Image

പ്രേതം (മിനി നര്‍മ്മകഥ: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 12 May, 2022
പ്രേതം (മിനി നര്‍മ്മകഥ: ഡോ. ഇ.എം. പൂമൊട്ടില്‍)

വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ധാരാളം വിനോദ സഞ്ചാരികള്‍ വന്നുപോയിരുന്ന ഒരു ചെറുപട്ടണം: അവിടെ വീടുകളില്‍ നിന്നും വാടകയിനത്തില്‍ ഉടമസ്ഥര്‍ നല്ല വരുമാനം ഉണ്ടാക്കിയിരുന്നു. എന്നാല്‍ അവയില്‍ ഒരു വീടുമാത്രം കുറെ നാളുകളായി അടഞ്ഞുകിടന്നിരുന്നു. വീടിനു പ്രേതശല്യം ഉണ്ടെന്നുള്ള കുപ്രചരണമായിരുന്നു ഇതിനു കാരണം. ഈ പ്രേതകഥ തന്റെ ശത്രുക്കള്‍ കെട്ടിച്ചമച്ചതാണെന്ന് ഉടമസ്ഥര്‍ പലരോടും പറഞ്ഞുവെങ്കിലും അത് ആരും അംഗീകരിച്ചില്ല. അടുത്തിടെ ഒരു വെള്ളക്കാരി സ്ത്രീ ആ വീട്ടില്‍ വച്ചു മരിക്കാനിടയായിരുന്നു. ഇത് സ്വാഭാവിക മരണമല്ലെന്നും നീല്‍സ് ഡാര്‍വിന്‍ എന്ന ബോയ് ഫ്രണ്ട് അവളെ കൊലപ്പെടുത്തുകയായിരുന്നെന്നും പൊതുജനങ്ങളില്‍ പലരും വിശ്വസിച്ചു. അസാധാരണമായ പലതരം ശബ്ദം അസമയങ്ങളില്‍ അവിടെ നിന്നും കേള്‍ക്കാറുണ്ടെന്ന് ചുറ്റുപാടുമുള്ള പലരും പറയുവാന്‍ തുടങ്ങി. ഭീതി കാരണം വീട് വാടകയ്‌ക്കെടുക്കുവാന്‍ ആരും വന്നിരുന്നില്ല. എന്നാല്‍, ഒരു ദിവസം റ്റെറി എന്ന ഒരു യുവാവ് ഏതാനും ദിവസത്തേക്ക് വീടു വാടകയ്‌ക്കെടുക്കുവാന്‍ നിശ്ചയിച്ചു. പ്രേതബാധയുടെ പേരുപറഞ്ഞ് അവനെ പിന്‍തിരിപ്പിക്കാന് പലരും ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ അവന്‍ ഉറച്ചുനിന്നു. 'എടേ, ഞാനീ പ്രേതം, ഭൂതം, മണ്ണാങ്കട്ട ഇവയിലൊന്നും വിശ്വസിക്കുന്നില്ല, നിങ്ങള്‍ നോക്കിക്കോ, ഞാനീ വീട്ടില്‍ ഒറ്റയ്ക്കു തീര്‍ത്തും ഒരാഴ്ച താമസിച്ചിരിക്കും, വേണമെങ്കില്‍ ഞാന്‍ ബെറ്റുവയ്ക്കാം.'

'വേണ്ടടാ, ബെറ്റൊന്നും വേണ്ട; നീ ജീവനോടെ ഒരാഴ്ച കഴിഞ്ഞ് വന്നാല്‍ മതി', ഇതായിരുന്നു അവന്റെ കൂട്ടുകാരുടെ പ്രതികരണം. 

അന്നുതന്നെ റ്റെറി വീട്ടില്‍ താമസം തുടങ്ങിയെങ്കിലും അവള്‍ മരിച്ചുകിടന്ന ആ രണ്ടാമത്തെ ബെഡ്‌റൂം മാത്രം തല്‍ക്കാലും തുറക്കില്ല എന്നു തീരുമാനിച്ചു. ആദ്യ ദിവസം നേരം വെളുക്കുന്നതിനല്പം മുമ്പുവരെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ അവന്‍ കിടന്നുറങ്ങി.

വെളുപ്പാന്‍കാലമായപ്പോള്‍ ചില അസാധാരണ ശബ്ദങ്ങള്‍ ആ മുറിയില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങി: "Niels Darwin; Go Back Tery ' എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ ശബ്ദമായിരുന്നു അത്. തന്റെ പേരും, കൊലയാളിയുടെ പേരും, എല്ലാം അവള്‍ കൃത്യമായി പറയുന്നു.! പ്രേതങ്ങളില്‍ ഒട്ടും വിശ്വസിക്കുന്നില്ല എന്നു പറഞ്ഞിരുന്ന യുവാവിന്റെ ധൈര്യം മെല്ലെ ചോര്‍ന്നുപോകാന്‍ തുടങ്ങി. പെട്ടെന്നു തന്നെ അവന്‍ തന്റെ പെട്ടിയും കയ്യിലെടുത്ത് സ്ഥലംവിട്ടു. എന്നാല്‍, ആ ബെഡ്‌റൂമിലെ കോഡ്‌ലെസ് ഫോണ്‍ കുറെ നാളായി ചാര്‍ജ് ചെയ്യാതെയിരിക്കുകയായിരുന്നെന്നും അതിലെ ഓട്ടോ സിസ്റ്റം"Needs Charging Very Low Battery'എന്നു അവ്യക്തമായ ശബ്ദത്തില്‍ പറയുകയായിരുന്നുവെന്നും ആ തിരുമണ്ടന് മനസിലാകാതെ പോയി. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക