Image

മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ

Published on 13 May, 2022
മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ

തിരുവനന്തപുരം:  അശരണര്‍ക്ക് ആശ്വാസമായി ജീവകാരുണ്യ മേഖലയില്‍ ഫോമയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന മാതൃകാപ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പ്രശംസനീയമാണെന്ന്   ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനായ സിബിക്ക് ഫോമ നല്‍കുന്ന ധനസഹായമായ രണ്ടു ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. 

ഫോമയുടെ ഔദ്യോഗിക മാസിക അക്ഷരകേരളത്തിന്റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിന്‍ മാസികയുടെ ചീഫ് എഡിറ്റര്‍ ഷൈജനു നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ഫോമയുടെ ആഗോള കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണക്കത്ത് ഭാരവാഹികള്‍ മന്ത്രിക്ക് നല്‍കി.

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജിന്റെ അധ്യക്ഷ പ്രസംഗം

കുറച്ച് വാക്ക്, കൂടുതൽ പ്രവൃത്തി -അതാണ് ഫോമാ. കേരളവുമായുള്ള പൊക്കിൾക്കൊടിബന്ധം ഫോമാ എങ്ങനെ നിലനിർത്തുന്നു എന്നത് അതിന്റെ  പ്രവർത്തനങ്ങൾ വിളിച്ചോതും. 40 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സഞ്ജയിനി എന്ന പേരിൽ 50,000 രൂപയുടെ സ്കോളർഷിപ്പ് ഫോമാ വനിതാ ഫോറം വിതരണം ചെയ്യുകയാണ്.

കോവിഡ് കാലത്ത് വനിതാ ഫോറം ചെയ്ത പ്രവർത്തനങ്ങളും ലോകവനിതകൾക്ക് അഹങ്കരിക്കാവുന്നവയാണെന്ന് ഈ അവസരത്തിൽ പറയട്ടെ. യോഗ ക്ലാസ്, കുക്കിംഗ് ക്ലാസ്, ബ്യൂട്ടി പേജന്റ്, വിമൻ എംപവർമെൻറ് പ്രോഗ്രാം എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് കൂട്ടിലകപ്പെട്ട സ്ത്രീകൾക്ക് അവർ സാന്ത്വനം പകർന്നത്. നാഷണൽ കമ്മിറ്റി, അഡ്വൈസറി കൗൺസിൽ, യൂത്ത് ഫോറം, സീനിയർ ഫോറം, വനിതാ ഫോറം എന്നിങ്ങനെ 
കാനഡ മുതൽ കാലിഫോർണിയ വരെയുള്ള 90 സംഘടനകളുടെ സംഘചേതനയാണ് ഫോമാ.

ലോകമലയാളികൾക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യാവുന്നതും അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായി ഫോമാ വളർന്നുകഴിഞ്ഞു. വിവിധ രൂപത്തിൽ കേരളത്തിലേക്ക് മാത്രം ആറ് കോടി രൂപയുടെ സഹായമെത്തിക്കാൻ നിലവിലെ കമ്മിറ്റിക്ക് കഴിഞ്ഞു.

താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും വെന്റിലേറ്ററുകൾ, പിപിഇ കിറ്റുകൾ, കോൺസൺട്രേറ്ററുകൾ, പൾസ് ഓക്സിമീറ്റർ, ഗ്ലൗസ് തുടങ്ങിയവ എത്തിച്ചു. കുട്ടികൾക്ക് പഠിക്കാൻ വിവിധ എംഎൽഎ -മാർ  ആവശ്യപ്പെട്ട അത്രയും  സ്മാർട് ഫോണുകളും ലാപ്ടോകളും നൽകാനും സാധിച്ചു. ബാലരാമപുരത്തെ കൈത്തറി മേഖലയിലുള്ളവർക്കും കൈത്താങ്ങായി. അശരണർക്ക് ഭക്ഷണം വിതരണം ചെയ്യാനും ഫോമാ പലകുറി മുൻകൈ എടുത്തു. ഫോമായുടെ ഹെല്പിങ് ഹാൻഡ്‌സ് കത്തുകളിലൂടെ ലഭിക്കുന്ന സഹായാഭ്യർത്ഥനകൾക്ക് ഉടനടി പരിഹാരം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തുടങ്ങി ചെറിയ കാലയളവിൽ തന്നെ മുപ്പത്തിരണ്ടോളം പ്രശ്നങ്ങൾ പരിഹരിച്ചു. അടിയന്തരസാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ 2 ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

കേരളത്തിന്റെ സമ്പദ്ഘടനയില്‍ വലിയ സംഭാവനകള്‍ നല്‍കുന്നവരാണ് പ്രവാസികളെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമയുടെ ഏഴാമത് കേരള കണ്‍വന്‍ഷനും ഫോമ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന സഞ്ചയിനി സ്‌കോളര്‍ഷിപ് പഠനസഹായ പരിപാടിയും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസ ചരിത്രത്തിന് അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കമുണ്ട്. നേരത്തെ  സിങ്കപ്പൂരിലും മലേഷ്യയിലുമാണ് മലയാളികള്‍ പോയിരുന്നത്. ഇന്ന് സൂര്യനുദിക്കുന്ന എല്ലാ നാട്ടിലും മലയാളികള്‍ കടന്നു ചെന്നിരിക്കുന്നു. മലയാളികള്‍ ഏതു രാജ്യത്തു പോയാലും സംഘടിക്കുകയും അവര്‍ നാട്ടിലെ കാര്യങ്ങള്‍ ചിന്തിക്കുകയും ചെയ്യും. ആദ്യകാലത്ത് വിദേശത്ത് പോയിരുന്നവരേക്കാള്‍ പ്രവാസികള്‍ ഇപ്പോള്‍ കേരളത്തെ കുറിച്ച് ചിന്തിക്കുകയും ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. 

2008 മുതല്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ന് ഏറ്റവും മികച്ച രീതിയില്‍ പോകുന്ന  സംഘടനയായി ഫോമക്ക് മാറാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രളയം, കോവിഡ് പോലുള്ള പ്രതിസന്ധികള്‍ നേരിട്ട കാലത്ത് കേരള സര്‍ക്കാരിനൊപ്പം ഇവിടുത്തെ ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടു നിന്ന സംഘടനയാണ് ഫോമ. കോടിക്കണക്കിനു രൂപയുടെ സഹായമാണ് ഫോമ നല്‍കിയത്. 

ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്ന കുട്ടികള്‍ അവിടുത്തെ പൗരന്‍മാരായി മാറുകയാണ്. ഇങ്ങനെ ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് വിദേശ രാജ്യങ്ങളില്‍ അവിടുത്തെ പൗരന്‍മാരായി കഴിയുന്നത്. കേരളത്തിലെ സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ പുതിയ തലമുറയ്ക്ക് കഴിയണം. ഓരോ മലയളിയും ഓരോ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിസന്ധികാലത്തും ഫോമ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണ്.

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഫോമയുടെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'സഞ്ചയിനി' നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് പരിപാടിക്കും എല്ലാവിധ വിജയാശംസകള്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

എംഎൽഎ മോൻസ് ജോസഫിന്റെ വാക്കുകൾ...

എത്ര നേരം പറഞ്ഞാലും തീരാത്തത്ര കാര്യങ്ങൾ ഫോമാ ചെയ്തിട്ടുണ്ട്.സമയോചിതമായി ഇടപെടാനുള്ള ഫോമായുടെ കഴിവ് നമ്മൾ കണ്ടത് കോവിഡ് കാലഘട്ടത്തിലാണ്.മനുഷ്യന്റെ പ്രയാസങ്ങളിലും വേദനകളിലും കൂടെനിൽക്കുക എന്ന മഹത്കർമ്മമാണ് സംഘടനാ നിർവഹിച്ചത്.ദൈവം തന്നിരിക്കുന്ന ബോണസ് ആണ് നമ്മുടെ ഈ ജീവൻ.കോവിഡ് കാലത്ത് നമ്മുടെ എത്രയോ പ്രിയപ്പെട്ടവരെയാണ് അപ്രതീക്ഷിതമായി നഷ്ടപ്പെട്ടത്? ദൈവം നീട്ടിത്തന്നിരിക്കുന്ന ഈ ജീവിതം ആർക്കെങ്കിലും പ്രയോജനപ്പെട്ടില്ലെങ്കിൽ അത് ദൈവനിന്ദയായിപ്പോകുമെന്ന് ഞാൻ ഓർമ്മിപ്പിക്കട്ടെ.പതിന്മടങ്ങ് ആത്മാർത്ഥതയോടെ മറ്റുള്ളവരെ സഹായിക്കാൻ കൈകോർക്കാം.


പുനരധിവാസത്തിനായി കേരളം നട്ടം തിരിയുന്ന ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കപ്പെടേണ്ടത് രാഷ്ട്രീയത്തിന് അതീതമായൊരു ആവശ്യമാണ്.ഗവൺമെന്റിന് സഹായങ്ങൾ നൽകാൻ പരിമിതിയുള്ളപ്പോൾ ഫോമാ പോലുള്ള സംഘടനകൾ മുന്നോട്ടുവരുന്നത് വലിയൊരു കൈത്താങ്ങാണ്.സ്‌കോളർഷിപ്പ് ഉൾപ്പെടെ ഫോമാ തുടക്കം കുറിക്കുന്ന എല്ലാപദ്ധതികൾക്കും എന്റെ ആശംസകൾ.

പി.സി.വിഷ്ണുനാഥിന്റെ വാക്കുകൾ...

അമേരിക്കൻ മലയാളികളുടെ ആതിഥേയത്വം അവിടെ വന്ന് അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങൾ.ഈ നാടിനോടുള്ള പ്രതിബദ്ധത പ്രകടമാകുന്ന സഞ്ജയിനി പദ്ധതിയിലൂടെ 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്  വിതരണം ചെയ്യുന്ന വേദിയിൽ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷം. മുന്പത്തേതുപോലെ വരുംകാലങ്ങളിലും ഫോമായുടെ എല്ലാ ക്ഷേമപ്രവർത്തനങ്ങളിലും എല്ലാവിധ പിന്തുണയും നൽകി ഒപ്പമുണ്ടാകും.

 

മുന്‍ എം.എല്‍.എ രാജു എബ്രഹാം 

ലോകത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ ജീവിക്കുമ്പോഴും കേരളത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയും പ്രവാസികളായ പുതുതലമുറയെ ഈ നാടിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഫോമ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നു എന്നതാണ് ഫോമയെ സ്‌നേഹിക്കാന്‍ കാരണമെന്ന് മുന്‍ എം.എല്‍.എ രാജു എബ്രഹാം പറഞ്ഞു. ഫോമയുടെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സഞ്ചയിനി സ്‌കോളര്‍ഷിപ് പഠനസഹായ പദ്ധതി മറ്റ് സംഘടനകള്‍ക്കും മാതൃകയാണ്. കേരളത്തിലെ പ്രമുഖ ബിസിനസുകാരെയെല്ലാം പങ്കെടുപ്പിച്ചു കൊണ്ട് ഫോമയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബിസിനസ് സമ്മിറ്റും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. 

see also

ഫോമാ സഞ്ചയിനി സ്‌കോളർഷിപ്പ് മന്ത്രി ശിവൻകുട്ടി വിതരണം ചെയ്‌തു 

മാധ്യമ പ്രവർത്തകന് ഫോമയുടെ രണ്ട് ലക്ഷം നൽകി; അഭിവാദ്യമർപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാർ

ഫോമാ കേരള കൺവൻഷൻ വേദിയിൽ നിന്ന്

കേരളം ഷവർമ്മയിൽ എത്തിയപ്പോൾ നാടൻ  രുചികൾ പ്രവാസ ലോകത്ത്: മന്ത്രി കെ.എൻ. ബാലഗോപാൽ 

മദ്രസയിലെ വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: സിസ്റ്റര്‍ അഡ്വ. ജസ്സികുര്യന്‍

ഫോമാ കേരളാ കൺവൻഷൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ  ഉദ്ഘാടനം ചെയ്തു (ചിത്രങ്ങൾ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക