HOTCAKEUSA

പിണറായി ഇറങ്ങി ; തൃക്കാക്കര കളറായി ! ; നാട്ടിലെ ഫ്രഷ് ന്യൂസ് (കെ.എ ഫ്രാൻസിസ്)

കെ.എ ഫ്രാൻസിസ്  Published on 14 May, 2022
പിണറായി ഇറങ്ങി ; തൃക്കാക്കര കളറായി ! ; നാട്ടിലെ ഫ്രഷ് ന്യൂസ് (കെ.എ ഫ്രാൻസിസ്)

കൂപ്പുകൈകളുമായി സ്ഥാനാർത്ഥികൾ വോട്ടു തേടി പ്രചാരണം നടത്തുന്നുണ്ടെങ്കിലും തൃക്കാക്കരക്ക് ഇലക്ഷൻ ചൂട് വന്നിരുന്നില്ല . മുഖ്യമന്ത്രി പിണറായി തൃക്കാക്കരയിൽ തങ്ങി , നിയമസഭയിൽ എൽ.ഡി.എഫിന്  സെഞ്ച്വറി തികയ്ക്കാൻ  അരയും തലയും മുറുക്കി ഇറങ്ങിയതോടെ ലെവലങ്ങു മാറി . ശിബിരം കഴിഞ്ഞ കോൺഗ്രസ് നേതാക്കൾ കൂടി വന്നാൽ തൃക്കാക്കര കൂട്ട പൊരിച്ചലാകും .

നിയമസഭയിൽ സെഞ്ച്വറി തികയ്ക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ടിറങ്ങിയതോടെ തൃപ്പൂണിത്തുറയിലെ ഡോ. ജോ ജോസഫിന്റെ പ്രചാരണ രീതിയുടെ മട്ടും  മാതിരിയും മാറി തോമസ് മാഷിന്റെ 'ജോക്കർ കളി' കൊണ്ട് വോട്ട് കിട്ടില്ലെന്നും മാഷിന്റെ കൂടെ മാഷ് മാത്രമാണുള്ളതെന്നും പിണറായി സഖാവ് നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ് . 'മാഷ് ഇഫക്ട് ' എത്ര മാത്രമുണ്ടെന്നുള്ള പരിശോധനാ ഫലവും കിട്ടി , അതും  നെഗറ്റീവ് ! ഇനി മാഷ് ഒരു ഭാരമല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കൂടെ കൊണ്ട് നടത്തുകയല്ലേ പറ്റൂ .

ആദ്യ ഇലക്ഷനെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിലാണ് പി.ടി തോമസ് രണ്ടാം വട്ടം ജയിച്ചതെന്നും കഴിഞ്ഞ തവണ പി.ടിക്ക് കിട്ടുമായിരുന്ന കുറെ വോട്ടുകൾ ട്വന്റി ട്വന്റി പിടിച്ചെടുത്തിരുന്നുവെന്നും അതിപ്പോൾ ഉമക്ക് കിട്ടാനിടയുണ്ടെന്നും പിണറായിക്ക് അറിയാത്തതല്ല പക്ഷെ , നല്ല പ്രവർത്തനം കാഴ്ച വച്ച്  തന്റെ പ്രവർത്തകർക്ക് അത് അട്ടിമറിക്കാൻ പറ്റുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ട് . സാധാരണ പ്രവർത്തകരെ ഏതു വിധം പ്രോത്സാഹിപ്പിച്ചാലാണ് അവരെ കൂടുതൽ ഊർജസ്വലരാക്കാൻ കഴിയുകയെന്ന് പിണറായിക്ക് നന്നായി അറിയാം . ഒരു കാലത്ത് എം.വി രാഘവനായിരുന്നു സി.പി.എമ്മിന്റെ അനിഷേധ്യ നേതാവ് അദ്ദേഹത്തിൻറെ വിരൽത്തുമ്പിൽ പാർട്ടി കറങ്ങുന്ന കാലം . ഉത്തര മലബാറിൽ എം.വി.ആറിനെതിരെ ആർക്കും ശബ്ദിക്കാനായിരുന്നില്ല അന്ന് .

ആ എം.വി.ആർ പ്രഭാവത്തിൽ നിന്ന് പാർട്ടിയെ രക്ഷിക്കാനും അവരെ കൂടെ നിർത്താനും കഴിഞ്ഞത് പിണറായി സധൈര്യം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടായിരുന്നു . പിണറായി 'ഒന്ന് ശൊന്നാൽ ശൊന്ന' മാതിരിയാണെന്ന് കണ്ണൂരിലെ മൂന്ന് ജയരാജന്മാർക്കും അദ്ദേഹത്തെ അറിയുന്നവർക്കും അറിയാം . ഇത്തവണ പ്രത്യക്ഷത്തിൽ അസാധ്യമായ ഒരു 'ടാസ്ക്' പിണറായി ഏറ്റെടുക്കുകയും അതിനായി സ്വയം മുന്നിട്ടിറങ്ങി പ്രവർത്തിക്കുകയുമാണ് . അതിന്റെ ഗൗരവം ഒന്ന് വേറെ തന്നെയാണെന്ന് കോൺഗ്രസ് നേതാക്കളിൽ നേരിട്ടറിയുന്നത് കെ. സുധാകരന് മാത്രം രണ്ടു പേരും കുട്ടിക്കാലത്തെ പോരാട്ടങ്ങളെ പറ്റി പറയുമ്പോൾ കൂടുതൽ കടുത്ത നിറങ്ങൾ ചേർക്കുമെങ്കിലും , നേർക്ക് നേർ കണ്ടാൽ ഇരുവരും മുഖത്ത് പോലും നോക്കില്ല . രാഷ്ട്രീയത്തിലെ പോര് നിത്യജീവിതത്തിലും പകർത്തിയവരാണവർ . രണ്ടുപേർക്കും നിത്യേനയെന്നോണം പരസ്പരമുള്ള ശത്രുത കൂടുകയല്ലാതെ കുറയുകയില്ലെന്നുറപ്പ് .

തൃക്കാക്കരയിൽ പിണറായി പരീക്ഷിക്കുന്ന പ്രവർത്തന ശൈലി രാഷ്ട്രീയത്തിലുള്ള മറ്റുള്ള ആർക്കും പരിചിതമല്ല . ബൂത്ത് തലത്തിലെ പ്രവർത്തകരെ വിളിച്ചു കൂട്ടി അദ്ദേഹം നടത്തുന്ന മോട്ടിവേഷൻ ക്ളാസുകൾ , ഏത് മനഃശാസ്ത്രവിദഗ്ധൻ നടത്തുന്ന പഠനക്ലാസിനെക്കാൾ മികവുറ്റതാകുമെന്ന കാര്യത്തിൽ സംശയമില്ല , ചെറിയ ചെറിയ ഗ്രൂപ്പുകളെ വിളിച്ചു കൂട്ടി സ്റ്റഡി ക്ലാസ് നടത്തി പ്രചാരണ പ്രവർത്തനങ്ങൾക്കു സജ്ജമാക്കുകയാണ് അദ്ദേഹത്തിൻറെ രീതി . പിണറായിയെ വളരെ ആദരവോടെ കാണുന്ന ഏറ്റവും താഴെക്കിടയിലുള്ള പ്രവർത്തകർക്ക് ആ പഠനവേളകൾ പ്രയോജനകരമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

യു.ഡി.എഫ് ഇത്രയേറെ വികസനപ്രവർത്തങ്ങൾ നടത്തിയ കൊച്ചിയെ പോലുള്ള ഒരിടത്ത് വികസന അജണ്ടയിൽ ഊന്നിയുള്ള എൽ.ഡി.എഫ് പ്രചാരണം എത്ര ഫലപ്രദമാകുമെന്നാണ് ഇനി കണ്ടറിയേണ്ടത് . എയർപോർട്ടിന്റെ കാര്യത്തിലായാലും മെട്രോയുടെ തുടക്കത്തിലായാലും സി.പി.എം കാണിച്ചു പോന്ന നിഷേധ നിലപാടുകൾ വോട്ടർമാർ മറന്നു കാണില്ലെന്ന് ഉമ തോമസിന്റെ ക്യാമ്പിന് ആശ്വസിക്കാം . സർക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ എണ്ണിയെണ്ണി പറഞ്ഞു കൊണ്ടുള്ള ഒരു തിരിച്ചടിയാകും ശിബിരം കഴിഞ്ഞെത്തുന്ന സതീശനും കൂട്ടരും തുടങ്ങി വെക്കുക . ഇരകളുടെ പേര് പറയാതെ റിപ്പോർട്ടിലെ വേട്ടക്കാരുടെ ചെയ്തികൾ ഹേമാക്കമ്മിറ്റി റിപ്പോർട്ടിലുള്ളത് പുറത്തു വിടണമെന്ന് സിനിമയിലെ വനിതാകൂടായ്മയുടെ ആവശ്യം പോലും നിഷേധിച്ച മന്ത്രി സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണവും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം . ഉമ ക്ഷണിച്ചാൽ പ്രചാരണത്തിനിറങ്ങാനും സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾ തുറന്നു കാട്ടാനും സിനിമയിലെ വനിതാ കൂട്ടായ്മയിലെ ചിലരെങ്കിലും സജീവമായി ഇറങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല 

ഏതായാലും തൃക്കാക്കര ഇലക്ഷൻ ഇനിയുള്ള ദിവസങ്ങൾ  കളർഫുള്ളാകും . മറ്റാർക്കും നടത്താൻ കഴിയാത്ത കാര്യങ്ങൾ (അസാദ്ധ്യ കാര്യങ്ങൾ) അനുഭവഭേദ്യമാക്കുന്ന മദ്ധ്യസ്ഥരായ വിശുദ്ധർ കത്തോലിക്ക സഭയ്ക്കുണ്ട് . സി.പി.എമ്മിൽ അത്തരമൊരു വിശുദ്ധനാണ് പിണറായിയെന്ന് അടിയുറച്ചു വിശ്വസിക്കുന്ന സഖാക്കളുണ്ട് അവർ പ്രതീക്ഷിക്കുന്നത് കെ-റെയിലും സെഞ്ച്വറി തികയ്ക്കലും പ്രായോഗികം എന്നത് തന്നെ   ഇതിൽ സെഞ്ച്വറി പ്രവചനം ശരിയാകുമോ എന്ന് എന്നത് ആദ്യം അറിയാം . എന്തായാലും മന്ത്രിമാരെ വരെ അണിനിരത്തിയും അടിത്തട്ടിലെ പ്രവർത്തകർക്ക് പ്രചോദനം നൽകിയും ഒരു അട്ടിമറി വിജയം സഖാക്കളുടെ പ്രിയപ്പെട്ട വിജയേട്ടൻ പ്രതീക്ഷിക്കുന്നു . സതീശേട്ടനാകട്ടെ പ്രവർത്തിക്കുന്നത് വിജയത്തിന് വേണ്ടി മാത്രമല്ല, ഉമയുടെ ഭൂരിപക്ഷം പി.ടിയുടേതിനേക്കാൾ കൂട്ടുന്നതിനാണ്  . ഇത്തവണ തൃക്കാക്കര പൂരം കസറും ! 

കെ.എ ഫ്രാൻസിസ് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക