Image

പുതിയ മുഖവുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് 2021: ആൻസി സാജൻ

Published on 31 May, 2022
പുതിയ മുഖവുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് 2021: ആൻസി സാജൻ

2021- ലെ സംസ്ഥാന സിനിമാ അവാർഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. രേവതിയാണ് മികച്ച നടി. ' ഭൂതകാലം ' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് രേവതിയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. ബിജു മേനോനും ജോജു ജോർജ്ജും പങ്കിട്ടെടുത്തു മികച്ച നടനുള്ള അംഗീകാരം. ' ആർക്കറിയാം എന്ന സിനിമയിലെ പ്രായമേറിയ പിതാവിന്റെ വേഷം ബിജുവിനെ അവാർഡിനർഹനാക്കിയപ്പോൾ , നായാട്ട് , മധുരം തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ നാലു ചിത്രങ്ങളിലെ അഭിനയത്തികവാണ് ജോജുവിനെ മികച്ച നടനാക്കിയത്.
വിസ്മയകരമായ ദൃശ്യാനുഭവമായ 'ആവാസ വ്യൂഹ 'മാണ് 2021- ലെ ഏറ്റം മികച്ച ചിത്രം. സംവിധാനം ആർ.കെ. കൃഷാന്ദ്. തിരക്കഥയ്ക്കുള്ള അവാർഡും കൃഷാന്ദിനാണ്.
'ജോജി ' എന്ന ചിത്രമൊരുക്കിയ ദിലീഷ് പോത്തനാണ് ഏറ്റം മികച്ച സംവിധായക പ്രതിഭ.
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് സജാസ് റഹ്മാനും  ഷിനോസ് റഹ്മാനും ചേർന്നു സംവിധാനം ചെയ്ത 'ചവിട്ട് ' , താരരാമാനുജന്റെ 'നിഷിദ്ധോ' എന്നിവ പങ്കുവെച്ചു.
ജോജി, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ നാലും ചുരുളി , ചവിട്ട് , നായാട്ട് എന്നിവ മൂന്നും അവാർഡുകൾ വീതം നേടി.
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം ' തിരഞ്ഞെടുക്കപ്പെട്ടു.
'കള' എന്ന ചിത്രത്തിലൂടെ സുമേഷ് മൂർ മികച്ച സ്വഭാവനടനും ജോജിയിലെ വേറിട്ട പ്രകടനത്തിലൂടെ ഉണ്ണിമായ പ്രസാദ് നടിയുമായി.ഉണ്ണിമായയുടെ ഭർത്താവും പ്രശസ്ത തിരക്കഥാകൃത്തുമായ ശ്യാം പുഷകരന് തിരക്കഥയ്ക്കുള്ള (അഡോപ്റ്റേഷൻ അവാർഡും ലഭിച്ചു.
ഹിഷാം അബ്ദുൾ വഹാബാണ് മികച്ച സംഗീത സംവിധായകൻ ( ഹൃദയം ) . മിന്നൽ മുരളിയിലെ രാവിൽ മയങ്ങുമീ പൂമടിയിൽ .. എന്ന ഗാനം ആലപിച്ച പ്രദീപ്കുമാർ ആണ് മികച്ച ഗായകൻ. കാണെക്കാണെ എന്ന ചിത്രത്തിലെ 'പാൽനിലാവിൻ പൊയ്കയിൽ ' എന്നു തുടങ്ങുന്ന പാട്ടിലൂടെ സിത്താര കൃഷ്ണകുമാർ മികച്ച ഗായികയുമായി.

സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ കാര്യം മൊത്തമായൊന്നു നോക്കിയാൽ സൂപ്പർസ്റ്റാർ പരിവേഷങ്ങൾക്ക് അവാർഡിന്റെ പരിസരങ്ങളിലൊന്നും എത്താനായില്ല എന്നത് ശ്രദ്ധേയമായി. എന്നാൽ പ്രതിഭകളെ കണ്ടെടുത്ത് അംഗീകാരം നൽകുന്നതിൽ ജൂറി വിജയിച്ചു എന്നു പറയാം. ടീം വർക്കിന്റെ വിജയ കാലമാണ് സിനിമയിലിപ്പോൾ. കോടാനുകോടികൾ വാരിയെറിഞ്ഞ് അമ്പരപ്പിക്കുന്നതിനേക്കാൾ യാഥാർത്ഥ്യങ്ങളുടെ നേർചിത്രീകരണമാണിപ്പോൾ സിനിമയിലുള്ളത്. പുത്തൻ തലമുറയുടെ ഇഷ്ടവും പിന്തുണയും അത്തരം ചിത്രങ്ങൾക്കാണെന്നത് ചൂണ്ടിക്കാട്ടാതെ വയ്യ. പ്രമേയവും ബുദ്ധിപരമായ ചിത്രീകരണ വൈഭവവും തികഞ്ഞ ചെറുസിനിമകൾ പോലും വ്യാപകമായ പ്രേക്ഷക ശ്രദ്ധ നേടുന്നതും ഇതു കൊണ്ടാണ്.
2021- ൽ ശ്രദ്ധേയമായ ഒരു പാട് ചിത്രങ്ങൾ പുറത്തുവന്നു. കെട്ടിയൊരുങ്ങലും അവിശ്വസനീയമായ പെരുമാറ്റങ്ങളും പുറന്തള്ളി യഥാർത്ഥ ജീവിത പെരുമാറ്റങ്ങളിലൂടെയാണ് സിനിമയിപ്പോൾ നീങ്ങുന്നത്. കാലാനുസൃതമായ മാറ്റം എന്നു പറയാം.
ഭൂതകാല ചിത്രങ്ങൾ വെച്ചുനോക്കിയാലും ബഹുമുഖമായ കഴിവുകൾ ശ്രദ്ധിച്ചാലും രേവതി ഒന്നാം സ്ഥാനക്കാരി തന്നെ. ഇടവേളകൾ കടന്നുവന്ന് അഭിനയത്തികവോടെ അർഹതയുടെ മികച്ചനടിപ്പട്ടം നേടുകയായിരുന്നു രേവതി. കാലം ഇനിയും എന്തൊക്കെയോ കാത്തുവെക്കുന്നുണ്ടാവും രേവതിയ്ക്ക് സിനിമയിൽ. നിമിഷ സജയൻ , പൂർണിമ ഇന്ദ്രജിത്ത്, കനി കുസൃതി എന്നിവർ രേവതിയുമായുള്ള മൽസരത്തിൽ ഒടുവിലത്തെ റൗണ്ട് വരെ എത്തിയിരുന്നു.
മികച്ച നടനുവേണ്ടിയുള്ള ഓട്ടത്തിൽ ഫഹദ് ഫാസിലിനെയും കുഞ്ചാക്കോ ബോബനെയും മറികടന്ന് ബിജു മേനോനും ജോജു ജോർജ്ജും ഒന്നിച്ച് ഫിനിഷിങ് ലൈൻ കടക്കുകയായിരുന്നു.
വിജയ് ബാബു നിർമ്മിച്ച 'ഹോം' പ്രേക്ഷക പ്രതീക്ഷയുടെ പുരപ്പുറങ്ങളേറിയെങ്കിലും ഒരിടത്തും പരിഗണിക്കപ്പെട്ടില്ല. ഇന്ദ്രൻസും മഞ്ജു പിള്ളയും പോലും പ്രതീക്ഷയർപ്പിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഹോം അവാർഡു പടികൾ കടക്കാത്തതിന് സോഷ്യൽ മീഡിയയിൽ  പരിഭവങ്ങളും ആരോപണങ്ങളുമായി ആരാധകരെ ത്തിയിരുന്നു. ഇന്ദ്രൻസും പ്രതികരണവുമായി വന്നു. എന്നാൽ മികച്ചവരായി വന്നവർ മികവുറ്റ പ്രകടനം നടത്തിയവർ തന്നെ എന്ന് നിസ്സംശയം പറയാം.
ക്ഷേക്സ്പിയറിന്റെ മാക്ബത്തിനെ അവലംബിച്ച് ഒരുക്കിയ ഗംഭീര ചിത്രം 'ജോജി ' യിലൂടെ ഏറ്റം മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ദിലീഷ് പോത്തന് വെല്ലുവിളിയുയർത്താൻ ആരുമുണ്ടായില്ല എന്നത് ശ്രദ്ധേയം. സംവിധായകന്റെ ചിത്രം എന്നാണ് ജൂറി ജോജിയെ വിലയിരുത്തിയത്.

ആകെ 142 സിനിമകളാണ് മൽസരത്തിനെത്തിയത്. അന്തിമ നിർണ്ണയത്തിന് 31 എണ്ണവും. നവാഗത സംവിധായകർ 65 പേരാണ് മാറ്റുരയ്ക്കാനെത്തിയത്. വനിതാ സംവിധായകർ 6 പേരുണ്ടായിരുന്നു എന്നതും ശ്രദ്ധേയം.
ഉണ്ണിമായയും ഭർത്താവ് ശ്യാം പുഷ്കരനും സമ്മാനിതരായത് കൗതുകമായി. വീട്ടിൽനിന്ന് ഒരുമിച്ചുവന്ന് അവാർഡ് വാങ്ങാം 
രണ്ടുപേർക്കും.

അവാർഡ് വിവരം വരുമ്പോൾ ബിജു മേനോനും ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ഉണ്ണിമായയും ഗോകുൽ ദാസും മികച്ച ജനപ്രിയ ചിത്രമായ 'ഹൃദയ'ത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനും ഒന്നിച്ച് മാധ്യമങ്ങൾക്കു മുന്നിലെത്തുകയും അവർ ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ നമ്മളെല്ലാം ആനന്ദത്തോടെ ആസ്വദിക്കുകയും ചെയ്തു. 
വരുംകാല മലയാള സിനിമയുടെ വിശാലതയിലേക്കു കൈചൂണ്ടുന്ന ഒരു  പ്രതീകമല്ലേ ഇത്.
നിറയട്ടെ യഥാർത്ഥ പ്രതിഭയും ഭാവനയും..
കാണാൻ കഴിയട്ടെ ഒരുപാട് നല്ല ചിത്രങ്ങൾ ...!

പുതിയ മുഖവുമായി സംസ്ഥാന ചലച്ചിത്ര അവാർഡ് 2021: ആൻസി സാജൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക