Image

ഡൽഹി അഗ്നിബാധ: 24 സ്ത്രീകളെ കാണാനില്ല, കെട്ടിടം ഉടമ ഒളിവിൽ 

രശ്മി സുരേഷ്  Published on 14 May, 2022
ഡൽഹി അഗ്നിബാധ: 24  സ്ത്രീകളെ കാണാനില്ല, കെട്ടിടം ഉടമ ഒളിവിൽ 



പശ്ചിമ ഡൽഹിയിലെ മുണ്ട്ക്കയിൽ വെള്ളിയാഴ്ച്ച വൈകിട്ടു ബഹുനില കെട്ടിടത്തിനു തീ പിടിച്ചു 27 പേർ  മരിച്ചതുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്‌തതായി ശനിയാഴ്ച്ച പൊലിസ് അറിയിച്ചു. 

എഫ് ഐ ആർ ഫയൽ ചെയ്തതായി അറിയിച്ച പൊലിസ്, 27 പേരുടെ മരണം സ്ഥിരീകരിച്ചു. പലരുടെയും ജഡങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞു പോയി. 

50 പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപെടുത്തി. എന്നാൽ 24 സ്ത്രീകൾ ഉൾപ്പെടെ 29 പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാവിലെയും തിരച്ചിൽ തുടരുകയാണ്. 

പൊള്ളലേറ്റു സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കഴിയുന്ന 12 പേരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.  

നാലു നില കെട്ടിടത്തിന് അഗ്നിശമന വകുപ്പിന്റെ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. കെട്ടിട ഉടമ മനീഷ് ലക്ര ഒളിവിലാണ്. 

കെട്ടിടത്തിൽ ഒരു സ്റ്റെയർകേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടു പലർക്കും രക്ഷപെടാൻ കഴിഞ്ഞില്ല. ചിലർ കെട്ടിടത്തിൽ നിന്ന് എടുത്തു ചാടി. 

രണ്ടാം നിലയിൽ സി സി ടി വി ക്യാമറയും റൗട്ടറും നിർമിക്കുന്ന കമ്പനിയിലാണ് വൈകിട്ട് 04.45 നു അഗ്നിബാധ ഉണ്ടായത്. കമ്പനി ഉടമകളായ ഹരീഷ് ഗോയൽ, വരും ഗോയൽ എന്നിവരെ അറസ്റ്റ് ചെയ്‌തു. അവരുടെ പിതാവ് അമർനാഥ് ഗോയൽ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അപകടസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പരുക്കേറ്റവർക്കു അര ലക്ഷം രൂപ വീതവും. 

മജിട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കുറ്റക്കാരെ വെറുതെ വിടില്ല.  

 

ഡൽഹി അഗ്നിബാധ: 24  സ്ത്രീകളെ കാണാനില്ല, കെട്ടിടം ഉടമ ഒളിവിൽ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക