Image

ഇദ്‌ലിബിലെ ചുവന്ന സൂര്യൻ -2 (കഥ: ബാബു പാറയ്ക്കൽ)

Published on 19 May, 2022
ഇദ്‌ലിബിലെ ചുവന്ന സൂര്യൻ -2 (കഥ: ബാബു പാറയ്ക്കൽ)

“നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തെപ്പറ്റിയാണ് എനിക്കു പറയാനുള്ളത്.” വികാരിയച്ചൻ വളരെ വികാരഭരിതനായിട്ടാണ് തുടങ്ങിയത്.  
അദ്ദേഹം തുടർന്നു. “ഇസ്ലാമിക് തീവ്രവാദികൾ സിറിയയിൽ പല പ്രദേശങ്ങളും പിടിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു. ഇദ്‌ലിബ് നഗരം അവരുടെ മുൻഗണയിലുള്ള പ്രദേശമാണ്. സിറിയൻ പട്ടാളത്തിന് ഒരു പരിധിയിലപ്പുറം അവരോടു ചെറുത്തു നിൽക്കാനാവില്ല. ക്രിസ്ത്യാനികൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണ് അവർ നോട്ടമിട്ടിരിക്കുന്നത്. കിരാതവും മൃഗീയവുമായ ആക്രമണ രീതിയാണ് അവരുടേത്. കഴിഞ്ഞ ഞായറാഴ്ചയാണ് നിരപരാധികളായ 21 കോപ്റ്റിക് ക്രിസ്ത്യാനികളെ മെഡിറ്ററേനിയൻ കടൽത്തീരത്തു കൊണ്ടുപോയി അവർ കഴുത്തറുത്തു കൊന്നത്. മതം മാറാൻ അവർ തയ്യാറായില്ല എന്നത് മാത്രമായിരുന്നു അവർ ചെയ്ത കുറ്റം. നാം ഓർക്കണം, ക്രിസ്ത്യാനികൾക്കു ജനസംഖ്യയിൽ മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന രാജ്യമാണ് സിറിയ. ഓട്ടോമൻ സാമ്രാജ്യത്തിന്റെ നാല് നൂറ്റാണ്ടുകൾ നീണ്ട അടിച്ചമർത്തലിന്റെയും ബലമായ മതപരിവർത്തനത്തിന്റെയും കാലം നമ്മെ ശോഷിപ്പിച്ചു കളഞ്ഞു. എങ്കിലും നാം അതിനെ അതിജീവിച്ചു. എന്നാൽ ഇതിൽ നമുക്ക് പിടിച്ചു നിൽക്കാൻ ആവുമോ എന്നറിയില്ല. മറ്റു മാർഗ്ഗമില്ലെങ്കിൽ പലായനം ചെയ്തു ജീവൻ രക്ഷിക്കുക." അച്ചൻ പ്രസംഗം അവസാനിപ്പിച്ച് പെട്ടെന്ന് തന്നെ സഭ പിരിച്ചുവിട്ടു. 
അന്ന് ഉച്ച കഴിഞ്ഞു ജാഫർ ബാബയുടെ വീട്ടുമുറ്റത്തെ ക്രിസ്തുമസ് ട്രീയുടെ ചുവട്ടിൽ ഒന്നിച്ചു കൂടിയപ്പോൾ ബാബ എല്ലാവർക്കും കേക്കും ഒരു ഗ്ലാസ്സ് വൈനും നൽകി. എന്നിട്ടു പറഞ്ഞു, "ഇനിയും നമുക്ക് ഇങ്ങനെ കൂടാൻ പറ്റുമോ എന്നറിയില്ല. അച്ചൻ പ്രസംഗിച്ച കാര്യം നിങ്ങൾ സീരിയസ് ആയി എടുക്കണം. നമ്മളൊക്കെ ജനിച്ചു വളർന്ന മണ്ണാണിത്. നമ്മുടെ വല്യപ്പൂപ്പന്മാർ രണ്ടായിരത്തോളം വർഷങ്ങൾ മുൻപ് ഇവിടെ വന്നു താമസമാക്കിയതാണ്. എനിക്കിപ്പോൾ 80 വയസു കഴിഞ്ഞു. ഞാൻ ഇവിടെ കിടന്നു മരിച്ചുകൊള്ളാം. നിങ്ങളൊക്കെ പോയി രക്ഷപ്പെടൂ.”
ആ നല്ല നാളുകളുടെ ഓർമ്മയിൽ നിന്നും പിൻതിരിഞ്ഞത് ഡ്രൈവർ വിളിച്ചപ്പോളായിരുന്നു. 


"ഇവിടേയ്ക്ക് വരൂ." ഡ്രൈവർ ഉറക്കെ വിളിച്ചു.
മിഖേയ്ൽ റോഡിലേക്ക് കയറിച്ചെന്നു. 
അതിലേ ഒരാൾ സൈക്കിളിൽ പുറകിൽ ഒരു വലിയ കെട്ടു റൊട്ടിയുമായി വരുന്നുണ്ടായിരുന്നു.
"ഒരു നിമിഷം നിൽക്കണേ." മിഖേയ്ൽ അയാളുടെ അടുത്തേക്ക് ചെന്നു.
"എന്തു വേണം?"
"നിങ്ങളറിയുമോ ഒരു ജാഫർ ബാബ ഇവിടെ താസിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ എവിടെ ആയിരിക്കുമെന്ന്?"
"ഓ, ജാഫർബാബ?”
"അതെ."
"അതാണ് അദ്ദേഹത്തിന്റെ വീട്." അയാൾ ആ വീട്ടിലേക്കു കൈചൂണ്ടി കാണിച്ചു.
"അദ്ദേഹം അവിടെയില്ല."
"ഓ, എങ്കിൽ അദ്ദേഹം ആ പള്ളിക്കടുത്തുള്ള സെമിത്തേരിയിൽ ആയിരിക്കും. പലപ്പോഴും സന്ധ്യ കഴിഞ്ഞേ ഇറങ്ങി വരികയുള്ളൂ."
"നന്ദി." മിഖേയ്ൽ ഡ്രൈവറയും കൂട്ടി അങ്ങോട്ടു നടന്നു.
റോഡിൽ നിന്നും സെമിത്തേരിയിലേക്കു കയറുന്ന വഴി മുഴുവൻ കാട് പിടിച്ചു കിടക്കയാണ്. അതിനിടയിൽ കൂടി കഷ്ടിച്ച് ഒരാൾക്കു നടന്നു പോകാൻ മാത്രമുള്ള സ്ഥലത്തെ പുല്ലു പറിച്ചു കളഞ്ഞു സഞ്ചാരയോഗ്യമാക്കിയിരിക്കുന്നു. അവർ സെമിത്തേരിയിലേക്കു കടന്നു.
സെമിത്തേരിയുടെ ഒരു കോണിലായി കാടുപിടിച്ചുകിടക്കുന്നതിനിടയിൽ പൊട്ടിപൊളിഞ്ഞ ഒരു പഴയ ശവക്കല്ലറയുടെ അരികിലായി ഒരു കല്ലിനു മുകളിൽ ഒരു വൃദ്ധൻ ഇരിക്കുന്നുണ്ടായിരുന്നു. മിഖേയ്ൽ എന്ന ചെറുപ്പക്കാരൻ പതുക്കെ നടന്ന് അയാളുടെ അടുത്ത് വന്നു നിന്നു.
"ബാബാ" 
വൃദ്ധൻ തിരിഞ്ഞു നോക്കി.
ജാഫർ ബാബ വളരെ ക്ഷീണിച്ചിരിക്കുന്നു. ബാബ മിഖേയ്‌ലിനെ സൂക്ഷിച്ചു നോക്കി. 
"ബാബാ, ഞാൻ ബാബയുടെ മിഖേയ്ൽ."  
വൃദ്ധൻ എഴുന്നേറ്റ് മിഖേയ്‌ലിനെ ആലിംഗനം ചെയ്തു. ഗാഢമായ ആ ആലിംഗനത്തിൽ മിഖേയ്ൽ നിർന്നിമേഷനായി നിന്നു. തന്റെ തോൾ നനയുന്നത് അറിഞ്ഞപ്പോളാണ് വൃദ്ധന്റെ നയനങ്ങൾ ആർദ്രമാകുന്നതയാൾ അറിഞ്ഞത്.
"നീ ഒരിക്കൽ വരുമെന്നെനിക്കറിയാമായിരുന്നു."
"ബാബ ക്ഷീണിച്ചു പോയല്ലോ."
"എനിക്കു മാത്രമേ ജീവൻ ബാക്കിയുള്ളൂ."
"എവിടെയാ ബാബാ മറ്റുള്ളവരൊക്കെ?"
"മറ്റുള്ളവരായി ആരും അവശേഷിച്ചിട്ടില്ല."
"അവരൊക്കെ എവിടെ പോയി?"
"കുറെ പേർ ഈ സെമിത്തേരിയിൽ ഉണ്ട്. ആണുങ്ങളിൽ വളരെപ്പേർ ഹോഡലഷ്റഫിനപ്പുറത്തുള്ള കുന്നിൻ ചരുവിൽ ഉറങ്ങുന്നു. മറ്റുള്ളവരെപ്പറ്റി ഒരു വിവരവുമില്ല."
"എന്താണ് ബാബാ സംഭവിച്ചത്?"
ജാഫർബാബ ദൂരേക്കു കണ്ണും നട്ടു മിണ്ടാതിരുന്നു. അല്പസമയത്തിൽ അദ്ദേഹത്തിന്റെ കവിളിൽ കൂടി കണ്ണുനീർ ചാലുകളായി ഒഴുകി.
മിഖേയ്ൽ ആ കണ്ണുനീർ തുടച്ചു കൊണ്ടു തോളത്തു തട്ടി. "വരൂ നമുക്ക് ബാബയുടെ വീട്ടിലേക്കു പോകാം."
"അവിടെ ആരും ഇല്ല. എന്റെ വേണ്ടപ്പെട്ടവരെല്ലാം ഇവിടെയാണ് കിടക്കുന്നത്. ആരെ എവിടെ കുഴിച്ചിട്ടിരിക്കുന്നു എന്നോർമ്മയില്ല. അടയാളത്തിനു പേരെഴുതിയ കല്ലുകൾ വയ്ക്കാൻ അനുവാദമില്ല. ഇപ്പോൾ എന്നും ഞാൻ വരാറുണ്ട്. ഞാൻ മാത്രം. ആദ്യം കുറെ നാളത്തേക്ക് ഞാൻ ഓരോ കുഴിമാടത്തിലും മെഴുകുതിരി കത്തിച്ചു വയ്ക്കുമാരുന്നു. പിന്നെ എല്ലായിടത്തും പുല്ലു കിളിർത്തു കയറി. മെഴുകുതിരി വാങ്ങാൻ കാശുമില്ലാതായി."
"പള്ളിയിൽ മെഴുകുതിരിയില്ലേ ബാബാ?"
"നീ പോയിക്കഴിഞ്ഞു പള്ളിയിൽ ആകെ രണ്ടു ഞായറാഴ്ച മാത്രമേ കുർബ്ബാന നടന്നുള്ളൂ. പിന്നെ അവർ പള്ളി അടപ്പിച്ചു." 
"വരൂ ബാബാ, നമുക്ക് പള്ളിയിൽ കയറി ഒന്ന് പ്രാർഥിച്ചിട്ടു വീട്ടിലേക്കു പോകാം." അയാൾ അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. 
"അവിടെ എല്ലായിടത്തും രണ്ടാൾ പൊക്കത്തിൽ പുല്ലു വളർന്നു നിൽക്കുകയാണ്. ഇപ്പോൾ അവർ പറയുന്നു, പള്ളി തുറന്ന് ആരാധിച്ചോളാൻ! ഇവിടെ ആരുണ്ട്? കഴിഞ്ഞ വർഷം ആകെ ഇദ്‌ലിബിൽ വെറും അഞ്ചു ക്രിസ്ത്യാനികൾ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അതിൽ രണ്ടു പേർ മരിച്ചു പോയി. പിന്നെ ഒരാൾ ഒരു സ്ത്രീയാണ്. അവർ ആരോടും ഒന്നും മിണ്ടാതെ പുറത്തിറങ്ങാതെ അവരുടെ കൂരയിൽ കഴിയുന്നു. ഒരാൾ എവിടെയാണെന്നറിയില്ല. പിന്നെ ഈ ഞാൻ മാത്രമേയുള്ളൂ."
അവർ ജാഫർ ബാബയുടെ വീട്ടിലേക്കു നടന്നു. 
"മിണ്ടാപ്രാണികൾക്കു വിശക്കുന്നുണ്ടായിരിക്കും." ബാബ വീടിനകത്തേക്ക് കയറി കയ്യിൽ ഒരു റൊട്ടിയുമായി തിരിച്ചു വന്നു. അവിടെ മുറ്റത്തു വച്ചിരുന്ന രണ്ട് അലൂമിനിയം പാത്രങ്ങളിൽ ആ റൊട്ടി മുറിച്ചു ഓരോ കഷണങ്ങൾ വച്ചു. ഞൊടിയിടയിൽ എവിടെ നിന്നോ രണ്ടു നായ്ക്കൾ ഓടി വന്നു വാലാട്ടിക്കൊണ്ട് ആ റൊട്ടിക്കഷണങ്ങൾ അകത്താക്കി.
"അവർ മാത്രമേ ഇന്നെനിക്കു കൂട്ടായുള്ളൂ." അദ്ദേഹം ഒരു പാത്രത്തിൽ കുറച്ചു വെള്ളം കൂടിയെടുത്തു അതിനടുത്തായി വച്ചു.
"ഞാൻ അല്പം മുൻപ് ബാബയെ തിരക്കി ഈ വീട്ടുമുറ്റത്തു വന്നിരുന്നു. പക്ഷെ ഇവറ്റകൾ കുരച്ചില്ലല്ലോ."
"ഏഴു വർഷങ്ങൾ മുൻപ് നീ പോകുമ്പോൾ എനിക്കു രണ്ടു പട്ടിക്കുട്ടികൾ ഉണ്ടായിരുന്നത് ഓർക്കുന്നുവോ? അവറ്റകളാണിത്. കുരക്കാഞ്ഞത് ഭയന്നിട്ടാ."
"എന്താ ബാബാ പറയുന്നത്? ഭയന്നിട്ടു കുരയ്ക്കാത്ത നായ്ക്കളെ എന്തിനാ തീറ്റിപ്പോറ്റുന്നത്?"
ബാബ അൽപനേരം മിണ്ടാതെ ഇരുന്നു. അടുത്തു കിടന്ന കാലൊടിഞ്ഞ ഒരു ബഞ്ചിന്റെ കീഴിൽ ഒരു കല്ലെടുത്തു വച്ചിട്ട് ഡ്രൈവറോട് അവിടെ ഇരിക്കാൻ പറഞ്ഞു. 
"ഐസിസ്  ഭീകരർ ആദ്യമായി ഈ മുറ്റത്തു കാലു വച്ച ദിവസം. അവർ രണ്ടു പേരാണ് വന്നത്. കറുത്ത തുണി കൊണ്ട് അവർ തലയും മുഖവും മറച്ചിരുന്നു. വന്നപ്പോൾ തന്നെ വീട്ടുകാരനോട് വെളിയിൽ വരാൻ പറഞ്ഞു. ഞാൻ ഇറങ്ങിച്ചെന്നു. എന്റെ നേരെ അവർ ഒരു കവർ നീട്ടി. അതിൽ എന്താണെന്നു ഞാൻ ചോദിച്ചു. തുറന്നു നോക്കാൻ പറഞ്ഞു. അതിൽ ഒരു നോട്ടീസ് ആയിരുന്നു. 
ഏഴു ദിവസങ്ങൾക്കുള്ളിൽ ഈ വീട് ഒഴിഞ്ഞു പൊയ്ക്കൊള്ളണം. പോകണമെന്നില്ലെങ്കിൽ നിങ്ങൾ മതം മാറി മുസ്ലിം ആകണം. അല്ലെങ്കിൽ ഭവിഷ്യത്തു ഗുരുതരമായിരിക്കും.
അപ്പോൾ എന്റെ പട്ടി കുരച്ചുകൊണ്ട് ചെന്നു. അതിൽ ഒരുത്തൻ തോളിൽ കിടന്ന തോക്കെടുത്തു പട്ടിയെ ചൂണ്ടിയ ശേഷം ആ തോക്കിന്റെ പാത്തി കൊണ്ട് അതിന്റെ മുഖത്തടിച്ചു. അത് കരഞ്ഞുകൊണ്ടോടിയപ്പോൾ അയാൾ ചിരിച്ചു. പൈശാചികമായ ചിരി! അവർ പിന്നെ ഒന്നും സംസാരിക്കാതെ പോയി. പിന്നീടറിഞ്ഞു അവിടെയുള്ള എല്ലാ ക്രിസ്ത്യൻ ഭവനങ്ങളിലും അതേപോലെ തന്നെ ചെന്ന് നോട്ടീസ് കൊടുത്തതായി. പട്ടണം അവരുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. ബാബ് അൽ-കബീർ പ്ലാസയിൽ അവരുടെ ഒരു ട്രക്ക് ടററ്റിൽ ഉറപ്പിച്ച യന്ത്രത്തോക്കുമായി നിലയുറപ്പിച്ചിരുന്നു. തെരുവുകളിൽ കൂടി അവരുടെ പതാകയേന്തിയ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. അടുത്ത ദിവസം ഉച്ചകഴിഞ്ഞപ്പോൾ അവരുടെ വണ്ടിയിലുള്ള ഉച്ചഭാഷിണിയിലൂടെ അറിയിപ്പുണ്ടായി, എല്ലാവരും 4 മണിക്ക് പ്ലാസയിൽ എത്തണമെന്ന്. അവിടെ ചെന്നപ്പോൾ ഏതാണ്ട് ഇരുപതില്പരം മൃതദേഹങ്ങൾ അവിടെ കൂട്ടിയിട്ടിട്ടുണ്ട്. എല്ലാം രക്തത്തിൽ കുളിച്ചു കിടക്കുന്നവ. 
ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ അവരിൽ പ്രമുഖനായ ഒരാൾ വന്നു പറഞ്ഞു, "ഞങ്ങളുടെ ആജ്ഞ അനുസരിക്കാത്ത എല്ലാവരുടെയും അനുഭവം ഇതായിരിക്കും. ഞങ്ങളുടെ ഭടന്മാർ പറയുന്നത് നിങ്ങൾ അനുസരിച്ചിരിക്കണം. മുസ്ലിം അല്ലാത്ത ആരും ഇനി ഇദ്‌ലിബിൽ ഉണ്ടാവരുത്. ഞങ്ങളുടെ ഭടന്മാർ പറഞ്ഞിരിക്കുന്ന ദിവസം രാവിലെ നിങ്ങളുടെ വീട്ടിൽ എത്തും. പോകാൻ മടിയുള്ളവർക്ക് അപ്പുറത്തെ കുന്നിൻ ചരുവിൽ അന്ത്യവിശ്രമം നൽകുന്നതാണ്. എല്ലാവർക്കും പോകാം."
ഏഴാം ദിവസം രാവിലെ തന്നെ അവർ എത്തി. സാധനങ്ങളൊക്കെ പാക്ക് ചെയ്‌തു തയ്യാറായിട്ടാണ് പലരും നിന്നിരുന്നത്. അയൽപക്കത്തെ സലീമിന്റെ മകൻ മുസ്‌തഫ ഒരു പിക്കപ്പ് ട്രക്ക് തരപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഞങ്ങൾ സാധനങ്ങളെല്ലാം അതിൽ കയറ്റിക്കഴിഞ്ഞപ്പോളാണ് രണ്ടു തോക്കുധാരികൾ  എത്തിയത്. 
"പോകാൻ തയ്യാറായോ?"
"ഉവ്വ്"
"ഇതെന്താ ട്രക്കിൽ?"
"കൊണ്ടുപോകാനുള്ള സാധനങ്ങൾ."
"എവിടെ കൊണ്ടുപോകാൻ? അതവിടെ കിടക്കട്ടെ. നിങ്ങളുടെ കയ്യിൽ എടുക്കാൻ മാത്രം പറ്റുന്ന സാധനങ്ങൾ എടുത്തുകൊണ്ടു പോകാം. അതിൽ കൂടുതൽ ഒന്നും വേണ്ട. ട്രക്കിന്റെ താക്കോൽ ഇങ്ങു തരൂ." അയ്യാൾ കൈ നീട്ടി.
"ഇത് ഞാൻ തരില്ല. ഞാൻ കൂട്ടുകാരന്റെ വാങ്ങിക്കൊണ്ടുവന്നതാണ്." കയ്യിലിരിക്കുന്ന താക്കോൽ കാണിച്ചുകൊണ്ടു മുസ്തഫ പറഞ്ഞു. 
തോളിൽ കിടന്ന തോക്കു കയ്യിലെടുത്തു കൊണ്ടയാൾ വീണ്ടും ചോദിച്ചു, "നീ താക്കോൽ തരില്ലേ?"
"ഇല്ല."
ഞാൻ വരാന്തയിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴേക്കും ആ ഭീകരൻ നിറയൊഴിച്ചുകഴിഞ്ഞിരുന്നു. രക്തത്തിൽ കുളിച്ചു മുറ്റത്തു കമിഴ്ന്നു കിടക്കുന്ന മുസ്‌തഫയെ ചൂണ്ടി ആ ഭീകരൻ ചോദിച്ചു, "ഇവൻ മുസ്ലിമാണോ ക്രിസ്ത്യാനിയാണോ?"
"മുസ്ലിം ആണ്. ഞങ്ങളുടെ വളരെ അടുത്ത കുടുംബത്തിലെയാണ്."
കൺമുന്നിൽ നടന്ന അരുംകൊലയിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും.
“മുസ്ലിം ആണെങ്കിൽ ഖബർസ്ഥാനിൽ അടക്കും. ക്രിസ്ത്യാനി ആണെങ്കിൽ പള്ളിക്കടുത്ത സെമിത്തേരിയിൽ കുഴിച്ചിടുക. ഒരു മണിക്കൂർ സമയം കൂടി നിങ്ങൾക്കു തരും. അതിനിടയിൽ എല്ലാവരും ഇവിടെ നിന്നും പൊയ്‌ക്കോളണം." ആ ഭീകരൻ മുറ്റത്തെ ബെഞ്ചിൽ ഇരുന്നു.
അര മണിക്കൂറിൽ തന്നെ ഞങ്ങൾ എല്ലാവരും വീട്ടിൽ നിന്നും ഇറങ്ങി. 
"എല്ലാവരും ബാബ് അൽ-കബീർ പ്ലാസയിലേക്കു വരിക." തോക്കുധാരി ആജ്ഞാപിച്ചിട്ടു കൂടെ വന്നു. 
റോഡിൽ ഇറങ്ങിയപ്പോൾ മറ്റു പല വീടുകളിലെയും പരിചയക്കാർ മറ്റു തോക്കുധാരികളോടോപ്പം നടന്നു നീങ്ങുന്നുണ്ടായിരുന്നു. പ്ലാസയിൽ എത്തിയപ്പോൾ അവിടെ വളരെയധികം ആളുകൾ ഉണ്ടായിരുന്നു. ചുറ്റും അഞ്ചോ ആറോ ട്രക്കുകളിലായി കുറെയധികം ഭീകരർ നിൽപ്പുണ്ടായിരുന്നു. അവിടെ അവർ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു നിർത്തി. എന്നിട്ട് അതിൽ സുന്ദരികളായ കുറെ സ്ത്രീകളോട് വേറെ മാറി നിൽക്കാൻ ആജ്ഞാപിച്ചു. കൊച്ചുകുട്ടികളെ കുറച്ചുകൂടി അപ്പുറത്തേക്ക് മാറ്റി നിർത്തി. അവിടെയാണ് എന്റെ ജീവിതം ഒരു സ്പടികപ്പാത്രം ഉടയുന്നതുപോലെ തകർന്നത്.
"അവിടെ എന്താണ് സംഭവിച്ചത് ബാബാ?"
"എന്റെ പേരക്കുട്ടി സോളമനെ മാറ്റി നിർത്തിയപ്പോൾ മറ്റു പല കുട്ടികളെയും പോലെ അവനും വാ വിട്ടു നിലവിളിച്ചു. അവനു നാലു വയസ്സ് പ്രായമല്ലേ ഉണ്ടായിരുന്നുള്ളൂ. അത് കണ്ട് ട്രക്കിലിരുന്ന അവന്റെ അമ്മ ഇറങ്ങി അങ്ങോട്ടോടി. ഒരു തോക്കുധാരി അവളെ വട്ടം പിടിച്ചു. അവൾ കുതറിമാറിയപ്പോൾ അവൻ തോക്കിന്റെ പാത്തി കൊണ്ട് അവളെ അടിച്ചു. അതുകണ്ടു നിന്ന എന്റെ മകൻ ഓടിച്ചെന്നു തോക്കുധാരിയുടെ മുഖത്തടിച്ചു. അവന്റെ മൂക്കിൽ നിന്നും ചോരയൊഴുകി. അപ്പോൾത്തന്നെ അടുത്ത് നിന്ന മറ്റൊരു ഭീകരൻ മകന്റെ നേരെ നിറയൊഴിച്ചു. ജനക്കൂട്ടത്തിൽ നിന്നും കൂട്ടനിലവിളി ഉയർന്നു. ഭീകരർ തോക്കുയർത്തി അന്തരീക്ഷത്തിലേക്കു വെടിയുതിർത്തു. ജനക്കൂട്ടം നിശബ്ദമായി. അപ്പോഴേക്കും ഞാൻ ബോധരഹിതനായി വീണു. കുറെ നേരത്തിനു ശേഷം ബോധം വീണപ്പോഴേക്കും അവിടെ പലതും സംഭവിച്ചിരുന്നു.
(തുടരും)

part 1: ഇദ്‌ലിബിലെ ചുവന്ന സൂര്യൻ  (കഥ -1: ബാബു പാറയ്ക്കൽ)

Join WhatsApp News
ജോസഫ് എബ്രഹാം 2022-05-19 10:13:36
വളരെ ഹൃദയ ഭേദകമായ കഥ. സിറിയൻ കഥകളിൽ വന്നിരിക്കുന്നത് മുഴുവൻ മറ്റൊരു സമുദായത്തിന്റെ അനുഭവമാണ് സഹായിക്കാൻ ആരുമില്ലാത്ത ക്രിസ്ത്യാനികളുടെ നഷ്ടങ്ങൾ ആരും പ്രൊജക്റ്റ് ചെയ്തില്ല, അല്ലേലും ക്രിസ്തിയാനികളുടെ ദുരിതങ്ങൾ പറഞ്ഞാൽ ഒരു പഞ്ചു കിട്ടില്ലല്ലോ ? ഒരു നല്ല നോവൽ ആക്കാൻ പറ്റിയ പ്രമേയം ഇംഗ്ലീഷിൽ ആക്കിയാൽ ഉചിതം.കഥാകൃത്തിനു ആശംസകൾ
Babu Parackel 2022-05-21 01:28:27
Thank you, Joseph Abraham for your highly valuable comment. I will think about your suggestion as well. Thank you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക