Image

ഭ്രമം 2 (അധ്യായം 8: മുരളി നെല്ലനാട്)

Published on 07 May, 2022
ഭ്രമം 2 (അധ്യായം 8: മുരളി നെല്ലനാട്)

രവികുമാറിനും പൂർണിമയ്ക്കും മധ്യ പ്രായത്തിൽ ജനിച്ച മകളാണ് അനൂട്ടി. മകൻ അഖിലിന്റെ വിവാഹം കഴിഞ്ഞിരുന്നു. മകൾ നിഖില ഡിഗ്രി സ്റ്റുഡന്റും. ആ കുഞ്ഞിനെ വളർത്താൻ പറ്റില്ലെന്ന്‌ നിഖില വാശി പിടിക്കുന്നു. അവൾ വീട് വിട്ടു പോകുമെന്ന് ഭീഷണി മുഴക്കി. പൂർണിമയുടെ പ്രഗ്നൻസി പുറത്താരും അറിഞ്ഞില്ല. രഹസ്യമായി ഡെലിവറി നടന്നത് ബാംഗ്ലൂർ വച്ചായിരുന്നു.. പൂർണിമക്ക്‌  കോളേജ് കാലത്ത് ജയദേവനുമായി അടുപ്പം ഉണ്ടായിരുന്നു. ഏട്ടൻ ,പ്രഭാചന്ദ്രൻ രവികുമാറുമായി പൂർണിമയുടെ വിവാഹം നടത്തുകയായിരുന്നു. പ്രണയ നിരാശയിൽ കഴിഞ്ഞ ജയദേവൻ നിരുപമയെവിവാഹം ചെയ്‍തത് അവൾ ട്രാൻസ്ജന്റെർ വുമൺ എന്നറിഞ്ഞാണ്. സുഹൃത്ത് ഹരിബാബുവിന്റെ അഭിപ്രായം മാനിച്ചു പതിനാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ജയദേവനും നിരുപമക്കും കൈമാറി. അനൂട്ടിക്ക് നാല് വയസുപ്രായമുള്ളപ്പോൾ ജയദേവൻ മരിച്ചു. അതുവരെ പൂർണിമയുടെ കൺ വെട്ടതാണ്  അനൂട്ടി വളർന്നത്. ഫിലിം സ്റ്റാർ ആയ നിരുപമ നാല് വയസു പ്രായമുള്ള മകളുമായി മുംബെയിൽ പോയതോടെ അനൂട്ടിയെ പറ്റി ആർക്കും ഒരു വിവരവും ഇല്ലാതെ ആയി.
അനൂട്ടിക്ക് പതിനെട്ടു വയസായപ്പോൾ നിരുപമ മകളുമായി കൊച്ചിയിൽ താമസിക്കാൻ എത്തി. നിരുപമയുടെ തിരക്ക് പിടിച്ച സിനിമ ജീവിതത്തിനിടയിൽ അനുട്ടി മയക്കുമരുന്നിനു അടിമപ്പെടുന്നു. നിരുപമയും മകളും കൊച്ചിയിൽ വന്ന വിവരം പൂർണിമ അറിയുന്നു. കൊച്ചിയിൽ എത്തിയ ശേഷം അനൂട്ടിയെ ചേർത്ത കോളേജിലെ ലെക്ചർ ആയിരുന്നു നിഖില. നിഖില അനുട്ടിയെ തിരിച്ചറിയുന്നു. അനൂട്ടി അവൾക്കൊരു ശല്യം ആവുന്നു. ഇതിനിടെ പൂർണിമയുടെ മകൻ അഖിലും മരുമകൾ മാളവികയും ഡൽഹിയിൽ ട്രാൻസ്ഫർ ആയി കൊച്ചിയിൽ വരുന്ന വിവരം പൂർണിമയിൽ മകളെ കാണാനുള്ള പ്രതീക്ഷ ഉണ്ടാകുന്നു. ക്ലാസ്സിൽ വച്ച് അനൂട്ടിയും നിഖിലയും കോർക്കുന്നു. നിഖില നിരുപമയെ കണ്ട് മകളുമായി സ്ഥലം വിടാൻ ആവശ്യപെടുന്നു. നിരുപമ അതിനു തയ്യാറാല്ലെന്നു പറയുന്നു. അഖിലും മാളവികയും കുട്ടിയും നിരുപമയുടെ വീടിന്റെ അടുത്ത് വാടകവീട് എടുക്കുന്നു. പാല്കാച്ചൽ ചടങ്ങിന് എല്ലാവരും എത്തുന്നു. അഖിലിന്റെ മകൾ അമയ സൈക്കിളിൽ റോഡിൽ ഇറങ്ങുമ്പോൾ ആ വഴി വന്ന അനൂട്ടിയുടെ കാർ തട്ടിവീഴ്ത്തുന്നു.

തുടർന്നു വായിക്കാം.

അനൂട്ടിയെ നോക്കി സർവവും മറന്ന മട്ടിൽ പൂർണിമ നിന്നു. തന്റെ മകൾ ഇതാ കണ്മുന്നിൽ നിൽക്കുന്നു. നാല് വയസുള്ള ആ രൂപത്തിൽ നിന്നു പതിനെട്ടു വയസായ പെൺകുട്ടിയായി. അന്ന് ടീവിയിൽ കണ്ട അതേ രൂപം. അതേ മുഖം.
മോളെ എന്നു വിളിച്ച് ആർത്ത് കരഞ്ഞു അവളെ കെട്ടി പുണർന്നു നെറ്റിയിലും കണ്ണുകളിലും മാറി മാറി ചുംബിക്കാൻ പൂർണിമയുടെ മനസ്സ് വെമ്പൽ കൊണ്ടു.
പൂർണിമയുടെ നില്പ് കണ്ട് അമയയെ എടു ത്ത് നിന്ന അനൂട്ടിയും പകച്ചുപോയി.
 "മോൾക്കൊന്നും പറ്റിയില്ല ആന്റി.... ദേ.. ഒരു കുഴപ്പവുമില്ല. അല്ലെ മോളു..."
കൈയിൽ ഇരുന്നു അമയ മോളെ പിടിച്ചു കാണിച്ച്‌ അനൂട്ടി പറഞ്ഞു.
ആ നിമിഷം വീട്ടിൽ നിന്നിറങ്ങിവന്ന രവികുമാറും ഹരിബാബുവും പിന്നാലെ എത്തിയ മാളവികയും സുമലതയും ഗേറ്റിനു മുന്നിൽ സ്തബ്ധരായി നിന്നു.
  "അക്കുവേട്ടാ..."
അഖിലിന്റെ കൈയിൽ മാളവിക പിടിച്ചു.
പെങ്ങളെ കൺ നിറയെ കാണുകയായിരുന്നു അഖിൽ. മാളവിക്കൊപ്പം അഖിലും ആ ഇന്റർവ്യു കണ്ടിരുന്നു. രവികുമാറിന്റെ ഹൃദയം വീർത്തു പൊട്ടുമെന്നായി. മുന്നിൽ നിൽക്കുന്നത് മകൾ അല്ല. ഇരുപതാം വയസിൽ ആദ്യമായി കണ്ട പൂർണിമ.അയാൾ ഭാരം നഷ്ടപ്പെട്ടു നടന്നു വന്നു പൂർണിമയുടെ അടുത്ത് നിന്നു.
  "എന്താ എല്ലാവരും ഇങ്ങനെ നോക്കുന്നത്. മോൾക്കൊന്നും പറ്റീട്ടില്ല..."
അനൂട്ടി എല്ലാവരോടു മായി പറഞ്ഞു.
അനൂട്ടിയുടെ കൈയിൽ ഇരുന്ന് അമയ കൈവീശി.
ഡ്രൈവർ വേഗം അങ്ങോട്ട്‌ വന്നു. അമ്പതു വയസ് വരുന്ന സൗമ്യനായ മനുഷ്യൻ.
  "കുട്ടി സൈക്കിളിൽ വന്നിറങ്ങിയത് കണ്ട് ഞാൻ ബ്രേക്ക്‌ ചെയ്തതാ!ബ്രേക്ക്‌ കിട്ടിയത് കൊണ്ട് വണ്ടി അപ്പോൾ തന്നേ നിന്നു. സൈക്കിളിൽ ചെറുതായി തട്ടിയാ വണ്ടി നിന്നത്. കുട്ടിയും സൈക്കിളിലും റോഡിലേക്ക് മറിഞ്ഞതാ..."
മാളവിക വേഗം അനൂട്ടിയുടെ കൈയിൽ നിന്ന് അമയയെ വാങ്ങിയിട്ട് പുഞ്ചിരിച്ചു. അപ്പോഴാണ് അനൂട്ടിക്ക്‌ സമാധാനം ആയതു.
  "റോഡിൽ ചെറുതായി കൈമുട്ട് ഉരസിയിട്ടുണ്ട്... വേണമെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാം."
അനൂട്ടി പറഞ്ഞു.
  "ഓ.. അതൊന്നും വേണ്ട. ഞാൻ മരുന്നു പുരട്ടിക്കോളം."
  "ഞാൻ അങ്ങ് പേടിച്ചു പോയി ചേച്ചി... സോറി."
അനൂട്ടി പറഞ്ഞു.
 "തെറ്റ് ഞങ്ങളുടെ ഭാഗത്തു അല്ലേ. ഞങ്ങളാ സോറി പറയേണ്ടത്."
  "ചേച്ചിയുടെ മോളാണോ.?"
  "അതേ."
  "എന്താ കുഞ്ഞാറ്റയുടെ പേര്."
അനൂട്ടി അമയയുടെ കവിളിൽ തട്ടി.
  "അമയ." മാളവിക പറഞ്ഞു.
  "വൗ. നൈസ് നെയിം. ഞങ്ങൾ ഈ ലൈനിൽ അവസാനത്തെ വീട്ടിലാ താമസം. എന്റെ പേര് നിരഞ്ജന."
അനൂട്ടി പരിചയപ്പെടുത്തി.
  "പ്രശ്നമൊന്നും ഇല്ലലോ. എന്നാൽ പോകാം മോളെ..."
ഡ്രൈവർ ധൃതി കാണിച്ചു.
  "എല്ലാവരും ഇപ്പോഴും പേടിച്ച് നിൽക്കാ..."
പൂർണിമയെ നോക്കി അനൂട്ടി പറഞ്ഞു.
  "ആന്റി കരയുന്നല്ലോ. കുഞ്ഞാറ്റക്ക് ഒന്നും പറ്റിയില്ല ആന്റി..."
ആന്റി എന്നാ വിളി പൂർണിമയുടെ കർണം തുളച്ചു. ഞാൻ നിന്റെ പെറ്റമ്മയാ മോളെ... എന്റെ വയറ്റിലാ നീ പിറന്നത്.
മാളവിക പെട്ടെന്ന് അവസരോചിതമായി ഉണർന്നു.
  "ഇത്രയൊക്കെ സംഭവിച്ച നിലക്ക് നിരഞ്ജക്ക്‌ വീട്ടിലോട്ടു കയറിയിട്ട് പോകാം."
  "വരൂ മോളേ.."
സുമലത സ്നേഹത്തോടെ വിളിച്ചു.
  "അയ്യോ... അത് പറ്റില്ല. മോൾക്ക്‌ കോളേജിൽ പോകാൻ ഉള്ളതാ. മോള് വന്നു വണ്ടിയിൽ കയറു... ഇപ്പോ തന്നെ ലേറ്റാ..."
ഡ്രൈവർ പരിഭ്രമത്തോടെ അനൂട്ടിയുടെ അടുത്തേക്ക് ഓടിവന്നു. എല്ലാ മുഖങ്ങളിലെയും പകപ്പും അമ്പരപ്പും മാറി അവിടെ ഒരു മകളോടുള്ള സ്നേഹവാത്സല്യം തിരയടിക്കുന്നത് അനൂട്ടി കണ്ടു. മനസ് അവരോടൊക്കെ വലിച്ചു അടിപ്പിക്കുന്നത് പോലെ.
  "കോളേജിലേക്ക് അല്ലേ ഒരു പത്തു മിനിറ്റ് വൈകിയാൽ പ്രശ്നമൊന്നുമില്ല. നിരഞ്ജന വരൂ. ഞങ്ങളെ ഒക്കെ പരിചയപ്പെടാം."
മാളവിക ക്ഷണിച്ചു.
  "അത് പറ്റില്ല... മാഡം അറിഞ്ഞാൽ ആകെ പ്രശ്നമാവും. മോള് കാറിൽ കയറു."
ഡ്രൈവർ വട്ടം ചുറ്റി നിന്നു.
  "ഒന്ന് കയറിയിട്ട് പോ മോളേ. എല്ലാവരും ക്ഷണിക്കുന്നത് അല്ലേ. ഞങ്ങൾക്ക് ഇന്ന് വിശേഷപ്പെട്ട ഒരു ദിവസാ."
സുമലത അടുത്ത് വന്നു അവളുടെ കൈയിൽ പിടിച്ചു.
അനൂട്ടിയെ ഏറ്റുവാങ്ങിയ കൈകളായിരുന്നു അത്.
  "ശ്രീനി അങ്കിൾ അൽപനേരം വെയ്റ്റ് ചെയ്യു. കാർ സൈഡ് ആക്കി ഇട്.ഞാൻ ഇപ്പോ വരാം."
അനൂട്ടി ഡ്രൈവറോട് പറഞ്ഞു.
  "അത് വേണ്ട മോളേ..." അയാൾ വല്ലാതെ ഭയന്നു.
  "മമ്മി ശ്രീനി അങ്കിളിനെ വഴക്ക് പറയാതിരുന്നാൽ പോരെ. നമ്മൾ ഒരു കുട്ടിയേയാ ഇടിച്ചിട്ടത്. പറയുന്നത് കേൾക്കു."
പിന്നെ അയാൾ മിണ്ടിയില്ല.
റോഡിൽ കിടന്ന സൈക്കിൾ അപ്പു അതിനകം എടുത്തു നേരെവച്ചിരുന്നു. അവന് നിരഞ്ജനയെ മനസിലായി. അവൻ സൈക്കിൾ എടുത്ത് ഉരുട്ടി വീട്ടിലേക്കു പോയപ്പോൾ അമയ മാളവികയുടെ കൈയിൽ നിന്നു താഴെ ഇറങ്ങി പിന്നാലെ ചെന്നു.
  "നിന്നോട് ഞാൻ പറഞ്ഞത് അല്ലേ, അമ്മുക്കുട്ടി റോഡിലേക്ക് പോകരുതെന്ന്..."
അപ്പു അവളോട്‌ ചൂടായി.നിരഞ്ജന സാലഭഞ്ജിക പോലെ നിന്ന പൂർണിമയുടെ അടുത്തേക്ക് ചെന്നു. രവികുമാറിനെ ഉള്ളം തുടിച്ചു.
  "ആൻറി ഇപ്പോഴും ഷോക്ക് വിട്ടിട്ടില്ല.."
ചിരിയോടെ അവൾ പൂർണിമയുടെ കൈപിടിച്ചു. ഒരു വൈദ്യുതപ്രവാഹം ദേഹത്ത് പടർന്ന പോലെ പൂർണിമക്ക് തോന്നി.
  "മോളെ വീട്ടിലേക്ക് കൊണ്ടുവാ..."രവികുമാർ പറഞ്ഞു
  "മോളെ.." 
പൂർണിമ വിറയ്ക്കുന്ന സ്വരത്തിൽ വിളിച്ചു കൊണ്ട് അവളുടെ കൈ പിടിച്ചു.
അഖിലും മാളുവും പരിഭ്രമം ഉള്ളിൽ അടക്കാൻ കഴിയാതെ നിന്നു .അമ്മ അവളെ കെട്ടി പിടിക്കുകയോ ചുംബിക്കുകയോ ചെയ്താൽ എല്ലാ പദ്ധതികളും പൊളിഞ്ഞ് തന്നെ. അവൾ അത് ചെന്ന് നിരുപമയോട് പറയും.
   "ഒരു ശ്രദ്ധക്കുറവ് പറ്റിയാൽ എല്ലാം തീർന്നേനെ. നമ്മൾ കൂടുതൽ ശ്രദ്ധിച്ചു വേണം മുന്നോട്ടുപോകാൻ. അല്ലെങ്കിൽ എല്ലാ അവതാളത്തിലാകും കൺട്രോൾ ഉണ്ടാവണം .അങ്ങനെ ചെയ്തത് കൊണ്ടാ നമ്മുടെ മോൾ രക്ഷപെട്ടത്."
മാളവിക പറഞ്ഞത് പൂർണിമയോട് ആയിരുന്നു .എല്ലാവർക്കും അതിൻ്റെ പൊരുൾ വ്യക്തമായി.
  "മോളു പറഞ്ഞതാ അതിൻ്റെ ശരി. കൺട്രോൾ കൂടിയേ പറ്റൂ .മോൾക്ക് കോളേജിൽ പോകാൻ ഉള്ളതല്ലേ അവളുടെ മമ്മി ഈ വഴി വന്നാൽ അവളോട് ദേഷ്യപ്പെടും."
രവികുമാർ മാളവികയെ അനുകൂലിച്ചു. പൂർണിമ വേഗം കണ്ണുകൾ തുടച്ച് മന്ദഹസിച്ചു.
  "പെട്ടെന്ന് സംഭവിച്ചപ്പോൾ എൻ്റെ സമനില തെറ്റി പോയി. ഇപ്പോൾ ഞാൻ നോർമലായി വാ മോളെ."
പൂർണിമ അനൂട്ടിയെ ചേർത്തുപിടിച്ചു
നടത്തി .അവൾ ഒരു എതിർപ്പും കാണിച്ചില്ല. വീടിനകത്ത് അനുട്ടിയെ കൊണ്ടുപോയി.
  "എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മാളു..."
പല്ലവിയും വിപിനും മുറ്റത്ത് വച്ച് മാളവിക യോട് യാത്ര പറയാൻ നിൽപ്പുണ്ടായിരുന്നു.
  "ശരി ഞാൻ വിളിച്ചോളാം." മാളവികക്ക് അവരെ യാത്ര ആക്കിയാൽ മതിയെന്നായി.   "കുട്ടിയുടെ കാര്യത്തിൽ കെയർ വേണം.. തൊട്ടു മുന്നിലാ റോഡ് ." വിപിൻ ഉപദേശിച്ചു  
 "ഇനി ഇങ്ങിനെ ഉണ്ടാകില്ല വിപിൻ."
അഖിൽ പറഞ്ഞു. അവർ കാറിൽ കയറി പോയി. പൂർണിമ സെറ്റിയിൽ അനൂട്ടിയെ ഇരുത്തി .മറ്റുള്ളവർ എതിരെ ഇരുന്നു. അഖിലുംമാളവികയും അകത്തേക്ക് വന്നതും പൂർണിമ കിച്ചണിലേക്ക് ഓടി.
  "എനിക്കിത് ശരിക്കും സർപ്രൈസായി ആയി .നിങ്ങളെല്ലാവരും കൂടി എന്നെയും ശ്രീനി അങ്കിളിനെയും തല്ലിച്ചതയ്ക്കേണ്ടതായിരുന്നു. ഇപ്പോഴിതാ സ്നേഹത്തോടെ വീട്ടിൽ വിളിച്ചിരിക്കുന്നു .എന്തു നല്ല ആൾക്കരാ നിങ്ങൾ."
നിഷ്കളങ്കമായ ചിരിയോടെ അനുട്ടി പറഞ്ഞു.
  "ഞങ്ങൾക്ക് എല്ലാവരെയും സ്നേഹിക്കാനേ കഴിയു. ആരും മനപ്പൂർവ്വം തെറ്റൊന്നും ചെയ്യില്ല. " സുമലത ചിരിച്ചു.
അവളെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത് വലിയ മണ്ടത്തരം ആയിത്തീരുമെന്ന് ചിന്തയിലായിരുന്നു ഹരി ബാബു. പരിചയപ്പെടുത്തൽ കൂടി ഉണ്ടായാൽ അവൾ നടന്ന സംഭവങ്ങൾ നിരുപമയോട് പറയുമ്പോൾ എല്ലാവരുടെയും പേരുകളും പറയും.
  "എനിക്ക് ആരെയും അറിയില്ല .ഞങ്ങൾ ഇവിടെ വന്നിട്ട് കുറച്ച് ആഴ്ചകളെ ആയിട്ടുള്ളൂ .അതുവരെ മുംബൈയിലായിരുന്നു."
അനുട്ടി എല്ലാ മുഖങ്ങളിലും നോക്കി. അഖിലിന്റെ മുടിയും താടിയും കൗതുകത്തോടെയാണ് അവൾ വീക്ഷിച്ചത്.
  "നിരഞ്ജനക്ക് ഞാൻ എല്ലാവരെയും പരിചയപ്പെടുത്തി തരാം." 
മാളവികയെ അഖിൽ തറപ്പിച്ചു നോക്കി .കുഴപത്തിലേക്കാണ് മാളു പോകുന്നതെന്ന് ഹരിബാബു മനസ്സിൽ പറഞ്ഞു . രവികുമാറിൻ്റെ നോട്ടം അപ്പോഴും മകളിലായിരുന്നു. അപ്പോൾ ഒരു കപ്പ് ചായയും കേക്ക് മുറിച്ചതും ജിലേബിയുമായി പൂർണിമ തിടുക്കത്തിൽ വന്നു. എന്നിട്ട് ചായ അനൂട്ടിക്ക് കൊടുത്തു.


  "കുടിക്കു മോളെ..."പൂർണിമ അടിമുടി കോരിത്തരിക്കുകയായിരുന്നു.
  "താങ്ക്സ് ആൻ്റി."
അവൾ അല്പം ചായ രുചിച്ചു.
  "അതാണ് സോഫിയ.."പൂർണിമയെ ചൂണ്ടി മാളവിക പറഞ്ഞു. സുമലത ഹരി ബാബുവിനെ നോക്കി.അച്ഛൻ്റെ മോൾ തന്നെ.സീൻ ക്രിയേറ്റ് ചെയ്യുന്നതിൽ മിടുക്കി എന്നായിരുന്നു ആ നോട്ടം പറഞ്ഞത്.
  "സോഫിയ ആൻറിയുടെ ഹസ്ബൻ്റാ അത് പേര് ജെയിംസ് . ബിസിനസുകാരനാ." രവികുമാർ നൊമ്പരം ഉള്ളിലടക്കി ചിരിച്ചു.
  "ഹായ് അങ്കിൾ..." അവൾ കൈവീശി.   "അവരുടെ മകനാ ഇത്. പേര് വിവേക്. അതെൻ്റെ പപ്പയും മമ്മിയും.പപ്പയുടെ പേര് ജോസ് പ്രകാശ്, മമ്മി നിർമ്മല . എൻ്റെ അനിയനാ പുറത്തുനിൽക്കുന്ന അപ്പു."
  "നൈസ് ഫാമിലി..."
അനുട്ടി ചിരിച്ചു. 
 "പപ്പയും മമ്മിയും ഞങ്ങളെ കാണാൻ വന്നതാ. ഇവിടെ ഞങ്ങളാ താമസിക്കുന്നത്. വിവേകും ഞാനും ബാങ്ക് എംപ്ലോയീസ് ആണ്. പപ്പാ പ്ലാൻറാ. താമസം കാഞ്ഞിരപ്പള്ളി..."
പുറത്ത് കാറിന്റെ ഹോൺ കേട്ടു.
"മോള് ഏതു കോളേജിലാ പഠിക്കുന്നത്.." അഖിൽ ചോദിച്ചു.
കോളേജിൻ്റെ പേര് പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി. "ഡിഗ്രിക്ക് ആണോ"
" യെസ്... ഇംഗ്ലീഷ് ലിറ്ററേച്ചർ"
 ഉറപ്പായും അവൾ നിഖിലയുടെ മുന്നിൽ അവൾ ചെന്നുപെട്ടിട്ട് ഉണ്ടാകുമെന്ന് എല്ലാവർക്കും ഉറപ്പായി.
" വീട്ടിൽ ഞാനും മമ്മിയും മാത്രമേയുള്ളൂ. മമ്മിയുടെ പേര് നിരുപമ.ഡാഡി എനിക്ക് നാലു വയസ്സുള്ളപ്പോൾ മരിച്ചുപോയി."
അനൂട്ടി പറഞ്ഞു .
മമ്മി എന്തു ചെയ്യുന്നു എന്ന് അവർ ചോദിക്കും എന്ന് അവൾ കരുതിയെങ്കിലും അതുണ്ടായില്ല. അവൾ പറയാതെ ഇരുന്നപ്പോൾ  എല്ലാവർക്കും അവളോട് മതിപ്പ് തോന്നി. പൂർണിമ അല്പം ജിലേബി അടർത്തിയെടുത്ത് കൊടുത്തു.
 " മധുരം കഴിക്കു മോളെ . ആദ്യമായി മോൾ എന്റെ അടുത്ത് വന്നതല്ലേ !."
വാ തുറന്ന് അവൾ അത് സ്വീകരിച്ചു .
 "താങ്ക്യൂ ആൻ്റി."
 പൂർണിമയുടെ മിഴികൾ നനഞ്ഞു .
 "ഞങ്ങളെ കണ്ടിട്ട് നിരഞ്ജനക്ക് ആരോടാ കൂടുതൽ ഇഷ്ടം തോന്നിയത്."
 മാളവിക കുസൃതി ചിരിയോടെ ചോദിച്ചു.  "എല്ലാവരെയും ഇഷ്ടമായി."
 അവൾ പറഞ്ഞു.
 "എങ്കിലും ഒരു ഇൻന്റിമസി തോന്നിയ ആരുമില്ലേ."
 മാളവിക വിടാൻ ഭാവമിരുന്നില്ല.
 " അത് സോഫിയ ആൻ്റിയോടാ..."
 അവൾ ചിരിച്ചപ്പോൾ പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്നതുപോലെ രവികുമാറിന് തോന്നി.ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തരം തൻ്റെ മകളെ കൈവിട്ടു കളഞ്ഞതാണ്. പൂർണിമ അനുട്ടിയുടെ കൈയെടുത്ത് തഴുകി.
" മോൾക് വീട്ടിൽ വിളിക്കാൻ വേറെ എന്തെങ്കിലും പേരുണ്ടോ?"
പൂർണ്ണിമ ചോദിച്ചു.
  "ഉണ്ട് അനൂട്ടി എന്നാ മമ്മി വിളിക്കുന്നത്. ഡാഡിയാ എനിക്ക് ആ പേര് ഇട്ടത്. ജയദേവൻ എന്ന ഡാഡിയുടെ പേര് .ഡാഡി സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട് .എനിക്ക് ചെറിയൊരു ഓർമ്മയുള്ളൂ. ഞാൻ ജനിക്കുമ്പോൾ ഡാഡി ഒരു ആക്സിഡൻറ് പെട്ട രണ്ട് കാലുകളും നഷ്ടപ്പെട്ടിരുന്നു. പിന്നെ വീൽചെയറിലാ ഡാഡി ജീവിച്ചത്. അപ്പോഴാ സ്ക്രിപ്റ്റ് എഴുതുന്നത്.അച്ഛന്റെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ."
 കൗതുകത്തോടെ അവൾ അവരെ നോക്കി.
"സിനിമയൊക്കെ വല്ലപ്പോഴും കാണുമെന്ന് അല്ലാതെ അതിനു പിന്നിലുള്ളവരെ ഒന്നും അറിയില്ല മോളെ."
പറഞ്ഞു സുമലത പറഞ്ഞു.
അപ്പോഴും അവൾ മമ്മിയുടെ പ്രൊഫഷൻ പറയാത്തത് അവരെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. വീണ്ടും കാറിൻ്റെ ഹോൺ കേട്ടു.
"ശ്രീനി അങ്കിളിനു മമ്മിയെ പേടിയാ."
 അവൾ എഴുന്നേറ്റു.


"ഇവിടെ നടന്നതൊന്നും മമ്മിയോട് പറയേണ്ട.പാവം ഡ്രൈവറുടെ പണി പോയെന്ന് വരും."
 സുമലത പറഞ്ഞു.
" ഇല്ല ആൻ്റി. പാവം പേടിച്ച്  വിറച്ചിരിക്യാ."
അവൾ പറഞ്ഞു "എന്നാൽ ഇനിയും കാണാം "
അവൾ നടന്നപ്പോൾ കൂടെ പൂർണിമയും കൂടെ ചെന്നു. സിറ്റൗട്ടിൽ അപ്പു നിൽപ്പുണ്ട്. അമയ സൈക്കിളിലായിരുന്നു.
"കുഞ്ഞാറ്റേ ആൻ്റി പോട്ടെ.."
 അവൾ തലയാട്ടി ചിരിച്ചു.മുറ്റത്ത് ഇറങ്ങിയപ്പോൾ അനൂട്ടി പൂർണിമയോട് പറഞ്ഞു.
"സോഫി ആൻ്റി വരണ്ട.ഞാൻ പൊയ്ക്കോളാം."
മോളെ കയറ്റി വിട്ടിട്ടെ ആൻ്റി തിരിച്ചുപോകും."
ഗേറ്റിനോട് ചേർന്ന് കാർ കിടപ്പുണ്ടായിരുന്നു.
അനൂട്ടി പിൻ സീറ്റിൽ കയറി ഗ്ലാസ്സ് താഴ്ത്തി.
 "പോട്ടെ ആൻ്റി. അവൾ കൈവീശി."
 അവളുടെ കയ്യിൽ പൂർണിമ പിടിച്ചു. അമ്മയും മകളും തമ്മിലുള്ള ഉള്ള ആത്മബന്ധം പകർന്നു നൽകുകയായിരുന്നു.
" ഇങ്ങോട്ട് വരണേ മോളേ ...അമ്മ ഇവിടെയുണ്ട് ." പൂർണിമയുടെ കണ്ഠo ഇടറി.
അമ്മ എന്ന വാക്ക് അനൂട്ടിയുടെ മനസ്സിൽ സ്പർശിച്ചു. 
"ഉറപ്പായും വരാം."
കാർ നീങ്ങുമ്പോൾ അവൾ കൈവീശി. പൂർണ്ണിമയും കൈവീശി. കാർ  മറഞ്ഞപ്പോൾ വിലപ്പെട്ടതെന്തോ കൈമോശം വന്ന അനുഭവമായിരുന്നു പൂർണിമക്ക് .മുഖം തുടച്ച് വീട്ടിലേക്ക്  കയറിവന്നു.
 "ആൻ്റി,അത് നിരുപമയുടെ മകൾ  നിരഞ്ജന അല്ലേ?"
 അപ്പു ചോദിച്ചു.
പൂർണിമ ഒന്ന് പതറി. "എനിക്ക് അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായി. നിങ്ങൾ അവളോട് സംസാരിക്കുന്നത് ഒക്കെ ഞാൻ സിറ്റൗട്ടിൽ നിന്ന് കേട്ടു."
" നീ എന്തു കേട്ടെന്ന.?"
മാളവികയും അഖിലും അങ്ങോട്ട് വന്നു. 
"ചേച്ചി എന്തിനാ അവളോട് കള്ള പേര് പറഞ്ഞത്? ചേച്ചിക്ക് എൻ്റെ അച്ഛനെ പരിചയപ്പെടുത്താൻ ജോസ് പ്രകാശ് എന്ന  പഴയ വില്ലൻ പേരെ കിട്ടിയുള്ളോ?"
അഖിലിന് ചിരി വന്നു.
"അപ്പു.. നീ ആവശ്യം ഇല്ലാത്ത കാര്യത്തിൽ തല ഇടണ്ട..."
പൂർണിമ കരച്ചിൽ അടക്കി അകത്തേക്ക് ഓടി പോയി.
  "എന്താ... എന്താ..."
ഹരിബാബുവും സുമലതയും അവിടെ എത്തി.
 "നിരുപമയുടെ ഇന്റർവ്യു ഡൌൺലോഡ് ചെയ്തു കണ്ടവരാ നിങ്ങളൊക്കെ. എന്നിട്ടും ഒന്നും അറിഞ്ഞതായി ഭാവിക്കാതെ പേര് മാറ്റി മാറ്റി പറഞ്ഞു അവളെ സൽക്കരിച്ചു. അച്ഛൻ സിനിമയിൽ കൊണ്ട് വന്നതാ നിരുപമയെ. അച്ഛനും അറിയാം, നിരഞ്ജന ആരാണെന്ന്. എന്നിട്ടു ചേച്ചി അച്ഛനെ പ്ലാന്റർ ആക്കി. ഇതിലൊക്കെ കള്ളകളി ഉണ്ട്. നിരുപമ അടുത്ത് തന്നെ ഉണ്ടലോ. ഞാനത് പൊളിച്ചു തരാം."
അപ്പു വെല്ലുവിളി മുഴക്കി. ആ സമയം രവികുമാറിന്റെ നെഞ്ചിൽ വീണു പൂർണിമ പൊട്ടി കരയുകയായിരുന്നു.
  "ദൈവം നമ്മുടെ മോളേ മുന്നിൽ കൊണ്ട് വന്നു നിർത്തി തന്നു രവിയേട്ട... എനിക്കവളെ വേണം... എന്റെ മാത്രം മോളായി..."

(തുടരും.)

read more: https://emalayalee.com/writer/217

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക