
Read Mag format: https://profiles.emalayalee.com/us-profiles/dr-mv-pillai/
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=264036_Dr%20MV%20Pillai.pdf
ഡോ.എം.വി.പിള്ള:
വാഗ്മി, എഴുത്തുകാരൻ, ഭിഷഗ്വരൻ, ക്രാന്തദർശി
മലയാളികളുടെ 'സ്വകാര്യ അഹങ്കാരം'
മീട്ടു റഹ്മത്ത് കലാം
ഡോ. എം.വി. പിള്ളയെ ഏതെങ്കിലും സ്റ്റേജിൽ പരിചയപ്പെടുത്തുമ്പോഴോ ബ്രോഷറിൽ പേര് വയ്ക്കുമ്പോഴോ സാധാരണ ഉപയോഗിക്കാറുള്ള ഒരു വിശേഷണമാണ് 'അമേരിക്കൻ മലയാളിയുടെ സ്വകാര്യ അഹങ്കാരം.' വ്യക്തി എന്ന നിലയിൽ വിനയാന്വിതനെങ്കിലും സമൂഹം കല്പിച്ചു തന്ന ഈ അംഗീരത്തില്പരം മറ്റെന്താണ് ഒരാൾക്ക് നേടാനാകുക?
കലയും സാഹിത്യവും കൈമുതലായ കൈനിക്കര കുടുംബത്തിൽ നിന്ന് വരുന്നതിനാൽ അദ്ദേഹത്തെ മികവുറ്റ ഭിഷഗ്വരനായി കാണുമ്പോൾ തന്നെ എഴുത്തുകാരനും വാഗ്മിയുമായി സമൂഹം വിലയിരുത്തുന്നു. രണ്ട് മലയാളം പുസ്തകം പ്രസിദ്ധീകരിക്കുകയും മാധ്യമങ്ങളിൽ തുടർച്ചയായി ലേഖനങ്ങളും മറ്റും എഴുതുകയും ചെയ്യുമ്പോഴും താൻ സാഹിത്യകാരനൊന്നുമല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷെ ജനം അത് അംഗീകരിക്കുന്നില്ല.
നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസജീവിതത്തിനിടയിലും കേരളത്തിന്റെ സംസ്കാരത്തെയും ഭാഷയെയും നെഞ്ചോട് ചേർക്കുന്ന അദ്ദേഹം, സ്വതസിദ്ധമായ നർമ്മം കൊണ്ട് രോഗികൾക്കും ഉറ്റവർക്കും പകരുന്ന സാന്ത്വനം ചികിത്സാവൈദഗ്ധ്യം പോലെ തന്നെ പേരുകേട്ടതാണ്.
കാൻസർ ചികിത്സാവിദഗ്ധനും തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറും ലോകാരോഗ്യസംഘടനയുടെ ബ്രെസ്റ്റ് കാൻസർ ഇനിഷ്യേറ്റീവ് കൺസൾട്ടന്റുമായ ഡോ.എം.വി.പിള്ള ഏതൊരു സമ്മേളനത്തിലും മുഖ്യ പ്രാസംഗികനാകാൻ സഘാടകർ ആഗ്രഹിക്കുന്ന വാഗ്മിയാണ്. ഒരർത്ഥത്തിൽ അമേരിക്കൻ മലയാളികൾക്കിടയിലെ ഒരേ ഒരാൾ.
നടി മല്ലികാസുകുമാരന്റെ സഹോദരൻ, നടന്മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റേയും അമ്മാവൻ, മോഹൻലാലിന്റെ ബാല്യകൗമാരങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന കുടുംബസുഹൃത്ത് എന്നീ വിശേഷണങ്ങൾ കേരളത്തിലെ സാധാരണക്കാർക്ക് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ജിജ്ഞാസ വളർത്തുന്ന ഘടകങ്ങളാണ്.
ചങ്ങനാശേരി സ്വദേശിയായ കൈനിക്കര മാധവൻ പിള്ളയുടെയും ഹരിപ്പാട് സ്വദേശിനി ജി. തങ്കമ്മയുടെയും പുത്രനായ എം.വി. പിള്ള (മാധവൻ വേലായുധൻ പിള്ള) വളർന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്താണ്. 1950 ൽ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരുന്നു.
ഇത്യയിൽ കാൻസറിന് ഏകീകൃത ചികിത്സ രീതി ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ കീഴിൽ നടപ്പാക്കാനുള്ള പ്രോജക്ടിന് നേതൃത്വം നല്കിയതിനുള്ള അംഗീകാരമായി പ്രസിഡന്റ് എ.പി.ജെ. അബ്ദുൽ കലാമിൽ നിന്ന് അവാർഡ് ലഭിച്ചത് അവിസ്മരണീയ അനുഭവമായി ഡോ. പിള്ള കരുതുന്നു.
മെഡിസിനിൽ 1990 -ലെ നൊബേല്‍ സമ്മാന ജേതാവായ ഡോ.ഇ. ഡൊനാല്‍ തോമസും അദ്ദേഹത്തിന്റെ പത്നിയും (ഡോറത്തി തോമസ്) ആയിരുന്നു ജീവിതത്തിലും കരിയറിലും ഏറ്റവും വലിയ മെന്റോർ. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്റെ പിതാവായാണ് അദ്ദേഹം അറിയപ്പെടുന്നത്. "മഹാത്മാഗാന്ധിയുടെ ആരാധകനായ അദ്ദേഹം ഇന്ത്യാക്കാരനായ എന്നെ സഹോദരനെപ്പോലെ സ്‌നേഹിച്ചു. ഡോറത്തിയും അതുപോലെ തന്നെ. എന്റെകൂടെ ഇന്ത്യയിലും കേരളത്തിലും വരാനിരുന്ന വര്‍ഷം സ്‌ട്രോക്ക് വന്ന് അദ്ദേഹം നിര്യാതനായി. ഉറച്ച വ്യക്തിബന്ധങ്ങള്‍ കേരളവുമായി നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഭാഗ്യം."
മൂന്നു കേരള മുഖ്യമന്ത്രിമാരുമായി വ്യക്തിബന്ധമുണ്ടായിരുന്നു. അമേരിക്കയിൽ മുഖ്യമന്തി കെ. കരുണാകരന്റെ ചികിത്സക്ക് നേതൃത്വം കൊടുത്തു. ഇടക്കിടെ അദ്ദേഹം വീട്ടിൽ അതിഥിയായി എത്തുകയും ചെയ്തിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയാകും മുൻപേ ചികിത്സ സംബന്ധിച്ച് ബന്ധപ്പെട്ടിരുന്നു.
സാഹിത്യകാരന്മാരായ എം.ടി., ഓ.എൻ.വി തുടങ്ങിയവരുടെ സന്ദർശനത്തിലാണ് ഭാഷക്കൊരു ഡോളർ എന്ന ആശയം രൂപം കൊണ്ടത്. അത് ഫൊക്കാന ഏറ്റെടുത്തു നടപ്പാക്കി.
പ്രേംനസീർ മുതൽ ഒട്ടേറെ നടന്മാരുമായി വ്യക്തിബന്ധങ്ങളുണ്ടായിരുന്നു. ഇപ്പോഴാകട്ടെ അനന്തരവന്മാർ പ്രമുഖ താരങ്ങളായി
ഹാസ സാഹിത്യകാരൻ സുകുമാർ അതിഥിയായി എത്തിയപ്പോൾ ചിരി അരങ്ങ് എന്ന ആശയം രൂപം കൊണ്ടു . അതും ഫൊക്കാനയിലും ഫോമയിലും മികച്ച പരിപാടിയായി.
തിരുവിതാംകൂർ ഇളയരാജയിൽ നിന്ന് ലഭിച്ച ബഹുമതിയും കേരള ഗവർണർ ആദരപൂർവം നൽകിയ ഡിന്നറും രാഷ്ട്രപതിയുടെ അവാർഡുമൊക്കെ ജന്മനാട്ടിൽ നിന്നു ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളായി കാണുന്നു.
ജീവിത ദര്ശനവും കർമ്മമേഖലകളും അദ്ദേഹം ഇ-മലയാളിയോട് വിശദീകരിക്കുന്നു.
കോവിഡിനെ നേരിട്ടത് എങ്ങനെ?
വാസ്തവത്തിൽ മറ്റെല്ലാ മനുഷ്യരെയും പോലെ, കോവിഡ് ഓർക്കാപ്പുറത്ത് കിട്ടിയ ഒരടിയായിട്ടാണ് എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും അനുഭവപ്പെട്ടത്. 2019 ഡിസംബർ ഒടുവിൽ നാട്ടിലേക്ക് പോയി. ഞാൻ എല്ലാ കൊല്ലവും ഡിസംബർ മുതൽ ഫെബ്രുവരി പകുതി വരെ നാട്ടിലായിരിക്കും. കാലാവസ്ഥകൊണ്ട് കേരളത്തിൽ തങ്ങാൻ അനുയോജ്യം ആ സമയമാണെന്ന് തോന്നിയിട്ടുണ്ട്. ക്രിസ്മസ്-ന്യൂഇയർ എന്നിങ്ങനെ ധാരാളം അവധികളും ആ സീസണിൽ ലഭിക്കുമല്ലോ. അപ്പോഴാണ് കോവിഡിന്റെ തേർവാഴ്ച ആരംഭിക്കുന്നത്.
ഓരോ ദിവസവും പുതിയ പുതിയ വാർത്തകൾ കേൾക്കുമ്പോൾ മറ്റെല്ലാവരിലും ഉണ്ടായതുപോലെ ഞങ്ങളിലും ഒരുപാട് സംഭ്രമമുണ്ടായി. ഫ്ളൈറ്റുകളൊക്കെ റദ്ദാക്കി. മടക്കയാത്ര അനിശ്ചിതത്വത്തിലേക്ക് നീങ്ങി. ആർക്കും എപ്പോൾ വേണമെങ്കിലും പിടിപെടാവുന്ന ഒരു രോഗം. അന്ന് വാക്സിനൊന്നും ഇറങ്ങിയിട്ടില്ലെന്നോർക്കണം. എല്ലാവരും അനുവർത്തിച്ച നയം തന്നെയാണ് ഞങ്ങളും കൈക്കൊണ്ടത്. ഗവണ്മെന്റും ശാസ്ത്രലോകവും നിർദ്ദേശിച്ച മാർഗ്ഗങ്ങൾ പിന്തുടരുക മാത്രമാണ് നമുക്ക് ചെയ്യാനുണ്ടായിരുന്നത്. മാസ്ക് ധരിച്ചും കൈകഴുകിയും സാമൂഹിക അകലം പാലിച്ചും വലിയ കൂട്ടങ്ങളിലൊന്നും ചെന്നുപെടാതെ ശ്രദ്ധിച്ചും ചെറിയ അസുഖമായാലും നിസാരമായി തള്ളാതെ കോവിഡാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയും പൊതുവായി എല്ലാവരും അംഗീകരിച്ച കുറേ കാര്യങ്ങൾ ഞങ്ങളും ചെയ്തു.
ഏതായാലും, നമ്മളെയൊക്കെ ഭൂമിയിലേക്ക് അയച്ച ശക്തി മുകളിലുണ്ടല്ലോ. പല പേരിൽ നമ്മൾ വിളിക്കുന്ന ആ ശക്തി, നമ്മളെ തിരിച്ചുവിളിക്കുമ്പോൾ പോകാതെ തരമില്ല. അതിനിടയിൽ, നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു തീർക്കുക."Tie the camel and pray to Allah"എന്ന് പറയുംപോലെ ഒട്ടകത്തെ കെട്ടിയിട്ട ശേഷം ദൈവത്തോട് പ്രാർത്ഥിച്ചു. കോവിഡ് എന്ന രോഗത്തിന്റെ പ്രധാന സവിശേഷത അതിന്റെ 'അൺപ്രെഡിക്റ്റബിളിറ്റി' ആണ്. തികച്ചും പ്രവചനാതീതം. എങ്ങനെ എപ്പോൾ എവിടേക്ക് പോകുമെന്ന് പ്രവചിക്കാൻ സാധിക്കില്ല.
2022 ന്റെ ആദ്യ പാദം പിന്നിട്ടിട്ടും ഈ പ്രവചനാതീത സ്വഭാവത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ഇതുസംബന്ധിച്ച് ഹാർവാർഡിലെ ഒരു ശാസ്ത്രജ്ഞൻ സിഎൻഎന്നിൽ പറഞ്ഞ തമാശ ഓർക്കുന്നു." നിങ്ങളെന്നെ ആറ് മാസം കഴിഞ്ഞ് ഇതേ പരിപാടിയിലേക്ക് ക്ഷണിക്കണം, ഇപ്പോൾ പറഞ്ഞതൊക്കെ എനിക്കന്ന് മാറ്റിപ്പറയേണ്ടി വരും" എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കോവിഡിനെത്തുടർന്ന് ആറേഴ് മാസം ഞങ്ങൾ നാട്ടിൽ തങ്ങിപ്പോയി. അമേരിക്കയിൽ തിരികെ എത്തിക്കഴിഞ്ഞാണ് ആശ്വാസം തോന്നിയത്. എന്തൊക്കെ കുറ്റം നമ്മൾ യുഎസിനെക്കുറിച്ച് പറഞ്ഞാലും, ഇവിടെ ഇപ്പോഴും ചില വ്യവസ്ഥാപിതമായ രീതികളുണ്ട്. വാക്സിനുകൾ ഉടനെ പുറത്തുവരുമെന്നും ഇവിടെ എത്തിയ ഉടനെ അറിഞ്ഞു. ആശുപത്രി സജ്ജീകരണങ്ങളും കുറച്ചുകൂടി മെച്ചപ്പെട്ടതാണെന്ന ആശ്വാസവും ഉണ്ടായിരുന്നു. എല്ലാംകൊണ്ടും കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടു.
ആദ്യ വാക്സിൻ ഡോസും രണ്ടാം ഡോസും എടുത്തതോടെ കൂടുതൽ ധൈര്യമായി. വാക്സിൻ എടുക്കാൻ പോകുമ്പോൾ നമ്മളെ സഹായിക്കണം എന്നുള്ള താല്പര്യത്തോടെയാണ് ഇവിടുള്ളവരുടെ പെരുമാറ്റം. മരുന്ന് സൗജന്യമാണെന്നും ഇൻഷുറൻസ് കാർഡ് കയ്യിൽ കരുതണമെന്നും അടക്കമുള്ള കാര്യങ്ങൾ ഭവ്യതയോടെയാണവർ വിശദീകരിക്കുന്നത്. അവ കയ്യിൽ ഇല്ലെങ്കിൽ കൂടി ഒരിക്കലും നമ്മളെ നിരാശപ്പെടുത്തി വിടില്ല. 2021 ൽ പ്രത്യേക സംഭവവികാസമൊന്നും ഉണ്ടായില്ല. 2022 ൽ ബൂസ്റ്റർ ഡോസെടുത്തപ്പോൾ കുറച്ചുകൂടി സംതൃപ്തി തോന്നി. എന്തോ ഭാഗ്യംകൊണ്ട് ഞങ്ങൾക്കാർക്കും കോവിഡ് ഇതുവരെ വന്നില്ല. വാക്സിന്റെയും ബൂസ്റ്ററിന്റെയും ഗുണംകൊണ്ടാണോ നമ്മുടെ തനത് പ്രതിരോധ ശേഷികൊണ്ടാണോ അതോ രോഗികളുടെ അടുത്ത് പോകാതിരുന്നതുകൊണ്ടാണോ എന്നറിഞ്ഞുകൂടാ. 'ഇന്നലെയോളമെന്തെന്നറിഞ്ഞീല ഇനി നാളെയുമെന്തെന്നറിഞ്ഞീല' എന്നേ പറയാനാകൂ.
കോവിഡ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ്, ആന്റിജൻ ടെസ്റ്റ്, ആർടിപിസിആർ ഉൾപ്പെടെയുള്ള നൂലാമാലകൾ ആദ്യമാദ്യം ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ അവയോടൊക്കെ പൊരുത്തപ്പെട്ടു. കവി പാടിയതുപോലെ 'ഒരുവേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായ് വരാം'. കോവിഡ് എന്ന ഇരുളുപോലും മെല്ലെ വെളിച്ചമായി വരുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കുറച്ച് ശുഭാപ്തിവിശ്വാസവും ജന്മനാ ആർജ്ജിച്ച ദൈവവിശ്വാസവും പ്രായം തരുന്ന പക്വതയും ഈ അവസ്ഥയെ നേരിടാൻ സഹായിച്ചു. ഇത്രയും ജീവിച്ചില്ലേ, ഇനിയും ഈ ഭൂമിയിൽ തുടരാൻ പറഞ്ഞാൽ തുടരും; വിളിച്ചാൽ അങ്ങ് പോകും എന്നാണെന്റെ മനോഭാവം.
കോവിഡ് കാലത്തെ അനുഭവങ്ങൾ എന്തൊക്കെ?
കോവിഡ് സമയത്ത് രണ്ട് വലിയ പാഠങ്ങൾ നമ്മൾ പഠിച്ചു. ആനയ്ക്കും അടി തെറ്റാമെന്നും അമ്പുകൊള്ളാത്തവരില്ല ഗുരുക്കളിലെന്നും നമുക്ക് ബോധ്യപ്പെട്ടു. ശാസ്ത്രസാങ്കേതിക വിദ്യയിലെ പതാകാവാഹകരെന്ന് നമ്മൾ കരുതിയ അമേരിക്ക, ഫ്രാൻസ്, ഇംഗ്ലണ്ട്, ജർമ്മനി, ഓസ്ട്രേലിയ, ജപ്പാൻ ഒക്കെ അടിപതറി വീഴുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രവർത്തനങ്ങൾ നിലനിൽക്കുന്ന സ്കാൻഡിനേവിയൻ രാജ്യങ്ങൾ പോലും ശവശരീരങ്ങൾ കൊണ്ട് നെട്ടോട്ടമോടുന്ന കാഴ്ച നമ്മൾ കണ്ടു. വാർപ്പുമാതൃകകളൊന്നുമില്ല. സമ്പന്നരാഷ്ട്രങ്ങൾ എന്ന പേരും രാഷ്ട്രപുരോഗതി കൈവരിച്ചെന്ന ഖ്യാതിയുമൊന്നുംകൊണ്ടും പ്രയോജനമില്ല. മറ്റൊരു രാജ്യത്തെയും കണ്ണടച്ചു വിശ്വസിക്കേണ്ടതില്ലെന്നും സ്വന്തമായ നിലപാട് ഉണ്ടായിരിക്കണമെന്ന കാര്യവും നമ്മൾ മനസ്സിലാക്കി.
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വിവിധ രാജ്യങ്ങളും ആഫ്രിക്കയും വാക്സിൻ ഉത്പാദനത്തിന്റെ കാര്യത്തിൽ അടിപതറി നിന്നപ്പോഴും 135 കോടി ജനങ്ങളുള്ള ഇന്ത്യ വാക്സിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയതും ബഹുഭൂരിപക്ഷം പേരെയും വാക്സിനേറ്റ് ചെയ്തതും തികച്ചും അഭിനന്ദനാർഹമാണ്. അത് കണ്ടില്ലെന്ന് നടിക്കരുത്. ഇന്ത്യയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണിത്. "Think globally, but act locally: ആഗോളതലത്തിൽ ചിന്തിച്ചാലും പ്രാദേശികതലത്തിൽ വേണം പ്രവർത്തനങ്ങളെന്ന് സാരം. ഇതാണ് ഇന്ത്യയും കേരളവും ചെയ്തത്.
ലോകമെമ്പാടും നടക്കുന്ന ഗതിവിഗതികൾ നമ്മൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സമയത്തുതന്നെ സ്വന്തം നാടിനെന്താണ് വേണ്ടതെന്ന് അറിഞ്ഞ് തയ്യാറെടുത്തു. ആ വിജയം നമുക്ക് തീർച്ചയായും ആത്മവിശ്വാസം പകർന്നുതരുന്ന നേട്ടമാണ്. ഗവണ്മെന്റിനെ വിമർശിക്കണമെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ, പ്രവചനാതീതമായ ഒരു രോഗംകണ്ട് ലോകത്തെ വൻശക്തികൾ പോലും അടിപതറിനിൽക്കുമ്പോൾ, കഷ്ടിച്ച് 70 കൊല്ലംകൊണ്ട് പടുത്തുയർത്തിയ നമ്മുടെ രാജ്യം, 135 കോടി ജനങ്ങളെയും കൊണ്ട് പിടിച്ചുനിന്നു എന്നത് ഒട്ടും നിസാരമായ കാര്യമല്ല. അതിൽ രാഷ്ട്രീയം കലർത്തരുത്. കേരളത്തിലെ മരണസംഖ്യ കൂടുതലാണെന്നാണ് ചിലർ പറയുന്ന ആക്ഷേപം. ആയിരിക്കാം, അവരെ ആരെയും നമ്മൾ തല്ലിക്കൊന്നതല്ല. ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്തൊരു രോഗം കുറേ ആളുകളുടെ ജീവൻ കവർന്നെടുത്തു. ലോകത്തിന്റെ പല ഭാഗത്തും ഇതുതന്നെ സംഭവിച്ചു. അത് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ പിടിപ്പുകേടായിട്ട് വ്യാഖ്യാനിക്കുന്നതിൽ യാതൊരു യുക്തിയും ഞാൻ കാണുന്നില്ല. All is fair in war and love എന്നാണല്ലോ. രാഷ്ട്രീയം വാസ്തവത്തിൽ ഒരു പ്രാദേശിക യുദ്ധം തന്നെയാണ്.
കോവിഡിൽ നിന്ന് പഠിച്ച പാഠം എന്ത്?
അന്തർദ്ദേശീയ പ്രശസ്തിയാർജ്ജിച്ച വൈറോളജിസ്റ്റുകളായ ഡോ.റോബർട്ട് സി ഗാലോയും ഡോ. വില്യം ഹോളും 2011 ൽ വലിയൊരു പ്രവചനം നടത്തി. ഇനിയുള്ള കാലം ഭൂകമ്പമോ സുനാമിയോ നുക്ലിയർ യുദ്ധമോ ഒന്നുമല്ല മനുഷ്യരാശിയെ തുടച്ചുനീക്കാൻ പോകുന്നത്; വൈറസുകൾ പരത്തുന്ന മഹാമാരികളായിരിക്കുമെന്നായിരുന്നു അവരുടെ പ്രവചനം. ലോകരാഷ്ട്രങ്ങൾ ഒത്തുനിന്നെങ്കിലേ അവയെ നേരിടാൻ കഴിയൂ എന്നും ഒരതിർത്തിയും സുരക്ഷിതമല്ലെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിനായി ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക് എന്നൊരു സംഘടനയും രൂപീകരിച്ചു. ഇപ്പോൾ 66 രാജ്യങ്ങൾ ഈ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇതിന്റെ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിൽ സെന്റർ തുടങ്ങും മുൻപ് അതുമായി ചേർന്ന് പ്രവർത്തിക്കാമോയെന്ന് എന്നോട് ഇതിന്റെ സ്ഥാപകൻ റോബർട്ട് ഗാലോ ചോദിച്ചിരുന്നു. ഞാനിവിടെ അമേരിക്കയിലാണെന്നും വല്ലപ്പോഴും മാത്രമേ നാട്ടിൽ പോകൂ എന്നും അദ്ദേഹത്തോട് പറഞ്ഞു. ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും അവിടെ ജോലി ചെയ്യുന്നുണ്ടെന്നും അവരോട് ചോദിച്ചുനോക്കാമെന്നും സൂചിപ്പിച്ചിരുന്നു.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ചെന്നുകണ്ട് കാര്യം പറഞ്ഞപ്പോൾ വളരെ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടോ അദ്ദേഹത്തിനുള്ള താല്പര്യം താഴെക്കിടയിലുള്ള രണ്ടുദ്യോഗസ്ഥരിൽ നിന്നുണ്ടായില്ല. ഞാൻ അവരുടെ പേര് പറയുന്നില്ല. അതോടെ അത് നടക്കാതായി. പിന്നീട് ഡൽഹിയിലും ശ്രമിച്ചു. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും പൂനെയിലെ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ആദ്യം കാണിച്ച താല്പര്യം പിന്നീട് കാണിച്ചില്ല. പിന്നീട്, കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്നു. കേരളത്തിലെ പ്രമുഖർ അമേരിക്കയിൽ ക്യാൻസർ ചികിത്സ നടത്തുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മലയാളി കൂടിയായ അമേരിക്കയിലെ ഓങ്കോളജിസ്റ്റ് എന്ന നിലയിൽ എന്നെ സമീപിക്കാറുണ്ട്. പിണറായി വിജയനും മുഖ്യമന്ത്രി ആകുന്നതിന് മുൻപേ എന്നോട് ഇത്തരത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഒരു വൈറോളജി സ്ഥാപനം തുടങ്ങാൻ ഞാൻ മുൻപ് ശ്രമിച്ചിരുന്നതറിഞ്ഞ് മുഖ്യമന്ത്രി നേരിട്ടെന്നെ വിളിച്ചുവരുത്തി. എന്തുകൊണ്ടാണത് നടക്കാതെ പോയതെന്നും ചോദിച്ചു. ഉമ്മൻ ചാണ്ടി താല്പര്യം കാണിച്ചെങ്കിലും ചില ഉദ്യോഗസ്ഥർ ഇടപെട്ട് നടക്കാതെ വന്നതാണെന്ന് ഞാൻ പറഞ്ഞു.
കേരളത്തിനെന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളാണെന്നും അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് ഉദ്യോഗസ്ഥർക്കുള്ളതെന്നുമായിരുന്നു പിണറായിയുടെ മറുപടി. അത് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ശ്രമിക്കാമെന്ന് ഞാൻ പറഞ്ഞു. ഇതിനായി അതിമനോഹരമായ കെട്ടിടവും ധാരാളം സ്ഥലവും പ്രകൃതി രമണീയമായ പരിസ്ഥിതിയും ഒരുക്കി ഡിപ്പാർട്മെന്റ് ആരംഭിച്ചു. റിക്രൂട്ട്മെന്റ് നടന്നുവരികയാണ്. കുറച്ചുകൂടി വേഗതയിൽ ആകാമായിരുന്നെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ,ഒരു സർക്കാർ സംവിധാനത്തിന്റെ പരിമിതികൾ എന്താണെന്ന് അതിൽ ഇടപെടുമ്പോഴേ നമുക്കറിയാൻ പറ്റൂ. സ്വകാര്യ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികളിൽ നിയമിതരാകുന്നവരുടെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയാൽ അവർക്കവരെ പിരിച്ചുവിടാൻ ഒരു പ്രയാസവുമില്ല. എന്നാൽ, സർക്കാരിന്റെ കാര്യം അങ്ങനെയല്ല. സാമുദായിക ഘടകങ്ങൾ അടക്കം പലവിധ വശങ്ങൾ നോക്കിയായിരിക്കും നിയമനം. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക കിട്ടാൻ
പല ഡിപ്പാർട്മെന്റുകളിൽ കയറിയിറങ്ങേണ്ടി വരും.
എന്റെ ചുമതലകൾ കഴിഞ്ഞു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. കുതിരയെ വെള്ളത്തിനരികിൽ എത്തിക്കാനേ സാധിക്കൂ, എപ്പോൾ അത് വെള്ളം കുടിക്കുമെന്ന് പറയാൻ കഴിയില്ല. ഐഎസ്ആർഒ അടക്കം എല്ലാ സ്ഥാപനങ്ങളും തുടങ്ങിയത് മന്ദഗതിയിലായിരുന്നു. അതുപോലെ ഇതും പച്ചപിടിച്ചുവരും. അഹല്യയെപ്പോലെ ഒരു ശിലയായി കിടക്കുന്ന വൈറോളജി ഇൻസ്റ്റിട്യൂട്ട്, രാമപാദം ഏൽക്കുന്നതോടെ സുന്ദരിയായ സ്ത്രീയായി മാറുന്ന കാലം അത്ര വിദൂരമല്ല. ഐഎസ്ആർഒ യിൽ എ പി ജെ അബ്ദുൽ കലാമും സതീഷ് ധവാനും വന്നപ്പോൾ ഉണ്ടായതുപോലെ അത്ഭുതാവഹമായ മാറ്റങ്ങൾ ഇവിടെയും സംഭവിക്കും.
അമേരിക്കയിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നോ?
ഒട്ടുമില്ല. പ്രീ-യൂണിവേഴ്സിറ്റി കഴിഞ്ഞാണ് പ്രൊഫഷണൽ കോളജിലേക്ക് അപേക്ഷിക്കുന്നത്. എങ്ങനെയോ കാണാതെ പഠിച്ച് നല്ല മാർക്ക് ലഭിച്ചിരുന്നു. പരീക്ഷയുടെ മാർക്കും അറിവുമായിട്ട് യാതൊരു ബന്ധവുമില്ലെന്ന് ജീവിതം പഠിപ്പിച്ച ഒരുപാഠമാണ്. കുത്തിയിരുന്ന് കാണാതെ പഠിച്ചത് ഉത്തരക്കടലാസിൽ പോയി ഛർദ്ദിച്ചതുകൊണ്ട് ലഭിച്ച ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ എവിടെ അപേക്ഷിച്ചാലും പ്രവേശനം ലഭിക്കുമായിരുന്നു. എഞ്ചിനീയറിംഗ് കോളജിലും മെഡിക്കൽ കോളജിലും പ്രവേശനം ലഭിച്ചു. അക്കാലത്ത് അറ്റോമിക് എനർജി ഫിസിക്സ് പഠിക്കുന്നവർക്ക് മാസം 75 രൂപ സ്കോളർഷിപ് ലഭിക്കുമായിരുന്നു. പത്തോ പതിനഞ്ചോ രൂപ മാത്രം പോക്കറ്റ് മണി കിട്ടുന്ന എന്നെ സംബന്ധിച്ച് അതൊരു പ്രലോഭനമായിരുന്നു. സ്റ്റേറ്റ് മെറിറ്റ് എന്നുപറഞ്ഞ് അക്കാലത്ത് പത്രത്തിൽ പേരൊക്കെ വന്ന മിടുക്കൻകുട്ടികളിൽ ഒരാളായതുകൊണ്ട് മെഡിക്കൽ സീറ്റും മാടിവിളിച്ചു. കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ. ആ സമയത്താണ് അമ്മയ്ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നത്. വയസുകാലത്ത് ജനറൽ ആശുപത്രിയിൽ പോയി ക്യൂ നിൽക്കാതിരിക്കണമെങ്കിൽ മകൻ ഡോക്ടറാകുന്നത് നല്ലതാണെന്ന് അമ്മയ്ക്ക് വെളിപാടുണ്ടായി. വേറൊന്നും ആലോചിക്കാനില്ല, മെഡിസിന് ചേർന്നാൽ മതിയെന്ന് അമ്മ തറപ്പിച്ചുപറഞ്ഞു.
ഇത് തീരുമാനിച്ച ദിവസം ബാബു പോൾ വീട്ടിൽക്കയറി വന്നു. എന്നെക്കാൾ നാല് വയസ്സ് മൂത്തയാളാണ് അദ്ദേഹം. 'അനിയാ, യാതൊരു കാരണവശാലും നീ മെഡിക്കൽ കോളജിൽ ചേരരുത്. രാവിലെ മുതൽ വൈകിട്ട് വരെ ഒരു സ്വസ്ഥതയില്ലാത്ത ജീവിതമാണവിടെ. എഞ്ചിനീയർമാരാണ് രാഷ്ട്രത്തിന്റെ ശിൽപികൾ. നീ അവിടെ ചേരൂ. ആരും റാഗ് ചെയ്യാനൊന്നും വരില്ല. അഡ്മിഷന്റെ കാര്യം ഞാൻ നോക്കിക്കോളാം' ഇതായിരുന്നു അദ്ദേഹം പറഞ്ഞത്. ശരിയാണെന്ന് എനിക്കും തോന്നി. പുതിയ എഞ്ചിനീയറിംഗ് കോളജ് തുടങ്ങിയതേയുള്ളു. സ്‌കൂട്ടർ ഒക്കെയായിട്ട് ബാബു പോൾ എന്നെ കൊണ്ടുപോകാൻ വന്നു. അദ്ദേഹം കോളജിൽ ഇലക്ഷന് നിൽക്കുന്നുണ്ടെന്നും ഞാൻ അവിടെ ചേർന്നാൽ ഒരു വോട്ട് കൂടുതൽ കിട്ടുമെന്നതാണ് ലക്ഷ്യമെന്നും ഇതിനിടെ അറിയാൻ സാധിച്ചു. അമ്മയുടെ കണ്ണുനീർ തന്നെ വിജയിച്ചു. ഞാൻ മെഡിക്കൽ കോളജിൽ ചേർന്നു. യാതൊരു കാരണവശാലും തിരുവനന്തപുരം വിട്ടുപോകില്ലെന്നൊരു ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. എങ്ങനെയോ ജീവിതം ഉരുണ്ടുരുണ്ട് ന്യൂസീലൻഡിലും തുടർന്ന് അമേരിക്കയിലുമെത്തി. അന്ധവിശ്വാസമായി തോന്നുമെങ്കിലും destiny എന്നൊരു വാക്കുണ്ട്.
വിചാരിക്കാത്ത സ്ഥലങ്ങളിൽ വിചാരിക്കാത്ത സമയത്ത് അത് നമ്മളെ എത്തിക്കും. വിചാരിക്കാത്ത നേട്ടങ്ങളും കോട്ടങ്ങളും ഏറ്റുവാങ്ങിയേ പറ്റൂ. ഇവിടെ എത്തിപ്പെട്ടതിൽ ഒരിക്കലും നിരാശ തോന്നിയിട്ടില്ല. ഒരു വിദേശ ഡോക്ടർക്ക് ലഭിക്കാവുന്ന എല്ലാ പരിഗണനയും നേട്ടങ്ങളും ഈ രാജ്യം ഒരു വെള്ളിത്തളികയിൽ വച്ചുനീട്ടി എനിക്ക് തന്നതിൽ അങ്ങേയറ്റം നന്ദിയുണ്ട്. അമേരിക്കൻ സംവിധാനങ്ങളെ എത്ര പുകഴ്ത്തിയാലും അധികമാവില്ല.
അന്ന് അമേരിക്കയിൽ ഒരു വിദേശി വന്ന് ഫോറിൻ ഗ്രാഡ്വേറ്സിനുള്ള ഇ.സി.എഫ്.എം.ജി. എന്ന പരീക്ഷ എഴുതി പാസാകുന്നതൊക്കെ വലിയ സംഭവമായിരുന്നു. ആദ്യമായി വിമാനത്തിൽ കയറാം, ഹോട്ടലിൽ താമസിക്കാം എന്നതൊക്കെയായിരുന്നു എന്റെ പ്രധാന ഉദ്ദേശം. മെഡിക്കൽ ഡിഗ്രി ഉണ്ടെങ്കിൽ നേരിട്ട് ഗ്രീൻ കാർഡിന് അപ്ലൈ ചെയ്യാം. മുഖത്ത് വന്ന മഹാലക്ഷ്മിയെ വലിച്ചെറിയരുതെന്ന ഉപദേശം കേട്ടാണ് അമേരിക്കയ്ക്ക് പോകാമെന്ന് കരുതിയത്.
വിർജീനിയയിലെ വീടിനടുത്ത് താമസിച്ചിരുന്നത് അമേരിക്കൻ എയർഫോഴ്‌സ് റിക്രൂട്ടർ ആയിരുന്നു. അദ്ദേഹത്തിനൊരു സ്പെഷ്യലിസ്റ്റ് ഡോക്ടറെ റിക്രൂട്ട് ചെയ്‌താൽ പ്രമോഷൻ ലഭിക്കുമെന്നതുകൊണ്ട് എന്നും വൈകുന്നേരം വീട്ടിൽ വന്ന് അമേരിക്കൻ എയർഫോഴ്‌സിന്റെ മഹത്വം വിവരിക്കും. പട്ടാളവും ഞാനും തമ്മിൽ ഒത്തുപോവില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞൊഴിഞ്ഞു. ഡോക്ടർമാരെ യുദ്ധത്തിനൊന്നും അയയ്ക്കില്ലെന്നും ഒന്നും പേടിക്കാനില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പുറത്തുപോയി ജോലി ചെയ്‌താൽ അതിനേക്കാൾ കൂടുതൽ ശമ്പളം കിട്ടുമല്ലോ എന്ന് പറഞ്ഞ് ഞാനെന്റെ ഡിമാൻഡ് കൂട്ടി. അമേരിക്കൻ മിലിറ്ററി എയർഫോഴ്സിൽ മൂന്ന് വർഷം ജോലിചെയ്ത് നാട്ടിൽ വരാൻ ആഗ്രഹിച്ചാൽ വിസ അലോട്ട് ചെയ്യുന്നതൊക്കെ വളരെ എളുപ്പമാകുമെന്നതടക്കം നിരവധി വേറെ ഗുണങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചെറിയ ചാഞ്ചാട്ടം ഉണ്ടായി. നാട്ടിൽ നിന്ന് അഞ്ച് വർഷത്തെ ലീവിലാണ് ഞാൻ അമേരിക്കയിലെത്തിയത്. വിർജിനിയയ്ക്ക് അടുത്ത് പോസ്റ്റിങ്ങ് ലഭിച്ചാൽ ഒരുകൈ നോക്കാമെന്ന് ഞാൻ പറഞ്ഞു.
വാഷിംഗ്ടൺ ഡിസിയിൽ തന്നെ ഒഴിവുണ്ടെന്നും ആദ്യ പോസ്റ്റിങ്ങ് തന്നെ മേജറായിട്ട് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കൊല്ലം കഴിഞ്ഞ് ലെഫ്റ്റനന്റ് കേണൽ ആകുമെന്നും അടുത്ത മൂന്ന് കൊല്ലത്തിൽ കേണലാകുമെന്നും മേജർ ജനറൽ സ്ഥാനത്തൊക്കെ എത്തുമെന്നും അദ്ദേഹം പുകഴ്ത്തി. ഞാൻ മനസ്സില്ലാമനസ്സോടെയാണ് ചേർന്നതെങ്കിലും ആ ജോലി ഏറെ ആസ്വദിച്ചു. True America is actually in the Military Air Force. അതിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ മാത്രം അനുഭവങ്ങളുണ്ട്. യാതൊരുവിധ വിവേചനവും നേരിട്ടിട്ടില്ല, എല്ലാവർക്കും തുല്യമായ അവസരം, അങ്ങേയറ്റത്തെ അംഗീകാരം, sky is the limit. എയർഫോഴ്‌സിന്റെ മോട്ടോ തന്നെ 'Aim high' എന്നാണ്. എത്ര ഉയർന്നുപോകാമോ അത്ര ഉയർന്ന് പൊയ്‌ക്കോണം. അഞ്ച് കൊല്ലം ഡോക്ടറായി സേവനമനുഷ്ഠിച്ച ശേഷം ഫൈറ്റർ പൈലറ്റാകാൻ തോന്നിയാൽ അതിനുള്ള പരിശീലനം തരും, ലോയറാകാൻ തോന്നിയാൽ ലോ കോളജിൽ ചേർത്ത് പഠിപ്പിക്കും.
ഇത് രണ്ടും താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ അഡ്മിനിസ്ട്രേഷൻ തിരഞ്ഞെടുത്തു. യാദൃച്‌ഛികമായാണ് അമേരിക്കയിൽ എത്തിച്ചേർന്നതെങ്കിലും പല രാജ്യങ്ങൾ ചുറ്റിക്കണ്ടറിഞ്ഞതിൽ നിന്ന് ഇവിടം വിട്ടുപോകാൻ തോന്നുന്നില്ല. എന്തൊക്കെ കുറവുകളും പരിമിതികളുമുണ്ടെങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്നു പറയുംപോലെ സ്വതന്ത്രമായി ജീവിക്കാനാഗ്രഹിക്കുന്ന മനുഷ്യന് ഈ ഭൂമുഖത്ത് ഏറ്റവും അനുയോജ്യം അമേരിക്ക തന്നെയാണ്. പരിശ്രമശാലിയായ വ്യക്തിക്ക് ഈ രാജ്യമൊരു അഭയകേന്ദ്രമാണ്.
അമേരിക്കയിലെ ആദ്യകാല ജീവിതം എങ്ങനെ?
കേരളത്തിൽ അസിസ്റ്റന്റ് പ്രൊഫസറാകാൻ എല്ലാം റെഡിയായിരിക്കെയാണ് ഇങ്ങോട്ട് വന്നത്. അമേരിക്കയിലെന്ത് പ്രശ്നം വന്നാലും ഇട്ടെറിഞ്ഞ് പോയാൽ നാട്ടിലെ ജോലി കിട്ടുമെന്ന ധൈര്യമുണ്ടായിരുന്നു. അതുകൊണ്ട് വലിയ ആകുലതകളോ ഉത്കണ്ഠയോ എനിക്കുണ്ടായിരുന്നില്ല. ഞാൻ വന്ന റിച്ച്മണ്ട്, വിർജിനിയയിൽ ധാരാളം മലയാളികളുള്ളതുകൊണ്ട് അതും പ്രശ്നമായില്ല. നാട്ടിൽ നിന്ന് ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ ഞങ്ങളുടെ അതിഥികളായി ഇവിടേക്ക് വരുമായിരുന്നു. മിക്കവാറും കേരളത്തിൽ കഴിയുന്നതുപോലെയായിരുന്നു ജീവിതം. മലയാളി അസോസിയേഷനുകൾ ഉള്ളതുകൊണ്ട് ഒന്നും അങ്ങനെ മിസ് ചെയ്തതായിട്ട് തോന്നിയിട്ടില്ല. ആഹാരമായാലും ആഘോഷങ്ങളായാലും എല്ലാംകൊണ്ടും ആദ്യകാല ജീവിതം വളരെ സുഗമമായിരുന്നു. അച്ഛനമ്മമാരെ അമേരിക്കയിൽ കൊണ്ടുവന്ന് താമസിപ്പിക്കാൻ പറ്റിയതും ഭാഗ്യമായി കാണുന്നു.
അന്നത്തെ പ്രശ്നങ്ങൾ, വിവേചനങ്ങൾ എന്തൊക്കെ?
നാട്ടിൽ പ്രൊഫസറായോ പ്രിൻസിപ്പാളായോ വിരമിക്കാനുള്ള സാധ്യത ഒരുവശത്ത്. ഇവിടെ തുടർന്നാൽ സാമ്പത്തികമായി കൂടുതൽ നേട്ടങ്ങൾ ഉണ്ടാകുമെന്ന വസ്തുത മറുവശത്ത്. ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ ഏറെ പ്രയാസമായിരുന്നു. ബന്ധുക്കൾ അടുത്തില്ലെന്നതൊഴിച്ചാൽ എല്ലാംകൊണ്ടും നല്ല ജീവിതം അമേരിക്കയിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല. വിവേചനങ്ങളെക്കുറിച്ച് എല്ലാവരും ചോദിക്കാറുണ്ട്. സത്യത്തിൽ അതില്ലാത്ത ഏത് നാടാണുള്ളത്? കേരളത്തിൽ തന്നെ ഒരു ബംഗാളിയെ കണ്ടാൽ നമ്മൾ 'ബംഗാളി' എന്ന് പരിഹസിക്കും. അത് മനുഷ്യസഹജമാണ്. ജീവിച്ചുവളർന്ന സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തനായ ഒരു വ്യക്തിയെ കാണുമ്പോൾ 'fear of the unknown: അപരിചിതമായതിനോടുള്ള ഭീതി', അതാണ് വിവേചനങ്ങളുടെ എല്ലാം അടിസ്ഥാനകാരണം.
പ്രൊഫഷണൽ എന്ന നിലയിൽ ഒരിക്കലും വിവേചനം അനുഭവപ്പെട്ടിട്ടില്ല. റൂസ്‌വെൽറ്റ് പറഞ്ഞ ഒരുദ്ധരണിയുണ്ട്: 'Nobody can make you feel inferior without your consent'. നിങ്ങളുടെ അനുവാദം കൂടാതെ നിങ്ങളിൽ ഒരാൾക്ക് അപകർഷതാബോധം ജനിപ്പിക്കാൻ കഴിയുകയില്ല എന്നാണിതിനർത്ഥം. ഇതിനോളമോ ഇതിനെക്കാളും മികച്ചതോ ആയ രാജ്യത്തുനിന്നാണ് നമ്മൾ വരുന്നതെന്ന് ഉള്ളിൽ ഉറച്ചുവിശ്വസിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളു. നാളെ തോന്നിയാൽ ഇവിടെ നിന്ന് പടിയിറങ്ങാം. അവിടെയും ജനാധിപത്യവും മതേതരത്വവും ഉണ്ട്. ദാരിദ്ര്യത്തിന്റെ കാഠിന്യം സഹിക്കവയ്യാതെ ഇങ്ങോട്ട് വന്ന ആളൊന്നുമല്ലെന്നതും ഭയപ്പാടില്ലാതെ കാര്യങ്ങൾ നോക്കിക്കാണാനുള്ള ചങ്കൂറ്റം തന്നു. കുറച്ചുകൂടി നല്ല മേച്ചിൽപ്പുറങ്ങൾ തേടിയിറങ്ങിയപ്പോൾ കണ്ടിഷ്ടപ്പെട്ട സ്ഥലമാണ് അമേരിക്ക.
നമ്മളൊരു ക്യൂവിൽ നിൽക്കുമ്പോൾ വെള്ളക്കാരൻ മോശമായി പെരുമാറിയാൽ അതവന്റെ വിദ്യാഭ്യാസത്തിന്റെയോ സംസ്കാരത്തിന്റെയോ കുറവായേ കണക്കാക്കാവൂ. ഇവിടെ വന്ന കാലത്ത് കറുത്ത വർഗ്ഗക്കാരോട് എനിക്ക് വലിയ അനുഭാവമായിരുന്നു. എത്രയോ വർഷക്കാലമായി വെളുത്തവർഗ്ഗക്കാരുടെ അവഗണനയും അനീതികളും ഒക്കെ സഹിച്ച് ജീവിക്കുന്നതോർത്തായിരുന്നു സഹതാപം. അടുത്ത വീടുകളിൽ നടക്കുന്ന നിരവധി മോഷണങ്ങളുടെ പേരിൽ കറുത്തവർ പിടിക്കപ്പെട്ടതോടെ ഏത് വർഗ്ഗത്തിലും നല്ലവരും മോശക്കാരുമുണ്ടെന്ന കാഴ്ചപ്പാടായി. ജാതി, വർണ്ണം, വർഗം ഒന്നുമൊരു മാനദണ്ഡമല്ല. നല്ലവരും അല്ലാത്തവരും എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ട്. നമ്മുടെ ഗ്രഹപ്പിഴയ്ക്ക് നമ്മൾ പരിചയപ്പെടുന്ന ആൾ മോശമാണെങ്കിൽ തിക്താനുഭവം ഉണ്ടാകും. ഇതുകൊണ്ടാണ് 'You have to choose your company carefully' എന്നുപറയുന്നത്. വീട് വാങ്ങിക്കാൻ പോകുമ്പോൾ നമ്മൾ അന്വേഷിക്കുന്നത് എങ്ങനെയുള്ള ലൊക്കാലിറ്റിയാണെന്നല്ലേ? വർണ്ണമോ വർഗ്ഗമോ അല്ല നോക്കുന്നത്, ഏത് തരം ആൾക്കാരാണ് താമസിക്കുന്നത് എന്നുള്ളതാണ്.
കേരളവുമായുള്ള ബന്ധം എങ്ങനെ? ആരൊക്കെയുണ്ട് നാട്ടിൽ?
കേരളവുമായിട്ടുള്ള ബന്ധം സുദൃഢവും ഊഷ്മളവും സുന്ദരവുമാണ്. കുട്ടിക്കാലത്തേ എന്റെ താല്പര്യങ്ങളെല്ലാം ഭാഷയിലും പത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും സാംസ്കാരിക വിഷയങ്ങളിലുമായിരുന്നു. അത്തരക്കാരോട് അന്നും ഇന്നും അതേപോലെ അടുപ്പം നിലനിർത്തുന്നുമുണ്ട്. ഇന്റർനാഷണൽ കോൾ ചീപ്പായതോടെ നാട്ടിലേക്ക് പലരെയും വിളിച്ച് ധാരാളം സംസാരിച്ച് ബന്ധം നിലനിർത്തും. അമേരിക്കയിലും ധാരാളം മലയാള പ്രസിദ്ധീകരണങ്ങൾ വന്നു. നാട്ടിൽ നടക്കുന്ന കാര്യങ്ങളൊക്കെ അതാത് സമയങ്ങളിൽ ഇവിടെ അറിഞ്ഞോണ്ടിരിക്കുന്നു.1979 ലാണ് ഞാൻ ഇവിടെ വന്നത്. അന്നുമുതൽ ഇന്നുവരെ കേരളവുമായുള്ള ബന്ധം അരക്കിട്ടുറപ്പിച്ചാണ് കൊണ്ടുപോകുന്നതെന്ന് പറയാൻ അങ്ങേയറ്റം സന്തോഷമുണ്ട്. അതിന്നും തുടരുന്നു. അതിന്റെ സ്നേഹവായ്പുകൾ എനിക്ക് ലഭിക്കാറുമുണ്ട്, ഞാൻ നൽകാറുമുണ്ട്.
നാട്ടിലെ ജീവിതവും അമേരിക്കയിലെ ജീവിതവും തമ്മിലൊരു താരതമ്യം?
നാട്ടിലെ സാമ്പത്തിക സ്ഥിതി ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിലെ ബാങ്കുകളിൽ എത്രയോ കോടി രൂപ ഉടമസ്ഥരില്ലാതെ കെട്ടിക്കിടക്കുന്നു? ഇന്റർനെറ്റിന്റെ വരവോടെ ആളുകളുടെ ആവശ്യങ്ങളും അഭിരുചികളും പ്രതീക്ഷകളും മാറി. പണ്ടൊക്കെ ഒരു വീട്ടിൽ രണ്ടു കുട ഉണ്ടെങ്കിൽ മഴയുള്ളപ്പോൾ ഒന്ന് കൊടുത്തുവിടുന്ന പോലെ ഇന്ന് മലയാളിയുടെ മുറ്റത്ത് രണ്ടുകാറുണ്ടാകും. എന്നാൽ, കക്ഷിരാഷ്ട്രീയം നമ്മുടെ നാടിന്റെ സ്വാസ്ഥ്യം നശിപ്പിച്ചു. ഒരുപക്ഷേ, ഇന്ത്യ മിലിറ്ററി ഭരണാധികാരിയുടെ കീഴിലോ ഏകാധിപതിയുടെ കീഴിലോ ആയിരുന്നെങ്കിൽ നമുക്ക് കുറേക്കൂടി നല്ല ജാതി-മതി-സൗഹാർദ്ദം ഉണ്ടായേനെയെന്ന് ഞാൻ തമാശയ്ക്ക് പറയാറുണ്ട്. മതത്തിൽ കൂടി അധികാരത്തിലേക്കുള്ള കുറുക്കുവഴി സൃഷ്ടിക്കാനാണ് നമ്മുടെ പല മത-ജാതി സംഘടനകളും ശ്രമിച്ചുവരുന്നത്. അധികാരമാണവരുടെ ലക്ഷ്യമെന്ന് വന്നപ്പോൾ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടായി.
പല ആവശ്യങ്ങൾക്കായി കേരളത്തിന്റെ അങ്ങോളം ഇങ്ങോളം പോകുന്നതിനിടയിൽ ഞാൻ ശ്രദ്ധിച്ചത്, യഥാർത്ഥ കേരളം നമ്മൾ പത്രങ്ങളിൽ കാണുന്നതിൽ നിന്ന് വിഭിന്നമാണെന്നാണ്. ജനങ്ങൾക്കിടയിൽ വലിയ സ്പർദ്ധയൊന്നുമില്ല. അതിനേറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ഇലക്ഷനിലെ വിജയം. മതസംഘടനകളിൽ നിന്ന് കഴിയുന്നത്ര അകന്നുനിന്നൊരു പാർട്ടിയാണ് അധികാരത്തിൽ വന്നത്. ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ മതമേധാവികളുടെ പിന്തുണ കൊണ്ടല്ല ആ സ്ഥാനാർത്ഥികളൊന്നും വിജയിച്ചുകയറിയത്. ഇപ്പോഴത്തെ സർക്കാരിനുമേൽ മതമേലധ്യക്ഷന്മാർക്ക് വ്യക്തമായ സ്വാധീനമുണ്ടെന്ന് അവരുടെ ശത്രുക്കൾക്ക് പോലും പറയാനാകില്ല. കാര്യങ്ങൾ നന്നായി നടന്നുപോകണം, നീതി വേണം, ന്യായം വേണം, സമാധാനം വേണം ഇതൊക്കെയാണ് ശരാശരി മലയാളികൾ ആഗ്രഹിക്കുന്നത്. അത് നൽകാൻ ആർക്ക് സാധിക്കും എന്നതിൽ നിന്നാണ് കഴിഞ്ഞതവണ അധികാരത്തിൽ എത്തിയവർ മേൽകൈ നേടിയത്. അവർ ഒരിക്കലും പ്രത്യേക മതവിഭാഗത്തിന് മന്ത്രിസ്ഥാനം പകുത്തുകൊടുക്കുന്ന പേരിൽ അറിയപ്പെട്ടിരുന്നില്ല. കേരളത്തിന്റെ അടിസ്ഥാന ശിലകളിൽ ഇപ്പോഴും ഒരുപാട് നന്മ അവശേഷിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ജീവിതത്തിൽ ഏറ്റവും വലിയ തുണ ആരായിരുന്നു?
എന്റെ കുടുംബം തന്നെയാണ്. ഈ വർഷമെന്റെ അൻപതാം വിവാഹ വാർഷികമാണ്. എല്ലാ നന്മയിലും കഷ്ടതകളിലും നേട്ടങ്ങളിലും കോട്ടങ്ങളിലും സമചിത്തതയോടുകൂടി സ്നേഹപൂർവ്വം എന്നെ ചേർത്തുനിർത്തുന്ന ഭാര്യയും മക്കളും തന്നെയാണ് എന്റെ ഏറ്റവും വലിയ തുണ. ന്യൂസീലൻഡിലായാലും അമേരിക്കയിലായാലും ഞാൻ എവിടെയൊക്കെ പോയോ അവിടൊക്കെ എന്നെ പിന്തുടർന്ന് എനിക്ക് തുണയായി നിന്ന ഭാര്യയ്ക്കും മക്കൾക്കും തന്നെയാണ് എല്ലാ ക്രെഡിറ്റും.
ഭാര്യ പദ്മജ പിള്ള (മിനി) തിരുവനന്തപുരം വിമൻസ് കോളജിൽ നിന്നാണ് ബിരുദമെടുത്തത്. പിതാവ് ബർമാ ഷെൽ കമ്പനിയിൽ സീനിയർ എക്സിക്യൂട്ടിവ് ആയിരുന്നു.
ഒരുപാട് നല്ല സുഹൃത്തുക്കളെയും ജീവിതത്തിന്റെ നാനാമണ്ഡലങ്ങളിൽ നിന്നെനിക്ക് ലഭിച്ചിട്ടുണ്ട്. അതും ധന്യമായ അനുഭവമാണ്. അവരൊക്കെ അന്നുമിന്നും ഒരേതരത്തിൽ എന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു ഞാൻ തിരിച്ചങ്ങോട്ടും.
ഒരു ഡസൻ പുസ്തകങ്ങൾക്കെങ്കിലും ഞാൻ അവതാരിക എഴുതിയിട്ടുണ്ട്. അതിനുള്ള അറിവോ ക്രെഡിബിളിറ്റിയോ ഒന്നും ഉണ്ടായിട്ടല്ല. പിന്നെ എന്തുകൊണ്ട് പ്രശസ്തരായ വ്യക്തികൾ അതെന്നെ ഏൽപ്പിച്ചു? മനോരമയുടെ എഡിറ്റോറിയൽ ബോർഡ് ഡയറക്ടർ ആയിരുന്ന തോമസ് ജേക്കബ് പോലും അദ്ദേഹത്തിന്റെ പുസ്തകത്തിന് അവതാരിക എഴുതാൻ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ അന്തംവിട്ടു. ആ സ്നേഹവായ്പ്പിനു മുന്നിൽ നമ്രശിരസ്കനായി ഞാൻ അവതാരികയെഴുതി.
സമയം പ്രെഡിക്ട് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് എന്റെ തൊഴിലിന്റെ സ്വഭാവം. ഓങ്കോളജി എന്നുപറഞ്ഞാൽ 14 മണിക്കൂർ വരെ ഒരു ദിവസം ഡ്യൂട്ടി ഉണ്ടാകും. കഷ്ടിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് ഒരവധി കിട്ടിയാലായി. അവധിയെടുത്താലും മനസ്സിൽ ജോലി സംബന്ധിച്ച കാര്യങ്ങൾ തന്നെയായിരിക്കും. എന്നിരുന്നാലും കടിച്ചുപിടിച്ച് പലർക്കും അവതാരിക എഴുതിക്കൊടുത്തിട്ടുണ്ട്. അവരുടെ പുസ്തകങ്ങളൊക്കെ നല്ലനിലയിൽ വന്നതിൽ ആഹ്ലാദമുണ്ട്.
മക്കൾ എന്ത് ചെയ്യുന്നു?
മകൾ പ്രീത പിള്ള ഗിസ്റ്റ് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ്പോടെ ലോ പാസായി. ക്യാമ്പസിൽ നിന്ന് തന്നെ ബാങ്ക് ഓഫ് അമേരിക്ക അവളെ ലോയറായി നിയമിച്ചു. അവൾ അവരുടെ സീനിയർ വൈസ് പ്രസിഡണ്ടായിരുന്നപ്പോൾ തന്നെ ഏതോ ഒരു വലിയ ഫൈനാൻഷ്യൽ ലോ ഫേം പാർട്ണറായി റിക്രൂട്ട് ചെയ്തു. അമേരിക്കയിലെ ലീഡിങ് ഫൈനാൻഷ്യൽ ലോയേഴ്‌സിൽ ഒരാളാണ് മകൾ. രണ്ടുമാസം മുൻപ് ഫൈനാൻഷ്യൽ ടൈംസ് മാഗസിനിൽ അവളെക്കുറിച്ച് നല്ലൊരു റൈട്ടപ്പ് വന്നിരുന്നു. ഒരു വർക്കഹോളിക്കാണ്.
അതിപ്പോൾ എന്റെ അനന്തിരവൻ പൃഥ്വിരാജിനെക്കുറിച്ച് സഹോദരി മല്ലികയും ഇതേ പരാതി പറയാറുണ്ട്. തൊഴിലിനോട് അഭിനിവേശമുള്ള എല്ലാവരും അങ്ങനെയാണ്. മോഹൻലാലിന്റെ ഭാര്യ സുചിത്രയും ഇത് തന്നെ ലാലുവിനെക്കുറിച്ച് പറയും. ജോലി അവർക്കൊരു ലഹരിയായി മാറുന്നതുകൊണ്ടാണ് അവരതിൽ വ്യാപൃതരാകുന്നത്. ജോലിയിൽ അവർ വിജയം നേടുന്നതുകൊണ്ടും അവർക്കതിൽ ആത്മസംതൃപ്തി ഉള്ളതുകൊണ്ടും കുറ്റം പറയാനൊക്കില്ല. സാമ്പത്തികമായും ഉയർന്ന നിലയിലാണ്.
മകൻ വിനു പിള്ള ഒരു ലീഡിങ് ഹെൽത്ത് കെയർ ലോയറാണ്. അവന്റെ സിഇഒ ഒരു മെഡിക്കൽ മീറ്റിൽ എന്നെക്കണ്ട് 'പിള്ള' എന്നുള്ള എന്റെ സർനെയിം ശ്രദ്ധിച്ചു. അവർക്കൊപ്പവും ഒരു പിള്ള ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. കേരളത്തിൽ ഈ പേര് സാധാരണമാണല്ലോ, അതുകൊണ്ട് എന്റെ മകനെക്കുറിച്ചാണ് പറയുന്നതെന്ന് ആദ്യം മനസ്സിലായില്ല. അവരുടെ ഫേം നല്ല രീതിയിൽ മുന്നോട്ടുപോകുന്നത് അവൻ കാരണമാണെന്നും അവന്റെ സഹാനുഭൂതിയെയും ദീനാനുകമ്പയേയും കുറിച്ചൊക്കെയാണ് അയാൾ പറഞ്ഞത്. അതെന്റെ മകനെക്കുറിച്ചാണെന്നറിഞ്ഞ നിമിഷം അച്ഛനെന്ന നിലയിൽ വലിയ അഭിമാനം തോന്നി.
എനിക്കൊരു കൊച്ചുമകളുണ്ട്-റൈലി. സയൻസ് ആൻഡ് മാത്ത് ആണ് അവളുടെ സ്ട്രെങ്ത്. ജോൺസ് ഹോപ്കിൻസിൽ മെറിറ്റിൽ അവൾക്ക് അഡ്മിഷൻ കിട്ടി. മകന് മൂന്ന് ആൺകുട്ടികളാണ്-ട്രിപ്‌ളെറ്റ്സ്. ഒറിയൻ പിള്ള, എഡ്രിയൻ പിള്ള, മാക്സ് പിള്ള. ഇപ്പോൾ പത്തുവയസ്സാകുന്നു.
ജാമാതാവ് റോബർട്ട് ഗിസ്റ്റ്. മരുമകൾ: Charene Pillai
ഇന്ത്യ മുഴുവൻ ഒന്ന് യാത്ര ചെയ്താലോ എന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഈ കുഞ്ഞുങ്ങളാണ് ഇവിടെ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്. അവരുടെ മുഖത്തെ നിഷ്കളങ്കതയും സ്നേഹപ്രകടനങ്ങളും കൊണ്ടാണ് ഇവിടെ നിൽക്കുന്നത്.
കുടുംബവും ബന്ധങ്ങളും
അച്ഛൻ വലിയ ഫലിതപ്രിയനായിരുന്നു. കുഞ്ചൻ നമ്പ്യാരിൽ നിന്നാകാം വീട്ടിൽ കുഞ്ചൻ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. യശ്ശശരീരനായ ആർ.എസ്.പി. നേതാവ് ആർ. ശ്രീകണ്ഠൻ നായരിൽ നിന്നാണ് ഞാൻ ആദ്യമായി അച്ഛന്റെ ഫലിതങ്ങൾ കേൾക്കുന്നത്. അവർ ക്ലാസ്മേറ്റ്സായിരുന്നു.
അച്ഛന് നാലു സഹോദരന്മാരുണ്ട്. എല്ലാവരുടെയും കൈപ്പട ഒരുപോലെയിരിക്കും. ഒരുതരത്തിലും വേർതിരിച്ചറിയാൻ പറ്റില്ല. സ്വാഭാവിശേഷവും അങ്ങേയറ്റം അനുമോദനാർഹമായിരുന്നു. യാതൊരുവിധ ദുശ്ശാഠ്യങ്ങളോ ദുശീലങ്ങളോ ഉണ്ടായിരുന്നില്ല. അഥവാ ദുശീലമുണ്ടെങ്കിൽ ഒരാൾ നിർത്തിയാൽ, എല്ലാവരും നിർത്തും. വലിയച്ഛൻ സിഗരറ്റ് വലിച്ചിരുന്നപ്പോൾ മറ്റു സഹോദരങ്ങളും പുകവലിച്ചിരുന്നു. അദ്ദേഹം നിർത്തിയപ്പോൾ, അവരും നിർത്തി. സഹോദരസ്നേഹവും ഐക്യവുമുള്ള കുടുംബത്തിൽ ജനിച്ചുവളർന്നതിന്റെ സ്വാധീനം ഞങ്ങളിലുമുണ്ട്.
നാട്ടിൽ എനിക്ക് മൂന്ന് സഹോദരിമാരുണ്ട്. രണ്ട് സഹോദരിമാരുടെയും മക്കൾ അമേരിക്കയിലാണ്. ഏറ്റവും ഇളയ പെങ്ങളാണ് മല്ലിക സുകുമാരൻ. അവളുടെ മക്കൾ ഇന്ദ്രനും രാജുവും (നടന്മാരായ ഇന്ദ്രജിത്ത്, പൃഥ്വിരാജ്).
ബാല്യകാല സ്മരണകൾ. ഒരിക്കലും മറക്കാത്ത ചില സ്‌മരണകൾ?
അതൊരുപാടൊരുപാട് പറയാനുണ്ട്. ഹരിപ്പാടിനെച്ചുറ്റിപ്പറ്റിയാണെന്റെ ഓർമ്മകൾ. അന്നത്തെ ഹരിപ്പാട് തികച്ചും ഗ്രാമീണമായ ഒരു ഉൾനാടായിരുന്നു. ഓണാട്ടുകര എന്ന് പറയില്ലേ? നെല്ല് കൃഷി ചെയ്തുകഴിഞ്ഞ് അവിടെ രണ്ടാം വിളയായിട്ട് എള്ള് കൃഷി ചെയ്തിരുന്നു. മീനമാസത്തിലൊക്കെ സ്‌കൂളടച്ച് നാട്ടിൽപോയി കഴിഞ്ഞാൽ എള്ള് വളർന്നുനിൽക്കുന്നതിനിടയിൽക്കൂടി നടന്നെത്തുന്നതാണ് വലിയ സന്തോഷം. മഴക്കാലമായിക്കഴിഞ്ഞാൽ മുട്ടറ്റം വെള്ളത്തിൽ വരമ്പത്തൂടെയും കണ്ടത്തിലൂടെയുമാണ് നടക്കുന്നത്. മൂവാണ്ടൻ മാങ്ങ എന്നൊരിനമുണ്ട് -നട്ടാൽ മൂന്നാം കൊല്ലം കായ് കിട്ടും. തേഡ് ഫോറത്തിൽ പഠിക്കുമ്പോൾ നട്ടാൽ എസ് എസ് എൽ സി ക്ക് പഠിക്കുമ്പോൾ മാങ്ങ പറിക്കാം-അതൊരു സംതൃപ്തിയാണ്.
എംടി, ഒ എൻ വി, പുനത്തിൽ കുഞ്ഞബ്ദുള്ള, സുഗതകുമാരി, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി, ടി.പത്മനാഭൻ തുടങ്ങിയവർ അമേരിക്കയിലെ സാഹിത്യസദസ്സുകളിൽ വരുമ്പോൾ ആതിഥേയത്വം വഹിക്കാൻ സാധിച്ചിട്ടുണ്ട്. ഇവരൊക്കെ എന്റെ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ട്. ഇവർക്കൊപ്പം സഞ്ചരിക്കുമ്പോഴും ചർച്ച സാഹിത്യത്തെക്കുറിച്ചായിരിക്കും.
ഹരിപ്പാട്ടുകാരനായ ശ്രീകുമാരൻ തമ്പി എന്നെ വിളിക്കുന്നത് മണി എന്നാണ്. തൊട്ടടുത്തായിരുന്നു അവരുടെ വീട്. തമ്പിയുടെ ഗാനങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് 'ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണി തെന്നലായി മാറി' എന്ന് തുടങ്ങുന്ന വരികളാണെന്ന് ഒരിക്കൽ ഞാൻ പറഞ്ഞപ്പോൾ അതിന്റെ കാരണം ചോദിച്ചു. തിരുവന്തപുരത്തുനിന്ന് ഹരിപ്പാട്ടേക്ക് വേനലവധിക്കും ഓണാവധിക്കും എത്തുന്നത് വിരിപ്പ് നിലത്തിലൂടെയാണ്. അവിടെ വീശുന്ന ഒരു പ്രത്യേകതരം കാറ്റുണ്ട്- അതാണ് ആവണി തെന്നൽ. അതെത്ര മനോഹരമാണെന്ന് ഒരിക്കലും പറഞ്ഞുഫലിപ്പിക്കാൻ സാധിക്കില്ല, അതൊരു ഗാനത്തിന്റെ വരികളിൽ കണ്ട് ആഹ്ലാദംകൊണ്ട് തുള്ളിച്ചാടിയ അനുഭവം ഞാൻ തമ്പിയോട് പറഞ്ഞു. ഹരിപ്പാടിന്റെ മുഴുവൻ ഗ്രാമ്യഭംഗിയും ആവാഹിച്ച ഗാനം! അതിന്റെ അവസാന വരി ഇങ്ങനെയാണ്- ആ ഹൃദയത്തിന്റെ സ്പന്ദനങ്ങൾക്കെന്റെ താളം പകർന്നു ഞാൻ നൽകി. ഒരു ഉൾനാടിന്റെ ഹൃദയസ്പന്ദനങ്ങളുടെ താളമായിട്ട് മാറുകയാണ് എന്റെ ഹൃദയമിടിപ്പ്. ഒരു ഏകമയീഭാവം-ഒരു ഒത്തുചേരലിന്റെ അനുഭൂതി. അതനുഭവിച്ചറിഞ്ഞേ മതിയാകൂ.
എം.ജി.ശ്രീകുമാറിന്റെയും ഓമനക്കുട്ടിയുടെയും എം.ജി.രാധാകൃഷ്ണന്റെയും പിതാവ് മലബാർ ഗോപാലൻ നായരാണ് എന്റെ അമ്മയെ സംഗീതം പഠിപ്പിച്ചുകൊണ്ടിരുന്നത്. അദ്ദേഹം അന്നൊക്കെ ഹാർമോണിയവുമായി വീട്ടിൽ വന്ന് അമ്മയെ പാട്ട് പഠിപ്പിക്കുന്നതൊക്കെ എനിക്ക് നല്ല ഓർമ്മയുണ്ട്. സിനിമാട്ടോഗ്രഫിയിൽ നോക്കിയാൽ ശിവൻ ഫാമിലി ഹരിപ്പാട് നിന്നാണ്-സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ. നാടിന് പ്രത്യേകമായൊരു ചൈതന്യമുണ്ട്. അതിന്നും പോറലേൽക്കാതെ നിൽക്കുന്നു.
ഇതിനെക്കുറിച്ചൊക്കെ ഒരു പുസ്തകം തന്നെ എഴുതാം. മടികൊണ്ടും സമയക്കുറവുകൊണ്ടും അതങ്ങനെ നീണ്ടുപോകുന്നു എന്ന് മാത്രം.
വിദ്യാഭ്യാസ കാലം
തിരുവനന്തപുരം മോഡൽ സ്‌കൂളിൽ നിന്ന് പഠിച്ചിറങ്ങി പ്രീ-യൂണിവേഴ്‌സിറ്റിക്ക് ചേർന്നു. തുടർന്ന് എംബിബിഎസ് ചെയ്തു. കോളജിലെ എന്റെ സഹപാഠികളായിരുന്നു പിൽക്കാലത്ത് പ്രസിദ്ധനായിതീർന്ന കവി വിനയചന്ദ്രനും രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.മാധവൻ നായരും. രസകരമായ ഒരോർമ്മ പറയാം. വൈ എം സി എ യിൽ ഒരു വേദിയിൽ ഞാനും ഡോ. ബാബു പോളും പങ്കെടുത്തിരുന്നു. അവിടേക്ക് ഏറെ വൈകിയാണ് വിനയചന്ദ്രൻ പ്രസംഗിക്കാൻ എത്തിച്ചേർന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച ആയതുകൊണ്ട് എനിക്ക് അദ്ദേഹത്തെ കണ്ടിട്ട് മനസ്സിലായിരുന്നില്ല. വിനയൻ എന്റെ അടുത്തുവന്ന് മനസ്സിലായോ എന്ന് ചോദിച്ചപ്പോൾ നാടുവിട്ടിട്ട് ഏറെക്കാലമായതുകൊണ്ട് പിടികിട്ടുന്നില്ലെന്ന് ഞാൻ പറഞ്ഞു. പ്രീ-യൂണിവേഴ്‌സിറ്റിക്ക് കൂടെ പഠിച്ച ഡി. വിനയചന്ദ്രൻപിള്ളയാണ് താനെന്ന് പരിചയപ്പെടുത്തിയിട്ട് ഒരു തമാശയും പറഞ്ഞു. 'ഞാനെന്റെ വാൽ മുറിച്ചു, ഡോക്ടർ ഇതുവരെ വാൽ മുറിച്ചില്ല' എന്ന്.
അമേരിക്കയിൽ ഗ്രീൻ കാർഡിന് അപ്ലൈ ചെയ്തപ്പോഴത്തെ പേര് പിന്നെ മാറ്റാൻ പാടായതുകൊണ്ടാണെന്ന് ഞാൻ മറുപടി നൽകി. പഠിക്കുമ്പോൾ കവിതാമത്സരത്തിൽ എനിക്ക് ഒന്നാം സമ്മാനവും,വിനയചന്ദ്രന് രണ്ടാം സമ്മാനവും കിട്ടിയ കാര്യവും ഓർത്തുവച്ചു പറഞ്ഞു. കേൾക്കാൻ നല്ല സുഖം തോന്നി. കേരളത്തിലെ ഒരു മുൻനിര കവിയാണത് പറഞ്ഞതെന്ന് ഓർക്കണം.
രാജസ്ഥാനിൽ വച്ചുനടന്ന ക്യാൻസർ കോൺഫറൻസിൽ എ.പി.ജെ അബ്ദുൽ കലാമാണ് മുഖ്യാതിഥിയായി വന്നത്. അദ്ദേഹമെനിക്കൊരു അവാർഡ് സമ്മാനിച്ചു. അന്ന് പി. മാധവൻ നായരായിരുന്നു അദ്ദേഹത്തിന്റെ സെക്രട്ടറി. എന്നെക്കണ്ടപ്പോൾ എത്ര വർഷങ്ങൾക്ക് ശേഷമാണ് കാണുന്നതെന്ന് ആ പഴയ സഹപാഠി സന്തോഷത്തോടെ പറഞ്ഞു.
ഒരു എഴുത്തുകാരൻ ആകണമെന്ന് മോഹിച്ചിരുന്നോ?
ഒരിക്കലുമില്ല. അതൊരു ഹോബി മാത്രമാണ്. അമേരിക്കയിൽ ഹെമറ്റോളജി, ഓങ്കോളജി എന്നീ ഡിപ്പാർട്മെന്റുകളിലാണ് ഞാൻ വർക്ക് ചെയ്യുന്നത്. ഇവിടത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നത് നാട്ടിലേതുപോലെയല്ല. പ്രൊഫസറുടെ മുൻപിൽ നോട്ടെഴുതിയെടുക്കാൻ വരുന്നവരല്ല ആരും. അവർ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമായിട്ടാണ് വരുന്നത്. എന്തെങ്കിലും കാമ്പുള്ള അദ്ധ്യാപകനാണോ എന്ന് ആദ്യ രണ്ടാഴ്ചയിൽ തന്നെ അവർ ഗ്രഹിക്കും. നമുക്ക് വിവരമില്ലെന്നുകണ്ടാൽ ക്ലാസ്സിൽ പോലും കയറില്ല. കമ്പൽസറി അറ്റൻഡൻസ് ഒന്നുമില്ലല്ലോ. ഈ രംഗത്ത് പിടിച്ചുനിൽക്കണമെന്നുണ്ടെങ്കിൽ നിരന്തരം വായിച്ച് പാരായണക്ഷമതയും അറിവും ഉന്നതമായ നിലയിൽ നിർത്തിയേ പറ്റൂ.
അതുകാരണം, സ്റ്റാമ്പ് കളക്ഷൻ എന്നൊക്കെ പറയുന്നപോലെ മാത്രമാണ് എന്റെ സാഹിത്യ താല്പര്യങ്ങൾ. ജീവിതത്തിലെ സ്ട്രെസ് കുറയ്ക്കാൻ ചിലർ കൃഷി ചെയ്യും. അതിനുവേണ്ടി തന്നെയാണ് ഞാനും മറ്റു മേഖലയിലേക്ക് എത്തിനോക്കുന്നത്. ആധുനിക മനഃശാസ്ത്രം അതിനെക്കുറിച്ച് ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ചീഫ് സെക്രട്ടറി അതുപോലെ സ്‌ട്രെസ് കൂടിയ ജോലി ചെയ്യുന്നവർ അതിൽ നിന്ന് ആശ്വാസം കിട്ടാനാണ് കവിത എഴുതുന്നതും പടം വരയ്ക്കുന്നതുമെല്ലാം. മലയാറ്റൂർ രാമകൃഷ്ണൻ സെക്രട്ടറിയും ഗൗരിയമ്മ മന്ത്രിയുമായിരുന്ന കാലത്ത് അവർ തമ്മിൽ ഒരുപാട് തവണ പിണങ്ങിയിട്ടുണ്ട്. ഇത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്. അഭിമാനക്ഷതമേറ്റ നിമിഷങ്ങൾ പോലും ഉണ്ടായിരുന്നു. ആ സ്‌ട്രെസ് കുറയ്ക്കാനാണ് അദ്ദേഹം 'യന്ത്രം' എന്ന നോവൽ എഴുതിയത്.
പിരിമുറുക്കങ്ങളും സംഘർഷങ്ങളും നിറഞ്ഞ അമേരിക്കൻ ജീവിതത്തിനിടയിൽ അതൊന്ന് ലഘൂകരിക്കാൻ വേണ്ടിയാണ് ഞാൻ എഴുതുന്നത്. സാഹിത്യം, സംഗീതം, ചിത്രകല, യാത്ര, ഫിഷിങ്, പത്രപാരായണം എല്ലാം അത്തരം ബഹിർഗമന മാർഗങ്ങളാണ്. ആരെങ്കിലും നിർബന്ധിക്കാതെ ഇതുവരെ ഞാൻ എഴുതിയിട്ടില്ല. എഴുതിയേ തീരൂ എന്ന് തോന്നുന്ന മുഹൂർത്തത്തിൽ മാത്രമേ നല്ല എഴുത്തുകാർ എഴുതുകയുള്ളു എന്ന് ആരോ പറഞ്ഞിട്ടുണ്ട്. 'പൂക്കാതിരിക്കാൻ എനിക്കാവതില്ലേ, കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ' എന്ന അയ്യപ്പപ്പണിക്കർ സാറിന്റെ കവിത പോലെ.
ഉദാഹരണം പറഞ്ഞാൽ, നമ്മുടെ ഹൃദയത്തെ ഒരുപാട് സ്പർശിച്ചയാൾ മരണപ്പെട്ടാൽ നമുക്ക് എഴുതിയേ പറ്റൂ. അകത്തുതിളച്ചു മറിയുന്ന വോൾക്കാനിക് ലാവ പൊട്ടി ഒലിച്ച് പുറത്തേക്ക് പോയെ പറ്റൂ. അതിനുള്ള മാർഗമാണ് എഴുത്ത്. അതാകാം വിലാപകാവ്യങ്ങൾ മനോഹരമായി വരുന്നത്. എഴുതിയേ തീരൂ എന്ന മുഹൂർത്തം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞാനൊരു അറിയപ്പെടുന്ന എഴുത്തുകാരൻ ആകാതെ പോയത് അതുകൊണ്ടായിരിക്കാം. അങ്ങനെ എഴുതുമ്പോൾ മാത്രമേ ഒരു ആർജ്ജവം വരികയുള്ളു, അതിനൊരു ലാവണ്യ ഭംഗി ഉണ്ടാവുകയുള്ളു,പാരായണക്ഷമത ഉണ്ടാവുകയുള്ളു,ഹൃദയംഗമമാകുകയുള്ളു.
അമേരിക്കൻ മലയാള സാഹിത്യം എന്നൊന്നുണ്ടൊ?
ഇത്തരം വിഭജനങ്ങളൊക്കെ അക്കാഡമിക് കാര്യങ്ങൾക്കാണ് ഉപകരിക്കുക. അടുത്തിടെ വായിച്ചതിൽ എനിക്കേറെ ഇഷ്ടപ്പെട്ട പുസ്തകമാണ് ജോർജ്ജ് മണ്ണിക്കരോട്ട് എഴുതിയ 'അമേരിക്കൻ മലയാള സാഹിത്യ ചരിത്രം'. ഇങ്ങനെയൊരു ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് പഠിക്കുമ്പോൾ ഇത്തരം വിഭജനങ്ങൾക്ക് പ്രസക്തിയുണ്ട്. അമേരിക്കയിലും ജർമനിയിലും ഗൾഫിലും ഓസ്ട്രേലിയയിലും വെസ്റ്റ് ഇൻഡീസിലും മലയാളത്തിൽ എഴുതുന്ന കവികളുണ്ടോ കഥാകൃത്തുക്കളുണ്ടോ എന്നറിയാൻ ഇത് ഉപകരിക്കും. അല്ലാതെ സാഹിത്യത്തിന്റെ ആസ്വാദനത്തിനോ അംഗീകാരത്തിനോ ഭൂമിശാസ്ത്രപരമായ വിഭജനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. പ്രത്യേകിച്ച് ഇന്നത്തെക്കാലത്ത്.
ഞാൻ ഇ-മലയാളിയിൽ വായിക്കുന്ന കഥ ഒരുപക്ഷേ എഴുതിയത് ജർമനിയിലോ ഇംഗ്ലണ്ടിലോ കേരളത്തിലോ ഉള്ളൊരാളായിരിക്കും. കഥയുടെ സൗന്ദര്യമോ ലാവണ്യഭംഗിയോ മാത്രമേ ഞാൻ ശ്രദ്ധിക്കുന്നുള്ളു. ആ സൃഷ്ടി എഴുതപ്പെട്ട സ്ഥലം എനിക്ക് വിഷയമേയല്ല. ആ കഥയെ വിലയിരുത്താനോ അംഗീകരിക്കാനോ ഉള്ള കമ്മിറ്റിയിലെ അംഗമല്ല ഞാൻ. അപ്പം തിന്നാൽ പോരേ, കുഴി എണ്ണണോ എന്നതാണ് മനോഭാവം. അങ്ങനെ നോക്കുമ്പോൾ അമേരിക്കൻ മലയാള സാഹിത്യമെന്നുള്ളത് സാഹിത്യ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും താല്പര്യമുള്ളവർക്ക് മാത്രം പ്രസക്തമായ വിഭജനമാണ്. അല്ലാത്തവർക്ക് അതുകൊണ്ട് വലിയ പ്രയോജനമില്ല എന്നാണെന്റെ വിശ്വാസം.
അമേരിക്കൻ മലയാളി എഴുത്തുകാരെ നാട്ടിലെ മുഖ്യധാരാ എഴുത്തുകാരും മാധ്യമങ്ങളും എങ്ങനെ കാണുന്നു?
ഇത് നമ്മൾ കാര്യമായി ചർച്ച ചെയ്യേണ്ട വിഷയമാണ്. അടുത്തകാലത്തായിട്ട് ഞാൻ കാണുന്ന ചെറിയൊരു അസ്വാസ്ഥ്യം ഇവിടെയുള്ള എഴുത്തുകാർക്ക് നാട്ടിൽ അംഗീകാരം കിട്ടുന്നില്ല എന്നുള്ളതാണ്. ഇത് ശരിയല്ല. ഞാൻ എല്ലാക്കൊല്ലവും നാട്ടിൽപോയി ഒന്നൊന്നര മാസം തങ്ങുന്ന ആളാണ്. തന്നെയുമല്ല, ഇപ്പോൾ ഈ വാട്സാപ്പും ഇന്റർനാഷണൽ ഫോൺ കോളും ട്വിറ്ററും ഇമെയിലും എല്ലാം വന്നതുകൊണ്ട് എല്ലാദിവസവും എല്ലാവരുമായിട്ട് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നുരാവിലെയും കേരളത്തിൽ നിന്ന് പ്രഭാ വർമ്മ അയച്ചുതന്ന നല്ലൊരു കവിത ഞാൻ വായിച്ചു. അദ്ദേഹത്തിന്റെ കാവ്യജീവിതം അൻപത് വർഷത്തിൽ എത്തിനിൽക്കുകയാണ്. കഴിഞ്ഞയാഴ്ച ഇതുപോലെ സുഗതകുമാരിയുടെ മകൾ ലക്ഷ്മീദേവിയുടെ ഒരു കവിത ലഭിച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരുപാടാളുകൾ കേരളത്തിൽ നിന്നും രചനകൾ അയച്ചുതരുന്നുണ്ട്, അതുപോലെ തന്നെ ഇവിടെ നിന്ന് തിരിച്ച് അങ്ങോട്ടേക്കും അയയ്ക്കാറുണ്ട്. ധാരാളം പുസ്തകങ്ങൾ പലരുമെനിക്ക് കോംപ്ലിമെന്ററി കോപ്പിയായും നൽകാറുണ്ട്. കേരളത്തിൽ അങ്ങനെ അമേരിക്കൻ മലയാളി എഴുത്തുകാരെക്കുറിച്ച് മോശം അഭിപ്രായമില്ല ഇല്ല ഇല്ല എന്ന് ഞാൻ ആവർത്തിച്ചു പറയാം.
ഒരുപാടുപേരോട് അടുത്തിടപഴകുമ്പോൾ അവരൊക്കെ ഇവിടത്തെ രചനകളെയും രചയിതാക്കളെയും ശ്രദ്ധിക്കുന്നതായി മനസ്സിലായിട്ടുണ്ട്. അവരെ പുകഴ്ത്തിപ്പറയാൻ ആരും മടിക്കാറുമില്ല. പണ്ടത്തെപ്പോലെയല്ല, ഇന്നിപ്പോൾ ഭാഷാപോഷിണിയിലും മാതൃഭൂമിയിലും സമകാലിക മലയാളത്തിലും കലാകൗമുദിയിലുമൊക്കെ അമേരിക്കൻ മലയാളികളുടെ ധാരാളം രചനകൾ വരുന്നുണ്ട്. അമേരിക്കൻ മലയാളിയെന്ന് എടുത്തുപറയുന്നില്ലായിരിക്കും. പക്ഷേ,എനിക്കറിയാം അതാരാണെഴുതിയതെന്ന്. നല്ല രചനകളെ അഭിനന്ദിച്ചുകൊണ്ട് ധാരാളം ആളുകൾ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. നല്ല രചനകൾ മറുനാട്ടിൽ നിന്ന് വരുന്നു എന്ന് പലരും പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് അടിസ്ഥാനരഹിതമായൊരു ആരോപണമാണ്.
ഇവിടെയുള്ള എഴുത്തുകാർക്ക് നാട്ടിൽ അംഗീകാരം കിട്ടുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല. വേറൊരു ചോദ്യമുള്ളത് എന്ത് അംഗീകാരമാണ് നമ്മൾ ഉദ്ദേശിക്കുന്നത് എന്നതാണ്. അവാർഡുകളാണെങ്കിൽ, അതിൽ യാതൊരു കാര്യവുമില്ലെന്ന് നമുക്കറിയാം. വൈക്കം മുഹമ്മദ് ബഷീറിന് പത്മശ്രീ കിട്ടാത്തതുകൊണ്ട് അദ്ദേഹത്തിന്റെ മഹത്വത്തിന് എന്തെങ്കിലും കുറവ് വന്നിട്ടുണ്ടോ? നമ്മുടെ അറിയപ്പെടുന്ന പല സാഹിത്യകാരന്മാർക്കും സാഹിത്യ അക്കാഡമി അവാർഡ് കിട്ടിയിട്ടില്ല. അംഗീകാരത്തിന്റെ മാനദണ്ഡം അവാർഡോ അക്കാഡമി പുരസ്കാരമോ ആണെന്ന് പറഞ്ഞുകൊണ്ട് അനർഹമായ രീതിയിൽ അവ തട്ടിക്കുട്ടുന്നതിൽ യാതൊരു കാര്യവുമില്ല. അവർക്ക് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ് താൻ എന്നറിയിക്കാൻ വേണ്ടി ഉണ്ടാക്കിവച്ച മിഥ്യാധാരണയാണത്.
ഇവിടെയാണ് പരസ്പര വിമർശനത്തിന്റെ അപകടം പതിയിരിക്കുന്നത്. ഇ-മലയാളിയിൽ ഇവിടെയുള്ള എഴുത്തുകാരെ പരിഹസിച്ചുകൊണ്ടും പുച്ഛിച്ചുകൊണ്ടും ചില കത്തുകൾ കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെ കയ്യിൽ നമ്മളെ അടിക്കാൻ വടി ഓടിച്ചുകൊടുക്കുന്നതുപോലെയാണത്. കാരണം, ഇതുതന്നെയാണ് അവർക്ക് വേണ്ടത്. അമേരിക്കൻ മലയാളികളോട് നമുക്കൊക്കെ അറിയാവുന്ന നിശബ്ദമായൊരു അസൂയ മിക്കവർക്കുമുണ്ട്. ഇല്ലെന്ന് ഞാൻ പറയുന്നില്ല. ആരുടേയും കാലുപിടിക്കാതെയും ആരെയും പറ്റിക്കാതെയും ആരുടെയും കുതികാൽ വെട്ടാതെയും സാമാന്യം നന്നായി അധ്വാനിച്ച് നല്ലനിലയിൽ കഴിയുന്നവരാണ് ഇവിടെയുള്ളതിൽ ഭൂരിഭാഗവും. എത്രയോപേർ നല്ല സർഗ്ഗവൈഭവത്തോടെ നല്ല രചനകൾ നടത്തുന്നു.
ഇതിന്റെ മറ്റൊരു വശമുണ്ട്. അമേരിക്കയിലെ ചില എഴുത്തുകാർ ചോദിക്കുന്നത് കേരളത്തിൽ നിന്നുള്ള എഴുത്തുകാരെ നിങ്ങളെന്തിനാണ് ക്ഷണിച്ചുകൊണ്ടുവരുന്നത്, ഞങ്ങൾ ഇവിടെയില്ലേ എന്നാണ്. എന്നെസംബന്ധിച്ച് ഇത് വെറും ബാലിശമായൊരു ചോദ്യമാണ്. ഇതുതന്നെയല്ലേ നമ്മൾ നോക്കുകൂലി എന്നുപറയുന്നത്. ഞങ്ങളൊക്കെ തലയിൽകെട്ടും കെട്ടി മതിലിനരികിൽ നിൽക്കുമ്പോൾ, വെളിയിൽ നിന്ന് ആളെക്കൊണ്ടുവന്ന് ചുമടിറക്കിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ എന്തിനാ എന്നാണ് നോക്കുകൂലി ജോലിക്കാർ പറയുന്നത്. നമ്മൾ നോക്കുകൂലി സമ്പ്രദായം ഇറക്കുമതി ചെയ്യരുത്. ഇരിക്കുന്നകൊമ്പ് മുറിക്കുന്നതുപോലെ അത് നമുക്കുതന്നെ വിനാശകരമായിത്തീരും. We have to command respect. ഇവിടെ നല്ല കവികളും കഥാകൃത്തുക്കളും ചെറുകഥാകൃത്തുക്കളും ലേഖകരുമുണ്ട്. അമേരിക്കയിൽ കേരളത്തിലേതിനേക്കാൾ മികച്ച രചയിതാക്കൾ ഉള്ളതായിട്ട് എനിക്കറിയാം. ഞാൻ പേരുപറയാത്തത് അവർക്കൊരു പക്ഷപാതം തോന്നിപ്പിക്കേണ്ട എന്നുകരുതിയാണ്.
ചെറുകഥ, നോവൽ, കവിത, ലേഖനങ്ങൾ എന്നിവയിലെല്ലാം നല്ല നിലവാരം പുലർത്തുന്നവരുണ്ട്. പക്ഷേ, ഞങ്ങളെ ആദരിച്ചിട്ടേ നാട്ടിൽ നിന്ന് ആളെ ഇറക്കാവൂ എന്നുപറയുന്നത് കേൾക്കുന്നത് വീടിനടുത്ത് യേശുദാസിനെപ്പോലെ പാടുന്നയാൾ ഉണ്ടായിട്ട് ആയിരക്കണക്കിന് ഡോളർ മുടക്കി ദാസേട്ടനെക്കൊണ്ടുതന്നെ പാടിക്കുന്നത് എന്തിനാണെന്ന് ചോദിക്കുന്നതുപോലെയാണ്. ആ ചിന്ത നമ്മൾ അല്പന്മാരാണെന്നും അരക്ഷിതാബോധമുള്ളവരാണെന്നുമുള്ള തോന്നൽ ഉണ്ടാക്കും. മാത്രമല്ല, കേരളത്തിന്റെ മുഖ്യധാരാ മാധ്യമത്തിലേക്ക് നമുക്ക് കടന്നുചെല്ലാൻ പ്രയാസം സൃഷ്ടിക്കുകയും ചെയ്യും.
കേരളത്തിലിരുന്ന് എഴുതുന്നവരുടെ അത്ര സമയമോ സാവകാശമോ സംവിധാനങ്ങളോ ഇല്ലാത്തതാണ് ഇവിടത്തെ എഴുത്തുകാർക്കുള്ള പരാധീനത. നാട്ടിലുള്ളവർക്ക് ഒരു കഥ തന്നെ അഞ്ചോ ആറോ തവണ മാറ്റിയെഴുതാം. പബ്ലിക് ലൈബ്രറിയിൽ പോയിരുന്ന് തിരുത്താം.അതിന് വീണ്ടും പകിട്ടുണ്ടാക്കാം. ഒരറിവുള്ള ആളെക്കാണിച്ച് അതിന്റെ തെറ്റുകുറ്റങ്ങൾ മാറ്റാം. ഇതൊന്നും ഇവിടെ സാധ്യമല്ല. രാവിലെ മുതൽ വൈകുന്നേരം വരെ എന്നും ജോലി ചെയ്തിട്ട് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമോ ഞായറാഴ്ചയോ വീണുകിട്ടുന്ന അല്പസമയംകൊണ്ട് എഴുതുന്നവരാണ് ഇവിടെയുള്ളത്. നൈസർഗികമായ സർഗ്ഗസിദ്ധിയുടെ ഒരു ബഹിർസ്ഫുരണമാണ് ഇവിടുത്തെ കൃതികൾ. എന്നിട്ടും പല കൃതികളും കേരളത്തിലെ സമകാലിക സാഹിത്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഒട്ടും പിന്നിലല്ലെന്ന് സധൈര്യം പറയാം. നമ്മൾ തന്നെ കുഴി കുഴിച്ച് നമ്മളെ വീഴിക്കാൻ നോക്കരുത്.
ലോജിക് എന്നൊരു ശാസ്ത്രമുണ്ട്, തർക്കശാസ്ത്രം. അതിലെ ബാലപാഠം ഞാൻ പറയാം. ഒരു കടലാസിൽ ഒരു വര വരച്ചിട്ട് പെൻസിൽ നമ്മുടെ കയ്യിൽ തന്ന ശേഷം ഈ വരയുടെ നീളം കൂട്ടണമെന്ന് ആവശ്യപ്പെടും. എന്നാൽ, വരച്ച വരയിൽ തൊടാനും പാടില്ല. ഇതെങ്ങനെ സാധ്യമാകും? ഏവരും തലപുകഞ്ഞാലോചിച്ചപ്പോൾ ഒരു വിരുതൻ മുൻപ് വരച്ച വരയ്ക്ക് തൊട്ടുതാഴെ അതിനേക്കാൾ ചെറിയ വര വരച്ചു. കൊച്ചുവര വരയ്ക്കുമ്പോൾ മുകളിലെ വരയുടെ നീളം സ്വാഭാവികമായും കൂടുമല്ലോ! ഈ പാഠം പറയുന്നത് സ്വയം നീളം വയ്ക്കാൻ കഴിവില്ലെങ്കിൽ മറ്റുള്ളവരെ കൊച്ചാക്കി കാണിക്കുന്നു എന്നാണ്. മറ്റുള്ളവരെ കൊച്ചാക്കിക്കാണിക്കുമ്പോൾ ആപേക്ഷികമായി എനിക്ക് അല്പം വലിപ്പം തോന്നുമല്ലോ എന്നാണ് ധാരണ.
ഇതാണ് പല സ്ഥലത്തും കാണുന്ന പ്രവണത. വയോവൃദ്ധനായ മലയാളം വായനക്കാരൻ എന്ന നിലയിൽ, ഇതെന്റെ നിരീക്ഷണമാണ്. അമേരിക്കയിലെ സഹൃദയർക്കു മുന്നിൽ ഞാനിത് അവതരിപ്പിക്കുന്നു. ഈ നോക്കുകൂലി സമ്പ്രദായം നമുക്ക് നിർത്തണം. പരസ്പരം വിമർശിച്ച് കൊച്ചാക്കി നമ്മുടെ വര വലുതാണെന്നുള്ള പ്രതീതി ജനിപ്പിക്കുന്ന പരിപാടി നമ്മൾ ഉപേക്ഷിക്കണം. ധാരാളം അനുഭവസമ്പത്തുള്ള ഒരുപാട് എഴുത്തുകാർ ഇവിടെയുണ്ട്. നിർദ്ദേശരൂപത്തിലും എനിക്കൊരു കാര്യം പറയണമെന്നുണ്ട്- ജാപ്പനീസ് നോവലുകളും ജാപ്പനീസ് കഥകളും വായിച്ചാൽ നമ്മുടെ അഭിരുചിയുമായി ഒരുപാട് ഒത്തുചേർന്നുപോകുന്നതായി തോന്നും. ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിന്റെ കാര്യവും അങ്ങനെതന്നെ. ഇതിൽനിന്ന് നമുക്കൊരുപാട് മുത്തുകൾ പൊഴിഞ്ഞ് കിട്ടും. സമയക്കുറവുമൂലം ഞാൻ വിശദീകരിക്കുന്നില്ല.
പക്ഷേ, അടുത്തകാലത്ത് എന്നെ ഞെട്ടിപ്പിച്ച ഒരു സംഭവമുണ്ടായി. സ്വവർഗ്ഗരതിയിൽ ഏർപ്പെടുന്ന രണ്ടു സ്ത്രീകൾ-ഒന്ന് മലയാളിയും മറ്റേതൊരു ഇറ്റാലിയനും. ഇവർ രണ്ടും വിവാഹം കഴിച്ചു. രണ്ടുപേരും ഹൈലി സക്സസ്ഫുൾ പ്രൊഫഷണൽസാണ്. കുട്ടികൾ വേണമെന്ന് അവർ തീരുമാനിച്ചു. ഒരാളുടെ ഓവവും സ്പേം ബാങ്കിൽ നിന്ന് ഒരു ബീജവും എടുത്ത് ഫെർട്ടിലൈസേഷൻ നടത്തുകയായിരുന്നു ലക്ഷ്യം. ലബോറട്ടറിയിൽ സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംയോജിപ്പിച്ച് കിട്ടുന്ന ഭ്രൂണം ഒരു സറോഗേറ്റ് മദറിന്റെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു. സറോഗേറ്റ് മദർ എന്നുപറയുമ്പോൾ ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരി ആയിരിക്കും. ആ ഭ്രൂണം വളർന്ന്, കുഞ്ഞിനെ അവർ പ്രസവിച്ചുകഴിയുമ്പോൾ ഇവർ രണ്ടുപേരും ആ കുട്ടിയുടെ അമ്മയാണ്. കാരണം ആരിൽ നിന്നാണ് ഓവം എടുത്തതെന്ന് രണ്ടുപേർക്കും അറിഞ്ഞുകൂടാ. സ്പേം ലഭിച്ചതാകട്ടെ സ്പേം ബാങ്കിൽ നിന്നും. കുഞ്ഞുവളർന്നതാകട്ടെ മൂന്നാമതൊരാളുടെ ഗർഭപാത്രത്തിലും! കുഞ്ഞ് വളർന്ന് നാലുവയസ്സായപ്പോൾ ഞാൻ ഇതിലെ മലയാളി സ്ത്രീയുടെ കുടുംബത്തിൽ പോയി.
അവിടെ മലയാളി സ്ത്രീയുടെ മാതാപിതാക്കൾ ആ കുഞ്ഞിനെ ലാളിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി. അവർക്ക് യാതൊരു ഉറപ്പുമില്ല ആ കുഞ്ഞ് അവരുടെ മകളുടേതാണെന്ന്. എന്നിട്ടും അവർ ആ കുഞ്ഞിനെ ലാളിക്കുന്നത് അതിന്റെ നിഷ്കളങ്കതയും നൈർമല്യവും പുഞ്ചിരിയും മാത്രം കണ്ടാണ്. Life is stranger than fiction എന്നത് വാസ്തവമാണെന്ന് തോന്നിയ അവസരമാണത്. ഇതൊരു കഥയിൽ ആവിഷ്കരിച്ച് മലയാളി വായനക്കാരുടെ ആസ്വാദനക്ഷമതയിലേക്ക് ഉയർത്തിക്കൊണ്ടുവന്ന് അവരുടെ അഭിരുചി കൂടി കലർത്തി ഒരു നോവലാക്കി എടുക്കുക എന്നുപറഞ്ഞാൽ ഒരുപാട് പരിശ്രമം ആവശ്യമാണ്. പരിശ്രമം കഥാകൃത്തിന്റേത് മാത്രമല്ല, വായനക്കാരന്റെ ചിന്താതലവും അതിനോട് ഒത്തുചേരണം. എം.ടി പണ്ട് തുഞ്ചൻ സ്മാരകപ്രസംഗത്തിൽ പറഞ്ഞത് ഓർക്കുന്നു:" എന്റെ കുട്ടിക്കാലത്ത് എന്റെ നാട്ടുകാർ എന്ത് ആഗ്രഹിക്കുന്നു എന്ത് ചിന്തിക്കുന്നു എന്തെല്ലാം മോഹഭംഗങ്ങൾ അനുഭവിക്കുന്നു എന്നൊക്കെ എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ എഴുതുന്നതെന്തും അവരുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങുമായിരുന്നു. ഇന്ന് നമ്മുടെ സമൂഹം ശിഥിലമായിരിക്കുന്നു. അവർ എന്ത് ചിന്തിക്കുന്നു,എന്ത് മോഹിക്കുന്നു, എന്ത് മോഹഭംഗങ്ങളാണ് അവരെ അലട്ടുന്നത്... ഒന്നും എനിക്കറിയില്ല. അതുകൊണ്ട് ഞാൻ എഴുതുന്നതൊന്നും അവരുടെ ഹൃദയത്തെ സ്പർശിക്കാതെ പോകുന്നു."
ഞാൻ പറഞ്ഞുവരുന്നത് കഥാകൃത്തും കവിയും നോവലിസ്റ്റും എന്താണോ പകർന്നുകൊടുക്കാൻ ആഗ്രഹിക്കുന്നത്, അതേറ്റുവാങ്ങാനുള്ള ചിന്താതലം വായനക്കാരിൽ ഉണ്ടാകുമ്പോൾ മാത്രമേ ഒരു സാഹിത്യം നന്നായിട്ട് ക്ലിക്ക് ആവുകയുള്ളൂ. സമകാലിക കേരളം ജാപ്പനീസ് പരിസ്ഥിതികളിൽ കൂടിയാണ് കടന്നുപോകുന്നതെന്ന് പല ജാപ്പനീസ് നോവലുകളും വായിക്കുമ്പോൾ തോന്നിയിട്ടുണ്ടെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. ലാറ്റിൻ അമേരിക്കൻ കഥകൾ നമുക്ക് പണ്ടേ പ്രിയപ്പെട്ടതാണ്. മാർക്കേസിന്റെയും പൗലോ കൊയ്ലോയുടെയും കഥകളിലെല്ലാം നമുക്കെന്തൊക്കെയോ താദാത്മ്യം അവരുടെ കഥാബിന്ദുക്കളുമായും കഥാരചനാസമ്പ്രദായവുമായും ഒക്കെ തോന്നുന്നുണ്ട്. ആ ഒരു തോന്നൽ സാക്ഷാൽ മെയിൻലാൻഡ് അമേരിക്കൻ എഴുത്തുകാരുടെ കൃതികളിൽ നിന്ന് കിട്ടുന്നില്ല. അതുകൊണ്ടാണ് ആ ചുവടുപിടിച്ചെഴുതിയാൽ നമുക്ക് കേരളത്തിലെ വായനക്കാരുടെ ആരാധന പിടിച്ചുപറ്റാൻ കഴിയാതെവരുന്നതും. എന്നിരുന്നാലും, മികച്ച നോവലിസ്റ്റുകളും കഥാകൃത്തുക്കളും കവികളും ഇവിടെയുണ്ടെന്ന് സ്വാഭിമാനത്തോടെ പറയാൻ എനിക്ക് സന്തോഷമേ ഉള്ളു.
അനന്തരവന്മാർ മലയാള സിനിമയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അതിനെക്കുറിച്ച് എന്തുതോന്നുന്നു?
മലയാള സിനിമയിൽ തങ്ങളുടേതായ ഒരു സ്ഥാനമുറപ്പിച്ച നടന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിയും എന്നതിൽ സന്തോഷമുണ്ട്. സിനിമാ മേഖല കൂടാതെ ഏത് മേഖലയിലാന്നെങ്കിലും അവര്‍ ഒന്നാമത് തന്നെ എത്തുമെന്നാണ് ഇരുവരുടെയും കുഞ്ഞുനാൾ മുതൽക്കുള്ള കഴിവ് മനസിലാക്കിയിട്ടുള്ള എനിക്ക് തോന്നുന്നത്. അമ്മാവന്‍ എന്ന രീതിയില്‍ ഞാന്‍ ഒരു ഉപദേശവും പൃഥ്വിരാജിനും ഇന്ദ്രജിത്തിനും കൊടുത്തിട്ടില്ല. ഞങ്ങളുടെ കുടുബത്തില്‍ ആരെയും അങ്ങനെ വിളിച്ചിരുത്തി ഉപദേശം കൊടുക്കാറില്ല. പക്ഷേ, ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് പല മൂല്യങ്ങള്‍ കാണാന്‍ കഴിയും. പൃഥ്വിരാജിനും ഇന്ദ്രജിത്തിനും എല്ലാ കുടുബാംഗങ്ങളോടും സ്നേഹവും അടുപ്പവുമുണ്ട്. അവരെ വഴക്ക് പറയേണ്ട ആവശ്യം ഒരിക്കലും എനിക്ക് വന്നിട്ടില്ല. അതിന്റെ ഒന്നാമത്തെ കാര്യം അവര്‍ രണ്ട് പേരും ഞങ്ങളുടെ പ്രതീക്ഷയെ കവിഞ്ഞ് നന്നായി വന്നിട്ടുണ്ട് എന്നതുതന്നെയാണ്. ഞങ്ങൾ സഹോദരങ്ങളുടെ മക്കൾ എല്ലാം തന്നെ അവരവരുടെ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ്. അമേരിക്കയിലെ ടോപ് ടെൻ ഫിനാൻഷ്യൽ ലോയേഴ്സിനെ എടുത്താൽ അതിലൊരാളാണ് എന്റെ മകൾ. മകൻ ഹെൽത്ത് കെയർ ലോയറാണ്. പഠനത്തിലെ മികവ് നോക്കിയാൽ, എന്റെ അനന്തരവന്മാർ, സത്യാ നാദെല്ലയെപ്പോലെയോ സുന്ദർ പിച്ചൈയെ പോലെയോ ലോകത്തിന് തന്നെ മുതൽക്കൂട്ടാകുന്ന രംഗത്തേക്ക് എത്തിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്.
രാജുവിന്റെയും ഇന്ദ്രന്റെയും മക്കളും വളരെ മിടുക്കികളാണ്. എനിക്ക് തോന്നുന്നു, ഇൻഫോർമേഷൻ ഓവർലോഡിന്റെ കാലത്താണ് അവർ ജീവിക്കുന്നത്.
ഈ ഇന്റര്‍നെറ്റും ഇന്‍ഫോര്‍മെഷന്‍ ടെക്ക്നോളജിയുമാണ് അവരെ മിടുക്കന്മാരാക്കുന്നത്. അവരോട് ഏത് വിഷയത്തെ കുറിച്ച് സംസാരിച്ചാലും അവർ വളരെ ശ്രദ്ധയോടെ കേട്ടിരിക്കും. രാജുവിന്റെ മകള്‍ അലംകൃത നല്ല കുസൃതിയാണ്. എന്നാൽ, പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവളുടെ ശ്രദ്ധ വേറെ ഒന്നിലേക്കും തിരിഞ്ഞ് പോകില്ല. അവള്‍ക്ക് വായിക്കാനും എഴുതാനും ഒരുപാട് ഇഷ്ടമാണ്. ഒരു ആള്‍ക്കൂട്ടത്തില്‍ അവളെ കൊണ്ട് പോയി കഴിഞ്ഞാല്‍ എല്ലാവരെയും അവള്‍ സന്തോഷിപ്പിക്കും. അവള്‍ നന്നായി കവിത എഴുതും. സൈനിക സ്‌കൂളിൽ പഠിക്കുമ്പോൾ പൃഥ്വിരാജിന് കവിതാരചനയിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു, സുഗതകുമാരി ടീച്ചറുടെ സഹോദരി ഹൃദയകുമാരി ടീച്ചറായിരുന്നു അന്ന് ജഡ്ജ്. ആ കഴിവാകാം മകൾക്ക് പകർന്നുകിട്ടിയത്.
ചിട്ടയോടുകൂടിയ ജീവിതം നയിച്ചിട്ടും ചിലർക്ക് കാൻസർ പിടിപ്പെടുന്നു. മറ്റു ചിലർ മോശം രീതികൾ പിന്തുടർന്നിട്ടും രോഗം ബാധിക്കുന്നില്ല.എന്താണിതിന് കാരണം?
കാൻസറിന്റെ തുടക്കം നമ്മുടെ ജീനുകളിലാണ്, തന്മാത്രകളിൽ. അർബുദത്തെ തടയാനുള്ള ശക്തിയും അതുപോലെ അതിന് വിധേയപ്പെടാനുമുള്ള ശക്തിയും ആ തന്മാത്രകളിൽ തന്നെ ദൈവം ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാഹനങ്ങളിൽ നിന്നുള്ള പുക, ആസ്ബസ്റ്റോസ്, ആൽക്കഹോൾ, ചിലതരം വൈറസുകൾ, ആർസനിക് പോലെ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങൾ ഉള്ളൊരു പരിസ്ഥിതിയിലേക്ക് രോഗത്തോട് വിധേയപ്പെട്ട തന്മാത്രകളുള്ള ഒരാൾ ചെന്നുപെടുമ്പോൾ, സ്വാഭാവികമായും രോഗം പിടിപ്പെടും. അതായത് ജന്മനാ ഉള്ള സാധ്യതയ്ക്ക് പുറമേ അത്തരം സാഹചര്യങ്ങൾ കൂടി വന്നുചേരുമ്പോൾ രോഗം ഉണ്ടാകും. ശരീരത്തിന്റെ രാസപ്രവർത്തനങ്ങളിലെ വ്യത്യാസങ്ങൾ കൊണ്ടാണ് ജീവിതകാലം മുഴുവൻ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന വ്യക്തിക്ക് ക്യാൻസർ വരാതിരിക്കുകയും അല്ലാത്തവർക്ക് വരുന്നതും. ശ്വാസനാളത്തിന് കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളെ നിർവീര്യമാക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് രോഗം പിടിപ്പെടില്ല. കുടിവെള്ളത്തിൽ ആർസനിക്കിന്റെ അംശമുണ്ടെങ്കിൽ ബ്ലാഡറിന് കാൻസർ വരാം. എന്നാൽ, അതിനെ തടുക്കാൻ ജീനിന് കഴിവുണ്ടെങ്കിൽ രോഗം ബാധിക്കില്ല.
തന്മാത്രാതലത്തിൽ കാൻസർ ബാധിക്കാൻ സാധ്യതയുണ്ടോ എന്ന് കണ്ടെത്തുന്ന സാങ്കേതികവിദ്യ കേരളത്തിൽ എത്തിക്കഴിഞ്ഞു. കണിയാൻ കവിടി നിരത്തി പറയുന്നതുപോലെ ഒരാളുടെ ജനിതകരഹസ്യം അറിഞ്ഞാൽ അയാൾക്ക് ഏതൊക്കെ തരം അർബുദം ബാധിക്കാൻ സാധ്യതയുണ്ടെന്നും എങ്ങനെ അത് തടുക്കാമെന്നും കണ്ടെത്താം. ഉമിനീരിന്റെയോ രക്തത്തിന്റെയോ സാമ്പിൾ എടുത്താണ് പരിശോധന. ആർ സി സി യിൽ ഇക്കൊല്ലം ഈ സാങ്കേതികവിദ്യ വരും. 'റിസ്ക് സ്ട്രാറ്റിഫിക്കേഷൻ' നടത്തി കൂടുതൽ രോഗസാധ്യത ഉള്ളവരെ പരിശോധനാവിധേയമാക്കാം.
ഇന്ത്യയിലെയും അമേരിക്കയിലെയും ആശുപത്രിസംവിധാനങ്ങൾ താരതമ്യം ചെയ്യുമ്പോൾ ?
കേരളത്തിലെ സംവിധാനങ്ങൾ ഹയരാർക്കിക്ക് വലിയ പ്രാധാന്യം നൽകുന്നതായി കാണാം. മെഡിക്കൽ രംഗത്ത് ഒരു ടീമിന്റെ പ്രവർത്തനമാണ് വേണ്ടത്. അവിടെ ഏറ്റവും ജൂനിയറായ ഒരു മെഡിക്കൽ വിദ്യാർത്ഥി മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം ശരിയാണെങ്കിൽ അത് സ്വീകരിക്കണം. അധ്യാപകന് ഈഗോ തോന്നിക്കൂടാ. അമേരിക്കയിലെ രീതി അത്തരത്തിലാണ്. ഹയറാർക്കി അല്ല കാര്യം നിർണയിക്കുന്നത് .
പ്രചോദിപ്പിച്ച വ്യക്തിത്വം?
ഹാറോൾഡ് വാർമസ് എന്നെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ്. ജയ്‌പൂരിലെ നടക്കുന്ന ദേശീയ സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം കൂടെക്കൂടെ വരും. അമേരിക്കയിൽ നിന്നൊരു സായിപ്പ് ഇന്ത്യയിൽ അത്തരത്തിലൊരു സമ്മേളനത്തിന് വരുന്നതിൽ കൗതുകം തോന്നാം. ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സും പി എച്ച് ഡി യും പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മെഡിസിൻ പഠിക്കാൻ പോയത്. നാടൻ ഭാഷയിൽ പറഞ്ഞാൽ, അത്രയും പഠിച്ചിറങ്ങുമ്പോൾ മൂക്കിൽ പല്ല് കിളിർക്കും. എന്നാൽ, അദ്ദേഹം അവിടെയും പഠിപ്പ് നിർത്തിയില്ല. മോളിക്യൂലർ ബയോളജിയിൽ റീസേർച്ച് ചെയ്ത് പ്രോട്ടോ ഓങ്കോ ജീൻ എന്ന കണ്ടെത്തൽ നടത്തി. കാൻസറിന് കാരണമാകുന്ന ജീനുകളെ കണ്ടെത്തിയതിന് അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു. 'ദി ആർട് ആൻഡ് പൊളിറ്റിക്സ് ഓഫ് സയൻസ്' എന്നൊരു പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തെ നേരിൽ പരിചയപ്പെടാനും സാധിച്ചത് വലിയ അനുഭവമാണ്.
കേരളത്തിൽ നിന്നുള്ള പ്രമുഖരെ ചികിത്സിച്ച അനുഭവം?
അത്തരത്തിൽ നിരവധി അനുഭവങ്ങളുണ്ടെങ്കിലും അവരുടെ വിവരങ്ങൾ പങ്കുവയ്ക്കുന്നത് എത്തിക്സിന് എതിരാണ്. രോഗബാധിതർ എന്നെത്തേടി എത്തുന്നത് അമേരിക്കയിലെ ഏറ്റവും നല്ല ഡോക്ടർ ആണെന്ന് കരുതിയൊന്നുമല്ല. മലയാളി എന്നതുകൊണ്ടാണ് അവർ എന്നെ പരിഗണിക്കുന്നത്. മാതൃഭാഷ പകരുന്ന സാന്ത്വന സ്വഭാവമാണ് ഇതിന്റെ കാരണം. ഒരു ഉദാഹരണം പറഞ്ഞാൽ, കാനഡയിലെ മൾട്ടിസ്‌പെഷ്യലിറ്റി ആശുപത്രിയിലെ ഐസിയു വിൽ കിടക്കുന്ന മലയാളിയോട് ' ഇപ്പോൾ വേദന കുറഞ്ഞോ സാറേ ' എന്നൊരു നഴ്സ് ചോദിച്ചാൽ അതോടെ അയാളുടെ വേദന പൂർണമായി മാറും. അത്രയും നേരം കേട്ടിരുന്ന മറ്റൊരു ഭാഷയ്ക്കിടയിൽ സ്വന്തം ഭാഷ കേൾക്കുമ്പോൾ വരുന്ന ആശ്വാസമാണത്. നമ്മുടെ ഹൃദയത്തിന്റെ അഗാധ തലങ്ങളിലേക്ക് സ്പർശിക്കണമെന്നുണ്ടെങ്കിൽ നമ്മുടെ മാതൃഭാഷ വേണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
മോഹൻലാലുമായി താങ്കളുടെ ബന്ധം?
മോഹൻലാലിന്റെ കുട്ടിക്കാലത്തെക്കുറിച്ച് ദീപ്തമായ സ്മരണകളുള്ള ജീവിച്ചിരിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് ഞാൻ. മോഹന്‍ലാല്‍ എന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്ന മഹാനടന്‍ കുട്ടിക്കാലത്ത് ശ്രീകൃഷ്ണനെ അതിശയിപ്പിക്കുന്ന കുസൃതിയും കൊണ്ട് നടന്ന ആളാണ്. ലാലുവിനെ പഠിപ്പിക്കാന്‍ തങ്ങൾക്ക് ആവില്ല എന്ന് അദ്ദേഹത്തിന്റെ അച്ഛനോട് പറയണം എന്ന് ലാലിന്റെ ട്യൂഷന്‍ മാസ്റ്റര്‍മാരൊക്കെ എന്നോട് പരാതി പറയാറുണ്ടായിരുന്നു. അത്രയ്ക്ക് കുസൃതിയായിരുന്നു .
മോഹൻലാലിന്റെ അച്ഛനും അമ്മയും ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു. സഹോദരൻ പ്യാരിലാലും കുട്ടികാലത്ത് വളർന്നതൊക്കെ എന്റെ വീട്ടിലായിരുന്നു.
ഞാന്‍ ന്യുസിലാന്റില്‍ പോകുന്നതിന് മുമ്പ് ലാലും, ലാലിന്റെ അച്ഛനും അമ്മയും ഏട്ടനുമൊക്കെ എന്റെ വീട്ടില്‍ വന്നിരുന്നു. അന്ന് ലാലിന് പതിനഞ്ചോ പതിനാറോ ആണ് പ്രായം. അന്ന് വീട്ടില്‍ ഒരു പൂച്ച പ്രസവിച്ചിട്ടുണ്ടായിരുന്നു. കുറെ പൂച്ച കുഞ്ഞുങ്ങളുണ്ട്.
മണി ചേട്ടാ, മണി ചേട്ടാ, ആ പൂച്ച കുഞ്ഞുങ്ങളെ ഞാന്‍ കൊണ്ട് പോയിക്കോട്ടെ എന്ന് ചേച്ചിയോട് പറയാമോ എന്ന് ചോദിച്ച് എന്റെ പിറകേ ലാലു നടന്നു. ഞങ്ങള്‍ക്ക് അതിനെ കൊണ്ട് പോകുന്നതില്‍ സന്തോഷമായിരുന്നു. എന്നിട്ടും ഡിമാന്റ് കൂട്ടാന്‍ വേണ്ടി എല്ലാ പൂച്ച കുഞ്ഞുങ്ങളെയും തരില്ല, ഒന്നോ രണ്ടോ തരാം എന്ന് പറഞ്ഞു. അയ്യോ അത് പറ്റില്ല എല്ലാം വേണമെന്ന് ലാലു പറഞ്ഞു. അങ്ങനെ വലിയ ഒരു വട്ടിക്കകത്ത് എട്ടൊമ്പത് പൂച്ചകളെയും തലയില്‍ വെച്ച് കൊണ്ട് പോയ മോഹന്‍ലാലിനെ പിന്നെ ഞാന്‍ അറിയുന്നത് ഒരു സൂപ്പര്‍സ്റ്റാറായിട്ടാണ്.
ലാലിന്റെ ഒരുപാട് നല്ല സ്വഭാവ വിശേഷങ്ങള്‍ ഞാന്‍ അടുത്തിടേയും കണ്ടു. കുട്ടിക്കാലത്ത് എന്തെങ്കിലും ബുക്ക് വായിച്ച് കൊണ്ടിരിക്കുമ്പോള്‍ ആ കഥയില്‍ താല്‍പര്യം കൂടി കഴിഞ്ഞാല്‍ കസേരയില്‍ നിന്ന് ചാടി തറയില്‍ ചമ്രംപടഞ്ഞിരിക്കും. ആ സമയത്ത് വളരെ ആദരവോട് കൂടിയും സ്നേഹത്തോടെയും നമ്മളെ നോക്കും. കുറെ നാൾ മുമ്പ് ഞാന്‍ കാക്കനാടുള്ള സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ ലാലിന്റെ ബറോസ് എന്ന സിനിമയുടെ കുറെ സീന്‍സ് എന്നെ കാണിച്ചു. അതിനെ കുറിച്ച് പറഞ്ഞ് ആവേശം കൂടിയതോടെ ലാല്‍ ഇരുന്ന കസേരയില്‍ നിന്ന് തറയിൽ ഇറങ്ങിയിരുന്നു. എത്ര കാലം കഴിഞ്ഞാലും പഠിച്ചതേ പാടൂ എന്ന് പറയുന്നത് പോലെ ആ സ്വഭാവം ഇന്നും അദ്ദേഹത്തിനുണ്ട്. ഇത്ര വലിയ സ്റ്റാറായിട്ടും ഇപ്പോഴും ആ പഴയ ആറോ ഏഴോ വയസുകാരനായ ലാലിനെ പോലെ എന്റെ മുമ്പില്‍ തറയില്‍ ചമ്രംപടഞ്ഞിരിക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ്.
എങ്ങനെ ജീവിത വിജയവും മഹാഭാഗ്യങ്ങളും മഹാനേട്ടങ്ങളും നമ്മുടെ ശിരസ്സിനെ വീണ്ടും വീണ്ടും വിനയാന്വിതമാക്കണം എന്നത് യുവതലമുറ അദ്ദേഹത്തിൽ നിന്നും പഠിക്കേണ്ടതുണ്ട്. ഒരിക്കലും ലാലു തലക്കനമോ ജാടയോ ഒരിടത്തും കാണിച്ചിട്ടില്ല. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതൽ ഉയരങ്ങളിലേക്ക് കയറുമ്പോൾ ആത്മാർഥമായ സ്വതസിദ്ധമായ വിനയം നിലനിർത്തുക എന്ന് പറയുന്നത് അത്ര എളുപ്പം ഉള്ള കാര്യമൊന്നും അല്ല.
ഗൃഹലക്ഷ്മിയിൽ 'അന്നും ഇന്നും' എന്ന പേരിൽ ഞാനൊരു അനുഭവ പംക്തി എഴുതിയതിന് പിന്നിലും ലാലുവിന്റെ ഇടപെടൽ ഉണ്ടായിരുന്നു. അമേരിക്കയിലെ ഡോക്ടർമാരുടെ ജീവിതം തിരക്കേറിയതാണ്. എഴുതാൻ സമയം കണ്ടെത്തുക വലിയ പ്രയാസമാണ്. ആ പംക്തി തുടങ്ങിയ ശേഷം, ആദ്യ അഭിനന്ദന കത്ത് ലഭിക്കുന്നത് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണന്റെ പത്നി വത്സലയിൽ നിന്നാണ്. എന്നെങ്കിലും അതൊരു പുസ്തകമാക്കിയാൽ നല്ലൊരു ശീർഷകം നൽകണമെന്ന് അവരോട് പറഞ്ഞതു പ്രകാരം നിർദ്ദേശിക്കപ്പെട്ട പേരാണ് 'പെൺജന്മ പുണ്യങ്ങൾ' എന്നത്. പുസ്തകമാക്കിയപ്പോൾ ഞാൻ തമാശയായി ലാലുവിനോട് പറഞ്ഞു " എന്നെ ഇതിൽ പിടിച്ചിട്ടത് ലാലുവാണ്. ഒന്നുകിൽ ഇതിന്റെ പ്രകാശനകർമ്മം നിർവ്വഹിക്കുകയോ അവതാരിക എഴുതിത്തരികയോ വേണം'. വളരെ സന്തോഷത്തോടെ അവതാരിക എഴുതിത്തരാമെന്ന് ലാലു സമ്മതിച്ചു.
ഭാവിപരിപാടികൾ?
കേരളത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ശാസ്ത്രവിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് പെട്ടെന്ന് മനസ്സിലാക്കുകായും നടപ്പാക്കുകയും ചെയ്യും എന്നതാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനിൽ ഞാൻ കണ്ട ഏറ്റവും വലിയ സവിശേഷത. നിപ്പ വരുന്നതിന് മുൻപ് തന്നെ ഇവിടൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വരണം എന്ന നിർദ്ദേശം ഞാൻ പറഞ്ഞിരുന്നു. കേരളത്തിന്റെ പ്രശ്നങ്ങൾ ഇവിടെ തന്നെ പരിഹരിക്കാൻ കഴിയണമെന്നും ന്യൂഡൽഹിയെ ആശ്രയിക്കേണ്ടതില്ലെന്നും ഞാൻ പറഞ്ഞ ഉടനെ തന്നെ അദ്ദേഹമത് കാര്യമായി എടുത്തു. അങ്ങനെയാണ് ഇവിടെ അത്തരത്തിലൊരു ഇൻസ്റ്റിറ്റ്യൂട്ട് വന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് കെട്ടിടത്തിനോട് ചേർന്ന് ഒരുപാട് മരങ്ങൾ അവിടെ പോയവർ കണ്ടിട്ടുണ്ടാകും. ഞങ്ങളുടെ പ്രിൻസിപ്പാളായിരുന്ന എം. തങ്കവേലു സാറിന്റെ ശ്രമഫലമായാണ് ആ മാറ്റം വന്നത്. മൂന്നാർ ജനിച്ച തമിഴ് വംശജനാണ് അദ്ദേഹം. പ്രകൃതിയെയും ശാസ്ത്രത്തെയും ഒരുപോലെ ഹൃദയത്തോട് ചേർത്തായിരുന്നു അദ്ദേഹം ജീവിച്ചത്. കുടുംബത്തിന് കരുതിവച്ച 14 ഏക്കർ സ്ഥലമാണ് സാർ, പാലോട്ടെ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനുവേണ്ടി നൽകിയത്. അദ്ദേഹത്തിന് പ്രകൃതിയോടുള്ള സ്നേഹമാണ് ഇത് സൂചിപ്പിക്കുന്നത്. തങ്കവേലു സാറിന് ഒരു സ്മാരകം നിർമ്മിക്കുന്ന കാര്യം ഞങ്ങൾ ആലോചിക്കുന്നുണ്ട്. അന്ന് വിട്ടുകൊടുത്ത 14 ഏക്കർ ഇപ്പോഴും വെറുതെ കിടക്കുകയാണെന്ന് അദ്ദേഹത്തിന്റെ മക്കൾ പറഞ്ഞറിഞ്ഞു. അതിന് നടുവിലായി ' സെന്റർ ഫോർ വൺ ഹെൽത്ത്' എന്ന പേരിൽ മനുഷ്യന്റെയും ചെടികളുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്‌ഷ്യം. വൺ ഹെൽത്ത് എന്ന ഈ ആശയം ലോകാരോഗ്യ സംഘടനയും ഇപ്പോൾ സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ നല്ല വശങ്ങൾ സ്വാംശീകരിച്ചാണ് കേരളത്തിന്റെ പശ്ചാത്തലത്തിൽ ഈ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
സയൻസും പ്രകൃതിയും ഇഴചേർന്ന ഒന്നിനേക്കാൾ മികച്ചതായി എന്തുണ്ട് തങ്കവേലു സാറിന് സമർപ്പിക്കാൻ?