Image

അമ്മയില്ലാത്ത വീടുകൾ ഭൂമിയുടെ കണ്ണുനീരാണ് (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 07 May, 2022
അമ്മയില്ലാത്ത വീടുകൾ ഭൂമിയുടെ കണ്ണുനീരാണ് (ശ്രീകുമാർ ഉണ്ണിത്താൻ)

ഈ പ്രപഞ്ചം മുഴുവൻ പരിപാലിക്കുക എന്ന ഭാരിച്ച കർമ്മത്തെ വികേന്ദ്രീകരിക്കാനായിരിക്കാം  ദൈവം, അമ്മ എന്ന ആശയം തന്നെ  കണ്ടെത്തിയത്.  ജീവന്റെ തുടിപ്പുകൾ ഉത്ഭവിച്ച നാൾ മുതൽ അമ്മ, ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയിലെ സൃഷ്ടികർമ്മങ്ങൾ ഏറ്റെടുത്ത് ഓരോ കുഞ്ഞിനും ജന്മം നൽകി ഒന്നാം ദൈവമായി മാറുന്നു. അപ്പോൾ  അമ്മ എന്ന വാക്കിന്  ദൈവത്തെക്കാൾ  ഉയർന്ന  സ്ഥാനമാണു  ജീവനുകളിൽ  ഉള്ളത് എന്ന് മനസിലാവും. ദൈവം  ചെയ്യെണ്ട  കർമ്മമാണ്‌  ഓരോ അമ്മമാരും  ചെയ്യുന്നത്.  അങ്ങനെ നമ്മൾ കാണുന്ന കാണപ്പെട്ട  ദൈവമായി മാറുകയാണ്  ആണ്  ഓരോ 'അമ്മയും..

ജീവിതത്തില്‍ കരുത്തും വെളിച്ചവുമായി നില്‍ക്കുന്ന അമ്മയെ സ്‌നേഹിയ്ക്കുന്ന മക്കള്‍ക്ക് അവരോടു സ്‌നേഹം പ്രകടിപ്പിയ്ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എങ്കിലും  തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ എല്ലാവര്ക്കും അമ്മയെകുറിച്ചോര്‍ക്കാന്‍ പ്രത്യേകമായൊരു ദിനം കൊണ്ടാടുമ്പോള്‍ ആ ദിനത്തില്‍ അമ്മയ്‌ക്കൊപ്പം ചെലവഴിയ്ക്കാന്‍ ഓരോ മക്കള്‍ക്കും കഴിയുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ആ  അമ്മയുടെ സൗഭാഗ്യം   തന്നെ.

സ്ത്രീ എന്ന നാമം അതിന്റെ പരിപൂർണ്ണതയിലെത്തുന്നത്  മാതൃത്വം എന്ന അവസ്ഥ കൈവരിക്കുമ്പോഴാണ്. ഏറ്റവും മധുരമുള്ളതും ആഴമുളളതും അർത്ഥങ്ങൾ നിർവ്വചിക്കാൻ പറ്റാത്തയൊന്നുമാണ് 'അമ്മ' എന്ന നാമം തന്നെ . സ്നേഹവും കരുണയും ത്യാഗവും ഒരുമിച്ച് ചേരുന്ന  ഈ വാക്കാൽ വിളിക്കാൻ സാധിക്കുന്നത്  തന്നെ ഒരു മഹാഭാഗ്യം തന്നെയാണ്.

ഭൂമിയിൽ 'അമ്മ' എന്ന വാക്കോളം മഹത്തായ മറ്റൊരു പദം ഉണ്ടോ എന്നെനിക്കറിയില്ല. അമ്മ എന്ന വാക്കിന് വളരെ അധികം  അർഥങ്ങളുണ്ട്.  ആദ്യം വിളിക്കുന്ന വിളി, ആദ്യം കണ്ണിൽ കാണുന്ന ആൾ, ആദ്യം വൈകാരികമായി മനസ്സിലാക്കുന്നയാൾ, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കണ്ടെടുക്കുന്ന ആൾ...

ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന് ചോദിച്ചാൽ  നമുക്ക്  ഒറ്റ സ്വരത്തിൽ പറയുവാൻ  കഴിയും   അമ്മയുടെ മടിത്തട്ടാണെന്ന് . ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ പദം ഏതെന്ന്  ചോദിച്ചാൽ  അമ്മയെന്നല്ലാതെ മറ്റെന്താണ് നമുക്ക് പറയാൻ കഴിയുക .  ഒരു ജീവിതം മുഴുവനായും സഹനം എന്ന പദംകൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന  ഒരു ജീവിതം വേറെ  ഏതാണ്?

ഓരോ ജനാലക്കരികിലും മക്കളെ കാത്തുനിൽക്കുന്നന്നൊരമ്മയുടെ  മുഖം നമുക്ക് ഓർമ്മവരും . ഓരോ അടുക്കളയിലും നമുക്ക് വേണ്ടി സ്വയം ഉരുകുന്ന അമ്മയേയും  നമുക്ക് മറക്കാനാവില്ല. നമ്മൾ   ഓരോ  പരീക്ഷക്ക്‌   ജയിക്കുന്ന ദിവസം അമ്മക്ക് ഉത്സവമാണ് .നമ്മുടെ  ദുഃഖങ്ങൾ  അമ്മയുടെയും  ദുഃഖങ്ങൾ ആണ്  . അങ്ങനെയുള്ള  അമ്മയുടെ സ്നേഹത്തിന്  പകരം നിൽക്കാൻ  ജീവിതത്തിൽ നമുക്ക് ആരാണ് ഉള്ളത്.
 
മിക്ക വീടുകളിലും അമ്മക്ക് ഒരു  മോഡറേറ്ററുടെ സ്‌ഥാനമായിരിക്കും. അച്‌ഛനും മക്കള്‍ക്കുമിടയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എന്തുമേതും തുറന്നു പറയാനുമൊക്കെ അമ്മയാണ് മക്കൾക്ക് ഉണ്ടാവുക. അങ്ങനെയുള്ള ഒരു  അമ്മയുടെ മരണത്തോടെ മക്കളുടെ  ഒറ്റപ്പെടൽ  ഞാൻ നേരിൽ കണ്ടു അനുഭവിക്കുന്നുണ്ട്.

അമ്മയാണ്‌ ഒരു വീടിന്റെ വിളക്കെന്ന്  എന്റെ അനുഭവത്തിൽ  നിന്നും ഞാന്‍ വിശ്വസിക്കുന്നു. അമ്മയില്ലാത്ത  ഒരു  വീട്ടിലേക്ക് കയറിച്ചെല്ലുബോൾ തന്നെ നമുക്ക്  ആ വ്യത്യസം മനസിലാക്കാം.  

എന്റെ സഹധർമ്മണിയുടെ മരണത്തിന് ശേഷം,   ഞങ്ങള്‍ ഏറെ ബുദ്ധിമുട്ടുന്നു ഓരോ  ദിവസവും കടന്നു പോകുവാൻ .. രാവിലത്തെ  കോഫി മുതല്‍ ചെറിയ കാര്യങ്ങൾ വരെ  അവർ കൃത്യമായി പ്ലാന്‍ ചെയ്‌തിരുന്നു. വളരെ ചെറിയ കാര്യങ്ങൾ പോലും കൃത്യനിഷ്‌ടയോടും ഉത്തരവാദിത്തത്തോടും  ചെയ്തിരുന്നു. . ആ കൃത്യത നഷ്‌ടപ്പെട്ടതോടെ ഞങ്ങള്‍ ഇരുളില്‍ തപ്പുന്നു. ഓരോ സാധങ്ങളും  കണ്ടെത്താന്‍ മണിക്കൂറുകളെടുത്തു. വീടിന്റെ അവസ്ഥ തന്നെ മാറി. ഇപ്പോഴും   ഇരുട്ടിൽ തപ്പുന്ന അവസ്ഥ .

അമ്മയില്ലാത്ത വീട് ശൂന്യമാണ്, നിറച്ചുണ്ടിരുന്നവന്റെ ഒഴിഞ്ഞ വയറു പോലെ ശൂന്യം...  അമ്മയുടെ കൈപ്പുണ്യം അറിയാത്ത ദിനങ്ങൾക്ക് തൃപ്തിയുണ്ടാവില്ല....അമ്മകൈപുണ്യമേൽക്കാത്ത രസക്കൂട്ടുകളോട് പിണങ്ങി നാവു വിശപ്പിനോട് പരിഭവം പറഞ്ഞേക്കാം. ഒരായിരം  ചോദ്യങ്ങൾ അടുക്കളയുടെ ചുമരിൽ തട്ടി പ്രതിധ്വനിച്ചേക്കാം....... നേർത്ത ആശ്വാസക്കാറ്റുപോലുമില്ലാത്ത മരുഭൂമിപോലെ പൊള്ളുന്നതും, .ഇരുളും  ചിലന്തിയും മാറാലയും   നിറഞ്ഞതുപോലെയൊരു പ്രതീതി ആണ് അമ്മയില്ലാത്ത വീട്‌.

കൂടെയുണ്ടായിട്ടും കൊടുക്കാൻ മറന്നെന്ന ചില കുറ്റപ്പെടുത്തലുകൾ ഉള്ളിൽ നിന്നും ഇഴഞ്ഞു വന്നു ചിലപ്പോൾ ശ്വാസം മുട്ടിച്ചേക്കാം.  ഓർക്കുമ്പോഴൊക്കെ മനസിൽ ഇരുട്ട് നിറയുന്ന ഒരനുഭവമാണ്. അമ്മയില്ലാതാവുന്നത്. പലപ്പോഴും അസ്വസ്ഥതകൊണ്ട് നമുക്ക്   ഭ്രാന്ത് പിടിക്കുന്നതായി തോന്നും.

കാത്തിരിക്കാനും കൂട്ടിരിക്കാനും ഓർത്തിരിക്കുവാനും ഒരമ്മയുണ്ടെങ്കിൽ ഇളംപാദങ്ങൾ പോലും ഇടറില്ല. അല്പം പതറിപ്പോയാലും തിരിച്ചുകൊണ്ടുവരുവാൻ ഒരമ്മക്കെ കഴിയു . ”അമ്മയില്ലാത്ത വീടുകൾ” ഉണ്ടാവാതിരിക്കട്ടെ. കാരണം, അത് ഭൂമിയുടെ കണ്ണുനീരാകും.... ഒരിക്കലും തോരാത്ത കണ്ണുനീർ…

കൗമാരവും യൗവ്വനവുമൊക്കെ കടന്ന് എത്ര തന്നെ സഞ്ചരിച്ചാലും അമ്മമാർ കാട്ടിക്കൊടുത്ത ജീവിത വഴികളൊന്നും ഒരുകാലത്തും നമുക്ക്  മറക്കാൻ പറ്റില്ല.  അമ്മയുടെ സ്നേഹത്തിന്  പകരം വെക്കാൻ  മറ്റൊന്നിനും  കഴിയില്ല ഈ ഭൂമിയിൽ . ഒരു ജന്മം മുഴുവൻ ആ കാൽചുവട്ടിലിരുന്നാലും  നമുക്കുവേണ്ടി അനുഭവച്ചതിന്റ ഒരംശം  തിരിച്ചു കൊടുക്കാനാവും ആവില്ല.

അങ്ങനെയുള്ള അമ്മമാരേ ചിലപ്പോൾ തെരുവിൽ വലിച്ചെറിയുന്ന വാർത്തകൾ കാണുബോൾ  അല്ലെങ്കിൽ അവർ വൃദ്ധസദനകളിൽ അനുഭവിക്കുന്ന കഷ്‌ടപ്പാടുകൾ കാണുബോൾ അറിയാതെ കണ്ണുനിറയും .

കാലമെത്രമാറിയിട്ടും അമ്മ എന്ന സങ്കല്പം മാത്രം മാറുന്നില്ല. സ്നേഹത്തിന്റെ പുഴയായി അതിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്.

നിഷ്കളങ്കരായിരുന്ന ശൈശവത്തിൽ നമ്മെ ചേർത്തുപിടിച്ച അമ്മയെ അതേ സ്നേഹത്തോടെ തിരിച്ചു ചേർത്തുപിടിക്കുക, നിഷ്കളങ്കമായി സ്നേഹിക്കുക. . "ഓരോരുത്തരുടെ മനസ്സിലും വിസ്മയങ്ങൾ നിറയ്ക്കുന്ന ദൈവമാണ്  അമ്മ  ".  അമ്മയില്ലാത്ത ലോകം ശൂന്യമാണ്.......

"'അമ്മ എന്ന വാക്കിനാൽ വിളിക്കപ്പെടാൻ ഭാഗ്യം ലഭിച്ച എല്ലാവർക്കും  എന്റെ  മാതൃദിനാശംസകൾ."

Thomas Koshy 2022-05-07 17:22:11
Very Touching, Sreekumar. Great article.
Tom Abraham 2022-05-07 19:34:37
American democrats celebrate Mother s Day, and at the same time protest against SC if abortion is banned. Women’ rights on her body !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക