Image

ടി പി കതിർമണി (കഥ: ബിനു അലക്സ് )

Published on 07 May, 2022
ടി പി കതിർമണി (കഥ: ബിനു അലക്സ് )

വാട്സാപ്പ് ഗ്രൂപ്പിൽ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയ ബാല്യകാല സുഹൃത്തുക്കൾ ശബരിയും  മുത്തുവും .

ശബരി  ഒരു ദിവസത്തെ ചർച്ചക്കിടെ  മുത്തുവിനോട്  ചോദിച്ചു ഡാ മുത്തു  നിന്റെ കളിക്കൂട്ടുകാരി ടി പി കതിർമണി  ഇപ്പോൾ എവിടെയാ.

നീ അവളെ പിന്നെ കണ്ടിട്ടുണ്ടോ?

മുത്തു  അമ്പരന്നു പോയി.

പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഹോസ്റ്റലിൽ തന്റെ സഹമുറിയാനായിരുന്ന ശബരിയോട്  40 വർഷങ്ങൾക്ക് മുൻപ് നടത്തിയ യാദൃച്ഛിക സംഭാഷണത്തിലെ പെൺകുട്ടിയുടെ പേര് ഇനിഷ്യൽ സഹിതം  അവൻ ഓർത്തിരിക്കുന്നു

പറഞ്ഞ ആളെക്കാൾ നന്നായി കേട്ട ആൾ  ഓർത്തിരിക്കുന്നു.

 എടാ മുത്തു പ്രണയം കൊണ്ട് മുറിവേൽക്കാത്ത ആരാണുണ്ടാവുക?എത്രമാത്രം നെടുവീർപ്പുകളാകും ഈ ആൺ കലാലയത്തിൽ അലയടിക്കുക ശബരി പറഞ്ഞു.

പക്ഷെ മുത്തുവിന്റെ മുൻപിൽ ബാല്യകാല സ്മരണകളുടെ വസന്തകാലം പറന്നിറങ്ങുകയായിരുന്നു. 42 വര്ഷങ്ങള്ക്കാപ്പുറത്തു നിന്നും കതിർമണി ക്ഷണനേരംകൊണ്ട് മുന്നിലേക്കെത്തി നാണിച്ചു നിന്നു .

സ്കൂൾ യൂണിഫോം ആയ പഴം കളർ ഉടുപ്പും നീല നിറമുള്ള ഹാഫ് പാവാടയും.

കുറിയും തൊട്ടു മുടിയിൽ പിച്ചിപ്പൂവും ചൂടി അവൾ അടുത്തെത്തുമ്പോൾ അവളെ ആരും കേൾക്കാതെ ചുന്ദരി എന്ന് വിളിച്ചിട്ടുണ്ട്.

അവൾക്ക് പിച്ചിപ്പൂവിന്റെ മണമായിരുന്നു.

 മുത്തുവിന്റെ കണ്ണുകൾ വിടർന്നു മുഖം തിളങ്ങി.

 അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വണങ്ങി എട്ടാം ക്ലാസ്സിലെ ആദ്യ ദിവസം പുതിയ സ്കൂളിലേക്ക് നടന്നു.

മഞ്ഞു മൂടിയ മലമടക്കുകളിൽ നിന്നും അരിച്ചിറങ്ങുന്ന ചെറിയ തണുപ്പിൽ നിന്നു രക്ഷപെടാൻ യൂണിഫോമിന്റെ പുറത്തു ചുമന്ന ഷാൾ പുതച്ചു സ്കൂൾ കവാടത്തിലെത്തി. 

അധികം നടക്കുന്നതിനു മുൻപ് അച്ഛന്റെ കൂട്ടുകാരൻ പളനിയുടെ മകൻ രവി പിറകിൽ നിന്ന് വന്നു പുറത്തു തട്ടിക്കൊണ്ടു ചോദിച്ചു എന്താ മുത്തു നീ എന്നെ മറന്നോ? 

നടക്കുന്നതിനിടയിൽ വേറെ കൂട്ടുകാരോടൊക്കെ  രവി പറയുന്നുണ്ടായിരുന്നു ഇത് മുത്തു, എന്റെ പ്രിയ തോഴൻ

ഇനി മുത്തു  നമ്മുടെ സ്കൂളിലാ പഠിക്കുന്നത്.

 സ്‌കൂൾ ഗ്രൗണ്ടിൽ കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. ചിലർ തല്ലുകൂടുന്നു. അതിനിടയിൽ ഏറു പന്ത് കളിക്കുന്ന ഒരുത്തന്റെ ഏറു കൊണ്ടത് മുത്തുവിന്റെ പുറത്ത്.

ഉള്ളിൽ കല്ല് വച്ച് പൊതിഞ്ഞു കെട്ടിയ പന്തിന്റെ ഏറുകൊണ്ട് മുത്തുവിന്റെ പുറം വേദനകൊണ്ട് പുളഞ്ഞു. തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് താഴെ വീണു. അവന്റെ കണ്ണിൽ പൊന്നീച്ച പറന്നു.

 പെട്ടെന്നാണ് അത് സംഭവിച്ചത്. അവൾ കതിർമണി ഓടിയെത്തി മുത്തുവിന്റെ താഴെ വീണ ബാഗെടുത്തു അവനെ ആശ്വസിപ്പിച്ചു. ഈ ബാഗ് ഞാനെടുത്തോളാം എന്ന് പറഞ്ഞു അവൾ കൂടെ നടന്നു.

നടക്കുമ്പോൾ അവളുടെ വെള്ളിക്കൊലുസ് കിലുങ്ങിക്കൊണ്ടിരുന്നു. കുപ്പിവളകളും കൂട്ടിമുട്ടി ചിണുങ്ങി.

ബാഗും തൂക്കി മുന്നിൽ നടക്കുന്ന ചുന്ദരിയോട് മുത്ത് ചോദിച്ചു. "എന്താ കുട്ടിയുടെ പേര്?"

അവൾ തിരിഞ്ഞു നോക്കി. അവളുടെ കണ്ണിലെ തിളക്കം മുത്തുവിന്റെ കണ്ണുകളെ ഒന്ന് ചിമ്മി അണപ്പിച്ചു.

ഞാനോ ...... ഞാൻ ..... കതിർമണി.

ഒരു. ഒരു ചെറു തണുപ്പുള്ള ഇളംകാറ്റ് പ്രണയഗാനം പോലെ അവന്റെ ചെവികളെ തഴുകി വരുന്നത് അവൻ അറിഞ്ഞു. അവന്റെ ചങ്കിലെ ചൂടിൽ അത് അലിഞ്ഞു ചേർന്നു.

കതിർമണി ....

അവന്റെ ചുണ്ടുകൾ അതേറ്റുപറഞ്ഞത് അവനറിഞ്ഞില്ല.

ഇതാണ്  മുത്തു നിന്റെ ക്ലാസ് റൂം   എന്ന് പറഞ്ഞു ശബരി അവന്റെ ക്ലാസ്സിലേക്ക് പോയി.

കതിർമണി മുത്തുവിന്റെ ബാഗ് തിരികെ കൊടുത്തിട്ടു  തിരിഞ്ഞു നടന്നു. മുത്തു അവളെ തന്നെ നോക്കി നിന്നു.

കതിർമണി പോകുന്ന പോക്കിൽ പല പ്രാവശ്യം തിരിഞ്ഞു നോക്കുന്നത് മുത്ത് കണ്ടു. അവന്റെ ഹൃദയം പ്രണയാർദ്രമായി.

പിറ്റേ ദിവസം രാവിലെ മുത്തുവും കതിർമണിയും സ്‌കൂൾ ഗേറ്റിൽ വീണ്ടും കണ്ടുമുട്ടി. കണ്ണും  കണ്ണും പറയാൻ തുടങ്ങിയ കഥകൾ ചുണ്ടുകളിലേക്കു വഴിമാറി.

പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാവിലെയും വൈകിട്ടും സ്‌കൂളിൽ വരുന്നതും  തിരികെ വീട്ടിലേക്കു പോകുന്നതും അവരൊരുമിച്ചു.

കഥകൾ പറഞ്ഞു ചിലപ്പോൾ അവൾ മുൻപേ നടക്കും. അവളുടെ കാർകൂന്തലിൽ താമസമാക്കിയ പിച്ചിയുടെയും കനകാമ്പരത്തിന്റെയും പൂവുകളെ  തഴുകിഎത്തുന്ന ഇളംകാറ്റിനെ ഉമ്മവച്ചു അവൻ പിറകെയും.

പ്രകൃതിരമണീയമായ ഗ്രാമ വഴികളിലൂടെ നടക്കുമ്പോൾ വൃക്ഷലതാതികൾ ഇലപൊഴിച്ചു അവർക്കു പരവതാനി വിരിച്ചു. പൂമ്പാറ്റകൾ അവർക്കു ചുറ്റും പാറിപ്പറന്നു വെഞ്ചാമരം വീശി. പക്ഷികൾ മധുരമാം പ്രണയഗാനങ്ങൾ പാടി.

അവർ നളനെയും ദമയന്തിയെയും പോലെ റോമിയോയെയും ജൂലിയറ്റിനെയും പോലെ ഷാജഹാനെയും മുംതാസിനെയും പോലെ അല്ലെങ്കിൽ അതിനും മേലെ

അനശ്വര പ്രണയത്തിന്റെ തിരമാലകളിൽ ഊഞ്ഞാലാടി പറന്നുയർന്നു സ്വര്ണമേഘത്തേരിലേറി അനന്തവിഹായസ്സിൽ വിഹരിച്ചു.

കടലിനെ മുത്താൻ വെമ്പുന്ന സൂര്യനെപ്പോലെ അവനും ഉദയ സൂര്യന്റെ കിരണങ്ങളിൽ ജ്വലിച്ചു നിൽക്കിന്ന  ഭൂമികയായി അവളും.

മൂന്ന് വര്ഷം കടന്നു പോയി. പത്താം ക്‌ളാസിൽ പിരിയണം. കൂട്ടുകാർ പരസ്പരം ഓട്ടോഗ്രാഫ് കൈമാറുന്നു. അവളുടെ ഓട്ടോഗ്രാഫിൽ  അവനെഴുതി

"ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ........."

അവൾ ഇങ്ങനെയെഴുതി

"ആരാമത്തിലെ പൂവാണ് ഞാൻ .... വണ്ടാണ് നീ...."

അവസാന ദിവസത്തെ പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞു അവർ പിരിഞ്ഞു.

വേനലവധിക്കാലത്തു വീട്ടിലിരുന്നു ഓട്ടോഗ്രാഫ് മറിച്ചു നോക്കുമ്പോൾ അവന്റെ ഹൃദയം മിടിക്കുകയായിരുന്നു അവളെ ഒരു നോക്ക് കാണാൻ

ആൺ കലാലയത്തിലെ ഹോസ്റ്റലിലെ സഹമുറിയാനായ ശബരിയോട് ടി പി കതിര്മണിയെക്കുറിച്ചു പറയുമ്പോൾ നൂറു നാക്ക് ഉണ്ടായിരുന്നു എങ്കിലും അത് അവൻ മറച്ചു പിടിച്ചു.

പിന്നെയും മൂന്നു വർഷങ്ങൾ കഴിഞ്ഞു ഡിഗ്രി പഠനവും കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ
 പോസ്റ്റുമാൻ കൊണ്ടുവന്ന  കത്ത് വായിച്ച അവന്റെ കണ്ണുകൾ നിറയുന്നത്  വീട്ടിലുള്ളവർ കാണാതിരിക്കാൻ അവൻ പാടുപെട്ടു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു

പ്രിയ സുഹൃത്തേ നിന്റെ  ഹൃദയത്തിൽ കാത്തു  സൂക്ഷിച്ച കസ്തൂരി മാമ്പഴം  കൊത്തിയെടുത്ത് ഒരുവൻ സൂര്യൻ മുത്താൻ  വെമ്പിയ ഏഴാം കടലിനു അക്കരക്കു പറന്നിരിക്കുന്നു.  നീ എന്നും എന്റെ പ്രിയ തോഴൻ ആയിരിക്കും. നിരാശയുടെ വെണ്ണീറിൽ കരിഞ്ഞമർന്നാലും നിന്നെ ഞാൻ മറക്കില്ല .

മുത്തു പിന്നീട് കതിർമണിയെ കാണാൻ ശ്രെമിച്ചിട്ടേയില്ല.  പ്രണയത്തിന്റെ മുറിപ്പാടുകൾ കാലം ഉണക്കുന്നു.
ചിരിച്ചുകൊണ്ട് ശബരിയുടെ മുഖത്തു നോക്കി പറഞ്ഞ ടി പി കതിർമണി 40  വര്ഷങ്ങള്ക്കു ശേഷം ഇന്ന് പുനർജനിച്ചിരിക്കുന്നു.

 ശബരിയുമായുള്ള സംഭാഷണത്തിന് ശേഷം മുത്തുവിന് ഉറങ്ങാൻ കഴിഞ്ഞില്ല....

 അവൻ എഴുതി

അടുക്കാൻ കൊതിക്കുന്ന എന്നെ നീ
വെറുത്തില്ലേ നിന്റെ ഹൃദയത്തിൽ
അകലാൻ വെമ്പുന്ന   കതിർമണി നിന്നെ ഞാൻ
വിളിക്കില്ല തിരികെ ഒരിക്കലും

വിടരാൻ കൊതിക്കുന്ന മൊട്ടിന്റെ വിങ്ങൽ
അത് മാത്രമാണെൻ മോഹമെന്നും
വിടർന്നു വിലസുന്ന പൂവിന്റെ ആളൽ
തെല്ലുമേയില്ലെൻ മനസ്സിലിന്നും

എന്നിഷ്ടമെന്തെന്നറിഞ്ഞില്ല നീ സഖീ
എങ്കിലും നിന്നിഷ്ടമായിരുന്നെന്നിഷ്ടവും
ആ ഇഷ്ടങ്ങളായിരുന്നെന്നുമെൻ   പ്രണയവും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക