കേരള കലാമണ്ഡലം നിലകൊള്ളുന്ന (തൃശ്ശൂർ ജില്ല) ചെറുതുരുത്തിയിലാണ്. തൃശ്ശൂരിലെ സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സിസിൽ സംഗീത വിഭാഗം മേധാവി (HOD) യായിരുന്ന മധുസൂദനൻ മാസ്റ്ററാണ് ശ്യാമിൻ്റെ പിതാവ്. അമ്മ ബീന കലാമണ്ഡലത്തിലെ അദ്ധ്യാപികയായിരുന്നു. രണ്ടു പേരും ഉദ്യോഗത്തിൽ നിന്നു വിരമിച്ചു. ഇപ്പോൾ ഞങ്ങളോടൊപ്പം ചെറുതുരുത്തി ചുങ്കത്തുള്ള വസതിയിൽ താമസിക്കുന്നു," മൻസിയ വ്യക്തമാക്കി.
ക്ഷേത്രവേദികളിൽ മാത്രമല്ല മൻസിയ വിവേചനം അനുഭവിച്ചിട്ടുള്ളത്. ജനിച്ചു വളർന്ന മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലുള്ള മുസ്ലിയാർ പീടിക എന്ന പ്രദേശത്താണ് യഥാർത്ഥത്തിൽ മൻസിയയ്ക്കും കുടുംബത്തിനും ഏറെ എതിർപ്പുകൾ ആദ്യം തന്നെ നേരിടേണ്ടി വന്നത്. മറ്റൊരു മത സംസ്കൃതി ഉൾക്കൊള്ളുന്ന കലാരൂപം അഭ്യസിച്ചതായിരുന്നു അപരാധം. തങ്ങളുടെ ശാസനം ലംഘിച്ചതിനാൽ മൗലികവാദികൾ മൻസിയയുടെ കുടുംബത്തെ ലക്ഷ്യമിട്ടിരുന്നു. നർത്തകിയുടെ രോഗഗ്രസ്തയായ
ഉമ്മ
അന്ത്യശ്വാസം വലിച്ചപ്പോൾ, മരണാനന്തര ചടങ്ങുകൾ നടത്താൻ അവർ വിസമ്മതിച്ചു. തുടർന്ന് ആമിനയുടെ മൃതദേഹവുമായി അവരുടെ ജന്മസ്ഥലമായ കൊണ്ടോട്ടിയിലേയ്ക്കു പോകേണ്ടിവന്നു. പരേതയുടെ ആങ്ങളമാരുടെ സ്വാധീനത്തിൽ അവിടുത്തെ പഴയങ്ങാടി പള്ളിയിലാണ് പിന്നീട് ഖബറടക്കം നടത്തിയത്.
ജാതി-മത വിഭാഗീയ ചിന്തകളിൽ കുളിച്ചു നിന്ന കേരളത്തെ ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത് 130 വർഷം മുന്നെയാണ്. 'ഇത് കേരളമാണ്' എന്നു നാം വീമ്പിളക്കുന്ന, 'ഇത് സംസ്കാരങ്ങളുടെ ഈറ്റില്ലം' എന്നു നാം ഊറ്റം കൊള്ളുന്ന, കലകൾക്ക് മതമില്ലെന്ന് നാഴികയ്ക്ക് താൽപതു വട്ടം ഘോര ഘോരം നാം ഉത്ഘോഷിയ്ക്കുന്ന സംസ്ഥാനത്തിൻ്റെ അവസ്ഥ ഇന്ന് എന്താണ്?
"ജാതി-മത വിവേചനങ്ങൾ പല രൂപത്തിലും ഭാവത്തിലും ഇന്നും നിലനിൽക്കുന്നു. വർഗ്ഗീയ സ്പർദകൾ കൂടുതൽ, കൂടുതൽ ശക്തിയാർജ്ജിച്ചു വരുന്നതു കാണുമ്പോൾ കടുത്ത നിരാശയാണ് തോന്നുന്നത്," മൻസിയയുടെ ശബ്ദത്തിൽ സങ്കടം നിറഞ്ഞു നിന്നു.
മൻസിയാ, തളരരുത്! ശരികൾക്കൊപ്പം നല്ലവർ എന്നുമുണ്ടാകും. ചുവടുകൾ വെച്ച് മുന്നോട്ടു തന്നെ പോകൂ. ശരികൾക്കും നല്ലവർക്കും ജയിച്ചേ മതിയാകൂ!
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക