Image

കാലക്കേടുകൾ (കഥ: രമണി അമ്മാൾ)

Published on 10 May, 2022
കാലക്കേടുകൾ (കഥ: രമണി അമ്മാൾ)
 
 
 
 
ശാസ്ത്രിറോഡിൽ ട്രാഫിക് സിഗ്നൽ കാത്തു കിടക്കുമ്പോഴായിരുന്നു ആദ്യത്തെ കാൾ.. 
ചാർജ്ജറിൽ കുത്തിയിട്ടിരുന്ന ഫോൺ റിങ്ങുചെയ്തിട്ടു പെട്ടെന്നങ്ങുനിന്നു..
സേവുചെയ്തിട്ടില്ലാത്ത നമ്പർ..
വല്ല പരസ്യവുമാവും.. വണ്ടികൾ മെല്ലെ നീങ്ങിത്തുടങ്ങി.. 
വീണ്ടും അതേ നമ്പറിൽനിന്നും..  
സിഗ്നൽ കടന്നുകഴിഞ്ഞു
ഫോണെടുത്തു..
"ഇതു റെയ്ചൽ മാഡമല്ലേ...
ട്രഷറീന്നാണ്...
മാഡം  പെൻഷൻ വാങ്ങിക്കൊണ്ടുപോയതിൽ കാഷു വല്ലതും  കൂടുതലുണ്ടായിരുന്നോ..."
"ഇല്ലായിരുന്നല്ലോ.. " 
"കാഷ് ക്ളോസു ചെയ്തപ്പോൾ 
കുറച്ചു  കുറവു കണ്ടു..
അന്നേ ദിവസം പെൻഷൻ വാങ്ങിയവരെയെല്ലാം വിളിച്ചു ചോദിക്കുകയാണ്."
ഫാമിലി പെൻഷൻ കൊടുത്തു തുടങ്ങുന്ന ദിവസംതന്നെ ട്രഷറിയിൽ ചെന്നു വാങ്ങാറാണു പതിവ്. ഈ മാസവും അങ്ങനെതന്നെ.
അവിടുന്നു നേരെ കൊണ്ടുപോയി ബാങ്കിലടച്ചു.
വീടുവയ്ക്കാൻ ലോണെടുത്തതിന്റെ അവസാനത്തെ രണ്ടുഗഡു കൂടി അടച്ചു തീർക്കാൻ, കാശു കയ്യിൽവച്ചുകൊണ്ടിരുന്നാൽ മറ്റെന്തിനെങ്കിലുമെടുത്തു ചിലവാക്കിക്കളയും.. ബോണ്ടു റിലീസുചെയ്ത് ആധാരം തിരികെ വാങ്ങണം....
 രണ്ടു ദിവസംകഴിഞ്ഞ് ബാങ്കിൽ പോയിട്ടു തിരികെ വരുമ്പോൾ  ട്രഷറിയിൽനിന്ന് മറ്റൊരു വിളി..
"മാഡം..അന്ന് മാഡം എണ്ണിവാങ്ങിയ കാഷ് പതിനായിരം കൂടുതലായിരുന്നു..
ഞങ്ങളതു കൺഫോംചെയ്തു..
മാഡം വീട്ടിലുണ്ടോ...?ഞങ്ങൾ  വീട്ടിലേക്കു വരികയാണ്..." 
ഫോൺ കട്ടായി..
നോട്ടുകൾ രണ്ടുവട്ടം എണ്ണി തിട്ടപ്പെടുത്തിയശേഷമേ ബാഗിനുളളിൽ വയ്ക്കാറുളളു..
അറുപതിനായിരം രൂപയായിരുന്നു പെൻഷൻ തുക.
കയ്യിലുണ്ടായിരുന്ന കഴിഞ്ഞമാസത്തെ നീക്കിയിരിപ്പ് അയ്യായിരവുംകൂടി ചേർത്താണു ബാങ്കിലടച്ചത്..
ഏതായാലും അവർ വീട്ടിലേക്കുവരട്ടെ. സമാധാനിക്കാൻ ശ്രമിച്ചു.
കടയിൽ നിന്നു കുറച്ചു പ്രൊവിഷൻസൊക്കെ വാങ്ങണമെന്നുണ്ടായിരുന്നു. പെട്ടെന്നു വീട്ടിലെത്താനുളള ധൃതിയിൽ കടയും കടന്നുപോന്നതറിഞ്ഞില്ല..
അൻപതിനായിരത്തിന്റെ ഒരുകെട്ടും, രണ്ടായിരത്തിന്റെ അഞ്ചുനോട്ടുകളും മനസ്സുകൊണ്ടു പലവട്ടം എണ്ണിനോക്കി..
ഒന്നുപോലും കൂടുതലില്ല..
ഇടയ്ക്ക് ചില ചെറിയ മറവികളൊക്കെ
തനിക്കുണ്ടാവാറുണ്ട്..
ഫ്രിഡ്ജിൽനിന്നു എന്തെങ്കിലും സാധനം എടുക്കാൻചെന്നിട്ട് മറന്നു തിരിച്ചുപോരലൊക്കെ, അല്ലാതെ കണക്കുകളിൽ യാതൊരു തെറ്റും പറ്റാറില്ല.
കാർപോർച്ചിൽ വണ്ടി കയിറ്റിയിട്ട് ഗേറ്റടയ്ക്കാൻപോലും മിനക്കെടാതെ വീടു തുറന്നകത്തു കയറി..
ഹോൾഡറിൽ തൂക്കിയിട്ടിരുന്ന ബാഗുകളും, മേശവലിപ്പും, അലമാരയിലെ ചെറിയ കളളികളടക്കം പലവട്ടം
അരിച്ചു..   
ചില്ലറക്കാര്യമല്ല:
ജീവിതത്തിലാദ്യമായി ഒരു കളളിയായി മുദ്രകുത്തപ്പെടാൻ പോകുന്നു.
പലരു വിചാരിച്ചാൽ ഒരാളെ കളളനോ കളളിയോ ആക്കാൻ കഴിയുമെന്നല്ലേ..
ഗേറ്റിനു  പുറത്ത് കാറു വന്നു നിന്ന ശബ്ദം..
അവരുതന്നെ..
ആഗതരോട് കയറിയിരിക്കാൻ പറഞ്ഞു..
" മാഡം കാഷ് എണ്ണിവാങ്ങുന്നത് സി.സി.ടിവിയിലുണ്ട്..
ഞങ്ങൾ ആ ഭാഗം ഫോണിൽ എടുത്തുകൊണ്ടുവന്നിട്ടുണ്ട്. " വിറയ്ക്കുന്ന കൈകളിൽ ഫോൺ വാങ്ങി നോക്കി..ഒന്നും വ്യക്തമല്ല..
"ഇല്ല, ഞാൻ കൂടുതൽ വാങ്ങിയിട്ടില്ല.
പെൻഷൻ തുകയായ അറുപതിനായിരത്തിന്റെ കൂടെ ഒരു
അയ്യായിരംകൂടി ചേർത്ത് ഞാൻ നേരെ പോയി ബാങ്കിലടയ്ക്കുക
യായിരുന്നു..
കാഷ് എണ്ണിവാങ്ങിക്കഴിഞ്ഞ് പത്തുമിനിറ്റവിടെനിന്ന് പാസുബുക്കും
പതിപ്പിച്ചിട്ടാണ് ഞാൻ പോന്നത്.."
"എന്നാൽപ്പിന്നെ  മാഡത്തിന്റെ ബാഗീന്ന് ആരെങ്കിലും മോഷ്ടിച്ചതാവും.." 
കാഷ്യർ ഉറപ്പിച്ചു..
എന്റീശ്വരാ...ഇതെങ്ങനെ സംഭവിച്ചു.. ?
നാലഞ്ചുദിവസം പതിനായിരം രൂപ കൂടുതൽ കയ്യിൽവന്നുചേർന്നിട്ടും താൻ മിണ്ടാതെയിരുന്നു കളഞ്ഞെന്നല്ലേ വിചാരിക്കൂ..
നാലുപേർ ഒരാൾക്കു ചുറ്റിനും വന്നിരുന്ന്  നിർബന്ധിച്ചു കളളിയാക്കുകയാണോ..!.
"ക്യാമറാ ദൃശ്യങ്ങൾ മുഴുവനായും എനിക്കു കാണണം.." 
"അതിന്റെ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഞങ്ങൾ വ്യക്തമായി വെരിഫൈ ചെയ്തതാണ്."
"എനിക്ക് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തണ്ടതുണ്ട്. വിശ്വസിപ്പിക്കേണ്ടതുണ്ട്.."
സമാധാനമില്ല, ഇരിക്കാനോ കിടക്കാനോ കഴിയാത്ത ശ്വാസംമുട്ടൽ..
ഒരു നോട്ടുപോലും കൂടുതൽ വാങ്ങിയിട്ടില്ലെന്ന ഉറപ്പ് നെഞ്ചിനുളളിൽ വിങ്ങുകയാണ്..
എനിക്കു തെറ്റിയിട്ടില്ല.
ഉളളം വിളിച്ചുകൂവുകയാണ്.
അപ്പോഴുമൊരു ചോദ്യം..
"ക്യാമറക്കണ്ണുകൾക്കു പിഴയ്ക്കുമോ..?"
പെൻഷൻ സൂപ്രണ്ടിന്റെ കാബിനു മുന്നിൽ പിറ്റേന്ന് പത്തിനുമുന്നേ എത്തി. "
"സർ  ആ സി.സി.ടി.വി ദൃശ്യങ്ങൾ ഏനിക്കൊന്നു കാണണം..
അതിന്റെ ഒരു കോപ്പിയും വേണം.."
എന്റെ ആവശ്യം അയാൾക്കത്ര രസിച്ചതായ് തോന്നിയില്ല..
" പുറത്തു വെയ്റ്റ് ചെയ്യൂ..ഓപ്പറേറ്റർ എത്തിക്കോട്ടെ..."
അകത്ത് എന്തൊക്കെയോ കുശുകുശുക്കലുകൾ..
ഓഫീസറുടെ കാബിനുളളിലേക്കു വിളിപ്പിച്ചു..
കഴിഞ്ഞ ദിവസം വീട്ടിൽ വന്നവർ, ആ ലേഡി സഹിതം, കനപ്പിച്ച മുഖത്തോടെ...
സെക്യൂരിറ്റിയടക്കം അഞ്ചാറുപേരുടെ സാന്നിദ്ധ്യത്തിൽ രാവിലെ മുതലുള്ള ദൃശ്യങ്ങൾ  ഓരോന്നോരോന്നായി ഓടിച്ചു വിട്ടുകൊണ്ടിരുന്നു.
മണി പതിനൊന്നേകാൽ, 
അടുത്തത് എന്റെ ഊഴം..ടോക്കൺ കൊടുക്കുന്നു. കാഷ് എണ്ണിവാങ്ങുന്നു. 
ഉദ്വേഗജനകമായ നിമിഷങ്ങൾ..
അഞ്ഞൂറിന്റെ ഒരു കെട്ട്..
രണ്ടായിരത്തിന്റ അഞ്ചു നോട്ടുകൾ..!.
ഒരു നോട്ടുപോലും കൂടുതൽ വാങ്ങുന്നതായി
ദൃശ്യങ്ങളിലില്ല...
പലയാവർത്തി  സൂം ചെയ്യിപ്പിച്ചിട്ടും...
സങ്കടം ഒതുക്കാനായില്ല. "ഏതു സി സി ടിവിയിലാണു ഞാൻ കൂടുതൽ കാശുവാങ്ങുന്നതുളളത്...?"
"അത് മാഡം എന്റെ കയ്യിൽ അപ്പോൾ പതിനായിരമുണ്ടായിരുന്നു. മാഡം കാശുവാങ്ങിയതിനു ശേഷമാണ് ആ പതിനായിരം രൂപ കാണാതായത്.. " 
"നിങ്ങളുടെ കയ്യിലുണ്ടായിരുന്നതിന് ഞാനാണോ സമാധാനം പറയേണ്ടത്.."
ഈ ഭാഗത്തിന്റെ പ്രിന്റ് എനിക്കിപ്പോൾ കിട്ടണം..
മാനനഷ്ടം..മന:സ്താപം, ഏതറ്റംവരേയും ഞാൻ പോകും.."
ഈ കണ്ടു നില്ക്കുന്നവർക്കു ബോദ്ധ്യമായില്ലേ...
അറുപതിനായിരമല്ലാതെ ഒരു നോട്ടുപോലും എന്റെ കയ്യിലേക്കു വന്നില്ലെന്ന്.. 
പലരുചേർന്നാൽ ഒരാളെ കളളിയാക്കാമെന്നു കേട്ടിട്ടേയുളളൂ...
അതല്ലേ ഇവിടെയിപ്പോൾ നടന്നത്.."
ഒരു ഖദർവേഷധാരി അടുത്തേക്കുവന്നു...
"മാഡം
തെറ്റുപറ്റിപ്പോയതാണ്, ക്ഷമിക്കണം.
പുതിയ കാഷ്യറാണ്...."
 
"ഞാൻ അനുഭവിച്ച മന:പ്രയാസം ഒരു സോറിയിൽ ഒതുങ്ങുമോ.."
"മാഡം കമ്പ്ളയിന്റ്ചെയ്താൽ
ആ കുട്ടിയുടെ ജോലിക്കു പ്രശ്നമാകും..അതിന്റെ ഹസ്ബന്റ് കാൻസർ പേഷ്യൻറാണ്..
 
ഒത്തുതീർപ്പിനുളള ശ്രമങ്ങൾ..
കാഷ്യർ പെൺകുട്ടിക്കു വേണ്ടി പിന്നെയും മറ്റുചിലരൊക്കെ വന്നു സോറി പറഞ്ഞു ...
ഉള്ളിൽ നുരഞ്ഞ അരിശവും സങ്കടവും ഒരുങ്ങിയടങ്ങാൻ
പിന്നെയും സമയമെടുത്തു..
കാലക്കേട് ഏതെല്ലാം വഴിയിലൂടെ എത്തുമെന്നോർത്ത് വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോൾ ആശ്വാസമായെങ്കിലും ഒപ്പം, ട്രഷറി ഓഫീസിലുണ്ടായിരുന്നവരുടെയൊക്കെ മുഖങ്ങളും തെളിച്ചത്തോടെ മനസ്സിൽ നിറഞ്ഞു കൊണ്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക