Image

മുഖം ഇല്ലാത്തവർ (ബാംഗ്ലൂർ ഡേയ്‌സ്: ഹാസ്യനോവല്‍ -7: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 27 May, 2022
മുഖം ഇല്ലാത്തവർ (ബാംഗ്ലൂർ ഡേയ്‌സ്: ഹാസ്യനോവല്‍ -7: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

കഴിഞ്ഞുപോയ ഒരാഴ്ച ജോർജ്‌കുട്ടിയും ഞാനും വലിയ  തിരക്കിലായിരുന്നു.ജോലി കഴിഞ്ഞു  വന്നാൽ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു.അത്  കാരണം ഞങ്ങൾ ചീട്ടുകളിയും പൊതുജനസമ്പർക്കവും വളരെ നിയന്ത്രിച്ചു.  
ഒരു ചായയും കുടിച്ചു് വൈകുന്നേരം ഞാനും ജോർജ്‌കുട്ടിയും കുറച്ചുസമയം  നടക്കാൻ പോകും.

എന്തുകൊണ്ടോ രണ്ടുമൂന്ന് ദിവസമായി ജോർജ്‌കുട്ടിക്ക് ഒരു മൗനം.സാധാരണയായി എന്തെങ്കിലും വിഷയങ്ങൾ  കണ്ടുപിടിച്ചു് ചർച്ച നടത്താൻ മുൻകൈ എടുക്കുന്ന ജോർജ്‌കുട്ടിക്ക് ഇപ്പോൾ  മിണ്ടാട്ടമില്ല.

എന്തുപറ്റി ഇയാൾക്ക് എന്ന് പലതവണ ഞാൻ ചോദിക്കാൻ തുടങ്ങിയതാണ്.

എന്തോ പ്രശനം ഉണ്ട് എന്നതിൽ സംശയമില്ല.

"തന്നോട് ഒരു കാര്യം പറയാനുണ്ട്.സാധാരണപോലെ തമാശ ആയി കാണരുത്."ജോർജ്‌കുട്ടി മൗനംവെടിഞ്ഞു.

"ഏയ്,എന്താ കാര്യം? എന്തുപറ്റി?ഞാൻ സീരിയസ്സാണ് ."

"ഞാൻ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടു."

"മിടുക്കൻ;എന്നിട്ട് ?"

"എന്നിട്ട് എന്താ?അത്രതന്നെ."

"ബാക്കികൂടി പറയൂ.ഏതു ഗൗഡരുടെ മകളാണ് എന്നുകൂടി പറയു".ഞാൻ വെറുതെ ഒരു നമ്പർ ഇട്ടു.

"അപ്പോൾ എല്ലാം താൻ അറിഞ്ഞോ?"

"എല്ലാം അറിയുന്നവൻ ഞാൻ.പറയൂ എന്നിട്ട് എന്ത് സംഭവിച്ചു?"

"അവൾ എന്നെ കാണുമ്പൊൾ ചിരിക്കും."

"അത്രയും ചീപ്പ് ആണോ അവൾ?"

"അതെന്താ താൻ  അങ്ങനെ പറയുന്നത്?"

"എടോ ,തന്നെ കണ്ടാൽ ആരും ചിരിച്ചുപോകും.സംശയമുണ്ടെങ്കിൽ താൻ ഒരു കണ്ണാടി എടുത്ത് അതിൽ തൻ്റെ മുഖം ഒന്ന് നോക്ക്.എനിക്ക് ചിരിവരുന്നുണ്ടെങ്കിലും ഞാൻ കടിച്ചുപിടിച്ചു് അങ്ങ് സഹിക്കുകയാണ്."

ജോർജ്‌കുട്ടിക്ക് ഞാൻ പറഞ്ഞ തമാശ ഇഷ്ടപ്പെട്ടില്ല എന്ന് മുഖത്ത് നോക്കിയാൽ അറിയാം. പിന്നെ ജോർജ്‌കുട്ടി ഒന്നും പറഞ്ഞില്ല.

ഞങ്ങൾ നടന്ന് ഇന്നർ സർക്കിളിന് അടുത്തെത്തിയിരുന്നു.അവിടെ നമ്മളുടെ കവി പരുന്തും കൂട് ശശി ഏതാനും ആളുകളുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നു.

"അയാൾ അറിഞ്ഞാൽ കവിത എഴുതും.ബാക്കി പിന്നെപറയാം".ജോർജ്‌കുട്ടി പറഞ്ഞു.

"നമ്മളുടെ കൊല്ലം രാധാകൃഷ്ണൻ ഒരു കഥ തേടി നടക്കുകയാണ്,കഥാപ്രസംഗത്തിന്. ചിരിക്കുന്ന പൂതന എന്ന പേര് എങ്ങനെയുണ്ട്?".ഞാൻ ചോദിച്ചു.

കാണാത്ത  ഭാവത്തിൽ ഞങ്ങൾ  നടക്കാൻ തുടങ്ങിയതാണ്.പക്ഷേ,കവി ഞങ്ങളെ  കണ്ടു കഴിഞ്ഞു.കവിയുമായി അല്പസമയം വർത്തമാനം പറഞ്ഞുകൊണ്ട് നിന്നു.പരുന്തുംകൂട് അയാൾ എഴുതിയ ഒരു പുതിയ കവിത ചൊല്ലിക്കേൾപ്പിച്ചു.

ഒരു മറുനാടൻ മലയാളി ഒരു ഗൗഡരുടെ മകളെ പ്രേമിച്ചതായിരുന്നു ഇതിവൃത്തം.അതുകൊണ്ടുതന്നെ ജോർജ്‌കുട്ടിക്ക് കേട്ടുനിൽക്കാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു. തിരിച്ചുപോരുമ്പോൾ .ജോർജ്‌കുട്ടി പിന്നെ ആ വിഷയത്തെക്കുറിച്ചു ഒന്നും സംസാരിക്കാൻ എന്തുകൊണ്ടോ ഉത്സാഹം കാണിച്ചില്ല.

വെള്ളിയാഴ്ച വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്.ശനിയും ഞായറും അവധി ദിവസങ്ങളായതുകൊണ്ട്  വളരെ സമയം ചീട്ടുകളിച്ചിരുന്നു.

ചീട്ടുകളിയുടെ ഉസ്‌താദ്‌ ആണ് സെൽവരാജൻ.ഒരു പാക്കറ്റ് ചീട്ടുകാണിച്ചു് സെൽവരാജനെ വീഴ്ത്താം.വാരാന്ത്യം ആയതുകൊണ്ട് ഉറങ്ങാൻ കിടക്കുന്നത്  താമസിച്ചാണങ്കിലും പ്രശനമില്ല.വൈകി  എഴുന്നേറ്റാൽ മതിയല്ലോ, എന്ന് വിചാരിച്ചാണ് ഉറങ്ങാൻ കിടന്നത്..

ഏതായാലും കാലത്തു്  എഴുന്നേൽക്കണ്ട എന്ന സമാധാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഞാൻ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അതിരാവിലെ എഴുന്നേൽക്കേണ്ടിവന്നു.

ജോർജ് കുട്ടി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡിയാകുന്നു. ഞാൻ ചോദിച്ചു,"കാലത്തു്  എന്താ പരിപാടി?ഗൗഡരുടെ മകളെ കാണാൻ പോകുവാണോ?"

"ഇന്ന് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നു."

"ഇവിടെ.?"

"അതെ.ഇവിടെ."

"എന്തിന് ?".

"എടോ ,താൻ  ഇങ്ങനെ ജീവിച്ചാൽ മതിയോ?ആത്മീയകാര്യങ്ങൾ കൂടി നോക്കേണ്ടതല്ലേ?അത് ചർച്ച ചെയ്യാനാണ് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നത്. കൂടെ ഒരു പത്തു പതിനഞ്ചു പേരും കാണും."

"തനിക്കെന്താ ഭ്രാന്തുണ്ടോ?".

"ചൂടാകാതെ,ഈ ബിഷപ്പിന് .കിരീടവും തൊപ്പിയുമൊന്നും ഇല്ല.പാവം ബിഷപ്പാണ്.ഒരു ജീൻസും പിന്നെ ഒരു ടി ഷർട്ടും,മാത്രം."

"മാത്രം?"എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.

ജോർജ് കുട്ടി പറഞ്ഞ ബിഷപ്പിനെ  എനിക്ക് മനസ്സിലായി.ചിലപ്പോൾ ഒരു മുറിബീഡിയും വലിച്ചു മൂളിപ്പാട്ടും പാടി കക്ഷത്തിൽ കുറെ വാരികകളും ഇറുക്കിപ്പിടിച്ചു് നടക്കുന്നവൻ എന്ത് ബിഷപ്പ്?അതായിരുന്നു മനസ്സിൽ.

ജോർജ് കുട്ടി പറഞ്ഞു,"വേറെ ചില സഭകളിലാണെങ്കിൽ എങ്ങനെ ജീവിക്കേണ്ടതാണ് ,പാവം വിധിച്ചട്ടില്ല."

എനിക്ക് രസകരമായിട്ടു തോന്നിയത്,കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെ സെൻറ്  ജോസെഫ്‌സ് ചർച്ചിൽ ജോർജ് കുട്ടി കുർബാന കാണാൻ വന്നു. മുൻപത്തെ ആഴ്ചയിൽ അൾസൂറുള്ള ഓർത്തഡോൿസ് സഭയുടെ ട്രിനിറ്റി ചർച്ചിൽപോയി.ഇപ്പോൾ CSI  സഭയുടെ ബിഷപ്പിനെ ക്ഷണിച്ചിരിക്കുന്നു.ജോർജ് കുട്ടി  പെന്തകോസ്റ്റ് സഭ  വിഭാഗത്തിൽപെട്ട ആളാണെന്ന്  എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.

"ഇത് നല്ല തമാശ .താനെന്താ ഓന്താണോ?"

"അതാണ് എൻ്റെ ബുദ്ധി.എല്ലാവരും പറയുന്നു,അവർ പറയുന്നതാണ് ശരി,അവരുടെ സഭയാണ് ശരി,സത്യം എന്നെല്ലാം.പരമമായ സത്യം എന്താണന്നു അറിയില്ലല്ലോ.അതുകൊണ്ട് എല്ലാ ഗ്രൂപ്പിലും അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേക്കാം."

ജോർജ് കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ കൊള്ളാം.

ബിഷപ്പ് ദിനകരനെ ഞാൻ ഒരിക്കൽ  പരിചയപ്പെട്ടിരുന്നു.

ഒരു പത്തുപതിനഞ്ച്  ആളുകളുമായി പത്തുമണിയായപ്പോൾ ദിനകരൻ വന്നു.എല്ലാവർക്കും  കൂടി ഇരിക്കാൻ സൗകര്യം കുറവായതുകൊണ്ട് ജോർജ് കുട്ടിയുടെ റൂമിൽ ഉറപ്പിച്ചുവച്ചിരുന്ന കശുമാവിൻ്റെ  ചോട്ടിൽ  നിലത്തു ഷീറ്റുവിരിച്ചു ഇരുന്നു.ജോർജ്‌കുട്ടി എല്ലാവർക്കും കട്ടൻ കാപ്പി തയ്യാറാക്കി കൊടുത്തു.

രണ്ടാഴ്ചകഴിഞ്ഞു അവിടെ നടക്കാൻ പോകുന്ന ബൈബിൾ കൺവെൻഷൻ എങ്ങിനെ നടത്തണം എന്നതാണ് ചർച്ച വിഷയം.

കൺവെൻഷനിൽ പാടുന്ന  പാട്ടുകൾക്ക് ഗിറ്റാറിസ്റ്റ്  ജോർജ് കുട്ടിയാണ്.കീബോർഡ് വായിക്കാൻ എൻ്റെ  പേര് ജോർജ് കുട്ടി നിർദ്ദേശിച്ചു .എനിക്ക് കീബോർഡ് അറിയില്ല എന്ന് പറയുമ്പോൾ ഇങ്ങനെയല്ലേ  അറിയുന്നത് എന്നാണ് മറുപടി.

എങ്ങനെയെങ്കിലും തല ഊരണം,

 ഞാൻ പരിചയപ്പെട്ട ഒരു വാഴക്കുളം കാരൻ ജോസ് അവരുടെ പള്ളിയിൽ പെരുന്നാളിന് ഗാനമേള നടത്തിയ കാര്യം പറഞ്ഞതു ഓർമ്മിച്ചെടുത്തു.ജോസ് ഹാർമോണിയം വായിക്കും മറ്റൊരു സുഹൃത്ത്,വയലിൻ, ഒരു ടാക്സി ഡ്രൈവർ തബല,അങ്ങനെ അവർ നടത്തിയ ഒരു പ്രോഗ്രാമിനെക്കുറിച്ചു ജോസ് പറഞ്ഞിരുന്നു.

എല്ലാവരും പാട്ടുകാർ.കുറ്റം പറയരുതല്ലോ,ആരും അതിനുമുൻപ് സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ.യാതൊരു ഉപകരണങ്ങളും ഉപയോഗിച്ചിട്ടില്ലാത്തവർ.

അവർക്ക് പാടണമെന്ന് തോന്നി.പുതിയതായി വന്ന വികാരിയച്ചനെ ചാക്കിട്ടു പിടിച്ചു കിട്ടിയതാണ് അവസരം.അവർ നന്നായിട്ട് പാടും എന്ന് പറഞ്ഞത് വികാരി അച്ചൻ വിശ്വസിച്ചു. 

അവരുടെ പരിപാടിയിൽ അവസാനം  ആയിരുന്നു ആദ്യം എന്നുപറയാം.ഒന്നും സംഭവിച്ചില്ല.കാരണം ആദ്യത്തെ  രണ്ടുമിനിട്ടു "ബലികുടീരങ്ങളെ "പാടിയപ്പോഴേ ,"എന്നെ കല്ലെറിയല്ലേ ",എന്നുപറഞ്ഞു    വികാരിയച്ചൻ  അവരെ അവിടെ നിന്നും രക്ഷപെടുത്തി.

ഞാൻ പറഞ്ഞു,"ജോസിനോട് ചോദിക്കാം."

ജോസിനോട് ചോദിച്ചപ്പോൾ ജോസ് എപ്പോഴേ റെഡിയാണ്. "ഇങ്ങനെയാക്കെയല്ലേ കലാകാരൻമാർ ജനിക്കുന്നത്?"

മൈക്ക് ഓപ്പറേറ്റർ ഓഡിയോ കാസറ്റ്  പ്ലേ ചെയ്യും.. സ്റ്റേജിലിരിക്കുന്നവർ വെറുതെ ലൈവ് ആണെന്ന് അഭിനയിക്കുക.

അതായത്‌ നമ്മളുടെ ജനപ്രിയ സിനിമാതാരങ്ങൾ വിദേശത്തുനടത്തുന്ന പ്രോഗ്രാമുകൾ പോലെ തന്നെ.റെക്കോർഡ് ചെയ്ത പ്രോഗ്രാമുകൾക്ക് ചുണ്ടുകളുടെ ചലനം  ശരിയായി കൊടുക്കാൻ പരിശീലനം ചെയ്യും.ഇതും    അതുപോലെ ലൈവ് ആണെന്ന് തോന്നിക്കുന്നതരത്തിൽ അഭിനയിക്കണം.

ജോസും ജോർജ് കുട്ടിയും മൂന്നു ദിവസവും നന്നായിട്ടു അഭിനയിച്ചു.

പ്രകടനം വൻ വിജയമായി.രണ്ടുപേർക്കും പോക്കറ്റ്മണിയായി നല്ലൊരു തുക ലഭിച്ചു.കിട്ടിയ കാശുമായി വിനായക ബാറിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി.

ഞങ്ങളുടെ കൂടെ വഴിയിൽ വച്ച് പരുന്തിൻകൂട് ശശിയും അച്ചായനും സെൽവരാജനും ജോസും കൂടിയിരുന്നു.എല്ലാവരും ജോർജ്‌കുട്ടിയുടെ ഗിത്താർ വായനയെ പ്രശംസിച്ചു.അവർക്ക് ആർക്കും യാഥാർഥ്യം അറിഞ്ഞുകൂട.

രണ്ട് പെഗ്ഗ് ഉള്ളിൽ ചെന്നപ്പോൾ  ജോർജ്‌കുട്ടി കരയാൻ തുടങ്ങി,സങ്കടം സഹിക്കാനാകുന്നില്ല

മഹാകവി പരുന്തിൻകൂട്  കാര്യം തിരക്കി.ജോർജ്‌കുട്ടി വഴിയിൽ വച്ച് കണ്ട പെൺകുട്ടി ചിരിച്ച കാര്യം വിശദീകരിച്ചുതുടങ്ങി.അതോടൊപ്പം സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ ഞാൻ പറഞ്ഞത് എടുത്തുപറയുകയും ചെയ്തു.

"മാത്യു,താൻ  അങ്ങനെ പറഞ്ഞത് ശരിയായില്ല".

എല്ലാവരും അത് ഏറ്റുപിടിച്ചു.ഒരു സുഹൃത്തിനോട് അങ്ങനെ പറയാൻ പാടുണ്ടോ?എല്ലാവരും ഒന്നിച്ചു നിന്നു. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് എനിക്കും തോന്നി,ഞാൻ ഒരു വിശദീകരണത്തിന് ശ്രമിക്കുകയായിരുന്നു 

അപ്പോൾ സെൽവരാജൻ  കയ്യിലിരുന്ന ഗ്ലാസ് ശക്തിയിൽ മേശയിൽ വച്ചു..എന്നിട്ട് സീറ്റിൽ എഴുന്നേറ്റുനിന്നു,

"നിങ്ങൾ പറയുന്ന പെൺകുട്ടിയെ എനിക്കറിയാം."

"ങേ,അവൾ തന്നെയും നോക്കി ചരിച്ചോ?"

"ഞാനും വിചാരിച്ചത് അവൾ എന്നെ നോക്കി ചിരിക്കുന്നതാണ് എന്നാണ്.എന്നാൽ അത് ആത്മാർത്തമായ   ചിരിയല്ല."

"പിന്നെ?"

"അവളുടെ പല്ല് പൊന്തിയിരിക്കുന്നതുകൊണ്ട് ചിരിക്കുന്നതാണ് എന്ന് തോന്നുന്നതാണ്."

"ചിരിയിലും മായം?"കവി പരുന്തിൻകൂട് ചോദിച്ചു.

പെട്ടന്ന് ജോർജ്‌കുട്ടി എഴുന്നേറ്റ് കൈ കഴുകാനായി പോയി.ജോർജ്‌കുട്ടിക്ക് എന്തുപറ്റി എന്ന ചിന്തയിൽ ഞാൻ ഇരുന്നു.പെട്ടന്ന് കൈ കഴുകാൻപോയ ജോർജ്‌കുട്ടി നിലവിളിച്ചു,"ഓടിവായോ".

എല്ലാവരുടെയും തലയ്ക്ക്,ചൂട് പിടിച്ചിരുന്നു.ഓടി ആദ്യം ചെന്നത് സെൽവരാജൻ ആണ്.ജോർജ്‌കുട്ടി എന്തോ അയാളോട് പറഞ്ഞു.രണ്ടുപേരും ഒന്നിച്ചു നിലവിളിച്ചു,"ഓടിവായോ "

"എന്താ,എന്തുപറ്റി?"ഞങ്ങൾ എല്ലാവരും ഒന്നിച്ചു ചോദിച്ചു.

"എൻ്റെ മുഖം കാണുന്നില്ല."ജോർജ്‌കുട്ടി.

"എൻ്റെ  മുഖവും കാണുന്നില്ല.സംശയമുണ്ടെങ്കിൽ ദാ ഈ കണ്ണാടിയിൽ നോക്ക്."

കൈ കഴുകുന്നിടത്തു് വാഷ് ബെയ്‌സിന് മുൻപിൽ  ഉള്ള വലിയ കണ്ണാടിയിൽ നോക്കുമ്പോൾ അവരുടെ മുഖം കാണുന്നില്ല.മുഖത്തിൻ്റെ  ഭാഗത്തു ഒന്നും ഇല്ല.

ലഹരിയിൽ അച്ചായൻ പറഞ്ഞു,"പാവം സെൽവരാജൻ.ഇനി എങ്ങനെ അവൻ മറ്റുള്ളവരുടെ മുഖത്തു നോക്കും?"

"ഞാനും മുഖമില്ലാത്തവനായി.തനിക്ക് ഒരു വിഷമവും ഇല്ലേ ദുഷ്ട്ടാ.ഒന്നിച്ചു താമസിക്കുന്ന സുഹൃത്തിന് മുഖമില്ല എന്നറിഞ്ഞിട്ടും  ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഇരിക്കുന്ന  ദുഷ്ടൻ."എന്നെ നോക്കി ജോർജ്‌കുട്ടി പറഞ്ഞു.എന്താണ് സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല.

"ചുരുക്കത്തിൽ തലയില്ലാത്തവരായി നിങ്ങൾ എന്നല്ലേ മനസ്സിലാക്കേണ്ടത്?"കവിയുടെ സംശയം തീരുന്നില്ല.

ബഹളം കേട്ട് ബാർ  മാനേജർ കോശി ഓടി വന്നു.

"അടിച്ചു പൂസ്സായിട്ടു മണ്ടത്തരം പറയുന്നോ?അവിടെയുണ്ടായിരുന്ന കണ്ണാടി ഇന്നലെ ഒരുത്തൻ അടിച്ചുപൊട്ടിച്ചു.ഇപ്പോൾ അവിടെ ആ കണ്ണാടിയുടെ  ഫ്രെയിം മാത്രമേ ഉള്ളൂ"

"അങ്ങനെയാണെങ്കിൽ  ഞാൻ നോക്കുമ്പോൾ ജോർജ്‌കുട്ടിയെ കാണണ്ടേ?ഞാൻ കാണുന്നില്ലല്ലോ"സെൽവരാജൻ.

"മുഖത്തെ കൂളിംഗ് ഗ്ലാസ് ഊരിമാറ്റാടാ തെണ്ടി.ഇരുട്ടത്ത്  കൂളിംഗ് ഗ്ലാസ്സും  വച്ച് നിൽക്കുന്നു".

"നമ്മൾ കഴിച്ചത് വ്യാജ മദ്യം ആണോ എന്ന് ഒരു സംശയം.എനിക്ക് കണ്ണുകാണാൻ കഴിയുന്നില്ല."കവി പരുന്തിൻകൂട് പറഞ്ഞു.

"എനിക്കും "അച്ചായൻ സപ്പോർട്ട് ചെയ്തു.

"കോശി,ഇത് ഞങ്ങളോട് വേണ്ടായിരുന്നു."ജോസ് .

"നിങ്ങൾക്കെന്താ വട്ടുണ്ടോ?ഇപ്പോൾ കറണ്ട് പോയതാ".കോശി പറഞ്ഞു.

"എങ്കിൽ ഞാനൊരു കവിത ചൊല്ലാം."കവി പരുന്തിൻകൂട് കവിത ചൊല്ലാൻ ആരംഭിച്ചു.

ആരോ പതുക്കെ പറഞ്ഞു,"ഓടിക്കോ".

വെളിച്ചം വന്നപ്പോൾ മഹാകവി പരുന്തിൻകൂട് മാത്രമുണ്ട്.

ബാർ മാനേജർ കോശി പറഞ്ഞു,"എല്ലാവരെയും താൻ അല്ലേ ഓടിച്ചുവിട്ടത്?ബില്ല് തന്നിട്ട് താൻ  പോയാൽ മതി."

 (contd)

read more: https://emalayalee.com/writer/219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക