Image

ഭ്രമം 2 (മുരളി നെല്ലനാട്-അദ്ധ്യായം 12)

Published on 04 June, 2022
ഭ്രമം 2 (മുരളി നെല്ലനാട്-അദ്ധ്യായം 12)

കഥ ഇതുവരെ 

പതിനാല് ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ രവികുമാർ പൂർണിമ ദമ്പതികൾ  ജയദേവനും നിരുപമയ്ക്കും വളർത്താൻ കൊടുക്കുകയായിരുന്നു. അതിന് കാരണം ജീവിതത്തിൻ്റെ മധ്യാഹ്‌നത്തിലാണ് അവർക്ക് ആ കുഞ്ഞ് ജനിച്ചത്. മൂത്ത മകൻ അഖിൽ വിവാഹിതനും മകൾ നിഖില ഡിഗ്രി സ്റ്റുഡൻ്റും. നിഖിലയുടെ പിടിവാശി കാരണമാണ് കുട്ടികൾ ഇല്ലാതിരുന്ന ജയദേവൻ നിരുപമ ദമ്പതികൾക്ക് ആ പെൺകുഞ്ഞിനെ നൽകിയത്. ജയദേവനും പൂർണിമയും കോളേജ് പഠനകാലത്ത് പ്രണയത്തിലായിരുന്നു.പൂർണിമയുടെ സഹോദരൻ പ്രഭാ ചന്ദ്രൻ പൂർണിമയെ രവികുമാറിനു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. കുറെ കാലം നിരാശനായി നടന്ന ജയദേവൻ ട്രാൻസ്ജെൻഡർ വുമൺ എന്ന് അറിഞ്ഞു വച്ച് നിരുപമയെ വിവാഹംചെയ്തു. കന്യാകുമാരിയിൽ വച്ച് നടന്ന പഴയ സഹപാഠികളുടെ ഗെറ്റുഗദറിൽ ജയദേവനും പൂർണമായും പങ്കെടുക്കുന്നു. അവിടെവച്ച് ജയദേവനിൽ ജനിച്ചതാണ് കുഞ്ഞ് എന്ന വാദവുമായി നിരുപമ രംഗത്ത് വരുന്നു. അത് വിജയിക്കുന്നില്ല.എങ്കിലും രവികുമാർ കുഞ്ഞിനെ ജയദേവനും നിരുപമക്കും വളർത്താൻ കൊടുത്തു.  അനൂട്ടി എന്ന് പേരിട്ട് വളർത്തിയ കുഞ്ഞിന് നാലു വയസ്സുള്ളപ്പോൾ ജയദേവൻ മരണപ്പെട്ടു. കുട്ടിയുമായി സിനിമ സ്റ്റാർ ആയി മാറിയ നിരുപമ മുംബൈയിലേക്ക് പോയി.പിന്നെ അനൂട്ടിയെ പറ്റി ആർക്കും ഒരു വിവരവും ഇല്ലാതായി. ബോളിവുഡിലെ മിന്നും താരമായി നിരുപമ.14 വർഷങ്ങൾക്ക് ശേഷം നിരുപമ മകളുമായി കൊച്ചിയിൽ താമസിക്കാൻ എത്തുന്നു. നിരുപമയുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ മയക്കുമരുന്നിന് അടിമപ്പെട്ട  മകളെ  വീണ്ടെടുക്കാനുള്ള വരവായിരുന്നു അത്. ഈ വിവരം പൂർണിമയും രവികുമാറും അറിയുന്നു.അനൂട്ടി ഡിഗ്രിക്ക് ചേർത്ത കോളേജിലെ അധ്യാപികയായിരുന്നു നിഖില.ഭർത്താവ് സന്ദീപും അവിടെ ലെക്ചർ ആണ്.നിഖിലക്ക് അനൂട്ടിയെ മനസ്സിലാകുന്നു. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറി അഖിലും മാളവികയും എത്തുന്നു .പൂർണിമയുടെ മനസ്സറിഞ്ഞ് അഖിൽ നിരുപമ യുടെ ഹൗസിംഗ് കോളനിയിൽ ഒരു വാടക വീട് എടുക്കുന്നു. ഒപ്പം പൂർണിമയെ കൂട്ടുന്നു. ആ ദിവസം തന്നെ അനൂട്ടിയെ കാണാൻ കഴിയുന്നു.ഒരു ദിവസം ബ്രേക്ക് ഫാസ്റ്റ് സമയം പൂർണിമയെ അത്ഭുതപ്പെടുത്തി അനൂട്ടി കയറിവരുന്നു. അനുട്ടിക്കൊപ്പം പ്രാതൽ കഴിക്കാൻ കഴിഞ്ഞത് രവികുമാറിനും  പൂർണിമ ക്കും കിട്ടിയ അസുലഭ നിമിഷം ആയിരുന്നു.ആൻ്റി എന്ന വിളിയിൽ നിന്ന് അമ്മ എന്ന വെളിയിലേക്ക് മാറ്റിയെടുക്കാൻ പൂർണിമയ്ക്ക് കഴിഞ്ഞു. പാർടൈം ജോലിക്കാരി ജാസ്മിനിൽ നിന്ന് അനുട്ടി ഒരു വീട്ടിൽ കയറിയ വിവരം നിരുപമ അറിയുന്നു. 'സുകൃതം' എന്ന ആ വീട്ടിൽ ചെന്ന് കോളിംഗ് ബെൽ അമർത്തി നിരുപമ കാത്തുനിൽക്കുന്നു. നിരുപമയെ കണ്ടതും പൂർണിമ വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല. സംശയം മനസ്സിൽ വച്ച് പോയ നിരുപമ ആർക്കിടെക്റ്റ് ഹരിശങ്കറിനെ വിളിച്ചു "സുകൃതം" വീട്ടിലെ താമസക്കാർ ആരെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുന്നു. നിരുപമയെ ഭയന്ന് അഖിലും മാളവികയും നിഖിലയുടെ വീട്ടിലെത്തുന്നു. നിരുപമയുടെ മകൾ മടങ്ങി വന്ന വിവരം പൂർണിമ അറിയരുതെന്ന് നിഖില മാളവികയോട് പറയുന്നു. രാത്രി ഹരിശങ്കറിൻ്റെ കോൾ പൂർണിമയ്ക്ക് വരുന്നു.

 (കഥ തുടർന്നു വായിക്കം.)

ഫോൺ മറു കാതിലേക്ക് മാറ്റി നിരുപമ വർദ്ധിച്ച ജിജ്ഞാസയുടെ ചോദിച്ചു.
"ആരാ സുകൃതത്തിലെ പുതിയ താമസക്കാർ?"
"മാം അവിടെ താമസിക്കുന്നത് ഒരു കിഷോർ എബ്രഹാമാണ്. ന്യൂസ് റിപ്പോർട്ടർ ആണ്."
 ഹരിശങ്കറിൻ്റെ സ്വരം മറുവശത്ത് നിന്ന് വന്നു.
" പക്ഷേ അവർ ബാങ്ക് എംപ്ലോയീസ് എന്നല്ലേ മോളോട് പറഞ്ഞത്.അയാളുടെ ഫാമിലിയെ പറ്റി എന്തെങ്കിലും വിവരം കിട്ടിയോ?"
" ഭാര്യയും കുട്ടിയും ഉണ്ടെന്നാ സേവിച്ചൻ തന്ന വിവരം. ഞാൻ വേണമെങ്കിൽ ആരെങ്കിലും അവിടെ വിട്ട് അന്വേഷിക്കാം.മാം പറഞ്ഞാൽ മതി."
 കാര്യങ്ങൾ പർവതീകരിക്കുന്നു പാടില്ലെന്ന് നിരുപമ ഓർത്തു. 
 "അതിൻ്റെ എന്തുകാര്യമാ ഹരിശങ്കർ ഉള്ളത്? ഞാൻ പറഞ്ഞില്ലേ മോള് കോളേജിലേക്ക് പോയ കാർ അവിടത്തെ കുട്ടിയുടെ സൈക്കിളിൽ തട്ടിയ കാര്യം. അത് ആരാണെന്ന് അറിയാൻ ഒരു കൗതുകം.എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം."
" മാം വിളിച്ചോളൂ...എന്ത് സഹായത്തിനും ഞാനുണ്ട്."
"ഓക്കേ."
നിരുപമ കോൾ കട്ട് ചെയ്തു. ഒരു ഹെൽപ്പിന് അയാളെ വിളിച്ചെങ്കിലും ആൾ അത്രനല്ലവൻ അല്ല എന്ന് നേരത്തെ തോന്നിയതാണ്.  അതിനു പുറമെയാണ് തൻ്റെ ഫോട്ടോ വച്ച് അയാളുടെ കമ്പനിക്ക് പബ്ലിസിറ്റി ഉണ്ടാക്കാൻ അനുവാദം ചോദിച്ചത്. അതിന് അപ്പോൾ തന്നെ നോ പറഞ്ഞു .
ചിന്തകൾ വീണ്ടും സുകൃതത്തിലെ താമസക്കാരിൽ എത്തി. കിഷോർ എബ്രഹാം ജേർണലിസ്റ്റാണ്.താൻ ആലോചിക്കുന്ന വഴിക്ക് ആണെങ്കിൽ പൂർണിമ  ചേച്ചിയുടെ മകൻ പതിനാല് വർഷങ്ങൾക്കു മുമ്പ് ചാനൽ ക്യാമറാമാൻ ആയിരുന്നു.മാളവിക ന്യൂസ് റിപ്പോർട്ടറും. ഇപ്പോൾ അവർ ഉയർന്ന പോസ്റ്റുകളിൽ എത്തിയിട്ടുണ്ടാവും. ഉടൻ ഹൈദരാബാദിലേക്ക് പോവുകയും വേണം. നാളെ ജാസ്മിനെ വിട്ടു ആ സംശയത്തിന് പൂർണത വരുത്തണമെന്ന് നിരുപമ നിശ്ചയിച്ചു.
   റൂമിൽ പുസ്തകങ്ങൾ മറിച്ചു നോക്കി അനൂട്ടി ഇരുന്നു. പഠിക്കാനൊന്നും അവൾക്ക് താൽപര്യമില്ലായിരുന്നു. ആകപ്പാടെ ഒരു മന്ദതയായിരുന്നു. മനസ്സിൻ്റെ തീവ്രമായ വെമ്പൽ ഒന്നടങ്ങി വന്നപ്പോഴേക്കും ജ്യോതിർമയിയാണ് വീണ്ടും അതൊക്കെ ഉണർത്തിയത്. എത്ര നല്ല നാളുകളായിരുന്നു മുംബൈയിൽ അനുഭവിച്ചത്.മറിയയുടെ ജൂഹുവിലെ കടലിനു  അഭിമുഖം ഉള്ള ഫ്ലാറ്റ്. ഒരു സ്വർഗ്ഗം തന്നെയായിരുന്നു. മരിയയുടെ പപ്പയും മമ്മിയും ടോറാൻ്റോയിലാണ്.


ബാന്ദ്രയിൽ നിന്ന് മുപ്പതു മിനിട്ട് മതി തനിക്ക് അവിടെ എത്താൻ.  തങ്ങൾ നാലുപേർ താൻ,മറിയ, സോനാ, ഡിംപിൾ. 
അവിടെ "സ്വീറ്റ് " എത്തിച്ചു തരുന്നത് വിവേക് ആണ്. ദിവസങ്ങൾ കടന്നു പോയത് പോലുമറിയാതെ അവിടെ കഴിഞ്ഞിട്ടുണ്ട്. വീട്ടിലേക്ക് രാത്രി മമ്മി വിളിക്കുമ്പോൾ സുരേഖ എന്ന ആയ എല്ലാം നന്നായി ഹാൻഡിൽ ചെയ്യുമായിരുന്നു. മോൾ ഉറങ്ങുന്നു എന്നോ വാശിപിടിച്ച് ഫോൺ വാങ്ങി ഇല്ലെന്നോ പറയും. തൻ്റെ സ്വഭാവം അറിയാവുന്നതുകൊണ്ട് മമ്മി അത് വിശ്വസിക്കും. സുലേഖ പണം കൊടുത്താൽ എന്തിനും തയ്യാറായിരുന്നു. അവരെ തേടി മമ്മി ഇല്ലാത്ത ദിവസങ്ങൾ മുകേഷ് മുഖർജി എന്ന ഒരു കൊൽക്കത്തക്കാരൻ വരുമായിരുന്നു. താൻ അതിന് കണ്ണടച്ചു കൊടുത്തു. തിരിച്ചു കിട്ടാത്ത നല്ല ദിനങ്ങൾ. 
എന്തൊരു ശൂന്യതയാണ് ഈ നാട്ടിൽ എന്ന് അനുട്ടി ഓർത്തു. ക്ലാസ് റൂമിന് മടിപ്പിക്കുന്ന ഒരു ഗന്ധമാണ്. ടീച്ചേഴ്സിനെ കാണുമ്പോൾ തോന്നുന്നത് ഏതോ പുരാതന കാലത്തെ ചില ബിംബങ്ങൾ ആയിട്ടാണ്.ഏതോ ഒരു കവിതയിൽ ഇങ്ങനെയുള്ള മുഖങ്ങൾ വായിച്ചിട്ടുണ്ട്. 
സെൽ റിംഗ് ചെയ്തു നിന്നു. അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ അതൊരു വാട്സ്ആപ്പ് കോൾ ആയിരുന്നു. 
അനൂട്ടിയുടെ മുഖം വിടർന്നു. മനസ്സിലെ മന്ദത നീങ്ങി. സോഫി ആൻ്റി ഒരു മിസ്ഡ് കോൾ തന്നിരിക്കുന്നു. ഉറങ്ങിയോ എന്ന് അറിയാനാവും.അനുട്ടി പുസ്തകം അടച്ചുവച്ച് ഫോണുമായി ബെഡ്ഡിൽ ചെന്നിരുന്നു. അവൾ തിരികെ വിളിച്ചു. ആദ്യം ഫോണിൽ തെളിഞ്ഞത് മുറിയിലിരിക്കുന്ന കൃഷ്ണൻ്റെ വിഗ്രഹമാണ്.
 "ഹലോ.. അമ്മ ഫ്രണ്ട് ക്യാമറ ഓൺ ചെയ്യ്." 
ചിരിയോടെ അനൂട്ടി പറഞ്ഞു. 
ഉടൻ പൂർണിമയുടെ മുഖം തെളിഞ്ഞു.
"ഹായ് അമ്മേ..."
അനൂട്ടി കൈവീശി.
പൂർണിമയുടെ ചിരിക്കുന്ന മുഖവും നനഞ്ഞ കണ്ണുകളും അനൂട്ടി കണ്ടു.
" മോളേ ഞാനിപ്പോൾ നാട്ടിലാ..."
"അയ്യോ അമ്മ നാട്ടിലേക്ക് പോയോ?"
" മോനും മോൾക്കും കോഴിക്കോട് എന്തോ ആവശ്യത്തിന് പോകേണ്ടിവന്നു. അവിടെ ഞാൻ തനിച്ചാവില്ലെ.
അദ്ദേഹത്തിൻ്റെ കൂടെ ഞാനും പോന്നു." 
"ഇനി അമ്മ വരില്ല?"
നിരാശയോടെ അവൾ ചോദിച്ചു.
" കുട്ടികൾ തിരിച്ചു വന്നാൽ അമ്മ വരും."
 "അമ്മ പെട്ടെന്ന് വാ.. മമ്മി പോയാൽ ഞാൻ ആകെ ബോറടിച്ചു പോകും. മമ്മി നാളെ പോകാനാ സാധ്യത."
" ഉറപ്പായും ഞാൻ വരും. മോളെ കാണുമ്പോൾ എൻ്റ മനസ്സിൽ എനിക്ക് നഷ്ടപ്പെട്ട കുഞ്ഞിൻ്റെ മുഖമാ തെളിയുന്നത്... ദേ ഇവിടെ അച്ഛൻ ഉണ്ട്. ഞാൻ കാണിച്ചു തരാം..."
 പൂർണമയുടെ  ചുമലിനു മുകളിൽ രവികുമാറിൻ്റെ ചിരിക്കുന്ന മുഖം അനൂട്ടി കണ്ടു.
"ഹായ് ജയിംസ് അങ്കിൾ.."
അത് കേട്ടുകൊണ്ടാണ് നിരുപമ മുറിയുടെ വാതിൽ തുറന്നത്.
"നാളെ ബ്രേക്ഫാസ്റ്റിന് ഞാൻ
വരട്ടെ "
ഞങ്ങൾ നാട്ടിലാ മോളു .."
രവികുമാർ പറഞ്ഞു.
" എവിടായാലും ഞാനെത്തുമേ..."
അനൂട്ടി ചിരിച്ചു.
 നിരുപമ വാതിൽക്കൽ വന്നു നിന്നത് ഫോൺ നോക്കിയിരുന്നു അനൂട്ടി കണ്ടില്ല. 
"ഞങ്ങൾ ഉടനെ എത്തില്ലേ മോളു.. മോൾക്ക് എന്താ വേണ്ടെന്ന് അമ്മയോട് പറഞ്ഞാൽ പോരെ."
 രവികുമാർ പുഞ്ചിരിയോടെ പറഞ്ഞു.
അനുട്ടി ഇയർഫോൺ വച്ചിരുന്നതിനാൽ മറുവശത്തെ സംസാരം നിരുപമക്ക് കേൾക്കാനായില്ല. 
"അമ്മയെ എനിക്ക് കാണണം. " അനൂട്ടി മുഖം ഉയർത്തിയതും നിരുപമയെ കണ്ടു. 
ഒരു കൂസലും അവൾക്ക് ഉണ്ടായില്ല. "ആരോടാ നീ രാത്രി വീഡിയോ കോൾ ചെയ്യുന്നത്?"
നിരുപമ ഒച്ച ഉയർത്തി അടുത്തു വന്നു. 
"എന്നെ ക്വസ്റ്റ്യൻ ചെയ്യാനൊന്നും വരണ്ട. ഞാൻ ബോയ്സിനോട് ഒന്നുമല്ല സംസാരിക്കുന്നത്."
" പിന്നെ ആരാടി ജെയിംസ് അങ്കിൾ?"
"അത് സോഫി ആൻ്റിയുടെ ഹസ്ബൻഡാ. ഞാൻ സോഫി ആൻ്റിയോട്  സംസാരിച്ചപ്പോൾ ജെയിംസ് അങ്കിൾ മുഖം കാണിച്ചു പോയതാ."
"ആരാടി സോഫി ആൻ്റി.. എനിക്ക് ഒന്ന് കാണിച്ചു താ."
" ഇതാ കണ്ടോ.."
അനുട്ടി ഫോൺ നിരുപമയുടെ നേരെ നീട്ടി.നിരുപമ അതിലേക്ക് നോക്കി. സ്റ്റെയർകെയ്സിന് താഴെ ഒരു കൃഷ്ണ വിഗ്രഹം മാത്രം കണ്ടു. 
"ഫോൺ ഇങ്ങു താ.."
 നിരുപമ കൈ നീട്ടി വന്നതും അനൂട്ടി ബെഡിൽ നിന്ന് മറുഭാഗത്തേക്ക് നിരങ്ങി ഇറങ്ങി.
"എന്തിന്? എറിഞ്ഞു ഉടക്കാൻ അല്ലേ... നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ! ഞാൻ ആരോടും മിണ്ടാൻ പാടില്ല. ആരെയും കാണാൻ പാടില്ല.നിങ്ങളുടെ അടിമയല്ല ഞാനെന്ന്പലവട്ടം പറഞ്ഞിട്ടുള്ളതാ, എൻ്റെ പ്രൈവസിയിൽ കേറി തലയിടരുത്. " "ആദ്യം കോൾ കട്ട് ചെയ്യടീ.."
നിരുപമ വിറച്ചു.
"എന്തിന്? മറ്റുള്ളവരും കേൾക്കട്ടെ, നിങ്ങളുടെ സംസ്കാരം. മകളോട് ഒരു അമ്മ പെരുമാറുന്നത് എങ്ങനെയാണെന്ന് അവരും കാണട്ടെ... സോഫി ആൻ്റി ഇതാ എൻ്റെ സിനിമക്കാരി മമ്മി."
അനൂട്ടി ഫോൺ നിരുപമയുടെ നേരെ നീട്ടി.  ഫോണിലേക്ക് നോക്കിയ നിരുപമക്ക് ആരെയും കാണാനായില്ല. 
"ആരാടി നിൻ്റെ സോഫി ആൻ്റി? ഒളിച്ചിരിക്കാതെ മുഖം കാണിക്കാൻ പറയെടീ. ഫ്രണ്ട് ക്യാമറ ഓഫ് ചെയ്ത് മുഖം  മറക്കേണ്ട കാര്യം എന്താ ഉള്ളത്? ഹേയ് നിങ്ങളെ
എനിക്ക് കാണണം. മുഖം 
കാണിക്ക് "
 നിരുപമ കത്തിപ്പടർന്നു. 
"നിരുപമയുടെ തനി നിറം കാണ്. ഇവരാ എൻ്റെ മമ്മി.പാത്തും പതുങ്ങിയും മകളെ വാച്ച് ചെയ്യാൻ വരുന്ന ഈ സ്ത്രീയുടെ  പിന്നാലെ ഞാൻ പോയോ..."
അനുട്ടി വിളിച്ചുകൂവി.
"എടീ...ഫോൺ കട്ട് ചെയ്യാനാ നിന്നോട് പറഞ്ഞത്."
 നിരുപമ മറുവശത്തേക്ക് വന്നപ്പോൾ അനുട്ടി ബെഡ്ഡിൽ ചാടിക്കയറി.
" ഭ്രാന്താ നിങ്ങൾക്ക്.. മുഴുത്ത ഭ്രാന്ത്..."
"ഇറങ്ങടീ താഴെ.."
നിരുപമ പിടിക്കാൻ ആഞ്ഞപ്പോൾ അനൂട്ടി പിന്നോട്ട് മാറി.
ആച്ചിയമ്മ ഓടി വന്നു. 
"അയ്യോ... എന്താ മോളെ?"
"കണ്ടില്ലേ ആച്ചിയമ്മെ... അവൾ ആർക്കോ വീഡിയോ കോൾ ചെയ്തിട്ട് എന്നെ കാണിച്ചു കൊടുക്കാ. രാത്രി ആരോടാ വീഡിയോ ചാറ്റിങ് എന്ന് ഞാൻ ചോദിച്ചത് തെറ്റാണോ...അവൾ സംസാരിക്കുന്നത് ആരാണെന്ന് എനിക്ക് അറിയണ്ടേ? അവളുടെ മമ്മി അല്ലേ ഞാൻ. പെൺകുട്ടികൾ ഇങ്ങനെ ആണോ ബിഹേവ് ചെയ്യേണ്ടത്.."
മറുവശത്തുള്ള സ്ത്രീ കേൾക്കാൻ വേണ്ടിയാണ് നിരുപമ സ്വയം ന്യായീകരിക്കാൻ നോക്കിയത്.
" ഞാൻ നിങ്ങളോട് പറഞ്ഞല്ലോ സോഫി ആൻ്റിയോടാ സംസാരിച്ചതെന്ന്. അവർ തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രീയാ.."
"ആരാടി നിനക്ക് അവർ.."
"ഞാൻ എൻ്റെ അമ്മയെ പോലാ അവരെ കാണുന്നത്. അവരെ കണ്ടിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ എങ്കിലും നിങ്ങളിൽ കാണാത്ത സ്നേഹവും വാത്സല്യവും സോഫി ആൻ്റിക്ക് ഉണ്ട്. എങ്കിൽ ഞാൻ അവരെ അമ്മയായി കണ്ടാലെന്താ തകരാറ്?"
 കുറച്ചുനേരം നിരുപമ സ്തംഭിച്ചുനിന്നു. 
"എന്താ പറയുന്നതെന്ന് കുട്ടിക്ക് അറിയില്ല. അതൊക്കെ അവർ കേൾക്കുക ആണെങ്കിൽ അതിൻ്റെ നാണക്കേട് മോൾക്കാ.. കുട്ടിയെ ദേഷ്യം പിടിപ്പിക്കരുത്...വാ കുഞ്ഞേ." ധൈര്യത്തോടെ ആച്ചിയമ്മ നിരുപമയുടെ കയ്യിൽ പിടിച്ചു.എതിർപ്പ് പ്രകടിപ്പിക്കാതെ നിരുപമ  മുറിക്കു പുറത്തിറങ്ങി.
" മോൾ മുറിയിലേക്ക് ചെല്ല്... അനൂട്ടി ഒന്ന് തണുക്കട്ടെ.."
 നിരുപമ താഴേക്കിറങ്ങി വന്നു. വാതിൽ തുറന്നു അവൾ പുറത്തിറങ്ങി. പിന്നാലെ ആച്ചിയമ്മ ഓടി വന്നു.
"എനിക്കിപ്പോൾ തന്നെ പോയി ആ സ്ത്രീയെ കാണണം. "
"ഈ രാത്രിയോ..."
"നാളെ ഞാൻ ഇവിടെ നിന്ന് പോകുവാ.. പതിനഞ്ച് ദിവസം കഴിയാതെ വരാൻ പറ്റുമെന്ന് തോന്നുന്നില്ല.അയലത്തെ വീട്ടിൽ ഇരുന്ന് എൻ്റെ മോളോട് വീഡിയോ ചാറ്റ് നടത്തുന്ന സ്ത്രീയെ കയ്യോടെ എനിക്ക് പിടിക്കണം.."
 നിരുപമ മുറ്റത്തേക്കിറങ്ങി നടന്നു.
"മോളേ..തനിച്ചു പോകരുത്."
"നിങ്ങൾ ഇവിടെ ഉണ്ടാവണം."
നിരുപമ ഗേറ്റിന് അടുത്ത് എത്തിയതും സെക്യൂരിറ്റിക്കാരൻ ക്യാബിനിൽ നിന്ന് ഇറങ്ങി വന്നു.
" മാഡം..."
 "ചോദ്യങ്ങൾ ഒന്നും വേണ്ട.. നിങ്ങൾ എൻ്റെ കൂടെ വാ.."
 അയാൾ വേഗം ചെറിയ ഗേറ്റ് തുറന്നു. സാരി വലിച്ച് തലയിലൂടെ ഇട്ടു നിരുപമ ധൃതിപിടിച്ച് നടന്നു. ടോർച്ചും എടുത്ത് സെക്യൂരിറ്റിക്കാരൻ പിന്നാലെ ഓടി. ഹൗസിംഗ് കോളനിയുടെ ഇരുവശത്തുമുള്ള വീടുകളുടെ സിറ്റൗട്ടിൽ ആരുമില്ലായിരുന്നു. റോഡ് വിജനമായി കിടന്നു. നിരുപമ നടന്ന് ചെന്ന് "സുകൃതം" വീടിന്  മുന്നിൽ നിന്നു. ആ വീട് ഇരുട്ടിൽ അമർന്നു കിടക്കുകയാണ്.
"നിങ്ങൾ അകത്തു ചെന്ന് കോളിംഗ് ബെല്ലടിക്കൂ."
 സെക്യൂരിറ്റി ലൈറ്റ് തെളിയിച്ചു.
"മാഡം ഗേറ്റ് പുറത്തുനിന്ന് ലോക്ക് ചെയ്തിരിക്കുകയാണ്. ഇവിടെ ആരുമില്ല മാഡം."
 നിരുപമ താഴിട്ടു പൂട്ടി ഇരിക്കുന്നത് കണ്ടു. അകത്തെ ഒരു മുറിയിലും വെളിച്ചമില്ല.
പിന്നീട് നിരുപമ അവിടെ നിന്നില്ല. 
  വീട്ടിൽ തിരിച്ചെത്തിയ നിരുപമ സിറ്റൗട്ടിലെ കസേരയിൽ ഇരുന്നു.  ആച്ചിയമ്മ അവിടെ നിൽപ്പുണ്ടായിരുന്നു.
"ആ വീട്ടിൽ ആരുമില്ല.."
 നിരുപമ മന്ത്രിക്കും പോലെ പറഞ്ഞു. 
"ജാസ്മിൻ വരട്ടെ.. അവർ ആരാ എന്നൊക്കെയാ എല്ലാം അവൾ കണ്ടെത്തിത്തരും."


" എനിക്ക് ആ വീട്ടിലെ ആരുടെയെങ്കിലും ഒരു ഫോട്ടോ കിട്ടണം.. എൻ്റെ മോളെ അവർ ഇങ്ങനെ വശീകരിച്ച് എടുത്തു എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ.. അവൾ പറഞ്ഞത് കേട്ടില്ലേ. ആ സ്ത്രീ അവളുടെ അമ്മയാണെന്ന്.."
ആച്ചിയമ്മ ശബ്ദിച്ചില്ല.
 "നാളെ രാവിലെ ഞാനെങ്ങനെ പോകും.."
 "അതിനുമാത്രം ടെൻഷൻ അടിക്കാൻ ഒന്നുമില്ല മോളെ..അയൽ വീട്ടിൽ കുട്ടികൾ പോകാറില്ലേ... അങ്ങനെ കരുതിയാൽ മതി."  
ആച്ചിയമ്മ ആശ്വസിപ്പിച്ചു.
"എനിക്ക് അങ്ങനെ കരുതാൻ പറ്റില്ല. നാലാം വയസ്സിൽ അവളുടെ അച്ഛൻ മരിച്ചതാ..എല്ലാ സ്വാതന്ത്ര്യവും കൊടുത്ത അവളെ വളർത്തിയത്. ചീത്ത കൂട്ടുകെട്ടിൽ ചെന്ന് പെട്ടത് മനസ്സിലാക്കിയാ ഞാൻ അവളെയും കൊണ്ട് ഇവിടേയ്ക്ക് വന്നത്. വീണ്ടും അവൾ തോന്നുന്ന വഴിക്ക് പോകാൻ പാടില്ല."
നിരുപമ എഴുനേറ്റു.
"എനിക്കുവേണ്ടി അവർ മൂന്നാംതവണയാണ് ഷൂട്ട് മാറ്റിവെച്ചത്. അവരെ ചതിക്കാൻ പറ്റില്ല. ഇനി ലീഗലായി നീങ്ങുമെന്ന് പ്രൊഡ്യൂസർ മുന്നറിയിപ്പ് തന്നു കഴിഞ്ഞു. നാളെ ഞാൻ പോയാൽ അവളുടെ ഓരോ നീക്കങ്ങളും ആച്ചിയമ്മ എന്നെ അറിയിക്കണം.  അവൾ ആ വീട്ടിലേക്ക് പോയാൽ നിങ്ങൾ കൂടെ പോകണം. ശ്രീനിയോട് ഞാൻ പറയുന്നുണ്ട്. അവളെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കരുത്."
" വീട്ടിലെ കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാം കുഞ്ഞേ..അവർ തിരിച്ചുവന്നാൽ ആരാണെന്ന് ജാസ്മിനെ കൊണ്ട് അന്വേഷിപ്പിക്കാം.
നിരുപമ മൂളിയിട്ട് അകത്തേക്ക് കയറിപ്പോയി.

* * *

രവികുമാറിൻ്റെ മുന്നിൽ പൂർണിമ പൊട്ടിക്കരഞ്ഞു കൊണ്ടിരുന്നു. 
"എൻ്റെ കുട്ടിയെ അവൾ എങ്ങനെ വളർത്തിയതെന്ന് രവിയേട്ടന് മനസ്സിലായില്ലേ... അമ്മയുടെ സ്നേഹത്തിനു വേണ്ടി കൊതിക്കുക എൻ്റെ മോൾ. അവൾ തല്ലാനും മടിക്കില്ല. ഞാൻ ആരാന്ന് അറിയാഞ്ഞിട്ടുo എല്ലാം അവൾ തുറന്ന് കാണിച്ചു തന്നില്ലേ."
"നിരുപമക്ക് സംശയങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. ഈ സ്ഥിതിക്ക് നാളെ അവൾ പോകുമോ എന്ന് അറിയില്ല.  നിൻ്റെ നമ്പർ നിരുപമയുടെ കയ്യിൽ കിട്ടിയാൽ എല്ലാം തീർന്നു.ആളറിയാതെ വരുന്ന ഒരു കോളും എടുക്കരുത്. അനൂട്ടി ഇങ്ങോട്ട് വിളിച്ചാൽ ബാക്ക് ക്യാമറ ഓൺ ചെയ്തിട്ടെ ഫോൺ എടുക്കാവൂ."
"എനിക്കൊരു കാര്യം ഉറപ്പായി രവിയേട്ടാ.. നമ്മൾ അവളുടെ അച്ഛനുമമ്മയും ആണെന്ന് അറിഞ്ഞാൽ ആ നിമിഷം അവൾ നിരുപമയെ ഉപേക്ഷിച്ചു ഇറങ്ങി വരുമെന്ന്."
"അവൾ മാത്രം അതിന് തയ്യാറായിട്ട് കാര്യമുണ്ടോ? ലീഗലി അവൾ നിരുപമയുടെ മകളാണ്. പോരാത്തതിന് അവൾ രാജ്യം മുഴുവനും അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി. കരുതൽ ഒരുപാട് വേണം. അവളോട് മിണ്ടുന്ന ഓരോ വാക്കും മനസ്സിൽ ഉരുവിട്ടു പാടുണ്ടോ എന്ന് തീർച്ചപ്പെടുത്തി വേണം.
വിഡ്ഢിത്തം കാണിച്ചാ പിന്നെ ഒരിക്കലും നമ്മുടെ മോളെ നമുക്ക് കാണാൻ കഴിയില്ല." .
അയാൾ ഉപദേശിച്ചു .
 ബെഡിൽ വീണ് പൂർണിമ കരഞ്ഞു.
"എന്റെ കുഞ്ഞ് അനുഭവിക്കുന്ന വേ
ദന താങ്ങാൻ എനിക്ക് വയ്യ ! ഞാൻ നൊന്തു
പെറ്റതാ അവളെ ... "
****
പിറ്റേന്ന് ...
കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ പൂർണമായും മറന്ന രീതിയിലാണ് നിരുപമ  അനുട്ടിയോട് പെരുമാറിയത്.  . അനൂട്ടിയും അതൃപ്തി പുറത്തുകാണിച്ചില്ല.നിരുപമ ഒന്ന് പോയി കിട്ടിയാൽ മതിയെന്നായിരുന്നു അവൾക്ക് . ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ നിരുപമ കുറെ ഉപദേശങ്ങൾ കൊടുത്തു.ആച്ചിയമ്മയെ മുത്തശ്ശിയെ പോലെ കരുതണം, കൃത്യസമയത്ത് കോളേജിൽ പോകണം, അങ്ങനെ... അയൽ വീട്ടിൽ പോകുന്ന കാര്യം നിരുപമ പരാമർശിച്ചില്ല.
"നിനക്ക് എന്തെങ്കിലും പ്രയാസം ഉണ്ടെങ്കിൽ അടുത്ത നിമിഷം ഞാൻ ഇങ്ങു വരും.."
അതും പറഞ്ഞു നിരുപമ എഴുന്നേറ്റു.  
അനുട്ടിക്ക് ക്ലാസ്സ് ഉള്ള ദിവസം ആയിരുന്നില്ല അന്ന്.
 പത്തു മണിയായപ്പോൾ എയർപോർട്ടിലേക്ക് പോകാൻ ശ്രീനിവാസൻ പോർച്ചിലേക്ക്  കാർ കൊണ്ടുവന്നു.  ബാഗുകൾ ഒക്കെ അയാൾ കാറിൽ കയറ്റി. നിരുപമ വരുമ്പോൾ ഹാളിൽ അനൂട്ടി നിൽപ്പുണ്ടായിരുന്നു.
"മമ്മിയുടെ പെരുമാറ്റം മോൾക്ക് ബോറായി തോന്നിയെങ്കിൽ സോറി.."
നിരുപമ അവളുടെ കവിളിൽ ചുംബിച്ചു. അവൾ പ്രതികരിച്ചില്ല.
മുറ്റത്തിറങ്ങി കാറിൽ കയറുമ്പോൾ അനൂട്ടി സിറ്റൗട്ടിൽ ഉണ്ടോ എന്ന് നിരുപമ നോക്കി. ആച്ചിയമ്മ മാത്രമുണ്ട്.  അവർ കണ്ണു തുടക്കുന്നു. 
കാർ  നെടുമ്പാശ്ശേരി  ലക്ഷ്യമാക്കി നീങ്ങി. 
കാർ ഗേറ്റ് കടന്നതും അനൂട്ടി ഓടി റൂമിൽ കയറി.അവൾ സെൽ എടുത്ത് മുംബൈയിലെ വിവേകിനെ വിളിച്ചു.
" എടീ നിൻ്റെ അമ്മ പോയോ?"
 വിവേകിൻ്റെ സ്വരം വന്നു.
" പോയി..ഇനി രണ്ടാഴ്ച കഴിഞ്ഞേ വരൂ.. നിങ്ങൾ വേഗം ഒന്ന് കൊച്ചിക്ക് വാ. ഇനി ഞാൻ ഫ്രീയാ.."
"ഞങ്ങൾ എപ്പോഴേ റെഡി. പതിനെട്ടിന് അവിടെ ഒരു ഹോട്ടലിൽ നിശാപാർട്ടി ഏർപ്പാടാക്കി വച്ചിരിക്കുകയാണ്.ഞങ്ങൾ വരുന്നു.. നമ്മൾ പഴയപോലെ ഒത്തുകൂടി മായാലോകത്ത് പൊളിക്കുന്നു."
"അടിപൊളി ! എനിക്ക് തീ പിടിച്ചത് 
പോലാ. ഒന്നു വേഗം വാ... "
അനൂട്ടി കെഞ്ചി.
( തുടരും )

read more: https://emalayalee.com/writer/217

Join WhatsApp News
T.R.R.Pillai 17 8 2022-06-05 13:41:01
Very good
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക