Image

പാടവരമ്പത്തെ കാഥികൻ  (ബാംഗ്ലൂർ ഡേയ്‌സ് ഹാസ്യനോവല്‍ -6: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 20 May, 2022
പാടവരമ്പത്തെ കാഥികൻ  (ബാംഗ്ലൂർ ഡേയ്‌സ് ഹാസ്യനോവല്‍ -6: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

ബാംഗ്ലൂർ നഗരത്തിലെ ഞങ്ങളുടെ നായാട്ട്  ഏതാണ്ട് അലങ്കോലമായി എന്നുപറയുന്നതാണ് ശരി.എങ്കിലും ഞങ്ങളുടെ ചുറ്റുവട്ടത്തു താമസിക്കുന്ന നാട്ടുകാരുടെ ഇടയിൽ  ഈ സംഭവംകൊണ്ട് ഞങ്ങൾപ്രശസ്തരായി എന്ന് പറയുമ്പോൾ നെറ്റി ചുളിക്കരുത്.

കൊക്കുരുമ്മിയിരിക്കുന്ന കൊക്കുകളുടെ കൊക്കിന്  വെടി വച്ച് പിടിച്ചു് ഫ്രൈ ചെയ്ത് കൊക്കുമുട്ടെ തിന്നുന്നത്  ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ടതാണ്.എല്ലാം വെറുതെയായി.

എല്ലാം സൗമ്യമായി പരിഹരിച്ചുഎന്ന് വിചാരിക്കുമ്പോളാണ് ഒരു പുതിയ അവതാരം പോലീസ് വേഷത്തിൽ മുൻപിൽ നിൽക്കുന്നത്.

എന്തുകൊണ്ടോ നമ്മളുടെ കവി പരുന്തുംകൂട് ശശി "പിന്നെ കാണാം,"എന്നുപറഞ്ഞു സ്ഥലം വിട്ടു.

പെട്ടന്ന് എനിക്ക് ഓർമ്മവന്നു, പോലീസ്‌കാരൻ  സംസാരിക്കുന്നത് മലയാളത്തിലാണല്ലോ എന്ന്. ഞാൻ പറഞ്ഞു," സാർ കയറിവരൂ,ഇരിക്കൂ."അയാൾ കയറി വന്നു.

"ജോർജ്‌കുട്ടി,സാറിന് ഒരു ചായ എടുക്കൂ,കൂട്ടത്തിൽ എനിക്കും ഒന്ന്."

ജോർജ്‌കുട്ടിയുടെ നോട്ടം ,ഞാൻ കണ്ടില്ലെന്ന് വച്ചു.

“നിങ്ങളെക്കുറിച്ചു സ്റ്റേഷനിൽ കംപ്ലൈൻറ  കിട്ടി അന്വേഷിക്കാൻ വന്നതാണ്.ഒരു നൂറു രൂപ തടയും എന്ന് വിചാരിച്ചതു വെറുതെ ആയല്ലോ."

"സാറെങ്ങനെ മലയാളം പഠിച്ചു?"

"നിങ്ങൾ ഞാൻ മലയാളം പറയുന്നതുകേട്ട് വാപൊളിക്കണ്ട.എൻ്റെ വീട്  കൂർഗിലാണ്,പേര് അപ്പണ്ണ".

ഞങ്ങൾക്ക് സമാധാനമായി.

"ഇപ്പോൾ പോയത്  കവി അല്ലെ?എന്താ അയാളുടെ പേര്?"

"ശശി,പരുന്തുംകൂട്".

"ശരി അയാൾ മിക്കവാറും  നാട്ടുകാരുടെ തല്ലു കൊണ്ടു ചാകും.ഇവിടെ കുഴൽകിണർ കുഴിക്കുന്നതിന്  എതിരായി ആളെ സംഘടിപ്പിക്കുകയാണ്."

അപ്പണ്ണ കുറച്ചുസമയം വർത്തമാനം പറഞ്ഞിരുന്നു.ഞങ്ങൾ കൊടുത്ത ചായയും കുടിച്ചു  തിരിച്ചുപോയി.ഒരു കാര്യം മനസ്സിലായി,ബാംഗ്ലൂർ നഗരത്തിൽ അപ്പണ്ണയുടെ പരിചയത്തിലുള്ള ധാരാളം കുടക് കാരായ പോലീസുകാരുണ്ട്.പലരും ഉയർന്ന റാങ്കിലുള്ളവരുമാണ്.പോകുന്നതിനുമുമ്പ് അപ്പണ്ണ പറഞ്ഞു,നിങ്ങളുടെ കയ്യിൽ മലയാളം വീഡിയോ കാസറ്റുകൾ ഉണ്ടെങ്കിൽ താ. ഞാനൊരു ഉഗ്രൻ  മലയാളം ഫിലിം കഴിഞ്ഞ ആഴ്ച കണ്ടു"

അപ്പണ്ണ ഒരു സാദാ പോലീസ് കോൺസ്റ്റബിൾ ആയിരുന്നെങ്കിലും അയാൾക്ക് പരിചയം ഉള്ളവരും ബന്ധുക്കളുമായി ധാരാളം പേര് പോലീസ് ഡിപ്പാർട്മെൻറിൽ  ഉണ്ടായിരുന്നത് പിന്നീട് ഞങ്ങൾക്കും പ്രയോജനപ്പെട്ടു.

തലേ ദിവസത്തെ പരിപാടികളുടെ ബാക്കി വല്ലതും ഇന്ന് ഉണ്ടോ എന്നറിയാനായി അച്ചായനും സെൽവരാജനും വന്നു.

ജോസഫ് പറഞ്ഞു,," നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറണം.നമുക്ക് പോകാം ഒന്നുകൂടി നായാട്ടിന്".

"നനഞ്ഞോ?എന്നാൽ ഞാനില്ല.എങ്ങനെയാണ് നനഞ്ഞത്?” സെൽവരാജൻ അവൻ്റെ ഭാഷ പാണ്ഡിത്യം പ്രകടിപ്പിച്ചു.

ജോസഫ് പറഞ്ഞു,"ഞാനൊരു പഴഞ്ചൊല്ല് പറഞ്ഞതല്ലെ?"

" ആണോ?പഴഞ്ചൊല്ലിൽ പതിരില്ല.പക്ഷേ,നനഞ്ഞത് എങ്ങനെയാണന്ന് പറഞ്ഞില്ല"

"കുന്തം. "

ഭാഗ്യത്തിന് സംസാരം നീണ്ടുപോയില്ല.ഒരു എസ്‌ഡി ബൈക്കിൽ രണ്ടുപേർ ഞങ്ങളുടെ വീട്ടുമുറ്റത്ത് വന്നു ബൈക്ക് നിർത്തി ചുറ്റും നോക്കി.അവരെ കണ്ട അച്ചായൻ ചോദിച്ചു,” എന്താ ഇവിടെ?"

"ഞങ്ങൾ , ഇവിടെ ഒരു പുതിയ ഒരു ടീം വന്നിട്ടുണ്ട് എന്ന് കേട്ട് വന്നതാണ്:".

അച്ചായൻ ഉടനെ പരിചയപ്പെടുത്തി,"ഇത് കൊല്ലം രാധാകൃഷ്ണൻ,കാഥികനാണ്.ഇവിടെ ജോലിയും വീക്ക് എൻടിൽ നാട്ടിൽ  കഥാപ്രസംഗവും ആയി വളരെ തിരക്കുള്ള ആളാണ്."

രാധാകൃഷ്ണൻ ചിരിച്ചുകൊണ്ട് കൈ തന്നു.

"കൂടെയുള്ളത് ഗോപാലകൃഷ്ണൻ,രാധാകൃഷ്ണൻ്റെ  പിന്നണിയിലെ അംഗം".

പരിചയപെട്ടുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് ജോർജ് കുട്ടി ഒരു ചോദ്യം "ഞങ്ങൾക്ക് ഒരു കഥാപ്രസംഗം കേൾക്കണം ,സാധിക്കുമോ?"

"ഞാൻ റെഡി, ഞാൻ ഒന്ന് വീട്ടിൽ പോയിട്ടുവരാം."

രാധാകൃഷ്ണന് ഒരു മുപ്പത് വയസ്സ് കാണും.ഒത്ത ഒരു തടിയൻ.ഇരുണ്ട നിറമാണ്.ശബ്ദമാണെങ്കിൽ പെരുമ്പറ മുഴക്കുന്നതുപോലെയും.സഹായി ഗോപാലകൃഷ്ണൻ  നന്നായി വെളുത്തിട്ടാണ്.ശരീര പ്രകൃതി ഏതാണ്ട് രണ്ടുപേരും ഒരു പോലെയാണ് എന്നുപറയാം.പക്ഷെ ശബ്ദം ഒരുതരത്തിൽ പറഞ്ഞാൽ സ്ത്രീകളുടേതുപോലെ തോന്നും..

"ആരുടെ വീട്ടിൽ വച്ചാണ് കഥാപ്രസംഗം?"ഞാൻ ചോദിച്ചു.

"നിങ്ങൾക്കല്ലേ കേൾക്കേണ്ടത് .നിങ്ങളുടെ വീട്ടിൽ വച്ചാകട്ടെ.".

ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് രാധാകൃഷ്ണൻ പറഞ്ഞു,"ദാ , പത്തുമിനിട്ടിനകം ഞാൻ വന്നേക്കാം"

"ഇനി ഇന്ന് കഥാപ്രസംഗവും കൂടി കേട്ട് കഴിയുമ്പോൾ എന്തായിരിക്കും സ്ഥിതി?"

" കാശുകൊടുക്കാതെ ഒരു കഥാപ്രസംഗം കേൾക്കുന്നതല്ലേ? തനിക്കെന്താ നഷ്ടം?"ജോർജ്‌കുട്ടി .

എന്ത് പറയാനാണ്?

പറഞ്ഞതുപോലെ പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ രാധാകൃഷ്ണനും  ഗോപാലകൃഷ്ണനും ഒരു ഹാർമോണിയവും തബലയുമായി എത്തി.ഇതിലെ രസകരമായ വസ്തുത ഉപകരണങ്ങൾ ഉണ്ടെങ്കിലും ആർക്കും ഉപയോഗിക്കാനറിയില്ല എന്ന് ഞങ്ങൾക്ക് തുടക്കത്തിലേ മനസ്സിലായി. 

കഥാപ്രസംഗം ആരംഭിച്ചു.

"സൗഹൃദയരെ,ഞാൻ പറയാൻ പോകുന്ന കഥയുടെപേര് "പാടവരമ്പത്തെ കാന്താരി ."

അച്ചായൻ ചാടി പറഞ്ഞു,"ഇതെന്ത് പേരാണ്? ഹോസ്‌കോട്ടയിലെ വെടി ,എന്നുമാറ്റണം "

"അത് വേണ്ട,വെടി എന്ന് പറഞ്ഞാൽ ആളുകൾ തെറ്റിദ്ധരിക്കും".

"എന്നാൽ തൽക്കാലത്തേക്ക് കാന്താരി തന്നെ ഇരിക്കട്ടെ".

"ഈ കഥനടക്കുന്നത് ഇവിടെയല്ല."

"കഥ നടക്കുവോ?"സെൽവരാജന് സംശയം.

"ഞാൻ കഥ നടക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക്  നിങ്ങളെ കൂട്ടികൊണ്ടുപോകുകയാണ്."

"തിങ്കളാഴ്ച കാലത്തു് എനിക്ക് ജോലിയുണ്ട്.അപ്പോഴേക്കും തിരിച്ചുവരാൻ പറ്റുവെങ്കിലേ ഞാൻ വരുന്നുള്ളു".

"പച്ചവിരിച്ച നെൽപ്പാടങ്ങൾ.കൊയ്ത്തുകാത്തിരിക്കുന്ന കൊക്കുകൾ അവിടെ പറന്നു നടക്കുന്നു.കുഞ്ഞിളംകാറ്റിൽ ആ പാടവരമ്പിലൂടെ അവൾ നടന്നു വരുന്നു നമ്മളുടെ കഥാനായിക.അതെ മധുര പതിനേഴിൻറെ പടി വാതിൽക്കൽ എത്തി നിൽക്കുന്ന അവൾ മന്ദം മന്ദം തൻ്റെ പ്രാണനാഥനെ കാണാൻ വരികയാണ്. അവളുടെ പേരാണ് ചന്ദ്രിക "

"പാടവരമ്പിൽ മുഴുവൻ ചെളിയല്ലേ?"സെൽവരാജൻ .

"അതെ.എന്താ പ്രശനം?"

 "അല്ല പാടവരമ്പിൽ  ചെളിയാണെങ്കിൽ പാവാട പൊക്കി പിടിച്ചില്ലെങ്കിൽ ചെളിയാകും.കുറച്ചു് അധികം പൊക്കിപിടിച്ചോട്ടെ.ഡ്രസ്സിൽ  അഴുക്ക് ആകാതെ ഇരിക്കട്ടെ."

"എന്നാലും ഒരു ലിമിറ്റൊക്കെ വേണ്ടേ?നമ്മളുടെ ആർഷഭാരത സംസ്കാരത്തിന് ചേർന്ന രീതിയിൽ പൊക്കിപിടിച്ചാൽ മതി".

അച്ചായൻ പറഞ്ഞു,"ചെളി ഞാൻ കഴുകിക്കൊടുക്കും,അങ്ങനെ നമ്മളുടെ സംസ്കാരം ഞാൻ സംരക്ഷിക്കും."കാഥികൻ ഇതൊന്നും അറിയുന്നില്ല.

കഥാപ്രസംഗം കത്തിക്കയറുകയാണ്.

"പാടത്തിൻ വരമ്പത്തെ പുല്ലുകൾ പശുക്കൾ തിന്നു തീർത്തിരിക്കുന്നു.ഇനി കാട്ടിൽ  പോകണം.നമ്മളുടെ കഥാനായകന് തനിയെ  കാട്ടിൽപോയി പശുക്കളെ മേയ്ക്കാൻ പേടിതോന്നി.അവൻ വിളിച്ചു "ചന്ദ്രികേ നീയും വാ എൻ്റെ കൂടെ "

അവൾ പറഞ്ഞു "ഞാൻ വരില്ല.എൻറെ പുതിയ ഡ്രസ്സിൽ ചെളിയാകും.ചേട്ടൻ വേണമെങ്കിൽ ആ ശാലിനിയെ  കൂട്ടിപോയ്ക്കോ."

ചങ്ങമ്പുഴയുടെ രമണനിൽ നിന്നും അടിച്ചുമാറ്റി കഥാപാത്രങ്ങളുടെ പേരും സ്ഥലവും മാറ്റി  കഥ മുന്നേറുമ്പോൾ സെൽവരാജൻ്റെ അടുത്ത ചോദ്യം."ഈ പശുക്കളെല്ലാം നാടനാണോ ,അതോ വെച്ചൂർ പശുക്കളാണോ?"

"എല്ലാം സ്വിസ് ബ്രൗൺ, " രാധാകൃഷ്ണൻ പറഞ്ഞത് അല്പം ഉച്ചത്തിലാണ്."

"എന്നാൽ അവൻ അനുഭവിക്കും.കാട്ടിൽ മേയാൻ പറ്റിയ ശരീര പ്രകൃതിയല്ല സ്വിസ് ബ്രൗണിന്:"

"കാനന ചോലയിൽ കാലിമേയ്ക്കാൻ നീയും പോരുമോ എൻ്റെ കൂടെ?"

"എവിടെ?"അവൾ ചോദിച്ചു.

"സത്യമംഗലം കാടുകളിൽ പോകാം":

"സത്യമംഗലം കാടുകൾ വളരെ ദൂരെയല്ലേ?നമ്മുക്ക് അടുത്തുള്ള വല്ല കാട്ടിലും പോയാലോ?"

"ഇപ്പോൾ കാടുകളിൽ എല്ലായിടത്തും റിസോർട്ടുകൾ ആണ്."

ഇതിനിടക്ക് ഗോപാലകൃഷ്ണൻ തബലയിൽ രണ്ടുതവണ മുട്ടി ശബ്ദം കേൾപ്പിച്ചു.തബലയുടെ സൈഡിൽ ഉണ്ടായിരുന്ന ദ്വാരത്തിൽ നിന്നും രണ്ടുമൂന്ന്  എലിക്കുഞ്ഞുങ്ങൾ പുറത്തേക്ക് ചാടി ഓടിപ്പോയി.

"അതാ അങ്ങോട്ടു നോക്കൂ."കാഥികൻ ദൂരേക്ക് വിരൽ ചൂണ്ടി.എന്നിട്ട് തുടർന്നു ,"നമ്മൾ എന്താണ് കാണുന്നത്?"

"എലി  ഓടുന്നത് ഞങ്ങൾ ഇഷ്ട്ടം പോലെ കണ്ടിട്ടുണ്ട്.താൻ  കഥ പറയൂ".

"ഒരു കൊടുംകാറ്റുപോലെ ഒരാൾ ചന്ദ്രികയുടെ നേരെ പാഞ്ഞു വരുന്നു.ഭയപ്പെട്ട് അവൾ വിളിച്ചു,അച്ഛാ"

"അതെന്താ ചന്ദ്രിക നോർത്ത് ഇന്ത്യൻ ആണോ?അച്ചാ എന്ന് ഹിന്ദിയിൽ സംസാരിക്കുന്നത്?അന്യസംസ്ഥാന തൊഴിലാളിയുടെ മകളാണ് അല്ലെ?"സെൽവരാജന് സംശയമായി.

എത്ര ശ്രമിച്ചിട്ടും കണ്ണുകൾ അടഞ്ഞുപോകുന്നു.

ഞാൻ കണ്ണ് തുറക്കുമ്പോൾ രാധാകൃഷ്ണനും ഗോപാലകൃഷ്ണനും മ്യൂസിക്ക്  ഉപകരണങ്ങൾ പാക്ക് ചെയ്യുകയാണ്. സെൽവരാജനും  ജോർജ് കുട്ടിയും നിലത്തുകിടന്നുറങ്ങുന്നു.ജോസഫ് അച്ചായൻ സോഫയിലും.

"രാധാകൃഷ്ണൻ എന്നോട് ഒരു ചോദ്യം," എങ്ങനെയുണ്ടായിരുന്നു?"

"അടിപൊളി."

" നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കണ്ണടച്ചിരുന്നു കേൾക്കുന്നത് എനിക്ക് വലിയ പ്രചോദനമായി.താങ്ക് യു."

ഞാൻ അച്ചായനിട്ടും സെൽവരാജനിട്ടും  ഓരോ ചവിട്ടു വച്ചുകൊടുത്തു.

ചോദ്യം ആവർത്തിക്കപ്പെട്ടു.

എല്ലാവരുടെയും ഉത്തരം ഒന്നായിരുന്നു.

"അടിപൊളി" എന്ന പദ പ്രയോഗം കണ്ടു പിടിച്ചവന്  നന്ദി.

"നിങ്ങൾക്ക്  ഏറ്റവും ഇഷ്ടപ്പെട്ടത് ഏതു ഭാഗം ആണ്?"

"അത് പറയാനുണ്ടോ? അവസാന ഭാഗം."

രാധാകൃഷ്‌നും  ഗോപാലകൃഷ്ണനും സന്തോഷമായി.

"ഞങ്ങൾ  കഥ പറഞ്ഞ ഒരു സ്ഥലത്തും ഇത്രയും നന്നായി ശ്രദ്ധിച്ചിരിക്കുന്ന ആളുകളെ കണ്ടിട്ടില്ല.അടുത്ത ആഴ്ച ഞാൻ ഒരു പുതിയ കഥയുമായി വരാം ".

സെൽവരാജൻ പാഞ്ഞു,"എനിക്ക് അടുത്ത ആഴ്ച പനിയാണ്.".

അച്ചായൻപറഞ്ഞു,"ഇവന് പനിയാണെങ്കിൽ  കൂടെ താമസിക്കുന്ന എനിക്ക് ചില ഉത്തരവാദിത്തങ്ങളില്ലേ ? ഇവനെ നോക്കണം.പുഷ്പ ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങി കൊടുക്കണം.".

ജോർജ് കുട്ടി പറഞ്ഞു,"എനിക്ക് ധ്യാനം കൂടാൻ പോകണം ."

അച്ചായൻ്റെ  സംശയം,"പാറേ പള്ളീൽ ആണോ?"

ഞാനെന്തു പറയും എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ  ജോർജ് കുട്ടി പറഞ്ഞു,"അടുത്ത ആഴ്ച അവൻ്റെ കല്യാണമാണ്. "

പെട്ടന്ന് രാധാകൃഷ്ണൻ പറഞ്ഞു,"അങ്ങിനെയാണെങ്കിൽ  ഭാര്യയേം കൂട്ടി ഒരു ദിവസം വാ.ഞാൻ ഒരു പുതിയ കഥ പഠിച്ചു വയ്ക്കാം."

"അത് വേണ്ട."

"അതെന്താ?".

"കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോഴ്‌സ് കാണാൻ വയ്യ".

read more: https://emalayalee.com/writer/219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക