MediaAppUSA

നെഞ്ചിലിരുന്ന് ഇപ്പോഴും വിസിലടിക്കുന്നവർ (മെഡിക്കൽ ഡയറി - 2 - ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 07 May, 2022
നെഞ്ചിലിരുന്ന് ഇപ്പോഴും വിസിലടിക്കുന്നവർ (മെഡിക്കൽ ഡയറി - 2 - ഡോ. കുഞ്ഞമ്മ ജോർജ്ജ് )

ഒരു 'വിസിൽ,' അപകടകാരിയെന്ന് നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?
ചില നിമിത്തങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്നാൽ ഇതൊന്നു നോക്കിയേ. 
ഒന്നും അങ്ങിനെ വെറുതെ സംഭവിക്കുന്നില്ല, ഒരു സൗഹൃദം പോലും.
1997നു മുൻപാണ് സംഭവം. അത്ര മാത്രം ഉറപ്പിച്ചു പറയാം. ഒരു ട്വീന്റി ഫോർ ഹൗർ ഡ്യൂട്ടി കഴിഞ്ഞ് പിറ്റേന്നു രാവിലെ അടുത്ത ഡ്യൂട്ടി ഡോക്ടർക്കു ഡ്യൂട്ടി കൈമാറി സ്ഥലം വിടാൻ ഞാനും വനജയും മെയിൻ ഓപ്പറേഷൻ തീയേറ്ററിനടുത്തുള്ള ഡ്യൂട്ടി റൂമിൽ ഇരിക്കുന്നു. Dr. ലുക്കോസ് ആണ് അടുത്ത ഡ്യൂട്ടി മെഡിക്കൽ ഓഫീസർ.ആളു ചേർത്തലയിൽ നിന്നാണ് വരവ്. വളരെ സമയനിഷ്ഠയുള്ള ആൾ.

Dr. വനജ ആരാണെന്നല്ലേ? സഹഡ്യൂട്ടിക്കാരി, അന്നേസ്തെഷ്യ പി. ജി. , ഹോസ്റ്റൽ വാസിയാണ്. 
തലേന്ന് രാത്രിയിൽ ഉറങ്ങാൻ പറ്റിയിരുന്നില്ലെങ്കിലും കാര്യമായ കോംപ്ലിക്കേറ്റഡ് കേസുകൾ ഇല്ലായിരുന്നു.  ഉറക്കമിളപ്പ് പതിവായതു കൊണ്ട് എനിക്കിപ്പോഴും 'രാത്രി ഉറങ്ങിയില്ലേ ' എന്ന പരാതിയില്ല. സമയം 7.45 am. പ്രധാന ഓപ്പറേഷൻ തീയേറ്ററിലേക്കുള്ള എല്ലാവിഭാഗം ആൾക്കാരും എത്തിത്തുടങ്ങി. വരുന്നവർ വരുന്നവർ വേഷം മാറി OT ഡ്രസ്സ്‌ ഇട്ട് തീയറ്ററിലേക്ക് നീങ്ങാൻ തുടങ്ങി. "ഡ്യൂട്ടി എങ്ങിനെ ഉണ്ടായിരുന്നു "എന്ന ഒരു ചെറിയ കുശലം ചോദിക്കുവാനേ സമയമുള്ളൂ. എട്ടുമണി എന്നൊരു സമയമുണ്ടെങ്കിൽ ഞങ്ങൾ അന്നേസ്തെഷ്യ ഡോക്ടേഴ്സ് രോഗിയെ തിയേറ്ററിൽ കയറ്റി മയക്കിയിരിക്കും. സർജൻ അക്ഷമനാകുന്നതിനു മുൻപേ patient ഓപ്പറേഷൻ ടേബിളിലിൽ റെഡി ആയിരിക്കും. മിനിറ്റുകൾക്കകം സർജൻ കത്തി വച്ചിരിക്കും. ഇതാണ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഒരു രീതി.

മാക്സിമം കേസ് ചെയ്തു തീർക്കുക, ഒന്നും  postpone ആകാതെ നോക്കുക. എന്നാലും അങ്ങിനെ സംഭവിക്കാറുണ്ട്. അതിന്റെ കുറ്റം മുഴുവൻ മിക്കവാറും ഞങ്ങൾ മയക്കു ഡോക്ടർമാരുടെ തലയിലാണ് കെട്ടി വയ്ക്കാറ്. 
ഇന്ന് കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. HDC (hospital development committee )വഴിയൊക്കെ കോൺട്രാക്ട് ബേസിസിൽ കൂടുതൽ ഡോക്ടേഴ്സ്സിനെ പോസ്റ്റ്‌ ചെയ്ത് ഈ പ്രശ്നങ്ങൾക്ക് ശമനം വന്നിട്ടുണ്ട്.
ദാ , ഡോക്ടർ. ലുക്കോസ് എത്തിക്കഴിഞ്ഞു. ഞങ്ങൾക്കിടയിൽ ചെറിയൊരു കുശലപ്രശ്നം. എന്തെങ്കിലും കേസ് pending ഉണ്ടോ, icu പ്രശ്നം, extubate ചെയ്യാനുണ്ടോ, epidural top ups, remove ചെയ്യാൻ ഇത്തരം ചില അന്വേഷണങ്ങൾ. അതു വേണമല്ലോ. ലുക്കോസ് പെട്ടെന്നു change ചെയ്തു തീയേറ്ററിനുള്ളിലേക്ക് പോയി. അവിടെ regular ടേബിളിൽ ലുക്കോസും posted ആണ്‌...
ഞാനും വനജയും പോകാനുള്ള തയ്യാറെടുപ്പിലായി. ഡ്യൂട്ടി ബാഗും തോളിൽത്തൂക്കി പടികൾ ഒന്നൊന്നായി ഇറങ്ങിത്തുടങ്ങി.. അഞ്ച്, ആറു പടികൾ ..
ഡ്യൂട്ടിറൂമിലെ ഫോൺ ബെല്ലടിക്കുന്നു. ഞങ്ങൾ രണ്ടുപേരും ഞൊടിയിട സംശയിച്ചുനിന്നു. തിരിച്ചു കയറി ഫോൺ എടുക്കണമോ. അവിടെ മാറ്റാരുമില്ല. തീയേറ്ററിനുള്ളിലും ഫോൺ ഉണ്ട്‌. അതടിച്ചാൽ ആരെങ്കിലും എടുക്കും, വേണ്ടപ്പെട്ടവരെ വിവരമറിയിക്കും. എന്നാലും എനിക്കൊരു അപകടസൂചനപോലെ തോന്നി. ചിലപ്പോൾ വല്ല എമർജൻസി ഇന്റുബേഷൻ വല്ലതും?? 
ഇതിൽ സമയമാണ് പ്രധാനം. ആ ഫോൺ എടുക്കണമെന്ന് എന്റെ മനസ്സ് വല്ലാതെ ശഠിച്ചു."വനജ നിൽക്ക്, ഞാനിപ്പോ വരാം"
ഇറങ്ങിയ പടികൾകയറി ഞാൻ ഫോൺ എടുത്തു. അന്നേസ്തെഷ്യ ഡ്യൂട്ടി എം. ഒ അല്ലേ, ENT തീയേറ്ററിൽ നിന്നാണ്. ഒരു airway obstruction, എട്ടു വയസ്സുകാരൻ .. തൊണ്ടയിൽ foreign body. 
കുട്ടി struggle ചെയ്യുന്നു, ഓടി വരണം. 
ഞങ്ങൾ lift ഒന്നും നോക്കി നിൽക്കാതെ OP കോംപ്ലക്സിനു മുകളിലുള്ള ENT ഒ.ടി. യിലേക്ക് പറന്നു. Dress പോലും change ചെയ്യാതെ ഞാൻ സാരിക്കു മേൽ ഒരു OT ഡ്രസ്സ്‌ ഇട്ടു. തീയേറ്ററിനുള്ളിലേക്ക് കടക്കും മുൻപ് കേട്ടു , വിസിൽ അടിക്കും പോലെ ഒരു ശബ്ദം. കൃത്യമായ ഇടവേളകളിൽ. ENT doctors മുഴുവൻ അവിടെയുണ്ട്. പയ്യൻസ് ഓപ്പറേഷൻ ടേബിളിൽ ഭയന്ന് വിറച്ചു കിടന്നു.. 
ENT ക്കാർ air way specialists ആണ്‌. പ്രതാപൻ സാർ, Dr. Joe jacob, Dr. John മത്തായി, Dr. Shibu ഇവരെ ഒക്കെ ഞാൻ ഒറ്റ നോട്ടത്തിൽ കണ്ടു. അവർ അവന് oxygen face mask വഴി കൊടുക്കുന്നുണ്ട്. സംഭവം ,ഒരു പെൻസിലിന്റെ അറ്റത്തു fit ചെയ്തു വച്ചിരുന്ന വിസിൽ കുഞ്ഞിന്റെ ഉള്ളിൽ കടന്നു. തൊണ്ടയിൽ കുരുങ്ങി. അവന്റെ ഓരോ ശ്വാസത്തിനും വിസിലടിക്കുന്ന ശബ്ദം. അപകടം അതല്ല , ശ്വാസം പുറത്തേക്കു പോകുന്നില്ല. അതാണ്‌ കുഞ്ഞ് struggle ചെയ്യുന്നത്. ഇതപകടമാണ്. ലങ്സിനുള്ളിൽ കെട്ടികിടക്കുന്ന air പുറത്തു പോകേണ്ടിയിരിക്കുന്നു. കുട്ടിയാണ്. മയക്കാതെ procedure ചെയ്യാനാവില്ല. Larynx (wind pipe )ന്റെ ഓപ്പണിങ് ലെവലിൽ ആണ്‌ വിസിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇന്റുബേഷൻ അസാധ്യം. എല്ലാത്തിനും alternative techniques ഉണ്ടാകുമല്ലോ? ഉണ്ടാകണം. Tracheostomy ആണ്‌ ഒന്ന് . Wind pipe ന് അൽപ്പം താഴെ ഒരു ദ്വാരം ഉണ്ടാക്കി ഈ വിസിലിനെ ബൈപാസ് ചെയ്യുക. 
അതിനും കുട്ടി കിടന്നു തരുമോ? ഈയൊരാവസ്ഥയിൽ കുട്ടിയെ സെഡേറ്റ് ചെയ്യുന്നതും അപകടമാണ്. നീഡിൽ ക്രൈകോതൈറോടോമി,ഒരു വൈഡ് ബോർ needle ഞങ്ങൾ wind പൈപ്പിലേക്കു കടത്തി. അപ്പോൾ തന്നെ സൈക്കിൾ ടയറിലെ കാറ്റഴിച്ചു വിട്ടപോലെ ശ്വാസകോശത്തിനുള്ളിലെ air പുറത്തേക്കു പോയി. ഈ നീഡിലിന്റെ അറ്റത്തു തന്നെ paediatric anaesthesia circuit connect ചെയ്തു കുഞ്ഞിനു മയക്കു കൊടുത്തു. പ്രതാപൻ സാർ endoscopy ചെയ്തു. Plastic വിസിൽ ആണ്‌. ആദ്യത്തെ attempt ന് അതു slip ആയി , അല്പമൊന്നിളകിമാറി. രണ്ടാമത്തെ പരിശ്രമത്തിൽ വിസിൽ - foreign body , forceps ന്റെ ചുണ്ടിൽ കുരുങ്ങി പുറത്തേക്കു വന്നു. നല്ല throat suction കൊടുത്തു പയ്യൻസിനെ മയക്കത്തിൽ നിന്നും പുറത്തു കൊണ്ടു വന്നു. അവന്റ ഭയപ്പാട് അപ്പോഴും മാറിയിരുന്നില്ല.
നോക്കുമ്പോൾ ഞങ്ങളുടെ മറ്റൊരു ഡോക്ടർ റാണി എന്റെ പുറകിൽ. 
Dr. റാണി വന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. എങ്ങിനെ അറിയാൻ, ശ്വാസം പിടിച്ചു മുള്ളേൽ നിൽക്കുന്ന പോലത്തെ ഒരു നിൽപ്പല്ലായിരുന്നോ. 
ഞങ്ങൾ ഡ്യൂട്ടി ഓഫുകാർ ENT OT യിൽ അകപ്പെട്ട കാര്യം ഞങ്ങളുടെ പ്രൊഫ. Dr  Rajamma മാഡം എങ്ങിനിയോ അറിഞ്ഞിരുന്നു. ഞങ്ങളെ റിലീവ് ചെയ്യാൻ മാഡം റാണിയെ അയച്ചതാണ്. ഞാൻ പറഞ്ഞു കുട്ടിയെ shift ചെയ്തിട്ടേ ഞാൻ പോകുന്നുള്ളൂ. തുടങ്ങിയതല്ലേ, ഇറക്കിയിട്ടു പോകാം. അതൊരാശ്വാസം കൂടിയാണ്. അല്ലെങ്കിൽ പോകുന്ന വഴിയൊക്കെ ഒരു വിചാരം കൂടെ നടക്കും.... കുട്ടിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ ഇല്ലല്ലോ എന്ന്.
വിസിൽ അത്ര വൃത്തിയുള്ള ഒന്നല്ലല്ലോ, പോരെങ്കിൽ കുടുങ്ങിയത് larynx ന്റെ opening ൽ. അതു കൊണ്ട് ആന്റിബയോട്ടിക്‌സ് ഉപദേശിച്ചു. കുറച്ചു മുറിവുകൾ larynx നു ചുറ്റും വരാൻ ഇടയുണ്ട്. അതു കൊണ്ട് laryngeal നീർക്കെട്ട് വരാതിരിക്കാൻ intra venous steroids കൊടുക്കേണ്ടി വന്നു. എല്ലാം ശുഭം.

Doctors ന്റെ പേരു വെളിപ്പെടുത്തിയത് ഇതൊരു സംഭവ കഥ എന്നതിന് തെളിവായിട്ടാണ്.കുട്ടിയുടെ പേര് ഓർമയില്ല. കോട്ടയത്ത് ആർപ്പൂക്കരക്കാരൻ തന്നെ. അവൻ casualty യിൽ  വന്ന സമയം, അവിടെ നിന്നും ഉടൻ മുകളിലുള്ള ENT OT യിൽ എത്തിക്കാൻ ആയതും , ഞങ്ങൾക്ക് ഓടിയെത്താനായതും ഇതെല്ലാമാണ് അവനെ രക്ഷപ്പെടുത്തിയത്.എല്ലാം ഒരു നിമിത്തമാണ്. ചിലപ്പോൾ എല്ലാം ഒത്തു വരും. മറ്റു ചിലപ്പോൾ ഒന്നും ശരിയായി വരില്ല.
Dr. Vanaja ഇപ്പോൾ എവിടെയെന്ന് ഒരു പിടിയുമില്ല. എങ്ങിനെയും അറിയും ഈ എഴുത്ത്. അതിലുപരി ഈ മോൻ ഇപ്പോൾ എവിടെയാണ് ? ഇപ്പോൾ എന്തെടുക്കുന്നു, മിടുക്കനായോ എന്നൊക്കെ ചിലപ്പോൾ ഓർക്കാറുണ്ട് അവൻ, അല്ലെങ്കിൽ അവന്റെ parents ആരെങ്കിലും ഇതറിഞ്ഞാൽ കൊള്ളാമെന്നെനിക്കുണ്ട്. ഒന്നിനും വേണ്ടിയല്ല, ചില രോഗികളൊക്കെ ഇപ്പോൾപോലും എന്റെ നെഞ്ചിലിരുന്നു വിസിലടിക്കുന്നുണ്ടെന്ന് അറിയാൻ വേണ്ടി മാത്രം.

Bye..
Dr kunjamma George
06/05/2022.

NB: Medical terms നു fit ആയ മലയാളം വാക്കുകൾ കിട്ടിയേക്കില്ല. ക്ഷമിക്കുക.

read more: https://emalayalee.com/writer/213

Boby Varghese 2022-05-07 15:33:01
Beautiful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക