Malabar Gold

ഇദ്‌ലിബിലെ ചുവന്ന സൂര്യൻ  (കഥ -1: ബാബു പാറയ്ക്കൽ)

Published on 18 May, 2022
ഇദ്‌ലിബിലെ ചുവന്ന സൂര്യൻ  (കഥ -1: ബാബു പാറയ്ക്കൽ)

"ഇതാ നിന്റെ പുതിയ പത്താക്ക. ഇനി മുതൽ തിരിച്ചു പോകുന്നതു വരെ നിന്റെ പേര് അബ്ദുൽ അസീസ് എന്നായിരിക്കും." സുലൈമാൻ പുതിയ ഒരു ഐ.ഡി. കാർഡ് സുഹൃത്ത് മിഖെയ്‌ലിനു കൈമാറി. 
മിഖേയ്ൽ ഒരു ദൗത്യവുമായി ഇറങ്ങിയിരിക്കയാണ്. ഏഴു വർഷങ്ങൾ മുൻപ് ജീവൻ കയ്യിൽ പിടിച്ചുകൊണ്ടു രാത്രിയിൽ സാഹസികമായ ഒരു ഒളിച്ചോട്ടം നടത്തി ആ നാട്ടിൽ നിന്നും രക്ഷപെട്ടതാണ്. ജനിച്ചു വളർന്ന സിറിയയിലെ ഇദ്‌ലിബ് എന്ന നാട്ടിൽ ക്രിസ്ത്യൻ സമൂഹം ന്യൂന പക്ഷമായിരുന്നെങ്കിലും പൂർണ്ണ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ഇറാക്കിൽ സദ്ദാം ഹുസ്സൈന്റെ ഭരണത്തിനറുതി വരുത്തിക്കൊണ്ട് അമേരിക്കൻ ആക്രമണം ഉണ്ടാകുന്നത്. തുടർന്ന് ഇസ്ലാമിക തീവ്രവാദികൾ അതിശീഘ്രമായി  വളർന്നു. അവർ ഇദ്‌ലിബിലും എത്തും എന്നറിഞ്ഞപ്പോൾ തന്നെ മിഖേയ്ൽ അവിടെ നിന്നും പലായനം ചെയ്‌തു പലയിടത്തും കറങ്ങി ഒടുവിൽ അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ എത്തിപ്പറ്റി. പോയ അന്ന് മുതൽ ജന്മനാടിനെപ്പറ്റി കാര്യമായ യാതൊരു വിവരവും കിട്ടുന്നില്ലായിരുന്നു. കിംവദന്തികൾ ധാരാളവും. എന്തായാലും ഒരു മടക്ക യാത്ര സാധ്യമല്ലെന്നു മിഖേയ്‌ലിനു മനസ്സിലായിരുന്നു. അത്രകണ്ട് തീവ്രവാദികൾ അവിടെ പിടിമുറുക്കിയിരിക്കുന്നു. തന്റെ ജന്മനാടിനെപ്പറ്റിയും അവിടെ തനിക്കേറ്റവും കടപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനെപ്പറ്റിയുമുള്ള ഓർമ്മകൾ അയാളെ എന്നും വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ നിർബന്ധം കൊണ്ട് മാത്രമാണ് താൻ ആ നാട് വിട്ടതെന്ന സത്യം മിഖേയ്ൽ ഓർത്തു.
എന്നാൽ ഈയിടെ അമേരിക്കയിലെ ഒരു പ്രമുഖ പത്രം തന്റെ ജന്മനാട്ടിലെ വംശനാശം വന്ന ക്രിസ്ത്യൻ സമൂഹത്തെപ്പറ്റി ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴാണ് അവിടത്തെ കൃത്യമായ ഒരു വിവരണം ലഭിച്ചത്. എന്നാൽ, അനാഥനായ തന്നെ വളർത്തിയ ജാഫർ എന്ന വൃദ്ധൻ ഇപ്പോഴും അവിടെ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തെ കാണണം എന്ന തീവ്രമായ ആഗ്രഹം ഉടലെടുത്തു. അവിടേക്കുള്ള യാത്ര അപകടകരമാണെന്നറിയാമെങ്കിലും ഒരു ഭാഗ്യ പരീക്ഷണത്തിന് അയാൾ തയ്യാറായി. ആലെപ്പോയിലുള്ള സുലൈമാനുമായി മറ്റൊരു സുഹൃത്തു വഴി ബന്ധപ്പെട്ടു. സുലൈമാൻ വേണ്ട സഹായം ചെയ്യാമെന്നറിയിച്ചതനുസരിച്ചാണ് മിഖേയ്ൽ അവിടെയെത്തിയത്.
"ഇവിടെ നിന്നും ഇദ്‌ലിബിലേക്കു 150 കിലോമീറ്റർ ആണ്. കഷ്ടിച്ച് ഒന്നര മണിക്കൂർ മതി. പക്ഷേ, പലയിടത്തും ചെക്ക്പോസ്റ്റുകൾ ഉണ്ട്. കാരണം ഇതിനിടയിലുള്ള അതറബ്, തഫ്താപാസ്, അൽ ഫുവ എന്നീ മൂന്നു പ്രദേശങ്ങളും മൂന്നു കൂട്ടരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ടു ഹൈവേയിൽ പട്ടാളത്തിന്റെ കർശന പരിശോധനയുണ്ടാവും. പാസ്സ്‌പോർട്ടൊന്നും കൈവശം വയ്ക്കരുത്. യാതൊരു കാരണവശാലും ഇംഗ്ലീഷ് സംസാരിക്കരുത്. ഇംഗ്ലീഷിൽ ചോദിച്ചാൽ മനസ്സിലാകാത്തതുപോലെ അഭിനയിക്കണം. ആലെപ്പോയിൽ ജീവിക്കുന്ന നീ ഒരു ബന്ധുവിന്റെ മരണം അറിഞ്ഞിട്ട് ഇദ്‌ലിബിലേക്കു പോകയാണെന്നേ പറയാവൂ. നിനക്ക് പോകാൻ എന്റെ പരിചയക്കാരനായ ഒരാളിന്റെ ടാക്‌സി പറഞ്ഞിട്ടുണ്ട്. അവനെ വിശ്വസിക്കാം. പണ്ടത്തെ 'ഷെയർ ടാക്‌സി' സംവിധാനം ഇപ്പോഴില്ല. തിരിച്ചും മറിച്ചും ചോദിച്ചാലും നീ മുസ്ലിം തന്നെയാണ്. ക്രിസ്ത്യാനിയല്ല. മനസ്സിലായല്ലോ."
"ങ്‌ഹും." അയാൾ മൂളി.
"എങ്കിൽ പോയിട്ട് വരൂ. ടാക്‌സി വെളിയിൽ കാത്തു നിൽപ്പുണ്ട്."
ടാക്‌സി ആലെപ്പോ വിട്ടു ഹൈവേയിൽ കയറി അര മണിക്കൂർ കഴിഞ്ഞപ്പോൾ പോലീസിന്റെ ചെക്ക്പോസ്റ്റ് ദൃശ്യമായി.
"പോലീസ് കൈകാണിക്കുന്നുണ്ട്. പത്താക്ക കയ്യിലെടുത്തോളൂ." ഡ്രൈവർ നിർദേശിച്ചു.
അടുത്തെത്തിയ പട്ടാളക്കാരൻ യൂണിഫോമിലായിരുന്നു. അയാളുടെ തോളിൽ ഒരു എ. കെ. 47 തൂക്കിയിട്ടിട്ടുണ്ട്. അയാൾ അടുത്തെത്തിയപ്പോഴേക്കും ഡ്രൈവർ വണ്ടിയുടെ എല്ലാ ജനാലച്ചില്ലകളും തുറന്നിട്ടു.
"എവിടെ പോകുന്നു?"
"ഇദ്‌ലിബ്."
"എവിടെ നിന്ന് വരുന്നു?"
"ആലെപ്പോയിൽ നിന്നും"
"അവിടെ എന്ത് ചെയ്യുന്നു?"
"ഒരു കടയിൽ ജോലി ചെയ്യുന്നു."
"എന്താ പേര്?"
"അബ്ദുൾ അസീസ്"
"ഡ്രൈവറുടെ ലൈസൻസ്?" അയാൾ കൈ നീട്ടി.
ഡ്രൈവർ ലൈസൻസ് എടുത്തുകൊടുത്തു. 
"ഇവനെ പരിചയമുണ്ടോ?" അയാൾ യാത്രക്കാരനെപ്പറ്റി ഡ്രൈവറോടു ചോദിച്ചു.
"വർഷങ്ങളായി അറിയാം സാർ."
"ഇദ്‌ലിബിൽ എന്തിനു പോകുന്നു?"
"അയാളുടെ ഒരു ബന്ധു മരിച്ചുപോയി. അയാളെ കാണാൻ പോകയാണ്."
പട്ടാളക്കാരൻ ലൈസൻസ് തിരിച്ചു നൽകിയിട്ടു പൊയ്‌ക്കോളാൻ ആംഗ്യം കാണിച്ചു.
കാർ മുന്നോട്ടു നീങ്ങി.
"സാധാരണ ഇവരൊക്കെ കുറേക്കൂടി പരുക്കന്മാരാണ്. പ്രത്യേകം കരുതണമെന്നാണ് സുലൈമാൻ എന്നോട് പറഞ്ഞിരിക്കുന്നത്. പേടിക്കണ്ട. ഞാൻ കൂടെത്തന്നെയുണ്ടാവും." ഡ്രൈവർ മിഖേയ്‌ലിനു ധൈര്യം നൽകി.
ഇടയ്ക്കു നാല് സ്ഥലങ്ങളിൽ ചെറിയ രീതിയിൽ പരിശോധനയുണ്ടായി. തഫ്‌താപാസിലും അൽഫുവായിലും നഗരകവാടങ്ങളിൽ കാര്യമായ പരിശോധനയുണ്ടായി. എങ്കിലും കഷ്ടിച്ച് രക്ഷപെട്ടു പോന്നു. 
"ഇനി 15 മിനിറ്റിൽ നമ്മൾ ഇദ്‌ലിബിലേക്കു കയറും. ഇദ്‌ലിബിന്റെ വടക്കു കിഴക്കൻ മേഖല ഇപ്പോഴും ഇസ്‌ലാമിക ഭടന്മാരുടെ നിയന്ത്രണത്തിലാണ്. എന്നാലും പഴയതുപോലെയുള്ള കിരാതഭരണമല്ല. ലോകത്തിനു മുൻപാകെ അവരുടെ ഇമേജ് കുറച്ചെങ്കിലും നല്ലതാക്കി കാണിക്കാൻ അവർ പാടുപെടുന്നുണ്ട്. എങ്കിലും പരിശോധന വളരെ കർശനമായിരിക്കും." ഡ്രൈവർ മുന്നറിയിപ്പ് നൽകി.
താമസിയാതെ കാർ ഇദ്‌ലിബ് നഗരകവാടത്തിലെത്തി. നഗരത്തിലേക്ക് കയറുന്നിടത്തു വലിയൊരു കോട്ട വാതിലുണ്ട്. ബാബ് അൽ-കബീർ എന്ന ഈ വാതിലിൽ കൂടി അകത്തേക്ക് കയറിയാൽ അവിടെ കരിങ്കല്ല് പാകിയ വിശാലമായ ഒരു സ്ഥലവും അതിന്റെ നടുവിൽ ഏതാണ്ട് അൻപതടി പൊക്കത്തിൽ ഒരു സ്‌തൂപവുമുണ്ട്. ചുറ്റും ആളുകൾക്ക് ഇരിക്കുവാനുള്ള സൗകര്യവും അതിനടുത്തായി ഒരു ഫൗണ്ടനും ഉണ്ടായിരുന്നു. 
കവാടത്തിൽ എത്തുന്നതിന് ഏതാനും വാര മുൻപായിരുന്നു സെക്യൂരിറ്റി ചെക്ക്പോസ്റ്റ്. കാർ അടുത്തെത്തിയപ്പോൾ തോക്കേന്തിയ ഒരാൾ വന്നു വാഹനം ഒരു വശത്തേക്ക് ഒതുക്കിയിടാൻ പറഞ്ഞു. ഡ്രൈവർ ഒരു വശത്തേക്ക് വണ്ടി മാറ്റി നിർത്തി. തോക്കേന്തിയ ആൾ യൂണിഫോമിൽ അല്ലായിരുന്നു. അയാൾ ഒരു കറുത്ത മാസ്ക് കൊണ്ട് മുഖം മറച്ചിരുന്നു.
മുൻപേ കടന്നു വന്ന ചെക്ക്‌പോസ്റ്റുകളിൽ ചോദിച്ച ചോദ്യങ്ങൾ പ്രാരംഭമായി ചോദിച്ചിട്ട് അയാൾ പുറകോട്ടു നോക്കി കൈ വീശി. ഉടനെ തന്നെ മറ്റു രണ്ടു പേർ ആ വാഹനത്തിന്റെ അടുത്തേക്ക് വന്നു. അവരുടെ തോളിലും എ.കെ. 47 തൂക്കിയിട്ടിരുന്നു. അതിലൊരാൾ ഡ്രൈവറോട് വാഹനത്തിൽ നിന്നും വെളിയിലിറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവർ വെളിയിലിറങ്ങിയപ്പോൾ അയാൾ തോളിൽ നിന്നും തോക്കെടുത്തു കയ്യിൽ പിടിച്ചു. 
ഡ്രൈവറോട് തിരിഞ്ഞു നില്ക്കാൻ ആവശ്യപ്പെട്ടു. അയാൾ അനുസരിച്ചു.
"നിന്റെ യാത്രക്കാരൻ ആരാണ്? എന്തിനാണ് ഇദ്‌ലിബിലേക്കു വന്നത്?"
"അയാൾ ആലെപ്പോയിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ആളാണ്. അബ്ദുൽ അസീസ്. ഇവിടെ ഒരു ബന്ധുവിനെ സഹോദരിയുടെ വിവാഹത്തിനു ക്ഷണിക്കാൻ വന്നതാണ്."
തോക്കുധാരി മിഖേയ്‌ലിനോട് കാറിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. അയാൾ ഇറങ്ങി. മുഖം വാഹനത്തിലേക്കു തിരിച്ചുപുറം തിരിഞ്ഞു നില്ക്കാൻ ആവശ്യപ്പെട്ടു. മിഖേയ്ൽ അനുസരിച്ചു. 
"നിന്റെ പത്താക്ക എവിടെ?"
"ഷർട്ടിന്റെ പോക്കറ്റിൽ."
"ഞാൻ എടുത്തോളാം." അയാൾ മിഖേയലിന്റെ പോക്കറ്റിൽ നിന്നും പത്താക്ക എടുത്തു.
"എന്നാ നീ തിരിച്ചു പോകുന്നത്?"
"ഉച്ച കഴിഞ്ഞു തന്നെ തിരിച്ചു പോകും."
"നിന്റെ നിസ്‌കാര പായ് എവിടെ?"
"കാറിന്റെ ട്രങ്കിലുണ്ട്."
അയാൾ കാറിന്റെ ട്രങ്ക് തുറക്കാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. 
ട്രങ്ക് തുറന്നു കൊടുത്തു. അയാൾ ട്രങ്കും കാറിനകവും പരിശോധിച്ചു. പായ രണ്ടെണ്ണമുണ്ടെന്ന് ഉറപ്പു വരുത്തി. എന്നിട്ടു രണ്ടുപേരോടും തന്റെ കൂടെ വരാൻ പറഞ്ഞു നടന്നു. അവർ അയാളെ അനുഗമിച്ചു. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ വരാന്തയിൽ ഒരു തോക്കുധാരി നില്പുണ്ടായിരുന്നു. ഇവർ അനുഗമിച്ച ആൾ തന്നെ അവരെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.
അവിടെ ഒരു മുറിയിൽ അവരുടെ ഒരു മേലുദ്യോഗസ്ഥൻ ഇരിപ്പുണ്ടായിരുന്നു. അയാൾ അവരെ സൂക്ഷിച്ചു നോക്കി. എന്നിട്ട്, അരയിൽ തിരുകിയിരുന്ന കൈത്തോക്ക് എടുത്തു കയ്യിൽ പിടിച്ചിട്ട് അവരോട് പല ചോദ്യങ്ങളും ചോദിച്ചു. എന്നിട്ടവർ രണ്ടു പേരെയും ദേഹ പരിശോധന നടത്തി. ഒടുവിൽ ഒരു പേപ്പറിൽ സൈൻ ചെയ്‌ത്‌അവർക്കു കൊടുത്തിട്ടു പറഞ്ഞു, "ഇനി ഇദ്‌ലിബിൽ പോലീസ് തടഞ്ഞാൽ ഈ പേപ്പർ കാണിച്ചാൽ മതി. പക്ഷെ നിങ്ങൾ പറഞ്ഞതിൽ എന്തെകിലും കളവാണെങ്കിൽ രണ്ടുപേരെയും ഞാൻ തന്നെ ആയിരിക്കും വെടി വച്ച് കൊല്ലുന്നത്." അയ്യാൾ തോക്ക് തിരിച്ചു അരയിൽ തന്നെ തിരുകി.
കാർ ബാബ് അൽ-കബീർ കടന്നു ഉള്ളിലേക്ക് പ്രവേശിച്ചു. വീതി കുറഞ്ഞ വഴിയുടെ രണ്ടു വശവും പഴയ കെട്ടിടങ്ങളാണ്. കൂടുതലും ഇടിഞ്ഞു പൊളിഞ്ഞതും ഉപയോഗ ശൂന്യവുമാണെന്നു തോന്നി. മിക്കവാറും കെട്ടിടങ്ങളുടെ ഭിത്തികളിൽ വെടിയുണ്ട ഏല്പിച്ച പാടുകൾ നിരവധിയായി കാണാം. മിഖേയ്ൽ  ആ പാടുകളിലേക്കു സൂക്ഷിച്ചു നോക്കി. മത തീവ്രവാദം സമൂഹത്തിനേല്പിച്ച പുഴുക്കുത്തുകളുടെ നേർക്കാഴ്ച! 
കാർ ആ റോഡ് വിട്ട് വലത്തോട്ട് തിരിഞ്ഞു. അത് ഒരു ഇടവഴിയാണ്. ഒരു കാലത്തു രണ്ടു വശങ്ങളിലും നിരവധി കടകളുമായി വളരെയേറെ തിരക്ക് പിടിച്ച തെരുവായിരുന്നു. ആ കടകൾ മിക്കവാറും ക്രിസ്ത്യാനികളുടെ ഉടമസസ്ഥതയിലുള്ളതായിരുന്നു. ഈദിനും ക്രിസ്തുമസ്സിനും മറ്റും ആ തെരുവിലും ബാബ് അൽ-കബീറിലുള്ള പ്ലാസയിലും മറ്റും വലിയ ഉത്സവം പോലെയായിരുന്നു. ക്രിസ്തുമസിന് ആ പ്ലാസയിൽ വലിയൊരു ക്രിസ്തുമസ്സ് ട്രീ സ്ഥാപിക്കുക പതിവായിരുന്നു. അതിനെ അലങ്കരിച്ചു മനോഹരമാക്കാൻ കൂടുന്ന കുട്ടികൾക്കു മതമില്ലായിരുന്നു. എല്ലാവരും ക്രിസ്മസ് അപ്പൂപ്പന്റെ ചുവന്ന തൊപ്പിയാണ് ധരിക്കുക. സന്ധ്യയായി കഴിഞ്ഞാൽ ദീപാലങ്കാരം കൊണ്ടു പ്ലാസ വളരെ ശ്രദ്ധേയമാകും. ഒന്നും രണ്ടും മണിക്കൂർ യാത്ര ചെയ്ത് ഈ ദീപാലങ്കാരം കാണാനായി വരുന്നവർ പോലും ധാരാളമായിരുന്നു. കടകളിൽ നല്ല കച്ചവടമാണ് ആ ദിവസങ്ങളിൽ നടക്കുക.
പ്രത്യേക വിഭവങ്ങളുമായി ഭക്ഷണശാലകൾ അനവധിയുണ്ടാകുമെങ്കിലും അവിടെയൊക്കെ നല്ല തിരക്കായിരുന്നു.
"ഇനി എങ്ങോട്ടാണ് പോകേണ്ടത്?" ഡ്രൈവറുടെ ചോദ്യം മിഖേയ്‌ലിനെ ചിന്തയിൽ നിന്നുണർത്തി.
"അല്പം കൂടി ചെല്ലുമ്പോൾ ഇടതു വശത്തായി വലിയൊരു ക്രിസ്ത്യൻ പള്ളിയുണ്ട്. അതിന്റെ അല്പം മാറി അതെ വശത്തു ഒരു സെമിത്തേരിയുണ്ട്. അതിനെതിർവശത്തായി അല്പംകൂടി പോകുമ്പോൾ ഒരു കടയുണ്ട്. അവിടെ ചോദിച്ചാൽ അറിയാൻ കഴിഞ്ഞേക്കും. അതിന്റെ പിൻപിലുള്ള ഒരു വീടായിരുന്നു അദ്ദേഹത്തിന്റേത്." താൻ ജനിച്ചു വളർന്ന സ്ഥലം അയാൾക്ക്‌ ഹൃദിസ്ഥമായിരുന്നു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ കാർ ആ സ്ഥലത്തെത്തി. പക്ഷേ അവിടെ കടയില്ലായിരുന്നു. ആ കെട്ടിടത്തിന്റെ അവശിഷ്ടമായി ഒരുവശത്തെ പകുതി ഭിത്തിയും അതിനടുത്തായി മറ്റു ഭിത്തികളുടെ ഇടിഞ്ഞുവീണ ഇഷ്ടികകളും കിടപ്പുണ്ടായിരുന്നു. അതിനിടയിൽ കുറ്റിച്ചെടികൾ കിളിർത്തു നിൽക്കുന്നു. മിഖേയ്ൽ ഇറങ്ങി അവിടെ അൽപനേരം നോക്കി നിന്നു. ഇതിന്റെ പുറകിലുള്ള വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
മിഖേയ്ൽ അങ്ങോട്ട് നടന്നു. ആ വീടിന്റെ ചെറിയമുറ്റത്തു നിന്ന് അകത്തേക്ക് നോക്കി വിളിച്ചു, "ബാബാ, ബാബാ.... "
കുറെ നേരമായിട്ടും ആരും പ്രതികരിച്ചില്ല. അയാൾ ആ മുറ്റം ആകെ വീക്ഷിച്ചു. ആ ചെറിയ മുറ്റത്ത് ഒരു വശത്തായി രണ്ട് അലുമിനിയം പ്ലേറ്റുകൾ വച്ചിരിക്കുന്നു. അതിനരുകിലായി വലിച്ചു കെട്ടിയിരിക്കുന്ന ഒരു കയറിൽ പഴക്കം തോന്നിക്കുന്ന ഒരു തുവ്വാല തൂക്കിയിട്ടിരിക്കുന്നു. അത് ഭാഗികമായി രണ്ടു മൂന്നിടത്തു കീറിയിട്ടുമുണ്ട്. ഒരു കാലത്തു കുട്ടികൾ എത്ര പേരാണ് ഇവിടെ ഓടിക്കളിച്ചിരുന്നത്! ക്രിസ്തുമസിന് ഈ മുറ്റത്തു ജാഫർ ബാബ ഒരു ട്രീ വയ്ക്കുമായിരുന്നു. പ്ലാസയിലെപ്പോലെതന്നെ ചുറ്റുവട്ടത്തുമുള്ള കുട്ടികൾ എല്ലാവരും കൂടിയാണ് ആ ട്രീ അലങ്കരിക്കുക. ആ കുട്ടികൾക്കെല്ലാം ബാബ കേക്ക് നൽകുമായിരുന്നു.
അവസാനമായി ഈ മുറ്റത്തു ക്രിസ്തുമസ് ട്രീ അലങ്കരിച്ചത് ഏഴു വർഷങ്ങൾ മുൻപാണ്. അന്ന് പള്ളിയിൽ കുർബാന കഴിഞ്ഞു വരുമ്പോൾ എല്ലാവർക്കും കേക്ക് ഉണ്ടാവും എന്ന് ബാബ പറഞ്ഞിരുന്നു. കുർബാന കഴിഞ്ഞു പെട്ടെന്നിറങ്ങാമെന്നു കരുതിയപ്പോഴാണ് അച്ചൻ പ്രസംഗിക്കാൻ തുടങ്ങിയത്. ഇനി അതിനും കുത്തിയിരിക്കണമല്ലോ എന്നു മനസ്സിലോർത്തപ്പോഴേക്കും അച്ചൻ പ്രസംഗം തുടങ്ങി. പക്ഷേ, അത് സാധാരണ പോലെ ബോറടിക്കുന്ന പ്രസംഗം അല്ല എന്ന് തുടക്കത്തിൽ തന്നെ മനസ്സിലായി. വരാൻ പോകുന്ന ഒരു വലിയ വിപത്തിന്റെ മുന്നറിയിപ്പായിരുന്നു. ഏതാണ്ട് രണ്ടായിരം വർഷത്തെ ചരിത്രം മാറ്റിയെഴുതുന്ന വൻ വിപത്ത്! എന്തൊക്കെയോ ദുഃസ്സൂചനകൾ നൽകുന്നതുപോലെ പള്ളിമണികൾക്കു മുകളിൽ ഭീതി പരത്തിക്കൊണ്ടു പതിവില്ലാതെ ഇടി മുഴങ്ങുന്നുണ്ടായിരുന്നു.
(തുടരും)

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക