Image

തൃക്കാക്കര നൽകുന്ന പാഠം (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-38)

Published on 04 June, 2022
തൃക്കാക്കര നൽകുന്ന പാഠം (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്-38)

"എന്താ പിള്ളേച്ചാ ഇന്ന് നല്ല സന്തോഷത്തിലാണല്ലോ."
"പിന്നെ സന്തോഷിക്കാതിരിക്കാനെന്താടോ കാരണം?"
"ഏതായാലും തൃക്കാക്കരയിൽ പിള്ളേച്ചൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചല്ലോ. ഇത്ര കൃത്യമായി എങ്ങനെ ഇത് പ്രവചിച്ചു?"
"എടോ ഞാൻ പറഞ്ഞില്ലേ തൃക്കാക്കരയിൽ ആരു ജയിക്കുമെന്നു പറയാൻ പ്രശ്‌നം വച്ചു നോക്കേണ്ട കാര്യമില്ലെന്ന്."
"എന്നാലും ഇഞ്ചോടിച്ചു പോരാടിയ ഇത്ര കടുത്ത മത്സരം നടക്കുന്ന സമയത്തും പിള്ളേച്ചൻ പറഞ്ഞു തൃക്കാക്കരയിൽ ഉമാ തോമസ് വൻപിച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന്. അതെങ്ങനെയാണ് മനസ്സിലായത്?"
"എടോ, ഞാൻ അതിന്റെ കൂടെ തന്നെ ഒരു കാര്യം കൂടി പറഞ്ഞിരുന്നു 'തൃക്കാക്കരയിലെ ജനങ്ങൾ വിദ്യാഭ്യാസമുള്ളവരും ചിന്തിക്കുന്നവരുമാണെ'ന്ന്."
"എന്നാലും വികസനത്തിന്റെ തിയറി എന്താ പിള്ളേച്ചാ ഏശാതെ പോയത്?"
“പറഞ്ഞാൽ മാത്രം പോരാ. എന്ത് വികസനമാണ് നടത്തിയതെന്ന് കാണിക്കണം. അതിനെന്തെങ്കിലും ഉണ്ടായോ?"
"എന്നാലും തോൽവിക്ക് അത് മാത്രമല്ലല്ലോ കാരണം?"
"എടോ, മതതരത്വ ഭാരതത്തിൽ മത പ്രീണനം വിവേകമുള്ള ആരും അംഗീകരിക്കില്ല."
"അതിന് ആരാ പിള്ളേച്ചാ, ഇവിടെ മത പ്രീണനം നടത്തിയത്?"
"മുഖ്യമന്ത്രിയും ഇരുപതിൽപരം മന്ത്രിമാരും ഏതാണ്ട് 65 എം എൽ എ മാരും വീടുകൾ കയറി നിരങ്ങിയത് കൃത്യമായും ജാതി മത അടിസ്ഥാനത്തിൽ തന്നെയാണ്. അതു ചെയ്തതോ ഇടതുപക്ഷവും! ജാതി മത വർഗ്ഗീയ അടിസ്ഥാനത്തിൽ ആപത്കരമായ ധ്രുവീകരണം നടക്കുന്ന ഈ അവസരത്തിൽ ഈ വർഗീയ പ്രീണനം വളരെ മോശമായ സന്ദേശമല്ലേ നൽകുന്നത്?"
"അത് തന്നെയാണ് തൃക്കാക്കരയിലെ വോട്ടർമാർ പറഞ്ഞത്, 'ഈ പരിപ്പ് ഇവിടെ വേകില്ലെ'ന്ന്. പിന്നെ മുഖ്യമന്ത്രിയുടെ ധാർഷ്ട്യതയാണ് മുഖ്യമായും സമ്മതിദായകരെ വെറുപ്പിച്ചത്. ചെറിയ സംഗതിയാണോ? അഹങ്കാരത്തിനു കാലും കയ്യും വച്ചതുപോലെയല്ലേ അദ്ദേഹം സംസാരിക്കുന്നത്?"
"അത് അദ്ദേഹത്തിന്റെ രീതിയെന്നേയുള്ളൂ. അതത്ര കാര്യമായി എടുക്കണോ?"
"എന്ത് രീതി? അങ്ങനെയെങ്കിൽ അദ്ദേഹം അത് തിരുത്താൻ തയ്യാറാകണം."
"ഇനിയിപ്പോൾ അതു വല്ലതും നടക്കുമോ പിള്ളേച്ചാ?"
"നടക്കണം. 'പരനാറി'യും 'കുലംകുത്തി'യും 'നികൃഷ്ട ജീവി'യും 'കടക്കൂ പുറത്തും' ഒക്കെ പറഞ്ഞത് മറക്കാറായിട്ടില്ല. എന്നിട്ടിപ്പോൾ അദ്ദേഹം തന്നെ അക്ഷരാർഥത്തിൽ ക്യാപ്റ്റൻ ആയി നയിച്ച പോരാണിത്. അദ്ദേഹത്തിന്റെ താത്പര്യത്തിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയും! എന്നിട്ടും എട്ടു നിലയിൽ പൊട്ടിയപ്പോൾ അദ്ദേഹം തിരുത്താൻ തയ്യാറാകണം."
"എന്ത് തിരുത്താണാവശ്യം എന്നാ പിള്ളേച്ചൻ പറയുന്നത്?"
"ഇപ്പോൾ 99 എം എൽ എ മാരുടെ പിന്തുണയുണ്ട് അദ്ദേഹത്തിന്. അതുകൊണ്ട് എന്തും ആകാം എന്നുള്ള ധാർഷ്ട്യത ആദ്യമേ ഉപേക്ഷിക്കണം. കോവിഡ് കാലത്തു കിറ്റ് കൊടുത്തത് കേന്ദ്രസർക്കാർ കൊടുത്ത പണമാണ്. പി ആർ വർക്ക് മാത്രമാണ് കേരള സർക്കാർ നടത്തിയത്. അതുപോലെ കോവിഡ് മരണങ്ങൾ മനപ്പൂർവം കുറച്ചുകാണിച്ചു കേരളത്തെ ഒരു മഹാസംഭവമാക്കി പുറംലോകത്തെ കാണിച്ചു."
"അതിന്റെ കള്ളി വെളിച്ചത്താകുമെന്നു കരുതിയായിരിക്കാം ശൈലജ ടീച്ചറെ പിന്നെ മന്ത്രിസഭയിൽ എടുക്കാതിരുന്നത്."
"അതുപോലെ തന്നെ പാവപ്പെട്ടവരുടെ പാർട്ടി എന്നാണറിയപ്പെടുന്നതെങ്കിലും നാട്ടിലെ സർക്കാർ ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ മെച്ചപ്പെട്ട സൗകര്യങ്ങൾ നോക്കി അദ്ദേഹം ബൂർഷ്വാ രാജ്യം എന്ന് എഴുനേരം വിളിച്ചുകൊണ്ടിരുന്ന അമേരിക്കയിലേക്ക് ചികിത്സിക്കാൻ പോയി. ഭീകരവാദികളോടു മൃദുസമീപനം കൈക്കൊണ്ടു ഭൂരിപക്ഷം വരുന്ന സമാധാന കാംക്ഷികളെ വെറുപ്പിച്ചു. സ്വജന പക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കി. കെ എസ് ആർ ടി സി ക്കു ശമ്പളം പോലും കൊടുക്കാനാവാതെ പൂച്ച പെറ്റുകിടക്കുന്ന ട്രെഷറിയെ നോക്കി ധനമന്ത്രി കരയുമ്പോൾ ഒന്നരലക്ഷം കോടി കടമെടുത്ത് ആർക്കും വേണ്ടാത്ത കെ-റെയിൽ നിർബ്ബന്ധപൂർവ്വം നടപ്പാക്കാൻ ശ്രമിച്ചു. അങ്ങനെ ജനങ്ങൾക്ക് അപ്രിയമായ അനേകം കാര്യങ്ങൾ ഈ മന്ത്രിസഭ ചെയ്‌ത് ജനങ്ങളെ വെറുപ്പിച്ചു. ഇതിനൊക്കെ മാപ്പു പറയുകയാണ് വേണ്ടത്."
"പിന്നെ, നിക്ഷേപക സൗഹൃദ സംസ്ഥാനം എന്നു ഗീർവാണം മുഴക്കുമ്പോഴും യഥാർത്ഥത്തിൽ ഒരു പെട്ടിക്കട പോലും തുടങ്ങാൻ ഇവിടെ സാധ്യമല്ല. നോക്കുകൂലി എന്ന വ്യാളിയുടെ പിടിയിൽ ജനങ്ങൾ ശ്വാസം മുട്ടുകയാണ്."
"നോക്കുകൂലി കർശനമായി നിരോധിക്കാൻ ഈ സർക്കാർ ഇനിയെങ്കിലും അമാന്തിക്കരുത്. അതുപോലെ തന്നെ പി. എസ്. സി. ടെസ്റ്റ് പാസ്സായി നിൽക്കുന്നവരെ ലിസ്റ്റ് അനുസരിച്ചു മാത്രം നിയമിക്കുക. പാർട്ടി അണികളെ പുറം വാതിൽ വഴി കുത്തികയറ്റുന്ന പരിപാടി ഉപേക്ഷിക്കണം. അങ്ങനെ അർഹതയില്ലാത്ത പ്രവേശനം നേടിയവരെ പിരിച്ചുവിടാനും തയ്യാറാകണം. അങ്ങനെ ധൈര്യമായി നടപടി എടുക്കാൻ തയ്യാറായാൽ വീണ്ടും തുടർഭരണം എൽ.ഡി.എഫ്.നെ തേടിയെത്തും."
"ഇല്ല പിള്ളേച്ചാ. ഇപ്പോൾ കോൺഗ്രസ് പുതിയ നേതൃത്വത്തിൽ സടകുടഞ്ഞെഴുന്നേറ്റിരിക്കയാണ്. അവർ അടുത്ത ഭരണം പിടിച്ചെടുക്കും."
"ഹേയ്, അങ്ങനെയൊന്നും കരുതേണ്ട. കോൺഗ്രസ് തൃക്കാക്കരയിൽ കിട്ടിയ അപ്രതീക്ഷിത വിജയത്തിൽ ഇപ്പോൾ ആഹ്ളാദിക്കുന്നെന്നേയുള്ളൂ. താമസിയാതെ തന്നെ അവർ തമ്മിലടി തുടങ്ങിക്കൊള്ളും. അന്യോന്യം വിഴുപ്പലക്കുന്നതിൽ അവരെ വെല്ലാൻ ആരുമില്ല. അതു പിണറായിക്കു നല്ലതുപോലെ അറിയാം."
"എന്തായാലും കെ.വി. തോമസിന്റെ കാര്യമാണ് കഷ്ടം. പിള്ളേച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ അദ്ദേഹം ഇനി തീരുതയെ ചൂണ്ടയിടാൻ പോകട്ടെ."
"അങ്ങനെയുള്ള മാലിന്യങ്ങളെ വാരിക്കളഞ്ഞു പാർട്ടിയെ ശുദ്ധീകരിച്ച്‌ ഐക്യത്തോടെ പുതിയ നേതൃത്വം മുൻപോട്ടു പോയാൽ അവർക്കു ഭാവിയുണ്ട്. ഇല്ലെങ്കിൽ ഇപ്പോഴുള്ളവർ തുടർഭരണം നടത്തിക്കൊണ്ടേയിരിക്കും."
"അപ്പോൾ ബി.ജെ.പി ക്കു സ്കോപ്പില്ലേ?"
"ഇപ്പോഴുള്ള അവരുടെ നേതൃത്വം മാറണം. ജനങ്ങളുടെയിടയിൽ സ്വാധീനമുള്ള യുവ നേതാക്കളുണ്ടാവണം. ഇപ്പോൾ തെരഞ്ഞെടുപ്പു കാലത്തു മാത്രമാണ് അവരെ ജനങ്ങൾ കാണുന്നത്. പിന്നെ ആരാണ് അവർക്കു വോട്ടു ചെയ്യുന്നത്?"
"ജനങ്ങൾ തീരുമാനിക്കട്ടെ."
"അതാണെടോ ശരി."
"പിന്നെ കാണാം പിള്ളേച്ചാ."
"അങ്ങനെയാവട്ടെ."

Join WhatsApp News
Sudhir Panikkaveetil 2022-06-04 20:16:41
പാലം കടക്കുവോളം നാരായണ... തിരഞ്ഞെടുപ്പ് വിജയിച്ചു. പക്ഷെ കോൺഗ്രസിന്റെ വിജയത്തിൽ അതിജീവിതയുടെ പങ്ക് എല്ലാവരും മറന്നു. അവൾക്ക് നീതി എന്ന് പറഞ്ഞാണ് കൊണ്ഗ്രെസ്സ് സ്ഥാനാർഥി രംഗത്ത് വന്നത്. അതുകൊണ്ട് കുറെ വോട്ട് കിട്ടിയെന്ന സത്യം മറക്കരുത്. പക്ഷെ വിജയിച്ചപ്പോ ആരും ആ പാവത്തിനെ ഓർക്കുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക