HOTCAKEUSA

മാന്യ മഹാജനങ്ങളേ (മൃദുമൊഴി 44: മൃദുല രാമചന്ദ്രന്‍)

മൃദുല രാമചന്ദ്രന്‍ Published on 14 May, 2022
മാന്യ മഹാജനങ്ങളേ (മൃദുമൊഴി 44: മൃദുല രാമചന്ദ്രന്‍)

സ്‌കൂള്‍ ആനിവേഴ്‌സറി, ബിരുദദാന ചടങ്ങ്, പുസ്തക പ്രകാശനം, ഉദ്ഘാടനം,താക്കോല്‍ കൈമാറ്റം, അനുസ്മരണം, സമാപനം, സമ്മാന ദാനം... അങ്ങനെ അവസരം ഏതും ആകട്ടെ, അതിനോട് അനുബന്ധിച്ച് ഒരു സമ്മേളനം നമ്മുടെ നാട്ടില്‍ നിര്‍ബന്ധമാണ്.ഈ സമ്മേളന ഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ചില കാര്യങ്ങള്‍ ചിരിപ്പിക്കുന്നതും, ചിന്തിക്കുന്നതും ആണ്.

ആദ്യത്തെ ഇനം ക്ഷണക്കത്ത് ആണ്.ഈ കത്തില്‍ പേരും, ചിത്രവും ഒക്കെ വയ്ക്കുന്നതിന് പാലിക്കേണ്ട  അദൃശ്യവും,അലംഘനീയവും ആയ ചില അലിഖിത നിയമങ്ങള്‍ ഉണ്ട്.ചിത്രത്തിന്റെ വലിപ്പം, അത് അടിക്കുന്ന സ്ഥാനം ഇതിന് ഒക്കെ ഒരു കണക്ക് ഉണ്ട്. അതു പോലെ തന്നെയാണ് പേര് അച്ചടിക്കുന്ന അക്ഷരങ്ങളുടെ വലിപ്പവും.ഈ കണക്ക് തെറ്റി പോയതിന്റെ പേരില്‍ ക്ഷണക്കുറികള്‍ മാറ്റി അടിക്കേണ്ടി വന്ന ചരിത്രം പലതുണ്ട്.ചിലര്‍ക്ക്, മഴവില്ലില്‍ ഉള്ള എല്ലാ നിറങ്ങളും ക്ഷണക്കുറിയിലും ഉണ്ടെങ്കിലേ ഒരു തൃപ്തിയുണ്ടാകൂ.ഇത്ര കേമത്തിലും,കാര്യത്തിലും അടിച്ച ക്ഷണപത്രികള്‍ വിതരണം കഴിഞ്ഞ  അടുത്ത നിമിഷം തൊട്ട് തെരുവോരത്ത്, കസേരക്ക് അടിയില്‍  ചിതറി കിടക്കുന്നുണ്ടാകും.ഇത് കൈപ്പറ്റുന്ന എത്ര പേര്‍ ഇത് ഒരിക്കല്‍ എങ്കിലും ശ്രദ്ധിച്ചു വായിക്കുന്നുണ്ടാകും എന്നത് ചിന്തിക്കേണ്ടതുണ്ട്.വന നശീകരണത്തിനും, പരിസര മലിനീകരണത്തിനും ഒരു പോലെ കാരണം ആകുന്ന, പ്രത്യേകമായി ഒരു ഉദ്ദേശവും പൂര്‍ത്തീകരിക്കാന്‍ ഇല്ലാത്ത ഇത്തരം ക്ഷണക്കുറികള്‍ക്ക് ഒരു പകരക്കാരന്‍ ആവശ്യമാണ്.കോവിഡ് കാലത്ത് ഇത് പൂര്‍ണമായും ഡിജിറ്റല്‍ ക്ഷണക്കുറികള്‍ ആയി മാറിയിരുന്നു.കോവിഡാനന്തര കാലത്തും ഈ മാതൃക തുടരാവുന്നത് ആണ്.ആവശ്യം കഴിഞ്ഞാല്‍ ഒരു ഡിലീറ്റ് ബട്ടനില്‍ അപ്രത്യക്ഷമായിക്കൊള്ളും.

ഒരു ക്ഷണക്കുറിപ്പ് കയ്യില്‍ കിട്ടിയാല്‍ നമ്മള്‍ അതില്‍ ശ്രദ്ധിക്കുന്ന ഒരു കാര്യം സമയമാണ്. രാവിലെ പത്ത് മണിക്കാണ് ഒരു പരിപാടി തുടങ്ങാന്‍ നിശ്ചയിച്ചിരിക്കുന്ന സമയം എന്നിരിക്കട്ടെ, ഉടനെ നമ്മള്‍ ഇങ്ങനെ കണക്കു കൂട്ടും : ' പത്തു മണി എന്നാണ് കടലാസില്‍ അടിച്ചത്, അപ്പോള്‍ ഒരു പത്തേ മുക്കാലോടു കൂടി തുടങ്ങും, ഒരു പതിനൊന്ന് മണിക്ക് നമുക്ക് അങ്ങോട്ട് എത്താം.'ലോകത്തെ ഏറ്റവും വിചിത്രമായ ഇന്ത്യന്‍ സ്‌ട്രെച്ചബിള്‍ സമയം ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്.

പത്രികയില്‍ അച്ചടിച്ച സമയത്ത് പരിപാടി തുടങ്ങില്ല എന്ന് സംഘാടകരും,കാണികളും ഒരുമിച്ചു നിശ്ചയിക്കുന്നു.വൈകുന്ന സമയം കണക്കാക്കാന്‍ ഉള്ള ഒരു അടിസ്ഥാന സൂചിക മാത്രമാണ് പത്രികയില്‍ അച്ചടിച്ച സമയം. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കേള്‍ക്കുന്ന അറിയിപ്പുകള്‍ക്ക് സമാനമായി, 'പത്തു മണിക്ക് എത്തും എന്ന് കരുതിയിരുന്ന പ്രധാന അതിഥി ഒരു മണിക്കൂര്‍ വൈകി പതിനൊന്ന് മണിക്ക് എങ്കിലും എത്തി ചേരും എന്ന് പ്രതീക്ഷിക്കുന്നു' എന്ന അറിയിപ്പുകള്‍ മുഴങ്ങും.അങ്ങനെ നീണ്ട കാത്തിരിപ്പിന് ഒടുക്കം എത്തുന്ന അതിഥി വൈകി എത്തുന്നത് തന്റെ ജന്മാവകാശം ആണെന്ന മട്ടില്‍ ഒരു ക്ഷമാപണം പോലും ഇല്ലാതെ വേദിയില്‍ ആസനസ്ഥനാകും.

ഏതു ചടങ്ങിലും കാണുന്ന ഏറ്റവും വലിയ ഒരു തമാശയാണ് ഈ ചടങ്ങു മുഴുവന്‍ തന്റെ ആഭിമുഖ്യത്തിലും, ഉത്തരവാദിത്വത്തിലും ,മേല്‍ നോട്ടത്തിലും ആണ് നടക്കുന്നതെന്ന് വേദിയില്‍ ഉള്ളവരെയും, സദസ്യരെയും അറിയിക്കാന്‍ ഉല്‍സുകരായ ചിലര്‍.ഒന്നോ, രണ്ടോ മാസം മുന്‍പ് തീരുമാണിച്ചുറപ്പിച്ച പരിപാടി, ദാ ഒരു അര മണിക്കൂര്‍ മുന്‍പ് ആണ് തീരുമാനിച്ചത് എന്ന മട്ടില്‍ വേദിയിലും, സദസിലും ആയി അവര്‍ ഓടിപ്പാഞ്ഞു നടക്കും. വിളക്ക് കത്തിക്കാന്‍ തീപ്പെട്ടി വാങ്ങാന്‍ ഓടുന്നു, കസേര തുടക്കാന്‍ പഴന്തുണി തിരഞ്ഞോടുന്നു, സമ്മാനം പൊതിയാന്‍ കടലാസ് തിരക്കി ഓടുന്നു....കഴിഞ്ഞ ഒരു മാസം താന്‍ ഇവിടെ എന്തു കുന്തം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്ന് കാണുന്നവരെ കൊണ്ട് ചോദിപ്പിക്കുന്ന മാതിരി മടുപ്പിക്കുന്ന ഓട്ടം. ഇതിനിടയില്‍ കര്‍ട്ടന്‍ വലിക്കുന്ന ആള്‍ മുതല്‍, പരിപാടി അവതരിപ്പിക്കുന്ന ആളോട് വരെ നിര്‍ദ്ദേശങ്ങള്‍, ആജ്ഞകള്‍.... എന്നാപ്പിന്നെ ഇയാള്‍ വന്ന് ഇതൊക്കെ അങ്ങു ചെയ്യ് എന്ന് പറയാന്‍ തോന്നുന്ന തരത്തില്‍ ഉള്ള മടുപ്പിക്കുന്ന പ്രകടനം.

കുറച്ചു വര്‍ഷം മുന്‍പ് ഒരു സ്‌കൂളിന്റെ കിന്റര്‍ഗാര്‍ട്ടന്‍ ഡേയ്ക്ക് പോയിരുന്നു. നിറങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാമാക്കിയായിരുന്നു പരിപാടി. ഓരോ പരിപാടിയും അനൗണ്‍സ് ചെയ്യുമ്പോള്‍, മൂന്നും നാലും വയസുള്ള കുട്ടികള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ്, വേദിയില്‍ എത്തി ,വളരെ സൂക്ഷ്മമായ രൂപ മാതൃകകള്‍ അവതരിപ്പിച്ചു ചിട്ടയായി ഇറങ്ങി പോരുന്നു.ഒരു അധ്യാപികയും അവരെ അനുഗമിക്കുകയോ, പരിപാടിക്കിടെ നിര്‍ദ്ദേശം കൊടുക്കുകയോ ചെയ്തില്ല.അവരുടെ പണി ഒക്കെ മുന്‍പേ കഴിഞ്ഞിരുന്നു.അതു കൊണ്ട് അവര്‍ സ്വസ്ഥമായി തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നു.മികച്ച ആസൂത്രണം എന്ന് കേള്‍ക്കുമ്പോള്‍ ഒക്കെ ഈ പരിപാടി മനസില്‍ എത്താറുണ്ട്.

വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം എന്നത് പോലെ സദസ് അറിഞ്ഞു പ്രസംഗിക്കാനും ഒരു സാമാന്യബോധം വേണം. വളരെ ഗൗരവ സ്വഭാവമുള്ള, അക്കാദമിക താല്‍പ്പര്യം ഉള്ള , ഒരു പ്രബന്ധാവതരണത്തിന് ഒക്കെ ഒരുങ്ങിയിരിക്കുന്ന സദസ് ആണെങ്കില്‍ അതിന് അനുസരിച്ച് പ്രസംഗം ആകാം. പക്ഷെ ഒരു കലാവതരണം കാണുന്നതിന്, ഔപചാരിക ഉല്‍ഘാടന ചടങ്ങിന് ശേഷം ഉള്ള ഒരു പരിപാടി ആസ്വദിക്കുന്നതിന് ഒക്കെ ഒരുങ്ങിയിരിക്കുന്ന ഒരു സദസില്‍ പ്രസംഗ ദൈര്‍ഘ്യം കുറയ്ക്കുന്നത് ആണ് ഉചിതം.

അതി ദീര്‍ഘമായ ചില പ്രസംഗങ്ങളുടെ ഇടയ്ക്ക് സദസ് ചിലപ്പോള്‍ കയ്യടിക്കും.പ്രസംഗം കേട്ട് ഉറങ്ങിപ്പോയവരെ ഉണര്‍ത്താന്‍ വേണ്ടിയല്ല ഈ കയ്യടി.ഞങ്ങള്‍ക്ക് മതിയായി, ഇതൊന്ന് നിര്‍ത്തുമോ എന്ന അപേക്ഷയാണ്.പക്ഷെ ചില പ്രാസംഗികര്‍ ഇതൊരു പ്രോത്സാഹനം ആണെന്ന് ധരിച്ച് കൂടുതല്‍ ഉത്സാഹത്തോടെ പ്രസംഗം തുടരാറുണ്ട്.

ഈയടുത്ത്, കൗമാരക്കാരായ കുട്ടികളോട് ഔചിത്യ ബോധമില്ലാതെ സംസാരിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി, കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയപ്പോള്‍ അവരെ വഴക്കു പറയുന്ന കേട്ടു.പറയുന്നത് കേള്‍ക്കാന്‍ ഉള്ള വ്യഗ്രതയും, ജാഗ്രതയും സദസ് പുലര്‍ത്തുന്നില്ലെങ്കില്‍ അടുത്ത ക്ഷണം വാക്കുകള്‍ നിര്‍ത്തുക എന്ന തിരിച്ചറിവ് പറയുന്നവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.

ഒരു പരിപാടിക്കിടെ ഉണ്ടാകുന്ന ഏറ്റവും തമാശ നിറഞ്ഞ നിമിഷം ചായയും, ഉഴുന്ന് വടയും എത്തുന്ന സമയം ആണ്.താല്പര്യത്തോടെയോ, അല്ലാതെയോ പ്രസംഗം കേള്‍ക്കുകയോ, കേള്‍ക്കുന്നു എന്ന് അഭിനയിച്ചു കൊണ്ടിരിക്കുന്നവരുടെയോ ഇടയിലേക്കാണ് നിറഞ്ഞ ചായ കെറ്റിലും , മൊരിഞ വടകളും വരുന്നത്.തല്‍ക്ഷണം ശ്രദ്ധ ചായ, വട, വടക്കുള്ളിലെ മുളക് എന്നീ കാര്യങ്ങളിലേക്ക് മാറുന്നു.'എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍' എന്ന സലിം കുമാര്‍ വചനം അന്നേരത്തെ പ്രസംഗത്തിന്റെ കാര്യത്തില്‍ അച്ചട്ട് ആകുന്നു.

അനന്തവും, അജ്ഞാതവും ,അവര്‍ണ്ണനീയവുമായ ഈ ഭൂലോകത്തിന്റെ ഒരു കടുക് മണിയോളം പോന്ന മൂലക്ക് നാല് കസേരയും, മേശയും ഇട്ട് വട്ടം കൂടിയിരിക്കുന്ന മനുഷ്യരെ, നിങ്ങള്‍ക്കെന്തു കഥയറിയാം ????

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക