നാം  നടന്നുണ്ടാക്കിയ ഒറ്റയടിപ്പാതകൾ ( കവിത : പ്രകാശൻ കരിവെള്ളൂർ )

Published on 07 May, 2022
നാം  നടന്നുണ്ടാക്കിയ ഒറ്റയടിപ്പാതകൾ ( കവിത : പ്രകാശൻ കരിവെള്ളൂർ )

ചെളിവരമ്പുകൾ ,
വയലിന് നെടുകെ നാം 
നടന്നുണ്ടാക്കിയ
ഒറ്റയടിപ്പാതകൾ,
കൊത്തങ്കല്ലു
പെറുക്കിയ
ചരൽ നിരത്തുകൾ,
കുളിരില തൊട്ട് 
കുയിലൊച്ച കേട്ട് ,
മുണ്ടിലും മുടിയിലും 
ഏമ്പൻ കുടുങ്ങിയ
കാട്ടുപാതകൾ ,
കയ്യാല കോരിയും 
പാതാറു കെട്ടിയും 
നടുവിലായ് തീർത്തൊരു 
കിളയുടെ കുഞ്ഞാഴം ...

എല്ലാം കുഴിച്ചങ്ങ് 
മൂടി നാം നേടുന്നു 
ശകടാസുരങ്ങൾക്ക് 
ക്രൂരമാർഗം ,
ജില്ലിയുടെ - ടാറിന്റെ
താപമാർഗം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക