' സമദോഷ സമാഗ്നീശ്ച
സമ ധാതു മലക്രീയ
പ്രസന്ന ആത്മ ഇന്ദ്രിയ
മനഃ സ്വസ്ഥ ഇതി അഭിധീയതേ'
വാതപിത്ത കഫ ദോഷങ്ങള്‍ സമാവസ്ഥയില്‍ ഇരിക്കുകയും ജഠരാഗ്നി സമാവസ്ഥയില്‍ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ഉള്ള ആളിനെ ആയുര്‍വേദവിധി പ്രകാരം 'സ്വസ്ഥന്‍' എന്ന് വിളിക്കാം. ഈ മനുഷ്യന്റെ ധാതുക്കള്‍ (രസാദി സപ്തധാതുക്കളും), മലങ്ങള്‍ (പുരൂഷാദി ത്രിമലങ്ങളും), ത്രിദോഷങ്ങളും ശരിയായ രീതിയില്‍ തങ്ങളുടെ കര്‍മ്മം ചെയ്യുണ്ട്. ഇദ്ദേഹത്തിന്റെ ആത്മാവും, മനസ്സും, ഇന്ദ്രിയങ്ങളും പ്രസന്നമായിരിക്കും ചുരുക്കിപ്പറഞ്ഞാല്‍ ഇദ്ദേഹത്തിന് തന്റെ പ്രായത്തിന് അനുസരിച്ചുള്ള ആരോഗ്യം മനസ്സിനും, ശരീരത്തിനും ഉണ്ടെന്ന് അര്‍ത്ഥം എന്നാല്‍ ഇന്നത്തെ ആധുനീക ഭക്ഷണക്രമത്തില്‍ നാം ഓരോരുത്തരും തടികുറയ്ക്കാനുള്ള വഴികള്‍ തേടുകയാണ് എന്നത് ഒരു സത്യമാണ്. എത്ര വ്യായാമം ചെയ്തിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണല്ലൊ നാമൊക്കെ പറയുന്നതും, കേള്‍ക്കുന്നതും. ഒരേസമയം കോശങ്ങള്‍ പെരുകുകയും അതേ സമയം ഒരുപാടു കോശങ്ങള്‍ ഇല്ലാതാകുകയും ചെയ്യുന്നുവെന്ന അര്‍ഥമാണു ശരീരം എന്ന വാക്കുകൊണ്ടു ആയുര്‍വേദം ഉദ്ദേശിക്കുന്നത്. കോശങ്ങള്‍ അമിതമായി കൂടുകയും ആ കോശങ്ങളില്‍ ജലമോ, കൊഴുപ്പോ, മാംസമോ അധികമാവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണു അമിതവണ്ണം എന്നു പറയുന്നത്.
വണ്ണം (തടി) കൂടുമ്പോള്‍ ശരീരത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കും. സ്വാഭാവിക ശരീര പ്രവര്‍ത്തനങ്ങളെയും ചലനങ്ങളെയും ചിന്തകളെയും അതു ബാധിക്കുമെന്നു മാത്രമല്ല, ഒരുപാട് അസുഖങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും. 'അതിസ്ഥൗല്യം' എന്നാണു ആയുര്‍വേദ ആചാര്യന്മാര്‍ അതിനു പറയുന്നത്.
ഇന്നു നാമൊക്കെ അമിതമായി ഭക്ഷണം കഴിക്കുന്നവരാണ്. നെയ്യും, വെണ്ണയും, തൈരും നന്നായി കഴിക്കും. മത്സ്യമാംസാദികള്‍ ഇല്ലാതെ എന്ത് ആഹാരം എന്നാണ് ഈ തലമുറ ചോദിക്കുന്നത്. ആഹാരത്തിനു സമയനിഷ്ടയില്ല. സൗകര്യം കിട്ടിയാല്‍ പകലും ഉറങ്ങും. ജങ്ക്ഫുഡും കോളയും കിട്ടിയാല്‍ അതും വേണ്ടെന്നു വയ്ക്കില്ല. വ്യായാമമാകട്ടെ, തീരെയില്ലതാനും. നടന്നുപോകാനുള്ള ദൂരം പോലും നാം വാഹനം ഉപയോഗിക്കുന്നു.
ശരീരത്തില്‍ ഹോര്‍മോണ്‍ തകരാറുണ്ടോയെന്നോ, തൈറോഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം ശരിക്കു നടക്കുന്നുണ്ടോയെന്നോ, അഡ്രിനാലിന്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മന്ദീഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാറുമില്ല. കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം മുറപോലെ നടക്കുന്നുണ്ടോയെന്നു നാം നോക്കാറില്ലല്ലൊ. അമിത വണ്ണമുള്ളവരുടെ രക്തയോട്ടം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി പ്രശ്‌നങ്ങളുണ്ടാകാം. ഇതിന്റെ ഫലമായി ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, പെട്ടെന്നു കാര്യങ്ങള്‍ തീരുമാനിക്കാനുള്ള കഴിവു കുറയുക, അനാവശ്യസന്ദര്‍ഭങ്ങളില്‍ ദേഷ്യം വരുക, അധികമായി ഉറക്കം വരിക, തോള്‍ വേദനയും കഴുത്തുവേദനയും മുട്ടുവേദനയും ഉണ്ടാകുക, ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുക, തൊലിയ്ക്കിടയില്‍ കൊഴുപ്പടിഞ്ഞ് മുഴകള്‍ വരിക, നിതംബവും അടിവയറും, സ്തനങ്ങളും ഇടിഞ്ഞുതൂങ്ങുക, കക്ഷത്തിലും കഴുത്തിലും സന്ധികളിലും കറുപ്പുനിറം വരിക, സംസാരിക്കുമ്പോള്‍ പറ്റിയ വാക്കുകള്‍ വരാത്ത പ്രശ്‌നമുണ്ടാകുക, ഹൃദ്രോഗം, തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടല്‍, കണ്ണിന്റെ റെറ്റിനയില്‍ പ്രശ്‌നം, ലൈംഗിക മന്ദത, ഞരമ്പ് ചുരുളല്‍ തുടങ്ങിയവയൊക്കെവരാം. ശരീരത്തിന്റെ ഭാരക്കൂടുതല്‍ മൂലം എടുപ്പുവേദന, മുട്ടുവേദന, കണങ്കാല്‍ വേദന തുടങ്ങിയ ബുദ്ധിമുട്ടുകള്‍ വന്നു കൂടാം. പാരമ്പര്യമായ പ്രമേഹമുള്ള മാതാപിതാക്കളുടെ കുട്ടികളുടെ തടിയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും തന്നെ പ്രധാനം. ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്, എന്നാല്‍ അതുപോലെ തടി കുറയ്ക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയര്‍ത്തുള്ള ഏര്‍പ്പാട് വേണ്ടേവേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാല്‍ ആരോഗ്യകാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാനാവാത്തവരുമൊക്കെ നമ്മുടെ ചുറ്റുമുണ്ട്. അവര്‍ക്കായി ആയുര്‍വേദത്തിലൂടെ ചില വഴികള്‍ നമുക്ക് നോക്കിയാലോ...
ഉദ്ദ്വര്‍ത്തനം പോലെയുള്ള ആയുര്‍വേദ പഞ്ചകര്‍മ്മ രീതികള്‍ ഒരു പരുതി വരെ അമിത വണ്ണത്തെ കുറയ്ക്കുന്നു, ആയുര്‍വേദ രീതിയില്‍ ഭക്ഷണത്തില്‍ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക, ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ തൂക്കം കുറയാന്‍ സഹായിക്കും (രാവിലെ വെറുംവയറില്‍ കഴിച്ചാല്‍ ഫലം കൂടും) ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ വെളുത്തുള്ളി നല്ലതാണെന്ന് ആചാര്യന്മാര്‍ പറയുന്നു. ആയൂര്‍വേദ മിശ്രിതമായ നാരങ്ങാജ്യൂസും തേനുമായി ചേര്‍ത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും, എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്‌സും ഒഴിവാക്കി കൊഴുപ്പടിയുന്നത് തടഞ്ഞ് ശരീരഭാരം കുറയ്ക്കാം കൂടാതെ ആഹാരസമയത്തിനു മുമ്പ് രണ്ടു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ മറക്കരുത്.
അത്താഴം വൈകരുത്, ഭക്ഷണത്തില്‍ സാലഡുകളും പഴങ്ങളും ഉള്‍പ്പെടുത്തുക, നാരുള്ള പച്ചക്കറി കൂടുതല്‍ കഴിക്കാം, പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങള്‍, മധുപലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക, ദിവസവും കുറഞ്ഞത് നാല്‍പ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം. ഇത് ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് ഉത്തമമാണ്. നടത്തം നല്ലൊരു വ്യായാമമാണ്. ചായയോ കാപ്പിയോ രണ്ട് കപ്പ് മാത്രമായി ചുരുക്കുന്നതാണ് ഉത്തമം, മദ്യപാനം നിയന്ത്രിക്കുക, പുകവലി നിര്‍ത്തുക, ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം ഒഴിവാക്കുക, കൊഴുപ്പ് കുറവുള്ള മത്സ്യവും മാംസവും ഉപയോഗിക്കുക, വാട്ടര്‍ ബോട്ടില്‍ സമീപത്ത് സൂക്ഷിക്കുക, ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും, ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുക. വാരി വലിച്ച് കഴിച്ചാല്‍ വയര്‍ നിറഞ്ഞെന്ന തോന്നല്‍ തലച്ചോറിലേക്കെത്തുന്നത് വൈകും, ആഹാരത്തില്‍ ശ്രദ്ധിച്ചു കഴിക്കുക. ടിവി കാണുന്നതിനിടയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും, ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് ആയുര്‍വേദ ആചാര്യന്മാര്‍ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ, പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക, ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വര്‍ധിക്കാന്‍ കാരണമാകും. നല്ല പാട്ടുകള്‍ കേള്‍ക്കുകയും യോഗ, മെഡിറ്റേഷന്‍ എന്നിവ പരീക്ഷിക്കുകയും ചെയ്യുക.
വര്‍ഷത്തില്‍ ഒരിയ്ക്കലെങ്കിലും (പറ്റുമെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍) ശരീരം മുഴുവനായി ഒരു അഭ്യംഗം (തിരുമല്‍) ചെയ്യിപ്പിക്കുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഇങ്ങനെ ദിനചര്യ ശീലമാക്കി ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ ഒരു ദിനത്തിനായി ഇനി കാത്തിരിക്കരുത് കാരണം അമിത വണ്ണം ആപത്താണ്. ആരോഗ്യത്തിനായി ആയുര്‍വേദം ശീലമാക്കിയാല്‍ ഈ അമിതവണ്ണമെന്ന ആപത്തിനെ നമുക്ക് അകറ്റാം ആയുര്‍വേദത്തിലൂടെ......
അബിത് വി രാജ്
(പാരമ്പര്യ ആയുര്‍വേദ പരിചാരകന്‍)
9562667847
abiaathira@gmail.com