പ്രിയപ്പെട്ടവനേ ,
നിനക്കൊരു കാമുകനാകാമോ..?
എന്റെ ഇന്നലെകളെ ചികയാത്ത ,
ഇന്നുകളിലേക്ക് കടന്നുവരാത്ത
ആരാന്നോ എന്തെന്നോ അറിയാത്ത ഉപാധികളില്ലാ - ത്തോരു കാമുകൻ..
അക്ഷരങ്ങളായെ - ന്നിലേക്ക്
കടന്നു വരാൻ മാത്രം സ്വാതന്ത്ര്യമുള്ള,
എന്റെ സങ്കടങ്ങൾക്ക്, കാതോർക്കുന്ന
ഭ്രാന്തൻ ചിന്തകൾക്ക് കൂട്ടിരിക്കുന്ന,
സന്തോഷങ്ങളെ തിരഞ്ഞു കണ്ടെത്തുന്ന, സ്വപ്നങ്ങൾക്ക് ചിറകുത്തുന്നോ - രൊരുവൻ...
ഉറക്കമില്ലാത്ത എന്റെ ഇരുണ്ട
രാത്രികളിൽ,
കാമം
കടന്നു വരാതെ വാക്കുകൾ കൊണ്ടെനിക്ക് കുട്ടിരിക്കുന്ന,
പകരമൊന്നുമാ -
ഗ്രഹിക്കാതെ,
പ്രണയിനിയെന്നു - പോലുമെന്നെ
അടയാളപ്പെടുത്താതെ,
ഗാഢമായെന്നെ പ്രണയിക്കുന്നുവെന്ന്
എന്നോടോതി - ക്കൊണ്ടിരിക്കുന്ന
അപരിചിതനാ- യൊരു കാമുകനാകാൻ
നിനക്ക് കഴിയുമോ....?
എങ്കിൽ അന്നെനിക്കീ ലോകത്തോട് വിളിച്ചു
പറയണം,
ഞാൻ തിരഞ്ഞു നടന്ന
എന്റെ കാമുകനെ കണ്ടെത്തിയെന്ന്....
പിന്നെ, അത്രമേലാഴത്തിൽ നീയെന്നിൽ
പതിഞ്ഞു പോയെന്നറിയുമ്പോൾ,
യാത്രപറയാതെ ഒരിക്കലെന്നിൽ നിന്നും
നീ തിരിഞ്ഞു നടന്നേക്കുക..
ആ വേദനയിൽ നീറിപ്പുകഞ്ഞ്,
ഉരുകിയുരുകി എനിക്ക് വീണ്ടും സ്വയമൊ-
ന്നില്ലാതാകണം ..