Malabar Gold

കാലം മറക്കാത്ത മണിനാദങ്ങൾ: മിനി സുരേഷ്

Published on 03 June, 2022
കാലം മറക്കാത്ത മണിനാദങ്ങൾ: മിനി സുരേഷ്
 
 
 
രിതഭംഗി സമൃദ്ധമായി ചാലിച്ചെഴുതിയ ഗ്രാമത്തിന്റെ ഇടവഴിയിലൂടെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്ന
പട്ടു പാവാടക്കാരി. തുമ്പു കെട്ടിയിട്ട മുടിയിൽ ചേർത്തു വച്ച തുളസിക്കതിർ .കൈയ്യിലെ ഇലച്ചീന്തിൽ  പ്രസാദം.
  ണിം..ണിം..ണിം..വഴി നാലും കൂടിയ കവലക്കടുത്ത് അവളെത്തുമ്പോൾ കേൾക്കുന്ന മണിനാദങ്ങൾ. ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ ഒരു കടാക്ഷത്തിനായി ദിവസങ്ങളോളം സൈക്കിളിൽ അലഞ്ഞിട്ടുള്ള പഴയ തലമുറക്കാരുടെ മധുരമൂറുന്ന
സ്മരണകൾ.
 
ജൂൺ 3 ന് ലോക സൈക്കിൾ ദിനം വീണ്ടുമെത്തുമ്പോൾ ഇതെല്ലാം അന്നത്തെപൊടിമീശക്കാരുടെ മനസ്സുകളിൽ ഇന്നും ഉണരുന്നുണ്ടാകണം. നഗരത്തിലെ ക്രിമിനലുകൾ താമസിക്കുന്ന ഒ രു കോളനിയിലേക്ക് പ്രീഡിഗ്രിക്കാലത്ത് കാമുകിയെ കാണുവാനായി
സൈക്കിളിൽ പോയ കഥ ഇന്നും ത്രില്ലോടെ
ഒരു സുഹൃത്ത് പറയാറുണ്ട്. സൈക്കിളിൽ കോളേജിൽ എത്തുന്ന യുവാക്കൾക്ക് പ്രഭുകുമാരന്മാരുടെ പരിവേഷമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.
 
നായികയുടെ പിന്നാലെ സൈക്കിളിൽ പാട്ടും പാടി റോന്ത് ചുറ്റാറുള്ള നായകന്മാരും പഴയ കാലസിനിമകളിൽ സുലഭമായിരുന്നു. അച്‌ഛന്റെ സൈക്കിളിന് മുൻപിലിരുന്ന് യാത്ര ചെയ്തതിന്റെ സുഖമുള്ള ഓർമ്മകൾ പെൺകുട്ടികൾക്കും പറയുവാനുണ്ടാകും. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് സൈക്കിളോടിക്കുന്ന പെൺകുട്ടികൾ പഴയകാലങ്ങളിൽ കേരളത്തിൽ കുറവായിരുന്നു.ഇന്ന് ആ സ്ഥിതിയൊക്കെ പാടേ മാറി.
സ്ത്രീകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സൈക്കിളുകളും വിപണിയിൽ ലഭ്യമാണ്.
 
 ഏതായാലും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി സാധാരണക്കാരന്റെയോ ,പണക്കാരന്റെയോ എന്നവ്യത്യാസമില്ലാതെ സൈക്കിൾ ഉപയോഗിക്കുന്നു. കുറഞ്ഞ വിലയിൽ ലഭിക്കുന്ന
പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിരഗതാഗത
മാർഗമെന്നാണ് ഐക്യരാഷ്ട്ര സഭ സൈക്കിളിനെ
വിലയിരുത്തിയത്. സൈക്കിൾ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ ലോകമെങ്ങും എത്തിക്കുക എന്ന സന്ദേശമാണ് ലോക സൈക്കിൾ
ദിനം നൽകുന്നത്.
 
പരിസ്ഥിതി മലിനീകരണം തടയുന്നതിനും,ശാരീരികവും,മാനസികവുമായ ആരോഗ്യത്തിനും സമ്പദ് വ്യവസ്ഥക്കുംഎല്ലാം സൈക്ലിംഗ് ഗുണകരമാണ്..പെട്രോളിനും,ഡീസലിനും വില നാൾക്കു നാൾ
വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സൈക്കിൾ ഉപയോഗത്തിലേക്ക് ചിലരൊക്കെ മടങ്ങിപ്പോയിട്ടുണ്ടെന്നതും ഒരു യാഥാർത്ഥ്യമാണ്.
സ്ഥിരമായി സൈക്കിൾ ഓടിക്കുന്നത് നിരവധി
ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരവുമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹൃദയാരോഗ്യം,മാനസിക സമ്മർദ്ധം കുറക്കൽ,
ശരീരത്തിലെ പേശികളെ ബലപ്പെടുത്തൽ,കൊഴുപ്പിന്റെ അളവുകുറക്കൽ തുടങ്ങി നിരവധി ഗുണങ്ങളും സൈക്ലിംഗിന് ഉണ്ട്.
 
ദിവസവും ഇരുപത് കിലോമീറ്റർ സൈക്കിൾ ചവിട്ടി
ഫിറ്റ്നെസ്സ് കാത്തു സൂക്ഷിക്കുന്ന മലയാളത്തിലെ
മഹാനടന്റെ ദിനചര്യ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ആഗോള താപനമടക്കം പല പാരിസ്ഥിതികപ്രശ്നങ്ങളും പരിഹരിക്കുവാൻ സൈക്കിൾ ഉപയോഗത്തിന് സാധിക്കുമെന്നതും
നാലാമത്തെ ലോകസൈക്കിൾ ദിനമാചരിക്കുമ്പോൾ ശ്രദ്ധേയമാകുന്നു.
 
വ്യത്യസ്തങ്ങളായ അനേകം പരിപാടികളും,സൈക്കിൾ റാലികളുമാണ് ഇന്ത്യയിലെ സൈക്കിൾ ക്ലബ്ബുകളിന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മടക്കി ബാഗിൽ വയ്ക്കാവുന്ന സൈക്കിൾ നിർമ്മിച്ചതിലൂടെ 2007 
ൽ രാഷ്ട്രപതിയുടെ അവാർഡ് പരിഗണനാ പട്ടികയിൽ സ്ഥാനം നേടിയ കൊച്ചിക്കാരൻ വേണുവും,സൈക്ലിംഗ് ദിനചര്യയാക്കി മാറ്റിയ കെ. മുഹമ്മദ് കുഞ്ഞ് ഹാജിയുമടക്കം ഒട്ടേറെ സൈക്കിൾ പ്രിയന്മാർ കേരളത്തിലും ഉണ്ട്.പഴയഗൃഹാതുരത്വമുണർത്തുന്ന ധാരാളം ഓർമ്മകൾ ഓരോ മലയാളിക്കും സൈക്കിളിനെകുറിച്ച് പറയു വാനുണ്ടാകും.
 
നമ്മുടെ വികസന കാഴ്ചപ്പാടിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പരിസ്ഥിതി സൗഹൃദമായവികസനം. സൈക്കിൾ ആ നിലയ്ക്കു കൂടി പുതിയ കാലഘട്ടത്തിന് അനുയോജ്യമാണ്. ഹീറോ,ഹെർക്കുലീസ് തുടങ്ങിയ മോഡലുകൾ പിന്മാറി ബി.എസ്.എ,കോസ്മിക് ഫയർഫോക്സ് തുടങ്ങിയവയാണ് ഇന്ന് രംഗത്തുള്ളത്. പല ഗിയറുകളും,ആധുനിക ഡിസൈനുകളും  ഉള്ള പുതു തലമുറക്കാരുടെ ഹരമായ മോഡലുകൾക്ക് ലക്ഷങ്ങൾ തന്നെ വിലയുണ്ട്.
 
പഴയ തലമുറയുടെ വാഹനമല്ല,പുതുതലമുറയുടെ കൂടി ഇഷ്ടവാഹനമായി സൈക്കിൾ മാറിയിരിക്കുന്നു എന്നത് തികച്ചും ശുഭോദർക്കമായ കാര്യമാണ്.
ബേബിപാറക്കടവൻ 2022-06-03 13:40:42
സൈക്ലിനെ കുറിച്ചുള്ള ഈഎഴുത്ത് നന്നായിട്ടുണ്ട്, പരിസ്ഥിതി ആരോഗ്യം, ഇന്ധനലാഭം, സാമ്പത്തികലാഭം, ഗ്രുഹാതുരത്വം ഇങ്ങനെ എല്ലാം ഉൾകൊള്ളിച്ചിരിക്കുന്നു. നല്ല എഴുത്തിനു അഭിനന്ദനങ്ങൾ 👌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക