Image

ഭ്രമം 2 (അദ്ധ്യായം 11: മുരളി നെല്ലനാട്‌)

Published on 26 May, 2022
ഭ്രമം 2 (അദ്ധ്യായം 11: മുരളി നെല്ലനാട്‌)

കഥ ഇതുവരെ 

രണ്ടാഴ്ച്ച പ്രായമുള്ള കുഞ്ഞിനെ രവികുമാർ പൂർണിമ ദമ്പതികൾ സുഹൃത്ത് ജയദേവനും നിരുപമയ്ക്കും വളർത്താൻ കൊടുക്കുകയായിരുന്നു. അതിന് കാരണം ജീവിതത്തിൻ്റെ മധ്യാഹ്‌നത്തിൽ ആണ് അവർക്ക് ആ കുഞ്ഞ് ജനിച്ചത്. ആ സമയം മൂത്ത മകൻ അഖിൽ വിവാഹിതനും മകൾ നിഖില ഡിഗ്രി സ്റ്റുഡൻ്റും ആയിരുന്നു. നിഖിലയുടെ പിടിവാശി കാരണമാണ് കുട്ടികൾ ഇല്ലാതിരുന്ന ജയദേവൻ നിരുപമ ദമ്പതികൾക്ക് ആ പെൺകുഞ്ഞിനെ നൽകിയത്. ജയദേവനും പൂർണമായും കോളേജ് പഠനകാലത്ത് പ്രണയത്തിലായിരുന്നു.പൂർണിമയുടെ സഹോദരൻ ചന്ദ്രസേനൻ പൂർണിമയെ രവികുമാറിനു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. കുറെ കാലം നിരാശനായി നടന്ന ജയദേവൻ ട്രാൻസ്ജെൻഡർ വുമൺ എന്ന് അറിഞ്ഞു വച്ച് നിരുപമയെ വിവാഹംചെയ്തു. കന്യാകുമാരിയിൽ വച്ച് നടന്ന പഴയ സഹപാഠികളുടെ ഗെറ്റുഗദറിൽ ജയദേവനും പൂർണമായും പങ്കെടുക്കുന്നു. അവിടെവച്ച് ജയദേവനിൽ ജനിച്ചതാണ് കുഞ്ഞ് എന്ന വാദവുമായി നിരുപമ രംഗത്ത് വരുന്നു. അത് വിജയിക്കുന്നില്ല.എങ്കിലും രവികുമാർ കുഞ്ഞിനെ ജയദേവനും നിരുപമക്കും വളർത്താൻ കൊടുത്തു.  അനൂട്ടി എന്ന് പേരിട്ട് വളർത്തിയ കുഞ്ഞിന് നാലു വയസ്സുള്ളപ്പോൾ ജയദേവൻ മരണപ്പെട്ടു. കുട്ടിയുമായി നിരുപമ മുംബൈയിലേക്ക് പോയി. നിരുപമ അതിനകം ഫിലിം സ്റ്റാർ ആയി കഴിഞ്ഞിരുന്നു.പിന്നെ അനൂട്ടിയെ പറ്റി ആർക്കും ഒരു വിവരവും ഇല്ലാതായി. ബോളിവുഡിലെ മിന്നും താരമായി നിരുപമ.14 വർഷങ്ങൾക്ക് ശേഷം നിരുപമ മകളുമായി കൊച്ചിയിൽ താമസിക്കാൻ എത്തുന്നു. നിരുപമയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മയക്കുമരുന്നിന് അടിമപ്പെട്ട  മകളെ  വീണ്ടെടുക്കാനുള്ള വരവായിരുന്നു അത്. ഈ വിവരം പൂർണിമയും രവികുമാറും അറിയുന്നു.അനൂട്ടിയെ ഡിഗ്രി ചേർത്ത കോളേജിലെ അധ്യാപികയായിരുന്നു നിഖില.ഭർത്താവ് സന്ദീപും അവിടെ ലെക്ചർ ആണ്.നിഖിലക്ക് അനൂട്ടിയെ മനസ്സിലാകുന്നു. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറി അഖിലും മാളവികയും എത്തുന്നു .പൂർണിമയുടെ മനസ്സറിഞ്ഞ് അഖിൽ നിരുപമ യുടെ ഹൗസിംഗ് കോളനിയിൽ ഒരു വാടക വീട് എടുക്കുന്നു. ഒപ്പം പൂർണിമയെ കൂട്ടുന്നു. ആ ദിവസം തന്നെ അനൂട്ടിയെ കാണാൻ കഴിയുന്നു.ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് സമയം പൂർണിമയെ അത്ഭുതപ്പെടുത്തി അനൂട്ടി കയറിവരുന്നു. അനുട്ടിക്കൊപ്പം പ്രാതൽ കഴിക്കാൻ കഴിഞ്ഞത് ജയകുമാറിനും  പൂർണിമയും കിട്ടിയ അസുലഭ നിമിഷം ആയിരുന്നു.ആൻ്റി എന്ന വിളിയിൽ നിന്ന് അമ്മ എന്ന വെളിയിലേക്ക് മാറ്റിയെടുക്കാൻ പൂർണിമയ്ക്ക് കഴിഞ്ഞു. പാർടൈം ജോലിക്കാരി ജാസ്മിനിൽ നിന്ന് അനൂട്ടി ഒരു വീട്ടിൽ കയറിയ വിവരം നിരുപമ അറിയുന്നു. 'സുകൃതം' എന്നആ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അമർത്തി നിരുപമ കാത്തുനിൽക്കുന്നു.

കഥ തുടർന്നു വായിക്കം.

ആ വീട്ടിൽ ആൾ താമസം ഉണ്ടെന്ന് നിരുപമക്ക് ഉറപ്പായി. രണ്ടു ജോഡി ചെരുപ്പുകൾ സിറ്റൗട്ടിൽ കിടക്കുന്നു.രണ്ടും പുരുഷന്മാർ ഉപയോഗിക്കുന്നതാണ്. മുറ്റത്തെ അയയിൽ ഒരു കുട്ടിയുടെ ഏതാനും ഡ്രസ്സുകൾ കഴുകിയിട്ടിട്ടുണ്ട്.
ഒന്നുകൂടി നിരുപമ കോളിംഗ് ബെല്ലിൽ വിരലമർത്തി. 

അകത്ത് ചുമരോട് ചേർന്ന് പൂർണിമ വെട്ടിവിറച്ച് നിൽപ്പുണ്ടായിരുന്നു. ബാഗുമെടുത്ത് ഹാളിൽ വന്നപ്പോൾ പൂർണിമ നിന്ന് വിറകൊള്ളുന്നത് രവികുമാർ കണ്ടു.ശബ്ദിക്കരുതെ ന്ന് പൂർണിമ ചുണ്ടിൽ വിരലമർത്തി.രവികുമാറിന് അപകടം മണത്തു.
അയാൾ വന്നു ജനൽ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി.
രവികുമാർ അസ്തപ്രജ്ഞരായി നിന്നുപോയി. 
മുറ്റത്ത് നിരുപമ നിൽക്കുന്നു.!
അയാൾ ഉൽക്കടമായ ആന്തലോടെ  പൂർണിമയെ നോക്കി. വാതിൽ തുറക്കരുതെന്ന് പൂർണിമ കൈയെടുത്ത് വിലക്കി. അറിഞ്ഞവൾ വരിക തന്നെ ചെയ്തു. എന്തുചെയ്യണമെന്ന് രവികുമാർ ഒരു രൂപവും ഉണ്ടായിരുന്നില്ല. നിസ്സഹായനായി അയാൾ പൂർണിമയെ നോക്കി. വാതിൽ തുറക്കാതിരുന്നപ്പോൾ അകത്ത് ആരുമില്ലെന്ന് നിരുപമക്ക് തോന്നി. എതിർവശത്തെ വീടുകളിലേക്ക് അവൾ നോക്കി.ആരെയും കണ്ടില്ല. അവിടെ താമസിക്കുന്നവർ ഉദ്യോഗസ്ഥരാണെന്ന് അവൾ കേട്ടിരുന്നു.


രവികുമാർ കർട്ടൻ വകഞ്ഞു നോക്കിയപ്പോൾ നിരുപമ നടന്നു പോകുന്നത് കണ്ടു. ഗേറ്റിന് പുറത്ത് ഇറങ്ങിയിട്ട് അവൾ ഗേറ്റ് അടച്ചിട്ട് ഒന്നുകൂടി നോക്കി.
" അവൾ പോയി."
 രവികുമാർ പറഞ്ഞു. 
ഒരു ദീർഘനിശ്വാസം ഉതിർത്ത് പൂർണിമ മുന്നോട്ടുവന്നു.
" ഇനി എന്ത് ചെയ്യും രവിയേട്ടാ...അവൾ അറിഞ്ഞു കഴിഞ്ഞു. എൻ്റെ മോളെ കണ്ടു കൊതി തീർന്നില്ല, അതിനു മുമ്പേ അവൾ എൻ്റെ പൊന്നുമോളെ കൊണ്ടുപോകും." 
പൂർണിമ കരയാൻ തുടങ്ങി.
"നമ്മൾ ആരാണെന്ന് അവൾ അറിഞ്ഞുകാണില്ല. വണ്ടി ഇവിടെ കിടക്കുന്നത് അറിഞ്ഞു വന്നത് ആവാനേ വഴിയുള്ളൂ. മകളുടെ കാര്യത്തിൽ അവൾക്കു ഉൽക്കണ്ഠ ഉണ്ടാവുമല്ലോ. ഇനിയും അവൾ വരും. ഞാൻ പറയുന്നത് നീ കേൾക്ക്,നമുക്ക് ഉടനെ തിരിച്ചുപോകണം. അക്കുനെയും മാളുവിനെയും വിളിച്ച് വിവരം പറയാം. പതിനാറിന് അവൾ ഷൂട്ടിങ്ങിനു പോകുമെന്നല്ലേ മോൾ പറഞ്ഞത്.അതുവരെ നമ്മൾ മാറി നിൽക്കുന്നതാ നല്ലത്..."
"പോകാം രവിയേട്ടാ."
 പൂർണിമ അത് പറയുമെന്ന് രവികുമാർ കരുതിയില്ല. 
പൂർണിമ വിറയ്ക്കുന്നുണ്ടായിരുന്നു.
" എന്നാൽ വേഗമാകട്ടെ.ഞാൻ മുകളിൽ പോയി നോക്കാം."
സ്റ്റെയറിന് നേരെ അയാൾ ഓടി. മുകളിൽ ചെന്ന്  നോക്കുമ്പോൾ നിരുപമ നടന്നകലുന്നത് കണ്ടു. അയാൾ താഴെ വന്നപ്പോൾ നിന്ന വേഷത്തിൽ ബാഗുമെടുത്ത് പൂർണിമയും എത്തി.
രണ്ടുപേരും പുറത്തിറങ്ങി വീട് പൂട്ടി. കീ ഒരു ചെടിച്ചട്ടിയിൽ താഴ്ത്തി വച്ചു. പൂർണിമ ഓടിച്ചെന്ന് ഗേറ്റ് തുറന്നു.കാർ പുറത്തിറങ്ങിയതും അവൾ ഗേറ്റ് അടച്ചു.  റോഡിലും എതിർവശത്തെ വീട്ടിലും ആരെയും കണ്ടില്ല ഇല്ല. 
കാർ പാഞ്ഞു പോയി.
 പ്രധാന റോഡിൽ കയറിയശേഷം അഖിലിനെ വിളിച്ചു രവികുമാർ വിവരങ്ങൾ പറഞ്ഞു.
" അവൾ 16ന് പോകും എന്നാ  മോൾ പറഞ്ഞത്.വീട്ടിൽ ആളില്ല എന്ന് കരുതിയ അവൾ പോയത്. നിരുപമ വീണ്ടും വരിക തന്നെ ചെയ്യും."
" അച്ഛനും അമ്മയും അതുവരെ മാറിനിൽക്കുന്നത് തന്നെയാ നല്ലത്. ഞാൻ മാളുവിനോട് സംസാരിച്ചിട്ട് വിളിക്കാം." 
കോൾ കട്ടായി. 
രവികുമാർ കാർ മുന്നോട്ടെടുത്തു. 
****
നിരുപമ തിരിച്ചു വന്നിട്ട് താഴെ ഹാളിൽ തന്നെ ഇരുന്നു. മനസ്സിൽ തോന്നിയ ഭയം മറ്റൊന്നുമായിരുന്നില്ല,  അവിടെ താമസിക്കാൻ വന്നവർ രവികുമാർ സാറോ പൂർണിമേച്ചിയോ ആയിരിക്കുമോ എന്ന് തന്നെയായിരുന്നു. എന്തായാലും നിഖില ഈ വിവരം അവരെ അറിയിക്കില്ല. 
പുറത്ത് കാറിൻ്റെ ശബ്ദം കേട്ടു.അനൂട്ടിയെ കൊണ്ട് വിട്ടിട്ട് ശ്രീനിവാസൻ വന്നിരിക്കുന്നു.
നിരുപമ പുറത്തേക്ക് വന്നപ്പോൾ ശ്രീനിവാസൻ കാറിൽനിന്നിറങ്ങി. അയാളുടെ മുഖത്ത് ഒരു കള്ള ലക്ഷണം ഫീൽ ചെയ്തു.
"നിങ്ങൾ നേരെ കോളേജിലേക്കാ ണോ പോയത് ? " 
നിരുപമ ചോദിച്ചു.
ആ ചോദ്യം അയാളെ കുഴക്കി.
"എന്താ മാഡം?"
"പോകുന്ന വഴിക്ക് വല്ല ഷോപ്പിലോ മറ്റോ കയറിയോ എന്നാ ചോദിച്ചത്."
നിരുപമയുടെ സ്വരം കടുത്തു. ശ്രീനിവാസന് 
കാര്യം ഉറപ്പായി. വണ്ടി അവിടെ കിടക്കുന്നത് ആരോ കണ്ടു. അത് മാഡം അറിഞ്ഞു കഴിഞ്ഞു.
" മാഡം ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.  കഴിഞ്ഞ ദിവസം മോളെയും കൊണ്ട് പോകുമ്പോൾ അവിടെ രണ്ടു മൂന്നു വീടുകൾ അപ്പുറം തീരെ പ്രതീക്ഷിക്കാതെ നാലഞ്ച് വയസ്സുള്ള ഒരു പെൺകുട്ടി സൈക്കിളിൽ റോഡിലേക്കിറങ്ങി.ഞാൻ വണ്ടി ചവിട്ടി നിർത്തി. പക്ഷേ കുട്ടി വന്ന് വണ്ടിയിൽ മുട്ടി താഴെ വീണു.പരിക്ക് ഒന്നുമില്ലായിരുന്നു. അവിടെ താമസിക്കുന്നവർ ഇറങ്ങിവന്നു. തെറ്റ് കുട്ടിയുടെ ഭാഗത്ത് ആയതിനാൽ പ്രശ്നമൊന്നും ഉണ്ടായില്ല. മോള് അവരുടെ വീട്ടിൽ പോയി സംസാരിച്ചു. ഇന്ന് അവിടെ എത്തിയപ്പോൾ വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ നിർത്താൻ കൂട്ടാക്കാതിരുന്നപ്പോൾ ഡോർ തുറന്ന് ചാടുമെന്ന് പറഞ്ഞു. ലോക്ക് ഉള്ളതുകൊണ്ട് ഡോർ തുറക്കാൻ പറ്റിയില്ല.ബാഗ് കൊണ്ട് എൻ്റെ തലയിൽ അടിച്ചപ്പോൾ വണ്ടി നിർത്തേണ്ടിവന്നു.ആ വീട്ടിൽ പോയി 10 മിനിറ്റ് കഴിഞ്ഞാ മോള് വന്നത്."
ജ്വലിച്ചു കൊണ്ട് നിരുപമ മുന്നോട്ടു വന്നു. 
"താൻ എന്താ അന്നു പറയാതിരുന്നത്?"
"ഈ വിവരം മമ്മി അറിഞ്ഞാൽ ഞാൻ മോളോട് അപമര്യാദയായി പെരുമാറി എന്ന പരാതി പറയുമെന്നും ഞാൻ ഓടിക്കുന്ന വണ്ടിയിൽ കയറില്ലെന്നും പറഞ്ഞു."
അവളത് പറയുമെന്ന് നിരുപമക്ക് ഉറപ്പായിരുന്നു.
"വേറെ പ്രശ്നമൊന്നും ഇല്ലാത്തതുകൊണ്ടാ ഞാൻ പറയാതിരുന്നത്."
" ഇന്നത്തെ സംഭവവും താൻ പറയുമായിരുന്നില്ലല്ലോ."
അയാൾ തലതാഴ്ത്തി.
"ആ വീട്ടുകാരെ പറ്റി എന്തെങ്കിലും വിവരം തനിക്കറിയാമോ? അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ?"
" അന്ന് ഏഴെട്ട് പേരുണ്ടായിരുന്നു .ഇന്ന് ഒരു സ്ത്രീയെ മാത്രമാ കണ്ടത്.മറ്റൊന്നും അറിയില്ല മാഡം."
" അവളോട് നമ്മൾ സംസാരിച്ച കാര്യം താൻ പറയരുത്." 
"ഇല്ല മാഡം "
നിരുപമ അകത്തേക്ക് പോയി. 

മൂന്നു മണി കഴിഞ്ഞപ്പോൾ അനുട്ടി വീട്ടിലെത്തി.  അവളുടെ ചലനങ്ങൾ വാച്ച് ചെയ്ത് നിരുപമ  നിഴൽ പോലും നടന്നു. 
  അവൾ ഫോണുമായി ബാൽക്കണിയിൽ  വന്നപ്പോൾ നിരുപമയും അവിടേക്ക് ചെന്നു.
"സുകൃതം എന്ന  വീട്ടിൽ നിൻ്റെ ആരാ ഉള്ളത്?"
 മുഖവുര ഇല്ലാതെ നിരുപമ ചോദിച്ചു.
ഓ..ആ ഡ്രൈവർ വന്നു കൊളുത്തിയോ."
 "അയാൾക്ക് പറയാതെ തന്നെ ഞാൻ അറിഞ്ഞു. അങ്ങോട്ട് വരികയും ചെയ്തു. അപ്പോഴേക്കും നീ പോയിരുന്നു."
 അവളുടെ കണ്ണുകളിൽ നോട്ടം കുത്തിയിറക്കി നിരുപമ നിന്നു.
"അവിടെ പോയെങ്കിൽ അവരെ പരിചയപ്പെട്ടു കാണുമല്ലോ.പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്?"
അനൂട്ടി മുഖംതിരിച്ചു.
" ഞാൻ ചെന്ന് കോളിംഗ് ബെൽ അടിച്ചിട്ട് ആരും വാതിൽ തുറന്നില്ല.പുറത്ത് ഒരു കാർ കിടപ്പുണ്ട്. അകത്ത്ആൾ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല. അതാ നിന്നോട് ചോദിച്ചത്. എനിക്ക് അറിയണം ഞാൻ അറിയാത്ത പരിചയക്കാർ നിനക്ക് ആരാന്ന്..."
"അവിടെ താമസിക്കുന്നത് രണ്ട് ബാങ്ക് എംപ്ലോയീസാ . വിവേകും മായ ചേച്ചിയും. അവരുടെ കുട്ടിയെ നമ്മുടെ കാർ തട്ടി. അങ്ങനെയാ പരിചയപ്പെട്ടത്."
" പിന്നെ നീ എന്തിനാ ഇന്ന് പോയത്?"
"ആ കുട്ടിക്ക് ചോക്ലേറ്റ് കൊടുക്കാൻ ഒന്ന് കയറി. അതെന്താ മഹാ അപരാധം ആണോ!"


"വേറെയും ആളുകൾ ആ വീട്ടിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞല്ലോ."
" അത് സോഫി ആൻ്റിയും ജെയിംസ് അങ്കിളുമാ.അവർ കാഞ്ഞിരപ്പള്ളിക്കാരാ. അവർ അവിടെ താമസിക്കാൻ വന്നവർ ഒന്നുമല്ല.ബിസിനസ്സുകാരാ അവരൊക്കെ."
സംശയിക്കാൻ മാത്രം ഒന്നുമില്ലെന്ന് നിരുപമക്ക് തോന്നി.
" പ്രായപൂർത്തിയായ ഒരു പെണ്ണാണ് ഞാൻ. എനിക്ക് സ്വാതന്ത്ര്യമില്ലേ.മറ്റുള്ളവരോട് മിണ്ടാനും സഹകരിക്കാനും.ഏതെങ്കിലും ആൺകുട്ടികളുടെ കൂടെ പോയാൽ ചോദിക്കാം. അതൊരു വീടല്ലേ.  അതും നെയ്ബർ. ഇവിടെയും കൊണ്ടുവന്ന എന്നെ അടിമയാക്കി വച്ചേക്കാം എന്ന് കരുതിയെങ്കിൽ വേണ്ട..."
അനൂട്ടി കയർത്തു. 
നിരുപമ അവളെ തറപ്പിച്ചു നോക്കി.
"ആരോടും അടുത്ത് ഇടപെടാതെ സെലിബ്രിറ്റിയായി ജീവിക്കാൻ അല്ല ഞാൻ ആഗ്രഹിക്കുന്നത്. എനിക്ക് അങ്ങനെ ഒരു ജീവിതവും വേണ്ട. ആളുകൾക്കിടയിൽ ജീവിക്കാനാ ഞാൻ ഇഷ്ടപ്പെടുന്നത്."
" നീ എത്ര തുളളിയാലും പഴയതിലേക്ക് നിന്നെ ഞാൻ വിടില്ല.ഇതൊക്കെ നിൻ്റെ ഓരോ അടവുകൾ ആണെന്ന് മനസ്സിലാക്കാൻ നിൻ്റെ മമ്മിയായ എനിക്ക് കഴിയും."
അനൂട്ടിയുടെ ഉടൽ വിറച്ചു.
"മമ്മി മക്കളെ വളർത്തേണ്ടത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ എൻ്റെ കൂടെ വാ... ഞാൻ കാണിച്ചു തരാം. സോഫി ആൻ്റിയും ജെയിംസ് അങ്കിളും അവരുടെ മക്കളോട് കാണിക്കുന്ന സ്നേഹം.  അവരുടെ ആരും അല്ലാഞ്ഞിട്ടും എന്നോട് കാണിച്ച സ്നേഹം നിങ്ങൾ കാണേണ്ടതായിരുന്നു."
 നിരുപമ തിരിഞ്ഞുനടന്നു. റൂമിൽ വന്നിട്ട് നിരുപമ ആർക്കിടെക്ട് ഹരിശങ്കറിനെ വിളിച്ചു. ആ കോളനിയിലെ  വീടുകൾ പണിതത്  അയാളാണ്.
"ഹായ് മാഡം."
 ആവേശമുള്ള സ്വരം മറുതലയ്ക്കൽ നിന്ന് വന്നു.
" ഇവിടെ സുകൃതം എന്നൊരു വീടുണ്ട് ഉണ്ട്."
"യെസ് മാം.ട്രാൻസ്ഫോമറിൻ്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് അല്ലേ.അത് യുകെയിൽ ഉള്ള ജോർജ് ഫെർണാണ്ടസിൻ്റ വീടാ. ആർക്കോ വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. എന്താ മാം എന്തായാലും പറയൂ."
"ആ വീട്ടിൽ ഇപ്പോൾ പുതിയ താമസക്കാരാ. വീട് വാടകയ്ക്ക് എടുത്ത ആളുടെ പേരും വിലാസവും അറിയാൻ പറ്റുമോ ഹരിശങ്കർ..."
"ഓഫ് കോഴ്സ്. ആ വീടിൻ്റെ ചുമതല  എൻ്റെ ഫ്രണ്ട് സേവിച്ചൻ അറയ്ക്കലിനാണ്. കക്ഷി എപ്പോഴും ടൂറിൽ ആയിരിക്കും. ലൈനിൽ കിട്ടിയാലുടൻ ഫുൾ ഡീറ്റെയിൽസ് ഞാൻ മാമിനെ അറിയിക്കാം. മാമിന് എന്തെങ്കിലും ന്യൂയിസെൻസ് ആയോ? എങ്കിൽ പറഞ്ഞാൽ മതി മണിക്കൂറിനുള്ളിൽ സേവിച്ചൻ ഒഴിപ്പിച്ചു വിടും."
"എനിക്ക് പ്രശ്നം ഉണ്ടായിട്ടല്ല. മോള് കോളേജിൽ പോയ വഴി വണ്ടിയിൽ  ആ വീട്ടിലെ കുട്ടി സൈക്കിൾ വന്നിടിച്ചു. മോളോട് അവർ മാന്യമായാ പെരുമാറിയത്. അവർ ആരാണെന്ന് അറിയാൻ ഒരു താല്പര്യം. എനിക്ക് അങ്ങോട്ട് പോകാൻ പറ്റില്ലല്ലോ."
" അവരെപ്പറ്റി എല്ലാ വിവരങ്ങളും ഞാൻ അറിയിച്ചു തരാം."
" താങ്ക്യൂ ഹരിശങ്കർ."
നിരുപമ കോൾ കട്ട് ചെയ്തു. അനൂട്ടി പറഞ്ഞ പേരുകൾ നിരുപമ ഓർത്തു. വിവേക് ,മായ, ജെയിംസ് അങ്കിൾ സോഫി ആൻ്റി..ഇവർക്ക് താൻ ഭയപ്പെടുന്ന മുഖങ്ങൾ ആവരുതേ!
* * *
സന്ധ്യയോടെ ഒരു ഊബർ ടാക്സിയിൽ അഖിലും മാളവികയും മകളും ഇടപ്പള്ളിയിലുള്ള സന്ദീപിനെ വീടിൻ്റെ ഗേറ്റ് കടന്ന് മുറ്റത്ത് ചെന്നുനിന്നു. 
വലിയ മുറ്റം ഉള്ള വീട് ആയിരുന്നു അത്. നിറയെ ചെടികൾ. സിറ്റൗട്ടിലേക്ക് നിഖിലയും സന്ദീപും ഇറങ്ങിവന്നു. പിന്നാലെ അവരുടെ പത്തു വയസ്സുള്ള മകൻ സച്ചിയും.കാറിൽ നിന്ന് ആദ്യം പുറത്ത് ചാടിയത് അമയ ആയിരുന്നു. അവൾ ചിരിച്ചു കൊണ്ട് ഓടി വന്നു. സന്ദീപിന്റെ  മുഖം വിടർന്നു. അയാൾക്ക് പെൺകുട്ടികളെ ആയിരുന്നു കൂടുതൽ ഇഷ്ടം.  പിറക്കാൻ പോകുന്ന കുഞ്ഞ് പെൺകുട്ടി ആകും എന്ന് ഉറപ്പിച്ചു പേര് വരെ കണ്ടെത്തിയിരുന്നു. പിറന്നത് ആൺകുട്ടിയും.
"മോളെ..." 
 സന്ദീപ് അവളെ ചേർത്ത് പിടിച്ചു.പിന്നെ സച്ചിയെ നോക്കി.
"നിൻ്റെ ഗേൾഫ്രണ്ട് വന്നെട. വിളിച്ചോണ്ട് പോ.."
കള്ളച്ചിരിയോടെ സച്ചി അവളെ നോക്കി. അമയ ചെന്ന് സച്ചിയുടെ കൈ പിടിച്ച് അകത്തേക്ക് ഓടി. അതുകണ്ടാണ് അഖിലും മാളവികയും ബാഗുകളുമായി കയറിവന്നത്.
" ഇവിടെ ഇങ്ങനെ ഒരു വീട് ഉള്ളപ്പോൾ നിങ്ങൾ ഫ്ലാറ്റ് തേടി പോകേണ്ട കാര്യമുണ്ടോ അളിയാ... ഒന്നുമല്ലേലും അളിയൻ്റെ പെങ്ങളുടെ ഷെയർ  കൂടിയിട്ട് ഉണ്ടാക്കിയ വീടല്ലേ."
 സന്ദീപ് എതിരേറ്റത് അത് പറഞ്ഞായിരുന്നു. 
"മാളു ചേച്ചി വാ.."
 നിഖില മാളവികയുടെ കയ്യിലിരുന്ന ബാഗ് വാങ്ങി.എല്ലാവരും അകത്തേക്ക് പ്രവേശിച്ചു.
" ഓഫീസിലേക്ക് പോയി വരാൻ ഉള്ള സൗകര്യം നോക്കിയാ അവിടെ തന്നെ ഫ്ലാറ്റ് നോക്കിയത് ."
 ഇരുന്നുകൊണ്ട് അഖിൽ പറഞ്ഞു. "വിവരങ്ങളൊക്കെ നീലു പറഞ്ഞു. മറ്റൊരു ഫാമിലിക്കൊപ്പം എങ്ങനാ അളിയാ.! ഗസ്റ്റുകൾ പോലും വരാൻ പാടില്ല.എന്നോട് ഒരു വാക്കു പറഞ്ഞെങ്കിൽ ഞാൻ വീട് ഏർപ്പാടാക്കി തരില്ലേ."
" കുറച്ച് ക്യാഷ് അഡ്വാൻസ് കൊടുത്തു.ഒരു മാസം അവിടെ കഴിഞ്ഞുകൂടണം. പിന്നെ മറ്റൊന്ന് അന്വേഷിക്കാം.
 "അളിയൻ ആദ്യം ഒന്ന് ഫ്രഷ് ആയിട്ട് വാ. നമുക്ക് മുകളിൽ ഇരിക്കാം. കണ്ടിട്ട് എത്ര കാലമായി."
നീലു മാളുന് റൂം കാണിച്ചുകൊടുക്ക്.
" വാ മാളു ചേച്ചി..."
 നിഖിലക്ക് ഒപ്പം മാളവിക നടന്നു.
"അളിയൻ ഫ്രഷ് ആയിട്ട് വാ. നിങ്ങൾ വരുന്ന വിവരം അറിഞ്ഞ് ഞാൻ വേണ്ട തയ്യാറെടുപ്പുകൾ ഒക്കെ നടത്തിയിട്ടുണ്ട്." 
സന്ദീപ് ചിരിച്ചു.
കുളികഴിഞ്ഞ് അഖിൽ ഡ്രസ്സ് ചെയ്തു  മുകളിൽ ചെന്നു. അവിടെ ബിയർ കുപ്പികളും ഗ്ലാസുകളും ടച്ചിങ്സും ഒരുക്കി സന്ദീപ് കാത്തിരിപ്പുണ്ടായിരുന്നു. സന്ദീപ് ബിയർ പൊട്ടിച്ചു രണ്ടു ഗ്ലാസിൽ സാവകാശം ഒഴിച്ചു തുടങ്ങി.നന്നേ തണുത്തതിനാൽ ഗ്ലാസിൽ മഞ്ഞുറഞ്ഞ് ചാലിട്ടൊഴുകാൻ തുടങ്ങി.
.ചിയേഴ്സ് പറഞ്ഞ് രണ്ടുപേരും അല്പം രുചിച്ചു.
" ഞാനൊരു കാര്യം പറഞ്ഞാൽ അളിയൻ അത് ചെവി കൊള്ളണം..."
 സന്ദീപ് ചുണ്ട് തുടച്ചു.
" അളിയൻ പറ..."
അഖിൽ കശുവണ്ടിപരിപ്പ് എടുത്ത് കോറിച്ചു. 
"നിങ്ങൾ കഴിയുന്ന ദിവസങ്ങൾ ഇവിടെ നിൽക്ക്.  രാത്രി വളരെ വൈകിയാൽ മാത്രം ഫ്ലാറ്റിൽ പോയി കിടന്നാ പോരെ."
 "അവിടത്തെ സൗകര്യം വച്ചുനോക്കുമ്പോൾ അളിയൻ പറയുന്നത് ശരിയാ."
അഖിൽ അതിനോട് യോജിച്ചു. നിരുപമ പോകുന്നതുവരെ താമസിക്കാൻ ഒരു ഹോട്ടൽ അന്വേഷിച്ചപ്പോഴാണ് സന്ദീപിൻ്റെ കോൾ വന്നത്.രണ്ടു പ്ലേറ്റിൽ ബീഫും ചിക്കനും ഫ്രൈ ചെയ്തുമായി നിഖിലയും മാളവികയും കയറിവന്നു.
" കുറേക്കാലം ഒറ്റപ്പെട്ട് കഴിഞ്ഞതല്ലേ. നിങ്ങൾ കൊച്ചിയിലെത്തിയ നിലയ്ക്ക് ഇവിടെയല്ലാതെ എവിടെ ചെന്ന് താമസിക്കാനാ.?"
 സന്ദീപ് ഗ്ലാസ് എടുത്തു.
"പതിനാറ് വരെ ഞങ്ങൾ ഇവിടെ ഉണ്ട്." 
മാളവിക പറഞ്ഞു.
"അതെന്താ പതിനാറിന് പ്രത്യേകത?"
നിഖില ചോദിച്ചു.
"പിന്നെ കുറച്ചുദിവസം ചാനലിൽ തിരക്കുപിടിച്ച ജോലിയാ. ഡ്യൂട്ടി രാത്രി വരെ നീളും."
 മാളവിക പറഞ്ഞു.
 നിനക്ക് ടിൻ ബിയർ വാങ്ങി വച്ചിട്ടുണ്ട്." 
സന്ദീപ്  മാളവികയെ നോക്കി. മാളവിക  ഫ്രിഡ്ജ് തുറന്ന് ഒരു ടീൻ ബിയർ ബോട്ടിൽ എടുത്തു പൊട്ടിച്ചു. നിഖില കൈ കെട്ടി നോക്കി നിന്നതേയുള്ളൂ.
" അളിയൻ ആ ചാനൽ പണി വിട്ടിട്ട് ഒരു മൂവി ചെയ്യ്. ഡോക്യുമെൻ്ററിക്ക് നാഷണൽ അവാർഡ് കിട്ടിയ ആളല്ലേ. അമ്മാവൻ സിനിമക്കാരൻ. പിന്നെന്താ മടിക്കുന്നത്." 
സന്ദീപ് ചോദിച്ചു.
" ഒരു സബ്ജക്ട് മനസ്സിലുണ്ട്....ചെയ്യണം..."
"നിരുപമ കൊച്ചിയിലുണ്ട്. അങ്കിൾ അല്ലേ അവളെ പൊക്കി കൊണ്ടുവന്നത്.  അവൾ ഡേറ്റ് തരാതിരിക്കോ.."
 സന്ദീപ് ആവേശം കാണിച്ചു.
മാളവിക നിഖിലയെ നോക്കി. നിഖിലയുടെ മുഖത്ത് ചോരവാർന്നു.
" നിരുപമ എറണാകുളത്ത് ഉണ്ടോ?"  മാളവിക ചോദിച്ചു.
" ആ... അവരുടെ മകൾ ഞങ്ങളുടെ കോളേജിൽ അല്ലേ പഠിക്കുന്നത്.നീലൂൻ്റെ സ്റ്റുഡൻറ്.ഒരു തല തെറിച്ച പെണ്ണ്..."
 സന്ദീപ് വിശദീകരിച്ചു. വീർപ്പുമുട്ടലിൽ നിഖില പുളഞ്ഞു. 
" മാളു ചേച്ചി വാ...
അവർ സംസാരിക്കട്ടെ. "
നിഖില തിരിഞ്ഞുനടന്നു.
"ആ  പെണ്ണിൻ്റെ കാര്യം പറഞ്ഞാ അവൾ ഇങ്ങനെയാ."
 ബിയർ പകർന്നുകൊണ്ട് സന്ദീപ് പറഞ്ഞു. മാളവിക അഖിലിനെ നോക്കി.  അവൻ താടി ഉഴിഞ്ഞു. മാളവിക താഴെ ചെന്നു. കുട്ടികളുടെ കളിയും ചിരിയും ഡ്രോയിങ് റൂമിൽ കേൾക്കാം.
കിച്ചണിൽ നിഖില നിൽപ്പുണ്ടായിരുന്നു. 
"സത്യമാണോ നീലു നീ പറഞ്ഞത്?"
"സത്യം തന്നെ..എന്തിന് അവൾ മോളെയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുത്തു എന്ന് അറിയില്ല. ഞാൻ അവളെ നേരിൽ കണ്ടു ഇവിടുന്ന് മോളെയും കൊണ്ട് പോകാൻ പറഞ്ഞതാ. കേൾക്കാൻ ഭാവമില്ല. ആ പെണ്ണിൻ്റെ മുഖം കാണുമ്പോൾ എനിക്ക് വിറഞ്ഞു കയറും. ക്ലാസ് എടുക്കാൻ പോലും കഴിയുന്നില്ല. ഇതൊക്കെ ഞാൻ ആരോട് പറയും.. സന്തു അറിഞ്ഞാൽ ഒരു ഭൂകമ്പം തന്നെ ഉണ്ടാകും.  നിങ്ങൾ കാണുന്നത് പോലെ ഒന്നും അല്ല സന്തു. എനിക്ക് പ്രഷർ താങ്ങാൻ വയ്യ."
"നീയെന്താ ഇതൊന്നും ഞങ്ങളോട് പറയാതിരുന്നത്?"
 മാളവിക ആരാഞ്ഞു.
" പേടിച്ചിട്ട് തന്നെ..അമ്മ അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അറിയാലോ.മോളെ കാണാൻ പാഞ്ഞു വരും. നിങ്ങൾ  ഇക്കാര്യം വീട്ടിൽ അറിയിക്കല്ലെ.... എല്ലാ കൊടുങ്കാറ്റും കെട്ടടങ്ങി എന്ന് കരുതിയതാ. അധികകാലമൊന്നും അവൾ ഇവിടെ ഉണ്ടാവില്ല.സുഖവാസം പോലെ വന്നതാവും." 
"എങ്കിൽ മോളെ കോളേജിൽ ചേർക്കോ? അവൾ എങ്ങനെയുണ്ട് സുന്ദരിയാണോ?" "എനിക്ക് ഭ്രാന്തായി നിൽക്കാ. മാളു ചേച്ചിക്ക് ചോദിക്കാൻ ഇങ്ങനത്തെ ചോദ്യമെ ഉള്ളോ?"
നിഖില കൈ ചുരുട്ടി കിച്ചൻ സ്ലാബിൽ തല്ലി.
* * *
    മാഗസിൻ വായിച്ച് കട്ടിലിൽ ചാരി നിരുപമ  ഇരുന്നു. സെല്ല് റിംഗ് ചെയ്തപ്പോൾ ഫോൺ എടുത്തു നോക്കി. ആർക്കിടെക്ട് ഹരി ഹരിശങ്കറിൻ്റെ കോളാണ്. സുകൃതത്തിലെ താമസക്കാരെ പറ്റിയുള്ള ഡീറ്റെയിൽസ് പറയാനാണ് വിളിക്കുന്നതെന്ന് നിരുപമക്ക് മനസ്സിലായി. നിരുപമയുടെ മനസ് തുടിച്ചു.
" ഹലോ ഹരിശങ്കർ.."
 "മാം.. അവിടത്തെ താമസക്കാരെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ട്." നിരുപമയുടെ ഹൃദയതാളം  പെരുമ്പറ പോലെയായി.
(തുടരും)

Read more: https://emalayalee.com/writer/217

Join WhatsApp News
Ashkar 2022-05-27 15:03:25
ഓരോ അദ്ധ്യായം കഴിയുമ്പോഴും കൂടുതല്‍ ഉദ്വേഗഭരിതമാകുന്നു.. എഴുത്തിന്റെ മാന്ത്രികത വായനക്കാരനെ പിടിച്ചിരുത്തുന്നു..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക