രണ്ടു പെൺകുട്ടികൾക്ക് തമ്മിൽ പ്രണയിക്കാമോ? അതെങ്ങനെ നടക്കും? പ്രണയം ആണും പെണ്ണും തമ്മിലല്ലേ?
ഇപ്പോഴും ഈ ചോദ്യം ചോദിയ്ക്കാൻ ഒരു മടിയുമില്ല മലയാളികൾക്ക്. നാല് വർഷം മുൻപ് മീനുകൾ ചുംബിക്കുന്നു എന്ന പെൺ പ്രണയങ്ങളുടെ പുസ്തകമെഴുതുമ്പോൾ, ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു, പ്രണയം ആർക്കായാലെന്ത്, ആണായാലും പെണ്ണായാലും എന്ത്, പ്രണയിച്ചാൽപ്പോരേ? പക്ഷെ ആ പുസ്തകത്തിന്റെ തുടക്കം മുതൽ വിവാദങ്ങളുണ്ടായിരുന്നു. നഗരത്തിലെ പ്രശസ്തമായ ഒരു കലാലയത്തിൽ വച്ചായിരുന്നു അതിന്റെ പ്രകാശനം വച്ചിരുന്നത്, എന്നാൽ വിഷയം പെൺ പ്രണയം ആണെന്നറിഞ്ഞതും കോളേജിന്റെ ഉന്നത തലങ്ങളിൽ നിന്ന് വിളിയെത്തി. അവിടെ പഠിക്കുന്ന കുട്ടികൾ വഴി തെറ്റും അതുകൊണ്ട് ഇതിവിടെ നടക്കില്ല! അങ്ങനെ ആ പ്രകാശന വേദി മാറ്റേണ്ടി വന്നു. പ്രണയത്തോടു തന്നെ ഭീതിയുള്ള ഒരു കൂട്ടം മനുഷ്യർ ഹോമോ സെക്ഷ്വാലിറ്റിയെ ഭയപ്പെടുന്നതിൽ അതിശയോക്തിയില്ലല്ലോ. പക്ഷെ ചിന്തകളിൽ പുരോഗമനം സൂക്ഷിക്കുന്ന മനുഷ്യർ കൂട്ടുണ്ടായി.
വിവാദം അവിടം കൊണ്ടും അവസാനിച്ചില്ല. പുസ്തകത്തിലെ പ്രണയികളായ താരയെയും ആഗ്നസിനെയും വായിച്ച ശേഷം പലരുടെയും സംശയം അവരിലൊരാൾ സ്വയം എഴുത്തുകാരി തന്നെ ആണൊന്നായിരുന്നു! എഴുത്തുകാർ എഴുതുന്നതെല്ലാം സ്വന്തം ജീവിതമാണെന്ന് കപട ധാരണയും ചോദ്യം ചെയ്യലും അവിടെയുണ്ടായി. സംശയം തീരാതെ സ്ത്രീ സുഹൃത്തുക്കളൊക്കെ ആ ചോദ്യം നേരിട്ടു, -നിങ്ങളാണോ താര?-
-അവരുടെ കാമുകി നീയാണോ-
ഉത്തരവാദിത്തമുള്ള ഒരുകൂട്ടം മനുഷ്യരെ മറ്റെവിടെയും കാണാൻ കിട്ടില്ല എന്നതാണ് സത്യം. വളരെ രസകരമായ ഈ ചോദ്യങ്ങളെയൊക്കെയും എടുക്കാൻ തോന്നിയത്. ഒരു പുസ്തകമെഴുതി എന്നതുകൊണ്ട് മാത്രം പലരുടെയും മനസ്സിൽ ലെസ്ബിയൻ ആക്കപ്പെട്ട ഒരാളെന്ന നിലയിൽ പെൺ പ്രണയത്തെക്കുറിച്ചെനിക്ക് പറയാനാകും.
ഇപ്പോൾ ആദില എന്നും നൂറ എന്നും പേരുള്ള രണ്ടു പെൺകുട്ടികൾ തങ്ങൾ ലെസ്ബിയൻ ആണെന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ അവർക്കെതിരെ ഉറഞ്ഞു തുള്ളുകയാണ് സോഷ്യൽ മീഡിയയിലെ കഴിഞ്ഞ നൂറ്റാണ്ടുകളിൽ നിന്നും ബസ് കയറാത്ത ചിലർ. ലെസ്ബിയനിസം ഒരു മാരക രോഗമാണെന്നും അവർക്ക് ചികിത്സയാണു ആവശ്യമെന്നും ചിലർ ഉപദേശിക്കുമ്പോൾ നല്ല ചുട്ട അടിയാണ് വേണ്ടതെന്നു വേറെ ചിലർ പറയുന്നു. നമ്മുടെ സങ്കല്പങ്ങൾക്കനുസരിച്ച് പരമ്പരാഗത രീതികൾക്കനുസരിച്ച് ജീവിക്കാത്തവർ എല്ലാം മാനസിക വിഭ്രാന്തിയുള്ളവരാണെന്ന ബോധം ഒരു ബോധമില്ലായ്മയാണ്. പൊതു ബോധത്തിൽ നിന്ന് മാറിനടക്കുന്നവർ എല്ലാവരുടെയും കണ്ണിലല്ല, ചിലരുടെ കണ്ണിൽ മാത്രമാണ് വ്യത്യസ്തർ. അവരെ അങ്ങനെയല്ലാതെ സ്വാഭാവിക മനുഷ്യർ എന്ന് തന്നെ കരുതി ചേർത്ത് പിടിക്കുന്ന ഒരുപാട് പേരുണ്ട്. ലോകത്തെ എല്ലാവരെയും സന്തോഷപ്പെടുത്തി അല്ലെങ്കിലും എന്ത് കാര്യം ചെയ്യാനാണ്!
പ്രണയിക്കാൻ പല കാരണങ്ങളുമുണ്ടാകും. ആത്യന്തികമായി ഒരു കാരണവും അനുഭവപ്പെടാത്ത ഒന്നിച്ചു ജീവിക്കാൻ തക്ക ആഴത്തിൽ അങ്ങ് പ്രണയിക്കുക എന്നേയുള്ളൂ. അതിപ്പോൾ അപ്പുറത്ത് നിൽക്കുന്നത് ആണായാലും പെണ്ണായാലും പ്രണയത്തിലാവുക എന്നേയുള്ളൂ. അതുതന്നെയാണ് ആദിലയും നൂറയും ചെയ്തിരിക്കുന്നത്. അവരെ അവരുടെ വഴിക്ക് വിടുക, അവരുടെ സ്വകാര്യതകളിൽ ഇടപെടാതിരിക്കുക, അതാണ് സാമൂഹിക മര്യാദ. മീനുകൾ ചുംബിക്കുന്നു പബ്ലിഷ് ചെയ്ത ശേഷം കുടുംബമായി ജീവിക്കുന്ന എത്ര പെൺകുട്ടികളാണ് അവരുടെ പെൺ പ്രണയം പറഞ്ഞതെന്നോ! അവരിൽ ചിലർ തങ്ങളുടെ പുരുഷന്മാരായ പങ്കാളിയോട് സത്യം തുറന്നു പറഞ്ഞു വിവാഹത്തിൽ നിന്ന് പുറത്തിറങ്ങി വരാൻ തയ്യാറായി. സാമ്പത്തിക സമത്വമുള്ള ഒരുകാലത്ത് ഇത്തരം സ്വകാര്യ താൽപര്യങ്ങളിൽ ഒരു പെൺകുട്ടിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ എളുപ്പമുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തികമായി ബലപ്പെടുത്തുക എന്നതാണ് ഓരോ സ്ത്രീയുടെയും പ്രാഥമിക കടമ. പല കാരണങ്ങളുണ്ടാവാം ഒരു പെൺകുട്ടിയോട് പ്രണയം തോന്നാൻ. അതൊന്നും കണ്ടെത്തേണ്ട കാര്യമില്ല, രണ്ടു പേർക്കും തോന്നിയാൽ അത് സ്വാഭാവിക പ്രണയമായിത്തന്നെ കാണാൻ പൊതു ജനം തയ്യാറാകണം. സമൂഹത്തിലെ മുഖ്യധാരയിലേയ്ക്കും ഹോമോ സെക്ഷ്വാലിറ്റിയുള്ളവർ ഇറങ്ങി സംസാരിക്കണം. അത് സ്വാഭാവികമാണ് കരുതുന്ന ഒരു ജനത രൂപപ്പെടുന്ന കാലത്തോളം ഇങ്ങനെ പറഞ്ഞുകൊണ്ട് ഇരിക്കേണ്ടി വരും. സാരമില്ല, അതും ഒരു യുദ്ധമാണ്, സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള യുദ്ധം.
read more: https://emalayalee.com/writer/59