MediaAppUSA

മതവും രാഷ്ട്രീയവും രണ്ടാക്കി കൂടേ? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 39)

Published on 08 June, 2022
മതവും രാഷ്ട്രീയവും രണ്ടാക്കി കൂടേ? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 39)

"എന്താ പിള്ളേച്ചാ, ആകെ പ്രശ്നമാണല്ലോ!"
"എന്താണെടോ ഇത്ര വലിയ പ്രശ്‌നം?"
"അല്ല, ആ ബി. ജെ. പി ക്കാരി പെണ്ണ് കത്തിച്ചു വിട്ട കോലാഹലം ഇപ്പോൾ അന്തർദ്ദേശീയ ശ്രദ്ധ ആകർഷിച്ചിരിക്കുകല്ലേ? ചെറിയ കാര്യമാണോ?"
"എന്താണെടോ അവൾ പറഞ്ഞത്?"
"എന്താണു പറഞ്ഞതെന്നു മാത്രം പറയുന്നില്ല. "അതിവിടെ പറയാൻ കൊള്ളില്ല' എന്ന് മാത്രമാണ് എല്ലാ മാധ്യമങ്ങളും പറയുന്നത്."
"പ്രവാചക നിന്ദയാണെടോ. അപ്പോൾ പിന്നെ ചൂടാകാതിരിക്കുമോ?"
"പ്രവാചക നിന്ദ അത്ര വലിയ കുറ്റമാണെങ്കിൽ പിന്നെ അവരുടെ നേതാക്കന്മാർ തന്നെ മറ്റുള്ള മതങ്ങളിലെ പ്രവാചകന്മാരെയും ദൈവങ്ങളെയുമൊക്കെ വളരെ മ്ലേച്ഛമായ രീതിയിൽ നിന്ദിക്കുന്നല്ലോ. അതിനു കുഴപ്പമില്ലേ?"
"അങ്ങനെ പറഞ്ഞാൽ ഇവിടെ ആരും വാളെടുക്കുന്നില്ലല്ലോ. അതുകൊണ്ടല്ലേ?"
"ഞങ്ങളുടെ പ്രവാചകനെപ്പറ്റിയോ ദൈവത്തെപ്പറ്റിയോ ആരെങ്കിലും വിമർശിക്കുകയോ നിന്ദിക്കുകയോ ചെയ്‌താൽ 'അതിനെന്തു ചെയ്യണം എന്നു ദൈവം തന്നെ തീരുമാനിക്കട്ടെ' എന്നതാണ് ഞങ്ങൾ പറയുന്നത്."
"അത് ഓരോരുത്തരുടെ കാഴ്ച്ചപ്പാട്. അത്രേയുള്ളൂ."
"ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലുടൻ വലിയ ക്ഷതം സംഭവിക്കുന്ന ദൈവമാണെങ്കിൽ ആ ദൈവം നമ്മളെ എങ്ങനെയാണ് സംരക്ഷിക്കുന്നത്?"
"അങ്ങനെയൊക്കെ വേണമെങ്കിൽ പറയാം. പക്ഷേ, ഒരു മതത്തെയും നിന്ദിക്കുകയല്ല, അതിനെ ബഹുമാനിക്കാനാണ് ഭാരത സംസ്കാരം പഠിപ്പിക്കുന്നത്. അപ്പോൾ, ആ ഭാരതത്തിന്റെ ഭരണ ചക്രം തിരിക്കുന്ന പാർട്ടിയിലെ തന്നെ ഒരു വക്താവ് നിന്ദിച്ചു പറയുമ്പോൾ അത് ഗുരുതരമായ തെറ്റല്ലേ?"
"നിന്ദിച്ചാൽ തീർച്ചയായും തെറ്റാണ്. പക്ഷേ, ഇവിടെ നുപൂർ ശർമ്മ ഒരു ചാനൽ ചർച്ചയിൽ ഒപ്പം പങ്കെടുത്തിരുന്ന ഒരാൾ തുടർച്ചയായി ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചു സംസാരിച്ചപ്പോൾ 'ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞാൽ നിങ്ങൾക്കെന്തു തോന്നും? അത് മത സ്പർദ്ധ വർധിപ്പിക്കില്ലേ’ എന്നു ചോദിക്കയല്ലേ ചെയ്തത്?"
"അതേടോ, അവിടെയാണ് പ്രശ്നം. ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് ആർക്കും പരാതിയില്ല. പക്ഷെ മറുഭാഗത്തിന്റെ മതനിയമം വേറെയാണ്. "
"എന്നാലും. എന്റെ പിള്ളേച്ചാ ഈ ലോകം മുഴുവനുള്ള ഇസ്ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി ഇന്ത്യയ്‌ക്കെതിരായി തിരിഞ്ഞതാണ് എന്നെ അത്ഭുതപ്പെടുത്തിയത്."
"അതിനെന്തിനാണ് അത്ഭുതപ്പെടുന്നത്? അവരുടെ രാജ്യത്തെയെല്ലാം മതനിയമങ്ങൾ ഒന്നല്ലേ?"
"അല്ല, പാലസ്തീനിലെ മുസ്ലിങ്ങൾക്ക് വേണ്ടി മറ്റു പല രാജ്യങ്ങളെയും വെറുപ്പിക്കേണ്ടി വന്നിട്ട് പോലും ഇന്ത്യ കട്ടയ്ക്കു കൂടെ നിന്നതല്ലേ? മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ പൂർണമായി ഇന്ത്യയിൽ സംരക്ഷിക്കപ്പെടുമ്പോൾ ഈ മുറവിളികൂട്ടുന്ന പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയല്ലേ?"
"അവിടത്തെ നിയമം അങ്ങനെയാണെടോ. അതു കൊണ്ടാ. അന്ന് നമ്മൾ ഇസ്രയേലിനെ പോലും വെറുപ്പിച്ചിട്ടാണ് മുസ്ലിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഘോരഘോരം സംസാരിച്ചത്."
"അതൊക്കെ പഴയ കാര്യങ്ങളല്ലേടോ. അതൊക്കെ ഓർത്തിരിക്കാൻ ആർക്കാണ് നേരം. അതൊന്നുമല്ലെടോ. ഇപ്പോഴത്തെ എതിർപ്പിന് വേറെയാണെടോ കാരണങ്ങൾ."
"അതെന്തു കാരണങ്ങളാ പിള്ളേച്ചാ?"
"ഈയിടെയായി ഒരു ചെക്കൻ കൊലവിളി മുദ്രാവാക്യം വിളിച്ചത് ഇന്ത്യയിൽ മുഴുവൻ തീ പിടിച്ച ചർച്ചാ വിഷയമായിരുന്നു. പിന്നെ കാശ്‌മീരിലെ പുതിയ സംഭവങ്ങൾ. എല്ലാം കൂടി മുസ്ലിം തീവ്രവാദത്തെ എടുത്തു കാണിക്കയും അതിനെതിരെ കേന്ദ്ര സർക്കാർ സത്വര നടപടി കൈക്കൊള്ളുകയും ചെയ്യുമെന്ന് പറഞ്ഞു. തുടർന്ന് തീവ്രവാദ സംഘടനകളുടെ വിവിധ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തപ്പോൾ പണി കിട്ടിയെന്നു സംഘടനകൾക്ക് മനസ്സിലായി. അങ്ങനെ ഇരുന്നപ്പോഴാണ് നുപൂർ ശർമ്മ അവർക്ക് നല്ലൊരവസരം നൽകിയത്. കിട്ടിയ അവസരം അവർ ശരിക്കും ഉപയോഗിച്ചു. അന്താരാഷ്‌ട്ര തലത്തിൽ പല രാജ്യങ്ങളും ഇന്ത്യയെ നോട്ടമിട്ടിരിക്കയുമായിരുന്നു."
"അതെന്തിനാണ് അവർ ഇന്ത്യയെ നോട്ടമിടുന്നത്?"
"എടോ, റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്കെതിരെ ലോകരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ അതിന്റെ കൂടെ കൂടിയില്ല. എന്ന് മാത്രമല്ല, വളരെ വില കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങിക്കൂട്ടാനും തുടങ്ങി. ഔദ്യോഗിക കണക്കനുസരിച്ചു കഴിഞ്ഞ വർഷം റഷ്യയിൽ നിന്നും ആകെ വാങ്ങിയ ക്രൂഡ് ഓയിൽ വെറും 33,000 ബാരൽ മാത്രമായിരുന്നു. ഇന്ത്യയുടെ ഇറക്കുമതിയുടെ ഏതാണ്ട് ഒരു ശതമാനം മാത്രം. എന്നാൽ ഈ ഏപ്രിൽ മാസം മാത്രം പ്രതിദിനം ഏഴു ലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇപ്പോൾ ഇന്ത്യയുടെ ജി ഡി പി ശീഘ്രഗതിയിൽ ഉയരുകയാണ്. ഇതിൽ പല രാജ്യങ്ങൾക്കും അസൂയയുണ്ട്. പ്രത്യേകിച്ച് അനുദിനം അധോഗതിയിലേക്കു കൂപ്പു കുത്തുന്ന പാകിസ്ഥാൻ."
"എന്നാലും എന്തിനാ പിള്ളേച്ചാ, ഈ ഗൾഫ് രാജ്യങ്ങളെല്ലാം കൂടി ഇന്ത്യയ്‌ക്കെതിരായി ഇറങ്ങുന്നത്? അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു ഇന്ത്യക്കാരുള്ളപ്പോൾ നമ്മൾ ഇങ്ങനെയുള്ള കാര്യങ്ങൾ കൂടുതൽ സൂക്ഷിക്കേണ്ടതല്ലേ?"
"ഇയാൾ പറഞ്ഞത് ശരിയാണ്. സൂക്ഷിക്കേണ്ടിയിരുന്നു. പക്ഷെ ഒരു ടീവി ചാനലിൽ വന്നിരിക്കുന്ന ഒരാൾ എന്ത് പറയണമെന്നോ പറയുമെന്നോ നോക്കിയിരിക്കാൻ കേന്ദ്ര സർക്കാരിനാകുമോ?"
"ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രൂക്ഷമായി പ്രതിഷേധിച്ചത് ഖത്തർ ആണ്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ പോലും ആഹ്വാനമുണ്ടായി. അവരെന്തിനാ ഇത്ര ധൃതിപിടിച്ച്‌ ഇന്ത്യക്കെതിരെ ബഹളം വയ്ക്കുന്നതെന്നാണ് മനസ്സിലാകാത്തത്." 
"അത് മനസ്സിലായില്ലേ? കഴിഞ്ഞ വർഷം ഇന്ത്യ-ഖത്തർ ഉഭയകക്ഷി വ്യാപാരം 15 ബില്യൺ യു.എസ്. ഡോളർ കടന്നു. അതിൽ മുഖ്യമായും ഇന്ത്യ ഖത്തറിൽ നിന്നും വാങ്ങി കൂട്ടിയ പാചക വാതകവും എണ്ണയുമാണ്. ഇപ്പോൾ ഇന്ത്യ റഷ്യയിൽ നിന്നും അതിന്റെ നാലിലൊന്നു വിലയ്ക്ക് വാങ്ങുമ്പോൾ പിന്നെ ഖത്തർ കോപിക്കാതിരിക്കുമോ?"
"ഇന്ത്യൻ ജോലിക്കാരെ പുറത്താക്കുക പോലും ചെയ്തേക്കുമെന്നാണ് ഖത്തർ പറഞ്ഞത്."
"ഹേയ്, അത് നടക്കില്ലെടോ. അവിടെ നവംബറിലാണ് ഫീഫാ വേൾഡ് കപ്പ് നടക്കുന്നത്. അതിന്റെ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. അതിന്റെ വിദഗ്ദ്ധ തൊഴിലാളികൾ കൂടുതലും ഇന്ത്യക്കാരാണ്. ഈ സമയത്ത് അവരെ പുറത്താക്കി പണികൾ ഉപേക്ഷിക്കാൻ പറ്റുമോ? പിന്നെ, വെറുതെ ഒന്ന് പേടിപ്പിക്കാൻ നോക്കുന്നു എന്ന് മാത്രം."
"എന്നാലും പിള്ളേച്ചാ, എനിക്ക് മനസ്സിലാകാത്തത് അവരുടെ പ്രവാചകനെ പ്പറ്റി ടി വി ഷോയിൽ ഒരാൾ എന്തോ പറഞ്ഞപ്പോഴേക്കും ഇത്രയും ബഹളം വയ്ക്കുന്ന ഇവർ എന്തേ നൈജീരിയയിൽ നടന്ന കൂട്ടക്കൊലയെ പറ്റി ഒരക്ഷരം മിണ്ടാത്തതെന്നാണ്. ക്രിസ്ത്യൻ പള്ളിയിൽ വിശുദ്ധ ആരാധന നടന്നു കൊണ്ടിരിക്കുമ്പോൾ അതിലേക്ക് ഇരച്ചുകയറി നൂറിൽ പരം ആളുകളെ ബോംബെറിഞ്ഞും വെടി വച്ചും കൊന്നൊടുക്കിയിട്ടും ഇതിൽ ഒരു ഇസ്ലാമിക രാജ്യം പോലും അതിന് ഉത്തരവാദികളായ തീവ്രവാദികളെ അപലപിക്കുകയോ അതിനെതിരായി ഒരക്ഷരം ഉരിയാടുകയോ ചെയ്തില്ല. അതിന്റെ അർഥം 'മൗനം സമ്മതം' എന്നല്ലേ?"
"അതിനെപ്പറ്റി എത്ര ചാനൽ ചർച്ചകൾ കേരളത്തിൽ നടന്നെടോ? ആരെങ്കിലും ഒച്ച വച്ച് കേട്ടോ? ആരും മിണ്ടില്ല. അതാണവരുടെ സ്വാധീനം."
"കുറച്ചു നാൾ മുൻപ് കേരളത്തിൽ ഒരു ഹർത്താൽ നടന്നപ്പോൾ ഒരു പാവം ഓട്ടോറിക്ഷാ ഡ്രൈവറെ ഹർത്താലനുകൂലികൾ മുഖത്തടിച്ചു ചോരവീഴ്ത്തി. അതിന്റെ വിഷ്വൽസ് കാണിച്ചുകൊണ്ട് അവതാരകൻ ചോദിച്ചു, 'ഇതുപോലെ നിങ്ങളുടെ ഒരു നേതാവിന്റെ മുഖത്തടിച്ചു ചോര വീഴ്ത്തിയാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും' എന്ന്. അന്ന് പാർട്ടിക്കാരെല്ലാം കൂടി ആ ചർച്ച നയിച്ച ആങ്കറിനെ ആക്രമിക്കാൻ ഇറങ്ങി പുറപ്പെട്ടു. നാട് മുഴുവൻ പ്രക്ഷോഭമുണ്ടാക്കി. പക്ഷേ, ഒന്നും സംഭവിച്ചില്ല. കാരണം, ആ ചാനൽ മാനേജ്മെന്റ് അദ്ദേഹത്തിന്റെ കൂടെ കട്ടക്കു നിന്നു. ഇന്ന്, നുപൂർ ശർമ്മയെ ബി ജെ പി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പോലും പുറത്താക്കി നടപടി എടുത്തു. അപ്പോൾ അധികാരം കയ്യിലുണ്ടെങ്കിലും ബി. ജെ. പി ക്കും ഇവരെ പേടിയാണെന്നല്ലേ അർഥം?"
"എന്നർത്ഥമില്ലെടോ. അതൊക്കെ ഭരണ തന്ത്രജ്ഞതയുടെ ഭാഗമാണ്. എല്ലാം മൈക്ക് വച്ച് വിളിച്ചു പറയാനാവില്ലല്ലോ."
"പ്രവാചകനെതിരായി പറഞ്ഞ ആളിന്റെ പേരിൽ ഇരുപത്തഞ്ചോളം കേസുകൾ. ആ ആളിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി നിരവധി പേർ. അവരുടെയൊന്നും പേരിൽ കേസില്ല! എന്തൊരു നാട്!
"എന്തായാലും ഈ മതങ്ങളെല്ലാം കൂടി സാധാരണ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാൻ വയ്യാതാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ."
"അതാണ് സത്യം."
"എങ്കിൽ ഈ മതവും രാഷ്ട്രീയവും രണ്ടാക്കി നിയമ നിർമ്മാണം നടത്തിക്കൂടേ?"  
"ഹേയ്, അതാരും അനുകൂലിക്കില്ലെടോ. എല്ലാരും വിശ്വാസികളെ പ്രീണിപ്പിച്ചും പീഡിപ്പിച്ചുമല്ലേ അധികാരം പിടിക്കാൻ നോക്കുന്നത്."
"എങ്കിൽ പിന്നെ അനുഭവിക്കട്ടെ. അത്ര തന്നെ."
"പിന്നെ കാണമെടോ."
"ശരി പിള്ളേച്ചാ."
_________________

read ore: https://emalayalee.com/writer/170

josecheripuram 2022-06-09 01:03:43
Any where religion and politics mixed and ruled , never survived .
Babu Parackel 2022-06-11 03:15:03
You are absolutely right, Shri Jose Cheripuram.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക