Image

തൃക്കാക്കരക്കാരുടെ സൗഭാഗ്യം; തെറ്റുതിരുത്തുന്നത് കേരളമോ ...? : ആൻസി സാജൻ

Published on 03 June, 2022
തൃക്കാക്കരക്കാരുടെ സൗഭാഗ്യം; തെറ്റുതിരുത്തുന്നത് കേരളമോ ...? : ആൻസി സാജൻ

എൽ ഡി എഫ് കേന്ദ്രങ്ങളുടെ അതിരുകവിഞ്ഞ ആത്മവിശ്വാസത്തിനുമേൽ കടുത്ത പ്രഹരമേൽപിച്ചു കൊണ്ട് ഉമാ തോമസ് തൃക്കാക്കരയിൽ നിന്നും നിയമസഭയിലേക്ക്. ഭുരിപക്ഷം 25,016 .

അതിസാധാരണമായി കഴിഞ്ഞു പോകുമായിരുന്ന ഒരു ഉപതിരഞ്ഞെടുപ്പിനെ ഇത്രയൊക്കെ കൊണ്ടെത്തിച്ചത് ഇടതുപക്ഷത്തിന്റെ , പ്രത്യേകിച്ച് സി.പി.എം ന്റെ ഒരുവക ധാർഷ്ട്യം തന്നെ എന്നു കരുതാം. രണ്ടാം വട്ടവും അധികാരമേറിയതിന്റെ മേൽക്കോയ്മയാണിവിടെ ഇളകി വീണത്. രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് രംഗത്തും ഒരു പരിചയവുമില്ലാതിരുന്ന പ്രഗൽഭനെന്ന് വിശേഷിക്കപ്പെടുന്ന ഒരു ഹൃദ്രോഗ വിദഗ്‌ധനെക്കൊണ്ട് ചുടുചോറ് വാരിച്ചത് യു ഡി എഫിന് ഏറെ ഗുണകരമായി എന്നും പറയാം. കൊട്ടിക്കലാശമെന്നും പറഞ്ഞ് അദ്ദേഹത്തെ ക്രെയിനിൽ ആകാശത്തുയർത്തി നിർത്തുകപോലുമുണ്ടായി. ഒരു തരം ആടിക്കളിക്കെടാ കൊച്ചുരാമാ സ്റ്റൈൽ.
തൃക്കാക്കരയുടെ നഗരപ്രദേശങ്ങൾ ഡോ. ജോ ജോസഫ് എന്ന എൽ.ഡി. എഫ് സ്ഥാനാർത്ഥിയെ നിഷ്കരുണം പിന്തള്ളിയത് തൃക്കാക്കര യു.ഡി.എഫ് കോട്ടയായതു കൊണ്ടു മാത്രമല്ല, തിരഞ്ഞെടുപ്പ് സമയത്തെ സ്ഥാനാർത്ഥി കെട്ടിയിറക്ക് രീതികളുടെ നേർക്കുള്ള പ്രതിഷേധവും കൂടിയായി കണക്കാക്കാം. ഉജ്ജ്വല കുതിപ്പോടെ കൂറ്റൻ ലീഡുമായി പി. ടി. തോമസിന്റെ പത്നിയെ തിരഞ്ഞെടുക്കുമ്പോൾ ഇത് ജനങ്ങളുടെ ഒരു താക്കീത് കൂടിയാകുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ, തകർത്താടിയ വമ്പൻ മഴയിലും ചൂടുണർത്തിക്കൊണ്ടിരുന്നു. തിരുവനന്തപുരം വിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ വന്ന് ക്യാപ്റ്റനായി കാര്യങ്ങൾ നിയന്ത്രിച്ചു. മന്ത്രിമാർ വീടുവീടാന്തരം കയറിയിറങ്ങി. താഴെത്തട്ട് മുതലുള്ള അണികൾ ജാഗ്രതയോടെ കാര്യങ്ങൾ നീക്കി. എങ്കിലും ജനാധിപത്യം ജനങ്ങളുടെ കൈയിലെന്ന് തൃക്കാക്കരക്കാർ തെളിയിച്ചു.

യു.ഡി.എഫിന്റെ പ്രചാരണം പഴയ കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് പ്രതാപനാളുകളിലെപ്പോലെ കൈയ്യോടു കൈ ചേർന്നാണ് നീങ്ങിയത്. എറണാകുളം ജില്ലയുടെ സ്പന്ദനങ്ങൾ നന്നായറിയുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കൂട്ടരും കോളജ് യൂണിയൻ തിരഞ്ഞെടുപ്പിലെന്നപോലെ ഒറ്റക്കെട്ടായി ചിട്ടയോടെ നീങ്ങി. കെ.പി.സി.സി പ്രസിഡന്റിന്റെ സകല പിന്തുണയോടെയും പ്രവർത്തനങ്ങൾ ഉഷാറായി നടന്നു. പി.ടി.യുടെ പത്നി എന്നതിലുപരി മഹാരാജാസിലെ പഴയ കെ.എസ് യുക്കാരിയായി ഉമ തോമസ്. പ്രചരണവും ആ രീതിയിൽ പോയി.


കോൺഗ്രസ്സിന്റെ , ഏക വനിതാ എം.എൽ. എ. ആകുന്ന ഉമ ആദ്യ റൗണ്ടിൽ തന്നെ വലിയ ലീഡ് പുലർത്തുകയും ഒരു ഘട്ടത്തിലും പുറകിലേയ്ക്ക് പോകാതെ വലിയ തരംഗമാകുകയും ചെയ്തു. പി.ടിയുടെ മതേതര നിലപാടുകൾക്കു ലഭിച്ച പിന്തുണയെന്നും ഈ വിജയത്തെ വിശേഷിപ്പിക്കാം. വർഗ്ഗീയപ്രീണനം വഴി കേരളത്തെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധിക്കുകില്ലെന്ന മുന്നറിയിപ്പുമായി ഉമയുടെ വിജയം.

കേരളത്തിലും ഡൽഹിയിലും അധികാരത്തിന്റെ സകല സൗഭാഗ്യങ്ങളുമാസ്വദിച്ച് ജീവിത സായന്തനത്തിൽ ചേക്കേറാൻ പുതിയ ബലമുള്ള ചില്ലയന്വേഷിച്ചിറങ്ങിയ കെ.വി.തോമസിനെയും പി സി ചാക്കോയെയും പോലുള്ള നേതാക്കളെ വിഷണ്ണരാക്കി ഉമയുടെ വിജയം.!

ഇവർക്കൊക്കെ കോൺഗ്രസ്സിൽ എന്തു സ്വാധീനമാണ് ഉണ്ടായിരുന്നത്..?

സമ്മതിക്കണം എത്ര കിട്ടിയാലും മതിയാവാത്ത ഇക്കൂട്ടരെയൊക്കെ !

.
(തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ റോഡിൽ പടക്കം പൊട്ടിച്ചത് കൂടാതെ  തിരുതക്കച്ചവടവും നടത്തി കോൺഗ്രസ്സുകാർ.)

ഭരണയന്ത്രത്തിലിരുന്ന് കാടിളക്കിയ  പ്രചരണങ്ങളെ മറികടന്ന്, വി.ഡി. സതീശൻ ക്യാപ്റ്റനായ യു.ഡി.എഫ് ക്യാമ്പ് നെയ്ത പ്രതിരോധ വലയ്ക്കുള്ളിൽ കുടുങ്ങിവീണു ഇടതുപക്ഷ സ്വപ്നങ്ങൾ. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മാധ്യമങ്ങളടക്കം ഏവരും പറഞ്ഞ തൃക്കാക്കരമൽസരം കണക്കുകൂട്ടലുകളൊക്കെ തെറ്റി നിലമേൽ മറിഞ്ഞു.
മാർക്സിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്നുമകന്ന് തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒരു സമീപനം പുലർത്തുന്നുണ്ടെങ്കിൽ അത് തിരുത്താനുള്ള സമയമായിരിക്കുന്നു. വീട്ടമ്മമാരെയും കുട്ടികളെയും വലിച്ചിഴച്ച്മാറ്റി കെ.റെയിലിനിട്ട മഞ്ഞക്കുറ്റികൾ പാരയായി എന്ന് തെളിഞ്ഞുകഴിഞ്ഞു. സിൽവർ ലൈനും കെ.റെയിലുമൊക്കെ പുന: ചിന്തയ്ക്ക് വിധേയമാക്കണം; സ്ഥാനാർത്ഥി നിർണ്ണയ മാനദണ്ഡങ്ങളും .

മുമ്പെങ്ങുമില്ലാത്ത വിധം കനത്ത ഭൂരിപക്ഷവുമായി ഉമ തോമസ് എം.എൽ.എ. ആകുമ്പോൾ കേരളത്തിലൊന്നാകെ ഒരു തിരുത്തൽ തരംഗവും അലയടിച്ചുയരുന്നില്ലേ... ?

യു ഡി എഫും കോൺഗ്രസ്സും അവസരത്തിനൊത്ത് ഉണർന്നു പ്രവർത്തിച്ചാൽ അവർക്കു നല്ലത്.

( കേരളത്തിന് ലഭിച്ച മികച്ച ഒരു ഹൃദ്രോഗ വിദഗ്ധനെ അതുപോലെ തിരികെ നൽകും എന്ന യു ഡി എഫ് വാഗ്ദാനം നിറവേറ്റി എന്നും ട്രോളുകൾ പറയുന്നു )

തൃക്കാക്കരക്കാരുടെ സൗഭാഗ്യം; തെറ്റുതിരുത്തുന്നത് കേരളമോ ...? : ആൻസി സാജൻതൃക്കാക്കരക്കാരുടെ സൗഭാഗ്യം; തെറ്റുതിരുത്തുന്നത് കേരളമോ ...? : ആൻസി സാജൻ
Join WhatsApp News
david 2022-06-03 13:03:44
തൃക്കാക്കര രൂപതമായതിൽ കോൺഗ്രെസിന്ത പെർമെൻറ് സീറ്റ് ആണ് മാഡം ...Sudakkaran മുവാറ്റുപുഴയിൽ തലയിൽ മുണ്ടു ഇട്ടു SDPI കാണാൻ പോയതും ബിജെപി ഓഫീസിൽ കസറി ഇഹരഗായതും സാബുവിൻത പാർട്ടി പിൻ മാറിയതും ഭാവതി അറിയില്ല ...മത ത്തരം എന്ന വാക്ക് മീനിങ് അറിയുമോ ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക