Image

മുള്ളും പൂവും - ഹായ്, കഥ ! 93 : പ്രകാശൻ കരിവെള്ളൂർ

Published on 12 May, 2022
മുള്ളും പൂവും - ഹായ്, കഥ ! 93 : പ്രകാശൻ കരിവെള്ളൂർ
 
 
 
ഇലകൾ പോലും കൂർത്തു മൂർത്ത , തായ്ത്തടിയിലും ചില്ലകളിലും നിറയെ മുള്ളുകളുള്ള ഒരു ചെടി. ഒരു കിളിയും അതിൽ ചേക്കേറിയില്ല. ഒരു അണ്ണാനും ആ ചില്ലകളിൽ ചിലച്ചില്ല. വണ്ടും പൂമ്പാറ്റയുമൊന്നും ആ വഴി വന്നതു പോലുമില്ല. 
ചുറ്റിലുമുള്ള തണൽമരങ്ങളെയും പൂച്ചെടികളെയും നോക്കി മുൾമരം നെടു വീർപ്പിട്ടു - എനിക്കും നിറവും മണവും മധുവുമുള്ള പൂക്കൾ വിടർത്താൻ കഴിഞ്ഞെങ്കിൽ .
ആ പ്രാർത്ഥനകേട്ട് ഉദ്യാനദേവതയുടെ കരളലിഞ്ഞു. അവൾ സുന്ദരിയായ ഒരു പെൺകുട്ടിയായി മുൾ മരത്തിന്റെ അരികെ വന്നു. എന്നിട്ട് തന്റെ കൈയ്യിലുള്ള മാന്ത്രികമായ ഓടക്കുഴലിൽ മധുരമനോഹരമായി വസന്ത രാഗം പാടി. ആ നാദമാധുരിയിൽ മുൾമരത്തിന്റെ ഉടലാകെ കോരിത്തരിച്ചു. കൂർത്തു മൂർത്ത ഇലകളെല്ലാം കൂട്ടത്തോടെ അടർന്നു വീഴാൻ തുടങ്ങി. പകരം ചില്ലകൾ  തളിരിലകൾ വാരിച്ചൂട്ടാൻ തുടങ്ങി. പിന്നീട് ഓരോ ചില്ലയിലും ചുവന്നു തുടുത്ത ഹൃദയത്തിൻ നിറമുള്ള, മനസ്സിൻ സുഗന്ധമുള്ള തേനോലും പൂവുകൾ വിടരുകയായി. 
 
അതോടെ സകല പൂമ്പാറ്റകളും കിളികളും അണ്ണാനും ആ മരത്തിൽ വന്ന് നിറഞ്ഞു . ഇപ്പോൾ അത് മുൾ മരമല്ല. പൂച്ചെടിയാണ്. അതിൽ എന്നും വസന്തോത്സവമാണ്. 
 
തേൻ കുടിച്ചും മണം നുകർന്നും വണ്ടുകൾ  ലഹരിയിൽ കുഴഞ്ഞു വീണു . പൂമ്പാറ്റകൾ ഉന്മാദത്തിൽ പാറിപ്പറന്നു . അണ്ണാനും അണ്ണാനും തമ്മിൽ ചില്ലകളിൽ ചിൽ ചിൽ കൊണ്ട് കലമ്പായി. എപ്പോഴും ഒച്ചപ്പാടും ബഹളവുമായപ്പോൾ പൂമരത്തിന് അതൊരു സ്വൈര്യക്കേടായി .
സ്കൂൾ വിട്ട് പോകുന്ന കുട്ടികളും ആ മരത്തിൽ ചാടിക്കയറാൻ തുടങ്ങി. അവർ ചില്ലകൾ ചവിട്ടിയൊടിച്ചും പൂങ്കുല തല്ലിയുതിർത്തും വികൃതികളാഘോഷിക്കാൻ തുടങ്ങി. 
പൂമരം സഹിക്കാൻ കഴിയാത്ത സങ്കടത്തോട ചുറ്റിലും നോക്കി. നിശ്ചിതസമയത്ത് മാത്രം പൂക്കുന്ന മറ്റ് ചെടികൾക്കും മരങ്ങൾക്കുമൊന്നും യാതൊരു പ്രയാസവുമില്ല. എപ്പോഴും പൂക്കുന്ന താൻ മാത്രം ഈ വസന്തം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു.
തേൻ കുടിച്ച് മടുത്തു മരമേ ... കൊത്തിത്തിന്നാൻ വല്ല പഴവും കിട്ടുമോന്ന് നോക്കട്ടെ - കിളികൾ പൂമരത്തോട് ചിറകു വീശി യാത്ര പറഞ്ഞു.
ഞങ്ങൾക്ക് പല നിറം പൂക്കൾ വേണം , പല മണം തേനും വേണം - വണ്ടുകളും പൂമ്പാറ്റകളും അകലേക്ക് പറന്നു പോയി.
 
പൂക്കാലത്താൽ കോലം കെട്ട ഒരു പൂമരം - പൂമരത്തിന് സ്വന്തം നിലയിൽ ശരിക്കും പുച്ഛം തോന്നി. 
- എന്റെ ഉദ്യാന ദേവതേ , ഇതാ എന്റെ പൂക്കളെല്ലാം കൊഴിഞ്ഞ് ഉണങ്ങി കരിഞ്ഞ് പൊടിഞ്ഞ് കരിയിലകൾക്കൊപ്പം പാറുകയാണ്. ആർക്കും വേണ്ടാത്ത ഈ പൂക്കാലം എന്നിൽ നിന്നും തിരിച്ചെടുക്കണേ ... 
ഉദ്യാന ദേവതയ്ക്ക് ആ കരച്ചിലിൽ കാര്യമുണ്ടെന്ന് തോന്നി - അവൾ ഉടൻ പൂമരത്തിന് മുന്നിലെത്തി.
പ്രിയപ്പെട്ട പൂമരമേ . പൂവിനെ മാനിക്കാൻ കുറച്ച് മുള്ളും നല്ലതാ. പനിനീരിനെ ആളുകൾ ഓമനിക്കുന്നത് നോക്കൂ ... അങ്ങിങ്ങ് മുള്ളുകൾ നീർത്തിയാ അവൾ തന്റെ പൂക്കളെ സംരക്ഷിച്ചു നിർത്തുന്നത്. 
പൂമരം കരഞ്ഞു - എനിക്ക് മുള്ളും വേണ്ട പൂവും വേണ്ട. ഒരു കുഞ്ഞു ചെടിയായാൽ മതി ... വല്ലപ്പോഴും പൂക്കുന്ന ഒരു കുഞ്ഞു ചെടി.
ഉദ്യാന ദേവത പൂമരത്തെ അനുഗ്രഹിച്ചു. പൂമരത്തിന്റെ പൂവിൽ നിന്ന് കുറേ വിത്തുകൾ കാറ്റിൽ പറന്ന് ദൂരെയൊരു താഴ് വാരത്ത് പോയി വീണു .അവ കുഞ്ഞു ചെടികളായി വളർന്നു. ആ ചെടികളാണത്രേ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക