ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത നീതി മരിച്ചുകഴിയുമ്പോള്‍ കിട്ടുന്ന മായാജാലം !.അത് നമ്മള് കേരളക്കാര്‍ക്കു മാത്രമേ ഇത്ര ഉളിപ്പില്ലാതെ പറയാന്‍ പറ്റൂ.അതികഠിനമായ ദേഹോപദ്രവം ചെയ്തും അപമാനിച്ചും മരണത്തിലേക്കു തള്ളിവിട്ടവനെ കോടതി ശിക്ഷിച്ചപ്പോള്‍ അവള്‍ക്ക നീതി കിട്ടിയത്രേ !.പറയുന്നത് വെറുതാക്കാരല്ല.സ്വന്തം അച്ഛനും അമ്മയും.മകള്‍ക്ക് നീതി കിട്ടുക മാത്രമല്ല ,അവളുടെ ആത്മാവിന് ശാന്തിയും കിട്ടിയത്രേ..ചെയ്യേണ്ട കാര്യങ്ങള്‍ തക്ക സമയത്ത് ചെയ്യാന്‍ മാതാപിതാക്കള്‍ ധൈര്യം കാണിക്കാതിരുന്നതിനാല്‍ ജീവിതം അവസാനിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കുറ്റബോധം മറയ്ക്കാന്‍ പറയുന്ന വെറുംവാക്ക് ! അല്ലാതെ മറ്റൊരു അര്‍ത്ഥം അതിനില്ല.
മലയാളിയെ വിസ്മയിപ്പിച്ചുകൊണ്ട്, പ്രമാദമായ ഒരു കേസില്‍ വിധിയുണ്ടായിരിക്കുന്നു,വിസ്മയക്കേസില്..സാധാരണ നിലയില്‍ വിചാരണ കഴിഞ്ഞ് വിധി പറയാന്‍ വര്‍ഷങ്ങളെടുക്കുന്ന നാട്ടില്‍ സംഭവം നടന്ന് ഒറ്റ വര്‍ഷത്തിനുള്ളില്‍ വിധി പറഞ്ഞത് നമ്മളെ ആശ്വസിപ്പിക്കുന്നു.വിസ്മയ വിവാഹിതയായത് 2020 മേയ് 31 ന്.ജീവനൊടുക്കിയത് 2021 ജൂണ്‍ 21 ന്.പ്രാണനൊടുക്കുമ്പോള്‍ അവള്‍ക്ക് വയസ്സ് 24.പഠിക്കാന്‍ സമര്‍ത്ഥ,അതീവസുന്ദരി.. 101 പവനും കാറും ഒന്നേകാല്‍ ഏക്കര്‍ ഭൂമിയും നല്കി വിവാഹം കഴിപ്പിച്ച മാതാപിതാക്കള്‍ക്ക് ഒരു വര്‍ഷം തികയും മുമ്പേ തിരിച്ചു കിട്ടിയത് മകളുടെ ശവശരീരം.
' പാട്ടവണ്ടിയും വേസ്റ്റ് പെണ്ണും '.കൈ നനയാതെ കിരണെന്ന ഭര്‍ത്താവിനു കിട്ടിയ കാറിനെ പറ്റിയാണ് പാട്ടവണ്ടിയെന്ന സംബോധന.101 പവനില്‍ കുളിച്ച് ഉടുത്തൊരുങ്ങി അതിസുന്ദരിയായി വിവാഹമണ്ഡപത്തില്‍ തന്റെ താലിയ്ക്കു കഴുത്തുനീട്ടിത്തന്ന പെണ്ണാണ് വേസ്റ്റ് പെണ്ണ്. ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്,ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാത്രമായ ഒരുത്തന് ഇത്ര അഹമ്മതി പാടുണ്ടോ..തനിക്കിഷ്ടപ്പെട്ട ഒരു കാര്‍ വാങ്ങാന്‍ പോലും പാങ്ങില്ലാതെ ,വധുവിന്റെ അച്ഛന്റെ ദയയില്‍ കാറു കിട്ടിയ ഒരാണിനും ഞെളിയാന്‍ അര്‍ഹതയില്ല.''എന്റെ മകള്‍ക്ക് ഞാന്‍ ഇത്രയുമൊക്കെയാണ് കൊടുത്തത്.നിങ്ങളുടെ മകള്‍ക്കും അതു തരുമെന്നാണ് കരുതുന്നത് '' എന്ന് കിരണിന്റെ അച്ഛന് പറഞ്ഞപ്പോള്‍ത്തന്നെ അയാളെ മടക്കി വിടേണ്ടതിനു പകരം പറഞ്ഞതെല്ലാം കൊടുക്കാമെന്ന വാക്കു നല്കി.പയ്യന് ' കൊതിച്ച ' കാര്‍ കോവിഡ് കാരണം കിട്ടാതായെങ്കിലും പകരം നല്ലൊരു കാര്‍ അച്ഛന് സമയത്തു തന്നെ വാങ്ങി നല്‍കുകയും ,ചെയ്തു.എന്തുചെയ്യാം ,അത് പാട്ടവണ്ടിയായിപ്പോയി.അതങ്ങനെയാണ്.മേലനങ്ങാതെ കിട്ടിയതാണല്ലോ,വല്ലവനും വിയര്ത്തുണ്ടാക്കിയതിന് വില കാണില്ലല്ലോ.വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍നായര്‍ വര്‍ഷങ്ങളോളം ഗള്‍ഫില്‍ ഉരുകി പണിതെടുത്തുണ്ടാക്കിയ പണം വെറുതെ കിട്ടുന്ന ഒരുത്തന് വിലയില്ല.ആ പെണ്‍കുട്ടിയോട് വിവാഹത്തിനു തൊട്ടുമുമ്പ് ഈ ആര്‍ത്തിപണ്ടാരം പരാതിപറയുന്നത് വോയ്സ് ക്ളിപ്പിറങ്ങിയിരുന്നു.അതിങ്ങനെ,
''ഹോണ്ടാ സിറ്റി വേണമെന്നല്ലേ ഞാന്‍ പറഞ്ഞത്,അതിന് വില കൂടും .നിങ്ങടെ എച്ചിത്തരം കണ്ടപ്പോഴേ മനസ്സിലായി അതൊന്നും തരാനുള്ള പാങ്ങില്ലെന്ന്.അവസാനം വെന്റോ എടുത്തുകരാമെന്നു പറഞ്ഞിട്ട് ഈ പാട്ട സാധനം എടുത്തുകൊണ്ടു വച്ചത്?.അപ്പോഴേ എന്റെ കിളിയങ്ങു പറന്നു.കല്യാണം വേണ്ടാന്നു വച്ചാല്‍ എന്നെ എല്ലാവരും വഴക്കു പറയത്തില്ലിയോ ...'' ഇത്ര ഉളിപ്പില്ലാത്ത സ്ത്രീധന തെണ്ടല് നമ്മള് ഇതിനു മുമ്പ് കേട്ടിട്ടില്ല.
വിസ്മയയുടെ മരണത്തിനു കാരണം യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ക്കു പറ്റിയ അബദ്ധമാണ്.അവരാണ് കുറ്റവാളികള്‍.വിവാഹ നിശ്ചയത്തിനു ശേഷം,വിവാഹം നടക്കുന്നതിനു മുന്‍പുതന്നെ ,വിസ്മയയെ പ്രതിശ്രുതവരന് മര്‍ദ്ദിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.വിവാഹത്തില്‍നിന്നു പിന്മാറാന് തക്ക കാരണമായി അത് ആ അച്ഛനമ്മമാര്‍ക്ക് തോന്നിയില്ല!.വിവാഹത്തലേന്ന് വീട്ടിലെത്തിയ പയ്യന്റെ മുന്നില്‍ തിളങ്ങിക്കിടന്ന പുത്തന്‍ വണ്ടിനോക്കി ' പാട്ട വണ്ടി ' പ്രയോഗം നടത്തിയപ്പോഴും അപമാനിതരായപ്പോഴും അവര്‍ കണ്ണടച്ചു.വിവാഹദിനം തൊട്ട് പെണ്‍കുട്ടിയെ വാക്കുകള്‍കൊണ്ട് അപമാനിച്ചപ്പോഴും അത് വീട്ടിലറിയിച്ചപ്പോഴും അച്ഛനമ്മമാര്‍ മൗനം പാലിച്ചു.കൂട്ടുകാരികളുടെ മുന്നില്‍ വച്ച് പരസ്യമായി മര്‍ദ്ദിച്ചപ്പോഴും യാത്രയ്ക്കിടയില്‍ കാറിലിട്ട് പലവട്ടം ദേഹോപദ്രവം ഏല്‍പ്പിച്ചപ്പോഴും അവളത് വീട്ടിലറിയിച്ചതാണ്.ബൂട്സുകൊണ്ട് മുഖത്ത് ചവിട്ടിപ്പിടിക്കുന്നതായിരുന്നേ്രത അയാളുടെ ഇഷ്ട വിനോദം.അനുഭവിച്ച അതിക്രൂരപീഢനങ്ങളെപ്പറ്റി അച്ഛനോട് കരഞ്ഞുപറയുന്നതും സാരമില്ല മോളെ എന്നാശ്വസിപ്പിക്കുന്നതും വോയ്സ് ക്ളിപ്പുകളായി മാലോകര്‍ കേട്ടു.കിരണിനെതിരെ അതൊക്കെ ശക്തമായ തെളിവുകളായി.തന്റെ കുഞ്ഞ് ഇത്രയും പീഢനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഭര്‍ത്തൃഗൃഹത്തില്‍ കഴിയുന്നതെന്നറിഞ്ഞ അച്ഛന് അവിടെ ചെന്ന് മാന്യമായി മകളെ വിളിച്ചിറക്കിക്കൊണ്ടു വരാന്‍ തന്റേടമില്ലാതായത് എന്തു കൊണ്ടാണ് ?.അതാണ് മലയാളിയുടെ കാപട്യം.മാലോകര്‍ എന്തു പറയുമെന്ന തോന്നല്‍.സമൂഹത്തിന്റെ മുന്നില്‍ നാണംകെടാതിരിക്കാന്‍ മകളെ കുരുതി കൊടുത്തു.
മരിച്ച മകളെക്കാള്‍ വിവാഹമോചിതയായ മകളാണ് നല്ലതെന്ന തോന്നല്‍ മലയാളി മാതാപിതാക്കള്ക്കുണ്ടാകാത്തിടത്തോളം കാലം ഇവിടെ ഇത്തരം സ്ത്രീധനമരണങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും.ഒരു പെണ്‍കുട്ടി അപമാനിതയും മര്ദ്ദനമേറ്റവളുമായി മാതാപിതാക്കള്ക്കരികിലെത്തുമ്പോള് അവള്‍ക്കൊപ്പം നില്ക്കുന്നതിനു പകരം ചട്ടിയും കലവുമാണേല് തട്ടീം മുട്ടീമിരിക്കുമെന്ന പഴഞ്ചൊല്ലില്‍ പിടിമുറക്കി തിരിച്ചയയ്ക്കുന്ന വൃത്തികെട്ട കാഴ്ച..മകന് വിവാഹം ചെയ്യുമ്പോള്‍ കല്യാണം കഴിക്കുകയും മകളുടെ കാര്യത്തില്‍ 'കെട്ടിച്ചയയ്ക്കുക'യും 'കെട്ടിച്ചുവിടു 'കയുമാണ് മലയാളി ഇപ്പോഴും.വിവാഹം കഴിഞ്ഞാല്‍ സ്വന്തം വീട്ടില്‍ അവള് വിരുന്നുകാരിയായിക്കഴിഞ്ഞു.ചെന്ന വീട്ടില്‍ നേരിടുന്ന ക്രൂരതകള്‍ പറഞ്ഞാലും സാരമില്ല,ഒക്കെ ശരിയാകുമെന്നു പറഞ്ഞ് അവളെ വീണ്ടും ആ പുലിമടയിലാക്കിക്കൊടുക്കുന്ന കുറേ അച്ഛനമ്മമാര്‍.ഒടുവില്‍ മകളുടെ ചേതനയറ്റ ശരീരം ഒരു പെട്ടിയില്‍ തിരിച്ചെത്തുമ്പോള്‍ 'തന്തപ്പുലി 'സടകുടയുകയായി.കേസായി,കോടതിയായി.ചാനലുകളുടെ മുന്നില്‍ മകളനുഭവിച്ച ക്രൂരതകളെപ്പറ്റി വാചാലരാകുന്ന നാണംകെട്ട കാഴ്ച.ഇതിപ്പോള്‍ കേരളത്തിലെ സ്ഥിരം കാഴ്ചകളാണ്.
ഒരു പെണ്‍കുട്ടി ഭര്‍ത്തൃഗൃഹത്തില്‍നിന്ന് സ്വന്തം വീട്ടിലെത്തി അവളനുഭവിച്ച ദുരന്തങ്ങളും ശരീരത്തിലെ മുറിവുകളും കാണിച്ച കരയുമ്പോള്‍ അവളെ ചേര്‍ത്തു പിടിക്കാന്‍ അച്ഛനമ്മമാരല്ലാതെ ആരാണുള്ളത്.മകള്‍ ഭര്‍ത്താവുമായി പിണങ്ങിവന്നു നില്‍ക്കുന്നത് പുറംലോകമറിയുന്നതില് എന്തിനു നാണിക്കണം.സ്വന്തം വീട്ടിലെ കാരണവര്‍ അച്ഛനാണ്.തീരുമാനമെടുക്കേണ്ടത് അച്ഛനും അമ്മയും മക്കളും ചേര്‍ന്നാണ്.അല്ലാതെ ബന്ധുക്കള്‍ക്കും അമ്മാവന്മാര്ക്കും ചെറിയച്ഛന്മാര്ക്കും അപ്പൂപ്പന്മാര്ക്കും നിരങ്ങാനുള്ളതല്ല നമ്മുടെ വീട്.അവര്‍ അവരുടെ വീട് ഭരിച്ചോട്ടെ.പെണ്ണിനെ പറഞ്ഞുവിട്ടില്ലെങ്കില്‍ കുടുംബത്തിന്റെ മാനം പോകുമെന്നൊക്കെ ഉപദേശിക്കുന്ന ബന്ധുക്കളുണ്ട്.പെണ്‍കുട്ടിയുടെ ശവശരീരം വീട്ടിലെത്തുമ്പോള്‍ മാനം കൂടുമോ ആവോ..അപ്പോള്‍ ഈ ഉപദേശകാരെ മഷിയിട്ടുനോക്കിയാല്‍ കാണില്ല.അവര്‍ക്കൊട്ടു നോവുകയുമില്ല.കാരണം അവരുടെ മകളല്ലല്ലോ ജീവനൊടുക്കിയത്.
വിവാഹമോചനം ഒരു നാണക്കേടല്ല.നാണക്കേടില്‍നിന്നുള്ള രക്ഷപ്പെടലാണത്.ആണിന്റെ ആത്മാവു തന്നെയാണ് പെണ്ണിനുമുള്ളത്.അവന്റെ ശരീരം നോവുന്നതുപോലെ തന്നെയാണ് പെണ്ണിനും നോവുന്നത്.അവന്റെ അഭിമാനം പോലെ തന്നെയാണ് പെണ്ണിനും.പെണ്ണിന്റെ അപ്പന് കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തില്‍ കണ്ണും നട്ട് ഉളിപ്പില്ലാതെ ഇരന്നു വാങ്ങിയ കാറില്‍ കറങ്ങുന്ന ആണുങ്ങള്‍ക്കെന്ത് അഭിമാനം.പൊരുത്തമില്ലാത്ത രണ്ടുപേര്‍ ഒരു കൂരയ്ക്കുകീഴില്‍ ജീവിതകാലം മുഴുവന്‍ കീരിയും പാമ്പുമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് പിരിയുന്നതാണ്.അവര്‍ക്കുണ്ടാവുന്ന മക്കള്‍ മാതൃകയാക്കുന്നത് വഴക്കിടുന്ന അച്ഛനമ്മമാരുടെ പോരാട്ടമാണ്.തന്നെ വേണ്ടാത്തവനെ ,സ്നേഹിക്കാത്തവനെ ,മര്ദ്ദിക്കുന്നവനെ വേണ്ടന്നു വയ്ക്കാന്‍ തന്റേടം പെണ്ണിനുണ്ടാവണം.എന്നിട്ട് സ്വന്തം കാലില്‍നിന്ന് അന്തസ്സോടെ മാന്യതയോടെ ജീവിച്ചു കാണിക്കണം.അതിനാണ് മാതാപിതാക്കള്‍ ഒപ്പം നില്‍ക്കേണ്ടത്.ചേര്‍ത്തു പിടിക്കേണ്ടത്.
ഈ വലിയ ലോകത്തിന്റെ ഒരു മൂലയില്‍ ജീവിച്ചുപോകാന്‍ അവള്‍ക്കും അവകാശമുണ്ട്.വിദ്യാഭ്യാസമുണ്ടോ,അവള് ജോലി ചെയ്ത് സ്വയം പോറ്റിക്കോളും.പെണ്ണായി ജനിച്ചുപോയതിനാല്‍ അടികൊണ്ടു ജീവിതം ഒടുക്കേണ്ടവളല്ല പെണ്ണ്.ഒരു കാറുപോലും പെണ്‍വീട്ടുകാര്‍ വാങ്ങിക്കൊടുക്കാതെ സ്വന്തമായി വാങ്ങാന്‍ നിവൃത്തിയില്ലാത്ത കോന്തന്മാര്ക്ക് മകളെ കൊടുക്കരുത്.
എന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടി തന്റെ അനുഭവം പങ്കു വച്ചു.വളരെ വിദൂരത്തില്നിന്നുള്ള സംസാരമായിരുന്നു.അവള് വിവാഹമോചിതയാണ്.വിദ്യാസമ്പന്ന.നന്നേ ചെറുപ്പം.ഭര്‍ത്താവുമായി അകന്നു നിന്ന കാലം തൊട്ടേ അവള് എന്നോട് സങ്കടം പങ്കിടുമായിരുന്നു.അവളെ ആവോളം ചേര്‍ത്തു പിടിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുമുണ്ട്.
''ചേച്ചി സര്‍വ്വതും തകര്‍ന്നെന്നു തോന്നിയ ഒരു രാത്രി .അദ്ദേഹവുമായി ചേര്‍ന്നുപോകാന്‍ ഒരുവിധത്തിലും കഴിയില്ലെന്നുറപ്പിച്ച ദിവസം.ഞങ്ങള്‍ പിരിഞ്ഞുതാമസിച്ചു തുടങ്ങിയിരുന്നു.കിടപ്പുമുറിയിലെ ഫാനില്‍ സാരി കെട്ടി.കസേര പിടിച്ചിട്ടു കയറി നിന്നു.നാളെ എന്റെ ബോഡി ഈ വീടിന്റെ ഉമ്മറത്തു കൊണ്ടു വയ്ക്കുമല്ലോ എന്ന് സങ്കടത്തോടെ ഓര്‍ത്തു.എന്നെ കാണാന്‍ വരുന്നവരുടെ മുഖം മനസ്സിലെത്തി.വയസ്സായ എന്റെ പാവം അച്ഛനും അമ്മയും എന്റെ ശരീരത്തിന്റെ മുന്നിലിരുന്ന കരയുന്ന കാഴ്ച പെട്ടെന്ന് മനസ്സിലേക്കോടിയെത്തിയതും ഞാന്‍ വലിയ വായില്‍ കരഞ്ഞുകൊണ്ട് ചാടിയിറങ്ങി.ഉറക്കെയുറക്കെ കുറെനേരം കരഞ്ഞു.ആരെയാണ് ഞാന്‍ ആത്മഹത്യയിലൂടെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ ...അവരെ കരയിക്കാന്‍ മനസ്സു വന്നില്ല '',അതാണ് മകള്‍..ഈ മകള്‍ക്കൊപ്പം നമ്മളല്ലാതെ മറ്റാരാണ് നില്ക്കുക.നമ്മളല്ലാതെ അവളെ ചേര്‍ത്തുപിടിക്കാന്‍ ഈ ലോകത്തില്‍ മറ്റാരാണുള്ളത്.
രസകരമായി തോന്നിയ മറ്റൊരു കാര്യം ജഡ്ജി വിധി പ്രസ്താവിക്കും മുമ്പ് പറയാനുള്ളതെന്താണെന്ന് വിസ്മയയുടെ ഭര്‍ത്താവ് കിരണിനോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ്.
''വീട്ടില്‍ അയാള്‍ക്ക് പ്രായമായ അച്നമ്മമാര്‍ ഉണ്ടത്രേ.്.അവരെ നോക്കേണ്ട ചുമതല തനിക്കാണ്.അച്ഛന് ഒര്മക്കുറവുമുണ്ട്..!''
ഇതൊന്നും വിസ്മയയ്ക്കില്ലായിരിക്കും.പിന്നെ അച്ഛന് ഓര്‍മക്കുറവുണ്ടെന്ന് ചുമ്മാതെ പറഞ്ഞതല്ല. വിസ്മയയുടെ വീട്ടുകാരുടെ അപ്പീല്‍ മുന്നിലുണ്ട്.അപ്പോള്‍ അച്ഛനു രക്ഷപ്പെടാം-ഓര്മക്കുറവാണല്ലോ.കൂടുതല്‍ സ്ത്രീധനത്തിനു വേണ്ടി ആ വീട്ടില്‍ മരുമകളെ അതിക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ എല്ലാം കണ്ടുനിന്ന അച്ഛനമ്മമാരാണത്,മരുമകളുടെ വീട്ടുകാരോട് സ്ത്രീധനം ഉളിപ്പില്ലാതെ ചോദിച്ചു വാങ്ങാന്‍ മുന്‍കൈയ്യെടുത്ത അച്ഛനാണത്.മാതാപിതാക്കള്‍ നന്നായാല്‍ മക്കളും നന്നാകും.അച്ഛനമ്മമാരുടെ സംസ്കാരം മക്കളില്‍ പ്രതിഫലിക്കും.
ഇപ്പോള്‍, വിസ്മയ മരിച്ച് ഒരാണ്ടായപ്പോള് ,അവളുടെ ഭര്‍ത്താവിനെ കഠിന തടവിന് ശിക്ഷിച്ചപ്പോള്‍ മാതാപിതാക്കള്‍ ഉള്‍പ്പടെ എല്ലാവരും പറയുന്നു,അവളുടെ ആത്മാവിന് നീതി കിട്ടിയെന്ന്.എന്തു മണ്ടത്തരമാണ് പറയുന്നത്.മരിച്ചു കഴിഞ്ഞാല്‍ എന്താത്മാവി,എന്തു നീതി.എന്തു ശാന്തി..?മരിച്ചുകഴിഞ്ഞവളുടെ ആത്മാവിന് ഒരു കോടതി വിചാരിച്ചാല്‍ നീതി നല്കാനാവുമോ ?.ഈ ലോകത്തില്‍ വച്ചാണ് നമ്മള്‍ക്ക് നീതിയും ശാന്തിയുമൊക്കെ കിട്ടേണ്ടത്.ചത്തു കഴിഞ്ഞല്ല.വിസ്മയ അവളുടെ അതി കഠിനമായ ജീവിത സാഹചര്യം പറഞ്ഞപ്പോള്‍ ഓടിച്ചെന്ന് അവളെ വിളിച്ചോണ്ടു വന്ന് ആശ്വസിപ്പിച്ചിരുന്നെങ്കില്‍ !. തുടക്കം മുതലേ അവളേയും തങ്ങളേയും അപമാനിച്ചവന്റെ താലി വലിച്ചെറിഞ്ഞ് അവനെ പടിയിറക്കിയിരുന്നെങ്കില് !.എങ്കില്‍ ആ കുട്ടി ഇപ്പോള്‍ സന്തോഷത്തോടെ ഈ ഭൂമിയില്‍ അച്ഛനമ്മമാര്‍ക്കൊപ്പം ജീവിച്ചിരുന്നേനെ.ഇിതിപ്പോള് മരിച്ചവള്‍ക്കു നീതി കിട്ടിയെന്ന് മാധ്യമങ്ങളോടു പ്രസ്താവിക്കുന്നതു കാണുമ്പോള്‍ എനിക്ക് പുച്ഛം തോന്നുന്നു.
ആ പെണ്‍കുട്ടിയോട് നീതി കാണിക്കാതിരുന്നത് അച്ഛനമ്മമാരാണ്.അവളെ മരണത്തിനു വിട്ടുകൊടുത്തത് നിങ്ങളാണ്.അന്നിത്തിരി ധൈര്യം കാണിക്കാത്ത നിങ്ങളാണ് തെറ്റുകാര്‍.മരണം വരെ നിങ്ങളുടെ മനസാക്ഷി അത് ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.ഇവിടം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.തന്റേടമില്ലാത്ത കുറേ അച്ഛനമ്മമാരുടെ പെണ്മക്കള് ഇനിയും ആത്മഹത്യ ചെയ്യും.ഇതിങ്ങനെ തുടരും.മകള്‍ക്കൊപ്പം നില്ക്കാനായില്ലെങ്കില് അവള് ഒരു നാള് ഒരു പെട്ടിയില്‍ നിങ്ങളെ തേടിയെത്തും.മകളെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കുക.അവള്‍ക്ക് നമ്മളല്ലാതെ മറ്റാരാണ് ഈ ലോകത്തിലുള്ളത്.
read more: https://emalayalee.com/writer/188