ഇരയാക്കപ്പെട്ട നടി തന്റെ കേസ് ഒരു വനിതാ ജഡ്ജി കേള്‍ക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു . ഒരു സ്ത്രീ എന്ന നിലയില്‍ വളരെ സെന്‍സിറ്റീവ് ആയി കേസ് അവര്‍ പരിഗണിക്കുമെന്നും അപമാനകരമായ ചോദ്യങ്ങളില്‍ നിന്ന് അവര്‍ സംരക്ഷണം നല്‍കുമെന്നും ഇര കരുതി. അങ്ങനെ വിചാരണ അവസാനിക്കുന്നത് വരെ ജഡ്ജി ഹണി എം വര്ഗീസിനു ഹൈക്കോടതി വിചാരണയുടെ ചുമതല നല്‍കി. സ്ഥലംമാറ്റം നല്‍കിയെങ്കിലും ഈ കേസില്‍ തുടരാന്‍ അടുത്തയിട പോലും ഹൈകോടതി അവരെ അനുവദിച്ചു. പിന്നിട് , വിചാരണ ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യുഷന്‍ തന്നെ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും അതിനു അനുമതി കിട്ടിയില്ല. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടു നടി വീണ്ടും സുപ്രീംകോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
പീഡനകേസുകളില്‍ ഇരയുടെ സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രഹസ്യ വിചാരണയാണ് നടക്കുക. സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യം എന്ന നിലയില്‍ രാഷ്ട്രം /സംസ്ഥാനം തങ്ങളുടെ പ്രോസിക്യൂട്ടര്‍ വഴിയാകും കേസ് നടത്തുക. അത് കൊണ്ടു തന്നെ കോടതിയില്‍ എന്ത് നടക്കുന്നു എന്ന് പൊതുവേ മാധ്യമങ്ങളില്‍ വരുകയോ പൊതു ചര്‍ച്ച നടക്കുകയോ ചെയ്യില്ല. ഇത് ഈ കേസില്‍ ദിലീപിന് അനുകൂലമായി എന്ന് വേണം കരുതാന്‍. കേസിന്റെ വിചാരണ നടക്കുമ്പോള്‍ ഇരുപതോളം സാക്ഷികള്‍ മൊഴി മാറ്റി. കേസില്‍ സാക്ഷിയായ പരേതനായ പി ടി തോമസ് എം എല്‍ എ തന്നെ കടുത്ത വിസ്താരമാന് താന്‍ നേരിട്ടതെന്ന് തന്നോടു പരാതി പറഞ്ഞതായി അഡ്വ.ജയശങ്കര്‍ പറയുന്നു. ഏഴു ദിവസം നീണ്ട തന്‍റെവിസ്താരം കടുത്ത പീഡനമായിരുന്നു എന്ന് ഇരയായ നടി ഈ വര്ഷം മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ ബര്‍ഖാ ദത്തുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി. പ്രതിഭാഗത്തെ അഭിഭാഷകരുടെ നീണ്ട നിരക്ക് മുന്‍പില്‍ ആയിരുന്നു ഏറെ സെന്‍സിറ്റീവ് ആയ തന്റെ കേസിന്റെ വിസ്താരം. ”ആ വിസ്താരത്തോടെ ഞാന്‍ ഇരയല്ലെന്നും അതിജീവിത ആണെന്നും ഞാന്‍ തിരിച്ചറിഞ്ഞു“, അവര്‍ ആ അഭിമുഖത്തില്‍ പറഞ്ഞു. അതിജീവിതയിലേക്ക് അവര്‍ക്ക് അനുകൂലമായി പൊതു ജനാഭിപ്രായത്തെ ഈ അഭിമുഖം തിരിച്ചു വിട്ടു. കേസിന്‍റെ വിചാരണയില്‍ ജഡ്ജിയുടെ നിലപാടില്‍ പ്രതിഷേധിച്ചു രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ തന്നെ രാജി വെച്ചിരുന്നു.
കാക്കശെരി ഭട്ടതിരിയെ പോലെ നേതി നേതി കേട്ട് വിഷമിച്ചു പോയതാകാം പാവം പ്രോസികുട്ടര്‍മാര്‍. കേസ് മെയ് മുപ്പതിന് തീര്‍ക്കണമെന്നു ഹൈകോടതി നിര്‍ദ്ദേശിച്ചിവെങ്കിലും ഒരു സ്ഥിരം പ്രോസിക്യൂട്ടര്‍ ഇത് വരെ നിയമിതനായിട്ടില്ല
ഇതിനിടെ കോടതിയില്‍ രണ്ടു കാര്യങ്ങള്‍ നടന്നു. പ്രതിയുടെ മൊബൈലിലേക്ക് കോടതി രേഖകള്‍ കോടതിയില്‍ നിന്ന് ആരോ അയച്ചു കൊടുത്തു. അങ്ങനെ ഒരു കീഴ് വഴക്കം ഇല്ല എങ്കിലും. അതിലും ഭീകരമായ ഒരു വസ്തുത ആണ് ഇതിനിടെ മറ നീക്കി വന്നത്. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ, കോടതിയില്‍ തെളിവായി സ്വീകരിച്ച മെമറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന വസ്തുത. ഫോരെന്‍സിക് ലാബ് സ്തീരികരിച്ച ഈ വസ്തുത പരിശോധിക്കാന്‍ ഇത് വരെ കോടതി അനുമതി നല്‍കിയിട്ടില്ല. ഒറിജിനല്‍ നഷ്ടമായ ഈ മെമറി കാര്‍ഡില്‍ എന്തെങ്കിലും തിരിമറി നടന്നിരിക്കാം എന്ന സംശയം ഈ കണ്ടെത്തല്‍ ബലപ്പെടുത്തുന്നു. ഒരു പക്ഷെ കേസിന്റെ നിലനില്‍പ്പ് തന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന തെളിവാണിത് .
അത്ഭുതം ,അത്ഭുതം …
ഒരു ക്രിമിനല്‍ കേസില്‍ തെളിവും സാക്ഷിമൊഴികളും അസന്ദിഗ്ദമായി തെളിയിക്കപ്പെടണം. കുറ്റം ചെയ്‌തയാള്‍ രക്ഷപെട്ടാലും നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന തത്വം മുറുകെ പിടിക്കുന്നതിനു ജഡ്ജിയെ കുറ്റപ്പെടുത്താനാവില്ല. പക്ഷെ നവീനമായ ചിന്തകളും കുറ്റകൃത്യങ്ങളെ കുറിച്ചു ധാരണകളില്‍ paradigm ഷിഫ്ടും വന്ന ഒരു കാലത്തെ കേസാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കപെടുന്ന ക്വട്ടെഷന്‍ ബലാല്‍സംഗ കേസ്. പണവും സ്വാധീനവുമുള്ള ഒരു വ്യക്തി തന്റെ സഹപ്രവര്‍ത്തകയായ നടിയെ ക്വട്ടെഷന്‍ ബലാല്‍സംഗമെന്ന നരാധമ പ്രവര്‍ത്തിക്ക് വിധേയയാക്കി എന്ന കേസ് യാതൊരു മറയുമില്ലാതെ ലൈംഗിക ചുഷണവും സ്ത്രീ പീഡനവും നടക്കുന്ന, ആരും നിയന്ത്രിക്കാന്‍ ഇല്ലാത്ത മലയാള സിനിമ വ്യവസായത്തെ തന്നെ തുറന്നു കാട്ടുന്നതായിരുന്നു.
ആദ്യം ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി മുതല കണ്ണീര്‍ ഒഴുക്കിയ ഈ വ്യവസായത്തിലെ പ്രമുഖന്മാര്‍ നടന്‍ ദിലീപിന്റെ പേര് വന്നതോടെ മാളങ്ങളില്‍ ഒളിച്ച. വിമന്‍സ് കളക്ടീവ് ഇന്‍ സിനിമ എന്ന സംഘടന മാത്രമായിരുന്നു ഒരു അപവാദ. ഇടതു പക്ഷ സര്‍ക്കാരിനോട് അടുത്തു നില്‍ക്കുന്ന അവര്‍ക്കും ഇതില്‍ ഇടപെടാനുള്ള ശേഷി പരിമിതായിരുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ അതിജീവിതക്ക് നീതി ലഭിക്കാനും സമൂഹത്തില്‍ നീതി വാഴ്ച ഉറപ്പാക്കാനും സ്റ്റേറ്റ് ശക്തമായി പ്രവര്‍ത്തിക്കേണ്ടതാണ് .പക്ഷെ …
സര്‍ക്കാര്‍ യന്ത്രം പ്രവര്‍ത്തിക്കാന്‍ ഒരു അത്ഭുതം തന്നെ വേണ്ടി വന്നു . അത് തങ്ങളില്‍ ഒരാളെ സ്പര്‍ശിക്കുമെന്ന ഭയം ഉണ്ടായതോടെ നിശബ്ദമാകുകയും ചെയ്തു. പക്ഷെ ആ ഭൂതം ഇപ്പോഴും പലരുടെയും ഉറക്കം കെടുത്തി ദിലീപ് കേസിന് പുതിയ സാക്ഷി പരമ്പരകള്‍ തന്നെ സൃഷ്ടിച്ചു .വിസ്താരം പൂര്‍ത്തിയാക്കി കേസ് എതാണ്ട് വിധി പറയാന്‍ എത്തുമെന്ന നിലയില്‍ എത്തിയപ്പോഴാണ് ദൈവത്തിന്റെ കൈ എന്ന പോലെ ബാല ചന്ദ്ര കുമാര്‍ എന്ന ദിലീപിന്റെ സുഹൃത്തായ സംവിധായകന്‍ നിരവധി തെളിവുകളുമായി രംഗത്ത് വരുന്നത്. ക്രൈമുകളുടെ ലോകത്ത് ഒരു ഡിജിറ്റല്‍ യുഗത്തിനു തന്നെ വഴി തെളിക്കുന്ന നീണ്ട ഡിജിറ്റല്‍ തെളിവുകളുമായാണ് ആ മനുഷ്യന്‍ സര്‍ക്കാരിന് മുന്നില്‍ എത്തിയത്. 2021 നവംബര്‍ 15നു സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ബാലചന്ദ്രകുമാറിന്റെ പരാതി ആരും ശ്രദ്ധിച്ചില്ല. അവസാനം, ഒരു വലിയ അവസരവും സാധ്യതയും കണ്ട റിപ്പോര്‍ട്ടേര്‍സ് ടി വി വലിയൊരു റിസ്ക് എടുക്കുകയായിരുന്നു . ആ മാധ്യമം മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കില്‍ , അചഞ്ചലമായി അതിന്റെ എഡിറ്ററും ഉടമയുമായ നികേഷ് കുമാര്‍ വെല്ലുവിളികളെ നേരിട്ടില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഇതെല്ലാം തേഞ്ഞ് മാഞ്ഞ് പോകുമായിരുന്നു . സര്‍ക്കാര്‍ അനങ്ങിയില്ലെങ്കിലും കേസ് അന്വേഷിച്ച അന്വേഷണ സംഘം ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ടു തെളിവുകള്‍ ഏറ്റുവാങ്ങി, അവ പരിശോധനക്ക് വിധേയമാക്കി. സമൂഹത്തെ ഞെട്ടിച്ച ഒട്ടേറെ വിവരങ്ങളാണ് ഇതോടെ പുറത്തു വന്നത്. വിചാരണ കോടതിക്കും ഹൈ കോടതിക്കും അവഗണിക്കാനാവാത്ത ഈ തെളിവുകള്‍ കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു .
ഒരേ ഒരു സിനിമ മാത്രം സംവിധാനം ചെയ്തിട്ടുള്ള സിനിമ പ്രവര്‍ത്തകനാണ് ബാലചന്ദ്ര കുമാര്‍ . മോഹന്‍ലാല്‍ ചോദിച്ചിട്ടും സ്ക്രിപ്റ്റ് നല്‍കാതെ സ്വയം സംവിധാന മോഹവുമായി നടന്ന വ്യക്തി. പിക്ക് പോക്കറ്റ് എന്ന തന്റെ കഥ സിനിമയാക്കാം എന്ന ദിലീപിന്‍റെ വാഗ്ദാനത്തില്‍ വിശ്വസിച്ചു അദ്ദേഹവുമായി അടുത്തിടപഴകി കഴിഞ്ഞിരുന്ന വ്യക്തി . അയാളുടെ ജീവിതവും ഈ ക്രൈം മാറ്റി മറിച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പേര് ഉയര്ന്നുവെങ്കിലും അത് ആദ്യമൊന്നും വിശ്വസിക്കാതിരുന്ന വ്യക്തിയാണ് ബാലചന്ദ്ര കുമാര്‍ . ജയിലില്‍ പോയി ദിലീപിനെ കണ്ടു ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച വ്യക്തി . പിന്നിട് പള്‍സര്‍ സുനിയേ ദിലീപിന് അറിയാമെന്ന വിവരം അദ്ദേഹം മനസ്സിലാക്കിയെങ്കിലും ദിലീപ് അത് നിഷേധിച്ചത് അയാളില്‍ സംശയത്തിന്‍റെ വിത്തുകള്‍ വിതച്ചു . ഒരു തവണ ദിലീപ് പള്‍സര്‍ സുനിയുടെ തോളില്‍ കൈ വെച്ചു നടക്കുന്നതും ബാലചന്ദ്രകുമാര്‍ കാണുകയുണ്ടായ. ഒരു കുറ്റവാളിയുമായി ബന്ധമുണ്ടെന്നു സമ്മതിക്കുന്നത് ദോഷകരമാണ് എന്നതിനാലാകാം ആ നിഷേധം എന്നേ കരുതിയുള്ളൂ എന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു . ദിലീപിന്‍റെ വീട്ടിലെ നിത്യസന്ദര്‍ശകന്‍ . അവിടെ സ്ക്രിപ്റ്റ് ചര്‍ച്ചകളും പതിവായി നടക്കുമായിരുന്നു . അവ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും
അങ്ങനെ ഒരിക്കല്‍ 2017 ലെ നവംബര്‍ 15നാണ് ബാലചന്ദ്രകുമാറിന്റെ മനസ്സിനെ ഉലയ്ക്കുന്ന ഒരു സംഭവം നടന്നത് . ആ ദിവസം അദ്ദേഹം വ്യക്തമായി ഓര്‍ക്കുന്നു . തോമസ് ചാണ്ടി മന്ത്രി പദവി രാജി വെച്ച ദിവസമാണ് അത് . ആലുവയില്‍ പദ്മസരോവരത്തു അന്നൊരു അതിഥി എത്തി . ഒരു രാഷ്ട്രീയക്കാരനെന്നു തോന്നിപ്പിക്കുന്ന വ്യക്തി . വീട്ടിലെ ഒരു കുട്ടി അയാളെ ശരത് അങ്കിള്‍ എന്ന് വിളിച്ചു . പുറത്തേക്കു വന്ന കാവ്യ മാധവന്‍ ഇക്ക എന്ന് വിളിച്ചാണ് അയാളെ സ്വാഗതം ചെയ്തത് . അയാള്‍ ഒരു ഡിജിറ്റല്‍ ടാബുമായാണ് വന്നത് .
പള്‍സര്‍ സുനിയുടെ ക്രൂര കൃത്യങ്ങള്‍
“പള്‍സര്‍ സുനിയുടെ ക്രൂര കൃത്യങ്ങള്‍ കാണെണ്ട?” ദിലീപ് ബാലചന്ദ്ര കുമാറിനോട് തമാശ പോലെ ചോദിച്ചു . അയാള്‍ വലിയ ഷോക്കില്‍ ആയി . അയാള്‍ക്കറിയാവുന്ന പള്‍സര്‍ സുനിയുടെ ക്രൂര കൃത്യം നടിയെ ആക്രമിച്ചു എടുത്ത പീഡന ദൃശ്യങ്ങള്‍ ആണ് . അയാള്‍ മറുത്തു പറഞ്ഞു. അവര്‍ ദിലീപും ശരത്തും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും മാനേജര്‍ അപ്പുണ്ണിയും അതിരുന്നു കാണാന്‍ തുടങ്ങി . എന്തോ ഉള്‍പ്രേരണയാല്‍ ബാലചന്ദ്രകുമാര്‍ എതിരെയിരുന്നു അത് തന്‍റെ ടാബില്‍ അവരുടെ സംഭാഷണം മുന്‍പേ തന്നെ റെക്കോര്‍ഡ് ചെയ്തു തുടങ്ങിയിരുന്നു . .നടിയുടെ പീഡനദൃശ്യങ്ങള്‍ കാണുന്ന അവരുടെ പ്രതികരണവും ദൃശ്യങ്ങളിലെ സ്വരവും അയാള്‍ കേട്ട് രേഖപ്പെടുത്തി . ആരും അറിയാതെ ചെയ്യണം എന്നത് കൊണ്ടു ഇടക്കിടെ അത് ഓഫും ഓണും ആക്കേണ്ടി വന്നു . എതാണ്ട് വളരെ നീണ്ട സംഭാഷണമാണ് അയാള്‍ റെക്കോര്‍ഡ് ചെയ്യത് . മാന്യതയുടെ മൂടുപടം വലിച്ചു കീറുന്ന ഒരു വലിയ കുറ്റകൃത്യത്തിന്റെ ഒരിക്കലും മായ്ച്ചു കളയാനാവാത്ത ഡിജിറ്റല്‍ തെളിവ് ആയിരുന്നു അവ . അത് അതിന്റെ കര്‍ത്താവിന്റെ വാക്കുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു .
ഇതോടെ ബാലചന്ദ്രകുമാര്‍ ധര്‍മസങ്കടത്തിലായി . പ്രശ്നങ്ങളുടെ നടുക്കടലില്‍ ആണെങ്കിലും ബോധപൂര്‍വ്വം അയാള്‍ ആ കമ്പനി ഉപേക്ഷിച്ചു . ദിലീപുമായുള്ള സിനിമ വേണ്ടെന്നു വെച്ചു അക്കാര്യം ദിലീപിനെ അറിയിച്ചു . ദിലീപില്‍ അത് സംശയം ഉണര്ത്തിയിരിക്കണം . ബാലചന്ദ്ര കുമാര്‍ ആകട്ടെ തന്റെ ജീവന്‍ തന്നെ പോയേക്കുമെന്ന് ഭയന്നു. ദിലീപ് അദ്ദേഹത്തെ കാണാന്‍ തിരുവനന്തപുരത്തു ഓടിയെത്തിയെങ്കിലും അദ്ദേഹം അങ്ങോട്ട് പോയി അയാളെ കാണാന്‍ തയ്യാര്‍ ആയില്ല . ഭീതി ആയിരുന്നു പ്രധാന കാരണം .
പിന്നിട് നടിയെ ആക്രമിച്ച കേസ് പല പരിണാമങ്ങളിലൂടെ കടന്നു പോയി . ഈ തെളിവുകളുമായി നാല് വര്‍ഷങ്ങള്‍ അയാള്‍ കാത്തിരുന്നു . 2021 ഏപ്രിലില്‍ ഇത് പരാതിയായി നല്‍കണമെന്ന് നിശ്ചയിച്ചുവെങ്കിലും കടുത്ത കോവിഡ് മൂലം അയാള്‍ നിസ്സഹായനായി . പിന്നിട് കേസിന് മേല്‍നോട്ടം വഹിക്കുന്ന ഐ ജി സന്ധ്യയെ ഫോണില്‍ വിളിച്ചുവെങ്കിലും അവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല .അവസാനം പരാതി രേഖാമൂലം അഭ്യന്തര സെക്രട്ടറിക്ക് സമര്‍പ്പിച്ചു. 2019 നവംബര്‍ 15 നായിരുന്നു അത് . ഒരു നടപടിയും ഉണ്ടായില്ല . തുടര്‍ന്നു അദ്ദേഹം ഒരു പ്രമുഖ ചാനലിനെ ബന്ധപ്പെട്ടു .അവര്‍ അത് അവഗണിച്ചു എന്നുമാത്രമല്ല അതില്‍ ആരോ ദിലീപിന് വിവരം ചോര്‍ത്തി നല്‍കി . തുടര്‍ന്നാണ് റിപ്പോര്‍ട്ടെര്സ് ടി വി ആ ദൌത്യം എടുത്തത് ഒരു ക്രൂസേഡ് പോലെ. അങ്ങനെ ഡിസംബര്‍ 25നു ഒരു ബ്ലിട്സ്ക്രൈഗ് പോലെ ആ വെളിപ്പെടുത്തല്‍ വന്നു . അവിശ്വസനീയമെന്നു തോന്നാവുന്ന വസ്തുതകള്‍ കൊണ്ടുള്ള വലിയൊരു ആക്രമണം ആയിരുന്നു .മലയാളിയുടെ മരവിച്ച മനസാക്ഷി കുറച്ചു നേരത്തേക്കെങ്കിലും ചൂട് പിടിച്ചു .
തുടര്‍ അന്വേഷണം ചൂട് പിടിക്കുന്നു
നടിയെ ആക്രമിച്ച കേസില്‍ തുടെത്തുടരെ പരാജയം എതു വാങ്ങിയിരുന്ന അന്വേഷണ സംഘത്തിനു ഇത് പുതു ജീവന്‍ നല്‍കി .ഡി വൈ എസ പി ബിജു പൌലോസിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ശക്തമായ അന്വേഷണത്തിന് തുടക്കം കുറിച്ചു . അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം കേസിന് മറ്റൊരു മാനം നല്‍കി. രണ്ടു കേസും അന്വേഷിക്കാന്‍ ഡി ജി പി ശ്രീജിത്തിനു മേല്‍നോട്ടചുമതല നല്‍കി അന്വേഷണം രണ്ടു സംഘങ്ങളെ ഏല്‍പ്പിച്ചു .കേസ് അന്വേഷണം കുറ്റവാളികളില്‍ തന്നെ എത്തുമെന്നും അവര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്നും തോന്നിപ്പിക്കുന്ന വിധത്തില്‍ അന്വേഷണം പുരോഗമിച്ചപ്പോള്‍ ഐ ജി ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് ചുമതലയില്‍ നിന്ന് നീക്കി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആക്കി . പെന്ഷന് രണ്ടു മാസം മാത്രം ഉള്ള ശേഇഖ് ധര്വേഷ് തലവനായി ചുമതല ഏറ്റു. അതോടെ കേസ് അന്വേഷണം മന്ദഗതിയില്‍ ആയി . എന്താണ് സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചത് ?
രാഷ്ട്രീയമായി അന്വേഷണം ഒരു ഇരുതല വാളായി മാറുമെന്ന ഭയമാണോ ഇതിനു പ്രേരണയായത് ? ഇടതു പക്ഷ സര്‍ക്കാരിലെ പ്രമുഖര്‍ക്ക് വേണ്ടി വാദിച്ച അഡ്വക്കേറ്റ് രാമന്‍ പിള്ളയെയും സംഘത്തെയും അന്വേഷണം ബാധിക്കും എന്ന തോന്നല്‍ ഉണ്ടായ വേളയില്‍ ആയിരുന്നു ഇടതുപക്ഷ സര്‍ക്കാരുമായി നല്ല ബന്ധമുണ്ടായിരുന്ന എ ഡി ജി പി ശ്രീജിത്തിനെ ചുമതലയില്‍ നിന്ന് മാറ്റിയത് . അദ്ദേഹം മാറിയതിനു ശേഷം കാവ്യ മാധവനെ ചോദ്യം ചെയ്യുകയും വി ഐ പി ശരത്തിനെ അറെസ്റ്റ് ചെയ്യുകയും ചെയ്തെങ്കിലും അന്വേഷണം എങ്ങും എത്താതെ നില്‍ക്കുകയാണ് . ഇതിനിടെ അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ദിവസവും (മെയ് 30) എത്തിയിരിക്കുന്നു .
നടിയെ ആക്രമിച്ച കേസില്‍ കോടതിയിലും അന്വേഷണത്തിലും ഇനി എന്ത് സംഭവിച്ചാലും ജനകീയ കോടതിയില്‍ അതിന്റെ വിധി ഒന്നായിരിക്കും . ആ നിലയില്‍ അത് വരെ അന്വേഷണം പുരോഗമിച്ചിരുന്നു . തെളിവുകള്‍ പുറത്തു വന്നിരുന്നു . ഇരക്ക് നീതി എന്നത് അകലെയാണെന്നു ഒരിക്കല്‍ കൂടി അന്വേഷണം തെളിയിക്കുകയും ചെയ്തു. പക്ഷെ കാപാലികരെ എക്കാലവും നിശബ്ദരാക്കുന്ന വിവരങ്ങളാണ് ഇക്കാലത്ത് ജനങ്ങളുടെ മുന്നിലെത്തിയത്. അത് ജനമനസ്സുകളില്‍ നിന്ന് ഒരിക്കലും മായാനും പോകുന്നില്ല .
കണ്ടെത്തലുകള്‍, തെളിവുകള്‍, ആശങ്കകള്‍
ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ തുടക്കത്തില്‍ അമ്പരപ്പും അതിശയവും അവിശ്വാസവുമാണ് സൃഷ്ടിച്ചത് . യഥാര്‍ത്ഥ ഡിജിറ്റല്‍ തെളിവുകള്‍ തന്നെയാണോ അവ, അതിലെ സംസാരങ്ങള്‍ പ്രതിയുടെയും ബന്ധപ്പെട്ടവരുടെയും ആണോ , എന്തെങ്കിലും ദുരുദ്ദേശത്തോടെയാണോ ഇത് പുറത്തു വിടുന്നത് , ഇവ എത്രമാത്രം ആധികാരികമാണ് തുടങ്ങിയ സംശയങ്ങള്‍ ഉയര്‍ന്നു . ഇവ പരസ്യപ്പെടുത്താന്‍ ഇത്ര സമയം എടുത്തതും വിമര്‍ശന വിധേയമായി. ഇതിനിടെ വധ ഗൂഡാലോചന യാഥാര്‍ത്ഥ്യമായി മാറിയെങ്കില്‍ വെളിപ്പെടുത്തല്‍ വൈകിച്ചവര്‍ എന്ത് സമാധാനം പറയും എന്നൊരു ചോദ്യവും ഉയര്‍ന്നു . പലരും ബാലചന്ദ്രകുമാറിനെ പ്രതിയായി കാണാന്‍ ആഗ്രഹിക്കുന്നത് പോലെ പെരുമാറി . ഇതിനിടെ ബാലചന്ദ്ര കുമാറിനെതിരെ ഒരു പീഡന കേസും രെജിസ്ടര്‍ ചെയ്യപ്പെട്ടു . തന്നെ ഉന്മൂലനം ചെയ്യാന്‍ തല്പരകക്ഷികള്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമാണ് അതെന്നു ബാലചന്ദ്ര കുമാര്‍ ആരോപിച്ചു . താന്‍ ആ സ്ത്രീയെ ആയുസ്സില്‍ കണ്ടിട്ടേ ഇല്ലെന്നും . ഇതിനിടെ രഹസ്യമായി സ്വയം സൃഷ്ടിച്ച പുകമറയില്‍ ഒളിഞ്ഞിരുന്ന വിവരങ്ങളും പുറത്തു വന്നതോടെ ഇതിനു വേണ്ടി ശബദം ഉയര്‍ത്തിയ റിപ്പോട്ടെര്സ് ടി വി ക്കു എതിരെ നിരവധി നിയമപരമായ വിലക്കുകള്‍ ഉണ്ടായി . ഒരു പൊതുജന പ്രക്ഷോഭത്തിന് തന്നെ നിര്‍മാതാവും ന്യൂസ് ഗ്ലോബ് എന്ന ഫേസ് ബുക്ക് ചാനല്‍ നടത്തന്ന ആളുമായ ബൈജു കൊട്ടാരക്കര സംഘടിപ്പിച്ചു . ഇതിനിടെ ബാര്‍ കൌണ്‍സിലില്‍ തന്നെ പരാതികള്‍ ഉണ്ടായി . അന്വേഷകാര്‍ക്ക് എതിരെ ഹോം സെക്രട്ടറിക്ക് അഭിഭാഷകനായ ഫിലിപ്പ് ടി മാത്യു പരാതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ മീഡിയയില്‍ ദിലീപ് അനുകൂലികള്‍ നടത്തുന്ന പോരാട്ടത്തിനു പുറകെ ആയിരുന്നു ഇത് ..
തെളിവുകളുടെ കൂമ്പാരം ,പക്ഷെ തുള്ളി തെളിവില്ല …
പക്ഷെ 2022 ഒരിക്കലും വിസ്മരിക്കാനാവാത്ത തെളിവുകളുടെ കൂമ്പാരമാണ് ഈ കേസില്‍ മുന്നോട്ട് വെച്ചത് . നമ്മള്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ കളിമണ്ണില്‍ തീര്‍ത്തവയാണെന്ന് അത് ഒരിക്കല്‍ കൂടി വ്യക്തമാക്കി . യാഥാര്‍ത്യങ്ങളുമായി നമ്മുടെ രാഷ്ട്രീയം അകലുകയാണെന്നും ഇത് വ്യക്തമാക്കി സ്ത്രീ പക്ഷമെന്നു പറയുന്നവര്‍ തന്നെ ഒത്തു തീര്‍പ്പിന്റെ രാഷ്ട്രീയത്തില്‍ ആണെന്ന് ഇത് തെളിയിച്ചു .
ബാലചന്ദ്രകുമാര്‍ പ്രധാനമായി നാല് ആരോപണങ്ങളാണ് മുന്നോട്ടു വെച്ചത് . അതിനു പിന്‍ബലം നല്‍കുന്ന ഡിജിറ്റല്‍ തെളിവുകളും പോലീസിനു കൈമാറി . നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അനധികൃതമായി കൂട്ടാളി വഴി സംഘടിപ്പിച്ചു ദിലീപ് അത് വീട്ടില്‍ കൂട്ടാളികളുമൊപ്പം കണ്ടു . സഹോദരനും സഹോദരി ഭര്‍ത്താവും അതില്‍ ഉള്‍പെടുന്നു . ദൃശ്യങ്ങള്‍ കാണാനുള്ള ക്ഷണം നിരസിച്ച അയാള്‍ അവയിലെ സ്വരങ്ങളും കാണുന്നവരുടെ പ്രതികരണങ്ങളും റെക്കോര്‍ഡ് ചെയ്തു . താന്‍ കേട്ട സ്വരങ്ങള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈ മാറി.ആ ദൃശ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ തെളിവ് കാവ്യ മാധവന്‍ ഏറ്റു വാങ്ങി. രണ്ടാമതായി താന്‍ അനുഭവിച്ച ശിക്ഷ വീട്ടില്‍ ഉള്ള ഒരാള്‍ക്ക് വേണ്ടിയാണെന്ന് വീട്ടിന്റെ അകത്തളത്തിലേക്ക് ചൂണ്ടി പറഞ്ഞു. മൂന്നാമതായി അന്വേഷണ ഉദ്യോഗസ്ഥരെ ഇല്ലാതാക്കാന്‍ ഗൂഡാലോചന നടത്തി . വേണമെങ്കില്‍ ഒന്നര കോടി അതിനും ചെലവഴിക്കാമെന്നു പറഞ്ഞു. . കുറ്റം ചെയ്‌താല്‍ യാതൊരു വിധ റെക്കോര്‍ഡ് ഉണ്ടാകരുതെന്നും ഒരാളെ തട്ടുകയാണെങ്കില്‍ ഗ്രൂപ്പില്‍ ഇട്ടു തട്ടണമെന്നും പറഞ്ഞു. നാലാമതായി ചേട്ടന്‍ കുറ്റകൃത്യത്തിന് ശിക്ഷ അനുഭവിച്ചു എന്ന് അനുജന്‍ തന്നെ പറഞ്ഞുവെന്നും .
ഇതേ തുടര്‍ന്നു രെജിസ്ടര്‍ ചെയ്ത വധശ്രമക്കേസ് വീണ്ടും തെളിവുകളുടെ ഒരു കൂമ്പാരം സൃഷ്ടിച്ചു . ദിലീപും കൂട്ടാളികളും ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ വിചാരണ വേളയില്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കിയെങ്കിലും അതിനു നല്‍കിയ ഇടവേള ഉപയോഗിച്ചു നിര്‍ണ്ണായകമായ വിവരങ്ങള്‍ സൈബര്‍ വിദഗ്ദന്‍ സായി ശങ്കര്‍ വഴിയും ബാക്കിയുള്ളവ മുംബയില്‍ ഒരു സ്ഥാപനത്തില്‍ എത്തിച്ചും മായ്ച്ചു കളഞ്ഞു. നാല് അഭിഭാഷകര്‍ അതിനു വേണ്ടി മുംബൈക്ക് പോയി എന്ന് പോലിസ് കോടതിയില്‍ അറിയിച്ചു . പക്ഷെ മായ്ച്ച വിവരങ്ങള്‍ സായിശങ്കറും മുംബൈ സ്ടാപനവും തിരിച്ചെടൂത്തു എങ്കിലും ഇതില്‍ നിര്‍ണ്ണായകമായ 12 ചാറ്റുകള്‍ മായ്ച്ചു കളഞ്ഞു. മുംബയില്‍ നിന്ന് മായ്ച്ച രേഖകളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപും കൂട്ടരും പുനസൃഷ്ടിക്കുന്ന വീഡിയോയും ഉണ്ടെന്നു റിപ്പോര്‍ട്ടെര്സ് ടി വി റിപ്പോര്‍ട്ട് ചെയ്തു . എന്തിനു വേണ്ടിയായിരുന്നു അതെന്ന സംശയം ബാക്കി നില്‍ക്കുന്നു .
ഇതിനിടെയാണ് നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ നടികള്‍ തമ്മിലുള്ള പകയാണെന്നും കാവ്യ ഒരു പണി തിരിച്ചു കൊടുത്തതാണെന്നും പറയുന്ന ദിലിപിന്റെ സഹോദരി ഭര്‍ത്താവ് സൂരജും അഭിഭാഷകനും തമ്മിലുള്ള ഓഡിയോ പുറത്തു വന്നത് . ഒരു ഡോക്ടറെ മൊഴി മാറ്റാന്‍ സഹായിക്കുന്ന ഒരു ഓഡിയോയും ഇതോടൊപ്പം പുറത്തായി .
പക്ഷെ ഇരുനൂറു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ആക്കാന്‍ ഏറെ നാള്‍ വേണം . അതെ പോലെ തെളിവുകള്‍ ചോദ്യം ചെയ്തും ശാസ്ത്രീയ പരിശോധന നടത്തിയും ഭദ്രമാക്കണം . അന്വേഷണ മേല്‍നോട്ടം ശ്രീജിത്തിൽ നിന്ന് മാറിയതോടെ അന്വേഷണത്തിലെ ഗതിവേഗം നഷ്ടമായി . വിവരങ്ങള്‍ ചോര്‍ന്നു പോകരുതെന്ന് കര്‍ശനമായ നിര്‍ദേശം ഉണ്ടായതോടെ അവ പുറത്തു വന്നാല്‍ ഉണ്ടാകുമായിരുന്ന പൊതു വിചാരണ ഇല്ലാതായി . കാവ്യയെ ചോദ്യം ചെയ്യുകയും ശരത്തിനെ അറെസ്റ്റ് ചെയുകയും ചെയ്തു വെങ്കിലും അതൊക്കെ എന്തിനു എന്ന സംശയം മാത്രം നിര്‍ത്തി . ഇതിനിടെ സിനിമ സ്റ്റൈലില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മന്ത്രിയുടെ മുന്‍പില്‍ വെച്ചു രണ്ടു പറയുമെന്ന് പറഞ്ഞിരുന്ന വി ഐ പി എല്ലാം നിഷേധിച്ചു ജാമ്യത്തില്‍ പോയി . ഉന്നതരായ രണ്ടു രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് മൂന്നു കോടി വീതം നല്‍കിയെന്ന ഓഡിയോ ആരോപണവും ഒരു നുണബോംബ് പോലെ പൊട്ടിത്തെറിച്ചു . .ഇതൊക്കെ പ്രശ്നം ആക്കേണ്ട പ്രതിപക്ഷം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പാവം ഒരു പട്ടിയുടെ മേല്‍ കുതിര കയറുകയാണ് !
അവസാനിച്ചു
Part-2
നടി ആക്രമണ കേസ് തുടങ്ങുന്നു: നീതിനിഷേധത്തിന്റെ നാൾവഴി-2 (പി.എസ്. ജോസഫ്)
read part 1 ക്വട്ടേഷന്‍ പീഡനം: അഞ്ചു വർഷത്തെ നീതിനിഷേധത്തിന്റെ നാൾവഴി-1 (പി.എസ്. ജോസഫ്)