Image

പേരറിവാളനെ വിട്ടയച്ചതില്‍ കോണ്‍ഗ്രസ്സുകാര്‍ മുറുമുറുക്കുന്നതെന്തിന് ? (ഉയരുന്ന ശബ്ദം-49: ജോളി അടിമത്ര)

Published on 21 May, 2022
പേരറിവാളനെ വിട്ടയച്ചതില്‍ കോണ്‍ഗ്രസ്സുകാര്‍ മുറുമുറുക്കുന്നതെന്തിന് ? (ഉയരുന്ന ശബ്ദം-49: ജോളി അടിമത്ര)

അങ്ങനെ പേരറിവാളന്‍ ഒടുവില്‍ ജോളാര്‍പ്പെട്ട്  ഗ്രാമത്തിലെ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.കൂട്ടിന് വൃക്കരോഗവും അകാല വാര്‍ധക്യവും ഒരുപിടി സര്‍ട്ടിഫിക്കറ്റുകളും മാത്രം.ഇങ്ങോട്ടു വന്നപ്പോഴത്തെപ്പോലെ ചുറുചുറുക്കുള്ള കാല്‍ വയ്പ്പുകളല്ല മടങ്ങുമ്പോഴത്തേത്.വന്നത് തിളച്ചുനില്‍ക്കുന്ന പ്രായത്തില്‍ .ജീവിതത്തെപ്പറ്റി ഏറെ പ്രതീക്ഷയുള്ള,തിളങ്ങുന്ന കണ്ണുകളും പൊട്ടിച്ചിരികളുമുള്ള ,ഉല്ലാസവാനായ ചെറുപ്പക്കാരന്‍..പക്ഷേ മടങ്ങുന്നത് ആര്‍ത്തനും അവശനുമായി .കഷണ്ടിത്തലയിലെ നരച്ച മൂന്നുനാലു മുടികളും പാടേ നരവീണ താടിയും മര്‍ദ്ദനമേറ്റ് അവശമായ ശരീരവും മാത്രമാണ് തിരുശേഷിപ്പ്.ബാക്കിയൊക്കെ തടവറ തട്ടിയെടുത്തു.19 ഉം 50 ഉം  തമ്മില്‍ ഒത്തിരി അന്തരമുണ്ടല്ലോ !.പേരറിവാളന്‍ സ്വന്തം വീട്ടില്‍ 19 വര്‍ഷമേ ആകെ ജീവിച്ചിട്ടുള്ളൂ.ഇതിപ്പോള്‍ 31 വര്‍ഷമായി തടവറയാണല്ലോ അദ്ദേഹത്തിന്റെ പാര്‍പ്പിടം. ' ഒരു വേള മെല്ലെ ഇരുളും വെളിച്ചമായ് വരാം ' ,എന്നോക്കെ കവിത പാടാന്‍ എളുപ്പമാണ്.പക്ഷേ ,31 വര്‍ഷത്തെ ഇരുള്‍ ഒട്ടും ചെറുതല്ല.എന്നാലും  ഭയപ്പാടിന്റെയും ആകുലതകളുടെയും ആശങ്കകളുടെയും ദുരനുഭവങ്ങളുടെയും മൂന്നു പതിറ്റാണ്ടുകളില്‍ തനിക്ക് അഭയംതന്ന തടവറയെ  പിരിയുമ്പോള്‍ പേരറിവാളന്റെ മനസ്സിലുയര്‍ന്ന വികാരം എന്തൊക്കെയാവും ?.തീര്‍ച്ചയായും  പ്രക്ഷുബ്ദമായ  കടലിരമ്പം അമര്‍ത്തിവയ്ക്കാന്‍ പാടുപെട്ടാവണം ആ മടക്കം.ആ കൂറ്റന്‍ മതില്‍ക്കെട്ടിനുള്ളില്‍ ചിലവിട്ട ഉറങ്ങാത്ത രാവുകള്‍,  ഏകാന്ത തടവിന്റെ നീണ്ട ശിക്ഷണവര്‍ഷങ്ങള്‍ ,ഒരക്ഷരം ഉരിയാടാന്‍ ആരുമില്ലാതെ നരകിച്ച് വര്‍ഷങ്ങള്‍..സമനില തെറ്റിപ്പോകാന്‍ ഇത്രയൊക്കെ അധികമാണ്.എന്നിട്ടും മനസ്സ് ചതിച്ചില്ല,പേരറിവാളന്‍  സുബോധത്തോടെ ജീവിതത്തിലേക്കു മടങ്ങുകയാണ്.ഇനിയാണ് യഥാര്‍ത്ഥ പോരാട്ടം തുടങ്ങുക.
 
'അറിവ് ' എന്നാണ് അടുപ്പമുള്ളവരൊക്കെ പേറരിവാളനെ വിളിക്കുന്നത്.ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഡിപ്‌ളോമ നേടി 19-ം വയസ്സില്‍  ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്.അത് 1991 മെയ് 21-ന്.രണ്ടു ബാറ്ററികള്‍ക്ക് ഒരാളുടെ ജീവിതം എങ്ങനെ തകര്‍ക്കാന്‍ കഴിയുമെന്നത് പിന്നെ ചരിത്രമായി.തമിഴ് കവി കുയില്‍ദാസന്റെ മകനാണ് പേരറിവാളന്‍ .രാജീവ് ഗാന്ധിയെ വധിച്ച പുലി സംഘത്തിന്റെ നേതാവ് ശിവരശ്ശന് പേരറിവാളന്‍ രണ്ട് 9 വോള്‍ട്ട് ബാറ്ററികള്‍ വാങ്ങിക്കൊടുത്തു എന്നാണ് സിബിഐ ചുമത്തിയ കുറ്റം.രാജീവിനെ വധിക്കാനുപയോഗിച്ച ബോംബില്‍ ആ ബാറ്ററികള്‍ ഉപയോഗിച്ചു.എന്നാല്‍ ബാറ്ററികള്‍ വാങ്ങിക്കൊടുത്തതല്ലാതെ അത് എന്തിനായിരുന്നു എന്നത് തനിക്കറിയില്ലെന്ന് പേരറിവാളന്‍ മൊഴി നല്‍കി.പക്ഷേ....ആ മൊഴി എന്തുകൊണ്ടോ തമസ്‌കരിക്കപ്പെട്ടു,വര്‍ഷങ്ങളോളം.ഒരന്വേഷണ ഉദ്യോഗസ്ഥന്‍ അത്രപെട്ടെന്ന് മറന്നുപോകുന്ന ഒരു മൊഴിയല്ലല്ലോ അത്.എന്നിട്ടും ...
ചെന്നൈയില്‍നിന്ന് പേരറിവാളനെ  സിബിഐ  കൂട്ടിക്കൊണ്ടുിപോകുമ്പോള്‍,' ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടു ഉടന്‍മടക്കി അയയ്ക്കാം ' ,എന്നാണ് പറഞ്ഞത്.അറസ്റ്റ് ചെയ്തത് 1991 ജൂണ്‍ 11 ന്.പീഡനമുറകളുടെ തുടക്കം ആരംഭിക്കയായിരുന്നു.ആ  19 വയസ്സുകാരന്റെ  പാന്റും ഷര്‍ട്ടും മാറ്റി അടിവസ്ത്രം മാത്രം ധരിപ്പിച്ചു നിര്‍ത്തി പൊലിസുകാര്‍ മാറി മാറി മതിയാവോളം  കൈത്തരിപ്പു തീര്‍ത്തു.ഷ്യൂസുകൊണ്ട് കാല്‍ ഞെരിച്ചു,ഇന്‍സ്‌പെക്ടര്‍ സുന്ദരരാജ് മുട്ടുകൊണ്ട് വൃഷണങ്ങളില്‍ ഇടിച്ചു,അതിവേദനയില്‍ നിലത്തു വീണുപുളഞ്ഞ പേരറിവാളിനെ , തനിക്കു യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറയാനായി നിര്‍ബന്ധിച്ച് പീഡനം തുടങ്ങി.
' പീഢനഅറ 'എന്നു വിളിക്കുന്ന കുപ്രസിദ്ധ മുറിയിലേക്ക് പിറ്റേന്ന് അവനെ കൊണ്ടുപോയി .അടിമുതല്‍ മുടിവരെ ഇഞ്ചിഞ്ചായി മര്‍ദ്ദിച്ചു.ചെയ്യാത്ത കാര്യങ്ങള്‍ ഏറ്റെടുക്കാനുള്ള ആ ദിവസങ്ങളിലെ  ക്രൂരമര്‍ദ്ദനങ്ങള്‍ പേരറിവാളനെ നിത്യ രോഗിയാക്കി .രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഒപ്പംനിന്നവനെന്ന കുപ്രസിദ്ധി ,മര്‍ദ്ദനമുറകള്‍ക്ക്  ശക്തി വര്‍ധിപ്പിച്ചു.ഒരാള്‍ക്കും തെല്ലും ദയ തോന്നിയില്ല.ഒരു പഴന്തുണിക്കെട്ടുപോലെ  പീഢനഅറയുടെ കോണില്‍ പേരറിവാളന്‍ ചുരുണ്ടുകിടന്നു,ബോധമറ്റവനായി.അങ്ങനെ എത്രയെത്ര ദിനരാത്രികള്‍.. 50-ം വയസ്സില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ അകാല വാര്‍ധക്യനു പുറമേ  താനൊരു വൃക്കരോഗിയായി മാറിക്കഴിഞ്ഞിരിക്കുന്നതില്‍ അതിശയമില്ല.

തടവറയ്ക്കുള്ളില്‍ ഒടുങ്ങുമായിരുന്ന ഒരു ജീവന്‍ സ്വതന്ത്രലോകത്തെത്തിയതിനു പിന്നില്‍ ഒരു സ്ത്രീയുടെ മൂന്നു പതിറ്റാണ്ടു കാലത്തെ പോരാട്ടവീര്യമുണ്ട്.തൂക്കുമരത്തിലേറാന്‍ ദിനങ്ങളെണ്ണിക്കഴിയുന്ന മകനെ കൊല്ലാന്‍ വിട്ടുകൊടുക്കില്ലെന്ന ദൃഡനിശ്ചയം അമ്മയ്ക്കുണ്ടായിരുന്നു.താന്‍ വളര്‍ത്തിയെടുത്ത മകന് ,അത്തരമൊരു അധമകൃത്യം ചെയ്യാനുള്ള നീചമനസ്സ് ഇല്ലെന്ന അര്‍പ്പുതമ്മാള്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി ദ്രാവിഡത്തനിമയുടെ നേര്‍രൂപമായി ജ്വലിച്ചുനിന്ന ഒരമ്മ.അകാല വാര്‍ധക്യത്തിന്റെ ഇടറുന്ന ചുവടുകളോടെ മകന്‍ വീട്ടിലെത്തുമ്പോള്‍ 75 വയസ്സുള്ള അമ്മ താങ്ങുംകരങ്ങളുമായി ഒപ്പമുണ്ട്.ഇതു വരെ അമ്മ രാഷ്ട്രീയക്കാരുടെയും നേതാക്കളുടെയും ദയാവായ്പിനായി യാചിച്ചു കാത്തുനിന്നു.തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരുന്ന ജയലളിത മുതല്‍ സ്‌ററാലിന്‍വരെ ഈ യാത്രയില്‍ അവര്‍ക്കു തുണയായി.


''അവന്റെ നിരപരാധിത്വം തെളിയാതെ ,അവന്‍ സ്വതന്ത്രനാവാതെ ഞാന്‍ മരിക്കില്ലെ '' ന്നു പറഞ്ഞ് മകനു വേണ്ടി മരണത്തെപ്പോലും തോല്‍പ്പിച്ചുകളഞ്ഞ ഒരമ്മ. തന്റെ ജീവിതത്തിലെ 31 വര്‍ഷങ്ങള്‍ കടന്നുപോയതും അവരറിഞ്ഞില്ല.ഗ്രാമങ്ങളില്‍നിന്ന് പട്ടണങ്ങളിലേക്കും അവിടെനിന്നും മഹാനഗരങ്ങളിലേക്കും അവര്‍ നീതിതേടി തുടരെ അലഞ്ഞു.സമുന്നതനേതാക്കളെ കാണാന്‍ അവരുടെ വീട്ടുപടിയ്ക്കല്‍ കാത്തുനിന്നു.മകന്‍ കിടക്കുന്ന തടവറയ്ക്കു മുന്നില്‍ ഉണ്ണാതെ ,ഉറങ്ങാതെ,കുളിക്കാതെ വസ്ത്രം മാറാതെ അവര്‍ ദിവസങ്ങളും ആഴ്ചകളും കാത്തിരുന്നു.നാട്ടിലേക്കു മടങ്ങാന്‍ പറയുന്നവരോട് '' അവന്‍ ഇതിനുള്ളിലുണ്ടല്ലോ ''എന്നായിരുന്നു അവരുടെ മറുപടി.ഒടുവില്‍ വൃദ്ധമാതാപിതാക്കളുടെ കണ്ണടയും മുമ്പ് അവരുടെ ' അറിവ് ' വീട്ടിലെത്തിയിരിക്കുന്നു.


ഒരു ചെറുപ്പക്കാരന്റെ ജീവിതം തച്ചുടച്ച കഥയിലെ വില്ലന്‍മാര്‍ പലരാണ്.അവരില്‍ രാഷ്ട്രീയക്കാരുണ്ട്,ഗവര്‍ണറുണ്ട്,സ്വാര്‍ഥതാല്‍പ്പര്യക്കാരുണ്ട്.എല്ലാവര്‍ക്കും അവരുടേതായ ന്യായാന്യായങ്ങളുണ്ട്.അവനെ സ്വതന്ത്രനാക്കാനുള്ള അധികാരമുള്ളവര്‍ അവസരം തട്ടിക്കളിച്ചുകൊണ്ടിരുന്നു.ആ ബാറ്ററി വാങ്ങിക്കൊടുത്തു എന്നല്ലാതെ അതെന്തിനായിരുന്നുവെന്ന് തനിക്കറിയില്ലായിരുന്നെന്ന  പേരറിവാളന്റെ മൊഴി രേഖപ്പെടുത്താന്‍ താന്‍ വിട്ടുപോയെന്ന് ,ചുമതലപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നു.സിബിഐയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പിയായിരുന്ന വി.ത്യാഗരാജന്റെ ഈ മൊഴി  ഒരു വലിയ സത്യമാണ് പുറത്തു വരുന്നത്.ഒരു പൊലീസുകാരനോ ഒരു വക്കീലിനോ തകര്‍ക്കാനും കൂട്ടിച്ചേര്‍ക്കാനും കഴിയുന്നതുമാത്രമാണ് നമ്മുടെയൊക്കെ വിലപ്പെട്ട ജീവിതമെന്ന്.പേരറിവാളന്‍ ഇങ്ങനെ ജയിലില്‍ കിടക്കേണ്ടിവന്നതില്‍ അദ്ദേഹത്തിന് ഖേദമുണ്ടത്രേ.31 വര്‍ഷത്തെ തടവുശിക്ഷയില്‍ 23 വര്‍ഷവും ഏകാന്ത തടവുകാരനായിരുന്ന,വധശിക്ഷയുടെ വാള്‍ തലയ്ക്കുമീതെ തൂങ്ങിയാടി ഭയപ്പെടുത്തിയ ഒരുചെറുപ്പക്കാരനെ മുന്നില്‍ നിര്‍ത്തിയാണ് ഈ കുമ്പസാരമെന്ന് മറക്കരുത്. ത്യാഗരാജന്‍ ചെയ്ത തെറ്റിന്റെ ആഴം അയാള്‍ മനസ്സിലാക്കണമെങ്കില്‍ ഒരു വര്‍ഷമെങ്കിലും ഇദ്ദേഹത്തെ ഏകാന്ത തടവിന് വിധേയമാക്കണം.

(ജോളി അടിമത്ര)


ഇപ്പാള്‍ നമ്മളെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാഴ്ച   കോണ്‍ഗ്രസ്സുകാരുടെ വിറളി പിടിത്തമാണ്.പേരറിവാളനെ സ്വതന്ത്രനാക്കിയപ്പോള്‍ പ്രതിഷേധപ്രസ്താവനകളും അന്തിചര്‍ച്ചകളില്‍ പൊട്ടിത്തെറിച്ചും അവര്‍ രോഷം പ്രകടിപ്പിക്കുന്നു .രാജീവ് ഗാന്ധിയെ കൊല്ലാന്‍വേണ്ടി ബോംബുണ്ടാക്കാന്‍ രണ്ടു ബാറ്ററി കൊണ്ടു കൊടുത്തവനല്ല പേരറിവാളന്‍.അതെന്തിനെന്ന് അറിയാതെ കൈമാറിയെന്നതാണ് യാഥാര്‍ഥ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍  മൊഴി നല്‍കിക്കഴിഞ്ഞിരിക്കുന്നു.രാജീവ് ഗാന്ധിയുടെ മരണത്തില്‍ ഏറ്റവും നഷ്ടം സംഭവിച്ച സോണിയ ഗാന്ധിയും മക്കളും കൊലപാതകികളോട് ക്ഷമിക്കയും പ്രിയങ്ക ഗാന്ധി ജയിലില്‍ചെന്ന് നളിനിയെ കാണുകയും ചെയ്തത് നമ്മള്‍ക്കറിയാം.ഭര്‍തൃഘാതകരോട് സോണിയാഗാന്ധി ക്ഷമിച്ചിട്ടും  കോണ്‍ഗ്രസ്സുകാര്‍ക്ക് സഹിക്കുന്നില്ല !.കുറ്റകൃത്യത്തിന് കര്‍ശന ശിക്ഷ നടപ്പാക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ കൊലപാതകത്തിന് വധശിക്ഷയാണ് നല്‍കുക.പകഷേ കൊല്ലപ്പെട്ടവന്റെ ഉറ്റവര്‍ ഘാതകനോട് ക്ഷമിച്ചാല്‍ കൊലപാതകിയെ നിരുപാധികം വിട്ടയയ്ക്കും.അല്ലെങ്കില്‍ ദയാധനം  (blood money ) നല്‍കി വധശിക്ഷയില്‍നിന്ന് രക്ഷപ്പെടാം.നിമിഷപ്രിയ എന്ന മലയാളിയുവതിയുടെ മോചനത്തിന്  ഇപ്പോള്‍ അത്തരമൊരു ശമം നടക്കുന്നത് നമ്മള്‍ക്കറിയാം.പേരറിവാളന്‍്  31വര്‍ഷത്തെ കഠിന തടവുശിക്ഷ അനുഭവിച്ചിട്ടും പോരെന്നാണോ...14 വര്‍ഷം തടവ് അനുഭവിച്ചാല്‍ ,ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരെ നല്ല നടപ്പു പരിഗണിച്ച് മോചിപ്പിക്കുന്ന ഈ രാജ്യത്ത് ഇരട്ട ജീവപര്യന്തത്തടവും പിന്നിട്ട ഒരാളെ മോചിപ്പിച്ചില്ലെങ്കില്‍ അത് നീതിനിഷേധമല്ലെങ്കില്‍ മറ്റന്താണ് ?.രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ കൊന്നവരെപ്പോലും വെറുതെ വിട്ട രാജ്യമാണ് നമ്മുടേത്.എന്നിട്ടാണ് കോണ്‍ഗ്രസ്സുകാരുടെ ഈ വിറളി.
ഇത്തരമൊരു ദുരന്തം ആര്‍ക്കും സംഭവിക്കാവുന്നതേയുള്ളൂ.നമ്മള്‍ കൈമാറിയ ഒരു വസ്തു ഒരു കൊലപാതക കേസില്‍ തുമ്പായാല്‍ തീരാനുള്ളതേയുള്ളൂ നമ്മുടെയൊക്കെ ജീവിതം.എന്തായാലും വരും ദിവസങ്ങളില്‍ പേരറിവാളന്റെ പോരാട്ടം കടുക്കും.അദ്ദേഹം കോടതിയെ സമീപിക്കാതിരിക്കില്ല.നമ്പിനാരായണനെപ്പോലെ മാനനഷ്ടത്തിന് കേസ് കൊടുത്തേക്കാം.പക്ഷേ കിട്ടുന്ന ലക്ഷങ്ങള്‍ക്ക് തിരിച്ചുപിടിക്കാനാവാത്തതാണ് അയാളുടെ നഷ്ടയൗവ്വനമെന്ന് മറക്കാതിരിക്കാം.19-ം വയസ്സില്‍ തടവറയില്‍പ്പെട്ടുപോയ പേരറിവാളന്‍് 50-ം വയസ്സില്‍ തന്റെ ഗ്രാമത്തിലേക്ക് വൃക്കരോഗവും അവശതകളുമായി മടങ്ങിയെത്തുമ്പോള്‍ ഒപ്പം പഠിച്ചവരും ബാല്യകാലസുഹൃത്തുക്കളും കുടുംബവുംകുഞ്ഞുങ്ങളുമൊക്കെയായി ആഹ്‌ളാദത്തോടെ ജീവിക്കുന്നകാഴ്ച.മകനു വേണ്ടി എരിഞ്ഞുതീര്‍ന്ന അര്‍പ്പുതമ്മാളിനും കുയില്‍ദാസനും ഒടുവവില്‍ നീതി കിട്ടിയതിന്റെ ആഹ്‌ളാദം.അതിനു പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുണ്ട്.ഒരു മുഖ്യമന്ത്രി എങ്ങനെ ജനകീയനാകുമെന്നതിന് ഒന്നാന്തരം ഉദാഹരണമാണ് സ്റ്റാലിന്‍.


അന്ധകാരത്തിലും വെളിച്ചം തേടിയ ഒരു മനുഷ്യനാണ് പേരറിവാളനെന്ന് ലോകം അറിഞ്ഞു.ഭരണഘടനയുടെ 142-ം അനുച്ഛേദം  കണ്ഠകശനിയാവുമെന്നോ  162-ം വകുപ്പ്  ശുക്രദശയാകുമെന്നോ പേരറിവാളന്‍ കണക്കുകൂട്ടിയില്ല. മനസ്സിനെ കെട്ടഴിച്ചുവിടാതെ പഠനത്തിലേക്കു വഴിതിരിച്ചുവിട്ടു.ഒട്ടേറെ ബിരുദങ്ങള്‍ നേടി.വായനയിലൂടെ ,എഴുത്തിലൂടെ പിടിച്ചുനിന്നു.ജയില്‍ജീവിതം പലരെയും കൊടുംകുറ്റവാളികളാക്കി പുനര്‍സൃഷ്ടിക്കുമ്പോള്‍ പേരറിവാളന്‍ അന്തസ്സോടെ ചെറുപുഞ്ചിരിയോടെ തല ഉയര്‍ത്തിപ്പിടിച്ച് പുറത്തിറങ്ങി.അര്‍പ്പുതമ്മാളിന്റെ മകന് അങ്ങനെയാകാനല്ലേ കഴിയൂ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക