Image

നിവർത്തി ഇല്ലെങ്കിൽ നീതിമാൻ (അഥവാ വർക്കി) എന്ത് ചെയ്യും (രാജു മൈലപ്ര)

Published on 26 May, 2022
നിവർത്തി ഇല്ലെങ്കിൽ നീതിമാൻ (അഥവാ വർക്കി) എന്ത് ചെയ്യും (രാജു മൈലപ്ര)

കഴിഞ്ഞ കുറേ നാളുകളായി വര്‍ക്കിക്കു നല്ല സുഖമില്ല. സുഖമില്ലായെന്നു പറഞ്ഞാല്‍ ആകപ്പാടെ ഒരു വല്ലായ്മ, ഒരു ക്ഷീണം, ഒരു വിരസത.

കൈകാലുകള്‍ക്കും സന്ധിബന്ധങ്ങള്‍ക്കുമൊരു വേദന. അകത്തും പുറത്തും വേദന. വേദനയില്ലെങ്കിലും ചിലപ്പോള്‍ വേദനയുണ്ടോ എന്നു സംശയം തോന്നും. ഇടയ്ക്കിടെ ചെറിയൊരു വിറയലുമുണ്ട്. കണ്ടം ചെയ്യാറായ ഒരു പഴയ ബെഡ്ഫോര്‍ഡ് ലോറിയുടെ കണ്ടീഷനിലാണ് ഇപ്പോള്‍ വര്‍ക്കിയുടെ ബോഡി. ശരീരത്തിനകത്തെ അവയവങ്ങളെക്കുറിച്ച് അത്ര വലിയ ബോധവാനല്ലെങ്കിലും ലിവറില്‍ നിന്നുയരുന്ന വേദന വര്‍ക്കിക്കു തിരിച്ചറിയാം. എത്രയോ നാളുകൊണ്ട് ലിവറിനെ ലിക്വറില്‍ ഉപ്പിച്ചു വെച്ചിരിക്കുകയാണ്. പട്ടാളസേവന കാലത്ത് പരിശീലിച്ച ഈ പരിപാടി മുടക്കമില്ലാതെ ഇന്നും തുടര്‍ന്നുപോരുന്നു. കരളിന്‍റെ ചെറിയൊരു അംശം മാത്രമേ ബാക്കിയുള്ളെങ്കിലും അതു പഴയപടി പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കുമെന്ന് പണ്ടാരോ പറഞ്ഞു ധരിപ്പിച്ചത് പുള്ളിക്കാരന് ഇന്നും പിടിവള്ളിയാണ്.

പുളിച്ച കള്ളിന്‍റെ കാര്യമോര്‍ത്തപ്പോള്‍ വര്‍ക്കിക്കു മനംപുരട്ടി. ഒരു ഓക്കാനത്തിന്‍റെ അകമ്പടിയോടെ കുറച്ചു മഞ്ഞവെള്ളം കശപിശാന്ന് തുപ്പിക്കളഞ്ഞു. ഒരു കൈ ബെഡില്‍ കുത്തിക്കൊണ്ട് കുടവയറനായ വര്‍ക്കി ഒരുകണക്കിന് എഴുന്നേറ്റു ബാത്ത് റൂമില്‍ എത്തി. വാഷ്ബേസനില്‍ പിടിച്ചു കണ്ണാടിയിലേക്ക് തുറിച്ചുനോക്കി. കണ്ണുകള്‍ക്ക് ഒരു ‘ബുള്‍സൈ’ ലുക്കുണ്ട്.

പേസ്റ്റ് തേച്ച ബ്രഷ് വായിലേക്കടുപ്പിച്ചപ്പോള്‍ വീണ്ടും ഓക്കാനം. ഒരു കണക്കിനു പല്ലു തേച്ചെന്നു വരുത്തിത്തീര്‍ത്തു.

ഒരു പത്ത് അകത്തു ചെല്ലാതെ ഇനി ഒരു കാര്യവും നടക്കില്ലെന്ന് വര്‍ക്കിക്ക് ഉറപ്പായി. കൈവരികളില്‍ പിടിച്ച് സാവധാനം സ്റ്റെപ്പിറങ്ങി ബേസ്മെന്‍റില്‍ എത്തി. അവിടെ ഭാര്യ കാണാതെ, വാഷിങ് മെഷീന്‍റെ പിന്നില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ‘ക്രിസ്ത്യന്‍ ബ്രദേഴ്സി’ന്‍റെ കുപ്പി പുറത്തെടുത്തു. അതില്‍നിന്നും ഒരു മഞ്ഞ ദ്രാവകം പേപ്പര്‍ കപ്പിലേക്കു പകര്‍ന്നു. ടാപ്പു തുറന്ന് ക്ലോറിന്‍ കലര്‍ന്ന കുറച്ചു ശുദ്ധജലം അതിലേക്ക് ഒഴിച്ചിട്ട് ഒറ്റവലി. പിന്നീട് ഇടതുകൈയുടെ പുറംകൊണ്ട് ഇടത്തോട്ടും അകംകൊണ്ട് വലത്തോട്ടും ചിറി തുടച്ചു. ടച്ചിംഗിനായി അച്ചാറിനു പകരം കുറച്ചു സോപ്പുപൊടി വായിലിട്ടു. നിവൃത്തിയില്ലെങ്കില്‍ നീതിമാന്‍ എന്തുചെയ്യും!
ഇതിനിടെ, ഒരു ദിവസം രാവിലെ വര്‍ക്കിക്ക് ഒരു ഷിവറിംഗ് അനുഭവപ്പെട്ടു. ഭൂമികുലുക്കമാണെന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ തന്‍റെ ശരീരം തനിയെ കുലുങ്ങുകയാണെന്നു വര്‍ക്കിക്കു മനസ്സിലായി. ആശുപത്രിയില്‍ പോയിട്ടു തന്നെ ഇനി ബാക്കി കാര്യം എന്ന ഒറ്റ വാശിയില്‍ ഭാര്യ മേരിക്കുട്ടി ഉറച്ചുനിന്നു.

ബാത്ത്റൂമില്‍ കയറി കതകടച്ചശേഷം ടോയ്ലറ്റ് സിങ്കിന്‍റെ മൂടിതുറന്ന് അതിലൊളിച്ചുവെച്ചിരുന്ന ബ്രാണ്ടി ഭയത്തോടും വിറയലോടും കൂടി ഒരു കവിള്‍ അകത്താക്കി.
ഭാര്യമാരെ പേടിച്ച്, മാനം മര്യാദയ്ക്ക് ഒന്നു പൂസാകാന്‍ പറ്റാത്ത ഗതികേടിലാണ് മിക്ക അമേരിക്കന്‍ മലയാളികളും. അതിനാല്‍ അവര്‍ക്കു കള്ളുകുപ്പികള്‍ ടോയ്ലെറ്റ് സിങ്കിലും കാറിന്‍റെ ട്രങ്കിലും ഗാരജിലും ബേസ്മെന്‍റിലും മറ്റും ഒളിപ്പിച്ചു വെയ്ക്കേണ്ടി വരുന്നു. ഒരു വെടിക്കുള്ള മരുന്ന് എന്നു പറയുന്നതുപോലെ ഒന്നുരണ്ട് ‘നിപ്പന്‍’ പോക്കറ്റില്‍ കരുതുന്ന ബുദ്ധിമാډാരും കൂട്ടത്തിലുണ്ട്.
ബാത്തുറൂമില്‍ നിന്നും പുറത്തുവന്ന വര്‍ക്കി വെട്ടിയിട്ട വാഴ പോലെ തറയില്‍ വീണു. കുലുക്കി വിളിച്ചിട്ടും തണുത്ത വെള്ളം മുഖത്തു തളിച്ചിട്ടും അനക്കമൊന്നുമില്ല. മേരിക്കുട്ടി ആകെ പരിഭ്രമിച്ചുപോയി. ആകെയുള്ള ഒരു ഭര്‍ത്താവാണ്. പെട്ടെന്ന് ഫോണ്‍ കൈയിലെടുത്ത് 911 വിളിച്ചു. വര്‍ക്കിയുടെ ഭാരിച്ച ഇന്‍ഷ്വറന്‍സ് തുകയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ കൈ ഒന്ന് പിന്‍വലിച്ചതാണ്.

മിനിറ്റുകള്‍ക്കകം ആംബുലന്‍സ് എത്തി. വര്‍ക്കിയുടെ മൂക്കില്‍ ഓക്സിജന്‍ ട്യൂബ് ഫിറ്റു ചെയ്തശേഷം അയാളെ എടുത്തു സ്ട്രെച്ചറില്‍ കിടത്തി. അലറിവിളിച്ചുകൊണ്ട് ആംബുലന്‍സ് അതിവേഗത്തില്‍ ആശുപത്രിയിലെത്തി.

വര്‍ക്കി കണ്ണു തുറന്നപ്പോള്‍ ചുറ്റും പരിചയമില്ലാത്ത മുഖങ്ങള്‍. എമര്‍ജന്‍സി റൂമിന്‍റെ വാതായനങ്ങള്‍ വര്‍ക്കിക്കു വേണ്ടി മലര്‍ക്കെ തുറക്കപ്പെട്ടു. അയാളുടെ സ്വന്തം വസ്ത്രങ്ങള്‍ മാറ്റിയതിനുശേഷം, ബാക്ക് ഓപ്പണ്‍ ഗൗണ്‍ ധരിപ്പിച്ചു. അറക്കാന്‍ പിടിച്ച കുഞ്ഞാടിനെപ്പോലെ അയാള്‍ ദയനീയമായി മറ്റുള്ളവരെ നോക്കി. ആദാമിന്‍റെ കാലം മുതലുള്ള വര്‍ക്കിയുടെ കുടുംബചരിത്രം രേഖപ്പെടുത്തി. എക്സറേ, ഇ.കെ.ജി, ബ്ലഡ് വര്‍ക്ക്, യൂറിനാലിസിസ് തുടങ്ങിയ റുട്ടീന്‍ വര്‍ക്കപ്പുകള്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടു.

വേദനയിലും ഞരക്കത്തിലും മുഴുകിയ മണിക്കൂറുകള്‍ കടന്നുപോയി. ടെസ്റ്റ് റിസല്‍റ്റുകള്‍ ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടിരുന്നു. ഗ്ലൂക്കോസ്, കൊളസ്ട്രോള്‍, ട്രൈഗ്ലിസെറയ്ഡ്, എസ്.ജി.പി.റ്റി, സോഡിയം, പൊട്ടാസിയം തുടങ്ങിയ പുതിയ പദങ്ങള്‍ വര്‍ക്കിക്കു ചുറ്റും കിടന്നു കറങ്ങി. പ്രാഥമിക പരിശോധനയുടെ നിഗമനപ്രകാരം തുടര്‍നടപടികള്‍ക്കായി ആശുപത്രിത്തടവു വിധിച്ചു. അതിന്‍റെ പ്രാരംഭനടപടിയായി ഐ.വി. കൊടുത്തു. സൂചി കയറ്റുവാന്‍ ആല്‍ക്കഹോള്‍ പാഡ് ഇട്ടു കൈ തുടച്ചപ്പോള്‍ വര്‍ക്കിയുടെ നാവില്‍ വെള്ളമൂറി. പുതിയ താമസക്കാരനു സ്വാഗതമരുളിക്കൊണ്ടു വന്ന പരിചാരകന്‍ ബെഡ്പാന്‍, യൂറിനല്‍, വാഷ്ബേസിന്‍ തുടങ്ങിയവ ബെഡിനരികെയുള്ള നൈറ്റ് സ്റ്റാന്‍ഡില്‍ വെച്ചു. താനെന്നെങ്കിലും സുഖംപ്രാപിച്ചു പുറത്തുവന്നാല്‍ മലയാളികള്‍ക്കു വേണ്ടിയുള്ള ‘കസ്റ്റം മെയ്ഡ് യൂറിനല്‍’ വിപണിയിലിറക്കുമെന്നു വര്‍ക്കി മനസില്‍ ശപഥം ചെയ്തു.

(രാജു മൈലപ്ര)

ദിവസവും രാവിലെ വര്‍ക്കിയുടെ രക്തം വലിച്ചൂറ്റുവാനായി വര്‍ക്കിയുടെ കണ്ണിന്‍റെ നിറമുള്ള ഒരു ചൈനാക്കാരന്‍ വന്നുകൊണ്ടിരുന്നു. എടുക്കുന്ന രക്തത്തിന്‍റെ അളവു കണ്ടപ്പോള്‍ അവന്‍ അതു വല്ല ചൈനീസ് റെസ്റ്റോറന്‍റുകാര്‍ക്കും മറിച്ചു വില്‍ക്കുകയാണോ എന്ന് അയാള്‍ക്ക് സംശയം തോന്നി. പട്ടിയേയും പാമ്പിനേയും തിന്നുന്ന വര്‍ഗ്ഗമല്ലേ? ഒന്നിനേയും വിശ്വസിച്ചുകൂടാ.

ഇതിനിടെ പല സ്പെഷ്യാലിറ്റി ഫിസിഷ്യന്‍സും രാത്രിയും പകലും കയറിയിറങ്ങി വര്‍ക്കിയുടെ നവദ്വാരങ്ങളിലും കൈയും കോലുമിട്ട് പരിശോധിച്ചു. പിന്നാമ്പുറത്തു വിരലിട്ടു പരിശോധിച്ച ഒരു ഡോക്ടറോട് ‘ഡോക്ടര്‍ ഐ ഡോണ്ട് ലൈക്ക് ഇറ്റ്’ എന്നു വര്‍ക്കി പറഞ്ഞപ്പോള്‍ ‘യൂ തിങ്ക് ഐ എന്‍ജോയ് ഇറ്റ്’ എന്ന മറുചോദ്യത്തിലൂടെ വര്‍ക്കിയുടെ വായ് മൂടിക്കളഞ്ഞു.

കോളനോസ്കോപ്പി, എന്‍ഡോസ്കോപ്പി മുതലായവയ്ക്കു ശേഷം ടെസ്റ്റ് പരമ്പരകളുടെ കലാശക്കൊട്ടായ ‘താലിയം സ്ട്രസ് ടെസ്റ്റ്’ന് വിധേയനാക്കി. നെഞ്ചത്തെ രോമം വടിക്കുക എന്ന കര്‍മ്മമാണ് ആദ്യം നടന്നത്. രോമം അറുത്ത് എടുക്കപ്പെടുന്ന ചെമ്മരിയാടിനെപ്പോലെ ദുഃഖം കടിച്ചമര്‍ത്തി അയാള്‍ നിന്നു. ശരീരത്തില്‍ പല ഭാഗത്തും ഘടിപ്പിച്ച ട്യൂബുകള്‍ ഒരു കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്നു. അണ്ടര്‍വെയര്‍ മാത്രം ധരിച്ച് ഒരു നാടന്‍ ഗുസ്തിക്കാരനെപ്പോലെ വര്‍ക്കി നില്‍ക്കുകയാണ്. ഡോക്ടര്‍, നേഴ്സ്, ടെക്നീഷ്യന്‍മാര്‍ തുടങ്ങി കുറേപ്പേര്‍ അയാളെ നിരീക്ഷിക്കുവാന്‍ ഉണ്ട്. അവര്‍ സാവധാനം അയാളെ ട്രെഡ്മില്ലിലേക്കു കയറ്റി. അതു കറങ്ങിത്തുടങ്ങിയതും ലാടം പറിച്ചുകളഞ്ഞ വണ്ടിക്കാളയേപ്പോലെ കുന്തക്കാലില്‍ മേലുകീഴു ചാടുവാന്‍ തുടങ്ങി. കണ്ടുനിന്നവര്‍ക്കു ചിരി അടക്കുവാന്‍ കഴിഞ്ഞില്ല.

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വര്‍ക്കിയുടെ രോഗനിര്‍ണ്ണയം നടന്നു. അസുഖത്തിന്‍റെ കാര്യത്തില്‍ അയാള്‍ക്കു മെഗാലോട്ടറി തന്നെ അടിച്ചു. പ്രഷര്‍, ഡയബറ്റിസ്, കൊളസ്ട്രോള്‍ എല്ലാം ആവശ്യത്തിലധികമുണ്ട്. കൂട്ടത്തില്‍ ഒരു ബംബറും-ഫാറ്റി ലിവര്‍.

ആഹാരം ക്രമീകരിച്ചേ പറ്റൂ. മുട്ട, ഇറച്ചി, പാല്‍, വെണ്ണ, എണ്ണ മുതലായവ ഒന്നും പറ്റുകയില്ല. കൊളസ്ട്രോള്‍ കയറിയടിക്കും. ചോറ്, കപ്പ, ഉരുളക്കിഴങ്ങ്, ‘ഡോണ്ട് ഈവന്‍ തിങ്ക് എബൗട്ട് ഇറ്റ്’ ട്രൈഗ്ലിസെറയ്ഡ്സ് ഉയരും. പിന്നെ എന്തു കഴിക്കാം എന്നു ചോദിച്ചാല്‍, പച്ചില പച്ചയ്ക്കോ പുഴുങ്ങിയോ കഴിക്കാം. പച്ചവെള്ളവും ചവച്ചു കുടിക്കാം. ഇനി വര്‍ക്കിയുടെ ശിഷ്ടായുസ് വെറുമൊരു ആടുജീവിതം.

ഇതൊക്കെ സഹിക്കുവാന്‍ വര്‍ക്കി തയ്യാറാണ്. പക്ഷേ, അവസാനത്തെ ഒരു കാച്ചുണ്ടല്ലോ. അതിച്ചിരെ കട്ടിയായിപ്പോയി. ‘കള്ളു കൈകൊണ്ട് തൊടരുത്, മദ്യം മണത്തുപോലും നോക്കരുത്’ എന്നുള്ള കര്‍ശന നിര്‍ദ്ദേശം.

ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിയ വര്‍ക്കി ഒരു നിമിഷം പോലും കളയാതെ ബാത്തുറൂമിലേക്കോടി. ബ്രാണ്ടിക്കുപ്പി അവിടെത്തന്നെയിരിപ്പുണ്ട്. അടപ്പ് ഊരി മാറ്റി അയാള്‍ കുപ്പി വായിലേക്ക് അടുപ്പിച്ചു. കൈയില്‍ സൂചി കയറ്റിയതിന്‍റെ പാട്. ഞരമ്പുകള്‍ക്ക് വേദന. ഏതോ ഉള്‍പ്രേരണ കൊണ്ട് അയാള്‍ ബ്രാണ്ടി ടോയ്ലെറ്റിലൊഴിച്ചു ഫ്ളഷ്ചെയ്തു കളഞ്ഞു. പുറത്തിറങ്ങി മേരിക്കുട്ടിയെ ചുംബിച്ചു. അന്നുവരെ അനുഭവിക്കാതിരുന്ന ഒരു പുതിയ ലഹരി അയാള്‍ക്ക് അനുഭവപ്പെട്ടു. മേരിക്കുട്ടിയുടെ തോളില്‍ കൈയിട്ടുകൊണ്ട്, ‘നിന്‍റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാന്‍’ എന്ന പാട്ടും മൂളിക്കൊണ്ട് ബെഡ്റൂമിലേക്കു നടന്നു.

read more: https://emalayalee.com/writer/104

Join WhatsApp News
Doctor 2022-05-26 03:22:48
അമേരിക്കൻ മലയാളികളിൽ ചിലരുടെ അനുഭവങ്ങൾ. ഗൗരവമുള്ള ഒരു വിഷയം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.
Drunk 2022-05-26 13:08:40
കള്ളോളം നല്ലൊരു വസ്തു ഭൂലകത്തില്ലെടാ മോനേ.... നമ്മുക്ക് കുടിച്ചു സന്തോഷത്തോടെ മരിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക