Image

ഡോ. ബാബു സ്റ്റീഫൻ:  ഫൊക്കാനയെ ഉയരങ്ങളിലേക്ക് നയിക്കാൻ ദീർഘവീക്ഷണമുള്ള നേതാവ്  

ബിജു ചെമ്മാട്  Published on 21 May, 2022
ഡോ. ബാബു സ്റ്റീഫൻ:  ഫൊക്കാനയെ ഉയരങ്ങളിലേക്ക് നയിക്കാൻ ദീർഘവീക്ഷണമുള്ള നേതാവ്  

ഫൊക്കാനയിൽ മാറ്റത്തിന്റെ ശംഖൊലി. വാഷിംഗ്‌ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വ്യവസായിയും സാമുഹിക- സംഘടനാ- സന്നദ്ധ പ്രവർത്തകനുമായ ഡോ. ബാബു സ്റ്റീഫൻ പ്രസിഡണ്ട് ആയി മത്സരിക്കാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെയാണ് ഫൊക്കാനയിൽ മാറ്റത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയത്. നേരത്തെ    വനിതാ നേതാവായ ലീല മാരേട്ട് എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെടുമെന്ന അവസ്ഥയിൽ നിന്നാണ് ഇക്കുറി തെരഞ്ഞെടുപ്പിനുള്ള സൂചനകൾ ഉണ്ടായിരിക്കുന്നത്. 

കഴിഞ്ഞ രണ്ടു തവണയും പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട ലീലയെ ഇത്തവണ പ്രസിഡണ്ട് ആയി എതിരില്ലാതെ തെരഞ്ഞെടുക്കാമെന്ന്  എതിർത്തവർ വരെ തീരുമാനിച്ചിരുന്നു. എന്നാൽ പൂർണ ജനാതിപത്യ സ്വഭാവമുള്ള സംഘടനയിൽ അംഗത്വവും  യോഗ്യതയുമുള്ള ആർക്കു വേണമെങ്കിലും  സ്ഥാനാർത്ഥിയാകാം. ആ സാഹചര്യത്തിലാണ്  ഡോ. ബാബു സ്റ്റീഫന്റെ കടന്നു വരവ്.

ഫൊക്കാനയെ മറ്റൊരുതലത്തിലേക്ക് നയിക്കാൻ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിന് കഴിയുമെന്ന തിരിച്ചറിവ് അംഗ സംഘടനകളിൽ   വ്യാപകമായി. നേരത്തെ ലീലയെ പിന്തുണച്ചിരുന്നവർ പോലും ഇപ്പോൾ ബാബു സ്റ്റീഫന് പൂർണ പിന്തുണ നൽകുന്നു.

ഈ മലയാളി  വ്യവസായ പ്രമുഖന് ഫൊക്കാന പ്രസിഡണ്ട് ആകുന്നതിൽ എന്ത് നേട്ടമെന്നാണ് പലരും ചോദിക്കുന്നത്. കച്ചവട താൽപ്പര്യം? ഏയ് ! അല്ലെ അല്ല. കാരണം അദ്ദേഹത്തിന്റെ ബിസിനസിന്  മലയാളികളുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയ താൽപ്പര്യം? മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കേരള രാഷ്ട്രീയത്തിലെ ഒട്ടു മിക്ക ഉന്നത നേതാക്കന്മാരുമായി വ്യക്തി ബന്ധമുള്ള അദ്ദേഹത്തിന് കേരള രാഷ്ട്രീയ നേതാക്കളെ കാണാൻ ഫൊക്കാനയുടെ സഹായം ആവശ്യമില്ല. പിന്നെ  അമേരിക്കൻ ദേശീയ രാഷ്ട്രീയം? വൈറ്റ് ഹൗസുമായി ഇത്രയടുത്ത് ബന്ധമുള്ള, കാലഘങ്ങളിലായി പല പ്രസിഡണ്ടുമാർ, വൈസ് പ്രസിഡണ്ടുമാർ, സെനറ്റർമാർ, വിവിധ വകുപ്പുകളിലെ സെക്രെട്ടറിമാർ, അംബാസഡർമാർ തുടങ്ങിയവരുമായി ഇത്ര ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചിട്ടുള്ള മറ്റൊരു അമേരിക്കൻ  മലയാളി  ഉണ്ട് എന്ന് തോന്നുന്നില്ല. പ്രശസ്തി? സ്വന്തമായി രണ്ടു പത്രം, കൈരളി ടി.വിയുടെ സ്ഥാപക ഡയറക്ടർമാരിൽ ഒരാൾ, മാധ്യമ ലോകത്തെ ഒട്ടനവധി കുലപതികളുമായി അടുത്ത ബന്ധമുള്ളയാൾ... ഇങ്ങനെയൊരാൾക്ക് പ്രശസ്തി നേടാൻ ഫൊക്കാന പ്രസിഡണ്ട് ആകേണ്ടതുണ്ടോ?

പിന്നെന്തിനു ബാബു സ്റ്റീഫൻ ഫൊക്കാന പ്രസിഡണ്ട് ആകണം? അതറിയണമെങ്കിൽ ആദ്യം ഡോ. ബാബു സ്റ്റീഫൻ ആരെന്നറിയണം.
മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ലാത്ത ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയിൽ നേതൃ നിരയിലേക്ക് വരുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. അമേരിക്കയിലെ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന വഴി അമേരിക്കൻ മലയാളികൾക്കും അതോടൊപ്പം കേരളത്തിലെ മലയാളികൾക്കും വേണ്ടി വ്യകതിപരമായും ഒരുപാട് കാര്യങ്ങൾ ഫോക്കാനയിലൂടെ ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.   

മികച്ച സംഘാടകൻ, വ്യവസായി, മാധ്യമ പ്രവർത്തകൻ, പൊളിറ്റിക്കൽ ആക്ടിവിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ  നേട്ടം കൈവരിച്ച ഡോ. ബാബു സ്റ്റീഫൻ  കഴിഞ്ഞ ഏതാനും വർഷങ്ങളായി ദി സ്റ്റീഫൻ ഫൗണ്ടേഷൻ (The Stephen Foundation) എന്ന പേരിൽ ഒരു സന്നദ്ധ സംഘടനയും നടത്തുന്നു. തൻറെ ലാഭവിഹിതത്തിൽ നിന്ന് മാന്യമായ ഒരു വിഹിതമാണ് വർഷം തോറും ലോകമെമ്പാടുമുള്ള നിർധനരും ആലംബഹീനരുമായവരുടെ ക്ഷേമ പ്രവർത്തങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നത്. 

കേരളത്തിലെ  മഹാ പ്രളയകാലത്തും കോവിഡ് മഹാമാരിയിലും കോടിക്കണക്കിനു രൂപയാണ് സംസ്ഥാന സർക്കാരിന് സ്റ്റീഫൻ ഫൗണ്ടഷനിൽ നിന്ന് നൽകിയത്. ഇതുപോലെ കേരളത്തിലെ ഒരു പാട് നിര്ധനർക്കും രോഗികൾക്കും ആലംബഹീനർക്കും കൈത്താങ്ങായിട്ടുള്ള ഡോ. ബാബു സ്റ്റീഫൻ നിരവധി ഭാവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് ആശ്രയം നൽകിയിട്ടുണ്ട്. തന്റെ വ്യവസായ ശൃംഘലകളെ നയിക്കാൻ പ്രാപ്തരായ പ്രൊഫഷനുകളെ തലപ്പത്തിരുത്തി മേൽനോട്ടം വഹിച്ചു വരുന്ന ഡോ. ബാബു സ്റ്റീഫന് ഇനിയുള്ള കാലം സംഘടനാ- സന്നദ്ധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കി കൂടുതൽ ജനോപകാരപ്രദമാക്കണമെന്നാണ് ആഗ്രഹം.

ഫൊക്കാനയുടെ ഭാഗമായിട്ട് കാലങ്ങളേറെയായ ഡോ ബാബു സ്റ്റീഫൻ  കഴിഞ്ഞ രണ്ടു തവണത്തെ ഭരണ സമിതിയിലും വാഷിംഗ്‌ടൺ ഡി.സി. മേഖലയുടെ ആർ. വി. പിയായി സ്തുത്യർഹ്യമായ സേവനം അനുഷ്ഠിച്ചു വരികയാണ്. വാഷിംഗ്‌ടൺ ഡി.സിയിലെ   അംഗസംഘടനകളാണ് അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത്. അദ്ദേഹത്തെ അടുത്തറിയുന്ന, അദ്ദേഹത്തിന്റെ കഴിവുകളുടെയും സാമ്പത്തിക ശ്രോതസുകളുടെയും പൊരുളറിയുന്ന ഡി.സി.ക്കാർക്കറിയാം അദ്ദേഹം ഫൊക്കാന പ്രസിഡണ്ട് ആയാൽ, ഫൊക്കാന അതിന്റെ പൂർവ്വപ്രതാപത്തോടെ മടങ്ങിയെത്തുമെന്ന്. പിളർപ്പിനും വഴക്കിനുമൊക്കെ ശേഷം പലരും കളം വിട്ടു മറ്റു സംഘടനകളിലേക്ക് ചേക്കേറിയെങ്കിലും അമേരിക്കൻ മലയാളികളുടെ 'അമ്മ' സംഘടനയായ ഫൊക്കാനയെ തള്ളിപറയാതെ ഇപ്പോഴും കൂടെ നിൽക്കുന്ന 'മക്കൾ' സംഘടനകളുണ്ടെന്ന തിരിച്ചറിവാണ് മറ്റെങ്ങും പോകാതെ ഫൊക്കാനയിൽ തന്നെ അതിന്റെ പ്രതിസന്ധികലഘട്ടങ്ങളിൽ പോലും ഉറച്ചുനിൽക്കാൻ ബാബു സ്റ്റീഫനെ പ്രേരിപ്പിച്ചത്.

മുൻപൊക്കെ നാട്ടിലും ഇവിടെയും ഓരോ കണ്‍വന്‍ഷനുകള്‍, കുറച്ച് ചാരിറ്റി പ്രവര്‍ത്തനം എന്നിവ മാത്രമായിരുന്നു ഫൊക്കാനയിൽ നടന്നു വന്നിരുന്നത്. ഫൊക്കാനയിൽ പിളർപ്പുണ്ടായി ഫോമയെന്ന സംഘടന വന്നപ്പോഴും രണ്ടു സംഘടനകളിലും കാര്യമായ മാറ്റമൊന്നും കണ്ടില്ല. ഫൊക്കാനയിൽ  നിന്ന് കുറെ ആളുകൾ ഫോമയിലേക്ക് പോയി. അവർ അവിടെ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ലാതെ കൂടു വിട്ടു കൂടുമാറ്റമായി സമാന്തര പ്രവർത്തനം നടത്തി വരുന്നു. വിഭജനത്തോടെ ഫൊക്കാനയിലെ അംഗസംഘടനകളുടെ എണ്ണം കുറഞ്ഞു. എങ്കിലും പ്രതാപത്തിനു അൽപ്പം പോലും കോട്ടം തട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.  

അങ്ങനെയിരിക്കെ,  ഫൊക്കാനയോട് അടുത്തു പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴാണ് ചില മാറ്റങ്ങളൊക്കെ ഫൊക്കാനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിൽ പ്രധാനമായും യുവ ജനങ്ങൾ നേതൃനിരകളിലേക്ക് കടന്നുവരുന്നതും അവരിലൂടെ നൂതനമായ ആശയങ്ങൾ ഫൊക്കാനയിൽ പ്രാവർത്തികമാക്കപ്പെടുന്നതുമാണ് .   കാലാകാലങ്ങളിലായി ആഗ്രഹിച്ച പല കാര്യങ്ങളുടെയും തുടക്കം അവരിൽ നിന്നു കണ്ടു തുടങ്ങിയപ്പോൾ ഫൊക്കാനയുടെ നേതൃനിരയിൽ സജീവമായി എത്തുവാനുള്ള അഭിനിവേശം വർധിച്ചു. 

കഴിഞ്ഞ രണ്ടു ഭരണസമിതിയിലും സ്ഥാനമേറ്റയുടൻ അടുത്ത കൺവെൻഷനെക്കുറിച്ചുള്ള ചർച്ചകളല്ല, മറിച്ച് അടുത്ത രണ്ടു വർഷം എന്തല്ലാം ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യണം എന്ന ചർച്ചകളും അവ പ്രാവർത്തികമാക്കാനുള്ള ഉപചർച്ചകളും മാത്രമാണ് കണ്ടു വന്നത്. അതിന്റെ ഫലമായി ഫൊക്കാനയിൽ മാറ്റത്തിന്റെ സൂചനകളും കണ്ടു തുടങ്ങി. കോവിഡ് മഹാമാരി മൂലം കൺവെൻഷൻ ഉപേക്ഷിച്ചെങ്കിലും മഹാ പ്രളയത്തിലും കോവിഡ് മഹാമാരിയിലും കേരളത്തിന് കൈത്താങ്ങാകുവാനും കേരളത്തിലെ ഭാവനരഹിതർക്ക് വലിയ തോതിൽ വീടുകൾ നിർമ്മിച്ചു നൽകാനും മുൻ ഭരണ സമിതിക്കു കഴിഞ്ഞു. അതിന്റെ അനന്തരഫലമായിട്ടാവണം ഇത്തവണത്തെ ഭരണസമിതി ചുമതലയേറ്റപ്പോൾ മുതൽ ഫൊക്കാനയിലേക്ക് കൂടുതൽ യുവാക്കളും അംഗസംഘടനകളും കടന്നു വരാൻ തുടങ്ങിയത്. ഇപ്പോഴത്തെ ഭരണസമിതി അധികാരമേറ്റത് കോവിഡ് മഹാമാരി അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ്. എന്നിട്ടും നൂറിൽപ്പരം കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിൽ വരുത്തിയപ്പോൾ ഏറെ അഭിമാനം തോന്നി. കോവിഡ് മഹാമാരിയുടെ പരിമിതിക്കുള്ളിൽ നിന്നുപോലും വെർച്ച്വൽ ആയും നേരിട്ടും പല പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കിയ നിലവിലുള്ള കമ്മിറ്റിയുടെ പ്രവർത്തന ആർജ്‌ജവമാണ് ഫൊക്കാനയുടെ നേതൃ തലത്തിലേക്ക് എത്തേണ്ട സമയമായി എന്ന ചിന്ത ജനിപ്പിച്ചതെന്ന് ഡോ. ബാബു സ്റ്റീഫൻ പറയുന്നു. 

താൻ സ്വപ്നം കണ്ട, വിഭാവനം ചെയ്ത പദ്ധതികൾ നടപ്പിൽ വരുത്താൻ പറ്റിയ സമയം ഇതാണെന്ന തിരിച്ചറിവാണ് തെരെഞ്ഞെടുപ്പ് രംഗത്തേക്ക് തന്നെ അടുപ്പിച്ചത്. ഫൊക്കാനയിലെ നേതൃത്വത്തിലേക്ക് ഒരു വ്യവസായ പ്രമുഖന് എന്ത് കാര്യം എന്ന ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം. നന്നായി ബിസിനസ് നടത്താമെങ്കിൽ ഫൊക്കാന പോലുള്ള സഘടനകളെ അതിഗംഭീരമായി നയിക്കാനും കഴിയും. പണം, സ്വാധീനം, സഹാനുഭൂതി, പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കാനുള്ള പ്രൊഫഷണലിസം, മറ്റു സാമ്പത്തിക ശ്രോതസുകൾ കണ്ടുപിടിക്കാനുള്ള കഴിവ്, അംഗസംഘടനകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്നിവ ചെയ്യാൻ നല്ല ഒരു ബിസിനസുകാരനെ കഴിയുകയുള്ളു. അതിനുള്ള യോഗ്യത തനിക്കുണ്ടെന്ന് എല്ലാവർക്കുമറിയാം.

കൺവെൻഷൻ നടത്തുകയും ലൊട്ടുലൊടുക്ക് പരിപാടികൾ സംഘടിപ്പിച്ച് ഫോട്ടോയ്ക്ക് പോസുചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല സംഘടനാ പ്രവർത്തനം. ജനങ്ങളിലേക്ക് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കണം. കൺവെൻഷൻ ഭംഗിയായി നടത്തേണ്ടത് ആവശ്യം തന്നെ. അതിനായി രണ്ടു വർഷം മുഴുവൻ ചെലവഴിക്കേണ്ടതുണ്ടോ? രണ്ടാം വർഷത്തിന്റെ ആരംഭത്തിലാണ് ഇപ്പോഴത്തെ കമ്മിറ്റി കൺവെൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചത്. ബാക്കി സമയം മുഴുവൻ മറ്റു ജനോപകാരപ്രദമായ പരിപാടികൾക്കായി മാറ്റി വയ്ക്കുകയായിരുന്നു. ഇത് അനുകരണീയമായ മാതൃകയാണ്. 

ഫൊക്കാന ഇപ്പോൾ വളർച്ചയുടെയും പ്രതാപത്തിന്റെയും ഉച്ഛസ്ഥായിയിൽ നിൽക്കുന്ന സമയമാണ്. ഇനിയും ഒരുപാടു ദൂരം മുന്നോട്ട് സഞ്ചരിക്കാനുണ്ട്. അതിനുള്ള പ്രയാണത്തിന് നേതൃത്വം നൽകാൻ തനിക്ക് കഴിയുമെന്ന ഉത്തമ ബോധ്യമുണ്ടെന്ന് ഡോ. ബാബു സ്റ്റീഫൻ ഉറപ്പു നൽകുന്നു. 

ഫൊക്കാന പ്രസിഡണ്ട് ആകുക എന്നത് എന്റെ ജന്മാഭിലാഷമല്ല. താൻ ഫൊക്കാന നേതൃത്വത്തിൽ വരണമെന്ന് ഡെലിഗേറ്റുമാർ തീരുമാനിച്ചാൽ അടുത്ത രണ്ടു വർഷം ഫൊക്കാനയെ ആഗോള തലത്തിൽ പ്രവർത്തന സജ്ജമാക്കുന്ന സഘടനയാക്കി മാറ്റും. മറിച്ചാണ് അവർ ചിന്തിക്കുന്നതെങ്കിൽ തന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ മറ്റു മാർഗങ്ങൾ തേടും. അല്ലാതെ തോറ്റുവെന്ന് കരുതി കേസിനു പോയി മറ്റുള്ളവരുടെ കാശു കളയാനൊന്നും തന്നെ കിട്ടില്ല. അധ്വാനിച്ചു പണമുണ്ടാക്കുന്നവന്റെ ബുദ്ധിമുട്ടെന്തെന്ന് നേരിട്ടനുഭവിച്ചറിഞ്ഞവനാണ് താനെന്നു പറഞ്ഞ ഡോ. ബാബു സ്റ്റീഫൻ ഇത്തരം അനാവശ്യ ചെലവുകൾ പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നതിനാകട്ടെയെന്നും അഭിപ്രായപ്പെട്ടു.

ഒരു കേസിനു പോയാൽ ഫൊക്കാനയ്ക്ക് നഷ്ട്ടമാകുന്നത് കുറഞ്ഞത് ഒരു ലക്ഷം ഡോളറെങ്കിലുമാകും. പലരിൽ നിന്നും സ്വരുക്കൂട്ടിയാണെകിലും പണം പണം തന്നെയാണ്. അങ്ങനെ സ്വാർത്ഥ തലപ്പര്യങ്ങൾക്കായി വ്യവഹാരത്തിനു പോയി നേതൃത്വത്തിനു മുൻപിൽ വില പേശി കേസ് പിൻവലിച്ചുള്ള സ്ഥാനമാനങ്ങളൊന്നും   വേണ്ട. താൻ ഫൊക്കാനയുടെ നേതൃത്വത്തിൽ വന്നാൽ ഫൊക്കാനയ്ക്കും മറ്റുള്ളവർക്കും ഗുണമുണ്ടാകണമെന്ന് വിശ്വസിക്കുന്ന ഡെലിഗേറ്റുമാർ തന്നെ തെരഞ്ഞെടുക്കുമെന്ന പൂർണ വിശ്വാസം തനിക്കുണ്ട്.

ഓരോ തവണ പരാജയപ്പെട്ടപ്പോഴും ഫൊക്കാനയ്‌ക്കെതിരെ ലീല നൽകിയ കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണയിൽ നിൽക്കവെയാണ് ഇക്കുറിയും ലീല മത്സര രംഗത്തുള്ളത്. കേസുകളിൽ നിന്ന് ലീല പിന്മാറിയെങ്കിലും ലീലയ്‌ക്കൊപ്പം കക്ഷി ചേർന്ന ഏതാനും പേർ കേസുമായി മുന്നോട്ടു പോകുകയാണ്. ഈ കേസുകളുടെ നടത്തിപ്പിന് വന്ന സാമ്പത്തിക ബാധ്യത ആരുടെ പോക്കറ്റിൽ നിന്നാണ് പോയതെന്ന് നിങ്ങൾ അറിയണം. ഞാനാണ് കേസ് കൊടുത്തതെങ്കിൽ തെറ്റ് മനസിലാക്കി മടങ്ങി വന്നാൽ, കേസ് പിൻവലിക്കുക  മാത്രമല്ല, അതിന്റെ മുഴുവൻ സാമ്പത്തിക ബാധ്യത ഉൾപ്പെടെ കേസിൽ അന്തിമ വിജയം നേടും വരെ കേസിന്റെ പൂർണ ഉത്തരവാദിത്വം താൻ സ്വയം ഏറ്റെടുത്ത് നേതൃത്വത്തിനൊപ്പമുണ്ടാകും. 

താൻ ധനികനാണെന്നും പണം വാരിക്കോരി ചെലവാക്കുന്നുമെന്നുമാണ് അവരുടെ ആരോപണം. താൻ ധനികനായത് നിധി കിട്ടിയിട്ടൊന്നുമല്ല, കഷ്ട്ടപ്പെട്ട് അധ്യാനിച്ച് ഉണ്ടാക്കിയ പണമാണ് തന്റേത്. അത് വാരിക്കോരി കളയുകയല്ല, ഉപകാരപ്രദമായ കാര്യങ്ങൾക്കു മാത്രമേ ചെലവഴിക്കൂ. തനിക്ക് ഒരു പങ്കുമില്ലാത്ത ഫൊക്കാനയുടെ കേസ് നടത്തുന്നതിന് കാശു കൊടുത്തു. ഫൊക്കാന കൺവെൻഷന് റോയൽ പേട്രൺ ആകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ അതും സ്വീകരിച്ചു. അതിൽ എന്താണ് തെറ്റ്? ലീല കരണമുണ്ടായ കേസിനോ ഫൊക്കാന കൺവെൻഷൻ നടത്തിപ്പിനോ പ്രസിഡണ്ട് സ്ഥാനാർത്ഥി എന്ന നിലയിൽ അവർ എന്ത് നൽകി? വിമർശിക്കാൻ എളുപ്പമാണ് പക്ഷേ, നല്ല മാതൃക കാട്ടിയിട്ടായിരിക്കണമെന്നു മാത്രം. കൈ നനയാതെ മീൻ പിടിക്കുക സാധ്യമല്ല. തന്നെ ആരും കെട്ടിയിറക്കിയതുമല്ല. യോഗ്യതയുള്ള ആർക്കും ഫൊക്കാന പ്രസിഡണ്ട്  ആകാൻ കഴിയും. താൻ മത്സരിക്കുന്നതുകൊണ്ട് ലീല പിന്മാറണമെന്ന് താൻ പറയില്ല. ജനാധിപത്യ സ്വഭാവമുള്ള ഭരണഘടനയുള്ള ഫൊക്കാനയിൽ ആര് പ്രസിഡണ്ട് ആകണമെന്ന് ഡെലിഗേറ്റുമാർ തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിൽ ആരോഗ്യപരമായ മത്സരങ്ങൾ നല്ലതല്ലേ? തോറ്റാൽ വിധി അല്ലെങ്കിൽ നിധി; അതാണ് തൻറെ കാഴ്ചപ്പാട് - ഡോ. ബാബു സ്റ്റീഫൻ ചൂണ്ടിക്കാട്ടി.

വിജയപാത 

കൈരളി ടിവിയുടെ സ്ഥാപക അംഗങ്ങളിലൊരാളായിരുന്ന ബാബു സ്റ്റീഫന്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കുവേണ്ടി എക്‌സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നി രണ്ടു പത്രങ്ങളാണ്  ആരംഭിച്ചത്. കൈരളി ടിവിയില്‍ 88 എപ്പിസോഡുകളിലായി സംപ്രേക്ഷണം ചെയ്ത ഷാജി എം. സംവിധാനം ചെയ്ത സമ്മർ  ഇന്‍ അമേരിക്കയുടെ നിര്‍മാതാവുമായിരുന്ന ബാബു സ്റ്റീഫൻ  ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായിരുന്നു.

വാഷിംഗ്ടണ്‍ ഡിസിയിലെ ദര്‍ശന്‍ ടിവിയുടെ സ്ഥാപക പ്രൊഡ്യൂസർ കൂടിയായ ഇദ്ദേഹം, രാഷ്ട്രീയത്തിലും സജീവമാണ്. ബിസിനസ്, മാധ്യമ, രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തമുദ്രപതിപ്പിച്ച ബാബു സ്റ്റീഫൻ വാഷിംഗ്ടണ്‍ ഡിസി മേയറുടെ ആദരവ് ഏറ്റുവാങ്ങിയിരുന്നു. അതിനു പുറമെ, അമേരിക്കയിലെ മികച്ച ബിസിനസ് സംരംഭകരെ മാത്രം ഉള്‍പ്പെടുത്തി മേയര്‍ നടത്തിയ ചൈനാ യാത്രാ ഡെലിഗേഷനൊപ്പം ഡോ. ബാബു സ്റ്റീഫനും ഉൾപ്പെട്ടിരുന്നു.  അത്ര ആഴത്തിലുള്ള ബന്ധങ്ങളാണ് ഈ തിരുവനന്തപുരത്തുകാരന്‍ സൃഷ്ടിച്ചത്. എന്നാല്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാന്‍ ഒരിക്കലും താത്പര്യം കാട്ടിയില്ല. പ്രധാന കാരണം അത് തന്റെ ബിസിനസ് രംഗത്തെ ബാധിക്കുമെന്നതും.

ബാബു സ്റ്റീഫന്‍ ഡി.സി ഹെല്‍ത്ത്‌കെയര്‍ ഐഎന്‍സിയുടെ സി.ഇ.ഒയും എസ്.എം റിയാലിറ്റി എല്‍എല്‍സിയുടെ പ്രസിഡന്റുമാണ്. വാഷിംഗ്ടന്‍ ഡിസിയില്‍ നിന്ന് എംബിഎ ബിരുദം നേടിയ ബാബു സ്റ്റീഫൻ 2006ല്‍ പിഎച്ച്ഡിയും കരസ്ഥമാക്കി. 

ഇന്തോഅമേരിക്കന്‍ കമ്യൂണിറ്റിയില്‍ പല നേതൃസ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഏകോപനസമിതിയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ച അദ്ദേഹം യുണൈറ്റഡ് സ്‌റ്റേറ്റ്സ്  കോണ്‍ഗ്രഷണല്‍ ഉപദേശക സമിതിയില്‍ അംഗവും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍സ് ഇന്‍ അമേരിക്കയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമായിരുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍സ്  ഇന്‍ അമേരിക്കയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച് ഫൊക്കാനയ്ക്ക്  ഒരു പുതിയ പ്രതിച്ഛായ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. രാഷ്ട്രീയരംഗത്ത് എന്തു നടക്കുന്നുവെന്നോ എങ്ങനെ നമ്മുടെ ആളുകളെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്താമെന്നോ എന്നൊന്നും ഒരു ധാരണയുമില്ല. ഇപ്പോള്‍ മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നുള്ള 190-ല്‍പ്പരം ഇന്ത്യക്കാര്‍ വാഷിംഗ്ടണില്‍ ഉന്നത സ്ഥാനങ്ങളിലുണ്ടെങ്കിലും മലയാളികള്‍ നാമമാത്രം. ഇതിനൊരു മാറ്റം വേണം. ഫെഡറല്‍ തലത്തില്‍ ഒരു ഡപ്യൂട്ടി സെക്രട്ടറി സ്ഥാനമൊക്കെ മലയാളികള്‍ക്ക് കിട്ടാവുന്നതേയുള്ളൂ.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പിതാവിനൊരു ഏലത്തോട്ടമുണ്ടായിരുന്നു. എലയ്ക്കാ ബിസിനസും. അവിടെ നല്ല സ്‌കൂളില്ലാതിരുന്നതിനാല്‍ വിവിധ സ്ഥലങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. കൊട്ടാരക്കരയില്‍ ഏഴാം ക്ലാസ് വരെ. പിന്നെ നാസിക്കല്‍ പഠിച്ച് സ്‌കൂള്‍ ഫൈനല്‍ പാസായി.

ഇടയ്ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പലായ സായിപ്പിനെ ആക്രമിച്ചുവെന്നതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി എന്ന ചീത്തപ്പേരും അദ്ദേഹത്തിന്റെ ചരിത്രത്തിലുണ്ട്.

അല്ലലൊന്നും അറിയാതെ, സമ്പന്ന കുടുംബ പശ്ചാത്തലത്തിൽ ജനിച്ച അദ്ദേഹം ബി.കോം പഠനം കഴിഞ്ഞ് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാതെ കഴിയുമ്പോൾ, മസ്‌കറ്റ് ഹോട്ടലിലെ നിത്യ സന്ദർശനത്തിനിടെ ഒരു ദിവസം അവിചാരിതമായി ഒരാളെ പരിചയപ്പെട്ടു. കുശലമൊക്കെ പറഞ്ഞപ്പോള്‍ പഠനം കഴിഞ്ഞ് നില്‍ക്കുകയാണെന്ന് അറിയിച്ചു. എന്നാല്‍ പിന്നെ അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പൊയ്‌ക്കോ, പേപ്പറൊക്കെ ശരിയാക്കി തരാം എന്നായി അദ്ദേഹം. ജയ്ഹിന്ദ് ട്രാവല്‍സ് ഉടമ ടി.കെ.എസ് ജോര്‍ജ് ആയിരുന്നു അത്.

അങ്ങനെ 1978-ല്‍ അമേരിക്കയില്‍ സ്റ്റുഡന്റ്‌ വിസയില്‍ എത്തി. ജീവിതത്തിലെന്നും ഒരുപാട് പേര്‍ സഹായിച്ചിട്ടുണ്ട്. അവരെ എന്നും നന്ദിപൂര്‍വ്വം സ്മരിക്കുന്നു. ജോര്‍ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്  ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ എം.ബി.എ എടുത്തു. ഇതിനിടെ വിവിധ ആശുപത്രികളുമായി ബന്ധം സ്ഥാപിക്കുകയും അവര്‍ക്കായി നഴ്‌സുമാരെ അമേരിക്കയിലെത്തിക്കുകയും ചെയ്തു. ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ കുറ്റമായി കണ്ടു. രാജ്യംവിടാന്‍ നിര്‍ദേശം കിട്ടി.

പിന്നീട് ആ ഉദ്യമം വിട്ട്‌ ഇന്ത്യന്‍ എംബസിയില്‍ ജോലിക്ക് കയറി. ഡിപ്ലോമാറ്റിക് സ്റ്റാറ്റസ് എന്നതായിരുന്നു ലക്ഷ്യം. ഒരു വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വാഷിംഗ്ടണ്‍ മേയറുടെ പ്രചാരണത്തിന്റെ ഭാഗമായി മാറിയതോടെ അദ്ദേഹവുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളതിനാല്‍ സ്വന്തം ബിസിനസ് തുടങ്ങാന്‍ മേയര്‍ മാരിയോണ്‍ ബാരി ആണ് നിര്‍ദേശിച്ചത്. എം.ബി.എ എടുത്തത് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലായിരുന്നതിനാലും ഭാര്യയ്ക്ക് സൈക്കോളജിയില്‍ മാസ്റ്റേഴ്‌സ് ഉണ്ടായിരുന്നതിനാലും നഴ്‌സിംഗ് ഹോം തുടങ്ങാന്‍ അനുമതി ലഭിച്ചു.

അതിനു  പണം വേണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.സി അലക്‌സാണ്ടറാണ്  സഹായിച്ചത്. അദ്ദേഹത്തിന്റെ ശിപാർശയിൽ  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നു മൂന്നു മില്യന്‍ ഡോളര്‍ വായ്പ ലഭിച്ചു. അങ്ങനെ 1984-ല്‍ ബിസിനസ് രംഗത്തേക്ക്  കാലെടുത്തുവച്ചു.

ബാബു സ്റ്റീഫൻ എന്ന ബിസിനസുകാരൻ ഇന്നത്തെ നിലയിൽ എത്തിയത് ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചു തന്നെയാണ്. വിവേചനങ്ങളൊന്നും നേരിട്ടിട്ടില്ലെങ്കിലും മാര്‍ഗനിര്‍ദേശം തരാന്‍ ആരുമുണ്ടായിരുന്നില്ല. അങ്ങനെ ചില അബദ്ധങ്ങളും പറ്റി. ഇരുപത്തിരണ്ടാം വയസില്‍ ഒരു ഹോട്ടലില്‍ നൈറ്റ് ഓഡിറ്റര്‍ ജോലിക്ക് ചെന്നു. രാത്രിയിലെ വരവ് ചെലവ് കണക്കുകള്‍ എഴുതുകയാണ് ജോലി. പത്തു വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉണ്ടെന്നു കള്ളംപറഞ്ഞു. അപ്പോള്‍ 12 വയസില്‍ ജോലി തുടങ്ങിയോ എന്നു ചോദ്യം. ജോലി കിട്ടില്ലെന്ന് ഉറപ്പായപ്പോഴാണ് കുറച്ച് പ്രായമുള്ള ഒരു സായിപ്പ് വരുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സായിപ്പ് ഇന്ത്യയില്‍ വന്നിട്ടുണ്ട്. തിരുവനന്തപുരത്തും. ഹോട്ടിലിന്റെ ജനറല്‍ മാനേജരായിരുന്നു അത്. തിരുവനന്തപുരം ബന്ധത്തിന്റെ പേരിൽ  എന്തായാലും അദ്ദേഹം ജോലി നല്‍കി. ഒരു വര്‍ഷം അത് ചെയ്തു. അന്നു സോഷ്യല്‍ സെക്യൂരിറ്റി നമ്പരിന്റെ കാര്യം പോലും അറിയില്ലായിരുന്നുവെന്നു പറഞ്ഞാല്‍ സ്ഥിതി മനസിലാകുമല്ലോ.

പൂനെയിലൊക്കെ പഠിച്ചതുകൊണ്ട് ഹിന്ദി നന്നായി അറിയാം. അതിനാല്‍ മലയാളികള്‍ക്ക് പകരം നോര്‍ത്ത് ഇന്ത്യക്കാരുമായിട്ടായിരുന്നു എന്നും കൂടുതല്‍ ബന്ധം. എന്നിരുന്നാലും മലയാളി സമൂഹവുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കാനും അദ്ദേഹം മറന്നില്ല. ഇൻഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ചെയര്‍ ആയിരുന്ന അദ്ദേഹം രണ്ട് കണ്വന്ഷനുകൾക്ക് നേതൃത്വം നൽകി. 

പൊതുവില്‍ അമേരിക്കക്കാര്‍ നല്ല മനുഷ്യരാണെന്ന നിലപാടുള്ള  അദ്ദേഹം ബന്ധത്തില്‍ ലോയല്‍ട്ടി പ്രധാനം ഘടകമാണെന്നും വിശ്വസിക്കുന്നു. പല വള്ളത്തിൽ കാലു വയ്ക്കുന്നത് നല്ലതല്ല.  മേയര്‍ സ്ഥാനത്തേക്ക് ഒരു സുഹൃത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ തന്റെ പിന്തുണ നിലവിലെ മേയര്‍ക്കാണെന്നു തുറന്നുപറഞ്ഞു. അത് മേയര്‍ അറിഞ്ഞു. ആ വിശ്വസ്ഥത  അദ്ദേഹം ഒരിക്കലും മറന്നില്ല.

ഒരു നഴ്‌സിംഗ് ഹോമില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ പതിനാറ്  നഴ്‌സിംഗ് ഹോമുകളുണ്ട്. അവയുടെ ചുമതല ഭാര്യയ്ക്കാണ്. ആദ്യത്തെ  നഴ്‌സിംഗ് ഹോം പണിതതില്‍ നിന്നാണ് കണ്‍സ്ട്രക്ഷന്‍ രംഗത്തേക്കുള്ള ചുവടുവെയ്പ്. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ചുമതല ബാബു സ്റ്റീഫനാണ്. ആവശ്യക്കാര്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനു പുറമെ 62 കെട്ടിടങ്ങള്‍ സെമി ലീസിനു നല്‍കിയിരിക്കുന്നു. പലതും സര്‍ക്കാരിനാണ്. വാടകയും കിട്ടും. കണ്‍സ്ട്രക്ഷന്‍ രംഗം ഏറെ ആദായകരമാണെന്നദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ഫൊക്കാന പ്രസിഡന്റായാല്‍ ആദ്യ വര്‍ഷം തന്നെ നാട്ടില്‍ 25 വീട് നിര്‍മിച്ചുനല്‍കും. തിരുവനന്തപുരത്തെ അമ്പൂരിയിലും മറ്റു പലയിടങ്ങളിലും തനിക്ക് സ്ഥലമുണ്ട്. കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കിട്ടിയാല്‍ കൂടുതല്‍ വീടുകള്‍ വച്ചുനല്‍കും. കേരളത്തില്‍ നിന്ന് ഒട്ടേറെ പേരെ ജോലിക്കായി സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടുവന്നിട്ടുണ്ട്. കഴിയുന്നത്ര പേരെ സഹായിക്കാന്‍ ഒരിക്കലും മടിച്ചിട്ടില്ല.

ഇവിടുത്തെ വിദ്യാഭ്യാസ രംഗത്തെപ്പറ്റിയും അവസരങ്ങളെപ്പറ്റിയും മിക്കവര്‍ക്കും ധാരണയൊന്നുമില്ല. നാട്ടിലെ ഡെന്റല്‍ ബിരുദത്തിന് ഇവിടെ അംഗീകാരമില്ലെങ്കിലും ഒരു വര്‍ഷം ഇവിടെ പഠിച്ച് അംഗീകാരം നേടാന്‍ പല സ്ഥാപനങ്ങളുമുണ്ടെന്ന് ആര്‍ക്കും അറിയില്ല. ഫൊക്കാന പ്രസിഡന്റായി വിജയിച്ചാല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് 500 ഡോളറില്‍ കൂടുതല്‍ വാങ്ങില്ല. 500 കുട്ടികൾക്ക് സ്കോളര്‍ഷിപ്പുകളും ഏര്‍പ്പെടുത്തും. 

കണ്‍വന്‍ഷനുകള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതിന് പകരം അമേരിക്കന്‍  രാഷ്ട്രീയ രംഗത്തു സ്വാധീനവും ശക്തിയും മലയാളി സമൂഹത്തിനും നേടിയെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും പ്രവര്‍ത്തനമെന് അദ്ദേഹം പറഞ്ഞു. പതിവ് പരിപാടികളും ചാരിറ്റി പ്രവര്‍ത്തനങ്ങളും തുടരുമെങ്കിലും മലയാളി സമൂഹത്തെ ശാക്തീകരിക്കാറും മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കും. എല്ലാ തലത്തിലും ഫൊക്കാന ശക്തിപ്പെടുത്താനും കൂടുതല്‍ ജനപങ്കാളിത്തം നേടാനും പദ്ധതികള്‍ ആവിഷ്‌കരിക്കും.  

ഭാര്യ ഗ്രേസി സ്റ്റീഫന്‍ പുനലൂര്‍ സ്വദേശിയാണ്. മകള്‍ ഡോ. സിന്ധു സ്റ്റീഫന്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റാണ്. ഭര്‍ത്താവ് ജിം ജോര്‍ജ്. മൂന്നു കൊച്ചുമക്കള്‍

Join WhatsApp News
J.V. Brigit 2022-05-21 23:52:27
This write up is impressive. I have read about this candidate in the past also. His generosity is also well known. He will be great leader and administrator. Knowing his great qualities, I will still be asking as to what his goals are from being the head of FOKANA. If you plan to transform this organization, it would be interesting to know what his vision is.
fresh voice 2022-05-22 14:43:47
Induction of fresh voice is always welcome change. This is what we are looking for. Time for old guards to step away. All the best for you to win!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക