Image

ഭാര്യയെ ഭര്‍ത്താവ്  ബലാല്‍സംഗം ചെയ്താല്‍...(ഉയരുന്ന ശബ്ദം-48: ജോളി അടിമത്ര)

Published on 14 May, 2022
ഭാര്യയെ ഭര്‍ത്താവ്  ബലാല്‍സംഗം ചെയ്താല്‍...(ഉയരുന്ന ശബ്ദം-48: ജോളി അടിമത്ര)

ഭര്‍ത്താവിന്റെ ലൈംഗികപീഡനം  കുറ്റകരമാണോ ?   അല്ലെന്നും ആണെന്നും ഉറപ്പിച്ചു പറയാതെ ഉരുണ്ടുകളിച്ച്  ഭിന്നവിധികളെഴുതി ഭാരതത്തിലെ ഒരു ഹൈക്കോടതി.അവരങ്ങനയേ പറയൂ,കാരണം അവരില്‍ ഒരു വനിതാ ജഡ്ജി പോലും ഇല്ലായിരുന്നു എന്നതു തന്നെ കാരണം.ഒരു പെണ്ണിനേ പെണ്ണിന്റെ വേദന മനസ്സിലാക്കാനാവൂ.നിരന്തരം ഭര്‍ത്താവിനാല്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെടുന്ന പെണ്ണിന്റെ കഠിനമായ വ്യഥ പുരുഷനെങ്ങനെ മനസ്സിലാകാന്‍ ?. പുരുഷന്‍ പുരുഷന്റെ കാഴ്ചപ്പാടിലാണ് ആ പ്രശ്‌നത്തെ കാണുന്നത്. മാനസ്സിക വേദനയേക്കാള്‍ സത്യത്തില്‍ അപമാനമാണ് ഭര്‍തൃബലാല്‍സംഗത്തിലൂടെ അവള്‍  നിരന്തരം അനുഭവിക്കുന്നത്. കിടപ്പുമുറിയില്‍ ഒരു തെരുവുഗുണ്ടയെപ്പോലെ അവളെ കീഴ്‌പ്പെടുത്തുന്നവനെ എങ്ങനെ   ഭര്‍ത്താവ് എന്ന നിലയില്‍ ബഹുമാനിക്കാനാവും..


ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്യാന്‍  സമൂഹം ലൈസന്‍സ് നല്‍കുന്ന ഏര്‍പ്പാടാണ് സത്യത്തില്‍ വിവാഹം.   ആ ബലാല്‍സംഗം കുറ്റകരമേയല്ലെന്ന തോന്നലാണ് പല ആണുങ്ങള്‍ക്കും.വിവാഹരാത്രിയിലെ ലൈംഗിക പീഡനം ദൃശ്യവല്‍ക്കരിച്ച സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.പൗരുഷം  ഇണയുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ആദ്യം കിട്ടുന്ന അവസരത്തില്‍  ചില ആണുങ്ങള്‍ ഒന്നാന്തരം ചവിട്ടുനാടകം ആടിക്കളയും ,അവന് എത്ര ലൈംഗിക വിദ്യാഭ്യാസം കിട്ടിയാലും .ഒരു ജന്‍മം മുഴുവന്‍ പങ്കാളിയെ പൊള്ളിക്കുന്ന രീതിയാണ് അതെന്ന് പുരുഷന്‍ ചിന്തിക്കുന്നേയില്ല.അവനെ അവജ്ഞയോടെ കാണാന്‍ ഈ ഒറ്റ സംഭവം മതി പെണ്ണിന്. അപരിചിതരായ രണ്ടു സ്ത്രീപുരുഷന്‍മാരെ വിവാഹ രാത്രിയില്‍ ഒരു മുറിയിലാക്കി  കതകടച്ച് വീട്ടുകാര്‍ അവരുടെ പാട്ടിനു പോകുന്ന മലയാളിയുടെ പഴയ രീതി .അത് ഇപ്പോള്‍ മാറിയെങ്കിലും മാതാപിതാക്കള്‍ ആലോചിച്ച് ഉറപ്പിക്കുന്ന പരമ്പരാഗത കല്യാണങ്ങളിലെ ആദ്യ രാത്രികള്‍ പലതും ഇങ്ങനെയൊക്കെത്തന്നെയാണ്. പക്ഷേ  ' സേവ് ദി ഡേറ്റും ' മറ്റും രംഗത്തെത്തിയപ്പോള്‍ പരസ്പരം സംസാരിക്കാനും അടുത്തറിയാനും സമയം കിട്ടുന്നു .അത് അപരിചിതത്വം മാറ്റാനും സൗഹൃദം ഉടലെടുക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ  അവര്‍ക്കിടയില്‍ ആദ്യ രാത്രിയില്‍  ബലാല്‍സംഗം  ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് നമ്മള്‍ക്ക്  കരുതാം.  

   
വിവാഹരാത്രിയിലെ ലൈംഗികതയെപ്പറ്റി വര്‍ഷങ്ങള്‍ക്കു മുമ്പ്  ഞങ്ങള്‍ കൂട്ടുകാര്‍ ചര്‍ച്ച ചെയ്തത് ഓര്‍മിക്കുന്നു.ആറേഴു പെണ്ണുങ്ങള്‍ ഒരുമിച്ചിരുന്നപ്പോഴുള്ള സംഭാഷണം ആയിരുന്നു അത്.സംസാരിച്ചു വന്നപ്പോള്‍ ആ വിഷയം എങ്ങനെയോ ഞങ്ങള്‍ക്കിടയില്‍ കടന്നു കൂടിയതാണ്.ഞങ്ങളില്‍  ഒരാളുടെ ദുരനുഭവം ഇന്നും മറക്കാന്‍ പറ്റുന്നില്ല. ലൈറ്റണച്ചതും  വിശന്നു വലഞ്ഞ വ്യാഘ്രത്തെപ്പോലെ ആര്‍ത്തി പിടിച്ച് സ്വന്തം ഭാര്യയെ കടന്നാക്രമിച്ചത് പറയുമ്പോള്‍ അവളുടെ മുഖത്തെ ആ ഭാവം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്.വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കള്‍ മൂന്നായിട്ടും മുറിവുകള്‍ കരിയാത്ത ആ പെണ്‍മനസ്സ് ആണിന് പിടി കിട്ടുന്നില്ല. ആദ്യരാത്രിയുടെ പരിഭ്രമം നേരിടാന്‍
മദ്യം കഴിച്ചതുകൊണ്ട്  ചെയ്തുപോയതാണെന്നൊക്കെ കുമ്പസാരിച്ചിട്ടും അവളുടെ മനസ്സിന്റെ വേദന മാറില്ല.


ബലാല്‍സംഗം ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്ന ഏതെങ്കിലും സ്ത്രീകള്‍ ഉലകത്തില്‍ ഉണ്ടോ ? അതു ഭര്‍ത്താവായാലും അന്യപുരുഷനായാലും.അപ്പോള്‍ നമ്മള്‍ സൈക്കോളജിയേയും അബോധമനസ്സിനെയും ഉപബോധമനസ്സിനെയും കൂട്ടിക്കെട്ടി ചില ഡയലോഗുകള്‍ കൊണ്ടുവരും.ചില വൃത്തികെട്ടവന്‍മാര്‍ കണ്ടുപിടിച്ച തിയറി  വായിച്ചിട്ടിട്ടുണ്ട. ബലാല്‍സംഗം ചെയ്യപ്പെടുന്ന സ്ത്രീ ആദ്യം എതിര്‍ത്താലും മെല്ലെ ആസ്വദിച്ചുതുടങ്ങുമെന്ന്.അതു കണ്ടു പിടിച്ചവന്റെ മകള്‍ക്ക്  അത്തരമൊരു അനുഭവം നേരിടുമ്പോള്‍ ചോദിച്ച് ഉറപ്പു വരുത്തണം,അപ്പന്റെ  തിയറി ശരിയോ എന്ന്.
ആദ്യ രാത്രിയിലെ ദുരനുഭവം പോകട്ടെ,വിവാഹജീവിതത്തിലുടനീളം ഒരു സ്ത്രീ ഇത്തരം ദുരന്തം നേരിടേണ്ടി വന്നാലോ.അത്തരം ജന്‍മങ്ങളും നമ്മള്‍ക്കിടയിലുണ്ടെന്നത് മറക്കരുത്.താലി കെട്ടിയ പെണ്ണ് തന്റെ ഏത് ഇംഗിതത്തിനും ഏതു സമയത്തും വഴങ്ങേണ്ടവളാണെന്നും അവള്‍ക്കൊരു 'ചോയ്‌സി' ന് അവസരമില്ലെന്നും ധരിച്ചു വച്ച പുരുഷന്‍മാര്‍.ആര്‍ത്തവ സമയത്തുപോലും ഭാര്യയെ വെറുതെ വിടാത്ത കാടന്‍മാര്‍.ആ ദിവസങ്ങളില്‍ അവള്‍ നേരിടുന്ന അസ്വസ്ഥതകള്‍ അവര്‍ക്കറിയില്ല.അതൊക്കെ നമ്മുടെ ആണ്‍മക്കള്‍ അറിയണം.പെങ്ങള്‍ ഉള്ള ആങ്ങളമാരെങ്കിലും .. തന്നെപ്പോലെ തന്നെ വ്യക്തിത്തം ഉള്ളവളാണ് അവളുമെന്ന് എന്താണ് വിവരമുള്ള പല പുരുഷന്‍മാരും മറക്കുന്നത് ?.സ്ത്രീ ഒരു കരിമ്പിന്‍ കാടും താനൊരു ആനയുമാണെന്ന തോന്നല്‍ വിഡ്ഡിത്തമാണ്.പെണ്‍ മനസ്സില്‍ വിവാഹശേഷം ആദ്യം വീഴുന്ന തീപ്പോരി ഒരിക്കലും അണയാത്തൊരു കനലാണ്.കല്യാണം കഴിഞ്ഞ് പത്തു മുപ്പതു വര്‍ഷം കഴിഞ്ഞും ചില സ്ത്രീകള്‍ പറയുന്നത് കേട്ടിട്ടില്ലേ.''എന്നെ കല്യാണം കഴിച്ചോണ്ടുവന്ന് ,വലതുകാലു വച്ച് കേറിയപ്പം നിങ്ങടമ്മായി പറഞ്ഞതോര്‍ക്കുന്നോ,വല്ലോം കഴിച്ചു വേഗം തടി വച്ചോണം.ഒമനക്കുട്ടന്റെ തണ്ടിനും തടിയ്ക്കും ഈ മെലിഞ്ഞ ദേഹം പോരെന്ന്.നിങ്ങടമ്മയും പെങ്ങമ്മാരും കൂടി എന്നാ ചിരിയായിരുന്നു.എന്റെ വീട്ടില്‍ പട്ടിണി കിടക്കുവാരുന്നന്നല്ലേ അതിനര്‍ത്ഥം '',അതാണ് സ്ത്രീ.കാലം എത്ര ചെന്നാലും പറഞ്ഞവര് മരിച്ച് മണ്ണടിഞ്ഞാലും പഴയതൊക്കെ അവള് മനസ്സിനുള്ളില്‍ സേവ് ചെയ്ത് വച്ചിരിക്കും.


ഇതിന് ഒരു മറുവശം കൂടിയുണ്ടെന്നത് മറക്കുന്നില്ല.പുരുഷന്‍ വിവാഹം കഴിക്കുന്നത് മക്കളെ പ്രസവിക്കാനൊരു സ്ത്രീയ്ക്കു വേണ്ടി മാത്രമല്ലല്ലോ.വിവാഹജീവിതത്തില്‍  ലൈംഗിക ആവശ്യങ്ങള്‍ക്ക് പ്രഥമ സ്ഥാനം തന്നെയുണ്ട്.അയാളുടെ ലൈംഗികആവശ്യങ്ങള്‍ പങ്കാളിയല്ലാതെ മറ്റാരാണ് സാധിച്ചുകൊടുക്കുക വിവാഹിതന്റെ പരസ്ത്രീഗമനം സമൂഹം സഹിക്കുന്നില്ല,അനുവദിക്കുന്നുമില്ല.ഒളിച്ചും പാത്തുമാണ് ആ ഗമനം.അതു പുറത്തു വരുമ്പോഴാണല്ലോ കുടുംബജീവിതത്തിന്റെ ഇഴകള്‍ പൊട്ടിപ്പോകുന്നതും അകലുന്നതും.അപ്പോള്‍ പിന്നെ അയാളുടെ ലൈംഗികആവശ്യങ്ങള്‍ പങ്കാളിയല്ലാതെ ആരാണ് സാധിച്ചുകൊടുക്കുക ? ഭാര്യ അനുവദിക്കാത്ത സാഹചര്യത്തില്‍ അയാള്‍ ബലപ്രയോഗത്തിനു മുതിര്‍ന്നേക്കാം. അതൊരു ക്രിമിനല്‍ക്കുറ്റമായാലോ..


 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കേരളത്തില്‍  പുരുഷ പീഡനപരിഹാര കമ്മിറ്റി രൂപം കൊണ്ടത്.ആദ്യത്തെ മീറ്റിംഗ് കോട്ടയത്തു വച്ചായിരുന്നു.അത് റിപ്പോര്‍ട്ടു ചെയ്യാന്‍ ഞാന്‍ പോയി.ചെറുപ്പക്കാരും മധ്യവയസ്‌ക്കരും വൃദ്ധരും അടങ്ങുന്ന സാമാന്യം വലിയൊരു പുരുഷസദസ്സ് .ഞാനൊരു സ്ത്രീ മാത്രമാണ് ആ ഹാളില്‍ ഉണ്ടായിരുന്നത്.ഞാനവിടെ ഇരുന്നതില്‍ പലര്‍ക്കും ലജ്ജയുണ്ടായി.കാരണം അനുഭവങ്ങള്‍ തുറന്നു പറയാന്‍ നാണങ്കേട്.എന്നിട്ടും പലരും അവരുടെ ദുരന്ത അനുഭവങ്ങള്‍ വിവരിച്ചു.ചിലരുടെ കണ്ഠം ഇടറി.ഭാര്യ തല്ലുന്നതും പാവാടയും അടിവസ്ത്രവുംവരെ ഭാര്യ കഴുകിപ്പിക്കുന്നതും അവഹേളിക്കുന്നതും തുടങ്ങി  പലപല യാതനകളുടെ നേര്‍ക്കാഴ്ചകള്‍.കൂട്ടത്തില്‍ ഒരാള്‍ എന്നോട് ക്ഷമ പറഞ്ഞാണ് സംസാരം തുടങ്ങിയത്.അദ്ദേഹത്തിന് ഏകദേശം അമ്പതിനടുത്തു പ്രായം കാണും.


'ഇവിടെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാന്യ സഹോദരി ക്ഷമിക്കണം.ഞങ്ങളുടെ സ്വകാര്യ ദു;ഖങ്ങള്‍ ഇവിടല്ലാതെ മറ്റെവിടെയാണ് പറയുക. ഭാര്യമാരുടെ അടിയും തൊഴിയും കൊള്ളുന്ന പുരുഷന്‍മാരുടെ എണ്ണം കൂടുകയാണ്.അഭിമാനമാനം ഓര്‍ത്ത് നമ്മളത് മറച്ചുവയ്ക്കുകയാണ്.ഇവളുമാര് ശരിക്കും നമ്മളെ തോല്‍പ്പിക്കുന്നത് കിടക്കയിലാണ്. പകല്‍ അഭിപ്രായവ്യത്യാസമോ വഴക്കോ  ഉണ്ടായാല്‍ രാത്രി നമ്മളെ അടുപ്പിക്കയില്ല.ഒന്നുകില്‍ വേറെ മുറിയില്‍ പോയിക്കിടക്കും.അല്ലേല്‍ പിള്ളാരെ വിളിച്ച് ഇടയില്‍ക്കിടത്തും.ചിലപ്പോള്‍ ദിവസങ്ങളോളം അവളുമാര് നമ്മളെ അവഗണിച്ചുകളയും.നമ്മള്‍ക്ക്  മറ്റു സ്ത്രീകളെ തേടി പോകാന്‍ പറ്റുമോ.അങ്ങനാരെങ്കിലും പോയാല്‍ ഇവളുമാരു തന്നെയാണ് അതിനു കാരണം '.വലിയൊരു കരഘോഷത്തോടെയാണ് സദസ്സ് അതേറ്റെടുത്തത്.ആ ആഴ്ചത്തെ സാമകാലിക മലയാളത്തില്‍ ' ആണിനെ പെണ്ണ് അടിച്ചാല്‍'എന്ന തലക്കെട്ടില്‍ ആ റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വ്യാപക പ്രതികരണമായിരുന്നു ലഭിച്ചത്.പക്ഷേ എന്തുകൊണ്ടോ ആ സംഘടന അധികം മുന്നോട്ടുപോയില്ല.


 അതെ പല ഭാര്യമാര്‍ക്കും ഭര്‍ത്താവിനെ തോല്‍പ്പിക്കാനുള്ള ശക്തിയേറിയ ആയുധമാണ് ലൈംഗികത നിഷേധിക്കല്‍.അപ്പോള്‍ രണ്ടുപെഗ്ഗ്  വീശിയ്ട്ട് അതിന്റെ മറവില്‍ കീഴ്‌പ്പെടുത്തലും ബലാല്‍സംഗവും
നടത്തിയേക്കാം. ഇത്തരം സ്ഥിരം നിഷേധിക്കലുകള്‍ അന്യസ്ത്രീകളോടുള്ള അഭിനിവേശത്തിനും വഴിവിട്ട ബന്ധങ്ങള്‍ക്കും  കാരണമാകാമെന്നത് സ്ത്രീയും മറക്കുന്നു.


 ഭാര്യയോട് ഭര്‍ത്താവ് നടത്തുന്ന ലൈംഗികപീഡനം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വരെ എത്തി നില്‍ക്കുന്നു.ഐപിസി 375(2) വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പട്ട്  ചില സംഘടനകള്‍ നല്‍കിയ ഹര്‍ജിയാണ കോടതി പരിഗണിച്ചത്.ഭാര്യ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവളാണെങ്കില്‍ ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് വ്യക്തമാക്കുന്നതാണ്  ഐപിസി 375(2) വകുപ്പ്.ഈ പ്രായം സുപ്രിം കോടതി 2017-ല്‍ 18 വയസ്സായി ഉയര്‍ത്തിയിരുന്നു.ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്താല്‍ ഭര്‍ത്താവിന് ഇളവു നല്‍കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് രാജീവ് ശാക്‌ധേര്‍ വിധിച്ചതിനോട് മലയാളിയായ  ജസ്റ്റിസ് സി.ഹരിശങ്കര്‍ യോജിച്ചില്ല.


എന്തായാലും ഇവിടംകൊണ്ട് അവസാനിക്കുന്നില്ല.ഇനി സുപ്രിംകോടതിയില്‍ അങ്കം മുറുകും.ഭര്‍ത്താവിനോട് ഭാര്യ നടത്തുന്ന ലൈംഗികപീഡനം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഇതുവരെ എവിടെയും ഉണ്ടായിട്ടില്ല.അത് സംഭവ്യമല്ലെന്ന മിഥ്യാധാരണയിലാണ് നമ്മളൊക്കെ.വൈകാതെ ഇനി അതും വൈകാതെ സംഭവിച്ചേക്കാം.

 

Join WhatsApp News
കാർത്തിയായനി 2022-05-15 18:12:21
അങ്ങ് സമ്മതിച്ചു കൊടുത്താൽ പോരെ, പിന്നെ ബലാൽസംഗത്തിൻ്റെ ആവശ്യമില്ലല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക