MediaAppUSA

കരാമ ഷെയ്ഖ് കോളനി 244-45 Flat No 1 (ഒന്നാം ഭാഗം: മിനി വിശ്വനാഥൻ)

Published on 05 June, 2022
കരാമ ഷെയ്ഖ് കോളനി 244-45 Flat No 1 (ഒന്നാം ഭാഗം: മിനി വിശ്വനാഥൻ)

എന്റെ പ്രവാസ ജീവിതം തുടങ്ങിയത് ദുബായി നഗരത്തിലെ കരാമ മുനിസിപ്പാലിറ്റി ബിൽഡിങ്ങ് ഇരുനൂറ്റിനാല്പത്തഞ്ചാം ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിലെ ഒന്നാം നമ്പർ ഫ്ലാറ്റിലായിരുന്നു.
എനിക്ക് അത് വെറുമൊരു ഇടത്താവളം മാത്രമായ വാടക വീടായിരുന്നില്ല. ആ വീടിനോടും പരിസരങ്ങളോടും ചുറ്റുപാടുമുള്ള മനുഷ്യൻമാരോടുമുള്ള ആത്മബന്ധം തീർത്താൽ തീരുന്നതല്ല.

കണ്ണൂർ ജില്ലയിലെ ഒരു കൊച്ച്  ഗ്രാമത്തിൽ നിന്ന് എനിക്ക് ദുബായി പോലെയൊരു വൻനഗരത്തിൽ ജീവിതം പറിച്ചുനടേണ്ടി വന്നത് അപ്രതീക്ഷിതമായി ആയിരുന്നു. ആശങ്കകളുടെ വൻ ഭാരം മനസ്സിൽ നിറച്ചാണ് ആദ്യമായി വിമാനം കയറിയത്. കല്യാണം കഴിഞ്ഞ് ഇരുപത്തിഅഞ്ച് ദിവസത്തെ പരിചയം മാതമുള്ള ഒരു മനുഷ്യനെ വിശ്വസിച്ച് തീർത്തും അന്യമായ ഒരു നാട്ടിലേക്കുള്ള യാത്ര എന്നെപ്പോലൊരു പെൺകുട്ടിയിൽ ഉയർത്തിയ ആത്മ സംഘർഷവും വേവലാതിയും ചെറുതായിരുന്നില്ല.

ആദ്യ വിമാനയാത്രയുടെ കൗതുകങ്ങൾക്കിടയിലും ആശങ്കകൾ ഏറെയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കോഴിക്കോട് എയർപ്പോർട്ടിൽ നിന്ന് പ്രിയപ്പെട്ടവരോടൊക്കെ യാത്ര പറഞ്ഞ്, ഒരാവശ്യവുമുണ്ടാവില്ലെന്നുറപ്പുള്ള കുറെയധികം സാധനങ്ങളും പേറിയൊരു യാത്ര. ബാഗിന് പുറത്തേക്ക് മുഴച്ച് കാണുന്ന ഇഡലി പാത്രത്തിന്റെ കാഴ്ചയിൽ ഞാൻ നാണം കെട്ടു . പാചകമറിയാത്ത ഞാൻ മീൻ ചട്ടികളും കറിപ്പാത്രങ്ങളും പ്രഷർ കുക്കറുകളും പാചകക്കുറിപ്പുകളും കെട്ടിപ്പേറി യാത്ര ചെയ്യുന്നതിന്റെ നിരർത്ഥകത എന്നെ വേവലാതിപ്പെടുത്തി. ചുറ്റുപാടുമുള്ള ആരെയും നോക്കാതെ, എന്നിലേക്ക് തന്നെ ഒതുങ്ങി ഞാൻ ആദ്യ യാത്രക്ക് തയ്യാറെടുത്തു.

ഇതുവരെ സ്വപ്നങ്ങളിൽ പ്പോലും കണ്ടിട്ടില്ലാത്ര ആഡംബരങ്ങളും സൗരഭ്യവും തണുപ്പും നിറഞ്ഞു നിൽക്കുന്ന ദുബായ് എയർപ്പോർട്ടിന്റെ പ്രൗഡിയിൽ എന്റെ കോട്ടൺചുരീദാർ  അപകർഷതാ ബോധത്തോടെ ശരീരത്തിലേക്ക് ചേർന്നു നിന്നു. പലവക സാധനങ്ങളടങ്ങിയ കറുത്ത കൈസഞ്ചി മുറുക്കെപ്പിടിച്ച് മിനി വിശ്വനാഥൻ എന്ന പേരെഴുതിയ കാർഡും ഉയർത്തിപ്പിടിച്ച് എന്നെ സ്വീകരിക്കാനായി കാത്തുനിന്ന മർഹബ സർവ്വീസിലെ പാവക്കുട്ടിയെപ്പോലുള്ള സുന്ദരിപ്പെണ്ണിനൊപ്പം ഞാൻ നടന്നു. ആവശ്യത്തിൽ കൂടുതൽ എണ്ണയുള്ള തലമുടിയിലേക്ക് അറിയാതെ എന്റെ കൈപാഞ്ഞു. ചുറ്റുപാടും കാണുന്നവരുടെ തിളങ്ങുന്ന സിൽക്ക് പോലെ മിനുത്ത മുടിയിഴകളിലേക്ക് ഞാൻ അസൂയയോടെ നോക്കി.

എയർപോർട്ടിൽ യാത്രയയക്കാൻ വന്ന എല്ലാവരുടെയും ഉപദേശം പാസ്പോർട്ട്  സൂക്ഷിച്ച്‌വെക്കണമെന്നായിരുന്നു. ആ പാസ്പോർട്ട് ഊരും പേരും ഭാഷയുമറിയാത്ത ഒരു പെണ്ണിനെ ഏല്പിച്ചതിന്റെ വേവലാതിയിൽ അവൾക്ക് പിറകെ ഞാൻ ഓടി. ഡ്യൂട്ടിഫ്രീ ഷോപ്പുകൾ കടന്നുവെച്ച് എമിഗ്രേഷനിലെ നൂലാമാലകൾ കഴിഞ്ഞപ്പോൾ അവൾ ലഗേജ് എന്ന് പറഞ്ഞ് ഒരു കറങ്ങുന്ന ബെൽട്ടിന് മുന്നിൽ എന്നെ കൊണ്ടു നിർത്തി. അച്ചാറുകൾ മണക്കുന്ന വിവിധ തരം കാർഡ് ബോർഡ് ബോക്സുകൾക്കും പെട്ടികൾക്കുമിടയിലൂടെ എന്റെ വി.ഐ.പി പെട്ടിയുടെ ചുവന്ന നിറത്തിന് പിറകെ ഇഡലി പാത്രത്തിന്റെ ഷെയ്പ് പുറത്ത് കാണുന്ന കറുത്ത തുകൽ ബാഗും ഒഴുകി വന്നു. ആരെങ്കിലും കാണുമോയെന്ന ചമ്മലോടെ അത് വലിച്ച് പുറത്തിട്ടപ്പോൾ ആരോ എനിക്ക് നേരെ ഒരു ട്രോളി നീട്ടി. ആദ്യമായി ദുബായിൽ വരികയാണെന്ന് വിളിച്ച് പറയുന്ന എന്റെ ശരീരഭാഷ കണ്ട് പാവം തോന്നിയ ആരോ ആവണം  അത്. ലഗേജ് അലവൻസിനേക്കാളും പത്തുകിലോയോളം കൂടുതലുള്ള പെട്ടി പെട്ടകങ്ങളുമായി ഞാൻ ശ്വാസം പിടിച്ച് എയർപോർട്ടിന് പുറത്ത് കടന്നു ....
"Where is your husband" എന്ന് ചോദിച്ചു കൊണ്ട് പിന്നാലെ അവളും ...
പുറത്ത് കാത്തു നിൽക്കുന്ന ആൾക്കൂട്ടത്തിൽ എന്റെ ഭർത്താവെവിടെ എന്ന് തന്നെയായിരുന്നു ഞാനും തിരഞ്ഞു കൊണ്ടിരുന്നത്..
കല്യാണക്കാസറ്റ് മനസ്സിലൊന്ന്
റീവൈൻഡ് ചെയ്തു ഭർത്താവിന്റെ മുഖം ഒന്നുകൂടെ മനസ്സിലുറപ്പിച്ച് ഞാൻ മുന്നോട്ടേക്ക് നോക്കി...പുതിയ ജീവിതത്തിലേക്ക് ...
ദുബായിക്കാരിയെന്ന ലേബലിലേക്ക് ...
ഇരുപത്തിയഞ്ചു കൊല്ലത്തിനിപ്പുറവും നീളുന്ന പ്രവാസത്തിലേക്ക്....

Read more: https://emalayalee.com/writer/171

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക