StateFarm

പതിനഞ്ചുകാരന്റെ വെടിയേറ്റ് 11കാരിക്കു ദാരുണാന്ത്യം

പി പി ചെറിയാന്‍ Published on 21 May, 2022
പതിനഞ്ചുകാരന്റെ വെടിയേറ്റ് 11കാരിക്കു ദാരുണാന്ത്യം

ബ്രോണ്‍സ് (ന്യൂയോര്‍ക്ക്) : മറ്റൊരാളെ ലക്ഷ്യമാക്കി വെടിവച്ചതു നിരപരാധിയായ പതിനൊന്നുകാരിയുടെ ഉദരം തുളച്ചു മരിച്ച  സംഭവത്തില്‍  പ്രതിയെന്ന് സംശയിക്കുന്ന പതിനഞ്ചുകാരനെ മെയ് 21 വെള്ളിയാഴ്ച ന്യുയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ ഒളിച്ചു കഴിയുകയായിരുന്നു 15 കാരന്‍ 

മേയ് 16 തിങ്കളാഴ്ചയായിരുന്നു സംഭവം. ബ്രോണ്‍സ് വെസ്റ്റ് ചെസ്റ്റര്‍ അവന്യു ഫോക്‌സ് സ്ട്രീറ്റിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമര്‍ ബോജാങ്ങ് എന്ന 18കാരനുമാണു സംഭവത്തിനുത്തരവാദികള്‍ എന്നു പൊലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണു വെടിവയ്പില്‍ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണു വെടിയുതിര്‍ത്തത്. നിര്‍ഭാഗ്യവശാല്‍ വെടിയുണ്ട തറച്ചുകയറിയതു 11 വയസ്സുള്ള കയ്‌റാ ടെയ് എന്ന കുട്ടിയുടെ ഉദരത്തിലായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം ഇരുവരും സ്‌കൂട്ടറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. പതിനഞ്ചുകാരനെ അറസ്റ്റ് ഒഴിവാക്കുന്നതിന്  മാതാവ് ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്നാണു കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിലുണ്ടായിരുന്ന 18കാരനായ ഒമറിനെ പൊലിസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് 

പതിനഞ്ചുകാരനെ അഡല്‍റ്റായി പരിഗണിച്ചു കൊലപാതകത്തിനും അനധികൃതമായി തോക്ക് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ടെന്നു ന്യുയോര്‍ക്ക് സിഎ ഓഫിസില്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പി പി ചെറിയാന്‍

പതിനഞ്ചുകാരന്റെ വെടിയേറ്റ് 11കാരിക്കു ദാരുണാന്ത്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക