Image

ക്വട്ടേഷന്‍  പീഡനം: അഞ്ചു വർഷത്തെ നീതിനിഷേധത്തിന്റെ നാൾവഴി-1  (പി.എസ്. ജോസഫ്)  

Published on 21 May, 2022
ക്വട്ടേഷന്‍  പീഡനം: അഞ്ചു വർഷത്തെ നീതിനിഷേധത്തിന്റെ നാൾവഴി-1  (പി.എസ്. ജോസഫ്)  

പ്രശസ്ത ചലച്ചിത്രകാരനായ അടൂര്‍ ഗോപാലകൃഷ്ണന്റെ 'പിന്നെയും' എന്ന സിനിമ ഏറെ കൊട്ടിഘോഷിക്കപ്പെട്ടില്ലെങ്കിലും കുറ്റവാളികളുടെ മനസ്സിലേക്ക്   വെളിച്ചം വീഴ്ത്തുന്ന സിനിമയായിരുന്നു.    അതിലെ നായകനും നായികയും ദിലീപും കാവ്യമാധവനുമാണ് എന്നത് യാദൃശ്ചികമായിരിക്കാം.

ഇന്നും നിയമത്തിന്‍റെ കരങ്ങള്‍ക്ക് അപ്രാപ്യനായ സുകുമാര കുറുപ്പിന്‍റെ മാനസിക വ്യാപാരങ്ങളിലേക്ക് ഉറ്റു നോക്കുന്ന ഈ ചിത്രത്തില്‍ താനുമായി ബന്ധപ്പെട്ട എല്ലാവരും -ഭാര്യ ഉള്‍പ്പടെ -കടുത്ത ദുരന്തങ്ങളിലേക്ക്‌ പതിക്കുന്നത് കണ്ടിട്ടും മുഖം പ്ലാസ്റ്റിക്‌ സര്‍ജറി ചെയ്തു വീണ്ടും ഒരു പുതു ജീവിതത്തിനു ശ്രമിക്കുകയാണ് ആ നായകന്‍ . ആ കഥാപാത്രത്തിന്റെ കുറ്റവാസന -കടുത്ത ആര്‍ത്തി -ഒട്ടും ഒടുങ്ങുന്നില്ല. എല്ലാ കുറ്റക്രുത്യങ്ങള്‍ക്ക് പിന്നിലുമുള്ള മാനസിക അപഗ്രഥനമാണ് അടൂര്‍ ഇവിടെ നിര്‍വഹിക്കുന്നത് .

പക്ഷെ അടൂരിനെ പോലെ മാനസിക അപഗ്രഥനം നടത്തുകയല്ല നടി ആക്രമണകേസ്‌ വിചാരണ ചെയ്യുന്ന ജഡ്ജിയുടെ ചുമതല. തെളിവ് എന്ന് പറയാവുന്ന തെളിവ് കൊണ്ടു വന്നാലേ തെളിവായി കണക്കാക്കൂ എന്നാണവര്‍ കരുതുന്നത് എന്ന് തുറന്ന കോടതിയില്‍ അവര്‍ നടത്തിയ നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു . ഒരു ബാറ്ററിയുടെ പേരില്‍ കൊലക്കയര്‍ കൊടുത്ത വിധിയെ പുച്ഛത്തോടെ കാണുന്ന ഇക്കാലത്ത് ജഡ്ഗിയുടെ നില കടുത്ത ഏകാന്തത അനുഭവിക്കുന്ന ഫുട്ബോള്‍ ഗോളിയുടെ നിലയിലാണ് . വിധിക്ക് ശേഷം വിധി തന്നെ ജഡ്ജ് ചെയ്യപ്പെടും എന്ന നിലക്ക് അവരെ കുറ്റം  പറയാനും ആവില്ല .  

നടിയെ ആക്രമിക്കപ്പെട്ട കേസ് സ്വാഭാവികമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. കേസില്‍ തുടര്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അന്തിമ ദിവസം 2022 മെയ്‌ 30 നു അവസാനിക്കും .അത് നീട്ടി നല്കിയേക്കാം എന്ന പ്രതീക്ഷ പലരും പുലര്‍ത്തുന്നു എങ്കിലും ശക്തമായി മുന്നേറിയിരുന്ന തുടര്‍ അന്വേഷണത്തിലെ ഇപ്പോഴത്തെ മന്ദഗതി കാണുന്നവര്‍ക്ക് അത് കൊണ്ടൊന്നും പുതിയ തെളിവുകള്‍ ഉണ്ടാകുമെന്ന തോന്നല്‍ ഇല്ല .

അന്വേഷണത്തില്‍ തങ്ങളുടെതായ മുദ്ര പതിപ്പിച്ച എ ഡി ജി പി ശ്രീജിത്തോ ഡി വൈ എസ് പി ബൈജു പൌലോസോ മറ്റു   ഉദ്യോഗസ്ഥന്‍മാരോ മോശമായത് കൊണ്ടല്ല ,ഈ ആസുരമായ കാലത്ത് പി കെ ശ്രീനിവാസന്റെ കഥയിലെ പോലെ മരിച്ചവനെ വെന്റിലേറ്ററില്‍ കിടത്തി തൂക്കിക്കൊല്ലാനാണ് എല്ലാവര്ക്കും ഇഷ്ടം . ഈ കേസും ഒരു പക്ഷെ അങ്ങനെ മാഞ്ഞ് പോകാം. ഈ കേസിലെ വിധി അനുകൂലമായാലും പ്രതികൂലമായാലും അത് അതിജീവിതയെ ബാധിക്കില്ല. അവസാന നിമിഷത്തില്‍ തെളിവുകള്‍ പുറത്തു വന്നിട്ടും തനിക്കു നീതി കിട്ടിയില്ലല്ലോ എന്നാ ആകുലത പക്ഷെ അവരെ വിഷമിപ്പിച്ചേക്കാം. ഇത്തരം കേസുകളില്‍ ഇനി ഒരു ഇരയും അധികാര കേന്ദ്രങ്ങളെ വിശ്വസിച്ചുവെന്നു വരില്ല അത്ര മാത്രം

എന്നാല്‍ ഈ ഉദാസിനമായ സമീപനത്തിന് പൊതു സമൂഹം വലിയ വില ആയിരിക്കും നല്‍കുന്നത് . കുറ്റവാളിയെ കൊണ്ടു സമൂഹത്തോട്  ചെയ്ത കുറ്റത്തിന് പിഴ ചൊല്ലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതൊരു വലിയ കറുത്ത പാടാകു. എല്ലാം എതിരാണ് എന്നറിയാം എങ്കിലും ഒഴുക്കിനെതിരെയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം ഫലിക്കുമോ ?ചില മാധ്യമങ്ങളുടെ എങ്കിലും പോരാട്ടം ഫലിക്കുമോ? കാത്തിരുന്നു കാണണം .

ക്വട്ടേഷന്‍ ബലാല്‍സംഗം  

അഞ്ചു  വര്ഷം  മുന്‍പ്, 2017 ഫെബ്രുവരി 17 നു ലോകത്താദ്യമായി നരാധമന്മാര്‍  ഒരു ക്വട്ടെഷന്‍ ബലാല്‍സംഗം  നടത്തി അത് ബ്ലാക്ക്‌ മെയിലിങ്ങിനായി റെക്കോര്‍ഡ്‌ ചെയ്തു. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന  ഒരു പ്രമുഖ നടിക്ക്  നേരെയുണ്ടായ  ആ പൈശാചികമായ ആക്രമണം മലയാളിയുടെ നീതിബോധത്തെ കുറിച്ചുള്ള വലിയൊരു വിവാദത്തിനു   കൂടി   വഴിതെളിച്ചു . പരാതിക്കാരി ഇല്ലാതെ തേഞ്ഞ് മാഞ്ഞ് പോകുന്ന മറ്റൊരു വമ്പന്‍ കേസ് മാത്രമായി ഇത് പണ്ടേ തീരേണ്ടതായിരുന്നു. കേസില്‍ നടിയുടെ തൊഴില്‍ ദാതാവ് തന്നെ സമര്‍ഥമായി കൈ കഴുകുകയും അവരോടൊപ്പം നിലകൊള്ളെണ്ട സിനിമാലോകവും താര്സംഘടനകളും കൈ മലര്‍ത്തുകയും ചെയ്തു .

അന്വേഷണ എജെന്‍സികള്‍ ആകട്ടെ കള്ളനും പോലീസും കളിച്ചു പ്രാഥമിക തെളിവ് ആയ ഫോണും അതിലെ നൃശംസമായ തെളിവുകളും നശിപ്പിക്കപ്പെടുന്നതിനു കുട പിടിച്ചു . കേസിന്റെ തുടക്കത്തില്‍ സിനിമ രംഗത്തെ ചില തുക്കടകള്‍ മാത്രമായിരുന്നു പ്രതികള്‍ എങ്കിലും മിടുക്കന്മാരായ   സൂത്രധാരന്മാര്‍  അഞ്ചു വര്ഷം കഴിഞ്ഞിട്ടും അന്വേഷണത്തെ ഇരുട്ടില്‍ നിര്‍ത്തുന്ന വിധത്തില്‍ കരുക്കള്‍ നീക്കി . ഴാ ങ്ങ് ബോദ്രിദ (ദി ഗള്‍ഫ്‌ വാര്‍ ഡിഡ് ന്റ് ടേക്ക് പ്ലെയ്സ്-The Gulf War didn’t take place) എഴുതിയ പോലെ “നടിയെ ആക്രമിച്ചു ബലാല്‍സംഗ ക്വട്ടെഷന്‍ നടപ്പാക്കിയിട്ടില്ല “എന്ന ചരിത്രം സൃഷ്ട്ടിക്കുന്ന ഒരു മൌലികമായ പ്രബന്ധത്തിന് കാത്തിരിക്കുകയാണ് എല്ലാവരും .

ഒരു പക്ഷെ ദൃശ്യരൂപത്തിലുള്ള  കുറ്റകൃത്യത്തിന് ഏറ്റവും നവീനമായ ഭാഷ്യം തീര്‍ക്കുകയാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പോലീസും കോടതിയും ഭരണകൂടവും  സമൂഹവും .  എല്ലാവരെയും മരണത്തിലേക്ക് തള്ളുന്ന ഒരു ബ്ലൂ വെയില്‍ ഗെയിം അതിന്റെ എല്ലാ ക്രൂരതയോടും കളിക്കപ്പെടുകയാണ് ഇവിടെ .വികാരം ലേവലേശമില്ലാത്ത ആള്‍രൂപങ്ങള്‍ ഇരുന്നാടുന്ന ഈ അന്വേഷണം പ്രഹസനമായി തീരുമോ ? ഈ ഭൂമി മലയാളത്തില്‍  എന്തും നടക്കുമോ ?

 ഓടുന്ന കാറില്‍ നിന്ന് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു അത് മൊബൈലില്‍ റെക്കോര്‍ഡ്‌ ചെയ്തു “ഒരു ക്വട്ടെഷന്‍” ആണിതെന്നു പറഞ്ഞു നടിയെ അവര്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ  നിര്‍മാതാവിന്‍റെ വീടിനു മുന്നില്‍ ഇറക്കി വിട്ട അധമന്മാർ   നടി ഇതോടെ അഭിനയം നിര്‍ത്തുകയും അതെ പറ്റി ഒരിക്കലും സംസാരിക്കുകയില്ലെന്നും കരുതിയിരിക്കണം .ഇതേ മാര്‍ഗം ഉപയോഗിച്ചു ഒരു നടിയെ നിശബദയാക്കിയ അനുഭവം അവര്‍ക്കിതിനു ധൈര്യം നല്‍കിയിരിക്കണം എന്ന് ചിലര്‍ .

അല്ലെങ്കില്‍ കെയ്ഗോ ഹിഗാഷിമോയുടെ നോവല്‍ അവര്‍ക്കോ അതിന്റെ സൂത്രധാരന്മാര്‍ക്കോ വഴികാട്ടിയായിരിക്കണം .മലയാളം ഉള്‍പടെ നിരവധി ഭാഷകളില്‍  സിനിമയില്‍ ബോക്സ്‌ഓഫീസ്‌ വിസ്മയം സൃഷ്ടിച്ച ദി ഡിവോഷന്‍ ഓഫ് സസ്പെക്റ്റ് എക്സ് എന്ന നോവലിന്റെ രചയിതാവിന്‍റെതാണ് “അണ്ടര്‍ ദി മിഡ് നൈറ്റ്‌ സണ്‍ “എന്ന ഈ കൃതി .തന്റെ എതിരാളിയെ നിശബ്ദയാക്കാന്‍ ബലാല്‍സംഗം ആയുധമാക്കുന്ന രണ്ടു പ്രതിനായികാനായകന്മാരുടെ കഥയാണ്‌ ഇതില്‍ . സിനിമയായും ഇത് പുറത്തിറങ്ങിയിട്ടുണ്ട്. രണ്ടു വര്‍ഷത്തിനു ശേഷം നടക്കാനിടയുള്ള ഒരു സംഭവം എങ്ങനെ ഹിഗഷിമോ മുന്‍കൂട്ടി കണ്ടു എന്നത് അതിശയമായി തോന്നാം .അല്ലെങ്കില്‍ ഹിഗഷിമോയുടെ വഴിയെ മലയാളത്തിലെ വില്ലന്മാരും സഞ്ചരിക്കുകയായിരുന്നോ ?

മിനിട്ടിനു മിനിട്ടിനു സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്ന ഒരു സമൂഹത്തില്‍, വെളിയില്‍ വരുന്നതിന്റെ എത്രയോ ഇരട്ടി മൂടി വെയ്ക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു പുരുഷകേന്ദ്രീക്രുതമായ വ്യവസ്ഥിതിയില്‍, പണവും താരരാജാക്കന്മാരും നിയന്ത്രിക്കുന്ന സിനിമ പോലെ സ്ത്രീകളെ സെറ്റ് പ്രോപ്പര്‍ട്ടി ആയി മാത്രം കാണുന്ന, ഒരു മേഖലയില്‍ സ്ത്രീകള്‍ ആര്‍ക്കു നേരെയെങ്കിലും വിരല്‍ ചൂണ്ടുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ട്  എങ്കില്‍ അവര്‍ അനുഭവിച്ചിരിക്കും. തിരസ്കാരത്തിന്റെ കഥകളെ അവര്‍ക്ക് പറയാന്‍  ഉണ്ടാവൂ . ഇവിടെ പണം എത്ര വേണമെങ്കിലും കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിട്ട്  പോലും കൈമാറാത്ത (അത്ര വലിയ തുക ആകും അവര്‍ക്ക് അത് വേണ്ടിടത്ത്  എത്തിച്ചാല്‍ ലഭിക്കുക) ബലാല്‍സംഗദൃശ്യങ്ങള്‍  ബ്ലാക്ക്‌ മെയില്‍ ചെയ്യാന്‍ ഉപയോഗപ്പെടുത്തുന്ന ക്വട്ടെഷന്‍ ഗാങ്ങിന്റെ മുന്നിലാണ് നിസഹായയായ ഈ യുവനടി പെട്ടത് ..

തൃശ്ശൂരിലെ തന്റെ വീട്ടില്‍ നിന്ന് എറണാകുളത്തു തന്റെ സുഹൃത്തായ രമ്യ നമ്പീശന്‍ എന്ന നടിയുടെ വീട്ടിലേക്കു, താന്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയുടെ  നിര്‍മാതാവ് വിട്ടു കൊടുത്ത കാറില്‍ പ്രൊഡക്ഷന്‍ ഡ്രൈവര്‍ക്കൊപ്പം  പോകുകയായിരുന്നു ആക്രമത്തിന് ഇരയായ യുവ നടി . അവര്‍ സഞ്ചരിക്കുന്ന കാര്‍ പള്‍സര്‍ സുനി എന്ന ഗുണ്ടയുടെ നേതൃത്വത്തില്‍ ഒരു ക്വട്ടേഷന്‍ സംഘം തടയുന്നു . നടിയെ അവരുടെ മുഴവന്‍ മറച്ച വണ്ടിയില്‍ കയറ്റി ബലാല്‍സംഗത്തിനിരയാക്കുന്ന. അത് മൊബൈലില്‍ ചിത്രീകരിക്കുന്നു എപ്പോഴും തിരക്കുള്ള  ദേശീയ ഹൈവേയില്‍ പെട്ട അങ്കമാലി അത്താണിയില്‍  നിന്നുള്ള ഈ യാത്ര ഈ പൈശാചികമായ  കൃത്യത്തിന്റെ പേരില്‍ ഒരിക്കലും വിസ്മരിക്കപെടില്ല .

ഡ്രൈവര്‍ എന്നതിലേറെ ഗുണ്ട എന്നപേരില്‍ സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നയാളാണ് പള്‍സര്‍ സുനി . ചലച്ചിത്രലോകത്തെ പലരെയും പോലെ ഒരു സിനിമ ഏതുവിധേനെയെങ്കിലും  തട്ടിക്കൂട്ടി എടുക്കണമെന്ന് മോഹിക്കുന്ന വ്യക്തി . അയാള്‍ ഒരു  ക്വട്ടെഷന്‍ ഗാങ്ങിന്റെ സഹായത്തോടെ  നടിയെ പീഡിപ്പിച്ചു  അതിന്റെ ചിത്രമെടുത്തു പണം സമ്പാദിക്കാന്‍ ഇറങ്ങുകയായിരുന്നു .ചെറിയ ഒരു തുക ആയിരുന്നില്ല അയാളുടെ ആഗ്രഹം .അത് കൊണ്ടു തന്നെ നടി വാഗ്ദാനം ചെയ്ത തുക അയാള്‍ നിരസിച്ചു . അപകടം മുന്നില്‍ കണ്ടു കൊണ്ടു തന്നെ അയാള്‍ ആ മൊബൈലും അതിലെ ചിത്രങ്ങളും ലക്ഷ്യ സ്ഥാനത്തു എത്തിക്കാന്‍ ശ്രമിച്ചു .നടിയും ഒരു കാലത്ത് ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്തുമായിരുന്ന കാവ്യ മാധവന്‍റെ ഉടമസ്ഥതയില്‍ ഉള്ള ലക്ഷ്യ എന്ന ബൗട്ടിക്കില്‍ അത് എത്തിക്കാനായിരുന്നു അയാളുടെ ശ്രമം . ഇങ്ങനെ പോലീസിനു മൊഴി കൊടുത്ത ലക്ഷ്യ ജീവനക്കാരന്‍ വിചാരണ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു.  വിചാരണ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞ 20 ഓളം പേരില്‍ ഒരാളായിരുന്നു സാഗര്‍ വിന്‍സെന്റ് . സാഗറിനെ മൊഴി മാറ്റിപ്പറയാന്‍ പ്രേരിപ്പിച്ചുവെന്നു  പോലീസ് പറയുന്നു

ക്രൂരമായ പീഡനത്തിനു ഇരയായ നടി പ്രാണവേദനയില്‍ ഉഴലുമ്പോഴും എങ്ങനെയും ആ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ തിരികെ വാങ്ങണമെന്ന ദൃഡ നിശ്ചയത്തിലായിരുന്നു . സിനിമയില്‍ അത് വരെ സമ്പാദിച്ച നല്ല പേര് നൊടിയിടയില്‍ നഷ്ടപ്പെടുന്നത് പോലെ അവര്‍ക്ക് തോന്നിയിരിക്കണം . പള്‍സര്‍ സുനി ക്വട്ടെഷന്‍ എന്ന് സൂചിപ്പിച്ചിരുന്നു എങ്കിലും അതൊരു വലിയ ഗൂഡാലോചനയുടെ ഫലമാണെന്ന് അവര്‍ അപ്പോള്‍ കരുതിയിരുന്നില്ല

ഒരു ചെറുകിട താരമായി മുഖം കാണിച്ചു സ്വപ്രയത്നത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയ താരമായി മാറിയ അവര്‍ക്ക് പ്രത്യക്ഷത്തില്‍ ശത്രുക്കളോ പ്രതിയോഗികളോ ഉണ്ടായിരുന്നില്ല . എങ്കിലും സമീപകാലത്ത് അവര്‍ക്ക് മലയാളത്തില്‍ അവസരം കുറഞ്ഞു. അതിനു പിന്നില്‍  അവരോടൊപ്പം നിരവധി ഹിറ്റ്‌ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ ദിലീപ് ആണെന്ന് അവര്‍ തുറന്നു തന്നെ പറയുകയുണ്ടായി . നടനും നിര്‍മാതാവും തീയേറ്റര്‍ ഉടമയുമായി മലയാള സിനിമയെ നിയന്ത്രിക്കുന്ന  ദിലീപിനെ പോലെ ഒരാള്‍ വിചാരിച്ചാല്‍ സൗന്ദര്യവും അഭിനയശേഷിയും മാത്രം കൈമുതലുള്ള ഒരു നടിക്ക് സിനിമയില്‍ ഒരു റോള്‍ അപ്രാപ്യമാണ് . അത് കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹണിബീ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലേക്ക് ലാലിന്‍റെ മകന്‍  ക്ഷണിച്ചപ്പോള്‍ ഇനിയെങ്കിലും നിറയെ അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്നു അവര്‍ കരുതി . എന്നാല്‍ അടുത്ത അഞ്ചു വര്‍ഷക്കാലം -ഒരു പക്ഷേ ഒരു നടിയുടെ അഭിനയ ജീവിതത്തിലെ  പുഷ്കലമായ  വര്‍ഷങ്ങള്‍ -മുപ്പത്തിമൂന്നാം വയസ്സ് വരെ മലയാളത്തില്‍ നിന്ന് തന്നെ അവര്‍ക്ക് വിട്ടു നില്‍ക്കേണ്ടി വന്നു. ആ അര്‍ത്ഥത്തില്‍ ക്വട്ടെഷന്റെ ലക്‌ഷ്യം ഫലിച്ചു .

ക്രൂരമായ പീഡനത്തിന് ശേഷം നിര്‍മാതാവ് ലാലിന്‍റെ വസതിയില്‍ നടിയെ ഇറക്കി വിട്ട പള്‍സര്‍ സുനിയും സംഘവും നടി ഒരു വാക്ക് ഉരിയാടില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു . ആയുഷ്ക്കാലം ഒരാളെ നിശബ്ദമാക്കാന്‍ പര്യാപ്തമായ  ദൃശ്യങ്ങള്‍ കയ്യിലുള്ള അവര്‍, നടിക്ക് നിരന്തരമായ ബ്ലാക്ക്‌ മെയിലില്‍ നിന്ന് മോചനം ഉണ്ടാകില്ല എന്ന്  കണക്കു കൂട്ടി. പക്ഷെ ലാലിന്‍റെ വസതിയില്‍ പൊട്ടിക്കരഞ്ഞ നടി എല്ലാം തുറന്നു പറഞ്ഞു. ആ നിമിഷത്തിന്റെ ആവേശത്തില്‍ സിനിമയിലെ പ്രബലനായ ആ നിര്‍മാതാവ് തന്റെ വീട്ടിലേക്കു നിര്‍മാതാവ് ആന്റോ ജോസെഫിനെയും  സ്ഥലത്തെ എം എല്‍ എയെയും  വിളിച്ചു വരുത്തി . അവിടെയെത്തിയ അന്തരിച്ച പി ടി തോമസ്‌ എം എല്‍ എ ഒരു കാരണവശാലും ബ്ലാക്ക്‌ മെയിലിന് വഴങ്ങരുതെന്നും കേസുമായി മുന്നോട്ടു പോകണമെന്നും ഉപദേശിച്ചു. അതിനു സഹായകമായ നടപടി തുടങ്ങി .
ഇതിനിടെ നടിയുടെ വാഹനം ഓടിച്ച മാര്‍ട്ടിനെ  അവിടെയെത്തിയ  പോലീസ ഉദ്യോഗസ്ഥന്‍ ചോദ്യം  ചെയ്തപ്പോള്‍ പള്‍സര്‍ സുനിയുടെ പേര് ഉയര്‍ന്നു വന്നു . പലകേസുകളിലും പെട്ട പള്‍സര്‍ സുനിയേ അദ്ദേഹത്തിനറിയാം . അടിയന്തിരമായി അദ്ദേഹം സുനിയെ കണ്ടെത്താന്‍  ശ്രമിച്ചു . അയാളുടെ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ സൈബര്‍ വിങ്ങിനും നിര്‍ദ്ദേശം നല്‍കി .സുനിയുടെ ഫോണില്‍ നിന്ന് “ ……,പെട്ട് പോയി “എന്നൊരു സന്ദേശം അവര്‍ ഇന്റര്‍സെപ്റ് ചെയ്തു . ഒരു പ്രമുഖ നടന്റെ അന്നത്തെ നമ്പറിലേക്ക് ആയിരുന്നു ആ സന്ദേശം എന്ന് സംവിധായകന്‍ ആലപ്പി  അഷറഫ് പറയുന്നു .

പൊലിസ് തങ്ങളെ അന്വേഷിക്കുന്നുവെന്ന് കണ്ടതോടെ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ നഷ്ടപെടാതെ ആരെയെങ്കിലും ഏല്‍പ്പിക്കുക എന്നതായി   സുനിയുടെ വെല്ലുവിളി . അഭിഭാഷകനായ പൌലോസിന്റെ കൈവശം അതു അയാള്‍  ഏല്‍പ്പിക്കുന്നു . നാടകീയമായ സംഭവവികാസങ്ങളാണ് അതെ തുടര്‍ന്നുണ്ടായത് .
നാളെ: നടി ആക്രമണ കേസ് തുടങ്ങുന്നു 

Join WhatsApp News
Sudhir Panikkaveetil 2022-05-21 18:26:57
ദിലീപിന്റെ പേരിൽ (ഇരയുടെ എന്ന വ്യാജേന) ചാനൽ കാർ, എഴുത്തുകാർ, രാഷ്ട്രീയക്കാർ, സാംസ്കാരികനായകന്മാർ, വക്കീലന്മാർ, ഹോ.. ലിസ്റ്റ് നീളുന്നു രംഗത്തു വരുന്നു. പണവും പ്രശസ്തിയും ആണ് ജനങ്ങൾക്ക് പ്രധാനം.പാവം ഇര അവർ കരുതുന്നത് അവരുടെ പുറകിൽ എത്ര പേരാണ് എന്ന്. ദയനീയം..
കാലത്തിൻറ്റെ ചുവരുകളിൽ 2022-05-22 00:02:01
*ജീവിതം എന്നത് മൊത്തത്തിൽ അർത്ഥശൂന്യം, മായ; എന്നൊക്കെ തോന്നാമെങ്കിലും നമ്മൾ ജീവിക്കുന്ന ഓരോ നിമിഷവും വളരെ വിലയേറിയത് ആണ്. ഇത്തരം അർത്ത ശൂന്യമായ വിഡ്ഢിത്തരം കേൾക്കാൻ നിങ്ങളുടെ സമയം പാഴാക്കരുത്. ചില മാനസിക രോഗങ്ങൾക്ക് ഇപ്പോൾ ചികി ത്സ ലഭ്യമാണ്. *കാലത്തിൻറ്റെ ചുവരുകളിൽ ഓരോ കാലത്തും ആരൊക്കയോ എന്തെല്ലാമോ എഴുതുന്നു. സ്വന്തം മതക്കാരൻ, ജാതിക്കാരൻ എന്നൊക്കെയുള്ള ധാർമ്മികതയെ കൂട്ട്പിടിച്ചു ചിലർ അതിനെ ന്യായികരിക്കുന്നു. സ്വന്തം അമ്മയോ, ഭാര്യയോ, സഹോദരിയോ, മകളോ ഒക്കെയാണ് ഇത്തരക്കാരുടെ ഇരകൾ എങ്കിൽ ഇവരൊക്കെ അതൊക്കെ ന്യായികരിക്കുമോ ? ചില ഉദാഹരണങ്ങൾ മാത്രം:- ദിലീപ്, ചെമ്മണൂർ, വിജയ് ബാബു, ജോർജ്.......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക