ന്യൂയോര്‍ക്ക് : മേയ് 31 ന് തൃക്കാക്കരയില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചൂട് അമേരിക്കന്‍ മലയാളികള്‍ക്കിടയിലും തിളച്ചുമറിയുകയാണ്. നാടിന്റെ വികസനമാണ് മത്സരരംഗത്ത് നിലയുറപ്പിച്ച എല്ലാ പാര്‍ട്ടിക്കാരില്‍ നിന്നുമുള്ള വാഗ്ദാനമന്ത്രം. നിയമസഭയില്‍ 100 എന്ന 'മാജിക്' തീര്‍ക്കാന്‍ ജനഹൃദയങ്ങളുടെ ഭാഷയറിയുന്ന കാര്‍ഡിയോളോജിസ്റ്റായ ഡോ.ജോ ജോസഫിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷയെങ്കില്‍, മണ്ഡലത്തിന്റെ നാഡീസ്പന്ദനം തൊട്ടറിഞ്ഞ പി.ടി.തോമസിന്റെ സഹധര്‍മ്മിണി ഉമാ തോമസിലൂടെ സഹതാപതരംഗം സൃഷ്ടിക്കാനാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. രാഷ്ട്രീയരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാത്ത സ്ഥാനാര്‍ത്ഥികള്‍ എന്ന നിലയില്‍, ജനവിധി എന്താകുമെന്നത് പ്രവചനാതീതമാണ്. നിലവിലെ ഭരണത്തോടുള്ള വിലയിരുത്തല്‍ എന്ന നിലയില്‍ ഇടതുമുന്നണി ഈ മത്സരത്തെ ഗൗരവത്തോടെ കാണുമ്പോള്‍, മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമുള്ള തൃക്കാക്കരയില്‍ ഒരിക്കല്‍പോലും എല്‍ഡിഎഫിന് വിജയം കൊയ്യാന്‍ കഴിയാത്തത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്.
മനു തുരുത്തിക്കാടന്‍ അവതരിപ്പിക്കുന്ന 'വീക്കെന്‍ഡ് വിത്ത് മനു' എന്ന പരിപാടിയില്‍ 'ആര്‍ക്കാണ് തൃക്കാക്കര?' എന്ന ചോദ്യം അമേരിക്കയിലെ മുന്നണി നേതാക്കള്‍ നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു.
ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ശാലു പുന്നൂസ് (കോണ്‍ഗ്രസ്), ന്യൂയോര്‍ക്കില്‍ നിന്നുള്ള റോബിന്‍ ചെറിയാന്‍ (ഇടതു സഹയാത്രികന്‍), ജയശ്രീ നായര്‍ (ബി.ജെ.പി), ഫിലിപ്പ് മഠത്തില്‍ (ആം ആദ്മി പാര്‍ട്ടി)എന്നിവര്‍ പങ്കെടുക്കുന്ന സംവാദത്തിന്റെ തത്സമയ സംപ്രേഷണം പ്രവാസി ചാനലിലൂടെയും ഇമലയാളീ വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ശനിയാഴ്ച മേയ് 21 ന് ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണിക്ക് മാന്യപ്രേക്ഷകര്‍ക്ക് കാണാം. പ്രൊഡ്യൂസര്‍: ജിജി എബ്രഹാം (കാലിഫോര്‍ണിയ), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുനില്‍ ട്രൈസ്റ്റാര്‍.
ലോകത്തെവിടെ നിന്നും പ്രവാസി ചാനല്‍ കാണാന്‍ www.pravasichannel.com . www.emalayalee.com എന്ന സൈറ്റ് സന്ദര്‍ശിക്കാം.
മീട്ടു റഹ്‌മത്ത് കലാം